ലോകത്തിന്റെ നീറുന്ന നോവായ ഫലസ്തീനെക്കുറിച്ച് വന്നിരിക്കുന്ന ശുഭവാര്‍ത്ത അന്താരാഷ്ട്ര സമൂഹത്തെ പൊതുവില്‍ ആഹ്ലാദിപ്പിക്കുന്നതായിരിക്കുന്നു. ഫലസ്തീനിലെ രണ്ട് സുപ്രധാന കക്ഷികളായ ഹമാസും ഫതഹ്പാര്‍ട്ടിയും തമ്മില്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ വീണ്ടുമൊരു ഐക്യ കരാറിലേര്‍പ്പെട്ടിരിക്കുകയാണ്. ഫലസ്തീന്റെ ഐക്യവും ഐക്യദാര്‍ഢ്യവും ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള പ്രസ്തുത കരാര്‍ ഈജിപ്ത് തലസ്ഥാനമായ കെയ്‌റോവില്‍ നടന്ന ത്രിദിന ചര്‍ച്ചകള്‍ക്കൊടുവിലാണ് അനുരഞ്ജനത്തിലേക്ക് ആനയിക്കപ്പെട്ടിട്ടുള്ളത്. ഇസ്രാഈലിന്റെ ഭാഗത്തുനിന്ന് തുടര്‍ച്ചയായി നേരിട്ടുവരുന്ന കൊടിയ പീഡനങ്ങളുടെ പശ്ചാത്തലഭൂമികയില്‍ ഈ ഐക്യം ഫലസ്തീനിലെ സാധാരണ ജനതക്ക് ആശ്വാസമായൊരു ജീവിതം സമ്മാനിക്കുമെന്നതില്‍ സംശയമില്ല. പൊതുശത്രുവായ ഇസ്രാഈലിന്റെ അധിനിവേശത്തിനെതിരെ ഫലസ്തീന്‍ ജനതയുടെ ഏക സ്വരമാണ് കാലഘട്ടം ആ ജനതയോടും നേതാക്കളോടും വിവിധ ഗ്രൂപ്പുകളോടും ആവശ്യപ്പെടുന്നത്. ഇത് തിരിച്ചറിഞ്ഞുള്ള അനുരഞ്ജന കരാര്‍ ഫലസ്തീനിലും പരിസരത്തുമാകെ ആഹ്ലാദം അലയിടുമ്പോള്‍ ‘ഭീകരവാദത്തിന്റെ വിജയ’മെന്നാണ് ഇസ്രാഈലിന്റെ പ്രതികരണം.
ഫലസ്തീന്‍ നേതാവ് യാസര്‍ അറഫാത്തിന്റെ പിന്‍ഗാമിയും ഫതഹ് പാര്‍ട്ടി തലവനും ഫലസ്തീന്‍ അതോറിറ്റി പ്രസിഡണ്ടുമായ മഹ്മൂദ് അബ്ബാസും ഹമാസ് നേതാവ് ഖാലിദ് മിഷാലും തമ്മില്‍ നീണ്ട അഞ്ചു വര്‍ഷത്തിന് ശേഷമാണ് നേരില്‍ കണ്ടത്. ഐക്യരാഷ്ട്ര സഭയുടെയും അറബ് ലീഗിന്റെയും യൂറോപ്യന്‍ യൂണിയന്റെയും പ്രതിനിധികള്‍ ചര്‍ച്ചകളില്‍ സന്നിഹിതരായിരുന്നു. നീണ്ട ഒരു പതിറ്റാണ്ടായി തുടരുന്ന വാദപ്രതിവാദങ്ങള്‍ക്കും രാഷ്ട്രീയവും ഭൂമിശാസ്ത്രപരവുമായ പോരാട്ടങ്ങള്‍ക്കും ശേഷമാണ് ഹമാസും ഫതഹും തമ്മിലെത്തിയിട്ടുള്ള കരാര്‍. 2006ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഫതഹിന് ഗസ്സയുടെ മേലുള്ള നിയന്ത്രണം നഷ്ടപ്പെട്ടതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് സമാരംഭം കുറിക്കുന്നത്. ഫതഹാകട്ടെ ഇതോടെ പടിഞ്ഞാറന്‍ മുനമ്പിലേക്ക് ചുരുക്കപ്പെടുകയും ഇരുവിഭാഗവും തമ്മിലുള്ള രാഷ്ട്രീയപോരാട്ടങ്ങള്‍ക്ക് ഗസ്സ വേദിയാകുകയുമായിരുന്നു. ഇസ്രാഈലിനേട് ഗസ്സയിലേക്കുള്ള വൈദ്യുതി വിതരണം നിര്‍ത്തിവെക്കണമെന്ന് ഫലസ്തീന്‍ അതോറിറ്റി ആവശ്യപ്പെടുന്നതുവരെ ഈ തര്‍ക്കം ചെന്നെത്തി. സര്‍ക്കാരിന്റെ ഹമാസ് വിരുദ്ധ നടപടികള്‍ ഗസ്സയിലെ ജനജീവിതത്തെ വരെ ബാധിക്കുന്ന നിലയിലെത്തിയത് ഫലസ്തീനെ സ്‌നേഹിക്കുന്നവരില്‍ തെല്ലൊന്നുമല്ല നൊമ്പരമുളവാക്കിയിരുന്നത്.
എന്നാല്‍ ഗസ്സയില്‍ പ്രധാനമന്ത്രി റമിഹംദുല്ല നടത്തിയ കഴിഞ്ഞാഴ്ചത്തെ സന്ദര്‍ശനം വലിയ പ്രതീക്ഷകളാണ് തുറന്നിട്ടത്. ഭിന്നതകള്‍ മറന്ന് രാജ്യത്തിനുവേണ്ടി ഒരുമിക്കണമെന്ന അദ്ദേഹത്തിന്റെ സന്ദേശം ജനതയുടെയാകെ വികാരം ഒപ്പിയെടുക്കുന്നതായിരുന്നു. ഏറെ പ്രതിസന്ധികളെ അതിജീവിച്ചശേഷമാണ് ഒടുവില്‍ ഫതഹുമായി ധാരണയിലെത്താന്‍ ഹമാസ് സന്നദ്ധമായിരിക്കുന്നത്. കരാര്‍വഴി ഗസ്സയുടെ നിയന്ത്രണം ഫതഹ് പാര്‍ട്ടിക്ക് കൈമാറാന്‍ ഹമാസ് സമ്മതിച്ചിരിക്കുകയാണ്. മാത്രമല്ല, ഈജിപ്തിനും ഗസ്സക്കുമിടയിലെ റഫ പ്രദേശം മുഴുവന്‍ ഫതഹ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള ഫലസ്തീന്‍ അതോറിറ്റിക്കു കൈമാറാനും വ്യാഴാഴ്ച ഒപ്പുവെച്ച കൈറോ കരാര്‍ നിര്‍ദേശിക്കുന്നു. ഈ പ്രദേശത്ത് തീവ്രവാദികള്‍ പിടിമുറുക്കിത്തുടങ്ങിയിട്ട് മാസങ്ങളായി. ഈജിപ്തിനെ സംബന്ധിച്ചും റഫയെയും സിനായെയും സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കുന്നതില്‍ സുരക്ഷാപരമായ താല്‍പര്യങ്ങളുണ്ട്. ഹമാസുമായുള്ള ബന്ധം ഈജിപ്തിലെ ബ്രദര്‍ഹുഡിന്റെ കരങ്ങളെ ക്ഷയിപ്പിക്കാന്‍ സഹായകമാകുമെന്നും ഈജിപ്ത് കരുതുന്നു. ഇതാണ് ഈജിപ്തിനുകൂടി സ്വീകാര്യമാകും വിധമുള്ള കരാറിലേക്ക് ചെന്നെത്താന്‍ ഹമാസ്-ഫതഹ് നേതാക്കളെ പ്രേരിപ്പിച്ചത്.
ഹമാസും ഫതഹ് പാര്‍ട്ടിയും ചേര്‍ന്നുണ്ടാക്കിയ ഐക്യസര്‍ക്കാര്‍ 2015ലാണ് ഇരുവരും തമ്മിലുള്ള കടുത്ത അഭിപ്രായ ഭിന്നതകളെതുടര്‍ന്ന് നിലംപതിച്ചത്. ഇസ്രാഈലിനെ സഹായിക്കുന്നുവെന്ന് പരസ്പരം ആരോപണം ഉന്നയിച്ചായിരുന്നു തര്‍ക്കങ്ങള്‍. 2015 ജൂണില്‍ പ്രധാനമന്ത്രി റാമിഹംദുല്ല രാജിവെച്ചതോടെ തുടരുന്ന അനിശ്ചിതത്വവും പരസ്പരപോര്‍വിളികളും ഈജിപ്തിന്റെ ഇടപെടലുകളെ തുടര്‍ന്നാണ് പുതിയ ദിശയിലേക്ക് കടന്നത്. റമിയുടെ ഗസ്സ സന്ദര്‍ശനത്തില്‍ ഈജിപ്ത് നയതന്ത്രപ്രതിനിധികള്‍ പങ്കെടുത്തപ്പോള്‍ തന്നെ ചില സൂചനകള്‍ മുഴങ്ങിയിരുന്നു.
വീണ്ടുമൊരു ഹമാസ്-ഫതഹ് ദേശീയ ഐക്യസര്‍ക്കാര്‍ രൂപീകരിക്കുമെന്നാണ് കൈറോ കരാര്‍ നല്‍കുന്ന ശുഭകരമായ വാര്‍ത്തകളിലൊന്ന്. ഇതിലൂടെ ഫലസ്തീന്‍ ജനതയുടെ പരിദേവനങ്ങള്‍ക്കും പ്രയാസങ്ങള്‍ക്കും പരിഹാരം കാണാനാകുമ്പോള്‍ തന്നെ രാജ്യത്തിന്റെ ക്രമസമാധാന നില പരിപോഷിപ്പിക്കാനും അതുവഴി ജനങ്ങള്‍ക്ക് കുറെക്കൂടി മെച്ചപ്പെട്ട ക്ഷേമം ഉറപ്പുവരുത്താനും കഴിഞ്ഞേക്കും. ഇതുവഴി ഹമാസിന് നഷ്ടപ്പെട്ട സ്വാധീനം തിരിച്ചുപടിക്കാനും കഴിഞ്ഞേക്കും. ഗസ്സയുടെ മേലുള്ള ഉപരോധം നീങ്ങുന്നതും ഹമാസിന് ജനപിന്തുണ വര്‍ധിക്കാന്‍ സഹായകമാകും. ഫലസ്തീനിലെ ഗസ്സയിലും പശ്ചിമ മുനമ്പിലും രണ്ട് സര്‍ക്കാരുകള്‍ നിലനില്‍ക്കുന്നത് രാജ്യതാല്‍പര്യത്തിന് ക്ഷതമേല്‍പിക്കുമെന്നുകണ്ടാണ് 2014ല്‍ ദേശീയ സര്‍ക്കാര്‍ രൂപീകരിച്ചതെങ്കിലും ഒരുവര്‍ഷത്തിനകം ഉണ്ടായ അതിന്റെ പതനം പോലൊന്ന് ഇനിയും ഉണ്ടാകാന്‍ പാടില്ല. ഐക്യസര്‍ക്കാര്‍ രൂപീകരണത്തിന് മുന്നോടിയായുള്ള ചര്‍ച്ചകള്‍ ഇനിയാരംഭിക്കാനിരിക്കുന്നതേയുള്ളൂവെങ്കിലും ദേശീയ സര്‍ക്കാര്‍ എന്ന ആശയത്തെ ഇരുവരും പിന്തുണച്ച നിലക്ക് അത് സാധ്യമാകുന്നതുതന്നെ പ്രത്യാശിക്കാം. പൊതുതെരഞ്ഞെടുപ്പ് നടത്തുന്നതിലേക്കും ഈ നീക്കം ചെന്നെത്തിയേക്കും.
ഫലസ്തീനിലെ അധിനിവേശ പ്രദേശങ്ങളില്‍ അന്താരാഷ്ട്രനിബന്ധനകളും ചട്ടങ്ങളും ലംഘിച്ച് ഇസ്രാഈല്‍ തുടരുന്ന വന്‍തോതിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ അന്താരാഷ്ട്ര സമൂഹവും ഐക്യരാഷ്ട്ര സഭയും കടുത്ത രീതിയിലാണ് പ്രതികരിച്ചുവരുന്നത്. പശ്ചിമേഷ്യയിലെ എക്കാലത്തെയും ഭീഷണിയായ ഇസ്രാഈല്‍ രാഷ്ട്രത്തിനെതിരെ നീതിയുടെ പക്ഷത്തുനിലയുറപ്പിക്കുന്നതിനുപകരം അമേരിക്കപോലുള്ള രാജ്യങ്ങള്‍ നടത്തുന്ന നീക്കങ്ങള്‍ തിന്മക്ക് വളമേകുകയാണ്. അമേരിക്കയുടെ നിലപാടിനെതിരെ യുനെസ്‌കോ കഴിഞ്ഞ ദിവസമാണ് പ്രമേയം പാസാക്കിയത്. എന്നാല്‍ യുനെസ്‌കോയില്‍ നിന്ന ്പിന്മാറുന്നുവെന്നാണ് ട്രംപ് സര്‍ക്കാരിന്റെ മറുപടി. ഈ പശ്ചാത്തലത്തില്‍, ഫലസ്തീനില്‍ ആഭ്യന്തരമെങ്കിലും ഉരുത്തിരിഞ്ഞിരിക്കുന്ന പുതിയ രാഷ്ട്രീയസമവാക്യം പീഡിത ജനതക്കും പൊതുമനുഷ്യനന്മക്കും ഉതകുമെന്നുതന്നെ പ്രത്യാശിക്കാം.