പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍
രാജ്യത്തിന്റെ ഭരണം ഫാസിസ്റ്റുകളുടെ കൈപ്പിടിയില്‍ ഒതുങ്ങുകയും, ഭൂരിപക്ഷം സംസ്ഥാനങ്ങളിലും ബി.ജെ.പി തങ്ങളുടെ ഭരണം ഉറപ്പിക്കുകയും ചെയ്തിരിക്കുന്നു. ഗുജറാത്ത്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന്‍, മഹാരാഷ്ട്ര, ഹരിയാന, ആസാം, ഛത്തീസ്ഗഡ്, ഉത്തരാഖണ്ഡ്, ഝാര്‍ഖണ്ട്, മണിപ്പൂര്‍, ഗോവ, ഹിമാചല്‍ പ്രദേശ്, അരുണാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ ബി.ജെ.പി ഭരിക്കുന്നു. ജമ്മുകാശ്മീര്‍, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളില്‍ ബി.ജെ.പി ഭരണത്തിലെ സഖ്യ കക്ഷിയാണ്. രാഷ്ട്രീയമായി ഏറ്റവും പരിതാപകരമായ അവസ്ഥയിലാണ് ഇന്ത്യയിലെ മുസ്‌ലിംകള്‍ ഉള്ളതെന്ന് നിരീക്ഷിക്കുന്നവരുണ്ട്. ഈ രാഷ്ട്രീയ സാഹചര്യത്തില്‍ രാജ്യത്തെ മുസ്‌ലിംകള്‍ എങ്ങനെയാണ് ജനാധിപത്യത്തെയും രാഷ്ട്രീയത്തെയും നോക്കി കാണേണ്ടതെന്ന ചോദ്യം പ്രസക്തമാണ്.
ഇന്ത്യന്‍ ജനാധിപത്യത്തെ ഇനിയും പ്രതീക്ഷയോടെ നോക്കി കാണുന്നതില്‍ അര്‍ത്ഥമുണ്ടോ എന്ന നിരാശ കലര്‍ന്ന ചോദ്യം ചിലരെങ്കിലും ചോദിച്ചേക്കാം. തീര്‍ച്ചയായും പ്രതീക്ഷ കൈവിടാതെ തന്നെയാണ് മുസ്‌ലിംകള്‍ ഇന്ത്യയില്‍ ജീവിക്കേണ്ടത്. ഇന്ത്യയില്‍ മുസ്‌ലിം രാഷ്ട്രീയം ശക്തിപ്പെടുന്നത് രാജ്യത്തെ മതേതര രാഷ്ട്രീയ പ്രസ്ഥാനങ്ങളെ ദുര്‍ബലപ്പെടുത്തുന്നതിന് സഹായകരമാകും എന്ന് ആശങ്കപ്പെടുന്നവരുണ്ട്. മുസ്‌ലിം രാഷ്ട്രീയത്തിന്റെ ശാക്തീകരണം ബി.ജെ.പിയെ സഹായിക്കലാകും എന്ന് ഭയക്കുന്നവരുമുണ്ട്. എന്നാല്‍ ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ ശാക്തീകരണം ബി.ജെ.പി പോലെയുള്ള ഹിന്ദുത്വ ഫാസിസ്റ്റ് ശക്തികളുടെ വളര്‍ച്ചക്ക് യാതൊരു തരത്തിലും സഹായകമാകില്ല. എന്ന് മാത്രമല്ല, രാജ്യത്തെ മതേതര രാഷ്ട്രീയത്തിന് അത് ശക്തി പകരുകയും ചെയ്യും.
ഇന്ത്യയില്‍ മുസ്‌ലിം രാഷ്ട്രീയം ഏറ്റവും ശക്തിപ്പെട്ടിട്ടുള്ളത് കേരളത്തിലാണ്. അത് കഴിഞ്ഞാല്‍ തമിഴ്‌നാട്ടിലാണ്. ഇന്ത്യയില്‍ മുസ്‌ലിംകള്‍ രാഷ്ട്രീയമായി അസംഘടിതരായി കഴിയുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് ഗുജറാത്ത്. ജനസംഖ്യയുടെ പത്ത് ശതമാനത്തോളം വരുന്ന ഗുജറാത്തില്‍ മുസ്‌ലിംകളുടെ സാമൂഹ്യ- രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഏറെ ദുര്‍ബലമാണ്. അതിനാല്‍ തന്നെ മുസ്‌ലിംകള്‍ക്ക് രാഷ്ട്രീയത്തില്‍ ഇടപെടുന്നതിന് ഏറെ പിരമിതികള്‍ ഉണ്ട്. 5.86 ശതമാനം മാത്രം മുസ്‌ലിംകളാണ് തമിഴ്‌നാട്ടില്‍ ഉള്ളത്. ത്രിപുരയില്‍ മുസ്‌ലിം ജനസംഖ്യ 8.6 ശതമാനം ആണ്. ജനസംഖ്യാനുപാതികമായി ഗുജറാത്തിനെക്കാള്‍ പിന്നിലാണ് തമിഴ്‌നാട്ടില്‍ മുസ്‌ലിംകള്‍ ഉള്ളത്.
ഗുജറാത്തില്‍ മുസ്‌ലിം ജനസംഖ്യ 9.67 ശതമാനം ആണ്. എന്നാല്‍ തമിഴ്‌നാട്ടില്‍ രാഷ്ട്രീയത്തില്‍ എക്കാലത്തും മുസ്‌ലിംകള്‍ക്ക് പ്രാതിനിധ്യം ലഭിച്ചിട്ടുണ്ട്. മുസ്‌ലിം ലീഗിന് നിലവില്‍ നിയമസഭയിലും പ്രാദേശിക ഭരണത്തിലും പ്രാതിനിധ്യം ഉണ്ട്. ലോക്‌സഭയിലേക്കും മുസ്‌ലിംലീഗ് പ്രതിനിധികള്‍ തമിഴ്‌നാട്ടില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മുസ്‌ലിംകള്‍ ഭൂരിപക്ഷമായ ഒരു ജില്ല പോലും തമിഴ്‌നാട്ടില്‍ ഇല്ല. എന്നിട്ടും തമിഴ്‌നാട്ടില്‍ മുസ്‌ലിം രാഷ്ട്രീയത്തിന് അഭിമാനകരമായ അതിജീവനം സാധ്യമാകുന്നത് സാമൂഹ്യമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും മുസ്‌ലിംകള്‍ മുധ്യധാരയില്‍ നില്‍ക്കുന്നത് കൊണ്ടാണ്. തമിഴ്‌നാട്ടില്‍ മുസ്‌ലിംലീഗ് മുന്നണി രാഷ്ട്രീയത്തിന്റെ ഭാഗമാണ് എന്നതും ഇതോട് ചേര്‍ത്ത് വായിക്കേണ്ടതാണ്. മുസ്‌ലിം ലീഗിന്റെ അധികാര പങ്കാളിത്തം കാരണം ബി.ജെ.പിക്ക് ഏതെങ്കിലും തരത്തിലുള്ള അനുകൂല ഘടകവും തമിഴ്‌നാട് രാഷ്ട്രീയത്തില്‍ രൂപപ്പെട്ടിട്ടില്ല.
2017ലെ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ദലിതരും പട്ടേല്‍ സമുദായവും വലിയ ചര്‍ച്ചയായപ്പോള്‍ മുസ്‌ലിംകള്‍ അസാന്നിധ്യം കൊണ്ടാണ് ശ്രദ്ധിക്കപ്പെട്ടത്. മുസ്‌ലിം സമുദായം പിന്നാക്കം നില്‍ക്കുന്ന ഇടങ്ങളില്‍ രാഷ്ട്രീയ സാക്ഷരതയുടെ കൂടി അഭാവം നിഴലിക്കുന്നുണ്ട്. മുസ്‌ലിം സ്വാധീന പ്രദേശങ്ങളില്‍ പോളിങ് ശതമാനം കുറയുന്നതും മുസ്‌ലിം സ്ത്രീകളുടെ പോളിങ് നിരക്ക് കുറയുന്നതും പലപ്പോഴും തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുന്നുണ്ട്. കൂടുതലായി മുസ്‌ലിംകള്‍ വോട്ട് ചെയ്തിരുന്നെങ്കില്‍ തെരഞ്ഞെടുപ്പ് ഫലം മറ്റ് രീതിയിലാകുമായിരുന്നു എന്ന് നിരീക്ഷിച്ചിട്ട് കാര്യമില്ല. പ്രശ്‌നം രാഷ്ട്രീയ സാക്ഷരതയുടെ അഭാവമാണ്. രാഷ്ട്രീയ സാക്ഷരത മുസ്‌ലിം സമുദായത്തിന് ലഭ്യമായാല്‍ അധികാര പങ്കാളിത്തം വര്‍ധിക്കും. തങ്ങളുടെ കൃത്യമായി സമ്മതിദാനാവകാശ വിനിയോചം കൊണ്ട് ഭാവി രാഷ്ട്രീയം തന്നെ മാറിമറിയുമെന്നിരിക്കെ അതേക്കുറിച്ച് അജ്ഞരായി വോട്ടവകാശം വിനിയോഗിക്കാതിരിക്കുന്ന മുസ്‌ലിംകളുണ്ട്. വിശേഷിച്ച് സ്ത്രീകളുണ്ട്. അവരെ രാഷ്ട്രീയമായി സംഘടിപ്പിക്കുന്നതില്‍ മുന്‍നിര മതേതര രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ വേണ്ടത്ര വിജിയിച്ചിട്ടില്ല.
ഇന്ത്യയിലെ മുസ്‌ലിം രാഷ്ട്രീയത്തില്‍ ഏറ്റവും ശക്തമായി നിലകൊള്ളുന്നത് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗാണ്. ആസാമിലെ എ.ഐ.യു.ഡി.എഫാണ് രാജ്യത്തെ രണ്ടാമത്തെ പ്രബല മുസ്‌ലിം രാഷ്ട്രീയ പാര്‍ട്ടി. ലോക്‌സഭയില്‍ മൂന്ന് അംഗങ്ങളും ആസാം നിയമസഭയില്‍ 13 അംഗങ്ങളും ബദറുദ്ദീന്‍ അജ്മല്‍ നേതൃത്വം നല്‍കുന്ന പാര്‍ട്ടിക്കുണ്ട്. തെലുങ്കാന സംസ്ഥാന നിയമസഭയില്‍ ഏഴ് അംഗങ്ങളും മഹാരാഷ്ട്ര നിയമസഭയില്‍ രണ്ട് അംഗങ്ങളും ഒരു ലോക്‌സഭാ അംഗവുമുള്ള ആള്‍ ഇന്ത്യാ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ ആണ് രാജ്യത്തെ മൂന്നാമത്തെ പ്രബല മുസ്‌ലിം രാഷ്ട്രീയ കക്ഷി. തമിഴ്‌നാട്ടിലെ മനിതനേയ് മക്കള്‍ കക്ഷി നിലവില്‍ നിയമസഭയില്‍ പ്രാതിനിധ്യം ഇല്ലെങ്കിലും ചെറിയ തോതില്‍ ജനകീയ അടിത്തറ ഉള്ള പാര്‍ട്ടിയാണ്. ഉത്തര്‍പ്രദേശില്‍ ആള്‍ ഇന്ത്യാ ഉലമാ കൗണ്‍സില്‍, പീസ് പാര്‍ട്ടി തുടങ്ങിയ ചെറു കക്ഷികള്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നുണ്ടെങ്കിലും മുസ്‌ലിം ബഹുജനങ്ങളെ സംഘടിപ്പിക്കുന്നതിലും രാഷ്ട്രീയ മുന്നേറ്റമായി വളര്‍ത്തുന്നതിലും വലിയ പരാജയമാണ്. മാത്രമല്ല, ഇവയില്‍ പലതിന്റെയും ലക്ഷ്യം മുസ്‌ലിം വോട്ട് ബാങ്കിനെ ഭിന്നിപ്പിക്കുക എന്നതില്‍ കവിഞ്ഞ് യാതൊന്നുമില്ല.
ന്യൂനപക്ഷ രാഷ്ട്രീയത്തില്‍ സ്വീകരിക്കുന്ന പ്രായോഗികതയിലാണ് ഇതര മുസ്‌ലിം രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ നിന്ന് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് വ്യതിരിക്തമാകുന്നത്. മുന്നണി രാഷ്ട്രീയത്തിന്റെ ഭാഗമായി നിലകൊള്ളുന്നു എന്നതാണ് മുസ്‌ലിം ലീഗിന്റെ പ്രത്യേകത. കേരളത്തില്‍ കോണ്‍ഗ്രസുമായും തമിഴ്‌നാട്ടില്‍ ഡി.എം.കെയുമായും ലീഗ് മുന്നണി ബന്ധം നിലനിര്‍ത്തുന്നു.
കൂടുതല്‍ സംസ്ഥാനങ്ങളില്‍ പാര്‍ട്ടിയുടെ വളര്‍ച്ച കൈവരിക്കുന്നതിന് സമാന്തരമായി കൂടുതല്‍ മുന്നണി ബന്ധങ്ങള്‍ വളര്‍ന്നു വരികയും ചെയ്യുമെന്ന് പ്രതീക്ഷിക്കാം. മതേതര രാഷ്ട്രീയ പ്രസ്ഥാനങ്ങളുമായി മുന്നണി ബന്ധം സ്ഥാപിക്കുന്നതിലൂടെ മതേതര വോട്ടുകള്‍ ഭിന്നിച്ച് ഫാസിസ്റ്റുകള്‍ക്ക് അനുഗുണമാകുന്നത് ഒഴിവാക്കുന്നതിനും സാധിക്കുന്നു. ആസാമില്‍ എ.ഐ.യു.ഡി.എഫും തെലുങ്കാനയിലെ മജ്‌ലിസും ബി.ജെ.പിക്ക് എതിരായ മുസ്‌ലിം വോട്ടുകളെ ഭിന്നിപ്പിക്കുന്നു എന്ന ചീത്തപ്പേര് കേള്‍ക്കുന്നത് കോണ്‍ഗ്രസുമായോ, മറ്റ് മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുമായോ സഖ്യത്തില്‍ ഏര്‍പ്പെടുന്നതില്‍ പരാജയപ്പെട്ടത് കൊണ്ട് കൂടിയാണ് എന്ന് കൂട്ടിവായിക്കണം. മികച്ച നയതന്ത്രജ്ഞരായ നേതാക്കള്‍ക്കേ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങള്‍ക്ക് അനുസൃതമായി രാഷ്ട്രീയ സഖ്യങ്ങള്‍ രൂപപ്പെടുത്തി പാര്‍ട്ടി മുന്നോട്ട് കൊണ്ട് പോകാനാകൂ. രാഷ്ട്രീയ സഖ്യങ്ങള്‍ രൂപീകരിക്കുന്നതില്‍ സംഭവിച്ച പരാജയമാണ് മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീനെ തെലുങ്ക് രാഷ്ട്രീയത്തില്‍ പലപ്പോഴും അപ്രസക്തമാക്കിയത്. സ്വന്തം അനുയായികള്‍ക്കിടയില്‍ വിശ്വാസ്യത നിലനിര്‍ത്തുന്നതിന് ഒപ്പം ഇതര രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയിലും തങ്ങളുടെ ഗുഡ്‌വില്‍ നിലനിര്‍ത്തുന്ന നേതൃത്വത്തിനേ സഖ്യങ്ങള്‍ രൂപീകരിക്കാനാകൂ. അതിസമ്പന്നരും കോര്‍പറേറ്റ് മാധ്യമങ്ങളും നിക്ഷിപ്ത താല്‍പര്യക്കാരും വലിയ തോതില്‍ ഇടപെടുന്ന രാഷ്ട്രീയത്തില്‍ ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ വളര്‍ച്ച ഏറെ വെല്ലുവിളികള്‍ നിറഞ്ഞതായിരിക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട.