Connect with us

Video Stories

തിരിഞ്ഞു കൊത്തുന്ന ദലിത് രോഷാഗ്നി

Published

on

 

രാജ്യത്ത് ഇരുപതു സംസ്ഥാനങ്ങളിലെ അധികാരം കരഗതമായെന്ന് വീമ്പടിച്ചു നടക്കുന്ന ബി.ജെ.പിക്കുമേല്‍ ഉത്തരം മുട്ടുന്ന ചോദ്യങ്ങളാണ് ജനകീയപ്രക്ഷോഭാഗ്നിയുടെ രീതിയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന്് ഇപ്പോള്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. ഭരണഘടനാദത്തവും നിയമപരവുമായ അവകാശ സംസ്ഥാപനത്തിനുവേണ്ടി പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ദലിതുകളുടെ വന്‍പ്രക്ഷോഭമാണ് നടന്നുകൊണ്ടിരിക്കുന്നത്. മിനിഞ്ഞാന്നും ഇന്നലെയുമായി ഒരു ഡസന്‍ പേര്‍ പൊലീസിന്റെ തോക്കിനും മര്‍ദനത്തിനും ഇരയായി നടുറോഡില്‍ മരിച്ചുവീണിരിക്കുന്നു. മധ്യപ്രദേശിലാണ് ഏറ്റവും കൂടുതല്‍ മരണം. ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത്, ബീഹാര്‍, പഞ്ചാബ്, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളിലായി തുടരുന്ന ദലിത്പ്രക്ഷോഭം അതിരുവിടുന്ന കാഴ്ചയാണ് കാണാനാകുന്നത്. സമാധാനപരമായി ആരംഭിച്ച പ്രക്ഷോഭത്തെ സമാനമായി നേരിടുന്നതിനുപകരം പൊലീസിനെ വിട്ട് സമരക്കാരെ വെടിവെച്ചു കൊല്ലുകയായിരുന്നു.
മാര്‍ച്ച് ഇരുപതിന് സുപ്രീംകോടതിയുടേതായി പുറത്തുവന്ന ഇടക്കാല വിധിയാണ് പ്രശ്‌നങ്ങളുടെയെല്ലാം ഹേതു. രാജ്യത്ത് പട്ടിക വിഭാഗ പീഡനക്കേസുകള്‍ പലതും വ്യക്തിവിരോധം തീര്‍ക്കുന്നതിന് ദുരുപയോഗിക്കുന്നുവെന്നാണ് കോടതിവിധിക്കടിസ്ഥാനം. 1989ലെ പട്ടികജാതി-പട്ടിക വര്‍ഗ പീഡന നിരോധനനിയമത്തിലെ ചില വ്യവസ്ഥകള്‍ ഈ കേസില്‍പെടുന്ന പ്രതികളുടെ മൗലികാവകാശത്തെ ഹനിക്കുന്നുവെന്ന് കാട്ടി ഉന്നത നീതിപീഠം അതിലെ ചില വ്യവസ്ഥകള്‍ മയപ്പെടുത്തുകയായിരുന്നു. കേന്ദ്ര സര്‍ക്കാരിലെ ഉന്നതരായ അഭിഭാഷകര്‍ ഹാജരായി കോടതിയെ സത്യാവസ്ഥ ബോധ്യപ്പെടുത്തിയില്ലെന്ന് മാത്രമല്ല, വിധി വന്നപ്പോള്‍ മുതല്‍ കമാന്നിരിക്കുകയായിരുന്നു ഉത്തരവാദിത്തപ്പെട്ട മോദി ഭരണകൂടം. വ്യക്തമായ തെളിവില്ലാത്തതും പ്രഥമദൃഷ്ട്യാ നിലനില്‍ക്കാത്തതുമായ പട്ടിക വിഭാഗ പീഡന കേസുകളില്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കണം. പ്രതികളായ ഉദ്യോഗസ്ഥരെ വിചാരണ ചെയ്യാന്‍ നിയമന അതോറിറ്റിയുടെ പ്രത്യേകാനുമതി വാങ്ങിയിരിക്കണം. മറ്റുള്ളവരുടെ കാര്യത്തില്‍ ജില്ലാ പൊലീസ് അധികാരിയുടെ അനുമതിയോടെ മാത്രമേ അറസ്റ്റ് ചെയ്യാവൂ. കസ്റ്റഡിയില്‍ വെക്കുന്നതിനുമുമ്പ് മജിസ്‌ട്രേറ്റിന്റെ രേഖകള്‍ പരിശോധിക്കണം എന്നിവയാണ് വിധിയിലെ നിര്‍ദേശങ്ങള്‍. കേസ് പരിഗണനക്ക് വന്നപ്പോള്‍ കോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍ ബോധിപ്പിച്ചത് പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യാപേക്ഷ അനുവദിക്കാമെന്ന നിലപാടായിരുന്നു.
2016ല്‍ രാജ്യത്ത് രജിസ്റ്റര്‍ചെയ്ത പട്ടികജാതി-വര്‍ഗപീഡനക്കേസുകളില്‍ 83 ശതമാനവും ഇന്നും ഇഴയുകയാണെന്നാണ് സര്‍ക്കാര്‍ രേഖകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞകൊല്ലം മാത്രം പട്ടിക ജാതിക്കാര്‍ക്കെതിരായ പീഡനക്കേസുകള്‍ പത്തു ശതമാനവും പട്ടിക വിഭാഗക്കാര്‍ക്കെതിരെ ആറു ശതമാനവും വര്‍ധിച്ചു. ഏഴു വര്‍ഷത്തിനിടെ തീര്‍പ്പാകാത്ത ഇത്തരം കേസുകളുടെ എണ്ണം 90 ശതമാനമാണ്. നിയമത്തിലെ പോരായ്മ തിരിച്ചറിഞ്ഞ് 2015ല്‍ ഭരണ-പ്രതിപക്ഷം ഒറ്റക്കെട്ടായി പാസാക്കിയ നിയമത്തിലെ ഭേദഗതിയുടെ സത്തയെ ചോദ്യം ചെയ്യുന്ന നിലപാടാണ് സര്‍ക്കാര്‍ തന്നെ സ്വീകരിച്ചത്. സ്വാഭാവികമായും കോടതിക്ക് അതനുസരിക്കുകയല്ലാതെ വഴിയില്ലായിരുന്നു. വിധിയുടെ ദൂരവ്യാപകമായ പ്രത്യാഘാതം തിരിച്ചറിഞ്ഞ് കോണ്‍ഗ്രസ് ഉള്‍പെടെയുള്ള പ്രതിപക്ഷം രാഷ്ട്രപതിയെ നേരില്‍കണ്ട് പുതിയ നിയമം ഉണ്ടാക്കേണ്ടതിന്റെ ആവശ്യകത ബോധിപ്പിക്കുകയും ഈ പാര്‍ലമെന്റ് സമ്മേളനത്തില്‍തന്നെ ഭേദഗതി പാസാക്കാമെന്ന് നിര്‍ദേശിക്കുകയും ചെയ്തു. രാജ്യത്തെ ഇരുപത്തഞ്ചു ശതമാനത്തോളം വരുന്ന ദലിതുകള്‍ക്കിടയില്‍ വിഷയം വലിയ ജീവല്‍പ്രശ്‌നമായി ഉയര്‍ന്നുവരികയുമായിരുന്നു. ഗുജറാത്തിലെ ജിഗ്നേഷ്‌മേവാനിയെപോലുള്ള ദലിത് നേതാക്കളും സംഘടനകളും തിങ്കളാഴ്ച ഭാരത്ബന്ദിന് ആഹ്വാനം ചെയ്തതിനെതുടര്‍ന്ന് സമരവും പ്രകടനവും എരിതീയില്‍ എണ്ണയൊഴിച്ച മട്ടായി. ചില സാമൂഹിക വിരുദ്ധര്‍ തീവെപ്പും വഴിമുടക്കലും കല്ലേറുമായി രംഗത്തിറങ്ങി. തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് നേരത്തെതന്നെ പശ്ചിമബംഗാളിലും ബീഹാറിലും മറ്റും മുസ്‌ലിംകള്‍ക്കെതിരായ അക്രമങ്ങള്‍ സംഘ്പരിവാരം തുടങ്ങിവെച്ചിരുന്നു. ബീഹാറില്‍ കേന്ദ്രമന്ത്രിയുടെ പുത്രനെയാണ് കലാപം ആസൂത്രണം ചെയ്തതിന് ജനതാദള്‍ (യു) സര്‍ക്കാരിന് അറസ്റ്റ്‌ചെയ്യേണ്ടിവന്നത്. ദലിതുകള്‍ക്കെതിരായ അക്രമവും കൂടിയായതോടെ ഇത് സ്വാതന്ത്ര്യത്തിന് ശേഷവും ബാബരി മസ്ജിദ് ധ്വംസനത്തിനുശേഷവും കാണാത്ത രീതിയിലുള്ള കലാപത്തിലേക്കാണോ രാജ്യം നീങ്ങുന്നതെന്ന തോന്നലുളവാക്കി. അതിനിടെ തിങ്കളാഴ്ച ദലിത ്പ്രക്ഷോഭം പരിധിവിട്ടപ്പോള്‍ നേരത്തെയുള്ള നിലപാടില്‍ അയവുവരുത്തി കോടതിവിധിക്കെതിരെ പുതിയ സത്യവാങ്മൂലം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവന്നെങ്കിലും ഇന്നലെ ഇത് പരിഗണിച്ച കോടതി വിധി സ്‌റ്റേ ചെയ്യുന്നില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. തങ്ങള്‍ നിയമത്തിനെതിരല്ലെന്നും സമരം സ്ഥാപിത താല്‍പര്യക്കാരുടേതാണെന്നും പറയാന്‍ കോടതി തയ്യാറായി. വിഷയത്തിലെ കേന്ദ്രത്തിന്റെ ഇരട്ടത്താപ്പിനുള്ള കനത്ത പ്രഹരമാണിത്. വിധി വന്ന് രണ്ടാഴ്ചയോളം അനങ്ങാതിരുന്നശേഷം കേന്ദ്രം കൊണ്ടുവന്ന അപ്പീലില്‍ നിയമത്തിലെ വ്യവസ്ഥകള്‍ അതേപടി നിലനിര്‍ത്തണമെന്നാണ് പറഞ്ഞിരിക്കുന്നത്. കോടതി ഇതംഗീകരിക്കാത്ത നിലക്ക് ഇനി നിയമഭേദഗതിയേ മാര്‍ഗമുള്ളൂ. കക്ഷിഭേദം മറന്ന് എത്രയും പെട്ടെന്ന് പ്രശ്‌നത്തിന് പരിഹാരം കാണാനാണ് എല്ലാവരും ചേര്‍ന്ന് ശ്രമിക്കേണ്ടത്.
സത്യത്തില്‍ കേന്ദ്ര സര്‍ക്കാരിനെ കൊണ്ടുനടക്കുന്നവരുടെ മനസ്സിലിരിപ്പ് ദലിത്-മുസ്‌ലിം വിരുദ്ധതയാണെന്ന് ആര്‍ക്കും പറഞ്ഞുകൊടുക്കേണ്ടതില്ല. അയ്യായിരം കൊല്ലത്തെ അസാംസ്‌കാരിക പാരമ്പര്യം ഉയര്‍ത്തിക്കാട്ടി ജാതീയതയെയും പശു സംരക്ഷണത്തെക്കുറിച്ചും പറയുന്നവര്‍ ഇന്ത്യയുടെ മണ്ണിനുടമകളായ ദലിത്-ആദിവാസി വിഭാഗങ്ങളുടെ സ്വത്വത്തെതന്നെയാണ് ചോദ്യം ചെയ്യുന്നത്. ജാതിയും അയിത്തവും ജന്മസിദ്ധമാണെന്ന് ഇന്നും ഓതിപ്പഠിപ്പിക്കുന്നു. മോദിയുടെ സ്വന്തം ഗുജറാത്തില്‍ കുതിരപ്പുറത്തേറിയെന്നതിന് കഴിഞ്ഞ ദിവസമാണ് ഇരുപത്തൊന്നുകാരനെ അടിച്ചുകൊന്നത്. പ്രേമിച്ച് വിവാഹം കഴിച്ചതിന് കൊല്ലപ്പെടുന്ന ദലിത് യുവാക്കള്‍ നിരവധി. ഉനയില്‍ കുലത്തൊഴില്‍ ചെയ്തതിന് യുവാക്കളെ പൊതിരെ തല്ലിയതും ഇതേ ബ്രാഹ്മണ്യത്തിന്റെ വക്താക്കള്‍ തന്നെ. ഹൈദരാബാദ് സര്‍വകലാശാലയിലെ ദലിത് വിദ്യാര്‍ത്ഥി രോഹിത് വെമുലയുടെ മരണത്തിന് ഉത്തരവാദികളും മറ്റാരുമല്ല. ദലിതുകള്‍ക്കും പിന്നാക്കക്കാര്‍ക്കുമുള്ള സര്‍ക്കാര്‍ സര്‍വീസിലെ തൊഴില്‍ സംവരണവും മറ്റ് ആനുകൂല്യങ്ങളും അവസാനിപ്പിക്കേണ്ട സമയമായെന്ന് ഉറക്കത്തിലും നൂറ്റൊന്നാവര്‍ത്തിക്കുന്നവരാണ് സംഘ്പരിവാരവും അതിന്റെ മാതൃരൂപമായ ആര്‍.എസ്.എസ്സും. അപ്പോള്‍ ഇവര്‍ ഒഴുക്കുന്ന കണ്ണീരിന് മുതലക്കണ്ണീരിന്റെ വിലയേ ഉള്ളൂവെന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത് ! സഹസ്രാബ്ദങ്ങളുടെ പീഡനഭാരം ഒന്നിറക്കിവെക്കാന്‍ വിവരസാങ്കേതികയുടെ ഇക്കാലത്തെങ്കിലും കഴിയുമെന്ന്് ഭരണഘടനാശില്‍പിയും ദലിതുകളുടെ കാണപ്പെട്ട ദൈവവുമായ ഡോ. ഭീമറാവു അംബേദ്കറുടെ സമുദായം തിരിച്ചറിയാന്‍ തുടങ്ങിയതെന്നതിന്റെ തെളിവാണ് വിവിധ ഭീംസേനാ പ്രസ്ഥാനങ്ങളുടെ ഉയിര്‍ത്തെഴുന്നേല്‍പും ഇപ്പോഴത്തെ പ്രക്ഷോഭവും രക്തസാക്ഷിത്വങ്ങളുമെല്ലാം. കാലത്തിന്റെ വിളി കേള്‍ക്കാന്‍ കഴിയാത്തവരുടെ സ്ഥാനം ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലാണെന്ന് മാത്രം ഓര്‍മിപ്പിക്കട്ടെ.

Video Stories

വിദ്യാര്‍ഥികളെ മര്‍ദിച്ച സംഭവം; യൂണിവേഴ്‌സിറ്റി കോളജിലെ എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിടാന്‍ നിര്‍ദേശം

Published

on

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിടാന്‍ നിര്‍ദേശം. തുടരെയുള്ള അക്രമസംഭവങ്ങളുടെ പശ്ചാതലത്തില്‍ സിപിഎം ജില്ലാ സെക്രട്ടേറിയറ്റിന്റേതാണ് നിര്‍ദേശം. എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റിയാണ് വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത്.

കഴിഞ്ഞ ദിവസവും യൂണിവേഴ്‌സിറ്റി കോളജിലെ യൂണിറ്റില്‍ നിന്നും നാല് പേരെ എസ്എഫ്‌ഐ പുറത്താക്കിയിരുന്നു. ലക്ഷദ്വീപ് സ്വദേശികളായ വിദ്യാര്‍ഥികളെ അധിക്ഷേപിച്ച സംഭവത്തിലാണ് ആകാശ്, ആദില്‍, കൃപേഷ്, അമീഷ് എന്നിവരെ പുറത്താക്കിയത്. ലക്ഷദ്വീപ് വിദ്യാര്‍ഥി നടത്തുന്ന എല്ലാ നിയമ പോരാട്ടത്തിനും പിന്തുണയെന്നും എസ്എഫ്‌ഐ അറിയിച്ചു.തുടര്‍ന്ന് വിദ്യാര്‍ഥിയെ കോളജ് ഹോസ്റ്റലിലിട്ട് ക്രൂരമായി ഏഴംഗസംഘം മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. കോളജില്‍ ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥി ദിവസങ്ങള്‍ക്ക് മുമ്പ് ഈ സംഘത്തിന്റെ മര്‍ദനത്തിനിരയായിരുന്നു. ഈ സംഭവത്തില്‍ മര്‍ദനമേറ്റ വിദ്യാര്‍ഥിക്കൊപ്പം നിന്നതിനാണ് ലക്ഷദ്വീപില്‍ നിന്നുള്ള വിദ്യാര്‍ഥിക്ക് മര്‍ദനമേറ്റത്.

Continue Reading

kerala

‘സര്‍ക്കാരിന്‍റേത് കള്ളക്കളി’; വൈദ്യുതി നിരക്ക് വര്‍ധന കാര്‍ബൊറണ്ടം ഗ്രൂപ്പിനെ സഹായിക്കാനെന്ന് രമേശ് ചെന്നിത്തല

നാശനഷ്ടം സംഭവിച്ചിട്ടുണ്ടെങ്കിൽ കമ്പനിക്ക് ഇൻഷുറൻസിന് അപേക്ഷിക്കാമല്ലോ. കമ്പനിക്ക് കരാർ നീട്ടിക്കൊടുക്കാനുള്ള നീക്കം സംസ്ഥാന സർക്കാർ അവസാനിപ്പിക്കണം. കെഎസ്ഇബി ഈ വൈദ്യുത പദ്ധതി ഏറ്റെടുക്കാൻ തയ്യാറാകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Published

on

മണിയാറിൽ നായനാർ സ‍ർക്കാർ കാലത്ത് 30 വർഷത്തേക്ക് ഒപ്പിട്ട വൈദ്യുത പദ്ധതി കരാർ നീട്ടാൻ സംസ്ഥാന സർക്കാർ നീക്കം നടത്തുന്നുവെന്നും ഇതിന് പിന്നിൽ അഴിമതിയെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഡിസംബർ 30 ന് ബിഒടി കാലാവധി അവസാനിക്കാനിരിക്കെ 30 ദിവസം മുമ്പ് നോട്ടീസ് നൽകി പദ്ധതി സംസ്ഥാന സർക്കാർ ഏറ്റെടുക്കേണ്ടതാണ്. എന്നാൽ അതിന് സർക്കാർ തയ്യാറാകുന്നില്ലെന്നും ഇത് കള്ളകളിയാണെന്നും അദ്ദേഹം ദില്ലിയിൽ ആരോപിച്ചു.

2023 ൽ ഈ ഗ്രൂപ്പുമായി സർക്കാർ ചർച്ച നടത്തി. വെള്ളപ്പൊക്കത്തിൽ നാശനഷ്ടമുണ്ടായെന്ന് വാദിച്ച് കരാർ നീട്ടാനാണ് കമ്പനി ശ്രമിച്ചത്. മുഖ്യമന്ത്രിയും, വൈദ്യുതി മന്ത്രിയും, വ്യവസായ മന്ത്രിയും ഗൂഢാലോചന നടത്തി കമ്പനിക്ക് വേണ്ടി കള്ളക്കളി കളിക്കുകയാണ്. വെള്ളപ്പൊക്കത്തിൽ കാര്യമായ പ്രശ്നങ്ങളൊന്നും മണിയാറിൽ ഉണ്ടായില്ല. നാശനഷ്ടം സംഭവിച്ചിട്ടുണ്ടെങ്കിൽ കമ്പനിക്ക് ഇൻഷുറൻസിന് അപേക്ഷിക്കാമല്ലോ. കമ്പനിക്ക് കരാർ നീട്ടിക്കൊടുക്കാനുള്ള നീക്കം സംസ്ഥാന സർക്കാർ അവസാനിപ്പിക്കണം. കെഎസ്ഇബി ഈ വൈദ്യുത പദ്ധതി ഏറ്റെടുക്കാൻ തയ്യാറാകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഈ അഴിമതിയുടെ കൂടുതൽ വിവരങ്ങൾ നാളെ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു.

നായനാർ സർക്കാരിന്‍റെ കാലത്ത് ബിഒടി വ്യവസ്ഥയിൽ സ്വകാര്യ വ്യക്തികൾക്ക് വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ അവസരം നൽകി. ഇതിന്‍റെ ഭാഗമായി കാർബോറാണ്ടം യൂണിവേഴ്സൽ ഗ്രൂപ്പിന് മണിയാറിൽ വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ അവസരം നൽകി. ഒരു യൂണിറ്റിന് 50 പൈസക്കാണ് മണിയാറിൽ വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ അവസരം നൽകിയത്. ബിഒടി അടിസ്ഥാനത്തിലുള്ള കരാർ 30 വർഷത്തേക്കാണ് ഒപ്പിട്ടത്. 2024 ഡിസംബർ 30 ന് കരാർ കാലാവധി കഴിയും. ഇതിന് 30 ദിവസം മുൻപ് നോട്ടീസ് നൽകി സംസ്ഥാന സർക്കാർ പദ്ധതി ഏറ്റെടുക്കുകയാണ് വേണ്ടത്. എന്നാൽ അതൊന്നും ചെയ്യുന്നില്ലെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.

Continue Reading

Video Stories

അഡ്‌ലെയ്ഡില്‍ ഇന്ത്യക്കെതിരെ ഓസീസിന് പത്ത് വിക്കറ്റ് വിജയം

ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സിന്റെ അഞ്ചു വിക്കറ്റ് പ്രകടനമാണ് രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യന്‍ ബാറ്റിങ്ങിന്റെ നട്ടെല്ലൊടിച്ചത്.

Published

on

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റില്‍ ഇന്നിങ്‌സ് തോല്‍വി ഒഴിവാക്കിയെന്നതില്‍ രോഹിത്തിനും സംഘത്തിനും ആശ്വസിക്കാം. അഡലെയ്ഡിലെ രണ്ടാം ടെസ്റ്റില്‍ ആസ്‌ട്രേലിയക്ക് പത്ത് വിക്കറ്റ് ജയം. രണ്ടാം ഇന്നിങ്‌സില്‍ 175 റണ്‍സിന് ഇന്ത്യയെ പുറത്താക്കിയ ഓസീസിന് ജയിക്കാന്‍ 19 റണ്‍സ് മതിയായിരുന്നു.

ഓപ്പണര്‍മാരായ നഥാന്‍ മക്‌സ്വീനെയും (10) ഉസ്മാന്‍ ഖ്വാജയും (ഒമ്പത്) അനായാസം അതിഥേയരെ ലക്ഷ്യത്തിലെത്തിച്ചു. ഇതോടെ അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇരുടീമുകളും ഒപ്പമെത്തി. ആദ്യ ടെസ്റ്റില്‍ ഇന്ത്യ 295 റണ്‍സിന് ജയിച്ചിരുന്നു.

ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സിന്റെ അഞ്ചു വിക്കറ്റ് പ്രകടനമാണ് രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യന്‍ ബാറ്റിങ്ങിന്റെ നട്ടെല്ലൊടിച്ചത്. ഇന്ത്യക്കായി രണ്ടാം ഇന്നിങ്‌സിലും അല്‍പമെങ്കിലും പൊരുതിന്നെത് നിതീഷ് കുമാര്‍ റെഡ്ഡിയാണ്. 47 പന്തില്‍ 42 റണ്‍സെടുത്താണ് താരം പുറത്തായത്. ഒന്നാം ഇന്നിങ്‌സിലും നിതീഷ് കുമാര്‍ (42) തന്നെയായിരുന്നു ഇന്ത്യയുടെ ടോപ് സ്‌കോറര്‍.

മൂന്നാം ദിനം അഞ്ച് വിക്കറ്റിന് 128 റണ്‍സെന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യക്ക് സ്‌കോര്‍ ബോര്‍ഡ് തുറക്കുന്നതിനു മുമ്പേ ഋഷഭ് പന്തിന്റെ വിക്കറ്റ് നഷ്ടമായി. 31 പന്തില്‍ 28 റണ്‍സെടുത്ത പന്തിനെ മിച്ചല്‍ സ്റ്റാര്‍ക്ക് സ്മിത്തിന്റെ കൈകളിലെത്തിച്ചു. ഒരറ്റത്ത് നിതീഷ് കുമാര്‍ പൊരുതിനിന്നെങ്കിലും 14 പന്തില്‍ ഏഴു റണ്‍സെടുത്ത ആര്‍. അശ്വിന്‍ കമ്മിന്‍സിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കി മടങ്ങി. ഹര്‍ഷിത് റാണയും (പൂജ്യം) വന്നപോലെ മടങ്ങി. കമ്മിന്‍സിന്റെ പന്തില്‍ ഖ്വാജക്ക് ക്യാച്ച് നല്‍കിയാണ് താരം പുറത്തായത്. ഇതിനിടെ വമ്പനടികള്‍ക്ക് ശ്രമിച്ച നിതീഷ് കുമാറിനെയും കമ്മിന്‍സ് മക്‌സ്വീനെയുടെ കൈകളിലെത്തിച്ചു.

എട്ടു പന്തില്‍ ഏഴു റണ്‍സെടുത്ത മുഹമ്മദ് സിറാജിനെ ബോളണ്ടും മടക്കിയതോടെ ഇന്ത്യയുടെ ഇന്നിങ്‌സ് 175 റണ്‍സില്‍ അവസാനിച്ചു. 180 റണ്‍സെന്ന ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറിന് മറുപടിയായി ഓസീസിനെ ട്രാവിസ് ഹെഡ്ഡിന്റെ (140) തകര്‍പ്പന്‍ സെഞ്ച്വറി 337ല്‍ എത്തിച്ചിരുന്നു. പേസര്‍മാരായ ജസ്പ്രീത് ബുംറയുടെയും മുഹമ്മദ് സിറാജിന്റെയും നാല് വിക്കറ്റ് പ്രകടനമാണ് ആതിഥേയരുടെ ഒന്നാം ഇന്നിങ്‌സ് ലീഡ് 157ല്‍ ഒതുക്കിയത് മിച്ചം.

ആദ്യ ദിനം ഒരു വിക്കറ്റിന് 86 റണ്‍സിലാണ് ഓസീസ് കളി നിര്‍ത്തിയത്. പിറ്റേന്ന് ഇവരെ 337ല്‍ പുറത്താക്കിയ ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ തിരിച്ചടിക്കാമെന്ന പ്രതീക്ഷയില്‍ ബാറ്റിങ്ങിന് ഇറങ്ങി.

എന്നാല്‍, നാലാം ഓവറില്‍ ഓപണര്‍ കെ.എല്‍. രാഹുലിനെ (7) ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് വിക്കറ്റിന് പിറകിലുണ്ടായിരുന്ന അലക്‌സ് കാരിയുടെ കൈകളിലേക്കയക്കുമ്പോള്‍ സ്‌കോര്‍ ബോര്‍ഡില്‍ 12. ഒന്നാം ഇന്നിങ്‌സിലെ ആദ്യ പന്തില്‍ത്തന്നെ വീണ ഓപണര്‍ യശസ്വി ജയ്‌സ്വാള്‍ 28 റണ്‍സ് സംഭാവന ചെയ്ത് മറ്റൊരു പേസറായ സ്‌കോട്ട് ബോളണ്ടിന് വിക്കറ്റ് സമ്മാനിച്ചു. കാരിക്ക് രണ്ടാം ക്യാച്ച്. 42ല്‍ രണ്ടാം ഓപണറെയും നഷ്ടമായ ഇന്ത്യയെ കരകയറ്റേണ്ട ചുമതല ശുഭ്മന്‍ ഗില്ലിന്റെയും വിരാട് കോഹ്‌ലിയുടെയും ചുമലുകളിലായി.

ഒരിക്കല്‍ക്കൂടി പരാജിതനായ കോഹ്‌ലി (11) കാരിയുടെ ഗ്ലൗസില്‍ത്തന്നെ അവസാനിച്ചു. ബോളണ്ടിനായിരുന്നു വിക്കറ്റ്. 66ല്‍ കോഹ്‌ലിയും കരക്ക് കയറിയതോടെ ഋഷഭ് പന്തെത്തി. മറുതലക്കല്‍ പ്രതീക്ഷ നല്‍കി!യ ഗില്‍ വ്യക്തിഗത സ്‌കോര്‍ 28ല്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ ബൗള്‍ഡായി. നാലിന് 86. ക്യാപ്റ്റന്‍ രോഹിതും പന്തും ചേര്‍ന്ന് സ്‌കോര്‍ 100 കടത്തി. 105ല്‍ എത്തിയപ്പോള്‍ രോഹിത്തിന്റെ (5) കുറ്റി കമ്മിന്‍സ് തെറിപ്പിച്ചു. ഇവിടെ വെച്ചാണ് പന്തും റെഡ്ഡിയും സംഗമിച്ചത്.

ഒന്നാം ഇന്നിങ്‌സില്‍ ഏകദിന ശൈലിയില്‍ ബാറ്റു വീശിയ ട്രാവിസ് ഹെഡ്ഡിന്റെ സെഞ്ച്വറിയാണ് ആതിഥേയര്‍ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 141 പന്തുകള്‍ നേരിട്ട ഹെഡ് 140 റണ്‍സെടുത്തു പുറത്തായി. നാലു സിക്‌സറുകളും 17 ഫോറുകളുമാണു താരം ബൗണ്ടറി കടത്തിയത്. അര്‍ധ സെഞ്ച്വറി നേടിയ മാര്‍നസ് ലബുഷെയ്‌നും (126 പന്തില്‍ 64) ഓസീസിനായി തിളങ്ങി.

നേഥന്‍ മക്‌സ്വീനി (109 പന്തില്‍ 39), മിച്ചല്‍ സ്റ്റാര്‍ക്ക് (15 പന്തില്‍ 18), അലക്‌സ് കാരി (32 പന്തില്‍ 15) എന്നിവരാണ് ഓസീസിന്റെ മറ്റു പ്രധാന സ്‌കോറര്‍മാര്‍. ഇന്ത്യക്കായി നിതീഷ് കുമാര്‍ റെഡ്ഡിക്കും ആര്‍. അശ്വിനും ഓരോ വിക്കറ്റുകള്‍ വീതം നേടി.

Continue Reading

Trending