സര്‍ക്കാര്‍ തലത്തിലും സന്നദ്ധ, ആരോഗ്യ സംഘടനകളുടെ ആഭിമുഖ്യത്തിലും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുമ്പോഴും ലഹരി നിറയുന്ന വിഷച്ചെടികള്‍ നമുക്കു ചുറ്റും അതിവേഗം തഴച്ചുവളരുകയാണ്. വലിയൊരു സാമൂഹ്യ വിപത്തിലേക്കാണ് നാട് നീങ്ങുന്നതെന്ന ദൂഃസ്സൂചന നല്‍കുന്നതാണ് സമീപ ദിവസങ്ങളില്‍ പുറത്തുവന്ന ലഹരിവേട്ടയുടെ വാര്‍ത്തകള്‍. കഴിഞ്ഞ ദിവസം കോഴിക്കോട്ട് വീര്യമേറിയ ലഹരിവസ്തുക്കളുമായി എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി പിടിയിലായതും ഇന്നലെ ആഢംബര നിശാപാര്‍ട്ടികള്‍ ലക്ഷ്യമിട്ടെത്തിക്കുന്ന ലക്ഷങ്ങള്‍ വില വരുന്ന മയക്കുമരുന്നുമായി മലപ്പുറം കൊണ്ടോട്ടി സ്വദേശി പിടിയിലായതുമെല്ലാം ഒടുവില്‍ പുറത്തുവന്ന വാര്‍ത്തകളാണ്.
ലഹരിക്കടത്തിനു പിന്നില്‍ വന്‍ റാക്കറ്റുകളുടെ സാന്നിധ്യം തന്നെയുണ്ടാവാറുണ്ട്. എന്നാല്‍ ആവശ്യക്കാര്‍ക്ക് സാധനങ്ങള്‍ എത്തിച്ചു നല്‍കുന്ന ഒടുവിലത്തെ കണ്ണികള്‍ മാത്രമാണ് പിടിക്കപ്പെടാറ്. മറ്റു കണ്ണികളെ തേടിയുള്ള അന്വേഷണങ്ങളാവട്ടെ പലപ്പോഴും ലക്ഷ്യത്തില്‍ എത്താറുമില്ല. എത്ര പിടിക്കപ്പെട്ടാലും പുതിയ കാരിയര്‍മാര്‍ വഴി സാധനങ്ങള്‍ വീണ്ടും ആവശ്യക്കാരിലേക്ക് എത്തിക്കൊണ്ടേയിരിക്കും. കോളജ്, സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടുന്ന യുവ തലമുറയെയാണ് ലഹരിക്കടത്തുകാര്‍ പ്രധാനമായും ലക്ഷ്യം വെക്കുന്നതെന്നാണ് ഒടുവില്‍ പുറത്തുവന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. മുമ്പെല്ലാം വന്‍ നഗരങ്ങളില്‍ മാത്രമായിരുന്നു ഇത്തരം കണ്ണികളുടെ സാന്നിധ്യമെങ്കില്‍ ഇന്ന് കുഗ്രാമങ്ങള്‍ പോലും ഇത്തരം വിഷച്ചിലന്തികള്‍ നെയ്ത വലയുടെ നിഴലിലാണ്.
അനുഭൂതിയുടെ മായിക വലയത്തില്‍ സ്വന്തബന്ധങ്ങളെ മറക്കുകയും തിന്മയുടെ മൂര്‍ത്തീഭാവങ്ങളായി പരിണമിക്കുകയും ഒടുവില്‍ സ്വയം കത്തിത്തീരുകയും ചെയ്യുന്ന ഒരു തലമുറയെയാണ് ലഹരി ഉപയോഗം സമ്മാനിക്കുന്നത്. ആര്‍ക്ക് എപ്പോള്‍ എവിടെവെച്ച് കൈമാറ്റം ചെയ്യപ്പെടുന്നുവെന്ന് കണ്ടെത്താന്‍ പോലും കഴിയാത്ത വിധത്തിലാണ് ലഹരി പദാര്‍ത്ഥങ്ങള്‍ എത്തുന്നത് എന്നത് ജാഗ്രതാ ശ്രമങ്ങളെപോലും വിഫലമാക്കുന്നു. ഡി.എല്‍.എസ്, ആസിഡ് എന്നീ ചുരുക്കപ്പേരുകളില്‍ അറിയപ്പെടുന്ന ലൈസര്‍ജിക് ആസിഡ് ഡൈടൈലാമിഡിന്റെ 41 പായ്ക്കറ്റുകളാണ് കഴിഞ്ഞ ദിവസം കോഴിക്കോട്ടുകാരനായ യുവാവില്‍നിന്ന് പൊലീസ് കണ്ടെടുത്തത്. പുതുവത്സരാഘോഷം ലക്ഷ്യം വെച്ചാണ് ഇവ എത്തിച്ചതെന്ന് പിടിയിലായ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി പൊലീസിന് മൊഴി നല്‍കിയിരുന്നു. നിശാപാര്‍ട്ടികളില്‍ ഉപയോഗിക്കപ്പെടുന്ന എം.ഡി.എം.എ (മെഥിലീന്‍ ഡയോക്‌സി മെതാംഫിറ്റമിന്‍) എന്ന ലഹരിയാണ് കൊണ്ടോട്ടി സ്വദേശിയില്‍നിന്ന് പിടിച്ചെടുത്തത്. 24 പായ്ക്കറ്റുകളിലായി 16 ഗ്രാം ലഹരിയാണ് ഇയാളുടെ കൈവശം ഉണ്ടായിരുന്നത്. ഒരു ഗ്രാമിനു തന്നെ ലക്ഷങ്ങള്‍ വില വരുന്നതാണ് പിടിക്കപ്പെട്ട ലഹരിയെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ആവശ്യക്കാരില്‍ എത്തുമ്പോള്‍ പല പേരുകളിലാണ് ഇവ അറിയപ്പെടുന്നത്. ആദം, ബീന്‍സ്, ഇഎക്‌സ്, ലവ്ഡ്രഗ്, ക്ലബ് ഡ്രഗ് തുടങ്ങിയവ എം.ഡി.എം.എയുടെ ചില വിളിപ്പേരുകളാണ്.
ഏപ്രില്‍ 27ന് കൊച്ചിയില്‍ കുമ്പള സ്വദേശിയായ യുവാവില്‍നിന്ന് സമാന സ്വഭാവമുള്ള മയക്കുമരുന്ന് പിടികൂടിയിരുന്നു. ജൂലായ് 21ന് വളാഞ്ചേരി സ്വദേശിയില്‍നിന്ന് എല്‍.എസ്.ഡി സ്ട്രിപ്പുകള്‍ പിടിച്ചതും ഓഗസ്റ്റ് 20ന് കോഴിക്കോട് കുന്ദമംഗലം സ്വദേശിയില്‍നിന്ന് ലക്ഷങ്ങള്‍ വില വരുന്ന ലഹരി പിടിച്ചതുമെല്ലാം അടുത്തിടെ മാത്രം വാര്‍ത്തകളില്‍ വന്ന വലിയ തോതിലുള്ള ലഹരി വേട്ടയുടെ വാര്‍ത്തകളാണ്. ജൂലൈയില്‍ ഗുജറാത്ത് തീരത്ത് കപ്പലില്‍നിന്ന് 3500 കോടി രൂപ വിലവരുന്ന ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തത് രാജ്യാന്തര തലത്തില്‍തന്നെ ശ്രദ്ധിക്കപ്പെട്ട വാര്‍ത്തയായിരുന്നു.
ടാറ്റൂ സ്റ്റിക്കറിന്റെയും സ്റ്റാമ്പിന്റെയുമെല്ലാം രൂപത്തിലാണ് എല്‍.എസ്.ഡി ഉള്‍പ്പെടെയുള്ള വീര്യമേറിയ ലഹരി പദാര്‍ത്ഥങ്ങള്‍ വിപണിയില്‍ എത്തുന്നത്. തുടര്‍ച്ചയായി 18 മണിക്കൂര്‍ വരെയാണ് ഇവയുടെ ഒറ്റ ഉപയോഗം ശരീരത്തില്‍ ലഹരിയുടെ സാന്നിധ്യം നിലനിര്‍ത്തുന്നത്. ഇത് തന്നെയാണ് വലിയ വില നല്‍കിയും ഇത്തരം ലഹരി പദാര്‍ത്ഥങ്ങള്‍ സ്വന്തമാക്കാന്‍ യുവാക്കളെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകവും.
ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതാണ് എല്‍.എസ്.ഡിയെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ശരീരത്തിനും മനസ്സിനുമൊപ്പം ആന്തരീകാവയവങ്ങളുടെ പ്രവര്‍ത്തനങ്ങളെയും ഇത് തകരാറിലാക്കും. കണ്ണിന്റെ കൃഷ്ണമണിക്ക് സ്ഥാനചലനം, അമിത വിയര്‍പ്പ്, രക്തസമ്മര്‍ദ്ദം ക്രമാതീതമായി ഉയരല്‍, ഞരമ്പുകളും പേശികളും ദുര്‍ബലമാകല്‍ തുടങ്ങിയവ എല്‍.എസ്.ഡിയുടെ ഉപയോഗം ഒരാളുടെ ശരീരത്തിലുണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങളില്‍പെട്ടവയാണ്.
സ്‌കൂളുകളും കോളജുകളും കേന്ദ്രീകരിച്ച് ലഹരി പദാര്‍ത്ഥങ്ങള്‍ എത്തിച്ചുനല്‍കാന്‍ പ്രത്യേക സംഘങ്ങള്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്നതാണ് കോഴിക്കോട്ട് പിടിയിലായ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയുടെ മൊഴിയില്‍നിന്ന് പുറത്തു വരുന്നത്. ലഹരി ഉപയോഗത്തിനെതിരെ അധ്യാപക, രക്ഷാ കര്‍ത്താക്കള്‍ കൂടി ഉള്‍പ്പെട്ട ജാഗ്രതാ സമിതികള്‍ ഇന്ന് ഏതാണ്ടെല്ലാ സ്‌കൂളുകളിലും നിലവിലുണ്ട്. എക്‌സൈസിന്റെയും പൊലീസിന്റെയും സജീവ നിരീക്ഷണവുമുണ്ട്. എന്നാല്‍ ഇവയെല്ലാം എത്രത്തോളം ഫലപ്രദമാകുന്നുണ്ടെന്ന ചോദ്യമാണ് ഇത്തരം വാര്‍ത്തകള്‍ മുന്നോട്ടു വെക്കുന്നത്. മയക്കുമരുന്ന് ഉപയോഗത്തിലേക്ക് ആളുകള്‍ നീങ്ങാതിരിക്കാനാണ് മദ്യത്തിന്റെ ലഭ്യത സാര്‍വ്വത്രികമാക്കുന്നതെന്ന വാദം സര്‍ക്കാര്‍ തലങ്ങളില്‍നിന്നു തന്നെ ഉയര്‍ന്നിരുന്നു. മദ്യം സാര്‍വ്വത്രികമായിട്ടും മയക്കുമരുന്ന് വേട്ടയില്‍ ഒരു കുറവും വരുന്നില്ല എന്നത് സര്‍ക്കാര്‍ വാദം പൊള്ളയാണെന്ന് വ്യക്തമാക്കുന്നതാണ്. പേരിനു മാത്രമുള്ള ജാഗ്രതാ സമിതികള്‍ കൊണ്ടോ മറ്റോ മാത്രം പരിഹരിക്കപ്പെടുന്നതല്ല ലഹരി വ്യാപനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെന്ന് വേണം മനസ്സിലാക്കാന്‍. കൂടുതല്‍ ശക്തമായ നടപടികള്‍ സര്‍ക്കാറിന്റെ ഭാഗത്തുനിന്നും പൊതു സമൂഹത്തിന്റെ ഭാഗത്തുനിന്നും ഇക്കാര്യത്തില്‍ അനിവാര്യമാണ്. ലഹരി കടത്തുമായി ബന്ധപ്പെട്ട കേസുകളില്‍ പിടിക്കപ്പെടുന്നവര്‍ നിയമത്തിന്റെ പഴുതുകളിലൂടെ അതിവേഗം പുറത്തു കടക്കുന്നു എന്നതും ലഹരി വ്യാപനം തടയുന്നതിനുള്ള വലിയ പ്രതിസന്ധികളില്‍ ഒന്നാണ്. പിടിക്കപ്പെട്ടാലും എളുപ്പത്തില്‍ ജാമ്യം ലഭിക്കുന്നതും വിചാരണ നടപടികള്‍ അനന്തമായി വൈകുന്നതും കുറ്റക്കാരെന്ന് കണ്ടെത്തിയാലും ദുര്‍ബലമായ ശിക്ഷ മാത്രം ലഭിക്കുന്നതും തിന്മകള്‍ ആവര്‍ത്തിക്കാന്‍ പലരേയും പ്രേരിപ്പിക്കുന്നു. പണത്തിനു വേണ്ടി കാരിയര്‍മാര്‍ ആകുന്നവര്‍ പോലും ഒന്നിലധികം തവണ പിടിക്കപ്പെട്ടാലും വീണ്ടും ഈ മേഖലയില്‍ തന്നെ നിലയുറപ്പിക്കുന്നു. വലിയ സാമൂഹ്യ വിപത്തായി ലഹരിവ്യാപനം മാറുന്ന കാലത്ത്, അത് തടയുന്നതിനുള്ള ഇത്തരം പരിമിതികള്‍ മറകടക്കുന്നതിന് പുനരാലോചനകള്‍ നടക്കണം. ജാഗ്രത മാത്രം പോര, സര്‍ക്കാര്‍ തലത്തിലും നിമയ, നീതി നിര്‍വഹണ തലങ്ങളിലും കാലത്തിനൊത്ത പൊളിച്ചെഴുത്തുകള്‍ കൂടിയേ തീരൂ. ലഹരിയില്‍ മയങ്ങുന്ന തലമുറ ക്രിയാത്മകമായ മാനവ വിഭവ ശേഷിയെ ഇല്ലാതാക്കും എന്നതിനാല്‍ രാജ്യത്തിന്റെ പൊതുനഷ്ടമായിതന്നെ അതിനെ കണക്കാക്കേണ്ടിയിരിക്കുന്നു.