ആസിഫ് അലിയെ നായകനാക്കി തമർ സംവിധാനം ചെയ്ത സർക്കീട്ട് മികച്ച പ്രേക്ഷകാഭിപ്രായം നേടുന്നു. മനുഷ്യബന്ധങ്ങൾക്കിടയിലെ വൈകാരികതയുടെ ആഴവും വ്യാപ്തിയും പ്രദിപാദിക്കുന്ന ചിത്രത്തിൽ ആസിഫ് അലിയുടെ അമീര്‍ എന്ന കഥാപാത്രം വലിയ കൈയ്യടിയാണ് തീയേറ്ററുകളിലുണ്ടാക്കുന്നത്. പരാജയപ്പെട്ട ആദ്യശ്രമത്തിന് ശേഷം വീണ്ടും ജോലി തേടി സന്ദർശകവിസയ്ക്ക് യുഎഇയിലെത്തിയ ഗൾഫിൽ ജോലിയില്ലാതെ കഷ്ടപ്പെടുന്ന അമീറിന്റെ ജീവിതത്തെ അടിസ്ഥാനപ്പെടുത്തിയുള്ള സിനിമ കുടുംബപ്രേക്ഷകരാണ് ഏറ്റെടുത്തിരിക്കുന്നത്. എഡിഎച്ച്ഡി അഥവാ അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസ്ഓർഡർ എന്ന രോഗാവസ്ഥയിലൂടെ കടന്നു പോകുന്ന ഏഴു വയസ്സുകാരനായ ജെപ്പു എന്ന ജെഫ്രിനും അമീറും തമ്മിലുള്ള ആത്മബന്ധമാണ് സിനിമയുടെ ഇതിവൃത്തം.
ആസിഫ് അലിയുടെ കരിയറിലെ മറ്റൊരു ഗംഭീര സിനിമയാണ് സർക്കീട്ട്. ആമിർ എന്ന കഥാപാത്രത്തിന്റെ നിസ്സഹായവസ്ഥയുടെ നോവും നീറ്റലും കാണിക്കുന്ന ചിത്രം അതിഗംഭീര അഭിനയ മുഹൂർത്തങ്ങളിലൂടെയാണ് ആസിഫ് അലിയെ ഉപയോഗപ്പെടുത്തിയിരിക്കുന്നത്. സാധാരണക്കാരന്റെ നിസ്സഹായവസ്ഥയും വേദനയും സന്തോഷവും കാണിക്കുന്ന താരത്തിന്റെ പ്രകടനം കുടുംബപ്രേക്ഷകർ ഇരുകൈയും നീട്ടീ സ്വീകരിച്ചിരിക്കുകയാണ്. അയാസ് ആണ് സിനിമയുടെ ഛായാഗ്രാഹകൻ. പ്രവാസജീവിതത്തെ കൃത്യമായി അടയാളപ്പെടുത്തുന്നതാണ് അയാസിന്റെ ഫ്രെയിമുകൾ. ഗോവിന്ദ് വസന്തയുടെ സംഗീതം കഥയുടെ ആഴങ്ങളിലേക്ക് തീവ്രതയോടെ പ്രേക്ഷകരെ എത്തിക്കുന്നതാണ്. ആസിഫ് അലിയുടെ മിന്നും പ്രകടനം തന്നെയാണ് സർക്കീട്ടിന്റെ പ്രധാന ഹൈലൈറ്റ്. നമ്മളുടെ കൂട്ടത്തിൽ എവിടെയോ കണ്ട ഒരു വ്യക്തിയുടെ ഇമോഷൻസ് വളരെ തന്മയത്വത്തോടെ അവതരിപ്പിച്ചു വിജയിപ്പിക്കാൻ നായകൻ എന്ന നിലയിൽ ആസിഫിന് കഴിഞ്ഞിട്ടുണ്ട്.
കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളായ കിഷ്കിന്ധാ കാണ്ഡം, രേഖാചിത്രം എന്നീ ബ്ലോക്ക് ബസ്റ്റർ സിനിമകൾക്ക് ശേഷം ആസിഫ് അലി നായകനാകുന്ന ചിത്രം കൂടിയാണ് സർക്കീട്ട്. താമർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന സർക്കീട്ടിൽ ബാലതാരം ഒർഹാനും പ്രധാന വേഷം ചെയ്തിട്ടുണ്ട്. അടുത്തിടെ ത്രില്ലർ ചിത്രങ്ങളിലൂടെ സൂപ്പർ വിജയങ്ങൾ സ്വന്തമാക്കിയ ആസിഫ് അലി, സർക്കീട്ടിലൂടെ ഒരു ഫീൽ ഗുഡ് ഫാമിലി ഡ്രാമയുമായാണ് സർക്കീട്ടിലൂടെ വന്നിരിക്കുന്നത്. ഏതായാലും ചിത്രത്തിലൂടെ കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരമായി മാറിയിരിക്കുകയാണ് ആസിഫ് അലിയിപ്പോൾ. ദിവ്യ പ്രഭ, ദീപക് പറമ്പോള്‍, രമ്യ സുരേഷ്, പ്രശാന്ത് അലക്‌സാണ്ടര്‍, സ്വാതിദാസ് പ്രഭു, സുധീഷ് സ്കറിയ, ഗോപന്‍ അടാട്ട്, സിന്‍സ് ഷാന്‍, പ്രവീൺ റാം എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഛായാഗ്രഹണം- അയാസ് ഹസൻ, സംഗീതം- ഗോവിന്ദ് വസന്ത, എഡിറ്റർ- സംഗീത് പ്രതാപ്, പ്രൊജക്റ്റ് ഡിസൈനർ- രഞ്ജിത് കരുണാകരൻ, കലാസംവിധാനം – വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം – ഇർഷാദ് ചെറുകുന്ന്, മേക്കപ്പ് – സുധി, ലൈൻ പ്രൊഡക്ഷൻ – റഹിം പിഎംകെ, സിങ്ക് സൗണ്ട്- വൈശാഖ്, പിആർഒ- വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, പോസ്റ്റർ ഡിസൈൻ- ഇല്ലുമിനാർട്ടിസ്റ്റ്, സ്റ്റിൽസ്- എസ്‌ബികെ ഷുഹൈബ്.