Connect with us

Video Stories

ആസിഫയെ പിച്ചിച്ചീന്തിയ ഉന്മൂലന ഹിന്ദുത്വം

Published

on

വസുധൈവ കുടുംബകത്തെക്കുറിച്ചും ലോകാസമസ്തയെക്കുറിച്ചും ക്ഷേത്രത്തെവരെ അപമാനിച്ചവരെ ചൊല്ലിപ്പഠിപ്പിക്കാന്‍ ഇനിയാര്‍ക്കും കഴിഞ്ഞെന്നുവരില്ല. എന്നാല്‍ ‘ദൈവമാണ് മഹാന്‍’ എന്ന് നിത്യേന കുറഞ്ഞത് നൂറ്റിയെഴുപതു തവണയെങ്കിലും ഉരുവിടുന്ന മെഹബൂബ എന്ന കശ്മീരി വനിതാഭരണാധികാരിക്ക് പെണ്‍കുട്ടികള്‍ കലുങ്കുകളില്‍ പിടഞ്ഞുമരിക്കുമ്പോള്‍ എങ്ങനെ മിണ്ടാതിരിക്കാനാകും? ജമ്മുകശ്മീരിലെ കത്വയില്‍ ഹിന്ദുത്വ രാഷ്ട്രീയക്കാര്‍ എട്ടുവയസ്സുകാരിയെ ബലാല്‍സംഗംചെയ്ത് അതിനികൃഷ്ടമായ രീതിയില്‍ കൊലപ്പെടുത്തിയ സംഭവം നാടിന് മാത്രമല്ല, മനുഷ്യകുലത്തിനാകെ കൊടിയ അപമാനം വരുത്തിവെച്ചിരിക്കുമ്പോള്‍ അധികാരാസനങ്ങളില്‍ ഒന്നുകൂടി അമര്‍ന്നിരിക്കുകയാണ് സംസ്ഥാനത്തെ പി.ഡി.പിയും ബി.ജെ.പിയും. കഴിഞ്ഞ ജനുവരി പത്തിന് കാണാതായ ആസിഫ ബാനു എന്ന എട്ടു വയസ്സുകാരിയുടെ ജീവന്‍ പോയിട്ട് അവളുടെ മൃതശരീരം പോലും കിട്ടിയത് നാടിന്റെ ഭാഗ്യം കൊണ്ടുമാത്രമായിരുന്നു. ദിവസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് ഏഴാംദിവസം സമീപത്തെ കാട്ടിലെ കലുങ്കിനടിയില്‍ കാപാലികര്‍ ബാക്കിയാക്കിയ കുഞ്ഞിന്റെ ശരീരം രക്ഷിതാക്കള്‍ക്ക് ലഭിച്ചത്. ബലിഷ്ഠരായ മനുഷ്യമൃഗങ്ങളുടെ കാമാര്‍ത്തിക്കും വംശീയ വിദ്വേഷത്തിനും ഇരയായ പെണ്‍കുട്ടിയുടെ ലോലശരീരത്തിനുമേല്‍ നീണ്ട ദിനരാത്രങ്ങളില്‍ നടത്തിയ കൊടുംക്രൂരതകള്‍ ഭൂമിയിലെ ഒരു മനുഷ്യജീവിക്കും അനുഭവിക്കാന്‍ ഇടവരാതിരിക്കട്ടെ എന്ന പ്രാര്‍ത്ഥനയിലാണ് ലോകം. സ്വന്തമായി തുണ്ടുപോലും ഭൂമിയില്ലാത്ത ഗുജ്ജാര്‍ വിഭാഗത്തില്‍പെട്ട ബക്കര്‍വാല മുസ്്‌ലിം ഗോത്രവര്‍ഗക്കാരെ ആട്ടിയോടിക്കാന്‍ സമീപത്തെ ഭൂവുടമകളായ സംഘ്പരിവാറുകാര്‍ ആസൂത്രണംചെയ്ത അതിനീചകൃത്യമായിരുന്നു ആസിഫയുടെ തട്ടിക്കൊണ്ടുപോകലും കൊലപാതകവുമെന്നറിയുമ്പോള്‍ ലോകത്തെ ഏറ്റവും വലിയ ബഹുസ്വര സമൂഹവും മതേതര ജനാധിപത്യ റിപ്പബ്ലിക്കുമെന്നൊക്കെ മനസ്സാപോലും അഭിമാനിക്കാന്‍ നാം ഇന്ത്യക്കാര്‍ക്ക് ഇനി കഴിയുമോ എന്ന ചിന്തയാണുയര്‍ന്നുവരുന്നത്.
രാജ്യത്താകെ ഉയര്‍ന്നുകൊണ്ടിരിക്കുന്ന വന്‍ പ്രതിഷേധങ്ങള്‍ 2012ല്‍ ഡല്‍ഹിയിലെ സ്വകാര്യബസ്സിനകത്ത് നിര്‍ഭയ എന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥിയുടെ ജീവനെടുത്ത അതിക്രൂരമായ ലൈംഗികപീഡനത്തെ അനുസ്മരിപ്പിക്കുന്നതാണ്. എന്നാല്‍ ലൈംഗികതക്കപ്പുറം ആസിഫയുടെ കാര്യത്തില്‍ വംശീയവും സാമ്പത്തികവുമായ ഒട്ടേറെ ഘടകങ്ങള്‍ തുറിച്ചുകിടപ്പുണ്ട്. ആടുമേച്ചും കുതിരവളര്‍ത്തിയും മറ്റും കഴിയുന്ന നാടോടി വിഭാഗക്കാരായ ബക്കര്‍വാലകളെ പ്രദേശത്തുനിന്ന് ആട്ടിയോടിക്കാന്‍ സമീപത്തെ ഹിന്ദുക്ഷേത്രത്തിലെ ഉന്നതരും പൊലീസ് സേനാംഗങ്ങളും ഒരുമിച്ചു എന്നത് നമ്മുടെ സമൂഹത്തെക്കുറിച്ച് അറപ്പും ആശങ്കയുമാണ് ഉളവാക്കുന്നത്. സഞ്ജീവ് റാം എന്ന ക്ഷേത്രകാര്യദര്‍ശിയുടെ നേതൃത്വത്തിലായിരുന്നു ഈ ഉന്മൂലന ഓപറേഷന്‍. ഇയാളെക്കുറിച്ച് നേരത്തെതന്നെ വലിയ ഭയമാണുള്ളത്. കത്വയിലെ മുസ്്‌ലിം കുടുംബങ്ങളെ ഒഴിപ്പിക്കാന്‍ 2016ലും ശ്രമമുണ്ടായി. ഇതില്‍ പ്രതിഷേധിച്ച യുവാക്കളിലൊരാളെ വെടിവെച്ചുകൊന്ന പൊലീസുദ്യോഗസ്ഥനെ മികച്ച സേവനത്തിനുള്ള ബഹുമതി നല്‍കി ആദരിച്ച സംസ്ഥാനമാണ് ജമ്മുകശ്മീര്‍. സംസ്ഥാനം ഭരിക്കുന്ന കേന്ദ്ര ഭരണകക്ഷിയായ ബി.ജെ.പിയുടെയും മെഹബൂബ മുഫ്തിയുടെ പി. ഡി.പിയുടെയും സംയുക്ത സര്‍ക്കാരിന്റെ നിലപാടാണ് സംഭവത്തില്‍ ഏറെ ഭീതിയുണര്‍ത്തുന്നത്. ജനുവരി പതിനേഴിന് ആസിഫയുടെ മൃതശരീരം കണ്ടുകിട്ടിയെങ്കിലും മൂന്നു ദിവസം കഴിഞ്ഞ് പ്രദേശത്ത് കനത്ത പ്രതിഷേധം രൂപപ്പെട്ടപ്പോള്‍ മാത്രമാണ് മുഖ്യമന്ത്രി മെഹബൂബ നിയമസഭയില്‍ അന്വേഷണത്തിന് ഉത്തരവിടുന്നത്. കാണാതായി രണ്ടാംദിവസം കുടുംബം നല്‍കിയ പരാതിയില്‍ പൊലീസ് അനങ്ങിയില്ല. പ്രതികളെ രക്ഷിക്കാനായി രണ്ട് ബി.ജെ.പി മന്ത്രിമാര്‍ തന്നെ രംഗത്തിറങ്ങിയെന്നത് പ്രതികളെയും അവരുടെ ലക്ഷ്യത്തെക്കുറിച്ചും വ്യക്തമായ സൂചന നല്‍കുന്നു. പ്രതികളെ അറസ്റ്റുചെയ്യാന്‍ എത്തിയപ്പോള്‍ മുതല്‍ കോടതിയില്‍വരെ തുടര്‍ന്ന ബി.ജെ.പി-സംഘ്പരിവാര്‍ പ്രതിഷേധം ബി.ജെ.പിയുടെയും സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകളുടെയും വികൃതമുഖത്തെയാണ് തുറന്നുകാട്ടുന്നത്. സഞ്ജീവ്‌റാമിന്റെ അടുത്ത ബന്ധുക്കളും പൊലീസുദ്യോഗസ്ഥരുമാണ് ആസിഫയെ ക്ഷേത്രത്തില്‍വെച്ച് പിച്ചിച്ചീന്തിയതെന്നാണ് മൂന്നുമാസം കഴിഞ്ഞ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നത്. അജൈവവസ്തുവെന്ന പോലെ തുടരെത്തുടരെ ബലാല്‍സംഗം ചെയ്യപ്പെട്ട കുട്ടിയെ തലക്കടിച്ച് കൊലപ്പെടുത്തുന്നതിന് തൊട്ടുമുമ്പുവരെ പൊലീസുകാരിലൊരാള്‍ മാനഭംഗപ്പെടുത്തിയെന്ന് സര്‍ക്കാരിന്റെതന്നെ പൊലീസ് സാക്ഷ്യപ്പെടുത്തുന്നു. കഴിഞ്ഞ മൂന്നു വര്‍ഷക്കാലമായി തുടരുന്ന ജമ്മുകശ്മീരിലെ പി.ഡി.പി-ബി.ജെ.പി ഭരണത്തിന്റെ ഏറ്റവും അവഹേളനാപരവും മാരകവുമായ മുഖമാണ് ഇതിലൂടെ വ്യക്തമായിരിക്കുന്നത്. അധികാരത്തിനുവേണ്ടി സ്വന്തം ജനതയെ ഇത്രയും ഒറ്റുകൊടുത്തൊരു ഭരണകൂടം ഇതുവരെ കണ്ടിട്ടില്ല. ബി.ജെ.പി നേതാക്കളും കേന്ദ്രമന്ത്രിമാരുംവരെ സംഭവത്തെ ലഘൂകരിച്ച് കാണാനാണ് കിണഞ്ഞുപരിശ്രമിക്കുന്നത്. എത്രയോ പെണ്‍കുട്ടികള്‍ രാജ്യത്ത് കൊല്ലപ്പെടുന്നില്ലേ എന്ന ബി.ജെ.പി നേതാവിന്റെ ചോദ്യത്തില്‍ എല്ലാം അടങ്ങുന്നു. ഇവരാണ് രാജസ്ഥാനിലും യു.പിയിലും ഗുജറാത്തിലുമൊക്കെ മുസ്‌ലിംകളെയും ദലിതുകളെയും പിന്നാക്കക്കാരെയുമൊക്കെ വംശീയ ഉന്മൂലനത്തിന് വിധേയമാക്കിക്കൊണ്ടിരിക്കുന്നതും അതില്‍ തെല്ലും പശ്ചാത്താപം പ്രകടിപ്പിക്കാതെ, പരസ്യമായി സ്വയം മേലോട്ടുതുപ്പി അവകാശവാദം സ്ഥാപിക്കുന്നതും. രാജ്യത്തെ മുസ്‌ലിംകള്‍ അര്‍ബുദമാണെന്നും 2019ല്‍ ഇസ്‌ലാമും ഭഗവാനുമാണ് പോരാടുന്നതെന്നും പറയുന്ന സംഘിനേതാക്കള്‍ക്ക് ആസിഫബാനു ഭാവിയിലെ ജനിക്കാനിരിക്കുന്ന പരമ്പരകളുടെ ഒഴിവാക്കപ്പെടേണ്ട ഗര്‍ഭപാത്രമായി മാറിയതില്‍ അത്ഭുതമില്ല.
16 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികളുടെ നേരെ ലൈംഗികച്ചുവയോടെ ആംഗ്യം കാട്ടുന്നതുപോലും കഠിന ശിക്ഷക്ക് വിധേയമാകുന്ന കുറ്റമായ പോക്‌സോ നിയമം രാജ്യത്ത് അലങ്കാരമായി മാറുകയാണോ എന്നാണ് ആസിഫയുടെ ദാരുണമരണം നമ്മെ ചഞ്ചലപ്പെടുത്തുന്നത്. നിയമങ്ങള്‍ നോക്കുകുത്തിയാകുകയും അധികാരക്കസേരകളില്‍ വിഷയലമ്പടന്മാരും താന്തോന്നികളും അമര്‍ന്നിരിക്കുകയും ചെയ്യുമ്പോള്‍ ആസിഫയും ഉന്നാവിലെ പതിനാറുകാരിയും വാര്‍ത്തകള്‍ മാത്രമായി ചുരുക്കപ്പെടും. ലോക മാധ്യമങ്ങള്‍വരെ വാര്‍ത്തയാക്കിയ സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ മുതലക്കണ്ണീരുമായി ഇറങ്ങിയ സ്മൃതി ഇറാനിയും മേനകഗാന്ധിയും അല്ലാതെ പ്രധാനമന്ത്രിക്കും ബി.ജെ.പി അധ്യക്ഷനും ഇനിയും സമയംകിട്ടിയിട്ടില്ല. പ്രശ്‌നത്തില്‍ കോണ്‍ഗ്രസും വിവിധ കക്ഷി-സന്നദ്ധ സംഘടനാ സംവിധാനങ്ങളും പ്രവര്‍ത്തകരും ‘മീ ടൂ’ പ്രചാരണവും ഇന്ത്യാഗേറ്റിലുള്‍പ്പെടെ ദീപച്ചാര്‍ത്തുമായി ജനമനസ്സാക്ഷിയെ നെഞ്ചിലേറ്റുന്ന കാഴ്ച മനുഷ്യത്വം മരവിച്ചിട്ടില്ലെന്ന് കാണിച്ചുതരുന്നുണ്ടെങ്കിലും, പ്രതികള്‍ക്കുവേണ്ടി കോടതി നടപടികള്‍ തടഞ്ഞ അഭിഭാഷകരും രാഷ്ട്രീയ മൗനിബാബകളും പകരുന്നത് നാടിന്റെ ഭാവിയെക്കുറിച്ചുള്ള ആകുലതകളാണ്. ഉത്തര്‍പ്രദേശ് ഉന്നാവിലെ ബി.ജെ.പി എം.എല്‍.എയെ കൂട്ടിലിടാന്‍ യോഗീമുഖ്യന്‍ കാട്ടിയ നാടകമെങ്കിലും സഞ്ജീവ്‌റാമിന്റെയും കൂട്ടരുടെയും കൊലക്കയറിന്റെ കാര്യത്തില്‍ മെഹബൂബ കാട്ടുമെന്നാണ് ജനത പ്രതീക്ഷിക്കുന്നത്. അല്ലെങ്കില്‍ ആ രക്തപങ്കില കസേരയില്‍നിന്ന് സ്വയം ഇറങ്ങിപ്പോകാനുള്ള മര്യാദയെങ്കിലും അവര്‍ കാണിക്കണം. കൂട്ടക്കുരുതികളുടെ പ്രതിപ്പട്ടികയില്‍നിന്ന് തലയൂരാനെങ്കിലും അതാണ് നല്ലത്.

News

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേക പ്രാര്‍ത്ഥന; ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ

അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു.

Published

on

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേകം പ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ. ഭാരതത്തിനും, സൈനികര്‍ക്കും, അതിര്‍ത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.

അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു. ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാന മധ്യേ മലങ്കരസഭയിലെ മുഴുവന്‍ പള്ളികളിലും രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്താന് വന്‍ നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.

Continue Reading

kerala

താമരശ്ശേരി ഷഹബാസ് കൊലക്കേസ്: കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളുടെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല

വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്.

Published

on

താമരശ്ശേരി ഷഹബാസ് കൊലക്കേസില്‍ കുറ്റാരോപിതരായ ആറ് വിദ്യാര്‍ത്ഥികളുടെയും എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല. വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്. അതേസമയം ഇവരുടെ ഫലം പ്രസിദ്ധീകരിക്കാത്തത് എന്തുകൊണ്ടെന്ന് അറിയില്ലെന്ന് താമരശ്ശേരി ജി വി എച്ച് എസ് എസ് അധികൃതര്‍ വ്യക്തമാക്കി.

കേസില്‍ കുറ്റാരോപിതരായ് വിദ്യാര്‍ത്ഥികള്‍ നിലവില്‍ വെള്ളിമാടുകുന്ന് ഒബ്‌സര്‍വേഷന്‍ ഹോമിലാണ്. വിദ്യാര്‍ത്ഥികളെ എസ്.എസ്.എല്‍.സി പരീക്ഷ എഴുതാന്‍ അനുവദിച്ചത് വലിയ വിവാദത്തിലേക്ക് നയിച്ചിരുന്നു. പരീക്ഷാ സെന്ററുകളിലേക്കടക്കം വിദ്യാര്‍ഥി -യുവജന സംഘടനകള്‍ കടുത്ത പ്രതിഷേധം നടത്തിയിരുന്നു.

എളേറ്റില്‍ വട്ടോളി എം.ജെ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു മരിച്ച മുഹമ്മദ് ഷഹബാസ്.

Continue Reading

Video Stories

പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു

Published

on

പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു. എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രണ്ട് റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡുകളും അഞ്ച് ഹാന്‍ഡ് ഗ്രനേഡുകളും ഉള്‍പ്പെടെ വെടിമരുന്ന് ശേഖരം കണ്ടെടുത്തതായി സംസ്ഥാന പോലീസ് മേധാവി ചൊവ്വാഴ്ച പറഞ്ഞു.

പഞ്ചാബിലെ സ്ലീപ്പര്‍ സെല്ലുകളെ പുനരുജ്ജീവിപ്പിക്കാന്‍ പാകിസ്ഥാനിലെ ഭീകരസംഘടനകള്‍ നടത്തിയ കോര്‍ഡിനേറ്റഡ് ഓപ്പറേഷനാണ് പ്രാഥമിക അന്വേഷണം സൂചിപ്പിക്കുന്നത്,” ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് ഗൗരവ് യാദവ് എക്സില്‍ ഒരു പോസ്റ്റില്‍ പറഞ്ഞു.

ഒരു കേന്ദ്ര ഏജന്‍സിയുമായി ചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനില്‍, എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ഓപ്പറേഷനില്‍ പഞ്ചാബ് പോലീസ് തീവ്രവാദ ഹാര്‍ഡ്വെയര്‍ ശേഖരം കണ്ടെടുത്തു.

രണ്ട് ആര്‍പിജികള്‍, രണ്ട് ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസുകള്‍ (ഐഇഡി), അഞ്ച് ഹാന്‍ഡ് ഗ്രനേഡുകള്‍, ഒരു വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ സെറ്റ് എന്നിവ കണ്ടെടുത്തതായി അദ്ദേഹം പറഞ്ഞു.

അമൃത്സറിലെ സ്റ്റേറ്റ് സ്പെഷ്യല്‍ ഓപ്പറേഷന്‍ സെല്ലിന്റെ പോലീസ് സ്റ്റേഷനില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Continue Reading

Trending