Connect with us

More

സെല്‍ഫ്, സെല്‍ഫി, സെല്‍ഫിഷ്..ദേശീയ ചലച്ചിത്ര വിതരണ വിവാദത്തിന്റെ 24 മണിക്കൂര്‍ നീണ്ട സസ്‌പെന്‍സ്, സംഘര്‍ഷങ്ങള്‍, ക്‌ളൈമാക്‌സ്; ഒരു ദൃക്‌സാക്ഷി വിവരണം

Published

on

ന്യൂഡല്‍ഹി: ദേശീയ പുരസ്‌കാരദാന ചടങ്ങുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളെക്കുറിച്ച് മാധ്യമപ്രവര്‍ത്തകന്‍ തയ്യാറാക്കിയ ഫേസ്ബുക്ക് കുറിപ്പ് വൈറലാകുന്നു. ചടങ്ങ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ന്യൂസ് 18 മാധ്യമപ്രവര്‍ത്തകനായ എം. ഉണ്ണികൃഷ്ണനാണ് കേരളത്തില്‍ നിന്നുള്ള ഗായകന്‍ യേശുദാസിന്റെ നിലപാടുകളുള്‍പ്പെടെ വിവരിച്ചത്. യേശുദാസ് സെല്‍ഫി തടഞ്ഞതും ഫഹദ് ഡല്‍ഹി വിട്ടതും ഇന്നലെ തന്നെ ചര്‍ച്ചയായിരുന്നു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

സെല്‍ഫ്, സെല്‍ഫി, സെല്‍ഫിഷ്..

(ദേശീയ ചലച്ചിത്ര വിതരണ വിവാദത്തിന്റെ 24 മണിക്കൂര്‍ നീണ്ട സസ്‌പെന്‍സ്, സംഘര്‍ഷങ്ങള്‍, ക്‌ളൈമാക്‌സ്; ഒരു ദൃക്‌സാക്ഷി വിവരണം)

സീന്‍ 1

ദേശീയ ചലച്ചിത്ര പുരസ്‌കാരവിതരണ ചടങ്ങിന് മുന്‍പ് നടന്ന സംഭവങ്ങള്‍ക്ക് സിനിമ തോല്‍ക്കുന്ന സസ്‌പെന്‍സായിരുന്നു. ബുധനാഴ്ച വിജ്ഞാന്‍ ഭവനിലെ റിഹേഴ്‌സലില്‍ പങ്കെടുത്തപ്പോഴാണ് പുരസ്‌കാര ജേതാക്കള്‍ രാഷ്ട്രപതിയല്ല പുരസ്‌കാരം നല്‍കുന്നതെന്ന് തിരിച്ചറിഞ്ഞത്. രാഷ്ട്രപതിയില്‍ നിന്ന് പുരസ്‌കാരം വാങ്ങാന്‍ ആഗ്രഹിച്ചെത്തിയവര്‍ അതോടെ നിരാശയിലായി. പ്രോട്ടോക്കാള്‍ കാരണമാണ് രാഷ്ട്രപതിക്ക് പുരസ്‌കാരം നല്‍കാന്‍ ആകാത്തതെന്നു വിശദീകരിച്ചു വാര്‍ത്താ വിതരണ സെക്രട്ടറി രംഗം തണുപ്പിക്കാന്‍ ശ്രമിച്ചു. മന്ത്രി പുരസ്‌കാരം നല്‍കുന്നതിന് പിന്നിലെ രാഷ്ട്രീയം കൃത്യമായി തിരിച്ചറിഞ്ഞ ബംഗാളില്‍ നിന്നുള്ള പുരസ്‌കാര ജേതാക്കള്‍ ശക്തമായി പ്രതികരിച്ചു. നിലപാട് കിറു കൃത്യമായി അവതരിപ്പിച്ചു. കേരളത്തില്‍ നിന്നുള്ള പുരസ്‌കാര ജേതാക്കള്‍ പിന്തുണയുമായി എത്തി. ഇതോടെ സെക്രട്ടറിക്ക് ഉത്തരം മുട്ടി. പിന്നാലെ വാര്‍ത്താ വിതരണ മന്ത്രി സ്മൃതി ഇറാനി വന്നു. തീരുമാനം രാഷ്ട്രപതി ഭവന്റേതാണെന്നും മന്ത്രാലയത്തിന് പങ്കില്ലെന്നും വിശദീകരിച്ചു. രാഷ്ട്രീയ നേതാവിന്റെ നയതന്ത്ര പാടവത്തോടെയായൊരുന്നു മന്ത്രിയുടെ വരവ്. ആദ്യം വളരെ ഭവ്യതയോടെ പറഞ്ഞു. പിന്നീട് കൈമലര്‍ത്തി. മന്ത്രിയില്‍ നിന്ന് പുരസ്‌കാരം വാങ്ങില്ലെന്ന് അംഗങ്ങള്‍ തീര്‍ത്ത് പറഞ്ഞതോടെ മട്ടുമാറി. ഒരു കേന്ദ്ര ക്യാബിനറ്റ് കേന്ദ്രമന്ത്രിയോടാണ് നിങ്ങള്‍ സംസാരിക്കുന്നത് എന്നോര്‍ക്കണം എന്നായി മന്ത്രി. രാഷ്ട്രപതിയുടെ സൗകര്യം അനുസരിച്ചു മറ്റൊരു തീയതി പുരസ്‌കാരം നല്‍കണമെന്ന നിര്‍ദ്ദേശവും അംഗീകരിക്കപ്പെട്ടില്ല. പുരസ്‌കാരം വാങ്ങിയില്ലെങ്കില്‍ അത് രാഷ്ട്രപതിയെ അപമാനിക്കുന്നതിന് തുല്യമാണ് എന്ന വിചിത്രവാദവും മന്ത്രി ഉന്നയിച്ചു. അവാര്‍ഡ് വിതരണം കഴിഞ്ഞ ശേഷം രാഷ്ട്രപതിക്ക് ഒപ്പം വിവിധ ബാച്ചുകളായി ഫോട്ടോ എടുക്കാമെന്ന ഒരു വാഗ്ദാനം നല്‍കിയും മന്ത്രി അനുനയ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല.

സീന്‍ 2

മന്ത്രിയുമായുള്ള ചര്‍ച്ച അലസി പിരിഞ്ഞതോടെ പിന്നീടുള്ള മണിക്കൂറുകളില്‍ പുരസ്‌കാര ജേതാക്കളുടെ നിരവധി കൂടിയാലോചനകള്‍ നടന്നു. കൃത്യമായി ഇന്നലെ വൈകുന്നേരം ഏഴു മണിമുതല്‍ ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണി വരെ. കേരളം, തമിഴ്‌നാട്, മഹാരാഷ്ട്ര , ബംഗാള്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള പുരസ്‌കാര ജേതാക്കള്‍ നിലപാടില്‍ ഉറച്ചു നിന്നു. മന്ത്രിയില്‍ നിന്ന് പുരസ്‌കാരം വേണ്ടെന്ന് ആവര്‍ത്തിച്ചാവശ്യപ്പെട്ടു. കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രിക്കും രാഷ്ട്രപ്തിക്കും നല്‍കാനുള്ള കത്തുകള്‍ ഡ്രാഫ്റ്റ് ചെയ്തു. രാവിലെയോടെ നിരവധി പേര്‍ കത്തില്‍ ഒപ്പുവച്ചു. ആദ്യം ഒപ്പുവച്ചത് സുരേഷ് ഏരിയാട്ട്. ഫഹദ് ഫാസില്‍, പാര്‍വതി, സജീവ് പാഴൂര്‍ തുടങ്ങി മലയാളത്തിലെ പുരസ്‌കാര ജേതാക്കള്‍ ആയ ഒട്ടുമിക്കവരും ആവേശത്തോടെ ഒപ്പുവച്ചു.

എന്നാല്‍ രണ്ടുപേര്‍ ഒപ്പു വയ്ക്കുമോയെന്നതില്‍ അവസാനം വരെ അനിശ്ചിതത്വമായിരുന്നു, ഗാനഗന്ധര്‍വന്‍ കെ.ജെ യേശുദാസും, സംവിധായകന്‍ ജയരാജും! ഭാഗ്യലക്ഷ്മി അടക്കമുള്ള മലയാളികള്‍ അശോക ഹോട്ടലിലെ യേശുദാസിന്റെ റൂമില്‍ എത്തി. അദ്ദേഹത്തെ കത്തിലെ ഉള്ളടക്കം വായിച്ചു കേള്‍പ്പിച്ചുവെന്നാണ് ഭാഗ്യലക്ഷ്മി ഓണ്‍ റെക്കോര്‍ഡില്‍ പറഞ്ഞത്. യേശുദാസിന്റെ ഒപ്പിനായി ഇത്രയും പരിശ്രമിക്കാന്‍ മറ്റൊരു കാരണം കൂടി ഉണ്ടായിരുന്നു. യേശുദാസിന്റെ ഒപ്പുണ്ടെങ്കിലെ താന്‍ കത്തില്‍ ഒപ്പുവയ്ക്കൂ എന്ന നിലപാടില്‍ ആയിരുന്നു ജയരാജ്. കത്തിലെ കാര്യങ്ങള്‍ ധരിപ്പിച്ച ശേഷം യേശുദാസ് ഒപ്പുവച്ചു, കത്തിലെ 59 ആം നമ്പര്‍ ഒപ്പ് യേശുദാസിന്റെ പേരില്‍ രേഖപ്പെട്ടു. ജയരാജിന്റെ ഒപ്പുമായി ജയരാജിന്റെ അടുത്തെത്തി സിനിമാ പ്രവര്‍ത്തകര്‍. എന്നാല്‍ യേശുദാസിനെ വിളിച്ചുറപ്പിക്കണമായിരുന്നു ജയരാജിന്. എല്ലാകാര്യങ്ങള്‍ക്കും എന്റെ തീരുമാനം കാക്കേണ്ടതില്ലല്ലോ എന്ന തമാശ കലര്‍ന്ന മറുപടിയായിരുന്നു യേശുദാസ് നല്‍കിയതെന്നാണ് അശോക ഹോട്ടലിന്റെ ഇടനാഴികളില്‍ കേട്ടത്. ജയരാജ് 69ആമതായി കത്തില്‍ ഒപ്പുവച്ചു. സമയം പത്തര മണി കഴിഞ്ഞിരുന്നു അപ്പോഴേക്കും.
കത്ത് രാഷ്ട്രപതി ഭവനും മന്ത്രിക്കും അയച്ചു.
പതിനൊന്ന് മണിക്ക് ബംഗാളി ചലച്ചിത്ര പ്രവര്‍ത്തകയുടെ നേതൃത്വത്തില്‍ കത്തിന്റെ പകര്‍പ്പുമായി പുരസ്‌കാര ജേതാക്കള്‍ ഹോട്ടലിന് പുറത്തെത്തി. കത്തിലെ ഉള്ളടക്കം വായിച്ചു. ന്യൂസ് 18 ലെ എന്റെ സഹപ്രവര്‍ത്തകന്‍ ഋഞ ഞമഴലവെ നോട് ലൈവില്‍ ഭാഗ്യ ലക്ഷ്മി വിശദമായി മലയാളത്തില്‍ പറഞ്ഞു, കത്തിലെ ഉള്ളടക്കവും, നിലപാടും..

സീന്‍ 3

തുടര്‍ന്ന് രണ്ടു മണിവരെ കത്തില്‍ സര്‍ക്കാറോ രാഷ്ട്രപതി ഭവനോ എന്ത് തീരുമാനം എടുക്കുമെന്ന ആകാംക്ഷയായിരുന്നു പുരസ്‌കാര ജേതാക്കളുടെ മുഖത്ത്. അതിനിടെ ജൂറി ചെയര്‍മാന്‍ ശേഖര്‍ കപ്പൂര്‍ അനുരഞ്ജന ചര്‍ച്ചകള്‍ക്കായി രംഗത്തെത്തി. പുരസ്‌കാര ജേതാക്കളെ അദ്ദേഹം ഹോട്ടല്‍ അശോകയില്‍ കണ്ടു. പത്തരയ്ക്ക് ശേഷമായിരുന്നു ആദ്യ യോഗം .കത്ത് തയ്യാറാക്കി അതില്‍ ഒപ്പുവച്ച കാര്യം അദ്ദേഹത്തെ പുരസ്‌കാര ജേതാക്കള്‍ അറിയിച്ചു. കാര്യങ്ങള്‍ ചോദിച്ചു മനസിലാക്കിയ ശേഖര്‍ കപ്പൂര്‍ ഇക്കാര്യങ്ങള്‍ മന്ത്രിയുമായി ചര്‍ച്ച ചെയ്യാമെന്ന് അറിയിച്ചു.

സീന്‍ 4

അതിനിടെ പലസാധ്യതകളും അഭ്യൂഹങ്ങളും കേട്ടു വരാന്ത ചര്‍ച്ചകളില്‍. രാഷ്ട്രപതി എല്ലാവര്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുമെന്നും പുരസ്‌കാരം മന്ത്രി നല്‍കുമെന്നും ഒക്കെ. ചടങ്ങിന് പോകുന്നവര്‍ ഒന്നര മണിയോടെ ലോണില്‍ എത്തണം എന്നായിരുന്നു നിര്‍ദ്ദേശം. പാര്‍വതിയും ഭാഗ്യ ലക്ഷ്മിയും സജീവ് പാഴൂരും അടക്കമുള്ള മലയാള താരങ്ങള്‍ പതിവ് വേഷത്തില്‍ ലോണില്‍ നിന്നു. ആരൊക്കെ തയ്യാറായി ഇറങ്ങുന്നുവെന്ന് ഓരോരുത്തരും നിരീക്ഷിച്ചു. പ്രതിഷേധത്തിന് ഇന്നലെ മുന്‍നിരയില്‍ ഉണ്ടായിരുന്ന മറ്റു സംസ്ഥാനത്തു നിന്നുള്ള ഒരു പുരസ്‌കാര ജേതാവ് കോട്ട് ധരിച്ചു മുഖത്തുപോലും നോക്കാതെ ലിഫ്റ്റ് ഇറങ്ങി പോകുന്നതില്‍ ചിലര്‍ നിരാശ പൂണ്ടു.

സീന്‍5: ആന്റി ക്‌ളൈമാക്‌സ്

രണ്ടേകാലോടെയാണ് എല്ലാവരെയും ഏറെ നിരാശരാക്കിയ ആ വരവ്, ലിഫ്റ്റ് തുറന്ന് വരുന്നു ഗാനഗന്ധര്‍വന്‍ കെ.ജെ യേശുദാസ്.
പിന്നീട് മാധ്യമ പ്രവൃത്തകരുടെയും പുരസ്‌കാര ജേതാക്കളുടെയും കണ്ണുകള്‍ അദ്ദേഹത്തിലേക്കായി. ഞാനും ഇ.ആര്‍ രാഗേഷും അരുണും അമലും അനൂപും മിജിയും ഷെറിനുമൊക്കെ ലിഫ്റ്റിന് സമീപത്ത് നില്‍ക്കുകയായിരുന്നു. ചടങ്ങില്‍ പങ്കെടുക്കുന്നുണ്ടോ എന്ന് ചോദിച്ചപ്പോള്‍ തലയാട്ടി. മുന്നോട്ട് നടന്നപ്പോള്‍ ഒരു മാധ്യമ പ്രവര്‍ത്തക യേശുദാസിന്റെ സംഭാഷണം ഫോണില്‍ പകര്‍ത്താന്‍ ശ്രമിച്ചു. അത് അദ്ദേഹത്തിന് ഇഷ്ടപ്പെട്ടില്ല. വേഗത്തില്‍ പുറത്തേക്ക് നടന്നു. പുറത്തെ പടിയില്‍ എത്തിയപ്പോഴേക്കും ഒരു ചെറുപ്പക്കാരന്‍ യേശുദാസിനൊപ്പമുള്ള ഒരു ഫ്രേം എങ്ങനെയോ തരപ്പെടുത്തി സെല്‍ഫി എടുത്തു. രണ്ടു ക്ലിക്ക്. അപ്പോഴേക്കും യേശുദാസ് ഫോണ്‍ തട്ടിമാറ്റി. സെല്‍ഫി എടുത്തയാളോട് അത് ഡിലീറ്റ് ചെയാന്‍ പറഞ്ഞു.ആദ്യം അയാള്‍ക്ക് കാര്യം മനസിലായില്ല. പിന്നാലെ യേശുദാസ് തന്നെ പറഞ്ഞു ഫോണ്‍ തരൂ ഞാന്‍ ഡിലീറ്റ് ചെയ്യാം. അദ്ദേഹം രണ്ടു ഫോട്ടോകളും ഡിലീറ്റ് ചെയ്തു. എന്നിട്ട് എല്ലാവരോടുമായി പറഞ്ഞു. സെല്‍ഫി ഈസ് സെല്ഫിഷ്!

ചെറുപ്പക്കാരന്‍ നിരാശ നിറഞ്ഞ മുഖത്തോടെ തിരിഞ്ഞു നടന്നു.

അപ്പോള്‍ ഞങ്ങള്‍ യേശുദാസിനോട് വീണ്ടും ചോദിച്ചു. തീരുമാനം മാറ്റിയില്ലെങ്കില്‍ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് കത്തില്‍ പറഞ്ഞിരുന്നല്ലോ, ഭൂരിഭാഗം പേരും അങ്ങനെ തീരുമാനിച്ചു എന്നാണ് പറയുന്നത്. അങ്ങ് തീരുമാനം മാറ്റുകയാണോ?

പുരസ്‌കാര ചടങ്ങ് ബഹിഷകരിക്കാന്‍ ആരും തീരുമാനിച്ചിട്ടില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. രാഷ്ട്രപതി പുരസ്‌കാരം നല്‍കണമെന്ന നിവേദനത്തില്‍ ഒപ്പുവയ്ക്കുക മാത്രമേ ചെയ്തിട്ടുള്ളൂ. അതിന്റെ അര്‍ഥം പുരസ്‌കാരം വാങ്ങില്ലെന്നല്ല. ചടങ്ങില്‍ പങ്കെടുക്കും. പറഞ്ഞു നിര്‍ത്തി അദ്ദേഹം കാറില്‍ കയറി പോയി..

സീന്‍ 6 ആന്റി ക്‌ളൈമാക്‌സ് 2

അല്‍പ്പ സമയത്തിനകം ദീപികയിലെ സെബി പറഞ്ഞു, ജയരാജുകൂടി പങ്കെടുക്കും. ഞങ്ങള്‍ ജയരാജിന്റെ വരവ് കാത്ത് ലിഫ്ടിന് അടുത്തു നിന്നു. ഭാര്യക്കൊപ്പം എത്തിയ അദ്ദേഹം ചടങ്ങില്‍ പങ്കെടുക്കുമെന്ന് വ്യക്തമാക്കി. ചടങ്ങ് ബഹിഷ്‌കരിക്കാന്‍ തീരുമാനം ഇല്ല. ഒരു പരാതി ഉന്നയിച്ചു. അത് സര്‍ക്കാര്‍ അംഗീകരിക്കുമോയെന്ന് വേദിയില്‍ ചെന്ന് പരിശോധിച്ചാലെ മനസ്സിലാകൂ. പുരസ്‌കാരം വാങ്ങാതിരിക്കുന്നത് വ്യക്തി പരമായി ഓരോരുത്തര്‍ക്കും നഷ്ടമാണ്. ജയരാജിനൊപ്പം അദ്ദേഹത്തിന്റെ സിനിമയിലൂടെ മികച്ച ക്യാമറാമാന്‍ ആയ നിഖിലും ചടങ്ങിനായി ഇറങ്ങി..

സീന്‍ 7 ക്‌ളൈമാക്‌സ്

യേശുദാസിന്റെയും ജയരാജിന്റെയും തീരുമാനം പലരെയും നിരാശരാക്കി.
പത്തു പതിനഞ്ചു മിനുട്ട് കഴിഞ്ഞുകാണും. ശേഖര്‍ കപ്പൂര്‍ വീണ്ടും എത്തി. എല്ലാവരും പ്രതീക്ഷയോടെ യോഗ വേദിയിലേക്ക് നീങ്ങി. പുരസ്‌കാര ജേതാക്കളുമായി അദ്ദേഹം അശോക ഹോട്ടലില്‍ വീണ്ടും ചര്‍ച്ചയ്ക്കിരുന്നു. പ്രോട്ടോകോള്‍ കാരണം പരിപാടിയില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ തയ്യാര്‍ അല്ലെന്ന തീരുമാനം അദ്ദേഹം അറിയിച്ചു. പ്രോട്ടോകോള്‍ കാരണം രാഷ്ട്രപതി ഒരു മണിക്കൂര്‍ മാത്രമേ ചടങ്ങില്‍ പങ്കെടുക്കൂ എന്ന് രാഷ്ട്രപതി ഭവന്‍ അറിയിച്ചകാര്യവും അദ്ദേഹം പങ്കുവച്ചു. പിന്നീട് പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധേയം: ‘ ജൂറി ചെയര്‍മാന്‍ എന്ന നിലയില്‍ പുരസ്‌കാര ജേതാക്കളുടെ വ്യക്തിപരമായ നിലപാടിനെ സ്വാധീനിക്കുന്ന ഒരു നിര്‍ദ്ദേശവും താന്‍ മുന്നോട്ട് വയ്ക്കില്ല. ഓരോരുത്തര്‍ക്കും സ്വന്തം മനസ്സില്‍ ശരിയെന്ന് തോന്നുന്ന തീരുമാനവുമായി മുന്നോട്ട് പോകാം..’

യോഗത്തില്‍ പങ്കെടുത്തവരില്‍ നിര്‍മ്മാതാവ് ആര്‍.സി സുരേഷും സംവിധായകന്‍ മേഘ്‌നാഥ് നേഗിയും കടുത്ത നിലപാടിന് സമയമായെന്ന് പ്രഖ്യാപിച്ചു. മലയാളത്തിലെ ഭൂരിഭാഗം സിനിമാ പ്രവര്‍ത്തകരും ഇതിനെ പിന്തുണച്ചു. വിവേചനം ശരിയല്ല, ചലച്ചിത്ര പുരസ്‌കാര വിതരണത്തിന്റെ സംസ്‌കാരം തന്നെ തകര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്ന് സുരേഷും നേഗിയും വ്യക്തമാക്കി. ഇത് അനുവദിച്ചു കൊടുക്കരുത് , സിനിമയിലെ വരും തലമുറയ്ക്ക് വേണ്ടി പോരാടണം. ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള തീരുമാനത്തോടെ യോഗം നടന്ന സ്ഥലത്തു നിന്ന് ആള്‍ക്കാര്‍ നീങ്ങി.

സെല്‍ഫിയും സെല്ഫിഷും അല്ല ഞങ്ങള്‍ എന്ന് അവര്‍ പറയാതെ പറയും പോലെ തോന്നി. ഒരു തീരുമാനം, ഒറ്റക്കെട്ട്. കത്തില്‍ ഒപ്പിട്ട 69 പേരില്‍ മൂന്ന് പേര്‍ ഒഴികെ മറ്റാരും ചടങ്ങിന് പോകില്ലെന്ന് അവര്‍ വ്യക്തമാക്കി. വിജ്ഞാന്‍ ഭവനില്‍ ചടങ്ങു നടക്കുന്നതിന് ഇടെ അവര്‍ മാധ്യമങ്ങളെ കണ്ടു, മേഘ്‌നാദ് നേഗിയും സുരേഷും വിസി അഭിലാഷും സന്ദീപ് സേനനും പാര്‍വതിയും നിലപാട് വിശദീകരിച്ചു. അതിനിടെ ചിലരുടെ അകൗണ്ടിലേക്ക് പുരസ്‌കാര തുക എത്തിയിരുന്നു. ബഹിഷ്‌കരണം പൊളിക്കാനാണോ ഇതെന്ന സംശയങ്ങള്‍ ഉയര്‍ന്നു..

സീന്‍ 8

അതിന് മുന്‍പ് തന്നെ ഫഹദ് ഫാസിലും നസ്രിയയും ഹോട്ടലില്‍ നിന്ന് ഇറങ്ങിയിരുന്നു. താരങ്ങളെ കണ്ട് അടുത്തെത്തിയ എല്ലാവര്‍ക്കും ഒപ്പം സെല്ഫികള്‍ക്ക് പോസ് ചെയ്തു ഫഹദ്. ചിരിച്ചു സന്തോഷം. പുറത്തിറങ്ങിയപ്പോള്‍ ഞങ്ങള്‍ ബൈറ്റ് ചോദിച്ചു. ‘ ഇതില്‍ എന്ത് പറയാന്‍, എല്ലാം നിങ്ങള്‍ക്ക് അറിയുന്നതല്ലേ.. ‘ ബൈ, പറഞ്ഞു ബംഗളൂരുവിലേക്ക് പോകുന്നതിന് എയര്‌പോര്ട്ടിലേക്ക് ഇരുവരും വണ്ടി കയറി..

സീന്‍ 9 : The End-

പുരസ്‌കാര വിതരണം നടക്കുമ്പോള്‍ തീരുമാനത്തില്‍ ഉറച്ച് അതില്‍ യാതൊരു തെറ്റും ഇല്ലെന്ന് ആവര്‍ത്തിച്ചു വിട്ടു നിന്നവര്‍. അവര്‍ പറഞ്ഞ വാക്കുകളാണ് ഇനി ചരിത്രം.
‘ ഞങ്ങള്‍ പോയി പുരസ്‌കാരം വാങ്ങിയിരുന്നെങ്കില്‍ ഒരു പതിവ് പരിപാടിയായി ഇത് അവസാനിക്കും. പക്ഷെ ഞങ്ങള്‍ വിട്ടു നിന്നതിലൂടെ ഒരു വലിയ വിയോജിപ്പാണ് രേഖപ്പെടുത്തുന്നത്.’

മണിക്കൂറുകള്‍ക്ക് ശേഷം ചടങ്ങു കഴിഞ്ഞെത്തിയ യേശുദാസ് ഒന്നും പറയാതെ മുറിയിലേക്ക് പോയി. ജയരാജ് വന്നപ്പോള്‍ പറഞ്ഞു മികച്ച ചടങ്ങ്. ‘വലിയ സന്തോഷം പങ്കെടുത്തതില്‍. ബഹിഷ്‌കരിച്ചവര്‍ക്ക് വ്യക്തിപരമായി വലിയ നഷ്ടം. സര്‍ക്കാരിന് ഒരു ദിവസം കൊണ്ട് പ്രോട്ടോക്കോള്‍ മാറ്റാന്‍ ആകില്ല. വിമര്‍ശിക്കുന്നവര്‍ വിമര്‍ശിക്കട്ടെ..’

ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ആറു വര്‍ഷത്തോളമായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പക്ഷെ ഇങ്ങനെയൊന്ന് ആദ്യം. സിനിമയെ വെല്ലുന്ന സീനുകള്‍.. ഒടുവില്‍ ഒരു ചോദ്യം മാത്രമാണ് ബാക്കി..സെല്‍ഫ്, സെല്‍ഫി, സെല്‍ഫിഷ് എന്നത് ഇന്നത്തെ കഥാപാത്രങ്ങളില്‍ ആര്‍ക്കാണ് ശരിക്കും ബാധകം?

Health

സംസ്ഥാനത്ത് വീണ്ടും നിപ; വൈറസ് ബാധ വളാഞ്ചേരി സ്വദേശിക്ക്

പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ ചികിത്സയിലാണ് ഇവര്‍

Published

on

മലപ്പുറം: കേരളത്തില്‍ വീണ്ടും നിപ സ്ഥിരീകരിച്ചു. വളാഞ്ചേരി സ്വദേശിയായ 42കാരിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ ചികിത്സയിലാണ് ഇവര്‍. കഴിഞ്ഞ നാലുദിവസമായി പനിയും ശ്വാസതടസ്സവും നേരിട്ടതിനെ തുടര്‍ന്നാണ് യുവതിയെ പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിപ ലക്ഷണങ്ങള്‍ കണ്ടതോടെ സ്രവം പരിശോധനയ്ക്കായി പുനെയിലേക്ക് അയക്കുകയായിരുന്നു. അവിടെ നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

ചികിത്സയില്‍ തുടരുന്ന യുവതിക്ക് കടുത്ത പനി തുടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഒരുവര്‍ഷത്തിനിടെ മൂന്നാം തവണയാണ് മലപ്പുറത്ത് നിപ സ്ഥിരികരിച്ചത്. നേരത്തെ വണ്ടൂരില്‍ നിപ ബാധിച്ച് യുവാവ് മരിച്ചിരുന്നു.

Continue Reading

india

രാജ്യത്തിനെതിരായ ആക്രമണങ്ങളെ ഒറ്റക്കെട്ടായി നേരിടണം: മുസ്‌ലിം ലീഗ്‌

സര്‍വ കക്ഷി യോഗത്തില്‍ പിന്തുണയര്‍പ്പിച്ച് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി

Published

on

രാജ്യത്തിനെതിരെയുള്ള എല്ലാ വിധ ഭീകരവാദ പ്രവർത്തനങ്ങളെയും അതിന് നേതൃത്വം കൊടുക്കുന്ന സംഘങ്ങളെയും നേരിടുന്നതിന് രാജ്യം ഒറ്റക്കെട്ടായി നിൽക്കണമെന്നും അതിന് മുസ്ലിം ലീഗ് പാർട്ടിയുടെ എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്നും പ്രധാന മന്ത്രി വിളിച്ച് ചേർത്ത സർവ്വകക്ഷി യോഗത്തിൽ പങ്കെടുത്ത് മുസ്ലിം ലീഗ് പാർലമെന്ററി പാർട്ടി ലീഡറും ദേശീയ ഓർഗനൈസിംഗ് സെക്രട്ടറിയുമായ ഇ.ടി മുഹമ്മദ് ബഷീർ എംപി പറഞ്ഞു.

ഇത്തരം വിധ്വംസക പ്രവർത്തനങ്ങൾ ഉണ്ടാവുമ്പോൾ രാജ്യം ഒന്നിച്ച് നിന്ന് നേരിടണമെന്നും ന്യൂഡൽഹിയിൽ ചേർന്ന സർവ്വ കക്ഷി യോഗത്തിൽ പങ്കെടുത്ത് ഇ.ടി പറഞ്ഞു. അന്താരാഷ്ട്ര സമൂഹം ഇന്ത്യയെടുത്ത നിലപാടിനോട് അതി ശക്തമായ പിന്തുണയും യോജിപ്പും പ്രകടിപ്പിക്കുകയുണ്ടായി. 27 പേരുടെ ജീവൻ നഷ്ടമായ പഹൽഗാം ഭീകരാക്രമണത്തിന്റെ ഭീകരത സമൂഹത്തിൽ വലിയ പ്രയാസമാണ് സ്രഷ്ടിച്ചത്. ഇതിന് തിരിച്ചടിയായി ഓപ്പറേഷൻ സിന്ദൂരിന് നേതൃത്വം നൽകിയ സൈനികരെയും ഇ.ടി മുഹമ്മദ് ബഷീർ എംപി പ്രശംസിച്ചു.

Continue Reading

india

കൊടും ഭീകരനെ കൊലപ്പെടുത്തി ഇന്ത്യന്‍ സൈന്യം; കൊല്ലപ്പെട്ടത് അബ്ദുല്‍ റൗഫ് അസര്‍

ജെയ്ശെ മുഹമ്മദ് സുപ്രീം കമാൻഡറായ അബ്ദുൽ റൗഫ് അസ്ഹർ 1999ലെ കാണ്ഡഹാർ വിമാനം റാഞ്ചലിന്‍റെ സൂത്രധാരനാണ്

Published

on

ന്യൂഡൽഹി: ഓപറേഷൻ സിന്ദൂരിൽ ജയ്ശെ മുഹമ്മദ് തലവൻ മസ്ഊസ് അസ്ഹറിന്‍റെ സഹോദരന്‍ അബ്ദുൽ റൗഫ് അസ്ഹറും കൊല്ലപ്പെട്ടു. ജെയ്ശെ മുഹമ്മദ് സുപ്രീം കമാൻഡറായ അബ്ദുൽ റൗഫ് അസ്ഹർ 1999ലെ കാണ്ഡഹാർ വിമാനം റാഞ്ചലിന്‍റെ സൂത്രധാരനാണ്. ആക്രമണത്തിൽ പരിക്കേറ്റ ഇയാൾ പാകിസ്താനിലെ സൈനിക ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലുള്ള ബ​ഹാ​വ​ൽ​പുരിൽ ഇന്ത്യൻ നടത്തിയ ആക്രമണത്തിലാണ് അബ്ദുൽ റൗഫിന് ഗുരുതര പരിക്കേറ്റത്.

ബ​ഹാ​വ​ൽ​പു​രി​ലെ ജാ​മി​അ മ​സ്ജി​ദ് സു​ബ്ഹാ​ന​ല്ല ആ​ക്ര​മ​ണ​ത്തി​ൽ ത​ന്റെ കു​ടും​ബ​ത്തി​ലെ 10 അം​ഗ​ങ്ങ​ളും നാ​ല് അ​ടു​ത്ത കൂ​ട്ടാ​ളി​ക​ളും കൊ​ല്ല​പ്പെ​ട്ട​താ​യി ജ​യ്‌​ശെ മു​ഹ​മ്മ​ദ് ത​ല​വ​നായ മ​സ്ഊ​ദ് അ​സ്ഹ​ർ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. മൂ​ത്ത സ​ഹോ​ദ​രി​യും ഭ​ർ​ത്താ​വും, അ​ന​ന്ത​ര​വ​നും ഭാ​ര്യ​യും, മ​റ്റൊ​രു മ​രു​മ​ക​ളും, കു​ടും​ബ​ത്തി​ലെ അ​ഞ്ച് കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടു​ന്ന​താ​യി അ​സ്ഹ​റി​ന്റേ​താ​യി അ​വ​കാ​ശ​പ്പെ​ടു​ന്ന പ്ര​സ്താ​വ​ന​യി​ൽ പ​റ​യു​ന്നു. ആ​ക്ര​മ​ണ​ത്തി​ൽ അ​സ്ഹ​റി​ന്റെ അ​ടു​ത്ത അ​നു​യാ​യി​യും അ​മ്മ​യും മ​റ്റു ര​ണ്ട് കൂ​ട്ടാ​ളി​ക​ളും മ​രി​ച്ചു. ഈ ​ക്രൂ​ര​മാ​യ പ്ര​വൃ​ത്തി എ​ല്ലാ അ​തി​രു​ക​ളെ​യും ലം​ഘി​ച്ചു. ഇ​നി ക​രു​ണ പ്ര​തീ​ക്ഷി​ക്കേ​ണ്ടെ​ന്നും തി​രി​ച്ച​ടി​ക്കു​മെ​ന്നും പ്ര​സ്താ​വ​ന​യി​ലു​ണ്ട്.

1999ൽ ​വി​മാ​ന​ത്തി​ലെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ യാ​ത്ര​ക്കാ​രെ മോ​ചി​പ്പി​ക്കാ​നാ​യി ഇ​ന്ത്യ വി​ട്ട​യ​ച്ച ഭീ​ക​ര​നാ​ണ് മ​സ്ഊ​ദ് അ​സ്ഹ​ർ. 2019ൽ, ​ഐ​ക്യ​രാ​ഷ്ട്ര​സ​ഭ അ​സ്ഹ​റി​നെ ആ​ഗോ​ള ഭീ​ക​ര​നാ​യി പ്ര​ഖ്യാ​പി​ച്ചിരുന്നു.

അതേസമയം പഹൽഗാം ഭീകരാക്രമണത്തിന്‍റെ തിരിച്ചടിയായി ഇന്ത്യൻ സെന നടത്തിയ പ്രത്യാക്രമണത്തിൽ നൂറിലേറെ ഭീകരർ കൊല്ലപ്പെട്ടെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് സർവകക്ഷി യോഗത്തിൽ പറഞ്ഞു. സ്ഥിതിഗതികൾ വഷളാക്കാൻ ഇന്ത്യ ആഗ്രഹിക്കുന്നില്ല. എന്നാൽ, പാകിസ്താൻ പ്രകോപിപ്പിച്ചാൽ തിരിച്ചടിക്കുമെന്നും സർവകക്ഷിയോഗത്തിൽ രാജ്നാഥ് സിങ് പറഞ്ഞു. പാക് അധീന കശ്മീരിലെയും പാകിസ്താനിലേയും ഒമ്പത് ഭീകര ക്യാമ്പുകളിലാണ് ‘ഓപറേഷൻ സിന്ദൂർ’ എന്ന പേരിൽ ആക്രമണം നടത്തിയത്.

Continue Reading

Trending