അഡ്വ. എം.എസ് വിഷ്ണുശങ്കര്‍
നമ്മുടെ ജനാധിപത്യ സംവിധാനത്തിലെ സവിശേഷ ഘടകങ്ങളിലൊന്നാണ് കീഴ് കോടതികള്‍ മുതല്‍ പരമോന്നത കോടതിയായ സുപ്രീം കോടതി വരെയുള്ള നീതിന്യായ വ്യവസ്ഥ. ഭരണഘടന പൗരന് ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍ നേടിയെടുക്കുന്നതിനുള്ള അവസാന അത്താണിയായാണ് കോടതികള്‍ പ്രവര്‍ത്തിക്കാറുള്ളത്. അതുകൊണ്ടു തന്നെ കോടതികള്‍ പുറപ്പെടുവിക്കുന്ന വിധിന്യായങ്ങള്‍ മുതല്‍ അവയുടെ ചെറു ചലങ്ങള്‍ വരെ അതീവ ശ്രദ്ധയോടെയാണ് സമൂഹം വീക്ഷിക്കാറ്.
പരമോന്നത നീതി പീഠത്തിലെ ഏറ്റവും മുതിര്‍ന്ന നാല് ന്യായാധിപന്മാര്‍ ഒരുമിച്ചു തലസ്ഥാന നഗരിയില്‍ മാധ്യമങ്ങളെയും അതുവഴി പൊതുസമൂഹത്തെയും അഭിസംബോധന ചെയ്തിരിക്കുന്നു. കേട്ടു കേള്‍വിയില്ലാത്ത സംഭവമാണിത്. അവര്‍ ഉന്നയിക്കുന്ന ആരോപണങ്ങളാണ് കാര്യത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നത്. ‘ഇന്ത്യന്‍ നീതി പീഠത്തിന്റെ പോക്ക് ശരിയായ ദിശയിലല്ലെന്നും, തീര്‍ത്തും അസാധാരണമായ സാഹചര്യമാണ് സുപ്രീം കോടതിയില്‍ നിലനില്‍ക്കുന്നതെന്നും, സുപ്രീം കോടതി തകരുകയാണെങ്കില്‍ രാജ്യത്തെ ജനാധിപത്യ വ്യവസ്ഥ തന്നെ തകരുമെന്നും’ സുപ്രീം കോടതി കൊളീജിയത്തിന്റെ ഭാഗമായ നാലു ന്യായാധിപന്മാര്‍ ആരോപിക്കുന്നു, അഥവാ ആത്മവിമര്‍ശനം നടത്തുന്നു.
കഴിഞ്ഞ നാലു വര്‍ഷത്തോളമായി തുടര്‍ച്ചയായി കണ്ടു കവരുന്ന പ്രതിഭാസമാണ് സുപ്രീം കോടതി നടപടികളില്‍ കേന്ദ്ര സര്‍ക്കാരിന്റെ അമിതമായ ഇടപെടലും ന്യായാധിപന്മാര്‍ തമ്മിലുള്ള വാഗ്വാദങ്ങളും അതിനെ തുടര്‍ന്നുണ്ടാവുന്ന പരസ്യ പ്രസ്താവനകളും. ഇത് ആരോഗ്യപരമായ നീതി ന്യായ വ്യവസ്ഥക്കും ജനാധിപത്യ പ്രക്രിയക്കും വളരെ ദോഷകരമായ വസ്തുതയാണ്.
നേരത്തേ മുതല്‍ പല തരത്തിലുമുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ കോടതി സംവിധാനങ്ങളെ കുറിച്ചുണ്ടായിരുന്നു. അതില്‍ ശ്രദ്ധേയമായവയാണ് സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് ആയിരുന്ന ടി എസ് താക്കൂറിന്റെയും ജസ്റ്റിസ് കര്‍ണന്റെയും വാക്കുകള്‍. 2016-ല്‍ അഹമ്മദാബാദ് ഹൈക്കോടതിയുടെ നൂറ്റി അന്‍പതാം വാര്‍ഷിക പരിപാടിയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇന്ത്യന്‍ നീതിന്യായ സംവിധാനം വിശ്വാസ തകര്‍ച്ച അഭിമുഖീകരിക്കുന്നതെന്ന പ്രസ്താവന ഇറക്കുന്നത്. അതീവ ഗൗരവത്തോടെയാണ് അന്ന് ഇക്കാര്യം ചര്‍ച്ചയായത്. പിന്നീടാണ് ജസ്റ്റിസ് കര്‍ണന്‍ ന്യായാധിപന്മാര്‍ക്കിടയിലെ അഴിമതിയെക്കുറിച്ചും, ദലിതരായ ന്യാധിപന്മാര്‍ നേരിടുന്ന അവഹേളനത്തിനെതിരെയും രംഗത്ത്‌വരുന്നത്. അന്ന് കോടതിയലക്ഷ്യത്തിന്റെ പേരില്‍ ജയില്‍ ശിക്ഷ അനുഭവിച്ച ജസ്റ്റിസ് കര്‍ണന്‍ ഈയടുത്താണ് ജയില്‍ മോചിതനാകുന്നത്. ഇതെല്ലം ഒറ്റപ്പെട്ട സംഭവങ്ങളായിരുന്നു. എന്നാല്‍ ഇന്ന് അരങ്ങേറിയത് അടിയന്തിരാവസ്ഥക്ക് ശേഷം തങ്ങള്‍ കൂടി ഉള്‍പ്പെടുന്ന വ്യവസ്ഥക്കെതിരെയുള്ള ന്യാധിപന്‍മാരുടെ പരസ്യ പ്രതിഷേധമായിരുന്നു. ഇന്ത്യന്‍ നിയമ വ്യവസ്ഥയുടെ ചരിത്രത്തില്‍ അസ്വാഭാവികമായ നടപടിയായിട്ടായിരിക്കും ഈ സംഭവം രേഖപ്പെടുത്തുക.
2016-ല്‍ ആണ് ദീപക് മിശ്ര ചീഫ് ജസ്റ്റിസ് ആവുന്നത്. തുടര്‍ന്നദ്ദേഹം 2017-ല്‍ കൊളീജിയത്തിന്റെ അധ്യക്ഷനാവുകയും അദ്ദേഹത്തിന്റെ പല തീരുമാനങ്ങളും രൂക്ഷ വിമര്‍ശങ്ങള്‍ക്കിടയാവുകയും ന്യായാധിപന്മാര്‍ പലപ്പോഴും ഇതിനെതിരെ രംഗത്ത് വരികയും ഉണ്ടായി. ജസ്റ്റിസ് ചെലമേശ്വര്‍ 2017-ല്‍ കൊളീജിയം പ്രവര്‍ത്തങ്ങളില്‍ നിന്നും വിട്ടു നില്‍ക്കുകയും തുറന്ന കത്ത് ചീഫ് ജസ്റ്റിസിന് അയക്കുകയും ചെയ്തു. ഈ സംഭവം കൊളീജിയവും ചീഫ് ജസ്റ്റിസിന്റെ നിലപാടുകളും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ മറനീക്കി പുറത്തു വന്നതായിരുന്നു. അന്നുമുതലാണ് ജസ്റ്റിസ് ചെലമേശ്വറിന്റെ നേതൃത്വത്തിലുള്ള വിഭാഗവും ചീഫ് ജസ്റ്റിസ് അനുകൂല വിഭാഗം എന്ന നിലയിലുള്ള പരസ്യമായ ചേരിതിരിവ് സുപ്രീം കോടതിയില്‍ കണ്ടു തുടങ്ങിയത്. ഇവര്‍ക്കിടയിലെ ശീത സമരം പലപ്പോഴും സുപ്രീം കോടതി നടപടികളില്‍ പ്രതിഫലിച്ചിരുന്നു.
ഏറ്റവും ഒടുവില്‍ കഴിഞ്ഞ ഡിസംബറില്‍ മെഡിക്കല്‍ കോളജുമായി ബന്ധപ്പെട്ട അഴിമതി കേസ് അഭിഭാഷക കാമിനി ജയ്സ്വാള്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്യുകയും അതില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ പരോക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. ഈ കേസ് ജസ്റ്റിസ് ചെലമേശ്വറിന്റെ മുന്നില്‍ വരികയും അദ്ദേഹം കേസ് പ്രത്യേക പരിഗണനക്ക് മാറ്റിവക്കുകയും ചെയ്തു. എന്നാല്‍ ചീഫ് ജസ്റ്റിസ് ഈ കേസിനെ സമീപിച്ചത് മറ്റൊരു രീതിയിലാണ്. അദ്ദേഹത്തിന്റെ ഭരണപരമായ അധികാരമുപയോഗിച്ചു സ്വന്തം ബെഞ്ചിലേക്ക് കേസ് മാറ്റുകയും ജസ്റ്റിസ് ചെലമേശ്വറിനെ ഒഴിവാക്കി ബെഞ്ച് രൂപീകരിക്കുകയും ചെയ്തു, പിന്നീട് കോടതി അലക്ഷ്യത്തിനു അഭിഭാഷകക്കെതിരെ കേസ് എടുക്കും എന്ന താക്കീതോടെ അഴിമതി ആരോപണ കേസ് തള്ളുകയും ചെയ്തു.
അമിതമായ രാഷ്ട്രീയ ഇടപെടലുകള്‍ കോടതി പ്രവര്‍ത്തനങ്ങളെ പലപ്പോഴും വളരെ ദോഷകരമായ രീതിയില്‍ ബാധിച്ചിട്ടുണ്ട്. ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ഇത്തരത്തിലുള്ള ഇടപെടലുകള്‍ നിരന്തര സംഭവങ്ങളായി മാറി. പല കേസുകളിലും സര്‍ക്കാരിന്റെ താല്‍പര്യങ്ങള്‍ പ്രകടമായിരുന്നു. ആധാറിന്റെ സുരക്ഷയും മറ്റുമായി ബന്ധപ്പെട്ട് ഫയല്‍ ചെയ്ത കേസില്‍ സര്‍ക്കാരിന്റെ അമിത താല്‍പര്യമാണ് പലപ്പോഴും കാണപ്പെട്ടത്. അതിന്റെ ഭാഗമായി ഇന്നും ആധാര്‍ കേസ് തീരുമാനമാകാതെ നീട്ടികൊണ്ടുപോകുന്നു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പലപ്പോഴും നിക്ഷ്പക്ഷത പാലിക്കാതെ സര്‍ക്കാരിന്റെ വക്താവായി മാറുന്ന കാഴ്ചയും കാണുന്നുണ്ട്.
2014-ല്‍ അമിത് ഷാ ബി.ജെ.പിയുടെ ദേശീയ അധ്യക്ഷനായതിനു ശേഷമാണ് അദ്ദേഹത്തിനെതിരെയുള്ള വ്യാജ ഏറ്റുമുട്ടല്‍ കേസ് വിധി പറയേണ്ട സി.ബി.ഐ കോടതി ന്യായാധിപനായ ജസ്റ്റിസ് ബി.എച് ലോയയുടെ മരണം സംഭവിക്കുന്നത്. ഈ മരണത്തിലെ ദുരൂഹത പുറത്തുകൊണ്ട് വരാനും അന്വേഷണം നടത്താനുമായി സമര്‍പ്പിച്ച അപേക്ഷയില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര തീരുമാനമെടുക്കാതെ നീട്ടികൊണ്ട്‌പോകുന്നതും പ്രതിഷേധത്തിന് ഇടയാക്കി എന്ന് പറയാം. ഫെബ്രുവരി 8-മുതല്‍ അന്തിമ വാദം കേള്‍ക്കാനിരിക്കുന്ന അയോധ്യ കേസില്‍ ഇനി എന്ത് സംഭവിക്കുമെന്നതാണ് രാജ്യം ഉറ്റു നോക്കുന്ന പ്രധാന കാര്യം. ഇന്നത്തെ സംഭവ വികാസങ്ങള്‍ ഈ കേസില്‍ എന്ത് ചലനമുണ്ടാക്കുമെന്നാണ് അറിയാനുള്ളത്. നീതിന്യായ വ്യവസ്ഥയിലെ സര്‍ക്കാരിന്റെ അമിതമായ ഇടപെടലുകള്‍ ജനാധിപത്യത്തിനു ഭീഷണിയും അരാജകത്വത്തിന്റെ തുടക്കവുമാണ്.
അഭിഭാഷകര്‍ക്കിടയിലുള്ള കിടമത്സരങ്ങള്‍ സ്വാഭാവികമാണ്, എന്നാല്‍ ന്യായാധിപന്മാര്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളും മത്സരങ്ങളും സ്വതന്ത്രമായ നീതി ന്യായ വ്യവസ്ഥക്ക് ഒരിക്കലും യോജിച്ചതല്ല. ജനാധിപത്യത്തിന്റെ മൂന്നാം തൂണായ ജുഡീഷ്യറിയുടെ തകര്‍ച്ച നാം അഭിമാനിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തിന്റെ തകര്‍ച്ചയിലേക്കായിരിക്കും നയിക്കുക. സംഭവ വികാസങ്ങളുടെ പരിഹാരം ജുഡീഷ്യറി തന്നെ എത്രയും പെട്ടെന്ന് കണ്ടെത്തേണ്ടതാണ്. അല്ലാത്ത പക്ഷം പൊതുജനത്തിന് ഈ സംവിധാനങ്ങളോടുള്ള വിശ്വാസം നഷ്ടപ്പെടുകയായിരിക്കും ആത്യന്തിക ഫലം