Connect with us

Video Stories

പ്രതിരോധിക്കാന്‍ പ്രേരിപ്പിക്കുന്ന ചെറിയ ശബ്ദങ്ങള്‍

Published

on

വിദ്യാ ഭൂഷണ്‍ റാവത്ത്‌

ത്രപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെതുടര്‍ന്ന് തെരുവുകളിലും സോഷ്യല്‍ മീഡിയകളിലും അലയടിച്ച പ്രതിഷേധങ്ങളും ദുഃഖങ്ങളും ഹിന്ദു ദേശീയവാദ രാഷ്ട്രീയത്തോട് അഭിപ്രായ വ്യത്യാസം വെച്ചുപുലര്‍ത്തുന്നവരെയെല്ലാം അക്രമത്തിലൂടെയും ഭീഷണിയിലൂടെയും നേരിടുന്ന സംഘ്പരിവാര്‍ ഫാസിസത്തിനെതിരെ യോജിച്ച് പോരാടാന്‍ പലരെയും നിര്‍ബന്ധിതരാക്കിയിരിക്കുകയാണ്. ഇടതുപക്ഷ രാഷ്ട്രീയ നേതാക്കന്മാരും രാഹുല്‍ ഗാന്ധിയടക്കമുള്ളവരും മറ്റു രാഷ്ട്രീയപാര്‍ട്ടി നേതാക്കളുമെല്ലാം കൊലപാതകത്തെ അപലപിക്കുകയും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരായ കടന്നുകയറ്റത്തിനെതിരെ ശബ്ദിക്കുകയും ചെയ്തിട്ടുണ്ട്. അവരെല്ലാവരും ആവശ്യപ്പെടുന്നത് നമ്മളൊറ്റക്കെട്ടായി പോരാടണമെന്നാണ്. കൊല്‍ക്കത്തയില്‍ മമത ബാനര്‍ജിയും പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കുകയുണ്ടായി.

ഉന്നത കുടുംബത്തില്‍ ജനിച്ച ഗൗരി ലങ്കേഷിന്റെ പിതാവ് പി. ലങ്കേഷ് ലങ്കേഷ് പത്രികയുടെ എഡിറ്ററും സഹോദരന്‍ ഇന്ദ്രജിത് സിനിമാ സംവിധായകനുമാണ്. പിതാവിന്റെ മരണശേഷം ലങ്കേഷ് പത്രിക് സഹോദരന്‍ ഏറ്റെടുത്തു. ഗൗരിക്കും ഇന്ദ്രജിത്തിനുമിടയില്‍ പ്രത്യയശാസ്ത്ര ഭിന്നതകള്‍ ധാരാളമുണ്ടായിരുന്നു. അതുകൊണ്ടാണ് സ്വന്തമായി ഗൗരി ലങ്കേഷ് പത്രിക തുടങ്ങാന്‍ അവര്‍ തീരുമാനിക്കുന്നത്. ഗാന്ധിയന്‍ ആശയങ്ങളായിരുന്നു തന്റെ പിതാവിനെ സ്വാധീനിച്ചിരുന്നതെങ്കില്‍ ഗൗരി ലങ്കേഷ് ഒരു യുക്തിവാദിയായിരുന്നു. ടൈംസ് ഓഫ് ഇന്ത്യയുടെ വിദേശകാര്യ എഡിറ്ററായിരുന്ന അവരുടെ മുന്‍ ഭര്‍ത്താവ് ചിദാനഹ്ദ രാജ്ഗട്ട പറയുന്നത് അബ്രഹാം കോവൂരിനെ വായിക്കുന്നതിനിടയിലാണ് അവര്‍ സുഹൃത്തുക്കളായതെന്നാണ്. ദലിതരുടെയും ആദിവാസികളുടെയും മറ്റ് ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങള്‍ക്ക് വേണ്ടി പോരാടിയ വ്യക്തിയായിരുന്നു അവര്‍. ആംനസ്റ്റി ഇന്റര്‍ നാഷണല്‍ അടക്കമുള്ള മനുഷ്യാവകാശ സംഘങ്ങളുടെ വേദികളില്‍ അവര്‍ സംസാരിക്കുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല, ഹിന്ദുത്വത്തിനെതിരെ ശക്തമായി നിലകൊള്ളുകയും ചെയ്തു.

ഇയ്യിടെ കര്‍ണ്ണാടകയില്‍ നടന്ന സംഭവങ്ങള്‍ ഒരിക്കലും മറന്നുകൂടാത്തതാണ്. അവിടെ ഇനിയും പ്രശ്‌നങ്ങള്‍ പൊട്ടിപ്പുറപ്പെടാനുള്ള സാധ്യതകളുണ്ട്. തങ്ങള്‍ ബ്രാഹ്മണിക്കല്‍ ഹൈന്ദവതയുടെ ഭാഗമല്ലെന്നും ഒരു പ്രത്യേക ലിങ്കായത്ത് ധര്‍മ്മ തങ്ങള്‍ക്ക് വേണ്ടി പ്രഖ്യാപിക്കപ്പെടണമെന്നും ആവശ്യപ്പെട്ട് ലിങ്കായത്ത് സമുദായത്തില്‍പെട്ടവരും രാഷ്ട്രീയ നേതാക്കന്മാരുമെല്ലാം പങ്കെടുത്ത കൂറ്റന്‍ റാലി ബെലഗാവിയില്‍ നടക്കുകയുണ്ടായി. അവരുടെ ആവശ്യം പഴയതൊന്നുമല്ല. എം.എം കല്‍ബുര്‍ഗിയെയും പ്രൊഫ. ഭഗ്‌വാനെയും പോലെയുള്ള രാഷ്ട്രീയ തത്വചിന്തകര്‍ അതിനെക്കുറിച്ച് വിശദമായി സംസാരിക്കുകയും ചെയ്തിട്ടുണ്ട്. അതിന്റെ പേരിലാണ് തന്റെ ഭവനത്തില്‍ വെച്ച് കല്‍ബുര്‍ഗി മൃഗീയമായി കൊല്ലപ്പെട്ടത്. പ്രൊഫ: ഭഗ്‌വാന്‍ പൊലീസ് സംരക്ഷണത്തിലാണ് ഇപ്പോള്‍ ജീവിക്കുന്നത്. ബ്രാഹ്മണ ദൈവങ്ങളെ നിന്ദിച്ചു എന്നതാണ് രണ്ടു പേര്‍ക്കുമെതിരായ ആരോപണം. അതേസമയം ലിങ്കായത്ത് സമുദായം നടത്തിയ റാലിയില്‍ ആര്‍.എസ്.എസ് നേതാവ് മോഹന്‍ ഭഗവത്തിനോട് തങ്ങളുടെ സമുദായ കാര്യങ്ങളില്‍ ഇടപെടരുത് എന്നാവശ്യപ്പെടുകയുണ്ടായി. ലിങ്കായത്ത് നേതാവായ ജയബാസവ മൃത്യുഞ്ജയ സ്വാമി പറയുന്നു: ‘ഞാന്‍ ഭഗവത്തിനോട് പറയാന്‍ ആഗ്രഹിക്കുന്നു, ഞങ്ങള്‍ വിശ്വസിക്കുന്നത് അംബേദ്കറുടെ ഭരണഘടനയിലാണ്. മനുവാദികളുടേതിലല്ല. ജനാധിപത്യത്തിന്റെ ആധുനിക തത്വങ്ങള്‍ക്കനുസരിച്ചാണ് ഞങ്ങള്‍ ജീവിക്കുന്നത്. വേദ പ്രത്യയശാസ്ത്രങ്ങളെ ഞങ്ങള്‍ പിന്തുടരുന്നില്ല. ഞങ്ങളെ വിഭജിക്കാന്‍ ശ്രമിക്കുന്ന നേതാക്കന്മാരോട് ലിങ്കായത്ത് വിശ്വാസം കൈവെടിയാന്‍ ഞങ്ങളാവശ്യപ്പെടുക തന്നെ ചെയ്യും.’ ഹിന്ദുക്കളില്‍ നിന്നും വ്യത്യസ്തമായ വിശ്വാസം വെച്ചുപുലര്‍ത്തുന്ന ലിങ്കായത്ത് സമുദായത്തെ ഗൗരി ലങ്കേഷ് പിന്തുണച്ചിരുന്നുവെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

സെപ്റ്റംബര്‍ അഞ്ചിന് ‘ദ വയര്‍’ പുനപ്രസിദ്ധീകരിച്ച ലേഖനത്തില്‍ ഗൗരി എഴുതുന്നു: ‘ചില കാര്യങ്ങള്‍ നാം വ്യക്തമായി അറിഞ്ഞിരിക്കണം. ലിങ്കായത്തുകളും വീരശായ്‌വകളും ഒന്നാണെന്നാണ് പല ആളുകളും കാലങ്ങളോളം വിശ്വസിച്ചിരുന്നതെങ്കിലും അവരുടെ വിശ്വാസങ്ങള്‍ വ്യത്യസ്തമാണ്. പുതിയൊരു ധര്‍മ്മ കൊണ്ടുവന്ന പന്ത്രണ്ടാം നൂറ്റാണ്ടിലെ സാമൂഹ്യ പരിഷ്‌കര്‍ത്താവായിരുന്ന ബസവണ്ണയെ പിന്തുടരുന്നവരാണ് ലിങ്കായത്തുകള്‍. അതേസമയം വീരശായ്‌വിസം പേര് സൂചിപ്പിക്കുന്നത് പോലെത്തന്നെ ശൈവ വിശ്വാസക്രമമാണ്. രണ്ട് പ്രധാനപ്പെട്ട വേദ വിശ്വാസങ്ങളിലൊന്നാണിത്. മറ്റേത് വൈഷ്ണവ വിശ്വാസമാണ്. ശൈവ വിശ്വാസവും വൈഷ്ണവ വിശ്വാസവും പിന്തുടരുന്നവര്‍ സനാതന ധര്‍മ്മയെയാണ് മുറുകെപ്പിടിക്കുന്നത്. വീരശായ്‌വ ജാതി, ലിംഗ വിവേചങ്ങള്‍ കൊണ്ടുവരുന്ന വേദഗ്രന്ഥങ്ങളെ സ്വീകരിക്കുമ്പോള്‍ ബസവണ്ണ അത് എതിര്‍ക്കുന്നു എന്ന് മാത്രമല്ല, സനാതന ധര്‍മ്മത്തിനെതിരായ ഒരു ബദല്‍ അദ്ദേഹം അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. വൈഷ്ണവികളെപ്പോലെ ശൈവികളും ഹൈന്ദവ വിശ്വാസത്തിന്റെ ഭാഗമാണ്. അതേസമയം ലിങ്കായത്തുകള്‍ ഹൈന്ദവ വിശ്വാസം വെച്ചുപുലര്‍ത്തുന്നവരല്ല’.

ബി.ജെ.പിയുടെ പ്രധാനപ്പെട്ട ഒരു ശക്തി കേന്ദ്രമാണ് കര്‍ണ്ണാടക. ദക്ഷിണേന്ത്യയിലേക്കുള്ള അവരുടെ പ്രവേശന കവാടമാണത്. കര്‍ണ്ണാടകയിലെ ജനസംഖ്യയുടെ പതിനേഴ് ശതമാനവും ലിങ്കായത്ത് സമുദായമാണ്. യദ്യൂരപ്പയുടെ കീഴില്‍ ബി.ജെ.പി തിരിച്ചുവരവ് പ്രതീക്ഷിച്ചിരുന്നെങ്കിലും പുതിയ സംഭവവികാസങ്ങള്‍ അവരെ സംബന്ധിച്ചിടത്തോളം അത്ര ഭൂഷണമല്ല. അതേസമയം ലിങ്കായത്ത് മത നേതാക്കന്മാര്‍ തങ്ങളുടേതായ ഒരു വഴി വെട്ടിത്തുറക്കുകയും ബ്രാഹ്മണ ഹൈന്ദവതയില്‍ നിന്ന് പൂര്‍ണ്ണമായി ബന്ധം വേര്‍പെടുത്തുകയും ചെയ്തിരിക്കുകയാണ്. മാത്രമല്ല, ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിന് ശേഷം ബി.ജെ.പിക്ക് ലിങ്കായത്ത് സമുദായത്തിലുണ്ടായിരുന്ന പിന്തുണ നഷ്ടപ്പെട്ടിരിക്കുകയും ചെയ്തിരിക്കുന്നു. അത് പാര്‍ട്ടി മനസ്സിലാക്കിയിട്ടുമുണ്ട്. അതേസമയം, ചില മാധ്യമങ്ങള്‍ ഗൗരി ലങ്കേഷിന്റെ വ്യക്തിത്വത്തെ കരിവാരിത്തേക്കാനാണ് ഇപ്പോള്‍ ശ്രമിച്ച് കൊണ്ടിരിക്കുന്നത്. കേസന്വേഷണത്തെ വഴിതിരിച്ച് വിടാനും കൂടുതല്‍ ആശയക്കുഴപ്പം സൃഷ്ടിക്കാനുമാണ് അവര്‍ താല്‍പര്യപ്പെടുന്നത്. മാത്രമല്ല, ഗൗരിയുമായി പ്രത്യയശാസ്ത്ര ഭിന്നതകളുടെ പേരില്‍ ഇടയുകയും ഇപ്പോള്‍ ബി.ജെ.പിയില്‍ ചേരാന്‍ താല്‍പര്യം പ്രകടിപ്പിക്കുകയും ചെയ്തിരിക്കുന്ന അവരുടെ സഹോദരന്‍ ഇന്ദ്രജിത്തിനെ ഈ മാധ്യമങ്ങള്‍ പൊതു മധ്യത്തിലേക്ക് കൊണ്ടുവന്നിരിക്കുകയാണ്. 2017 ജൂലൈ പത്തിന് ഇന്ത്യന്‍ എക്‌സ്പ്രസില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ഇന്ദ്രജിത്ത് ലങ്കേഷ് ഇങ്ങനെ വിശദീകരിക്കുകയുണ്ടായി: ‘കഴിഞ്ഞ 25 വര്‍ഷത്തോളം ഞാന്‍ സിനിമാ മേഖലയിലും പത്രപ്രവര്‍ത്തന രംഗത്തുമായിരുന്നു. ഒരുപാട് ആളുകളുടെ സ്‌നേഹം സമ്പാദിക്കാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട്. രാഷ്ട്രീയം എനിക്ക് പറ്റിയതാണോ എന്നറിയേണ്ടതുണ്ട്. ബി.ജെ.പിയുമായി അടുക്കുന്നതിനെക്കുറിച്ചാണ് ഞാനാലോചിക്കുന്നത്. തീര്‍ച്ചയായും യദ്യൂരപ്പയുടെയും മോദിയുടെയും നേതൃത്വമാണ് എന്നെ രാഷ്ട്രീയത്തിലിടപെടാന്‍ പ്രേരിപ്പിച്ചത്. എന്നാലിതൊരു ആലോചന മാത്രമാണ്.’

മാധ്യമങ്ങള്‍ യഥാര്‍ത്ഥ പ്രശ്‌നത്തില്‍ നിന്ന് മാറി ഗൗരിയും അവരുടെ സഹോദരനും തമ്മിലുണ്ടായിരുന്ന അഭിപ്രായ വ്യത്യാസങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഗൗരിക്ക് നക്‌സല്‍ ബന്ധമുണ്ടായിരുന്നെന്നും അവര്‍ ആരോപിക്കുന്നു. സംഘ് ചാനലുകളായ റിപ്പബ്ലിക്ക് ടിവിയും ടൈംസ് നൗവും ഇന്ദ്രജിത്തിനെ വാര്‍ത്താപരിപാടികളിലേക്ക് ക്ഷണിക്കുകയും ഗൗരിയുടെ നക്‌സല്‍ ബന്ധത്തെക്കുറിച്ച് കഥകള്‍ നിര്‍മ്മിക്കുകയുമാണ് ചെയ്യുന്നത്. ഈ സന്ദര്‍ഭത്തില്‍ ചില ചോദ്യങ്ങള്‍ ചോദിക്കേണ്ടതുണ്ട്. ആരൊക്കെയാണ് ഗൗരിയുടെ വധത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ചത്? ഗൗരി നക്‌സലാണെന്ന് ആരാണ് ആരോപണമുന്നയിക്കുന്നത്? ഹിന്ദുത്വവാദികളുടെ അക്രമങ്ങളെയും കൊലകളെയും എന്തുകൊണ്ടാണ് മാധ്യമങ്ങള്‍ അവഗണിക്കുന്നത്? ഗോ സംരക്ഷണത്തിന്റെ പേരില്‍ മുസ്‌ലിംകളും ദലിതരും ആദിവാസികളും അക്രമിക്കപ്പെടുന്ന സംഭവങ്ങള്‍ എങ്ങനെയാണ് അവഗണിക്കാന്‍ കഴിയുക? തീര്‍ച്ചയായും നരേന്ദ്ര ദബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ, എം.എം കല്‍ബുര്‍ഗി, ഗൗരി ലങ്കേഷ് എന്നിവരുടെയെല്ലാം കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച കരങ്ങള്‍ ഒന്നാണെന്ന് അനുമാനിക്കാന്‍ ന്യായമായ കാരണങ്ങളുണ്ട്. അതിലാര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍ ബി.ജെ.പി എം.എല്‍.എയും മുന്‍ കര്‍ണ്ണാടക മന്ത്രിയുമായ ജീവ്‌രാജിന്റെ പ്രതികരണം വായിച്ചാല്‍ മതി: ‘ആര്‍.എസ.്എസിനെതിരായ എഴുത്തുകളായിരിക്കാം ഗൗരി ലങ്കേഷിന്റെ ജീവനെടുത്തത്. അത്തരം എഴുത്തുകളില്‍ നിന്ന് അവര്‍ വിട്ടുനിന്നിരുന്നെങ്കില്‍ ഒരുപക്ഷേ അവര്‍ക്ക് രക്ഷപെടാമായിരുന്നു. ഗൗരി എനിക്ക് സഹോദരിയെപോലെയായിരുന്നു. ജനാധിപത്യത്തില്‍ സ്വീകാര്യമായ കാര്യങ്ങള്‍ ഞങ്ങള്‍ക്കെതിരെ അവര്‍ക്കെഴുതാമായിരുന്നു’ (ഏഷ്യന്‍ ഏജ്)

പൊലീസും അന്വേഷണ ഏജന്‍സികളും അവരുടെ ജോലി ചെയ്യുമെന്നത് തീര്‍ച്ചയാണെങ്കിലും മാധ്യമങ്ങള്‍ ഒരുപാട് കാര്യങ്ങള്‍ അന്വേഷിക്കേണ്ടതുണ്ട്. ഇപ്പോഴെല്ലാവരും ഹിന്ദുത്വത്തിനെതിരായ ഗൗരിയുടെ നിലപാടുകളെ പുകഴ്ത്താനുണ്ടെങ്കിലും മാധ്യമ സ്ഥാപനങ്ങള്‍ അവരെ വീര്‍പ്പുമുട്ടിച്ചിരുന്ന കാലത്ത് ഇപ്പോള്‍ പുകഴ്ത്തുന്ന ആരും തന്നെ ഗൗരിയുടെ കൂടെയുണ്ടായിരുന്നില്ല. ഞാനടക്കം അവരുടെ എഴുത്തുകളെക്കുറിച്ച് അജ്ഞരായിരുന്നു. സാമൂഹ്യ പ്രസ്ഥാനങ്ങളിലും ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിനെതിരായ പോരാട്ടങ്ങളിലും സജീവമായി നിലകൊണ്ട അവരെ തങ്ങളുടെ അജണ്ടകള്‍ക്ക് വിലങ്ങ്തടിയാകുമെന്ന് കണ്ട് ഹിന്ദുത്വ ശക്തികള്‍ തന്നെയാണ് കൊലപ്പെടുത്തിയത് എന്നതാണ് യാഥാര്‍ത്ഥ്യം. 90 ശതമാനം ടിവി ചാനലുകളും അമിത് ഷായുടെയും നരേന്ദ്ര മോദിയുടെയും താല്‍പര്യങ്ങള്‍ക്കനുസരിച്ചായിരുന്നു റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ചില മാധ്യമങ്ങളാകട്ടെ, കോണ്‍ഗ്രസും ഇടത്പക്ഷവും പറയുന്നതിനപ്പുറത്തേക്ക് ഒരന്വേഷണത്തിനും മുതിര്‍ന്നിട്ടില്ല. ആര്‍ക്കാണ് അവരുടെ ലേഖനം പ്രസിദ്ധീകരിക്കാനുള്ള ധൈര്യമുണ്ടായിരുന്നത്? അവരെ സ്ഥിരം കോളമിസ്റ്റാക്കാന്‍ ആരാണ് മുന്നോട്ട് വന്നിട്ടുള്ളത്? ഹിന്ദുത്വ ശക്തികള്‍ക്കാകട്ടെ, മാധ്യമങ്ങളെ ഒരു ഭയവുമില്ല. അവരതിനെ തങ്ങളുടേതാക്കി മാറ്റിയിട്ടുണ്ട്. മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുക മാത്രമല്ല, വാര്‍ത്തകള്‍ പടച്ചുണ്ടാക്കുകയും ചെയ്യുന്നുണ്ട് എന്നതാണ് ഏറെ അപകടം. ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നിര്‍ഭാഗ്യവശാല്‍ നാം അതാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്.

ഭരിക്കുന്ന പാര്‍ട്ടിക്ക് അവര്‍ക്കിഷ്ടമുള്ള വാര്‍ത്തകള്‍ എങ്ങനെയാണ് നിര്‍മ്മിക്കാന്‍ സാധിക്കുന്നതെന്ന് ഒരുപക്ഷേ നമ്മളത്ഭുതപ്പെട്ടേക്കാം. തങ്ങളുടെ അജണ്ടക്ക് ഭീഷണിയുയര്‍ത്തുന്ന സ്വരങ്ങളെയെല്ലാം വളരെ വിദഗ്ധമായി ഇല്ലാതാക്കുകയാണ് അവര്‍ ചെയ്യുന്നത്. അതേസമയം ചെറുത്തുനില്‍പ്പിന്റെ ശക്തിയെക്കൂടിയാണ് ഇത് കാണിക്കുന്നത്. അഥവാ, ഹിന്ദുത്വ ശക്തികളും ഭരണകൂടവും ചെറിയ ശബ്ദങ്ങളെപ്പോലും ഭയക്കുന്നുണ്ട്. ഈ ചെറിയ ശബ്ദങ്ങളാണ് നമ്മെ ചിന്തിക്കാനും പ്രതിരോധിക്കാനും പ്രേരിപ്പിക്കുന്നത്. ജാതീയവും വംശീയവും ലിംഗപരവും മതപരവുമായ എല്ലാ വിവേചനങ്ങള്‍ക്കെതിരെയും നിലകൊള്ളാന്‍ അവ നമുക്ക് കരുത്ത് നല്‍കുന്നു. അതിനാല്‍ തന്നെ സംഘ്പരിവാര്‍ മുന്നോട്ടുവെക്കുന്ന വര്‍ഗീയ രാഷ്ട്രീയത്തെ ചെറുത്ത് കൊണ്ട് മതേതര ജനാധിപത്യ ഇന്ത്യ സാധ്യമാക്കാന്‍ ഗൗരി ലങ്കേഷിന്റേതടക്കമുള്ള ഈ ചെറു ശബ്ദങ്ങളില്‍ നമ്മളും അണിചേരേണ്ടതുണ്ട്.
മതേതരത്വത്തിനും ജനാധിപത്യത്തിനും വേണ്ടിയാണ് ഗൗരി ലങ്കേഷ് തന്റെ ജീവന്‍ നല്‍കിയത്. വെറുപ്പിന്റെ രാഷ്ട്രീയത്തിന്റെ ഇരയാവുകയായിരുന്നു അവര്‍. പത്രപ്രവര്‍ത്തകയായതുകൊണ്ടല്ല അവര്‍ കൊല്ലപ്പെട്ടത്. മറിച്ച് ഹിന്ദുത്വത്തിനെതിരെ സംസാരിച്ചതിനാലാണ്. ഇങ്ങനെ ജനാധിപത്യ മൂല്യങ്ങള്‍ക്ക് വേണ്ടി കൊല്ലപ്പെടുന്ന പത്രപ്രവര്‍ത്തകര്‍ക്ക് വേണ്ടി ആരും സംസാരിക്കാറില്ല. മാധ്യമങ്ങളെയല്ല ഹിന്ദുത്വം ഭയക്കുന്നത്. മറിച്ച് തങ്ങള്‍ക്കെതിരെ ഉയര്‍ന്നുവരുന്ന പുതിയ ശബ്ദങ്ങളെയാണ്. തീര്‍ച്ചയായും നരേന്ദ്ര ദഭോല്‍ക്കറും ഗോവിന്ദ് പന്‍സാരെയും കല്‍ബുര്‍ഗിയും ഗൗരി ലങ്കേഷുമെല്ലാം മുറുകെപ്പിടിച്ച മാനവിക മൂല്യങ്ങളെയും മനുഷ്യാവകാശങ്ങളെയും നാം നെഞ്ചേറ്റേണ്ടതുണ്ട്. എങ്കില്‍ മാത്രമേ ഹിന്ദുത്വം പ്രതിനിധീകരിക്കുന്ന വെറുപ്പിന്റെ പ്രത്യയശാസ്ത്രത്തെ നമുക്ക് നേരിടാനാകൂ.

(കടപ്പാട്: peoplesvoice.in)

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

പെരിയ ഇരട്ടക്കൊലപാതക കേസ്; വിധി ഈ മാസം 28ന്

സിപിഎം പെരിയ ഏരിയ സെക്രട്ടറിയായിരുന്ന എ. പീതംബരനാണ് കേസിലെ ഒന്നാം പ്രതി

Published

on

എറണാകുളം: പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൃപേഷിനേയും ശരത് ലാലിനെയും കൊലപ്പെടുത്തിയ കേസിലെ വിധി ഈ മാസം 28ന്. എറണാകുളം സിബിഐ കോടതിയാണ് വിധി പറയുന്നത്.

2019 ഫെബ്രുവരി 17നാണ് കല്യാട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവത്തകരായിരുന്ന കൃപേഷും ശരത്‌ലാലും കൊല്ലപ്പെട്ടത്.തുടക്കത്തില്‍ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് ഹൈക്കോടതി നിര്‍ദേശപ്രകാരം സിബിഐ ഏറ്റെടുക്കുകയായിരുന്നു. ക്രൈംബ്രാഞ്ച് 14 പേരെ പ്രതിചേര്‍ത്ത കേസില്‍ സിബിഐ പത്ത് പ്രതികളെക്കൂടി ഉള്‍പ്പെടുത്തുകയായിരുന്നു.

സിപിഎം പെരിയ ഏരിയ സെക്രട്ടറിയായിരുന്ന എ. പീതംബരനാണ് കേസിലെ ഒന്നാം പ്രതി. 24 പ്രതികളാണ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ടിട്ടുള്ളത്. നിരവധി പ്രാദേശിക നേതാക്കളും പ്രതികളാണ്. ഒന്നാംപ്രതി പീതാംബരനടക്കം 11 പ്രതികള്‍ അഞ്ചര വര്‍ഷത്തിലേറെയായി ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

Continue Reading

Video Stories

ലൈംഗികാതിക്രമക്കേസ്; മുകേഷ് എംഎല്‍എക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

നടന്‍ ഇടവേള ബാബുവിനും എതിരെയും കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്.

Published

on

തിരുവനന്തപുരം: ലൈംഗികാതിക്രമക്കേസില്‍ മുകേഷ് എംഎല്‍എക്കും നടന്‍ ഇടവേള ബാബുവിനും എതിരെ കുറ്റപത്രം സമര്‍പ്പിച്ചു. തൃശ്ശൂര്‍ വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ലൈംഗികാതിക്രമ കേസിലാണ് മുകേഷിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. ജി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇടവേള ബാബുവനെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്.

മുപ്പത് സാക്ഷികളാണ് മുകേഷിനെതിരെ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഉള്ളത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് മുകേഷിനെതിരെ നടി ലൈംഗികാരോപണം ഉന്നയിച്ചത്. ആലുവ സ്വദേശിയായ യുവതിയുടെ പരാതിയില്‍ എറണാകുളം മരട് പൊലീസ് സ്റ്റേഷനിലും മുകേഷിനെതിരെ കേസ് നിലനില്‍ക്കുന്നുണ്ട്. ‘അമ്മ’യില്‍ അംഗത്വം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്നാണ് ഇടവേള ബാബുവിനെതിരായ പരാതി. ഇടവേള ബാബുവിനെതിരെ കോഴിക്കോട് നടക്കാവ് പൊലീസ് കേസെടുത്തിരുന്നു.

Continue Reading

Video Stories

ലൈസന്‍സ് ലഭിക്കാന്‍ ‘ഇമ്മിണി വിയര്‍ക്കും’, പുതിയ ഡ്രൈവര്‍മാര്‍ക്ക് രണ്ടുവര്‍ഷത്തെ പ്രൊബേഷന്‍ കാലയളവ് ഏര്‍പ്പെടുത്താന്‍ എംവിഡി

ഒന്നിലധികം തവണ ഗതാഗത കുറ്റകൃത്യങ്ങളില്‍ പിടിക്കപ്പെട്ടാല്‍ ഡ്രൈവിങ് ലൈസന്‍സ് റദ്ദ് ചെയ്യും. പിന്നീട് ആദ്യം മുതല്‍ ലേണേഴ്സ് മുതല്‍ ലൈസന്‍സ് ലഭിക്കാന്‍ മുഴുവന്‍ പ്രക്രിയയും നടത്തേണ്ടി വരും

Published

on

കൊച്ചി: അടുത്ത വര്‍ഷം മുതല്‍ ഡ്രൈവിങ് ലൈസസന്‍സ് ലഭിക്കാന്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍. റോഡപകടങ്ങള്‍ കുറയ്ക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് പുതിയ ഡ്രൈവര്‍മാര്‍ക്ക് രണ്ടുവര്‍ഷത്തെ പ്രൊബേഷന്‍ കാലയളവ് ഏര്‍പ്പെടുത്തും. ഒന്നിലധികം തവണ ഗതാഗത കുറ്റകൃത്യങ്ങളില്‍ പിടിക്കപ്പെട്ടാല്‍ ഡ്രൈവിങ് ലൈസന്‍സ് റദ്ദ് ചെയ്യും. പിന്നീട് ആദ്യം മുതല്‍ ലേണേഴ്സ് മുതല്‍ ലൈസന്‍സ് ലഭിക്കാന്‍ മുഴുവന്‍ പ്രക്രിയയും നടത്തേണ്ടി വരും.

സംസ്ഥാനത്തെ റോഡ് അപകടങ്ങളില്‍ 70 ശതമാനവും ലൈസന്‍സ് ലഭിച്ചതിന്റെ ആദ്യമൂന്ന് വര്‍ഷങ്ങളിലാണ് സംഭവിക്കുന്നതെന്നു പഠനത്തില്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ പുതിയ നടപടി.

ഒന്നിലധികം തവണ ഗതാഗത കുറ്റകൃത്യങ്ങളില്‍ പിടിക്കപ്പെട്ടാല്‍ പിഴ ചുമത്തുന്നതിന് പുറമേ നെഗറ്റീവ് പോയിന്റുകള്‍ ലഭിക്കും. പുതിയ ലൈസന്‍സ് ഉടമകളെ പോയിന്റ് അടിസ്ഥാനമാക്കിയുള്ള സംവിധാനത്തിലൂടെ വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു. സിഗ്നല്‍ മറികടക്കുകയോ സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കുകയോ പോലുള്ള ഗതാഗത കുറ്റകൃത്യത്തിന് പിടിക്കപ്പെട്ടാല്‍, പുതിയ ലൈസന്‍സ് ഉടമയ്ക്ക് രണ്ട് നെഗറ്റീവ് പോയിന്റുകള്‍ നല്‍കും. ആറ് തവണ നെഗറ്റീവ് പോയിന്റ് ലഭിച്ചാല്‍ അവരുടെ ലൈസന്‍സ് റദ്ദാക്കും. തുടര്‍ന്ന് ലേണേഴ്‌സ് ലൈസന്‍സില്‍ തുടങ്ങി മുഴുവന്‍ പ്രക്രിയയും അവര്‍ വീണ്ടും നടത്തേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

കുറ്റകൃത്യത്തിന്റെ ഗൗരവം അനുസരിച്ച് നല്‍കുന്ന നെഗറ്റീവ് പോയിന്റുകള്‍ വര്‍ധിക്കും. ലേണേഴ്‌സ് ലൈസന്‍സിന്റെ കാര്യത്തില്‍, പുതിയ ലൈസന്‍സുള്ളവര്‍ പ്രൊബേഷന്‍ കാലയളവിന്റെ ഒന്നും രണ്ടും വര്‍ഷങ്ങളില്‍ അവരുടെ വാഹനങ്ങള്‍ക്ക് പ്രൊബേഷന്‍ ഒന്നാം വര്‍ഷമെന്നും പ്രൊബേഷന്‍ രണ്ടാം വര്‍ഷമെന്നും കാലയളവ് ഏര്‍പ്പെടുത്തും.

അപകടങ്ങളോ ഗതാഗത നിയമലംഘനങ്ങളോ ഇല്ലാതെ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയാല്‍ പുതിയ ലൈസന്‍സ് ലഭിച്ചവര്‍ക്ക് ആറ് പോയിന്റുകള്‍ ലഭിക്കും, ’12 പോയിന്റുകള്‍ കൂടി നേടിയാല്‍ അവര്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കും. അടുത്ത മൂന്ന് മാസത്തിനുള്ളില്‍ ഈ നിയമം അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

Trending