“പടച്ചോൻ മനുഷ്യന്റെ വിരലുകൾക്കിടയിൽ ഈ വിടവ് ഇട്ടിരിക്കുന്നത് എന്തിനാണ്ന്ന് അറിയ്യോ….. അന്യന്റെ വിരലുകളെ കോർത്തു പിടിക്കാനാണ്”
ഒരുപാട് ആഴമുള്ള ഈ വാചകം ഏതെങ്കിലും എഴുത്തുകാരന്റെയോ പ്രഭാഷകന്റെയോ അല്ല. വർത്തമാനം പറഞ്ഞിരിക്കുന്നതിനിടയിൽ ഒരു സാധാരണക്കാരിയായ ഉമ്മ മകനോട് പറഞ്ഞതാണ്.
ഈ മകൻ; പത്താംക്ലാസ്സ് പരീക്ഷ കഴിഞ്ഞ രാത്രിയിൽ സ്‌കൂളിൽ സംഘടിപ്പിച്ച യാത്രയയപ്പ് പരിപാടിക്ക് വേണ്ടി ലോറിയിൽ കസേരകളും കയറ്റി വരുമ്പോൾ വണ്ടിമറിഞ്ഞുണ്ടായ അപകടത്തിൽ നട്ടെല്ല് തകർന്ന് കഴിഞ്ഞ 13 വർഷമായി കിടപ്പിലായിപ്പോയ ചെറുപ്പക്കാരൻ. എന്നാൽ അനങ്ങാനാവാത്ത ഈ കിടപ്പിലും ഒരുപാട് ജീവകാരുണ്യപ്രവർത്തനങ്ങളും പരിസ്ഥിതി-മനുഷ്യാവകാശ ഇടപെടലുകളും പിന്നെ എഴുത്തും വായനയും സിനിമയും യാത്രകളും സൗഹൃദങ്ങളും ഒക്കെയായി ജീവിതം അതി ഗംഭീരമായി ജീവിക്കുന്ന അപാരമനുഷ്യൻ. അതെ റഈസ് Raees Hidaya തന്നെ. നിങ്ങളിൽ പലർക്കും നേരിട്ടറിട്ടുന്ന, അല്ലെങ്കിൽ മാധ്യമങ്ങളിലൂടെയും അല്ലാതെയും ധാരാളമായി കേട്ട മലപ്പുറം വെളിമുക്ക് സ്വദേശി.
നജീബ് മൂടാടി
റഈസിനെ പരിചയപ്പെടുന്ന ഏതൊരാളുടെയും ഉള്ളിൽ ആദ്യം ഉയരുന്ന ചോദ്യം കഴുത്തിന് താഴെ ഒരു വിരലുപോലും സ്വയം ചലിപ്പിക്കാൻ കഴിയാത്ത
ഇയാൾക്ക് എങ്ങനെയാണ് ഇതൊക്കെ സാധിക്കുന്നത് എന്നായിരിക്കും. പൂർണ്ണ ആരോഗ്യവും ഇഷ്ടംപോലെ സമയവും സമ്പത്തും ഒക്കെയും ഉണ്ടായിട്ടും വെറുതെ ജീവിച്ചു മരിച്ചുപോകുന്ന ലക്ഷക്കണക്കിന് മനുഷ്യർക്ക് മുന്നിലൂടെയാണ് ഇദ്ദേഹമിങ്ങനെ ‘രാജാവിനെ’ പോലെ ജീവിക്കുന്നത്.
കോഴിക്കോട്-തൃശൂർ ബസ് റൂട്ടിൽ വെളിമുക്ക് അങ്ങാടിയിൽ നിന്നും ഇത്തിരി ഉള്ളിലേക്കായി ഹിദായ എന്ന വീട്ടിൽ റഈസിനെ കാണാൻ നിത്യവും ഒരുപാട് പേർ വരാറുണ്ട്. സമൂഹത്തിന്റെ പല തട്ടിലും ഉള്ളവർ. ഒന്ന് നേരിട്ട് കാണാൻ കൗതുകത്തോടെ വരുന്നവരും, സൗഹൃദം പുതുക്കാൻ എത്തുന്നവരും റഈസ് നട്ടെല്ലായ വെളിമുക്ക് പാലിയേറ്റിവിന്റെയും, ഗ്രീൻ പാലിയേറ്റിവിന്റേയും അങ്ങനെ ഒരുപാട് സംഘടനകളുടെ പ്രവർത്തകരും, അതല്ലാതെ വിവിധങ്ങളായ പ്രശ്നങ്ങൾക്ക് പോംവഴി തേടിയെത്തുന്നവരുമടക്കം പകലും രാത്രിയും സന്ദർശകർ ധാരാളം. ഇതിന് പുറമെ ഫോൺ കോളുകളും വാട്സാപ്പും ഫേസ്ബുക്കും ഒക്കെയായി തിരക്കിന്റെ വേറൊരു ലോകവും. ഇതിനിടയിലാണ് കടല് കാണാനോ ഗസല് കേൾക്കാനോ കേൾക്കാൻ ആഗ്രഹിച്ച ഒരു പ്രഭാഷകനെ ശ്രവിക്കാനോ ഏതെങ്കിലും പരിപാടിയിൽ സംസാരിക്കാനോ ഒക്കെയുള്ള യാത്രകൾ…..
എങ്ങനെയാണ് അനങ്ങാൻ പോലുമാകാതെ കിടപ്പിലായ ഒരാൾക്ക് ഇതൊക്കെ സാധിക്കുന്നത് എന്നതിനുത്തരം റഈസിന്റെ മാതാപിതാക്കളും കൂടപ്പിറപ്പുകളും ആണെങ്കിൽ; റഈസ് ഇങ്ങനെ ആയിത്തീരാനുള്ള പ്രചോദനം ആര് എന്നു ചോദിച്ചാൽ റഈസിന്റെ ശൈലിയിൽ ഉമ്മ എന്ന ‘അസാധ്യമനുഷ്യത്തി’യിൽ ആണ് നാമെത്തുക.
പടച്ചോനെയും പടപ്പിനെയും ചുറ്റുമുള്ള ദുനിയാവിനെയും ഉള്ളിലേക്ക് നിറഞ്ഞ വെളിച്ചത്തോടെ കൈപിടിച്ചു കാണിച്ചുതന്ന വല്യുപ്പ പച്ചായി ഉമ്മർ എന്ന വലിയ മനുഷ്യൻ തന്നിലുണ്ടാക്കിയ സ്വാധീനത്തെ കുറിച്ച് റഈസ് പറഞ്ഞിട്ടുണ്ട്. പലപ്പോഴും നാട്ടുകാരുടെ ആവലാതികളും സങ്കടങ്ങളും തീർക്കുന്ന കോടതിയായി മാറുന്ന ആ വീട്ടുമുറ്റത്തെത്തുന്ന ആളുകളാണ് മകൾ ഫാത്തിമയുടെ കുഞ്ഞുന്നാൾ മുതലുള്ള കാഴ്ച. ഏട്ടിൽ പഠിച്ചതും കേട്ടറിഞ്ഞതും മാത്രമല്ല മനുഷ്യനെ അറിയാനുള്ള ഉരകല്ല് എന്ന് അനുഭവജ്ഞാനത്തിന്റെ തഴമ്പോടെ നാട്ടുകാരുടെ പ്രശ്നങ്ങളിൽ ഇടപെട്ടു തീർപ്പുകല്പിക്കുന്ന ബാപ്പ തന്നെയാണ് ജീവിതം എന്തിനെന്ന് പഠിപ്പിച്ച ആദ്യഗുരു. പത്രങ്ങളും പ്രസിദ്ധീകരണങ്ങളും പുസ്തകങ്ങളും
ചിന്തകളെയും കാഴ്ചപ്പാടുകളെയും വിശാലമാക്കി. പത്താംക്ലാസിൽ പഠിക്കുമ്പോൾ വിവാഹം കഴിഞ്ഞെങ്കിലും വായന മുടങ്ങിയില്ല. മക്കൾ സ്‌കൂൾ ലൈബ്രറിയിൽ നിന്ന് കൊണ്ടുവരുന്ന പുസ്തകങ്ങളുടെ പോലും ആദ്യവായനക്കാരിയായ ഉമ്മ!
ഭർത്താവ് ഗൾഫ് പ്രവാസി ആയതുകൊണ്ട് തന്നെ ഒരേസമയം മാതാവിന്റെയും പിതാവിന്റെയും ചുമതല പേറേണ്ടി വന്ന കുടുംബിനിയുടെ അനുഭവലോകം നൽകുന്ന അറിവും ഒട്ടും ചെറുതല്ലല്ലോ.
പതിനെട്ടാം പിറന്നാളിന്റെ അന്നാണ് മൂത്തമകനായ റഈസിന്
അപകടം സംഭവിക്കുന്നതും നട്ടെല്ല് തകർന്ന് കിടപ്പിലാവുന്നതും. ഒരു നിമിഷം അടങ്ങി വീട്ടിൽ ഇരിക്കാത്ത യൗവ്വനത്തിന്റെ സകല പ്രസരിപ്പുമായി പറന്നു നടന്ന മകന് ശരീരത്തിന്റെ ചലനശേഷി എന്നന്നേക്കുമായി നഷ്ടപ്പെട്ടുള്ള കിടപ്പാണ് ഇത് എന്ന യാഥാർഥ്യത്തിന് മുമ്പിൽ പകച്ചു പോയെങ്കിലും ജീവിതത്തിലെ കഠിനമായ ആദ്യാനുഭവം അല്ലായിരുന്നു ആ ഉമ്മക്കിത്.
അതിനും കുറെ വർഷങ്ങൾക്ക് മുമ്പാണ്; കറന്റില്ലാത്ത ഒരു രാത്രിയിൽ, എൽ പി സ്‌കൂളിൽ പഠിക്കുന്ന റഈസിന് കസേരക്കയ്യിൽ മണ്ണെണ്ണ വിളക്ക് കത്തിച്ചുവെച്ച് പാഠം പറഞ്ഞു കൊടുക്കുന്നതിനിടയിൽ കൊച്ചുകുട്ടിയായ ഫർസാന കസേരയിൽ ഏന്തിപ്പിടിച്ചതും മണ്ണെണ്ണവിളക്ക് കുഞ്ഞിന്റെ മേലേക്ക് വീണതും!. വീഴ്ചയിൽ മേലാകെ മറിഞ്ഞ മണ്ണെണ്ണയിലേക്ക് തീയാളിപ്പടർന്ന് ഒരു മെഴുകുപാവപോലെ കത്തിയുരുകിയ കുഞ്ഞിനെയും വാരിയെടുത്ത് ആശുപത്രിയിലേക്ക് ഓടുമ്പോൾ ജീവൻ തിരിച്ചുകിട്ടണേ എന്നൊരു പ്രാർത്ഥന മാത്രമേ ഉണ്ടായിരുന്നുള്ളൂ.
മരുന്നുകളും പ്ലാസ്റ്റിക്സർജറികളും ഒക്കെയായി വർഷങ്ങളോളം നീണ്ട ചികിത്സകൾ. ഡോക്ടർമാർക്ക് പോലും പ്രതീക്ഷ ഉണ്ടായിരുന്നില്ല.
“ഇങ്ങനെ ചികിത്സയൊക്കെ ചെയ്ത് തിരിച്ചു കിട്ടിയിട്ടെന്തിനാണ്… ഓളൊരു പെൺകുട്ടിയല്ലേ” എന്ന് സഹതപിച്ച ബന്ധുക്കൾ പോലും ഉണ്ട്. എന്നിട്ടും പ്രാർത്ഥനപോലെ കൂടെ നിന്നു. തീ തിന്നുപോയ ഒരു ശരീരത്തെ സ്നേഹവും പരിചരണവും കൊണ്ട് ഊതിയുണക്കി ജീവിതത്തിലേക്ക് കൈപിടിച്ചു കൊണ്ടുവന്നു.
ജീവിതമെന്ന നിസ്സാരതയെ പഠിക്കാൻ ഏറ്റവും വലിയ പഠശാലയാണ് ആശുപത്രികൾ. പ്രത്യേകിച്ചും മെഡിക്കൽ കോളേജിലെ പൊള്ളലേറ്റവർക്കായുള്ള വാർഡ്. എത്ര സുന്ദരമായി അഴകോടെ അണിഞ്ഞൊരുങ്ങി നടന്ന ശരീരങ്ങളാണ് തീനാളങ്ങൾ നാക്കിത്തുടച്ച് വികൃതമായി വേദന കൊണ്ട് വാവിട്ടു നിലവിളിച്ചു കട്ടിലുകളിൽ മരണത്തിനായി പ്രാർത്ഥിച്ചു കിടക്കുന്നത്. അബദ്ധത്തിൽ പൊള്ളലേറ്റവർ, ജീവിതം അവസാനിപ്പിക്കാൻ സ്വയം തീക്കൊളുത്തിയവർ, മണ്ണെണ്ണ ഒഴിച്ചോ സ്റ്റൗ പൊട്ടിതെറിച്ചോ ഇല്ലാതാക്കാൻ നോക്കിയിട്ടും പാതി വെന്തു ബാക്കിയായവർ. അങ്ങനെ അപകടം അട്ടിമറിച്ചുകളഞ്ഞ ഒരുപാട് ജീവിതങ്ങളെയും അവരുടെ ഉറ്റവരെയും ആശുപത്രികളിൽ കണ്ടും കേട്ടും ഉള്ള അനുഭവം കൊണ്ടാവാം റഈസിന്റെ
അപകടവാർത്ത കേട്ടപ്പോഴും ഉമ്മയെ
വീഴാതെ പിടിച്ചു നിർത്തിയത്. 14 ദിവസം അബോധാവസ്ഥയിൽ ICU വിൽ കിടന്നപ്പോൾ ഇനി ഇങ്ങോട്ടില്ലെന്ന് എല്ലാവരും അടക്കം പറഞ്ഞപ്പോഴും ജീവനോടെ തിരിച്ചു കിട്ടുമെന്ന് പ്രതീക്ഷയോടെ ഉറച്ചു പറഞ്ഞതും കാത്തിരുന്നതും ഉമ്മ മാത്രമാണ്.
അനക്കമില്ലാത്ത ശരീരമായി ആശുപത്രിയിൽ നിന്ന് തിരിച്ചു വന്ന് ആരെയും കാണാൻ പോലും കൂട്ടാക്കാതെ ജീവിതവും ലോകവും മടുത്തു കിടന്ന മോനെ നോക്കി കരയാനോ സങ്കടപ്പെടാനോ അല്ല, ക്ഷമയുടെയും ധൈര്യത്തിന്റെയും പ്രതീക്ഷയുടെയും പ്രത്യാശയുടെയും പാഠങ്ങൾ പകർന്നു നൽകാനാണ് ഉമ്മ ശ്രമിച്ചത്.
“അന്ന് ഉമ്മ ഇരുന്ന് ഇങ്ങനെയൊക്കെ പറയുമ്പോൾ, ഉമ്മാക്ക് പറഞ്ഞാൽ മതിയല്ലോ അനുഭവിക്കുന്നത് ഞാനല്ലേ എന്ന നിസ്സംഗതയോ പരിഹാസമോ ഒക്കെയായിരുന്നു എന്റെ ഉള്ളിൽ…പിന്നീട് കുറേക്കാലം കഴിഞ്ഞാണ് ഞാൻ തിരിച്ചറിയുന്നത്…എന്നെ ഇന്നത്തെ ഞാനാക്കിയതൊക്കെയും ഉമ്മാന്റെ
അന്നത്തെ വാക്കുകൾ ആയിരുന്നു എന്ന്” റഈസ് ഓർക്കുന്നു.
അപകടത്തെ തുടർന്ന് റഈസിന് സംസാരശേഷി പൂർണ്ണമായും
നഷ്ടപ്പെട്ടിരുന്നു. ശബ്ദം പോലും പുറത്തുവരാത്ത ആ ഒരു വർഷത്തോളം ചുണ്ടനക്കം നോക്കി എന്താണ് പറയാൻ ഉദ്ദേശിക്കുന്നത് എന്ന് കൃത്യമായി മനസ്സിലാക്കുകയും കാര്യങ്ങൾ ചെയ്തു കൊടുക്കുകയും ചെയ്തത് ഉമ്മയാണ്.
സ്വയം ഒന്ന് അനങ്ങാൻ പോലും കഴിയാതെ ഇനിയെന്തിന് ജീവിക്കുന്നു എന്ന മടുപ്പിലും വേദനയിലും സ്വയം ഉരുകുന്ന കാലത്താണ് റഈസ് ഫിസിയോതെറാപ്പിക്ക് വേണ്ടി കുറച്ചു ദിവസം കോഴിക്കോട് മെഡിക്കൽ കോളേജിൽ കിടക്കേണ്ടി വരുന്നത്. വീട്ടിലായാലും ആശുപത്രിയിൽ ആയാലും തനിക്ക് ചുറ്റും സ്നേഹപരിചരണവും സാന്ത്വനവുമായി എപ്പോഴും ഉപ്പയും ഉമ്മയും കൂടപ്പിറപ്പുകളും, സന്ദർശകരായി നിത്യവും ബന്ധുക്കളും ഉണ്ടെങ്കിൽ, ഒരു മനുഷ്യൻ കിടപ്പിലാകുന്നതോടെ സകലരും അവഗണിക്കുകയും ഉപേക്ഷിച്ചുകളയുകയും ചെയ്യുന്ന ഭീകരമായ ഒരു അവസ്‌ഥ കൂടിയുണ്ടെന്ന് തിരിച്ചറിയുന്നത് മെഡിക്കൽ കോളേജിലെ ഫിസിയോതെറാപ്പി വാർഡിൽ വെച്ചാണ്.
തൊട്ടടുത്ത ബെഡ്‌ഡിൽ കിടക്കുന്ന ചെറുപ്പക്കാരനോടൊപ്പം നിന്ന പ്രായം ചെന്ന അമ്മ കരഞ്ഞത് നിത്യവും ആശുപത്രിയിൽ നിന്ന് നൽകുന്ന മുട്ട മകന് പുഴുങ്ങിക്കൊടുക്കാനുള്ള ഒരു ഉറുപ്പിക പോലും കൈയിൽ ഇല്ലാത്തത് കൊണ്ടായിരുന്നു. വീഴ്ചയിൽ നട്ടെല്ല് തകർന്നതോടെ ഭാര്യ ഉപേക്ഷിച്ചു പോയ അയാൾക്ക് കൂട്ട് ആ അമ്മ മാത്രം. ഇങ്ങനെ, കിടപ്പിലായിപ്പോകുന്നതോടെ
ആർക്കും വേണ്ടാതായിപ്പോയ ഒരുപാട് മനുഷ്യർ ഏതൊക്കെയോ വീടകങ്ങളിലോ ആശുപത്രികളിലോ നിരത്തോരത്തോ മരണം മോഹിച്ചു കിടക്കുന്നുണ്ടാകും എന്ന നടുക്കുന്ന തിരിച്ചറിവാണ് അങ്ങനെയുള്ളവർക്കായി എന്തെങ്കിലും ചെയ്യണം എന്ന ആഗ്രഹം ഉണ്ടാക്കിയത്. ആദ്യം ഇതു പങ്കുവെച്ചത് ഉമ്മയോടും.
വെളിമുക്ക് പാലിയേറ്റിവ് എന്ന കിടപ്പുരോഗികൾക്ക് സാന്ത്വനമായ സ്ഥാപനം മുതൽ ഗ്രീൻ പാലിയേറ്റിവ് എന്ന പരിസ്ഥിതി- മനുഷ്യാവകാശ സംഘടന വരെയുള്ള വിവിധങ്ങളായ പ്രവർത്തനങ്ങളിലൂടെയും, വ്യക്തിപരമായി അതിലേറെ മനുഷ്യരുമായി ഇടപെട്ടും, റഈസിന്റെ ജീവിതം സാർഥകമായി മാറിയത് ഇങ്ങനെയാണ്.
തന്നെക്കൊള്ളെ മാത്രം ചിന്തുന്ന; കൂടപ്പിറപ്പിനെ പോലും തിരിഞ്ഞു നോക്കാതെ അവനവനുവേണ്ടി മാത്രം ജീവിക്കുന്ന മനുഷ്യർ പെരുകി വരുന്ന ഇക്കാലത്ത് രക്തബന്ധത്തിന്റെ ഏറ്റവും ഹൃദ്യമായ ഇഴയടുപ്പം കൊണ്ട് മനോഹരമാണ് റഈസിന്റെ ‘ഹിദായ’ എന്ന വീട്. ഉപ്പയും ഉമ്മയും കൂടപ്പിറപ്പുകളും ഈ ഒരു മനുഷ്യനിലേക്ക് സ്നേഹനിറവായി പെയ്തിറങ്ങുകയാണ്.
കുറെ വർഷങ്ങൾ ഗൾഫ് പ്രവാസിയായും, ഇപ്പോൾ തിരുപ്പൂരിൽ ചായക്കട നടത്തിയും വീട് പോറ്റുന്ന ബാപ്പ അബ്ദുറഹ്മാൻ എന്ന കുടുംബസ്നേഹിയെ
കണ്ടു വളർന്ന മക്കളോട് സ്നേഹിക്കാനും ചേർന്നു നിൽക്കാനും പ്രത്യേകം പഠിപ്പിക്കേണ്ടതില്ലല്ലോ. റഈസിന്റെ കയ്യും മെയ്യുമായി അവർ കൂടെയുണ്ട്. ഇത്തിരി നിറം കുറഞ്ഞാൽ പോലും പെണ്ണിന് വരനെ കിട്ടാൻ പാടായ ഇക്കാലത്ത് കുഞ്ഞുന്നാളിൽ തീ വിഴുങ്ങിയ പെങ്ങളെ നിറഞ്ഞ മനസ്സോടെ സ്വീകരിക്കാൻ മുന്നോട്ടു വന്ന റഈസിന്റെ സുഹൃത്തായിരുന്ന ഷുക്കൂറും മറ്റൊരു പെങ്ങളായ ഫൗസിയയുടെ ഭർത്താവ് ഫറൂഖും ഈ സ്നേഹക്കൂട്ടിലെ ഇഷ്ടങ്ങളോട് ചേർന്നു നിൽക്കുന്നു.
‘ഹിദായ’യിലേക്ക് കടന്നു ചെല്ലുമ്പോൾ കുളിച്ചു കുട്ടപ്പനായി അത്തറ് മണത്തോടെ റഈസ് കിടക്കുന്നത് കാണുന്ന ഒരാൾക്കും ഇത് കിടപ്പിലായ ഒരാളാണ് എന്നു തോന്നുകയില്ല. അത്രയും വെടിപ്പിലാണ് ഈ മുറിയും ആളും. സന്ദർശകർ ഇല്ലാത്ത സമയങ്ങളിൽ ‘കാക്കു’വിന്റെ മേല് കയറി മറിഞ്ഞു കളിക്കാൻ മരുമക്കൾ ഉണ്ടാകും.
“കമ്പ്യൂട്ടറും മൊബൈലുമൊക്കെ എനിക്ക് തന്നെ കൈകാര്യം ചെയ്യാൻ പറ്റുന്ന സംവിധാനങ്ങൾ ഇപ്പോൾ ഇല്ലാതെയല്ല. പക്ഷെ ‘ഉമ്മാ’ എന്നൊന്ന് വിളിച്ചാൽ കിട്ടുന്ന ഒരു കംഫർട്ട് എനിക്ക് കിട്ടുംന്ന് തോന്നുന്നില്ല”
ശരിയാണ് വിളിച്ചാൽ വിളിപ്പുറത്തുള്ള ഈ ഉമ്മ റഈസിന്റെ മനസ്സറിഞ്ഞ് എല്ലാം ചെയ്തു കൊടുക്കുക മാത്രമല്ല, ഏതു കുഴഞ്ഞ പ്രശ്നങ്ങളിലും അഭിപ്രായം പറയാനും തീരുമാനമെടുക്കാനും കൂടെയുണ്ടാവാറുണ്ട്.
ഏതാനും വർഷങ്ങൾക്ക് മുമ്പ് ദൂരദർശനുവേണ്ടി റഈസിനെ കുറിച്ച് ഒരു ഡോക്യുമെന്ററി ചെയ്തപ്പോൾ പരിചയപ്പെട്ട കുമാരേട്ടൻ പറഞ്ഞൊരു അനുഭവമുണ്ട്. തെങ്ങിൽ നിന്ന് വീണ് കിടപ്പിലായ കുമാരേട്ടൻ
മെഡിക്കൽ കോളേജിൽ റഈസിന്റെ
വാർഡിൽ അടുത്ത കട്ടിലിലാണ്. നിത്യവും പലവട്ടം കട്ടൻചായ കുടിച്ചു ശീലമുള്ള കുമാരേട്ടന് ചൂടുവെള്ളം കിട്ടാൻ പോലും വഴിയില്ലാതെ എടങ്ങേറായി ഇരിക്കുമ്പോൾ റഈസിന്റെ ആവശ്യത്തിന് കൊണ്ടുവന്ന ഫ്ലാസ്ക് ഉപകരിച്ചത് കുമാരേട്ടനാണ്. എന്ന് മാത്രമല്ല, ആശുപത്രിയിൽ നിന്ന് തിരികെ പോകുമ്പോൾ ആ ഫ്ലാസ്ക് കുമാരേട്ടന് സമ്മാനിച്ചാണ് ഉമ്മ മടങ്ങിയത്. അന്ന് മുതലുള്ള ആ ബന്ധവും സൗഹൃദസന്ദർശനവും രണ്ട് കുടുംബാംഗങ്ങൾക്കിടയിലും ഇന്നും തുടരുന്നു.
കഴിഞ്ഞ മഴക്കാലത്ത് വയനാട്ടിൽ, പ്ലാസ്റ്റിക് ഷീറ്റു കൊണ്ടുണ്ടാക്കിയ പൊളിഞ്ഞുവീഴാറായ കൂരയിൽ താമസിക്കുന്ന ചെറുതായി മാനസികാസ്വാസ്ഥ്യമുള്ള വയോധികയെ മാറ്റിപ്പാർപ്പിക്കാനുള്ള വഴി ആലോചിക്കവേ “നമുക്കിങ്ങോട്ട് നമ്മളെ വീട്ടിലേക്ക് കൊണ്ടുവരാം” എന്ന് രണ്ടാമതൊന്നാലോചിക്കാതെ ഉമ്മാക്ക് പറയാൻ സാധിച്ചതും സഹജീവിസ്നേഹമെന്ന ബാധ്യതയെ കുറിച്ചുള്ള തിരിച്ചറിവ് കൊണ്ടു തന്നെ.
മക്കളോടുള്ള സ്നേഹവും കരുതലും സർവ്വ ജീവജാലങ്ങളിലും മാതൃഭാവമായി അന്തർലീനമെങ്കിലും ഭൂമിയുടെ തന്നെ ഉടമയായി മാറിയ മനുഷ്യന്
മാത്രമുള്ള ചില ഉത്തരവാദിത്തങ്ങളുണ്ട്. സഹജീവികളോടും പ്രകൃതിയോടും സകല പ്രാണികളോടും ഉള്ള സ്നേഹവും കാരുണ്യവും ധർമ്മവുമെന്തെന്ന് പകർന്നു നൽകി മനുഷ്യനെ മനുഷ്യനാക്കി വാർത്തെടുക്കുക എന്ന ദൗത്യം. ലോകം വെട്ടിപ്പിടിക്കാനുള്ള മത്സരയോട്ടത്തിലേക്ക് മക്കളെ തള്ളിവിടാനുള്ള തിടുക്കത്തിൽ ബഹുഭൂരിപക്ഷം മാതാപിതാക്കളും അതൊക്കെ മറന്നു പോയതിന്റെ ദുരന്തം കൂടിയാണല്ലോ ഇന്ന് ലോകം അനുഭവിക്കുന്നത്.
ഇവിടെയാണ് കൈവിരലുകൾക്കിടയിലെ വിടവുകൾ പോലും ആലംബമറ്റവനെ ചേർത്തു പിടിക്കാൻ വേണ്ടിയാണ് എന്നൊരുമ്മ മകനോട് പറഞ്ഞു കൊടുക്കുന്നത്. ആ വെളിച്ചത്തിൽ മക്കളെ നടത്തുന്നത്. ഒരുപാട് മനുഷ്യർക്ക് മേൽ അതൊക്കെയും നന്മയായി പെയ്യുന്നത്.
ഒരു കുഞ്ഞിനെപ്പോലെ മകനെ പരിചരിച്ചു കൊണ്ട്, എല്ലാറ്റിനും കരുത്തായി ഒപ്പം നിന്നുകൊണ്ട്, നിത്യവും എത്തുന്ന ഒരുപാട് സന്ദർശകർക്ക് നിറഞ്ഞ സന്തോഷത്തോടെ വെച്ചു വിളമ്പിക്കൊണ്ട്. ഇങ്ങനെ ഒരു സ്ത്രീ നമ്മുടെ ഇടയിലുണ്ട്. എവിടെയും അടയാളപ്പെടുത്തപ്പെടാതെ പോകുന്ന ഇങ്ങനെയുള്ള മാതൃകാ ജീവിതങ്ങളെ കൂടി ഓർക്കാനുള്ളതാകണമല്ലോ വനിതാദിനം.
പരസ്പരം പോരാടിച്ചും ചോരപ്പുഴ ഒഴുക്കിയും സ്വാർത്ഥത കൊണ്ട് അപരനെ തിരിഞ്ഞു നോക്കാതെയും പിറന്ന മണ്ണിൽ നിന്ന് പലായനം ചെയ്യിച്ചും വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും കരിമ്പുകയിൽ ലോകം ഇരുണ്ടുകെട്ടുപോകുമ്പോൾ നന്മയുടെ തിരിവെട്ടമായി മണ്ണിനും മനുഷ്യർക്കും വേണ്ടിയുള്ള സമരമുഖങ്ങളിൽ പോലും ഇപ്പോൾ ജ്വലിച്ചു നിൽക്കുന്നത് ഏറെയും പെൺമുഖങ്ങളാണ്. നോവും വേവും തിരിച്ചറിയാനും സാന്ത്വനമായി പൊതിഞ്ഞു നിൽക്കാനും പെണ്ണിനോളം കെല്പുള്ളവർ ആരാണ്?.
റഈസിന്റെ ഉമ്മയെപ്പോലെ നന്മയുടെ വെളിച്ചമാവാൻ കഴിയുന്ന വനിതകളിൽ തന്നെയാണ് ലോകത്തിന്റെ പ്രതീക്ഷ.
അപ്പോഴാണ് സ്വർഗ്ഗം പോലും മാതാവിന്റെ കാലടിക്ക് കീഴിലായിപ്പോകുന്നതും, മാതൃത്വവും സ്ത്രീത്വവും അതിലേറെ ഔന്നത്യം നേടുന്നതും.