Connect with us

Video Stories

വെല്ലുവിളികള്‍ക്കു നടുവില്‍ ഗുജറാത്ത് ബി.ജെ.പി

Published

on

 

ശീതകാലം ഗുജറാത്തില്‍ വരവറിയിച്ചു തുടങ്ങിയിരിക്കുന്നു. പുലര്‍വേളയില്‍ നല്ല തണുപ്പ്. ഉള്ളിലെ തണുപ്പിനെ തോല്‍പ്പിച്ച ഗുജറാത്തിന്റെ വ്യാപാര മനസ്സ് വെള്ള കീറും മുമ്പെ തൊഴില്‍ നിരതമാണ്. നൂറ്റാണ്ടുകളായി ഇന്ത്യന്‍ വ്യാപാര മേഖലയുടെ കുത്തക ഈ അധ്വാനശീലം കൊണ്ടു തന്നെയാണ് ഗുജറാത്തി കൈയടക്കി വെച്ചിട്ടുള്ളത്. അവരുടെ വിയര്‍പ്പാണ് യഥാര്‍ത്ഥത്തില്‍ ഗുജറാത്തില്‍ പുറമേ കാണുന്ന വികസനം. അവരുടെ വ്യാപാരത്തിനുമേല്‍ നോട്ടുനിരോധനവും ചരക്കുസേവന നികുതിയും ഏല്‍പ്പിച്ച ആഘാതത്തിന്റെ കാലത്താണ് ഗുജറാത്ത് വീണ്ടുമൊരു തെരഞ്ഞെടുപ്പിന് വേദിയാകുന്നത്. ഈ യുദ്ധത്തില്‍ ആര് ജയിക്കുമെന്ന് തറപ്പിച്ചു പറയാന്‍ ആകില്ല. ഒരുകാര്യമുറപ്പ്, രണ്ടു പതിറ്റാണ്ടിലേറെയായി ബി.ജെ.പിക്ക് സംസ്ഥാനത്തുള്ള അപ്രമാദിത്വത്തിന് കോട്ടം തട്ടിയിരിക്കുന്നു. അത് ബി.ജെ.പിക്കും മനസ്സിലായിട്ടുണ്ട്. സാമ്പത്തിക പരിഷ്‌കരണങ്ങള്‍ക്ക് രാഷ്ട്രീയമായി വില കൊടുക്കേണ്ടി വരുമെന്ന് അറിയാമെന്ന് ഈയിടെ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസ്താവന ഈ തിരിച്ചറിവില്‍ നിന്നാണ്. ഒരു തിരിച്ചടി ബി.ജെ.പി മുന്നില്‍ക്കാണുന്നുവെന്നര്‍ത്ഥം.
ഗുജറാത്തില്‍ 13 വര്‍ഷം അധികാരത്തിലിരുന്ന മോദി നിഷേധിക്കാനാവാത്ത ഒരു ഫാക്ടറാണ്. ഈ ഘടകം ഇന്ദ്രപ്രസ്ഥത്തിലേക്ക് കൂടുമാറിയ ശേഷം പാര്‍ട്ടി നേരിടുന്ന അഗ്നിപരീക്ഷയാണ് ഗുജറാത്തിലേത്. മോദിക്ക് ശേഷം വന്ന ആനന്ദിബെന്‍ പട്ടേല്‍ വന്‍ പരാജയമാതും പിന്നീടെത്തിയ വിജയ് രൂപാണി ജനപ്രിയനല്ലാത്തതും ബി.ജെ.പിയെ ആകുലപ്പെടുത്തുന്നുണ്ട്. ജെ.എസ്.പി.സി താലിയ അഴിമതി, മെട്രോ അഴിമതി തുടങ്ങിയവ രാഷ്ട്രീയമായ തിരിച്ചടികള്‍ക്ക് കാരണമായേക്കും. ഇതിനെല്ലാം പുറമേയാണ് പട്ടേല്‍-ദലിത് ജാതി രാഷ്ട്രീയം ഉയര്‍ത്തുന്ന വെല്ലുവിളി.
ഗുജറാത്തിലെ ചെറിയ തിരിച്ചടി പോലും ബി.ജെ.പിക്ക് കനത്ത ആഘാതമാകും ഏല്‍പ്പിക്കുക. ഇത് മുന്നില്‍ക്കണ്ടാണ് മാസങ്ങള്‍ക്കു മുമ്പ് തന്നെ ഗുജറാത്തിന്റെ മനസ്സറിയാവുന്ന ദേശീയ അധ്യക്ഷന്‍ അമിത് ഷാ 182 സീറ്റില്‍ 150 സീറ്റ് എന്ന മിനിമം ടാര്‍ഗറ്റ് വെച്ച് തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത്. എന്നാല്‍ ഈ ടാര്‍ഗറ്റ് അത്രയെളുപ്പമല്ല എന്ന് സംസ്ഥാനത്തെ നിലവിലെ സാഹചര്യങ്ങള്‍ ബോധ്യപ്പെടുത്തുന്നു. ഈയിടെ ആര്‍.എസ്.എസ് നടത്തിയ രഹസ്യ സര്‍വേയില്‍ ബി.ജെ.പിക്ക് 60 സീറ്റു മാത്രമാണ് പ്രവചിക്കപ്പെട്ടത്. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്നതായും സര്‍വേ കണ്ടെത്തുന്നു.
മേഖലകളിലെ വോട്ടുകള്‍
രാഷ്ട്രീയപരമായി അഞ്ചു ഭാഗങ്ങളാണ് ഗുജറാത്ത്. സൗരാഷ്ട്ര, കച്ച്, വടക്കന്‍ ഗുജറാത്ത്, മധ്യഗുജറാത്ത്, തെക്കന്‍ഗുജറാത്ത് എന്നിങ്ങനെ. ഇവയിലെ സീറ്റുകള്‍ ഇപ്രകാരം. സൗരാഷ്ട്ര-കച്ച് (54), തെക്കന്‍ഗുജറാത്ത് (35), വടക്കന്‍ഗുജറാത്ത് (32), മധ്യഗുജറാത്ത് (61).
ആദ്യഘട്ടമായ ഡിസംബര്‍ ഒമ്പതിന് സൗരാഷ്ട്ര-കച്ച് മേഖലയിലെ 89 മണ്ഡലങ്ങളാണ് പോളിങ്ബൂത്തിലെത്തുന്നത്. 33 ജില്ലകളിലെ 19 ജില്ലകളിലാണ് ഈ മണ്ഡലങ്ങള്‍. രണ്ടാം ഘട്ടത്തില്‍ 14 ജില്ലകളിലെ 93 മണ്ഡലങ്ങള്‍ വോട്ടു രേഖപ്പെടുത്തും. ആദ്യഘട്ടത്തിലെ ജനവിധിയില്‍ കച്ചാണ് ഏറ്റവും വലിയ പ്രദേശം. സംസ്ഥാനത്തെ ഏറ്റവും വലിയ ജില്ലയും കച്ച് തന്നെ. ഉപ്പുപാടങ്ങളും ചതുപ്പും നിറഞ്ഞ ഇവിടെ ആറു സീറ്റുകളാണ് ഉള്ളത്. അതേസമയം, സൂറത്ത് മേഖലയിലാണ് ഏറ്റവും കൂടുതല്‍ മണ്ഡലങ്ങളുള്ളത്. 16 മണ്ഡലങ്ങള്‍. വിജയ് രൂപാണിയുടെ രാജ്‌കോട്ട് മേഖലയാണ് തൊട്ടുപിന്നില്‍; എട്ട് മണ്ഡലങ്ങള്‍. രണ്ടാം ഘട്ടത്തിലെ ശ്രദ്ധാകേന്ദ്രം അഹമ്മദാബാദ് തന്നെ. 14 മണ്ഡലങ്ങളാണ് മധ്യ ഗുജറാത്തില്‍ സ്ഥിതി ചെയ്യുന്ന തലസ്ഥാനത്തിന് ചുറ്റുമുള്ളത്. മോദി ജനവിധി തേടിയ വഡോദര ലോക്‌സഭാ മണ്ഡലത്തിന് ചുറ്റും പത്ത് മണ്ഡലങ്ങളാണ് ഉള്ളത്.
2012ല്‍ പെട്ടിയില്‍ വീണ വോട്ടുകള്‍
2012ല്‍ സൗരാഷ്ട്ര, കച്ച്, തെക്കന്‍ ഗുജറാത്ത് മേഖലകളില്‍ ബി.ജെ.പിക്കായിരുന്നു മുന്‍തൂക്കം. കോണ്‍ഗ്രസ് താരതമ്യേന വടക്കന്‍, മധ്യമേഖലയിലാണ് പിടിച്ചുനിന്നത്. സൗരാഷ്ട്രയിലെ 48 സീറ്റില്‍ ബി.ജെ.പി 33 ഇടത്തും കോണ്‍ഗ്രസ് 13 ഇടത്തുമാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വിജയിച്ചത്. കേശുഭായ് പട്ടേലിന്റെ ഗുജറാത്ത് പരിവര്‍ത്തന്‍ പാര്‍ട്ടി മൂന്നിടത്ത് ജയം കണ്ടു.
കച്ചിലെ ആറു സീറ്റില്‍ അഞ്ചും നിലവില്‍ ബി.ജെ.പിക്കൊപ്പമാണ്. തെക്കന്‍ ഗുജറാത്തിലെ 28 മണ്ഡലങ്ങളില്‍ 22 സീറ്റും ബി.ജെ.പിക്കൊപ്പം നിന്നു. ഇതില്‍ വ്യാപാര കേന്ദ്രമായി സൂറത്തിലെ 12 മണ്ഡലങ്ങളും ഉള്‍പ്പെടും. കച്ചില്‍ ഒന്നും തെക്കന്‍ ഗുജറാത്തില്‍ ആറും സീറ്റു കൊണ്ട് കോണ്‍ഗ്രസ് തൃപ്തിപ്പെട്ടു. വടക്കന്‍-മധ്യ ഗുജറാത്താണ് കോണ്‍ഗ്രസ് ശക്തികേന്ദ്രം. ഇവിടെയുള്ള 61 സീറ്റില്‍ 41 ഇടത്തും ജയിച്ചത് കോണ്‍ഗ്രസാണ്.
വോട്ട് നഗരത്തിലും ഗ്രാമത്തിലും
നഗര മേഖലയില്‍ കൃത്യമായി ബി.ജെ.പിക്കു തന്നെയാണ് മുന്‍തൂക്കം. എന്നാല്‍ ഗ്രാമീണ-ഗോത്ര മേഖലകളില്‍ കോണ്‍ഗ്രസിന് സ്വാധീനമുണ്ട്. 2012ല്‍ നഗര മേഖലയിലെ 59.5 വോട്ടുകളാണ് ബി.ജെ.പിക്കു കിട്ടിയത്. കോണ്‍ഗ്രസിന് ലഭിച്ചത് 32.8 ശതമാനം വോട്ട്. അഹമ്മദാബാദ്, വഡോദര, സൂറത്ത് എന്നിവിടങ്ങളില്‍ സമ്പൂര്‍ണ മേല്‍ക്കൈ ബി.ജെ.പിക്കായിരുന്നു. ഇവിടങ്ങളില്‍ മാത്രം 40 സീറ്റുകളാണ് ഉള്ളത്. ഗ്രാമീണ മേഖലയില്‍ കോണ്‍ഗ്രസിന് നേരിയ മുന്‍തൂക്കം. കോണ്‍ഗ്രസിന് 42.9 ശതമാനം വോട്ടുവിഹിതം ലഭിച്ചപ്പോള്‍ ബി.ജെപിക്ക് ലഭിച്ചത് 42.1 ശതമാനം. റൂറല്‍ മേഖലയില്‍ കോണ്‍ഗ്രസ് 49 ഇടത്തും ബി.ജെ.പി 44 ഇടത്തും വിജയിച്ചു. 2012ല്‍ ബി.ജെ.പിയുടെ മൊത്തം വോട്ടുവിഹിതം 48 ശതമാനമാണ്. അതില്‍ 60 ശതമാനവും ലഭിച്ചത് നഗരമേഖലയില്‍നിന്ന്. കോണ്‍ഗ്രസിന്റെ മൊത്തം വോട്ടുവിഹിതം 40.5 ശതമാനമാണ്.
മൊത്തം 182ല്‍ 69 മണ്ഡലങ്ങളില്‍ അമ്പത് ശതമാനത്തിലേറെ നഗര ജനസംഖ്യയുണ്ട്. 2011ലെ സെന്‍സസ് പ്രകാരം അതിവേഗം നഗരവത്കരണം നടന്നു കൊണ്ടിരിക്കുന്ന രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങളിലൊന്ന് ഗുജറാത്താണ്. സംസ്ഥാനത്തെ മൊത്തം ജനസംഖ്യയില്‍ 43 ശതമാനവും വസിക്കുന്നത് നഗരത്തിലാണ്.
സൗരാഷ്ട്ര തീരുമാനിക്കും
സംസ്ഥാനത്തിന്റെ രാഷ്ട്രീയ ഗതിയെ നിര്‍ണയിക്കാന്‍ ശേഷിയുള്ളതാണ് സൗരാഷ്ട്ര-ദക്ഷിണ ഗുജറാത്ത് പ്രദേശങ്ങള്‍. പട്ടീദാറുമാര്‍ക്ക് നിര്‍ണായക സ്വാധീനമുള്ള മേഖല കൂടിയാണിത്. ഹര്‍ദിക് പട്ടേലിന്റെ നേതൃത്വത്തിലുള്ള പട്ടേല്‍ സംവരണ പ്രക്ഷോഭങ്ങളുടെ കേന്ദ്രമായിരുന്നു ഇവിടം. മേഖലയിലെ 60 മണ്ഡലങ്ങളില്‍ വിധി നിര്‍ണയിക്കുക പട്ടേല്‍ വോട്ടുകളായിരിക്കും.
പട്ടേലുകള്‍ക്കിടയില്‍ ഒന്നിലധികം ഉപജാതികളുണ്ട്. ഘട്‌വ, ലേവ, ചൗധരി, അജ്ഞന എന്നിങ്ങനെ. ഈ നാലു ജാതികളും ഗുജറാത്തില്‍ പടര്‍ന്നു കിടക്കുന്നുണ്ട്. സൗരാഷ്ട്രയില്‍ ഇവരുടെ സാന്ദ്രത കൂടുതലും. ഹര്‍ദികിന്റെ നേതൃത്വത്തില്‍ ഇവിടങ്ങളില്‍ സംഘടിപ്പിക്കപ്പെട്ട റാലികളില്‍ വന്‍ ആള്‍ക്കൂട്ടമാണ് ഉണ്ടായിരുന്നത്. ഹര്‍ദിക് കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തില്‍ സൗരാഷ്ട്രയില്‍ ഇത്തവണ ബി.ജെ.പിക്ക് തിരിച്ചടിയുണ്ടാകുമെന്ന് തീര്‍ച്ചയാണ്. ഹര്‍ദികിന്റെ റാലിക്കെത്തിയ ആള്‍ക്കൂട്ടം മുഴുവന്‍ വോട്ടാകില്ലെന്ന വിശ്വാസത്തിലാണ് ബി.ജെ.പി. പട്ടേല്‍ വോട്ടുകള്‍ പിടിക്കാനായി ഒരു പട്ടേലിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാനും ബി.ജെ.പി ആലോചിക്കുന്നുണ്ട്. നിതിന്‍ പട്ടേലിനെയാണ് ഇതിനായി കണ്ടുവെച്ചിട്ടുള്ളത്. ഹിമാചല്‍ തെരഞ്ഞെടുപ്പില്‍ രജ്പുത് വോട്ടുകളില്‍ കണ്ണുവെച്ച് ബി.ജെ.പി സമാന തന്ത്രം പ്രയോഗിച്ചിട്ടുണ്ട്. രജ്പുത് വിഭാഗക്കാരനായ പ്രേംകുമാര്‍ ധുമലിനെയാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിട്ടുള്ളത്. ഗുജറാത്തിലെ ആദ്യഘട്ടമായ നവംബര്‍ ഒമ്പതിനാണ് ഹിമാചലിലെ ജനവിധി.

kerala

വര്‍ഗീയ രാഘവാ, ഇത് കേരളമാണ്…

വയനാട്ടില്‍ പറഞ്ഞത് ഇന്നലെ എഫ്ബി പോസ്റ്റിലുടെ അദ്ദേഹം ആവര്‍ത്തിച്ചിരിക്കുന്നു.

Published

on

വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കാ ഗാന്ധിയുടെയും ചരിത്ര വിജയങ്ങള്‍ വര്‍ഗീയവാദികളുടെ പിന്തുണയോടെയാണെന്ന സി.പി.എം പോളിറ്റ്ബ്യൂറോ അംഗം എ. വിജയരാഘവന്റെ വിടുവായിത്തം സംസ്ഥാനത്ത് സി.പി.എം ആളിക്കത്തിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന വര്‍ ഗീയ ധ്രുവീകരണത്തിന്റെ ഒടുവിലത്തെ സൂചനയാണ്. വയനാട്ടില്‍ പറഞ്ഞത് ഇന്നലെ എഫ്ബി പോസ്റ്റിലുടെ അദ്ദേഹം ആവര്‍ത്തിച്ചിരിക്കുന്നു.

പാര്‍ട്ടിയുടെയും മുന്നണിയുടെയും ഉന്നതപദവികളില്‍ വിരാചിക്കുന്ന ആളാണെങ്കിലും തന്റെ നാവിന് ഒരു കടിഞ്ഞാണുമില്ലെന്ന് ഇത്തരം പ്രസ്താവനകള്‍ക്കൊണ്ട് വിജയരാഘവന്‍ പല തവണ തെ ളിയിച്ചിട്ടുണ്ട്. ഈ വികട സരസ്വതി പൊതു സമൂഹത്തില്‍ പാര്‍ട്ടിക്കുണ്ടാക്കിയത് കടുത്ത അപകീര്‍ത്തിയാണെങ്കില്‍, തിരഞ്ഞെടുപ്പ് മുഖങ്ങളില്‍ അത് താങ്ങാനാകാത്ത ആഘാ തങ്ങളായിരുന്നു. തിരുവനന്തപുരം വഞ്ചിയൂരില്‍ നടുറോഡില്‍വെച്ച് ഏരിയാ സമ്മേളനം നടത്തിയതിനെ ന്യായീകരിച്ച് സൃഷ്ടിച്ച അവമതിപ്പ് അതിലൊന്ന് മാത്രമാണ്. എന്നാല്‍ വയനാട്ടില്‍ പാര്‍ട്ടി ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കുമെതിരെ അദ്ദേഹം നടത്തിയിട്ടുള്ള പ്രസ്താവന ഈ വിടുവായത്തങ്ങളില്‍ ഉള്‍പ്പെടുത്താന്‍ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ സമ്മതിക്കുന്നില്ല എന്നതാണ് വാസ്തവം. ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടത്തില്‍ സി.പി.എമ്മിനും കേരളത്തില്‍ ബി.ജെ.പിക്കും നിലനില്‍പിനായി രൂപപ്പെടുത്തിയെടുത്ത സി.ജെ.പി എന്ന രാഷ്ട്രീയ ഗൂഢാലോചനയില്‍ വാര്‍ത്തെടുക്കപ്പെടുന്ന ഗൂഢതന്ത്രങ്ങളുടെ പരിണിതഫലമായാണ് ഇതിനെ കാണേണ്ടത്. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ വിളിപ്പാടകലെയെത്തിനില്‍ക്കുമ്പോള്‍ കേരളത്തിലെ ഭരണകക്ഷിയായ ഇടതുപക്ഷവും സി.പി.എമ്മും അനുഭവിക്കുന്നത് കനത്ത രാഷ്ട്രീയ ശൂന്യതയാണ്.

വിവിധ തലങ്ങളിലേക്ക് നടന്നിട്ടുള്ള ഉപതിരഞ്ഞെടുപ്പുകള്‍ ഈ യാഥാര്‍ത്ഥ്യം അവരെ ബോ ധ്യപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന ഭരണം അഴിമതിയിലും സ്വജനപക്ഷപാദത്തിലും പിടിപ്പുകേടിലും മുങ്ങിത്താഴുമ്പോള്‍ ചെപ്പടി വിദ്യകള്‍കൊണ്ട് രക്ഷപ്പെടാമെന്നതായിരുന്നു സി.പി.എമ്മിന്റെ നാളിതുവരെയുള്ള ധാരണ. കോ വിഡാനന്തരമുണ്ടായ സാമൂഹ്യ സാഹചര്യങ്ങള്‍ തുടര്‍ഭരണം സമ്മാനിച്ചപ്പോള്‍ അത് എന്തും ചെയ്യാനുള്ള അനുമതിയായിക്കണ്ട പാര്‍ട്ടി, അധികാരത്തിന്റെ ആലസ്യത്തില്‍ നിന്നുണരുമ്പോഴേക്കും തിരിച്ചുവരനാകാത്ത വിധം ജന ങ്ങളില്‍ നിന്ന് ഒറ്റപ്പെട്ടുപോയിരുന്നു. അതിന്റെ പ്രതിഫലനമാണ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ദൃശ്യ മായത്. തങ്ങളുടെ ട്രപ്പീസുകളി ജനം തിരിച്ചറിഞ്ഞതോടെ ഇന്ത്യയില്‍ അവശേഷിക്കുന്ന ഏക കനല്‍തരി അണഞ്ഞു പോകാതിരിക്കാന്‍ കടുത്ത ധ്രുവീകരണത്തിന്റെ രാഷ്ട്രീയത്തിലേക്ക് അവര്‍ തിരിഞ്ഞിരിക്കുകയാണ്. അത്യന്തം അപകടകരമായ ഈ നീക്കത്തിന് ബി.ജെ.പിയെ തന്നെ ഒപ്പം ചേര്‍ത്തുനിര്‍ത്തിയതിന്റെ ഭാഗമാണ് മതേതരപക്ഷത്തിനും അതിന്റെ നായകര്‍ക്കുമെതിരെയുള്ള ഈ കടന്നാക മണം. പാര്‍ലെമന്റിന്റെ ശീതകാല സമ്മേളനത്തിലുണ്ടായ പ്രക്ഷുബ്ധമായ സാഹചര്യങ്ങള്‍ ഇന്ത്യാ സഖ്യത്തിന്‌ന വേന്മേഷം നല്‍കിയിരിക്കുകയാണ്. സഖ്യത്തിന്റെ നേതൃത്വവുമായി ബന്ധപ്പെട്ടുണ്ടായ അസ്വാരസ്യം ബി.ജെ.പിക്കെതിരായ ഒറ്റക്കെട്ടായ പോരാട്ടത്തിലൂടെ അവസാനിക്കു മ്പോള്‍ സി.പി.എമ്മിന്റെ പുതിയ നീക്കങ്ങള്‍ ബി.ജെ.പിക്ക് പ്രതീക്ഷ നല്‍കിയിരിക്കുന്നു എന്ന് പറയാതിരിക്കാനാവില്ല. വിജയരാഘവന്‍ വസ്തുതകളുടെ ഒരു പിന്‍ബലവുമില്ലാതെ നടത്തിയ അതീവ ഗുരുതരമായ പ്രസ്താവന ഗോദി മീഡിയകള്‍ ഏറ്റെടുത്തത് ഈ ഗൂഢാലോചനയുടെ തെളിവാണ്. കേരളപ്പിറവിക്ക് ശേഷമുള്ള ഏറ്റവും വലിയ ഭൂരിപക്ഷങ്ങളാണ് രാഹുലിനും പ്രിയങ്കക്കും വയനാട് സമ്മാനിച്ചിരിക്കുന്നത്. ആ ഹിമാലയന്‍ ഭൂരിപക്ഷങ്ങള്‍ക്ക് വര്‍ഗീയതയുടെ നിറംപകരുന്നതിലൂടെ ഒരു ജനതയെ ഒന്നാകെയാണ് വിജയരാഘവന്‍ അവഹേളിച്ചിരിക്കുന്നത്.

സി.പി.എം ഒരുക്കിയ ചൂണ്ടയില്‍ കൊത്താത്തതിന്റെ പേരില്‍ മുസ്ലിം ന്യൂനപക്ഷത്തോടും മുസ്‌ലിം ലീഗിനോടും അടങ്ങാത്ത വിരോധമാണ് ഇപ്പോള്‍ അവര്‍ വെച്ചുപുലര്‍ത്തുന്നത്. സമുദായത്തിന്റെ പൊതുവായ വികാരത്തിന് തുരങ്കംവെക്കാനു ള്ള വഴിവിട്ട പലനീക്കങ്ങളും നടത്തി നോക്കിയെങ്കിലും എല്ലാ നീര്‍ക്കുമിളകളായി ഒടുങ്ങുകയായിരുന്നു. ലീഗിനെ പ്രശംസയുടെ കൊടുമുടിയില്‍ നിര്‍ത്തിയ അതേ നാക്കുകൊണ്ട് ഇപ്പോള്‍ തീവ്രവാദത്തിന്റെ മുദ്രകുത്താന്‍ ശ്രമിക്കുമ്പോള്‍ ആ പാര്‍ട്ടിക്ക് സ്വയം വിഡ്ഢിവേഷം കെട്ടേണ്ടിവരികയാണ്. ഏതായാലും കോണ്‍ഗ്രസ് മുക്തകേരളത്തിനും ഭാരതത്തിനുമുള്ള ഈ ഒക്കച്ചങ്ങാത്തം വെച്ചുപൊറുപ്പിക്കില്ലെന്ന് കേരളം നിരന്തരം ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കു കയാണ്. വര്‍ഗീയത വിളമ്പുന്ന വര്‍ഗീയ വിജയരാഘവാ, ഇത് കേരളമാണ്….

Continue Reading

kerala

മന്ത്രിമാറ്റ നീക്കം നടക്കാത്തതിൽ കടുത്ത അതൃപ്തി; എൻസിപി അധ്യക്ഷ സ്ഥാനം ഒഴിയാമെന്ന് പി.സി ചാക്കോ

പാര്‍ട്ടിയുടെ മന്ത്രിയെ പാര്‍ട്ടിക്ക് തീരുമാനിക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്ന് ചാക്കോ നേതാക്കളോട് പറഞ്ഞു.

Published

on

മന്ത്രിമാറ്റ നീക്കം നടക്കാത്തതില്‍ എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പി.സി ചാക്കോ കടുത്ത അതൃപ്തിയില്‍. സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയാമെന്ന് ചാക്കോ നേതാക്കളോട് പറഞ്ഞു. പാര്‍ട്ടിയുടെ മന്ത്രിയെ പാര്‍ട്ടിക്ക് തീരുമാനിക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്ന് ചാക്കോ നേതാക്കളോട് പറഞ്ഞു. പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞ് ദേശീയ വര്‍ക്കിങ് പ്രസിഡന്റായി മാത്രം തുടരാമെന്നും അദ്ദേഹം പറഞ്ഞതായാണ് റിപ്പോര്‍ട്ട്.

മന്ത്രിമാറ്റത്തില്‍ പി.സി ചാക്കോ അനാവശ്യ ചര്‍ച്ചയുണ്ടാക്കുകയാണെന്ന് എ.കെ ശശീന്ദ്രന്‍ ആരോപിച്ചിരുന്നു. തുടക്കത്തില്‍ ശശീന്ദ്രനൊപ്പം നിന്ന ചാക്കോ പിന്നീട് തോമസ് കെ. തോമസിനെ മന്ത്രിയാക്കണമെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു.

എന്നാല്‍ തോമസ് കെ. തോമസ് ചില ഇടത് എംഎല്‍എമാരെ അജിത് പവാര്‍ പക്ഷത്തേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചത് തിരിച്ചടിയായി. എന്‍സിപി ദേശീയ നേതൃത്വം മന്ത്രിമാറ്റത്തിന് പിന്തുണ അറിയിച്ചെങ്കിലും തോമസ് കെ. തോമസിനെ മന്ത്രിയാക്കാന്‍ മുഖ്യമന്ത്രി വിസമ്മതിക്കുകയായിരുന്നു.

Continue Reading

Video Stories

വിദ്യാര്‍ഥികളെ മര്‍ദിച്ച സംഭവം; യൂണിവേഴ്‌സിറ്റി കോളജിലെ എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിടാന്‍ നിര്‍ദേശം

Published

on

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിടാന്‍ നിര്‍ദേശം. തുടരെയുള്ള അക്രമസംഭവങ്ങളുടെ പശ്ചാതലത്തില്‍ സിപിഎം ജില്ലാ സെക്രട്ടേറിയറ്റിന്റേതാണ് നിര്‍ദേശം. എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റിയാണ് വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത്.

കഴിഞ്ഞ ദിവസവും യൂണിവേഴ്‌സിറ്റി കോളജിലെ യൂണിറ്റില്‍ നിന്നും നാല് പേരെ എസ്എഫ്‌ഐ പുറത്താക്കിയിരുന്നു. ലക്ഷദ്വീപ് സ്വദേശികളായ വിദ്യാര്‍ഥികളെ അധിക്ഷേപിച്ച സംഭവത്തിലാണ് ആകാശ്, ആദില്‍, കൃപേഷ്, അമീഷ് എന്നിവരെ പുറത്താക്കിയത്. ലക്ഷദ്വീപ് വിദ്യാര്‍ഥി നടത്തുന്ന എല്ലാ നിയമ പോരാട്ടത്തിനും പിന്തുണയെന്നും എസ്എഫ്‌ഐ അറിയിച്ചു.തുടര്‍ന്ന് വിദ്യാര്‍ഥിയെ കോളജ് ഹോസ്റ്റലിലിട്ട് ക്രൂരമായി ഏഴംഗസംഘം മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. കോളജില്‍ ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥി ദിവസങ്ങള്‍ക്ക് മുമ്പ് ഈ സംഘത്തിന്റെ മര്‍ദനത്തിനിരയായിരുന്നു. ഈ സംഭവത്തില്‍ മര്‍ദനമേറ്റ വിദ്യാര്‍ഥിക്കൊപ്പം നിന്നതിനാണ് ലക്ഷദ്വീപില്‍ നിന്നുള്ള വിദ്യാര്‍ഥിക്ക് മര്‍ദനമേറ്റത്.

Continue Reading

Trending