Connect with us

More

അമേരിക്കന്‍ വീഥിയില്‍ ഒരു തണുപ്പാന്‍ കാലത്ത്

Published

on

യാത്ര
∇ ഫസ്‌ന ഫാത്തിമ

സവര്‍ണാധിപത്യ രാജ്യമായാണ് അമേരിക്കയെ നാം കാണുന്നത്. വര്‍ണവെറിയും മുസ്‌ലിം വിരുദ്ധതയും നിറഞ്ഞു നില്‍ക്കുന്നൊരു രാജ്യം. ‘ലോക തലസ്ഥാനത്ത്’ നിന്നു യു.എസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ക്ഷണം ലഭിച്ചതായി ചീഫ് ന്യൂസ് എഡിറ്റര്‍ പറഞ്ഞപ്പോള്‍ ആദ്യം മനസ്സിലേക്ക് ഓടിയെത്തിയതും ഇതു തന്നെയായിരുന്നു. മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍ കലാമിനെ ആക്രമിച്ച സംഭവമാണ് അറിഞ്ഞവരൊക്കെ പങ്കുവെച്ചത്. വിമാനത്തില്‍ കയറി മുന്‍ പരിചയമില്ലാത്ത എനിക്ക് 24 മണിക്കൂര്‍ നീളുന്ന അമേരിക്കന്‍ യാത്ര ഒരു ബാലികേറാമലയായിരുന്നു. അമേരിക്ക ഉപേക്ഷിച്ച തുരുമ്പിച്ച വിമാനങ്ങളാണ് എയര്‍ ഇന്ത്യ ഉപയോഗിക്കുന്നതെന്ന സഹോദരന്റെ കളി പറച്ചിലും ആകാശയാത്ര ആശങ്കയിലാക്കി.
സിവില്‍ സൊസൈറ്റി എഫേര്‍ട്‌സ് ടു കൗണ്ടര്‍ വയലന്റ് എക്‌സ്ട്രീമിസം എന്ന തലവാചകത്തിലാണ് യു.എസിലെ പരിപാടി. അക്രമാസക്ത തീവ്രവാദം തടയുന്നതിന് പൗരസമൂഹത്തിന്റെ ഇടപെടല്‍ എന്തൊക്കെയെന്ന് വ്യക്തമാക്കുന്നതാണ് ദിവസങ്ങള്‍ നീളുന്ന യാത്രയുടെ ലക്ഷ്യം. ഐ.വി.എല്‍ പരിപാടികള്‍ ധാരാളം നടത്താറുണ്ടെങ്കിലും ഇത്തരത്തില്‍ ആറംഗ മാധ്യമപ്രതിനിധി സംഘത്തെ ഭരണകൂടം നേരിട്ട് ക്ഷണിക്കുന്നത് ഇതാദ്യമാണ്. സംഘടിപ്പിക്കുന്നത് വിദേശകാര്യ വകുപ്പായതിനാല്‍ അമേരിക്കന്‍ കാഴ്ചകളിലെല്ലാം ഒരു രാഷ്ട്രീയമുഖമുണ്ടായിരുന്നുവെന്ന് സാരം. ദുബൈ വഴി പോകാമെങ്കിലും മുസ്‌ലിം രാജ്യത്തു നിന്നുള്ള യാത്രകള്‍ക്ക് പരിശോധന കര്‍ശനമാക്കിയതിനാല്‍ മുംബൈയിലെ ഫ്രാങ്ക്ഫര്‍ട്ട് വഴിയുള്ള യാത്രാപാതയാണ് ചെന്നൈയിലെ യു.എസ് കൗണ്‍സുലേറ്റ് ഞങ്ങള്‍ക്കു വേണ്ടി തെരഞ്ഞെടുത്തത്. മുംബൈയില്‍ നിന്ന് ഫ്രാങ്ക്ഫര്‍ട്ടിലെത്തിയപ്പോള്‍ അനുഭവപ്പെട്ട സാംസ്‌കാരിക വൈരുദ്ധ്യം ഏറെ രസകരമായിരുന്നു. നെടുമ്പാശ്ശേരിയില്‍ നിന്നും മുംബൈ ഛത്രപതി ശിവജി വിമാനത്താവളത്തിലെത്തിയപ്പോഴേക്കും പഴയ സ്‌കൂള്‍ കുട്ടികളെ അനുസ്മരിപ്പിക്കും വിധം ബാഗും കോട്ടുമൊക്കെ എടുത്ത് ധൃതി കൂട്ടി നില്‍ക്കുന്ന അവസ്ഥ. എന്നാല്‍ ഫ്രാങ്ക്ഫര്‍ട്ടില്‍ തീര്‍ത്തും വ്യത്യസ്തമായിരുന്നു കാഴ്ച. വ്യക്തിത്വ വികസന ക്ലാസില്‍ നിന്നും സ്വായത്തകമാക്കിയ പാഠങ്ങള്‍ പൂര്‍ണമായും പരീക്ഷിക്കുന്ന സ്ഥിതി വിശേഷം. മറ്റുള്ളവര്‍ക്കു അവസരം നല്‍കുന്ന വിശാല മനസ്‌കരെ പോലെ തിടുക്കവും ബഹളവുമില്ലാതെ അവര്‍ നിശബ്ദരായി നില്‍ക്കുന്നു.
ഓഖിയുടെ പ്രതിഫലനമെന്നോണം ലുഫ്താന്‍സയുടെ കൂറ്റന്‍ വിമാനം ഇടക്കിടെ കാറ്റില്‍ ആടിയുലയുന്നുണ്ടായിരുന്നു. അതിന്റെ പരിഭ്രമം എന്റെയും സംഘാംഗങ്ങളുടെയും മുഖത്ത് നിഴലിച്ചിരുന്നു. ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടിലെത്തിയപ്പോള്‍ സമയം രാവിലെ 7.20. നമ്മുടെ സംസ്‌കാരത്തില്‍ ദേഹശുചീകരണം നിര്‍ബന്ധമായതിനാല്‍ എട്ടു ഡോളര്‍ കൊടുത്ത് അതങ് നിര്‍വഹിച്ചു.

ഫ്രാങ്ക്ഫര്‍ട്ട് ഇടത്താവളമായതിനാല്‍ മണിക്കൂറുകളുടെ കാത്തിരിപ്പ് വേണ്ടി വന്നു വാഷിങ്ടണ്‍ ഡി.സിയിലേക്കുള്ള വിമാനം കയറാന്‍. അതിനാല്‍ പലതരം സംസ്‌കാരങ്ങള്‍ കൂടികലരുന്ന അവിടം മൊത്തമൊന്നു ചുറ്റികറങ്ങാന്‍ തീരുമാനിച്ചു. എല്ലാ രാജ്യങ്ങളും തങ്ങളുടെ സാംസ്‌കാരിക അടയാളങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. കാഴ്ചകള്‍ കണ്ട് സംഘാംഗങ്ങള്‍ക്കടുത്തേക്ക് നടന്നുനീങ്ങുമ്പോഴാണ് യുണൈറ്റഡ് എയര്‍ യാത്രക്കാര്‍ക്കുള്ള വിളി വന്നത്. പൊതുവെ സംസാരപ്രിയരായ ഞങ്ങള്‍ സമയം പോയതറിഞ്ഞിരുന്നില്ല. അവസാനമായി ചെക്കിന്‍ ചെയ്യുന്നത് ഞങ്ങളാണെന്ന്് അപ്പോഴാണ് അറിഞ്ഞത്. യുണൈറ്റഡ് എയറിലെ ഒരു ഉദ്യോഗസ്ഥന്‍ ഞങ്ങളുടെ പാസ്‌പോര്‍ട്ടും ബോഡി പാസും വാങ്ങി ധൃതിയില്‍ സീല്‍ചെയ്തു. പതിവ് പരിശോധനകള്‍ മാത്രമാണുണ്ടായിരുന്നത്. എന്നാല്‍ റാന്‍ഡം ചെക്കിംഗിന്റെ പേരില്‍ സംഘാംഗങ്ങളിലൊരാളെ ഘടാഘടിയനായ ഒരു ഉദ്യോഗസ്ഥന്‍ വിളിച്ചു കൊണ്ടുപോയി. പ്രത്യേക പരിഗണന ലഭിക്കേണ്ട അദ്ദേഹത്തെ എന്തിനു കൊണ്ടുപോകുന്നുവെന്ന ചോദ്യത്തിന് ഭദ്രമായി തിരിച്ചെത്തിക്കാമെന്ന മറുപടിയാണ് ലഭിച്ചത്. അദ്ദേഹത്തെ വിശദമായ ദേഹപരിശോധന നടത്തിയ ശേഷം തിരിച്ചെത്തിച്ചു. അമേരിക്കക്കാര്‍ക്ക് എന്താ എല്ലാവരെയും പേടിയെന്ന ചോദ്യം യാത്രക്കിടെ പലപ്പോഴായി മനസ്സില്‍ ഉയര്‍ന്നു. മാധ്യമപ്രവര്‍ത്തകരായതു കൊണ്ടും യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അതിഥിയായതു കൊണ്ടുമാകാം മറ്റു യാത്രക്കാരേക്കാളും പരിഗണന ഞങ്ങള്‍ക്ക് ലഭിച്ചിരുന്നു. എന്നിരുന്നാലും യാത്രയുടെ ഉദ്ദേശശുദ്ധിയില്‍ സംശയത്തിന്റെ നിഴല്‍ ചില ഉദ്യോഗസ്ഥര്‍ക്കുണ്ടായിരുന്നില്ലേയെന്ന് തോന്നും. ചിലപ്പോഴത് ഞങ്ങളുടെ തോന്നലുമാകാം.
വാഷിങ്ടണ്‍ ഡള്ളസ് ഇന്റര്‍നാഷണല്‍ എയര്‍പ്പോര്‍ട്ടില്‍ ഇറങ്ങുമ്പോള്‍ അമേരിക്കയുടെ തീവ്രനിലപാടുകള്‍ ഓരോന്നായി മനസ്സിലേക്ക് ഓടിയെത്തി. ഇമിഗ്രേഷന്‍ പരിശോധനയാണ് അടുത്ത കടമ്പ. പരിശോധന സീറ്റിലുള്ളയാളെ കണ്ടമ്പോഴേ ഒരു ഇന്ത്യന്‍ വംശജനാണെന്ന് തോന്നി. സംശയം ഞങ്ങള്‍ പരസ്പരം പങ്കുവെക്കുകയും ചെയ്തു. എന്നാല്‍ പൊതുവെ സ്വന്തം നാട്ടുകാര്‍ തന്നെയാണല്ലോ പണി തരിക. അദ്ദേഹം കൂട്ടത്തിലുള്ള ടി.വി ജേര്‍ണലിസ്റ്റിനെ പിടികൂടി. ക്യാമറ പരിശോധിക്കണം. അതു കഴിഞ്ഞ് ക്യാമറയുടെ സ്റ്റാന്റ് എവിടെയെന്നായി അദ്ദേഹത്തിന്റെ ചോദ്യം. സ്റ്റാന്റ് ലഗേജിലുണ്ടെന്നറിഞ്ഞപ്പോഴാണ് രസം. അദ്ദേഹത്തിന് അത് നേരിട്ട് കാണണം. എന്നാല്‍ ടി.വി ജേര്‍ണലിസ്റ്റിന്റെതുള്‍പ്പെടെ എല്ലാവരുടെയും ലഗേജുമായി ഞങ്ങള്‍ അപ്പോഴേക്കും പുറത്തെത്തിയിരുന്നു. മലയാളികളുടെ പൊതുസ്വഭാവം ഞങ്ങളും പ്രകടിപ്പിച്ചുവെന്നു വേണം പറയാന്‍. ഒടുവില്‍ ആ ഉദ്യോഗസ്ഥന്‍ അദ്ദേഹത്തെ വിശ്വാസത്തിലെടുക്കുന്നുവെന്ന് അറിയിച്ച് ടി.വി ജേര്‍ണലിസ്റ്റിനെയും വിട്ടു.
യു.എസിലെ ഞങ്ങളുടെ പ്രൊഡ്യൂസര്‍ മോളി ബോയല്‍ വിമാനത്താവളത്തില്‍ കാത്തിരിപ്പുണ്ടായിരുന്നു. നിഷ്‌കളങ്കമായ ചിരിയോടെ അവര്‍ എല്ലാവരെയും പരിചയപ്പെട്ടു. ഫോക്‌സ് ന്യൂസ് മുന്‍ പ്രൊഡ്യൂസറായ മോളിയാണ് യു.എസ് വിദേശവകുപ്പിനു വേണ്ടി ടൂര്‍ ഏകോപിപ്പിക്കുന്നത്. ഇ-മെയിലിലൂടെ അമേരിക്കയുടെ ശൈത്യകാലാവസ്ഥയെക്കുറിച്ച് ഞങ്ങളെ ബോധവല്‍ക്കരിച്ചിരുന്ന അവര്‍ വാഷിങ്ടണിലെ കാലാവസ്ഥ താരതമ്യേന ചൂടുള്ളതാണെന്ന് അറിയിച്ചു. ബാഗേജുകളുമായി ഞങ്ങള്‍ വാഹനത്തെ ലക്ഷ്യമാക്കി നടന്നു. പുറത്തു കടന്നപ്പോഴാണ് താരതമ്യേന ചൂടുള്ള കാലാവസ്ഥയുടെ പ്രശ്‌നം മനസിലായത്. ചൂടന്‍ കാലാവസ്ഥയുള്ള കേരള മണ്ണില്‍ നിന്നെത്തുന്ന ഞങ്ങള്‍ക്ക് ആ ചെറു തണുപ്പുപോലും താങ്ങാവുന്നതിലും അപ്പുറമായിരുന്നു.


അമേരിക്കയെന്ന ലോക പൊലീസിന്റെ ഭരണസിരാകേന്ദ്രമാണ് വാഷിങ്ടണ്‍ ഡി.സി. തിരക്കും ബഹളവും പ്രതീക്ഷിച്ചെങ്കിലും പൊതുവെ ശാന്തമായിരുന്നു നഗരം. മോളിയും വാഹനത്തിന്റെ ഡ്രൈവറും ഓരോ കാഴ്ചകള്‍ പരിചയപ്പെടുത്തി. പത്തു മിനിറ്റ് യാത്രക്കൊടുവില്‍ എംബസി സ്യൂട്‌സ് എന്ന പടുകൂറ്റന്‍ ഹോട്ടലിനു മുന്നിലെത്തി. മൂന്നാം നില വരെ മാളുകളുമൊക്കെയായി ആകാശംമുട്ടെ ഉയര്‍ന്നു നില്‍ക്കുന്ന സ്യൂട്‌സിലെ താമസം ഏറെ രസകരമായിരുന്നു. യാത്ര ഡിസംബറിലായതിനാല്‍ ഉണ്ണിയേശുവിന്റെ പിറവിയറിയിച്ച് എല്ലായിടങ്ങളിലും ക്രിസ്തുമസ് ട്രീകള്‍ ഉയര്‍ന്നിരുന്നു. ഭൂമിയുടെ മറുവശത്തെത്തിയതിനാല്‍ സമയവ്യത്യാസത്തിലെ ഉറക്കചടവ് എല്ലാവര്‍ക്കുമുണ്ടായിരുന്നു.
ടെല്‍അവീവില്‍ നിന്ന് ഇസ്രാഈലിലെ യു.എസ് എംബസി ജറൂസലേമിലേക്ക് മാറ്റാനുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തോടെയാണ് അന്ന് വാഷിങ്ടണ്‍ ഉണര്‍ന്നത്. 1955ല്‍ യു.എസ് കോണ്‍ഗ്രസ് എംബസി മാറ്റ ബില്‍ പാസാക്കിയിരുന്നെങ്കിലും മാറി മാറി വന്ന ഭരണകൂടങ്ങള്‍ അത് നടപ്പാക്കാന്‍ തയാറായിരുന്നില്ല. ഇസ്രാഈലിന് രക്ഷാകവചമൊരുക്കുന്നതോടൊപ്പം അറബ് ബന്ധം തകിടം മറിയാതിരിക്കാന്‍ ചുമതലയേറ്റ പ്രസിഡന്റുമാര്‍ ഈ തീരുമാനം നടപ്പാക്കാന്‍ വിമുഖത കാണിക്കുകയായിരുന്നു. എന്നാല്‍ ട്രംപ് തന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്ന് പാലിക്കുകയായിരുന്നു. ഏഴ് മുസ്‌ലിം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയതിനു പിന്നാലെ ട്രംപ് തന്റെ സങ്കുചിത ചിന്താഗതി വീണ്ടും പുറത്തെടുത്ത നിമിഷമായിരുന്നു അത്. ആദ്യ ഖിബ്‌ലയായ മസ്ജിതുല്‍ അഖ്‌സ ഉള്‍പ്പെടെ ഇസ്‌ലാം മതവിശ്വാസത്തിലെ പുണ്യകേന്ദ്രങ്ങള്‍ ഉള്‍ക്കൊള്ളുന്ന കിഴക്കന്‍ ജറുസലേം 1967ലെ യുദ്ധത്തില്‍ ഇസ്രാഈല്‍ പിടിച്ചെടുത്തതാണ്. ഫലസ്തീന്‍ രാജ്യത്തിന്റെ തലസ്ഥാനമായി പരിഗണിക്കുന്ന ജറുസലേമിലേക്ക് യു.എസ് എംബസി മാറ്റുന്നുവെന്ന് പ്രഖ്യാപിച്ചാല്‍ ഇസ്രാഈലിനു അമേരിക്ക പൂര്‍ണ പിന്തുണ നല്‍കുന്നുവെന്നാണ് സാരം.
ജറുസലേം വിഷയത്തില്‍ അങ്ങിങ്ങായി പ്രതിഷേധങ്ങള്‍ അണപൊട്ടിയിട്ടുണ്ട്. വൈകിട്ടോടെ ഞങ്ങള്‍ വൈറ്റ്ഹൗസിനു മുന്നിലെത്തി. ഫ്രീ ഫലസ്തീന്‍ എന്ന മുദ്രാവാക്യവുമായി ഫലസ്തീന്‍ അനുകൂലികള്‍ ഒത്തുചേര്‍ന്നിട്ടുണ്ട്. അവര്‍ക്ക് പിന്തുണയുമായി ചില ജൂത സംഘടനകളും. രോഷം കൊണ്ടാണ് ജൂത നേതാവിന്റെ പ്രസംഗം. ‘അവരും ഞങ്ങളുടെ സഹോദരരാണ്. അവര്‍ക്കും സ്വാതന്ത്ര്യം വേണം. ഫലസ്തീന്‍ രാഷ്ട്രം അവര്‍ക്കായി ഞങ്ങള്‍ തിരിച്ചു നല്‍കും’, നേതാവ് പ്രഖ്യാപിച്ചു.


സമരക്കാര്‍ക്കിടയില്‍ ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ ആഗോളതലത്തില്‍ പ്രചരിപ്പിക്കാന്‍ സൈക്കിളില്‍ സഞ്ചരിക്കുന്ന ഒരു ഇന്ത്യക്കാരനെയും അവിടെ കണ്ടുമുട്ടി. നിതിന്‍ സോനാവാനെ. മഹാരാഷ്ട്രയിലെ റാഷിന്‍ ഗ്രാമത്തില്‍ നിന്നുള്ള സോനാവാനെക്കു ഗാന്ധിജിയുടെ അഹിംസാസന്ദേശം പ്രചരിപ്പിച്ച് അദ്ദേഹത്തിന്റെ നൂറ്റമ്പതാം ജന്മദിനം ആഘോഷിക്കണമെന്നതാണ് സ്വപ്നം. ഇതിനായി അമേരിക്കക്കാരി ഫെലിറ്റോ ഉള്‍പ്പെടെ വലിയ സൗഹൃദ വലയവും നിതിന് പിന്തുണ നല്‍കി കൂടെയുണ്ടായിരുന്നു.
ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തിയ നിരവധി സുപ്രധാന തീരുമാനങ്ങള്‍ പുറത്തുവന്ന വൈറ്റ്ഹൗസ് കാണാനായതില്‍ അഭിമാനം തോന്നി. വൈ്റ്റ്ഹൗസിനു മുന്നിലെ പ്രസിഡന്റ്‌സ് ചാപ്പലിന് ഏറെ ചരിത്രപ്രാധാന്യമുണ്ട്. ഇതുവഴിയാണ് പ്രസിഡന്റും പ്രഥമവനിതയും പ്രസിഡന്‍ഷ്യല്‍ പ്ലഡ്ജിനായി നടന്ന് പോകുന്നത്. അതേ പാതയിലൂടെ നടന്നു നീങ്ങുമ്പോള്‍ ഉള്ളില്‍ ചെറിയൊരു അഹങ്കാരം തോന്നി.
ബ്രൂക്കിങ്‌സ് ഇന്‍സ്റ്റിറ്റിയൂട്ടിലെ അസിസ്റ്റന്റ് പ്രൊഫസറും ഗവേഷകയുമായ മദീഹ അഫ്‌സലുമായുള്ള കൂടിക്കാഴ്ചയാണ് ഔദ്യോഗിക പരിപാടികളില്‍ ആദ്യത്തേത്. പാക്കിസ്താന്‍ അണ്ടര്‍ സീജ് എന്ന അവരുടെ പുസ്തകത്തില്‍ തീവ്രവാദത്തെക്കുറിച്ചാണ് പ്രധാനമായും വിവക്ഷിക്കുന്നത്. തീവ്രവാദം ഒരിക്കലും ഒരു സമുദായത്തെയോ ഒരു വിഭാഗത്തെയോ നോട്ടപുള്ളിയാക്കേണ്ടതില്ലെന്നാണ് അവര്‍ പറയുന്നത്. ഇക്കാര്യത്തില്‍ ഒബാമ ഭരണകൂടം സ്വീകരിച്ച നിലപാടുകള്‍ പ്രശംസനീയമാണെന്നായിരുന്നു മദീഹ പറഞ്ഞത്. എന്നാല്‍ ട്രംപ് ഭരണകൂടം തീര്‍ത്തും ഒരു സമുദായത്തിനുമേല്‍ പഴിചാരാനാണ് ശ്രമിക്കുന്നതെന്ന് മദീഹ പറയുന്നു. കരുതലായിരുന്നു ഒബാമ ഭരണകൂടത്തിന്റെ നയം. എന്നാല്‍ ഇന്ന് അത് ഇടപെടലായി തീര്‍ന്നിരിക്കുന്നു. ദാരിദ്ര്യവും നിരക്ഷരതയും തൊഴിലില്ലായ്മയുമാണ് തീവ്രവാദത്തിന്റെ അടിസ്ഥാനകാരണമെന്ന് പറയുന്നത് തന്നെ ശുദ്ധ അസംബന്ധമാണെന്നാണ് മദീഹ പറയുന്നത്. പ്രൊഫഷണല്‍ തലത്തില്‍ ബിരുദം നേടിയവരിലാണ് ഇത്തരം ചിന്താഗതികള്‍ വേരുറപ്പിക്കുന്നത്. ദരിദ്രനായ ഒരു വ്യക്തി അന്നത്തെ അന്നം തേടുന്ന തിരക്കിലായിരിക്കും. എന്നാല്‍ മധ്യവര്‍ഗം തനിക്ക് ലഭിക്കാത്ത സ്ഥാനത്തിന്റെയും മറ്റും കാര്യങ്ങളിലും സദാ ചിന്താകുലനായിരിക്കും. അത്തരം ചിന്തകളാണ് പലപ്പോഴും അക്രമാസക്തമാകുന്നത്, മദീഹ പറഞ്ഞു.

നാടു കാണുന്ന രീതിയിലായിരുന്നില്ല ഞങ്ങളുടെ പരിപാടി മോളി ഒരുക്കിയിരുന്നതെങ്കിലും മുന്‍കൂട്ടി നിശ്ചയിച്ച രണ്ട് കൂടിക്കാഴ്ചകള്‍ റദ്ദാക്കേണ്ടി വന്നതോടെ അതിന് അവസരം ലഭിച്ചു. ജെഫേഴ്‌സണ്‍ സ്മാരകത്തിലേക്കായിരുന്നു ആദ്യ യാത്ര. പിന്നീട് വാഷിങ്ടണ്‍ സ്മാരകവും ക്യാപിറ്റോള്‍ ഹില്ലും വാര്‍ ഓഫ് ഇന്‍ഡിപെന്‍ഡന്‍സും കണ്ടു. എന്നാല്‍ വാര്‍ ഓഫ് ഇന്‍ഡിപെന്‍ഡന്‍സിനെ അപ്രധാനമായി ചിത്രീകരിക്കുന്നത് കാണുമ്പോള്‍ നമ്മുടെ നാട്ടിലെ ചില ചരിത്ര സ്മാരകങ്ങള്‍ ഓര്‍മ വന്നു. അത്തരം ചിന്തകളിലൂടെ വാഹനത്തില്‍ കാഴ്ചകള്‍ കണ്ടിരിക്കുമ്പോഴാണ് എടിഎമ്മില്‍ നിന്ന് ഡോളര്‍ പിന്‍വലിക്കുന്നതിനെക്കുറിച്ച് ആരോ ഓര്‍മപ്പെടുത്തിയത്. നമ്മുടെ നാട്ടില്‍ നിന്ന് ചെറിയ മാറ്റങ്ങളുണ്ടെങ്കിലും സുഗമമാണ് പണം പിന്‍വലിക്കല്‍. സംഘാംഗങ്ങളില്‍ മൂന്ന് പേര്‍ പണം പിന്‍വലിച്ചു. അടുത്തത് എന്റെ ഊഴമാണ്. പിന്‍ നമ്പര്‍ അടിക്കാന്‍ തുടങ്ങുമ്പോഴാണ് തമാശ മനസ്സിലായത്. സംഘാംഗങ്ങളില്‍ ഒരാളുടെ അതേ പിന്‍ നമ്പറാണ് എനിക്കുമുള്ളത്. എല്ലാത്തിനെയും ഭയപ്പെടുന്ന അമേരിക്കയില്‍ ഇത്ര നിസാരമായാണ് അതിസൂക്ഷ്മത ആവശ്യമുള്ള ബാങ്ക് പിന്‍നമ്പര്‍ പോലും കൈകാര്യം ചെയ്യുന്നതെന്ന് ഓര്‍ത്ത് സഹതാപം തോന്നി. മറ്റൊരു രസകരമായ കാര്യം പിന്‍ നമ്പര്‍ പോലുമില്ലാതെയാണ് വാള്‍മാര്‍ട്ട്, മാള്‍ ഓഫ് അമേരിക്ക, ടാര്‍ഗറ്റ് പോലുള്ള സ്ഥാപനങ്ങള്‍ നമ്മുടെ അക്കൗണ്ടില്‍ നിന്ന് പണം ഈടാക്കുന്നതെന്നതാണ്. ഈ ചിന്തകളുമൊക്കെയായി അന്നത്തെ യാത്ര അവസാനിപ്പിച്ച് എംബസി സ്യൂട്‌സ് ലക്ഷ്യമാക്കി നീങ്ങി.

യു.എസ് പ്രതിനിധി സഭാംഗവും ഡമോക്രാറ്റ് നേതാവും മലയാളിയുമായ പ്രമീള ജയപാലിനെയാണ് രണ്ടാം ദിവസം കണ്ടത്. പാലക്കാട്ടുകാരിയായ അവര്‍ ഇപ്പോഴും മലയാളി തനിമ കാത്തു സൂക്ഷിക്കുന്നുണ്ടെന്ന് അറിഞ്ഞതില്‍ അതിയായ സന്തോഷം തോന്നി. കായവറുത്തത് (ചിപ്‌സ്) ഏറെ ഇഷ്ടമാണെന്ന് അറിയിച്ച അവര്‍ അമേരിക്കയിലെത്തിയ കഥ വിവരിച്ചു. കുടിയേറ്റക്കാരിയായ തന്നെ പോലുള്ളവര്‍ക്ക് അമേരിക്ക നല്‍കുന്ന പരിഗണനയില്‍ അവര്‍ വാചാലയായി. ഏതെങ്കിലുമൊരു മതത്തെ തീവ്രവാദവുമായി ബന്ധപ്പെടുത്തേണ്ടതില്ലെന്നാണ് അവര്‍ പറയുന്നത്. കുടിയേറ്റ നയങ്ങള്‍ കര്‍ക്കശമാണെങ്കിലും യാഥാര്‍ത്ഥ്യബോധത്തോടെയാണ് അമേരിക്കന്‍ സര്‍ക്കാര്‍ നീക്കങ്ങള്‍ നടത്തുന്നതെന്നും അവര്‍ പങ്കുവെച്ചു.

അടുത്ത യാത്ര മിനിയാപൊളീസിലേക്കാണ്. ഉത്തരധ്രുവത്തോട് ഏറ്റവും അടുത്തു നില്‍ക്കുന്ന മധ്യപടിഞ്ഞാറന്‍ പ്രദേശം. വെണ്ണ തൂകിയിട്ടതു പോലെ ഹിമപാളികള്‍ അങ്ങിങ്ങായി ചിതറി കിടക്കുന്നു. ആകാശകാഴ്ചയില്‍ അതിമനോഹരം. കണ്ണിനു കുളിര്‍മയേകുന്ന ഈ കാഴ്ച സമ്മാനിച്ച സര്‍വശക്തനായ അല്ലാഹുവിനെ സ്തുതിച്ചു. വിമാനം താഴെയിറങ്ങുന്നതിനു തൊട്ടുമുമ്പു തന്നെ ക്യാപ്റ്റന്റെ നിര്‍ദേശം വന്നു. അതിശൈത്യമാണ്. താപനില മൈനസ് ഏഴിലെത്തിയിരിക്കുന്നുവെന്നുമുള്ള മുന്നറിയിപ്പും വന്നതോടെ ചന്ദ്രനില്‍ പോകുന്നതിനു സമാനമായി ‘രക്ഷാകവചം’ ഓരോന്നായി അണിഞ്ഞു. കൊടും തണുപ്പ് കാരണം ഏറെ സാഹസപ്പെട്ടാണ് കാറിനടുത്തേക്ക് എത്തിയത്. കോട്ടും ബൂട്‌സും ഗ്ലൗവും അണിഞ്ഞിട്ടും അസ്ഥികളെ പോലും മരവിപ്പിക്കുന്ന തണുപ്പ്. റോഡിന്റെ ഇരുവശങ്ങളിലുമുള്ള മരങ്ങളെല്ലാം ഇലപൊഴിച്ചിരുന്നു. വാഹനഗതാഗതം സുഗമമാക്കുന്നതിന് റോഡില്‍ വീണുകിടക്കുന്ന ഹിമപാളികള്‍ വലിയ യന്ത്രങ്ങള്‍ ഉപയോഗിച്ച് മാറ്റുന്ന കാഴ്ചകളും കാണാം. ആസ്വാദ്യകരമായ കാലാവസ്ഥയാണെങ്കിലും ചിലപ്പോഴൊക്കെ തണുപ്പിനെ വകഞ്ഞുമാറ്റാന്‍ ഏറെ പണിപ്പെട്ടു.
വാഷിങ്ടണിനേക്കാള്‍ ഒരു മണിക്കൂര്‍ സമയവ്യത്യാസമുണ്ട് മിനിയാപോളിസില്‍. തടാകങ്ങളുടെയും വ്യാവസായിക കേന്ദ്രങ്ങളുടെയും നാടായാണ് ഈ നഗരത്തെ വിശേഷിപ്പിക്കുന്നത്. പരസ്യങ്ങളിലൂടെയും മറ്റും കേട്ടു പരിചയിച്ച പില്‍സ്ബറി ഉള്‍പ്പെടെ നിരവധി ഗോതമ്പു വ്യവസായ കേന്ദ്രങ്ങളുടെ ആസ്ഥാനമാണിവിടം. മിനിസോട്ട സ്‌റ്റേറ്റിലാണ് മിനിയാപോളിസ് സ്ഥിതി ചെയ്യുന്നത്. ജനസംഖ്യയുടെ 36 ശതമാനം പേരും കുടിയേറ്റക്കാര്‍. സൊമാലിയയില്‍ നിന്ന് കുടിയേറിയതാണ് ഇതില്‍ മിക്കവരും. ജോലി നേടിയും അഭയാര്‍ത്ഥികളായും എത്തി അവസാനം അമേരിക്കയുടെ പൗരത്വം നേടിയര്‍. സ്വത്വ പ്രതിസന്ധി രൂക്ഷമാകുന്ന ഇത്തരം ‘അഭയാര്‍ത്ഥി പൗരന്മാര്‍ക്കു’ നേരെയാണ് തീവ്രവാദ സംഘടനകളായ ഐ.എസിന്റെയും അല്‍ശബാബിന്റെയും ദൃഷ്ടി പതിയുന്നത്. അസ്വസ്ഥമായ ഈ ജനതക്കുമേല്‍ അവര്‍ തങ്ങളുടെ വിധ്വംസക ആശയങ്ങള്‍ പ്രചരിപ്പിക്കുന്നു. ഇന്റര്‍നെറ്റിലൂടെയും സദാ ആശയവിനിമയം നടത്തുന്നു. പഠനം പൂര്‍ത്തിയാക്കാതെ പരിവര്‍ത്തനം നടത്തിയവരിലേക്ക് തങ്ങളുടെ ലക്ഷ്യങ്ങള്‍ കുത്തിവെക്കുന്നു. ഇതാണ് മതമെന്ന് അവരെ തെറ്റായി പഠിപ്പിക്കുന്നു. ഇവക്കു പുറമെ മയക്കുമരുന്നിനും മദ്യത്തിനും അടിമപ്പെട്ടവരിലേക്ക് അമേരിക്കന്‍ വിരുദ്ധ ചിന്താഗതിയും പ്രചരിപ്പിക്കുന്നു. സ്വത്വത്തില്‍ അപകര്‍ഷതയുള്ള ഒരാള്‍ക്ക് തീവ്രവാദ ആശയങ്ങള്‍ സ്വാധീനിക്കപ്പെടാന്‍ ഇതു തന്നെ ധാരാളം. ശരിയായ വിശ്വാസങ്ങള്‍ക്കു നേര്‍വിപരീതമാണ് തീവ്രവാദസംഘടനകളുടെ ആശയങ്ങള്‍.
നമ്മുടെ നാട്ടില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ് അമേരിക്കന്‍ ഭരണസംവിധാനം. ഫെഡറല്‍ ഗവണ്‍മെന്റിനു കീഴില്‍ സ്റ്റേറ്റ് ഭരണകൂടം, ജില്ലകള്‍, കൗണ്ടികള്‍ (പ്രവിശ്യ), മുന്‍സിപ്പാലിറ്റികള്‍ എന്നിങ്ങനെയാണവ. എന്നാല്‍ ചില ചെറു സ്റ്റേറ്റുകളില്‍ കൗണ്ടികളോ മുന്‍സിപ്പാലിറ്റികളോ ഇല്ലാതെയുമിരിക്കും. കൗണ്ടിയുടെ ക്രമസമാധാന ചുമതലയുള്ളയാളാണ് ഷെറീഫ്. ക്രമാധാന ചുമതല ലഭിക്കണമെങ്കില്‍ നമ്മുടെ നാട്ടില്‍ ഐ.പി.എസ് പദവിയൊക്കെ വേണം. എന്നാല്‍ ഇവിടെ ഷെറീഫിനെ തെരഞ്ഞെടുക്കുന്ന രീതിയാണ് രസകരം. വോട്ടെടുപ്പിലൂടെയാണ് ഷെറീഫ് പട്ടം ലഭിക്കുന്നത്. സൊമാലിയക്കാര്‍ ഏറ്റവും കൂടുതല്‍ ഉള്ള മിനിയാപോളിസ് ഹെനപിന്‍ എന്ന കൗണ്ടിയിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ഇവിടുത്തെ ഷെറീഫാകട്ടെ റിച്ചാര്‍ഡ് ഡബ്ല്യു. സ്റ്റാനെക്കും (പഴയ റിപ്പബ്ലിക്കന്‍ നേതാവാണ് ഇദ്ദേഹം). വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കെതിരെ സാമൂഹിക പ്രതിരോധം തീര്‍ക്കുകയാണ് ഇവരുടെ ലക്ഷ്യം. പൊതുവില്‍ കേട്ടറിഞ്ഞ സംഭവങ്ങളില്‍ നിന്ന് തീര്‍ത്തും വേറിട്ട ഇടപെടലാണ് ഗവണ്‍മെന്റില്‍ നിന്നുണ്ടാകുന്നത്. വിചാരണയും തടവുശിക്ഷയും നടപ്പാക്കുന്നതിനു മുമ്പ് തീവ്രവാദ ആശയങ്ങളില്‍ നിന്ന് തിരിച്ചുവരവിന് അവസരം നല്‍കുകയാണ് ആദ്യ നടപടിയെന്ന് ഹെനപിന്‍ ഷെറീഫ് റിച്ചാര്‍ഡ് ഡബ്ല്യു സ്റ്റാനക് പറയുന്നു. വിചാരണ കൊണ്ട് ചിലപ്പോള്‍ ഒരു കുറ്റവാളിയെ ശിക്ഷിക്കാനാവും. എന്നാല്‍ തിരിച്ചുവരവിനു അവസരമൊരുക്കുമ്പോള്‍ ഒരു നല്ല മനുഷ്യനെ രാജ്യത്തിനു ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സാമൂഹിക ബോധവല്‍ക്കരണത്തിലൂടെയും ചിട്ടയാര്‍ന്ന പ്രവര്‍ത്തനങ്ങളിലൂടെയും തീവ്രവാദ ആശയപ്രചരണം തടയാന്‍ സാധിക്കും. ഇതിനു വളര്‍ന്നു വരുന്ന തലമുറയെ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടത്. പ്രത്യേകിച്ച് എട്ടു മുതല്‍ 16 വയസ്സു വരെയുള്ള കുട്ടികളെ. വീഡിയോ ഗെയിം എന്ന വ്യാജേന അവര്‍ ഏതെങ്കിലും ബാഹ്യശക്തികളുമായി സമൂഹമാധ്യമങ്ങളില്‍ ഇടപഴകുന്നുണ്ടോയെന്ന് മാതാപിതാക്കളും സമൂഹവും ശ്രദ്ധിക്കേണ്ടതുണ്ട്. ഇതിനു വേണ്ടി മിനിസോട്ട, കോളറാഡോ സ്‌റ്റേറ്റുകള്‍ ശക്തമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഔദ്യോഗിക കണക്കനുസരിച്ച് 2007നും 2009നുമിടയില്‍ 20 പേര്‍ സൊമാലിയന്‍ തീവ്രവാദ സംഘടനയായ അല്‍ശബാബില്‍ ചേര്‍ന്നതായാണ് സൂചിപ്പിക്കുന്നത്. ഇതിലൊരാള്‍ 2008 ഒക്ടോബറില്‍ സൊമാലിയയിലുണ്ടായ ചാവേറാക്രമണത്തില്‍ കൊല്ലപ്പെട്ടു. ഇതോടെയാണ് കമ്മ്യൂണിറ്റി എങ്കേജ്‌മെന്റ് എന്ന ആശയം സ്‌റ്റേറ്റ് ഗവണ്‍മെന്റുകള്‍ ആലോചിച്ചു തുടങ്ങിയത്. വിചാരണക്കു പകരം കരുതലും ഇടപെടലുകളുമാണ് വേണ്ടതെന്ന് അവര്‍ തിരിച്ചറിഞ്ഞു. ഇതിനു ചുവടുപിടിച്ചുള്ള നീക്കങ്ങളാണ് രാജ്യത്തുടനീളം നടക്കുന്നത്. അതേസമയം, ഐ.എസില്‍ ചേരാന്‍ പോയ ഒമ്പതു പേരെ പിടികൂടി 30 വര്‍ഷം കഠിന തടവിനു ശിക്ഷിക്കേണ്ടി വന്ന സാഹചര്യവും അദ്ദേഹം പങ്കുവെച്ചു. സൊമാലിയയിലെ ആഭ്യന്തര സംഘര്‍ഷത്തെത്തുടര്‍ന്ന് അഭയാര്‍ത്ഥിയായി മാറിയ അബ്ദി മാലിക് മുഹമ്മദാണ് ഹെനപിന്‍ കൗണ്ടിയിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.

റിച്ചാര്‍ഡ് സ്റ്റാനെക്കിനോടൊപ്പം ലേഖിക

യാത്രക്കിടെ, കാര്‍ട്ടൂണ്‍ കൊണ്ട് തീവ്രവാദത്തിനെതിരെ പോരാടുന്ന മുഹമ്മദ് അഹമ്മദിനെ നേരിട്ട് പരിചയപ്പെടാനായി. വ്യക്തിത്വം രൂപപ്പെട്ടു വരുന്ന എട്ടിനും 14നുമിടക്ക് പ്രായമുള്ളവരിലേക്ക് അദ്ദേഹം തന്റെ കാര്‍ട്ടൂണുമായി ഇറങ്ങിച്ചെല്ലുന്നത്. ആവറേജ് മുഹമ്മദെന്ന അദ്ദേഹത്തിന്റെ കഥാപാത്രം ലോക പ്രശസ്തമാണ്. ഐ.എസിനെതിരെ കുട്ടികള്‍ക്കിടയില്‍ പ്രതിരോധം വലയം തീര്‍ക്കുകയാണ് അദ്ദേഹം. സഹോദരപുത്രി ഇന്റര്‍നെറ്റ് വഴി ഇത്തരം സംഘടനകളുമായി ബന്ധപ്പെട്ടതായി അറിവ് ലഭിച്ചതോടെയാണ് ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുമായി മുഹമ്മദ് ഇറങ്ങിത്തിരിച്ചത്. അസ്വസ്ഥനായി കാണപ്പെടുമെങ്കിലും എളിമയാണ് അദ്ദേഹത്തിന്റെ മുഖമുദ്ര. തീവ്രവാദത്തെക്കുറിച്ച് ആഖ്യാനങ്ങള്‍ മാറിയിട്ടുണ്ട്. മേല്‍കോയ്മ കാത്തു സൂക്ഷിക്കുന്ന വെള്ളക്കാരുടെ ചിന്താഗതിയും ഇനി മാറേണ്ടതുണ്ട്. ഈ വര്‍ഷത്തെ സിറ്റിസണ്‍ ഡിപ്ലമേറ്റ് അവാര്‍ഡ് നേടിയ മുഹമ്മദ് പറഞ്ഞു. ഹിമപ്പുതപ്പണിഞ്ഞ വീടിനു പുറത്തിറങ്ങി അദ്ദേഹം ഞങ്ങളെ അനുഗമിച്ചു. ഒപ്പം നിന്ന് ഫോട്ടോയെടുത്തു. ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്യുന്നതില്‍ വിരോധമില്ലല്ലോയെന്ന് കള്ളിചിരിയാല്‍ ചോദിച്ചു. ആതിഥ്യ മര്യാദകള്‍ പാലിച്ച് വീണ്ടും കാണാമെന്് പറഞ്ഞ് അദ്ദേഹം ഞങ്ങളെ യാത്രായാക്കി.

തണുപ്പിനെ പ്രതിരോധിക്കാന്‍ കെട്ടിടങ്ങള്‍ തമ്മില്‍ ആകാശപാതകള്‍ (സ്‌കൈവാക്ക്) ഒരുക്കിയിട്ടുണ്ടെങ്കിലും ഞങ്ങള്‍ മിക്കപ്പോഴും തെരഞ്ഞെടുത്തത് റോഡ് യാത്ര തന്നെയായിരുന്നു. അത്തരത്തില്‍ ടാര്‍ഗറ്റ് ലക്ഷ്യമാക്കി നടക്കുമ്പോഴാണ് ഒരു കെട്ടിടം കണ്ണിലുടക്കിയത്. പടുകൂറ്റന്‍ കെട്ടിടത്തിന്റെ പേര് നോക്കിയപ്പോള്‍ മയോക്ലീനിക്ക്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, എ.കെ ആന്റണി, മുന്‍സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍ തുടങ്ങി നിരവധി പ്രമുഖര്‍ ചികിത്സ തേടിയ ആതുരാലയമാണ് മയോക്ലീനിക്ക്. അല്‍പനേരം അവിടമൊക്കെ ചുറ്റി കണ്ടശേഷം ലക്ഷ്യസ്ഥാനത്തേക്ക് വീണ്ടും നടന്നു.
മോളി വരച്ച അമേരിക്കന്‍ ഭൂപടത്തിന്റെ അടുത്ത സൂചികയിലേക്കാണ് ഇനിയുള്ള യാത്ര. ഡെന്‍വര്‍, കോളറാഡോയിലെ പര്‍വ്വത നഗരം. വിമാനയാത്രയില്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ഇടക്കിടെ മോളി ഓര്‍മിപ്പിച്ചു കൊണ്ടിരുന്നു. ധാരാളം വെള്ളം കുടിക്കണം. ഈര്‍പ്പം (ഹ്യുമിഡിറ്റി) കുറവുള്ള പ്രദേശമായതിനാല്‍ പലതരം വ്യത്യാസങ്ങള്‍ നമ്മുടെ ശരീരത്തിലുണ്ടാകും. വായു നേര്‍ത്തും വരണ്ടുമിരിക്കും. നിര്‍ജലീകരണം അപകടം വരുത്തുമെന്നും മോളി പറഞ്ഞുകൊണ്ടേയിരുന്നു.
മിനിയാപോളിസിനെ അപേക്ഷിച്ച് തണുപ്പ് കുറവാണ് ഡെന്‍വറില്‍. ഇവിടെയെത്തിയ ആദ്യ ദിവസം ഔദ്യോഗിക കൂടിക്കാഴ്ചകള്‍ ഇല്ലാത്തതിനാല്‍ നാടു കാണാനിറങ്ങി ഞങ്ങള്‍. മലയാളി മീഡിയാ ഫോറം അംഗം സമീര്‍ക്ക ഞങ്ങളെ മാരിസണിലെ റെഡ്‌റോക്ക് ആംഫി തിയറ്ററിലേക്ക് കൊണ്ടുപോയി. ഇടവിടുത്തെ സൂര്യാസ്തമയം പ്രത്യേക ദൃശ്യാനുഭവം തന്നെയാണ്. തലയെടുപ്പോടെ നില്‍ക്കുന്ന ചുവന്ന പാറക്കെട്ടുകള്‍. അവ തുരന്നെടുത്ത് പ്രത്യേക രീതിയില്‍ കാര്‍വ് ചെയ്ത അര്‍ധവൃത്താകൃതിയിലുള്ള മേല്‍ക്കൂരയില്ലാത്ത തിയറ്റേറാണ് ആംഫി തിയേറ്റര്‍. വിശാലമായ പടികള്‍ക്കു താഴെയായാണ് വേദി ഒരുക്കിയിരിക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥരും ഭരണകൂട മേധാവികളുമായിരുന്നു ഡെന്‍വറില്‍ ഞങ്ങള്‍ക്ക് കാണാനുണ്ടായിരുന്നത്. സ്‌റ്റേറ്റ് അറ്റോര്‍ണി ബോബ് ട്രോയറാണ് ഇതില്‍ പ്രധാനി. കുഞ്ഞു ശരീരവും നിഷ്‌കളങ്കമായ ചിരിയുമായി അദ്ദേഹം ഞങ്ങളെ സ്വീകരിച്ചു. കുടിയേറ്റക്കാരെ തീവ്രവാദികളായി കാണേണ്ടതില്ലെന്ന അഭിപ്രായമാണ് ബോബും പങ്കുവെച്ചത്. തീവ്രവാദം ചുമത്തി യുവത്വത്തെ തച്ചുടക്കാതെ തിരിച്ചുവരവിന് അവര്‍ക്ക് അവസരമൊരുക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ഐ.എസ് ആശയങ്ങളില്‍ ആകര്‍ഷിക്കപ്പെട്ട് മൂന്നു പെണ്‍കുട്ടികള്‍ 2014ല്‍ സിറിയയിലേക്ക് പോകാന്‍ ശ്രമിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സാമുഹിക ഇടപെടലെന്ന ജനകീയദൗത്യം കോളറാഡോയില്‍ തുടക്കമിട്ടത്. അടുത്ത യാത്ര അറോറ കമ്മ്യൂണിറ്റി കോളജിലേക്കായിരുന്നു. ബോബ് പെയ്‌സിനെയും അഹമ്മദ് സ്വാലിഹിനെയും പരിചയപ്പെടാന്‍ സാധിച്ചു. അറോറ കമ്മ്യൂണിറ്റി കോളജിലെ അധ്യാപകനാണ് ബോബ്. കുടിയേറ്റ കുട്ടികളെ അന്യതാബോധം ഇല്ലായ്മ ചെയ്യുകയാണ് അദ്ദേഹത്തിന്റെ പ്രധാന ദൗത്യം. അല്‍ നൂര്‍ ഇസ്‌ലാമിക് സെന്ററിലെ അഹമ്മദ് സ്വാലിഹ് ആകട്ടെ മതപഠനത്തിലൂടെ കുട്ടികള്‍ക്ക് കൃത്യമായ ദിശാബോധം നല്‍കുന്നു. അമേരിക്കയെ ഭയപ്പെടേണ്ടതില്ലെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഭരണകൂടം മാറുമെങ്കിലും അമേരിക്കന്‍ നയങ്ങള്‍ എന്നും ഒന്നു തന്നെയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
യാത്രയില്‍ ഔദ്യോഗികപക്ഷത്തിന്റെ ഒരുപാട് പ്രതിനിധികളെ കണ്ടെങ്കിലും യഥാര്‍ത്ഥത്തില്‍ അമേരിക്കയുടെ ചിത്രം വരച്ചത് ഞങ്ങളുടെ സരാഥികളായ അന്യ ദേശക്കാരായിരുന്നു. അള്‍ജീരിയക്കാരന്‍ മുസ്തഫാ സെയിദും സിയാനുമൊക്കെ അമേരിക്കയുടെ യഥാര്‍ത്ഥ ജീവിതം തുറന്നുകാട്ടി. മീഡിയ ഫോറത്തിലെ പ്രതിനിധികളുമായി വീഡിയോ സംവാദത്തിന് അവസരമൊരുക്കിയ മലയാളികളും വീട്ടില്‍ സല്‍ക്കരിച്ച നിയാസ്‌, ഭാര്യ ഷമീം, റിയാസ്‌ ഭാര്യ ആയിഷ ഫര്‍സീന തുടങ്ങിയവരും പിന്നെ സമീര്‍ക്കയും അഫ്‌സല്‍ക്കയുമൊക്കെയാണ് യു.എസ് എന്ന മഹാനഗരത്തെക്കുറിച്ചുള്ള ഓരോ കാര്യങ്ങളും പറഞ്ഞുതന്നത്.

നിയാസ്‌ക്ക, ഭാര്യ ഷമീം, റിയാസ്‌ക്ക ഭാര്യ ആയിഷ ഫര്‍സീന

ഡെന്‍വറിലെ ജീവിതത്തില്‍ ഏറ്റവും കൗതുകകരമായത് എംബസി സ്യൂട്‌സിലെ താമസമാണ്. ഹ്യുമിഡിറ്റി കുറവായതിനാല്‍ എന്നെയും ചെന്നൈയിലെ യു.എസ് കൗണ്‍സുലേറ്റ് ഉദ്യോഗസ്ഥനെയും എപ്പോഴും ഷോക്കടിക്കുമെന്നതാണ് രസകരം. ലിഫ്റ്റിലും റൂമിന്റെ കീയില്‍ നിന്നുമെല്ലാം നിരന്തരം ഷോക്കേല്‍ക്കുന്നതിനേക്കാള്‍ 14-ാം നിലയില്‍ നിന്ന് താഴെയെത്തണമെങ്കില്‍ ഏതെങ്കിലും സായിപ്പിന്റെയോ മദാമയുടെയോ സഹായം വേണമായിരുന്നുവെന്ന് സാരം. യു.എസില്‍ കാലുകുത്തിയതു മുതല്‍ ശ്രദ്ധയില്‍പ്പെട്ട മറ്റൊരു കാര്യമാണ് വിശാലമായ അഭിപ്രായ സ്വാതന്ത്ര്യം. നേരില്‍ കണ്ട ഭരണകൂട പ്രതിനിധികളെല്ലാം പ്രസിഡന്റ് ട്രംപിനെ എതിര്‍ത്താണ് സംസാരിച്ചത്. അദ്ദേഹത്തിന്റെ നയങ്ങളോടാണ് അവര്‍ക്ക് എതിര്‍പ്പ്. അവരുടെ തുറന്നുപറച്ചിലുകള്‍ കേള്‍ക്കുമ്പോള്‍ നമ്മുടെ നാട്ടിലെ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ വ്യാപ്തി എത്രത്തോളമുണ്ടെന്ന് ഓര്‍ത്ത് ലജ്ജിതയായി.

മ്യൂനിച്ച് വഴിയായിരുന്നു മടക്കയാത്ര. ഡോളറുകള്‍ ചെലവഴിച്ച് പെട്ടികളുടെ എണ്ണം കൂട്ടുന്നതു കണ്ട് സംഘത്തിലെ യാത്രപരിചയമുള്ളയാള്‍ കസ്റ്റംസിന്റെ പിടി വീഴുമെന്ന് ഓര്‍മെപ്പെടുത്തി. 16 മണിക്കൂര്‍ യാത്രക്കൊടുവില്‍ മുംബൈയിലെത്തിയപ്പോള്‍ രാത്രി 12 മണി. പുലര്‍ച്ചെ 5.30നാണ് മുംബൈയില്‍ നിന്നും കൊച്ചിയിലേക്കുള്ള വിമാനം. വീടു പിടിക്കാനുള്ള ആവേശമുണ്ടെങ്കിലും കാലാവസ്ഥയിലുള്ള മാറ്റം അസഹ്യമായി തോന്നി. തണുപ്പേറിയ കാലാവസ്ഥ മനസ്സിനേറെ ആനന്ദപ്രദമാണെന്ന് ചിന്തിച്ചിരിക്കെ ക്യാപ്റ്റന്‍ പല്ലവി ലക്ഷ്മണ്‍ മൈക്കെടുത്തു, ശുഭദിനം ആശംസിച്ചു. ഇനി കോഴിക്കോട്ടെത്തണം, വീടു പിടിക്കണം. മാധ്യമസുഹൃത്തുക്കളോടും വീട്ടുകാരോടും അമേരിക്കന്‍ വീമ്പു പറയണം. ‘ചന്ദ്രിക’ഡിജിഎം നജീബ് ആശംസിച്ചതു പോലെ എല്ലാ വര്‍ഷവും ഔദ്യോഗിക ക്ഷണിതാവായി അമേരിക്ക പോലെ ഏതെങ്കിലുമൊരു രാജ്യത്തേക്ക് യാത്ര പോകണം. കുന്നോളം ആഗ്രഹങ്ങളുണ്ടെങ്കിലെ കുഞ്ഞികുരുവോളം ലഭിക്കുകയുള്ളൂവെന്ന് പറയുന്നപോലെ ഇനിയും ഇത്തരം അവസരങ്ങളുണ്ടാവട്ടെ…. യാത്രകള്‍ തന്നെയാണ് ജീവിതത്തിന് പുതിയ മാനങ്ങള്‍ നല്‍കുന്നത്.

 

Film

‘സിഗ്‌നേച്ചര്‍ ഇന്‍ മോഷന്‍ ഫിലിംസ്’ വിഭാഗത്തിന് മികച്ച പ്രതികരണം; പ്രദര്‍ശിപ്പിക്കുന്നത് 3 ആനിമേഷന്‍ ചിത്രങ്ങള്‍

എ ബോട്ട് ഇന്‍ ദ ഗാര്‍ഡന്‍, ഷിര്‍ക്കോവ: ഇന്‍ ലൈസ് വി ട്രസ്റ്റ്, ചിക്കന്‍ ഫോര്‍ ലിന്‍ഡ എന്നിവയാണ് പ്രേക്ഷക ശ്രദ്ധയാകര്‍ഷിക്കുന്നത്

Published

on

29ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിലെ ‘സിഗ്‌നേച്ചര്‍ ഇന്‍ മോഷന്‍ ഫിലിംസ്’ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന മൂന്ന് ആനിമേഷന്‍ ചിത്രങ്ങള്‍ക്കും മികച്ച പ്രതികരണം. എ ബോട്ട് ഇന്‍ ദ ഗാര്‍ഡന്‍, ഷിര്‍ക്കോവ: ഇന്‍ ലൈസ് വി ട്രസ്റ്റ്, ചിക്കന്‍ ഫോര്‍ ലിന്‍ഡ എന്നിവയാണ് പ്രേക്ഷക ശ്രദ്ധയാകര്‍ഷിക്കുന്നത്. കഴിഞ്ഞ ഐഎഫ്എഫ്‌കെയിലാണ് ആനിമേഷന്‍ സിനിമകള്‍ മേളയില്‍ ഒരു പ്രത്യേക വിഭാഗമായി ആദ്യം അവതരിപ്പിച്ചത്.

ആനിമേഷന്‍ ചിത്രങ്ങള്‍ക്ക് കിട്ടുന്ന അംഗീകാരവും പ്രാധാന്യവും കേരളത്തിന്റെ ചലച്ചിത്ര സംസ്‌കാരത്തിലേക്കും കൊണ്ടുവരാനാണ് ‘സിഗ്‌നേച്ചര്‍ ഇന്‍ മോഷന്‍ ഫിലിംസ്’ വിഭാഗത്തിലൂടെ ശ്രമിക്കുന്നതെന്ന് ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ് പറഞ്ഞു. ആനിമേഷന്‍ സിനിമകളോട് പുതുതലമുറയ്ക്ക് ഏറെ പ്രിയമാണെന്നും മറ്റ് സിനിമകളെപ്പോലെ തന്നെ പ്രാധാന്യം നല്‍കേണ്ടതാണെന്നുമുള്ള വസ്തുത കൂടി കണക്കിലെടുത്താണ് ‘സിഗ്‌നേച്ചര്‍ ഇന്‍ മോഷന്‍ ഫിലിംസ്’ പാക്കേജ് ഒരുക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശിയാറാ മാള്‍ട്ടയും സെബാസ്റ്റ്യന്‍ ലോഡെന്‍ബാക്കും ചേര്‍ന്ന് സംവിധാനവും തിരക്കഥയും നിര്‍വഹിച്ച ചിത്രമാണ് ചിക്കന്‍ ഫോര്‍ ലിന്‍ഡ. പാചകമറിയാത്ത പോളിറ്റ്, മകള്‍ ലിന്‍ഡയെ അന്യായമായി ശിക്ഷിച്ചതിന് പ്രായശ്ചിത്തമായി ചിക്കന്‍ വിഭവം തയ്യാറാക്കാന്‍ നെട്ടോട്ടമോടുന്ന കഥയാണ് ചിത്രം പറയുന്നത്. 2023ലെ സെസാര്‍ പുരസ്‌കാരവും മാഞ്ചസ്റ്റര്‍ ആനിമേഷന്‍ ഫെസ്റ്റിവലില്‍ മികച്ച ആനിമേഷന്‍ ചിത്രത്തിനുമുള്ള പുരസ്‌കാരവും ലഭിച്ചിട്ടുണ്ട് ചിക്കന്‍ ഫോര്‍ ലിന്‍ഡയ്ക്ക്.

ജീന്‍ ഫ്രാന്‍സ്വ സംവിധാനം ചെയ്ത എ ബോട്ട് ഇന്‍ ദ ഗാര്‍ഡന്‍, സര്‍ഗാത്മക സ്വപ്നങ്ങള്‍ കാണുന്ന ഫ്രാന്‍സ്വ എന്ന കുട്ടിയുടെ കഥയാണ് പറയുന്നത്. കാന്‍ ചലച്ചിത്രമേള ഉള്‍പ്പെടെ വിവിധ അന്താരാഷ്ട്ര മേളകളില്‍ ചിത്രം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

പരസ്പര വ്യത്യാസം മറയ്ക്കാന്‍ തല കടലാസുസഞ്ചികള്‍ കൊണ്ട് മൂടിയ ഒരുജനതയുടെ കഥയാണ് ഇഷാന്‍ ശുക്ല സംവിധാനം ചെയ്ത ‘ഷിര്‍ക്കോവ: ഇന്‍ ലൈസ് വി ട്രസ്റ്റി’ല്‍ പറയുന്നത്. 2024ല്‍ റോട്ടര്‍ഡാം അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം സിനിമ സ്വന്തമാക്കിയിട്ടുണ്ട്.

Continue Reading

Film

റിലീസിന് 33 വര്‍ഷങ്ങള്‍ക്ക് ശേഷവും ആവേശം ചോരാതെ അമരം

ഛായഗ്രാഹകന്‍ മധു അമ്പാട്ടിനൊപ്പം സിനിമ കാണാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തില്‍ ആരാധകര്‍

Published

on

29ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ മധു അമ്പാട്ട് റെട്രോസ്‌പെക്റ്റീവ് വിഭാഗത്തില്‍ മലയാള ചലച്ചിത്രം ‘അമരം’ പ്രദര്‍ശിപ്പിച്ചു. ലോഹിതദാസ് തിരക്കഥയെഴുതി ഭരതന്‍ സംവിധാനം ചെയ്ത് 1991ല്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ ചായഗ്രഹകന്‍ മധു അമ്പാട്ടാണ്.

സിനിമയുടെ പല രംഗങ്ങള്‍ക്കും വന്‍ കൈയടിയാണ് ലഭിച്ചത്. സിനിമയുടെ ഭാഗമായ, മണ്മറഞ്ഞു പോയ കലാകാരന്മാരുടെ ഓര്‍മ പുതുക്കല്‍ വേദി കൂടിയായി പ്രദര്‍ശനം മാറി. സിനിമയിലെ എല്ലാ രംഗങ്ങളും തനിക്ക് പ്രിയപ്പെട്ടതാണെന്നു ചോദ്യോത്തരവേളയില്‍ മധു അമ്പാട്ട് പ്രതികരിച്ചു. സിനിമാ ജീവിതത്തില്‍ അന്‍പത് വര്‍ഷം തികയ്ക്കുന്ന മധു അമ്പാട്ടിനോടുള്ള ആദരസൂചകമായാണ് മേളയില്‍ ‘അമരം’ പ്രദര്‍ശിപ്പിച്ചത്.

Continue Reading

Film

ഭാസ്‌കരന്‍ മാഷിന്റെ ഓര്‍മകളില്‍ വിപിന്‍ മോഹന്‍ ; നീലക്കുയില്‍ ഐ.എഫ്.എഫ്.കെയില്‍

ഭാസ്‌കരന്‍ മാഷിന്റെ നൂറാം ജന്മ വാര്‍ഷികത്തോടനുബന്ധിച്ചു നടന്ന ചടങ്ങിനെ തുടര്‍ന്ന് ‘നീലക്കുയില്‍’ പ്രദര്‍ശിപ്പിച്ചു.

Published

on

29 ാമത് ഐഎഫ്എഫ്‌കെയുടെ അഞ്ചാം ദിനത്തില്‍ പി. ഭാസ്‌കരന്റെ സ്മരണകള്‍ ഉണര്‍ത്തി നീലക്കുയിലിന്റെ പ്രദര്‍ശനം നടന്നു. നീലക്കുയിലില്‍ ബാലതാരമായി അഭിനയിച്ച പ്രശസ്ത ഛായാഗ്രാഹകന്‍ വിപിന്‍ മോഹനെ നിള തിയേറ്ററില്‍ നടന്ന ചടങ്ങില്‍ ആദരിച്ചു. ചിത്രത്തിലെ ജീവിച്ചിരിക്കുന്ന ഏക അഭിനേതാവായ വിപിന്‍ മോഹന് ചലച്ചിത്ര അക്കാദമിയുടെ ആദരം സെക്രട്ടറി സി. അജോയ് അര്‍പ്പിച്ചു.

നീലക്കുയിലിന്റെ ചിത്രീകരണത്തിന്റെയും ഭാസ്‌കരന്‍ മാഷിന്റെ കൂടെ പ്രവര്‍ത്തിച്ചതിന്റെയും ഓര്‍മ്മകളില്‍ വിപിന്‍ മോഹന്‍ വാചാലനായി. ഭാസ്‌ക്കരന്‍ മാഷ് തനിക്കൊരു സഹോദരനെപ്പോലെയാണെന്നു അദ്ദേഹം പറഞ്ഞു. ഐക്യകേരളം സ്വപ്നം കാണുകയും ,കേരളത്തിന്റെ രാഷ്ട്രീയ ഭൂതകാലത്തില്‍ വിപ്ലവത്തിന്റെ വെളിച്ചം വിതറുകയും ചെയ്ത പി.ഭാസ്‌കരന്‍ നവോത്ഥാന കേരളത്തിന്റെ നായകനാണെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്‌സണ്‍ പ്രേംകുമാര്‍ അഭിപ്രായപ്പെട്ടു.

‘മലയാള സിനിമയിലും ആകാശവാണിയിലെ പ്രവര്‍ത്തന രീതിയിലും സാഹിത്യ സംസ്‌ക്കാരത്തിന് രൂപം നല്‍കിയത് ഭാസ്‌കരന്‍ മാഷാണ്, മലയാള സിനിമയില്‍ ആദ്യമായി തനതായ ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയതും അദ്ദേഹം തന്നെയാണ്. എന്നാല്‍ ഇന്ന് ആ പാട്ടുകളിലൂടെ മാത്രം ഓര്‍മിക്കപ്പെടുന്ന അദ്ദേഹത്തിന്റെ സംവിധാന മികവ് പലപ്പോഴും നാം മറക്കുന്നു’ സിനിമാനിരൂപകനും സംവിധായകനുമായ വിജയകൃഷ്ണന്‍ അഭിപ്രായപ്പെട്ടു.

Continue Reading

Trending