തിരുവനന്തപുരം: കേരളം നേരിടുന്ന അടിസ്ഥാന പ്രശ്നങ്ങള്‍ക്കുള്ള ഒരു നിര്‍ദ്ദേശവും ഉള്‍പ്പെടുത്താത്തതാണ് തോമസ് ഐസക് അവതരിപ്പിച്ച ബജറ്റെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. ഭാവനയിലുള്ള, യാഥാര്‍ഥ്യ ബോധമില്ലാത്ത ബജറ്റാണ് ധനകാര്യമന്ത്രി അവതരിപ്പിച്ചതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സംസ്ഥാനം നേരിടുന്ന ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി ബജറ്റില്‍ നിഴലിക്കുന്നില്ല. ഇന്ന് നിലനില്‍ക്കുന്ന സാമ്പത്തിക സാഹചര്യങ്ങളെ ബജറ്റ് പ്രതിനിധാനം ചെയ്യുന്നില്ല. തീര്‍ത്തും നിരാശജനകമായ ബജറ്റ് ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്നത് മാത്രമാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.
ധനമന്ത്രി ബജറ്റിന്റെ പവിത്രത നഷ്ടപ്പെടുത്തി. കിഫ്ബിയെ ആശ്രയിച്ചുകൊണ്ടുള്ള ബജറ്റാണിത്. വികസനം ബജറ്റിന് പുറത്താണ്. കിഫ്ബി വഴിയുള്ള ചെലവുകള്‍ക്ക് നിയമസഭയോട് ഉത്തരവാദിത്തമില്ല. അതിനാല്‍ തന്നെ കിഫ്ബിക്ക് ബജറ്റുമായി ബന്ധമില്ല. കിഫ്ബിക്കായി 4000 കോടി മാത്രം കൈയ്യില്‍ വച്ച് 50,000 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കുകയാണ്.
സംസ്ഥാനത്ത് നിയമന നിരോധനം ബജറ്റിലൂടെ ഔദ്യോഗികമായി പ്രഖ്യാപിച്ച ധനമന്ത്രിയായി ഐസക് മാറി. വിലക്കയറ്റം തടയാനുള്ള ഫലപ്രദമായ ഒരു നടപടിയുമില്ല. പെട്രോള്‍, ഡീസല്‍ അധികവരുമാനം വേണ്ടെന്നും വെച്ചിട്ടില്ല. കഴിഞ്ഞ തവണ തീരദേശത്തിന് അനുവദിച്ച 150 കോടി രൂപ ചിലവഴിക്കാത്തവരാണ് ഇത്തവണ 2000 കോടിയുടെ പാക്കേജ് തീരദേശ വികസനത്തിന് അനുവദിച്ചിട്ടുള്ളത്. അനാവശ്യ ധൂര്‍ത്ത് കൊണ്ട് പാപ്പരായ സര്‍ക്കാരിന്റെ ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത്. നിലവില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഭാഗഉടമ്പടി, ധനനിശ്ചയം എന്നിവയടക്കമുള്ളവക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന തുക കൂടുതലാണ്. ഭൂമിയുടെ ന്യായവില വര്‍ധിപ്പിച്ചതോടെ രജിസ്ട്രേഷന് ഫീ വര്‍ധിക്കുന്ന അവസ്ഥയാണുള്ളത്.
പഞ്ചായത്ത് ഫണ്ടുകള്‍ കുറയുകയാണ്. മാന്ദ്യ വിരുദ്ധ പാക്കേജിനെ കുറിച്ച് ബജറ്റില്‍ ഒന്നും പറഞ്ഞിട്ടില്ല. പരമ്പരാഗത വ്യവസായത്തെക്കുറിച്ച് കഴിഞ്ഞതവണ പറഞ്ഞത് ആവര്‍ത്തിക്കുക മാത്രമാണ് ചെയ്തത്. 950 കോടി രൂപയുടെ നികുതി ബാധ്യതകള്‍ തന്ത്രപരമായും നിര്‍ദാക്ഷിണ്യമായും ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയാണ്.
സാധാരണക്കാരും പാവപ്പെട്ടവരുമായ ബഹുഭൂരിപക്ഷം ജനങ്ങളെ ദോഷകരമായി ബാധിക്കുന്ന നികുതി ബാധ്യതകളാണിത്. ഭൂനികുതി വര്‍ധിപ്പിക്കുക വഴി 100 കോടിയുടെ അധികവരുമാനം സര്‍ക്കാര്‍ ലക്ഷ്യമിടുമ്പോള്‍ അധിക ബാധ്യത താങ്ങേണ്ടിവരുന്നത് സാധാരണക്കാരായ മനുഷ്യരാണ്. ജനങ്ങളുടെ കണ്ണില്‍ മണ്ണിടുന്ന പവിത്രതയില്ലാത്ത ബജറ്റാണിത്. ഒരു നോവല്‍ വായിക്കുന്ന പ്രതീതി മാത്രമായിരുന്നു ബജറ്റ് കേട്ടപ്പോഴുണ്ടായത്. കഴിഞ്ഞ ബജറ്റില്‍ പറഞ്ഞ 75 ശതമാനം കാര്യങ്ങളാണ് ഇപ്പോഴെത്തെ ബജറ്റിലുള്ളതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
ബിവറേജസ് ഔട്ട്ലെറ്റുകളിലൂടെ വിദേശനിര്‍മിത മദ്യം ഒഴുക്കാന്‍ സര്‍ക്കാര്‍
മദ്യനിരോധനത്തെ എതിര്‍ത്ത് മദ്യവര്‍ജനം നടപ്പാക്കുന്ന എല്‍.ഡി.എഫ് സര്‍ക്കാറിന്റെ മൂന്നാം ബജറ്റില്‍ കേരളത്തില്‍ വിദേശമദ്യം ഒഴുകും. ബിവറേജസ് ഔട്ട്ലെറ്റുകളിലൂടെ ഇനി വിദേശമദ്യം വില്‍ക്കുമെന്ന് ധനമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചു. അബ്കാരി നിയമപ്രകാരം സംസ്ഥാനത്ത് ഇന്ത്യന്‍ നിര്‍മ്മിത മദ്യവും വിദേശ നിര്‍മ്മിത മദ്യവും വില്ക്കാന് അധികാരമുള്ള സ്ഥാപനം ബിവറേജസ് കോര്പ്പറേഷന് ആണ്. എന്നാല്‍ ഇതുവരെ കോര്പ്പറേഷന് വിദേശമദ്യം വിറ്റിട്ടില്ല. ഇത് മുതലെടുത്ത് സമാന്തരമദ്യകച്ചവടത്തിലൂടെ വിദേശമദ്യവില്പന സജീവമാണെന്നും ഇത് സര്‍ക്കാരിന് നികുതി നഷ്ടം വരുത്തുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് ബിവറേജസ് കോര്പ്പറേഷന് വിദേശമദ്യവില്‍പനയിലേക്ക് കടക്കുകയാണെന്ന് ധനമന്ത്രി പ്രഖ്യാപിച്ചത്.
വിദേശമദ്യത്തിനും വൈനിനും നിലവിലുള്ള 150 ശതമാനം ഇറക്കുമതി നികുതി 78 ശതമാനമായി കുറച്ചു. ഇതിലൂടെ വില ഗണ്യമായി കുറയും. ബിവറേജസ് കോര്‍പ്പറേഷന്റെ ശുപാര്‍ശ കണക്കിലെടുത്താണ് തീരുമാനം. അതേസമയം ഭാവിയില്‍ വിദേശമദ്യത്തിന്റെ വരവ് ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യത്തിന് ഭീഷണിയാവാതിരിക്കാന്‍ വിദേശനിര്‍മ്മിത വിദേശമദ്യത്തിന്റെ അടിസ്ഥാന വില കെയ്സിന് ആറായിരം രൂപയായും വൈനിന് മൂവായിരം രൂപയായും നിശ്ചയിച്ചു. മദ്യവില്പനയിലൂടെ 60 കോടിയുടെ അധികവരുമാനമാണ് സംസ്ഥാന സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. മദ്യവില്പനയ്ക്ക് ഏര്‍പ്പെടുത്തിയിരുന്ന നികുതികളും സെസും ഏകീകരിക്കുന്നതായി ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ചു. നിലവില്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യത്തിനും ബീറുകള്‍ക്കും വില്പനികുതി സര്‍ചാര്‍ജ്,സാമൂഹിക സുരക്ഷാ സെസ്, മെഡിക്കല്‍ സെസ് സര്‍ചാര്‍ജ്, പുനരധിവാസ സെസ്, ടേണ്‍ ഓവര്‍ ടാക്സ് എന്നിവ ബാധകമാണ്. ഇതില്‍ വില്പനികുതി സര്‍ചാര്‍ജ്, സാമൂഹിക സുരക്ഷാ സെസ്, മെഡിക്കല്‍ സെസ് സര്‍ചാര്‍ജ്, പുനരധിവാസ സെസ് എന്നിവ എടുത്തു കളയുമെന്നും തത്തുല്യമായി വില്പനനികുതി നിരക്ക് ഉയര്‍ത്തുമെന്നും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
400 രൂപ വരെ വിലയുള്ള വിദേശമദ്യത്തിന്റെ നികുതി 200 ശതമാനമായും 200 രൂപയ്ക്ക് മുകളില്‍ വരുന്ന മദ്യത്തിന് 210 ശതമാനമായും പരിഷ്കരിച്ചു. ബീറിന്റെ നികുതി 100 ശതമാനമായി പരിഷ്കരിച്ചു. എന്നാല്‍ നികുതി വര്‍ധിപ്പിക്കുകയും സെസ് എടുത്തുകളയുകയും ചെയ്ത സാഹചര്യത്തില്‍ നിലവിലുള്ളതില്‍ നിന്നും നാമമാത്രമായ വര്‍ധന മാത്രമേ മദ്യത്തിന് ഉണ്ടാവൂ.
സ്വപ്നാടകന്റെ വാചക കസര്‍ത്ത് മാത്രം: കെ.പി.എ മജീദ്
സാഹിത്യവും വാചക കസര്‍ത്തുമായി ബജറ്റ് വാചാലമാക്കിയെന്നതിനപ്പുറം ജനത്തിന്റെ പ്രയാസം ലഘൂകരിക്കാനുള്ള ഒരു നടപടിയുമില്ലാത്ത സംസ്ഥാന ബജറ്റ് നിരാശാജനകമാണെന്ന് മുസ്്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. സര്‍ക്കാറിന്റെ സേവനത്തിനുള്ള നികുതി പോലും അഞ്ചു ശതമാനം വര്‍ധിപ്പിച്ച സര്‍ക്കാര്‍ സാമ്പത്തിക പ്രതിസന്ധിയെന്ന് ആവര്‍ത്തിക്കുകയും എ.കെ.ജിക്ക് സ്മാരകം പണിയാന്‍ പത്തു കോടി രൂപ വകയിരുത്തുകയും ചെയ്യുന്നത് ന്യായീകരണമില്ലാത്തതാണ്. കിഫ്ബിയെന്ന പേരിട്ട് വല്ലവന്റെയും കയ്യിലെ പണം കണ്ട് സ്വപ്നം കാണുന്ന ധനമന്ത്രി ക്ഷേമ പെന്‍ഷന്‍കാരുടെ പോലും വയറ്റത്തടിച്ചു. ഭക്ഷണത്തിനും ചികിത്സക്കും പണമില്ലാതെ ജീവന് വെടിയുന്ന കെ.എസ്.ആര്.ടി.സി പെന്‍ഷന്‍കാര്‍ക്ക് ഒരു സഹായവും പ്രഖ്യാപിച്ചില്ല. മൂന്നു ലാഭ കേന്ദ്രങ്ങായി വിഭജിക്കുമെന്ന് പറയുന്നവര്‍ മുമ്പ് അക്കാര്യം യു.ഡി.എഫ് മുന്നോട്ടു വെച്ചപ്പോള്‍ എതിര്‍ത്തവരാണ്.
ലാഭമുണ്ടാകുന്നതുവരെ കെ.എസ്.ആര്.ടി.സി പെന്‍ഷന്‍കാര്‍ ജീവിക്കാന്‍ എന്തു ചെയ്യണമെന്നാണ് പറയുന്നത്. സ്വന്തമായൊരു ഭൂമിയും വീടുമെന്ന സാധാരണക്കാരന്റെയും സ്വപ്നത്തിന് മേലാണ് ന്യായവില ഉയര്‍ത്തി കരിനിഴല്‍ വീഴ്ത്തിയത്. കുടുംബാംഗങ്ങള്‍ തമ്മിലുള്ള ഭൂമിയിടപാടിന്റെയും പാരമ്പര്യ സ്വത്ത് കൈമാറ്റത്തിന്റെയുമെല്ലാം നികുതി വര്‍ധിപ്പിച്ചത് ന്യായീകരിക്കാനാവില്ല.
ജി.എസ്.ടി.യുടെ പ്രഹരത്തില്‍ നടുവൊടിഞ്ഞ വ്യാപാരി സമൂഹത്തോട് ആശ്വാസ വാക്കു പോലും പറഞ്ഞില്ല. നിയമന നിരോധനം നിഴലിച്ച ബജറ്റ് യുവാക്കളോടുള്ള വെല്ലുവിളിയാണ്. വിദ്യാഭ്യാസ മേഖലക്ക് പുതിയതായി ഒരു പദ്ധതിയുമില്ല. കേന്ദ്ര സര്‍ക്കാറിന്റെ കോര്‍പ്പറേറ്റു പ്രീണനത്തിന്റെ കെടുതിയില്‍ നട്ടം തിരിയുന്ന സാധാരണക്കാരെ കരകയറ്റാനുള്ള ഒരു ശ്രമം പോലും ഉണ്ടാവാത്തത് പ്രതിഷേധാര്‍ഹമാണെന്നും കെ.പി.എ മജീദ് കൂട്ടിച്ചേര്‍ത്തു.
തോമസ് ഐസക് കഴിഞ്ഞ വര്‍ഷം പറഞ്ഞ
നടക്കാത്ത സുന്ദരസ്വപ്നങ്ങള്‍
• 25,000 കോടിയുടെ പശ്ചാത്തലസൗകര്യ വികസന പരിപാടി
• തീരദേശഹൈവേക്ക് 6,500 കോടി, മലയോരഹൈവേക്ക് 3500 കോടി
• ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ 2,500 പുതിയ അധ്യാപക തസ്തികകള്‍
• ആസ്പത്രികളില്‍ 8,000 പുതിയ തസ്തികകള്‍
• കിഫ്ബി മുഖേന 25,000 കോടിയുടെ നിര്‍മ്മാണപ്രവൃത്തികള്‍
• മുനിസിപ്പാലിറ്റികളില്‍ ആധുനിക അറവുശാലകള്‍
• 1000 കുട്ടികളില്‍ കൂടുതലുള്ള സര്‍ക്കാര്‍ സ്കൂളുകള്‍ മെച്ചപ്പെടുത്തും
• ഡയബറ്റിസ്, പ്രഷര്‍, കൊളസ്ട്രോള്‍ രോഗികള്‍ക്ക് സൗജന്യമരുന്ന്
• 170 പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ കുടുംബാരോഗ്യകേന്ദ്രങ്ങളാക്കും
• ജനകീയാസൂത്രണത്തില്‍ തദ്ദേശഭരണസ്ഥാപനങ്ങള്‍ക്ക് 9,748 കോടി
• ഓഡിറ്റ് കമ്മിഷന് രൂപീകരിക്കും. സോഷ്യല്‍ ഓഡിറ്റ് നിര്‍ബന്ധമാക്കും.
• 200 തദ്ദേശ സ്ഥാപനങ്ങളില്‍ക്കൂടി ബഡ്സ് സ്കൂളുകള്‍
• സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആരോഗ്യ ഇന്‍ഷ്വറന്‍സ്
• നെല്ല്, പച്ചക്കറി, വാഴ, പൂക്കള്‍, നാളികേരം എന്നിവക്കായി 15 സ്പെഷ്യല്‍ ഇക്കണോമിക് സോണുകള്‍.
• 3,600 രൂപ വീതം മത്സ്യത്തൊഴിലാളികളുടെ പഞ്ഞമാസസമാശ്വസപദ്ധതി
• അനുബന്ധത്തൊഴിലാളികള്‍ക്കും മത്സ്യബന്ധനോപകരണങ്ങള്‍ക്കും ഇന്‍ഷ്വറന്‍സ്.
• തീരത്തിനോട് അടുത്തുള്ള 24,851 മത്സ്യത്തൊഴിലാളി കുടുംബങ്ങളെ പുനരധിവസിപ്പിക്കും
• 12 •ഐ.ടി ഹാര്ഡ്വെയര് നിര്‍മ്മാണഹബ്ബായി പാര്‍ക്കുകള്‍
• പാവപ്പെട്ട 20 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് കണക്ഷന്
• കെ.എസ്.എഫ്.ഇ വഴി പ്രവാസികള്‍ക്ക് ചിട്ടി
• മാങ്കുളം, അച്ചന്‍കോവില്‍, അപ്പര്‍ ചെങ്കുളം, പാമ്പാര്‍ വൈദ്യുതിപദ്ധതികള്‍
• മുഹമ്മ, ആലപ്പുഴ, കുമരകം, എറണാകുളം റൂട്ടില്‍ വാട്ടര്‍ ടാക്സി സര്‍വ്വീസ്.
• പുതിയ 6 താലൂക്കുകളില്‍ എക്സൈസ് സര്‍ക്കിള്‍ ആഫീസുകള്‍, മൂന്നിടത്ത് എക്സൈസ് ടവറുകള്‍
• സീ അഷ്ടമുടി പാസഞ്ചര്‍ ടൂറിസ്റ്റ് സര്‍വ്വീസ്.
• കെ.എസ്.ആര്.ടി.സിയെ പുനരുദ്ധരിക്കും. പ്രൊഫഷണല്‍ വിദഗ്ദ്ധരെ നിയമിക്കും
• മൂന്നു വര്‍ഷത്തെ പാക്കേജിന്റെ ഭാഗമായി കെ.എസ്.ആര്.ടി.സിക്ക് 3,000 കോടി
• 50 ശതമാനം സര്‍ക്കാര്‍ ഗ്രാന്റോടെ കെ.എസ്.ആര്.ടി.സി.യുടെ പെന്ഷന്
• 1000 യുവകലാകാരന്മാര്ക്ക് വജ്രജൂബിലി ഫെലോഷിപ്പ് പ്രതിമാസം 10,000 വീതം.
• സ്ത്രീകള്‍ മാത്രം ഗുണഭോക്താക്കളായ 64 സ്കീമുകള്‍ക്ക് 1,060.5 കോടി
• സ്വകാര്യഭൂമിയില്‍ മരങ്ങള്‍ വച്ചുപിടിപ്പിക്കാന്‍ പ്രത്യേക പദ്ധതി.
• അഞ്ച് വര്‍ഷം കൂടുമ്പോള്‍ മരം ഒന്നിന് 500 സഹായം.
• മരം മുറിച്ചാല്‍ പണം പലിശസഹിതം തിരിച്ചു നല്‍കണം
• പ്രവാസികളുടെ ഓണ്‍ലൈന്‍ ഡേറ്റാ ബെയ്സ് തയ്യാറാക്കും
• ഏത് സബ്രജിസ്ട്രാര്‍ ആഫീസിലും ആധാരം റജിസ്ട്രേഷന് സൗകര്യം
• ഇ-സ്റ്റാമ്പിംഗ് മുദ്രക്കടലാസുകള്‍
സുഗതകുമാരിയില്‍ തുടങ്ങി ബാലാമണിയില്‍ അവസാനിപ്പിച്ചു
തന്റെ ഒന്‍പതാമത്തെ ബജറ്റിന് സാഹിത്യഭംഗി കൈവരാനും ഗരിമകൂട്ടാനും ധനമന്ത്രി തോമസ് ഐസക് കൂട്ടുപിടിച്ചത് സുഗതകുമാരി മുതല്‍ ബാലാമണിയമ്മ വരെയുള്ള വനിതാ എഴുത്തുകാരെ. രണ്ട് മണിക്കൂര്‍ 40 മിനിറ്റ് നീളുന്ന ബജറ്റില്‍ ഇരുപതോളം വനിതാ എഴുത്തുകാരാണ് ഇടംപിടിച്ചത്. ശതാഭിഷേക നിറവില്‍ നില്ക്കുന്ന മലയാളത്തിന്റെ പ്രിയ കവി സുഗതകുമാരിയുടെ കവിതയില്‍ തുടങ്ങി ബാലാമണിയമ്മയുടെ നവകരേളം എന്ന കവിത ചൊല്ലിയാണ് മന്ത്രി പ്രസംഗം അവസാനിപ്പിച്ചത്.
പി. വത്സല, സാറാ ജോസഫ്, സാറാ തോമസ്, ലളിതാംബിക അന്തര്‍ജനം, അമൃത പ്രീതം, ബി.എം സുഹ്റ, ഗ്രേസി, സാവിത്രി രാജീവന്, ജയശ്രീ മിശ്ര, കെ.ആര് മീര, കെ.എ ബീന, അനിത പ്രതാപ്, പി.വത്സല, ഇന്ദുമേനോന്, വിജയലക്ഷ്മി, ഡോണ മയൂര, ധന്യ എം.ഡി, ഖദീജ മുംതാസ്, രാജലക്ഷ്മി തുടങ്ങിയവരുടെ കൃതികളിലെ വരികളാണ് ശുഷ്കമായ ബജറ്റിനെ ‘സമ്പന്ന’മാക്കാന് ഐസക് ഉപയോഗിച്ചത്.
കൂടാതെ വിദ്യാര്‍ത്ഥിനി എന്‍.പി സ്നേഹയുടെ കവിതയും ഇടംപിടിച്ചു. 2015ല്‍ ചെര്‍പ്പുളശ്ശേരി ഉപജില്ലാ കലോത്സവത്തില്‍ സ്നേഹ എഴുതിയ ‘ലാബ്’ എന്ന കവിതയിലെ വരികളാണ് ഐസക്ക് എടുത്തുപറഞ്ഞത്. ഇതിനകം തന്നെ സമൂഹമാധ്യമങ്ങളില്‍ ഹിറ്റാണ് ഈ കവിത. ‘കെമിസ്ട്രി സാറാണ് പറഞ്ഞത്/ അടുക്കള ഒരു ലാബാണെന്ന്./പരീക്ഷിച്ച്, നിരീക്ഷിച്ച്/നിന്നപ്പോഴാണ് കണ്ടത്/വെളുപ്പിനുണര്‍ന്ന്/പുകഞ്ഞു പുകഞ്ഞ്/തനിയെ സ്റ്റാര്‍ട്ടാകുന്ന/കരി പുരണ്ട് കേടുവന്ന/ ഒരു മെഷീന് അവിടെയെന്നും/സോഡിയം ക്ലോറൈഡ് ലായനി/ ഉല്പാദിപ്പിക്കുന്നുണ്ടെന്ന്.’ പാലക്കാട് ജില്ലയിലെ പുലാപ്പറ്റ എം.എന്‍.കെ.എം ഹയര്‍സെക്കന്ററി സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനിയാണ് സ്നേഹ.
സ്വന്തം വ്യക്തിത്വവും അന്തസും സ്ഥാപിച്ചുകിട്ടാനുള്ള സ്ത്രീകളുടെ പടയോട്ടത്തിന് ഈ ബജറ്റ് എല്ലാ പിന്തുണയും നല്‍കുന്നുവെന്ന് ബജറ്റിന്റെ തുടക്കഭാഗത്ത് ഐസക് പറയുന്നു. അടിച്ചമര്‍ത്തലിന്റെയും അവഹേളനത്തിന്റെയും നാട്ടുനടപ്പുകളെ നിവര്‍ന്നുനിന്നു വെല്ലുവിളിക്കാന്‍ പുതിയ സ്ത്രീകള്‍ തയാറായി വരുന്നു. സിനിമാ മേഖലയിലടക്കം ആണ്‍കോയ്മക്കെതിരെയുള്ള തീക്ഷ്ണമായ പ്രതികരണങ്ങള്‍ ദൃശ്യമാണ്. അതുകൊണ്ടാണ് സാഹിത്യകാരികളുടെ വരികള്‍ ചേര്‍ത്ത് ബജറ്റ് തയാറാക്കിയതെന്നും ഐസക് പറഞ്ഞുവെക്കുന്നു.
ലളിതാംബിക അന്തര്‍ജനത്തിന്റെ ‘സാവിത്രി അഥവാ വിധവാ വിവാഹം’ എന്ന നാടകത്തിലെ കഥാപാത്രം പാടുന്ന വരികള്‍-‘പാണിയില്‍ തുഴയില്ല, തോണിയില്‍ തുണയില്ല/ ക്ഷോണിയിലൊരു ലക്ഷ്യവുമറിയുകയില്ല’- ഐസക് ബജറ്റ് പ്രസംഗത്തില്‍ ചേര്‍ത്തിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിയുടെ നടുവില്‍ കയ്യില്‍ തുഴയും തോണിയില്‍ തുണയുമില്ലാതെ നില്ക്കുന്ന സ്വന്തം അവസ്ഥതന്നെയാണ് ഐസക് ഇവിടെ പരാമര്‍ശിച്ചിരിക്കുന്നതെന്നാണ് നിരൂപക പക്ഷം.