പി.കെ മുഹമ്മദലി
നമ്മുടെ നാടിനെ കാർന്നു തിന്നുന്ന മഹാവിപത്തായി ലഹരി മാറിയിരിക്കുകയാണ്. കേരളത്തിൽ ഇന്ന് ലഹരി ഉപയോഗം കൊണ്ടുള്ള ദുരന്തങ്ങൾ തുടർക്കഥയായിരിക്കുകയാണ്. ഒരോ ദിവസവും കേരള മനസാക്ഷിയെ ഞെട്ടിക്കുന്ന വാർത്തകളാണ് പുറത്ത് വരുന്നത്. നമ്മുടെ നാടിന്റെ ഭാവിപ്രതീക്ഷയായ യുവാക്കളെയും കുരുന്നുകളെയും ലഹരിയുടെ വലയിൽ കുരുക്കി ഇല്ലായ്മ ചെയ്യുന്ന നാടായി കേരളം മാറിയിരിക്കുകയാണ്.
ലഹരിയുടെ ഉപയോഗം വ്യക്തികളെ മാത്രമല്ല ബാധിക്കുന്നത്.അവരുടെ കുടുംബത്തെയും സമൂഹത്തെയും ഒന്നടങ്കമാണ് ബാധിക്കുന്നത്.ഒരു നാടിന്റെ വളർച്ചക്കും വികസനത്തിനും ഉന്നമനത്തിനും നേതൃത്വം നൽകണ്ടേവരാണ് യുവാക്കൾ.കുടുംബത്തിന്റെ താങ്ങും തണലുമാണ് അവർ.രാജ്യത്തിന്റെ സമ്പത്താണ് പുതിയ തലമുറ.ആരോഗ്യവന്മാരായ യുവ തലമുറ ലഹരിയിൽ അടിമപ്പെടുമ്പോൾ അവരെ നിയന്ത്രിക്കേണ്ടതും ഈ മഹാവിപത്തിനെതിരെ ഉണർന്ന് പ്രവർത്തിക്കേണ്ടതും സമൂഹത്തിന്റെ ബാധ്യതയാണ്.
മത സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക സംഘടനകൾ,മഹല്ല്,ക്ഷേത്ര കമ്മിറ്റികൾ,റസിഡൻസ് അസോസിയേഷനുകൾ തുടങ്ങിയ മുഴുവൻ സംവിധാനങ്ങളും ഉണരേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. ലഹരി കേസുകളിൽ പിടിക്കപ്പെടുന്നത് മുഴുവനും യുവാക്കളാണ്.ആൺ,പെൺ വിത്യാസമില്ലാതെ ചെറുപ്പത്തെ ലഹരിയെന്ന മാരക വിപത്ത് നശിപ്പിക്കുകയാണ്. ന്യൂജൻ കാലത്ത് നടക്കുന്ന എല്ലാം ആഘോഷ പാർട്ടികൾക്കും ക്യാമ്പസുകളിലെ വിവിധ യൂണിയൻ പരിപാടികൾ,വിവാഹങ്ങൾ,ടൂർ,ക്ലബ് നിശാ പരിപാടികൾക്കെല്ലാം മാറ്റ് കൂട്ടുന്നത് ലഹരിയെന്ന വില്ലനാണ്. ആഘോഷങ്ങളെല്ലാം ലഹരിയിൽ മാത്രം ഒതുങ്ങി പോയിരിക്കുകയാണ്.
പേരുകൾ പോലും പറയാൻ സാധിക്കാത്ത നൂറുകണക്കിന് സിന്തറ്റിക്ക് മയക്ക് മരുന്നുകളാണ് വിവിധ രൂപത്തിലും ഭാവത്തിലും യുവതലമുറയുടെ മനസ്സിലേക്കും അവരുടെ ജീവിതത്തിലേക്കും വിഷ മഴയായി പെയ്തിറങ്ങുന്നത്. പുതിയ കാലത്തെ സിനിമകളും സ്റ്റോറികളും റീലുകളുമെല്ലാം ലഹരിയിലേക്ക് ആകർഷിക്കാൻ ഒരുപാട് സ്വാധീനം ചെലുത്തുന്നുണ്ട്. യുവാക്കളിൽ ഭൂരിഭാഗവും നല്ലഉന്മേഷം ലഭിക്കാനും സുഹൃത്തുക്കൾ ഒന്നിച്ച് കൂടി ആഘോഷങ്ങൾ പൊടിപൊടിക്കാനും വെറുതെ ഒരു നേരം പോക്കിനുമെല്ലാമാണ് ലഹരി ഉപയോഗിച്ച് വരുന്നത്.ചിലർ പിരിമുറുക്കം കുറക്കാനും,മാനസിക സമ്മർദ്ദങ്ങൾ കുറക്കാനും തോവിൽകൾ മറക്കാനും യുവാക്കൾക്കിടയിൽ ആളാകാനുമെല്ലാം ലഹരി ഉപയോഗിച്ച് വരുന്നത്.
പക്ഷെ യഥാർത്ഥ്യം മനസ്സിലാകുമ്പോഴേക്കും ലഹരിയിൽ അടിമകളായി ലഹരി മാഫിയകളുടെ നീരാളി പിടുതത്തിൽ അകപ്പെട്ട് ജീവിത നൈരാശ്യത്തിൽ എത്തിയിട്ടുണ്ടാകും. ഭീതിജനകമായ പുതിയ കാലത്ത് ഭാവി തലമുറയെ സംരക്ഷിക്കേണ്ടതും ലഹരിയെന്ന മഹാവിപത്തിൽ നിന്നും യുവത്വത്തെ രക്ഷപ്പെടുത്തേണ്ടതുമായ പ്രവർത്തനങ്ങൾ നമ്മുടെ വീട്ടിൽ നിന്നാണ് ആദ്യം ആരംഭിക്കേണ്ടത്. ന്യൂജൻ കാലത്ത് യുവാക്കളെ തിരിച്ചറിഞ്ഞ് അവരെ സ്നേഹിക്കാനും സമയം കണ്ടെത്തി അവരോട് സംസാരിക്കാനും അവരുടെ ആവിശ്യങ്ങൾ അറിയാനും അവരുടെ സന്തോഷങ്ങളിൽ പങ്ക് ചേർന്ന് നേട്ടങ്ങളിൽ പ്രോൽസാഹനം കണ്ടെത്താനും അവരുടെ പ്രവർത്തന വഴികൾ അന്വേഷിക്കാനും ദുഖങ്ങളിൽ സാന്ത്വന വാക്കുകളായി മാറാൻ രക്ഷിതാക്കൾക്ക് സാധിക്കണം. പ്രവാചകൻ മുഹമ്മദ് നബി(സ)ഹദീസ് വളരെ പ്രസക്തമാണ്. മക്കൾ രാത്രി വൈകി വീട്ടിലേക്ക് വരുമ്പോൾ അവരുടെ വാഴ മണത്ത് നോക്കണമെന്ന് നമ്മെ പഠിപ്പിച്ചിട്ടുണ്ട്. പാതിരാത്രി നമ്മുടെ മക്കൾ വീട്ടിലേക്ക് വരുമ്പോൾ എവിടുന്നാണ് വരുന്നതെന്ന് ചോദിക്കാൻ പോലും രക്ഷിതാക്കൾക്ക് ഭയമാണ്.
സാമൂഹ്യ പൊതു പ്രവർത്തനങ്ങളിൽ മക്കളെ പ്രാപ്തരാക്കാനും രക്ഷിതാക്കൾ പുതിയ കാലത്ത് തയ്യാറാവണം. ലോക ഭൂപടത്തിൽ ലഹരി ഉപയോഗത്തിനും വിൽപ്പനക്കും കേരളത്തിന്റെ സ്ഥാനം ഉയർന്നിരിക്കുകയാണ്. നാഷണൽ ക്രൈം റെക്കോർഡ് ബ്യൂറോയുടെ കണക്ക് പ്രകാരം ലഹരി ഉപയോഗത്തിന്റെ പേരിൽ രാജ്യത്ത് ഏറ്റവും കൂടുതൽ കുറ്റകൃതങ്ങൾ നടക്കുന്നത് കേരളത്തിലാണ്. കൊച്ചി,തിരുവനന്തപുരം,കോഴിക്കോട് പോലോത്ത നഗരങ്ങളിലും ടൂറിസ്റ്റ് കേന്ദ്രങ്ങളിലും ജനങ്ങൾ കൂടുതൽ ഇടപെഴകുന്ന സ്ഥലങ്ങളിലും ലഹരിയുടെ പറുദ്ദിസയായി മാറിയിരിക്കുകയാണ്.
എൻപത് ശതമാനവും പതിനഞ്ച് വയസ്സ് ആകുമ്പോഴേക്ക് ലഹരി ഉപയോഗിക്കാൻ തുടങ്ങുന്നുവെന്നും ലഹരിയിൽ അഡിഷനാവുന്നുമെന്നുള്ള ഞെട്ടിക്കുന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. സിന്തറ്റിക്ക് മയക്ക് മരുന്നുകളുടെ വ്യാപനം വർഷങ്ങൾക്ക് മുമ്പ് വൻ നഗരങ്ങളിൽ മാത്രമായിരുന്നു. ഇന്ന് എല്ലായിടത്തും സുലഭമായി ഇതിന്റെ വ്യാപനം നടക്കുന്നു. നാട്ടിൻ പുറങ്ങളിലെ പെട്ടികടകളിൽ പോലും രഹസ്യ നാമങ്ങളിൽ ലഹരി വിൽപ്പന വ്യാപകമായി നടന്ന് കൊണ്ടിരിക്കുകയാണ്.സർക്കാർ സംവിധാനങ്ങളും എക്സൈസുമെല്ലാം ലഹരി മാഫിയകളുടെ മുന്നിൽ നോക്കുകുത്തിയായി മാറുകയാണ്.
എം.ഡി.എം.എ പോലോത്ത ലഹരി ആദ്യ തവണ തന്നെ ഉപയോഗിച്ചാൽ തന്നെ അഡിഷനാവുകയും ദിവസങ്ങളോളം അമിതമായ ഉൽസാഹവും ആനന്ദവും സന്തോഷവും ഉത്തേജിപ്പിക്കാനാവും. കൂടാതെ ധൈര്യവും അക്രമ വാസനയും ഉണ്ടാകും.കൂടുതലുള്ള ആത്മ വിശ്വാസവും മറ്റു വേദനകളെല്ലാം മറക്കാനും സാധിക്കും.എൽ എസ് ഡി സ്റ്റാമ്പ് തുടങ്ങിയ വിവിധയിനം സ്റ്റിമുലൻസ് കൂടുതൽ വിഭ്രാന്തിയുണ്ടാക്കാനും മാരക ശക്തിയുള്ളതുമാണ്. മാരക രോഗങ്ങൾക്ക് കാരണമാവുകയും ആത്മഹത്യ ചെയ്യാനും പെട്ടന്നുള്ള മരണങ്ങൾ സംഭവിക്കുകയും ചെയ്യുമെന്നാണ് പഠനങ്ങൾ പറയുന്നത്. കർണാടക,ഗോവ തുടങ്ങിയ അയൽ സംസ്ഥാനങ്ങളിൽ നിന്ന് കീലോ കണക്കിന് മയക്ക് മരുന്നുകളാണ് കേരളത്തിൽ എത്തുന്നത്.
ബ്ലാഗൂർ പോലോത്ത നഗരങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ സ്ഥിരമായി പെൺകുട്ടികളടക്കം ലഹരി ഉപയോഗിക്കുന്നവരും കേരളത്തിലേക്ക് വിൽപന നടത്താൻ ലഹരി മാഫിയ സംഘങ്ങൾ ഇവരുടെ പിന്നിൽ പ്രവർത്തിക്കുകയും ചെയ്യുന്നുണ്ട്. വ്യക്തി കുടുംബം സമൂഹം തുടങ്ങി ഒരു രാഷ്ട്രത്തെ മൊത്തം തകർക്കാൻ ശക്തിയുള്ള ഈ സാമൂഹിക വിപത്തിനെതിരെ പൊതു സമൂഹം ജാഗരൂഗരാകേണ്ടതുണ്ട്.വീടിന്റെയും നാടിന്റെയും ഭാവി യുവാക്കളിലാണെന്ന് സമൂഹം തിരിച്ചറിയണം.