കോഴിക്കോട്: ശശികലയുടെ വിവാദ പ്രസംഗത്തില്‍ സര്‍ക്കാരിനും പൊലീസിനുമതെിരെ വിമര്‍ശനവുമായി വി.ഡി സതീശന്‍ എം.എല്‍.എ. വിസ്ഡം ഗ്രൂപ്പുകാര്‍ക്കെതിരെ മിനിറ്റു വച്ച് കേസെടുത്ത പൊലീസ് ശശികലയുടെ കാര്യത്തില്‍ അലംഭാവം കാണിച്ചത് ആര്‍.എസ്.എസ്. പ്രീണനം. ഗൗരി ലങ്കേഷിനുണ്ടായ അനുഭവം ഉണ്ടാകാതെയിരിക്കാന്‍ അടുത്തുള്ള ശിവക്ഷേത്രത്തില്‍ മൃത്യുഞ്ജയ ഹോമം നടത്തണമെന്ന് ‘മതേതര’ എഴുത്തുകാരോട് മുന്നറിയിപ്പ് കൊടുക്കുന്ന ശശികലയ്‌ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് സതീഷന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ പറയുന്നു.
എന്റെ പതിനാറടിയന്തിരം നടത്തുമെന്ന് പ്രസംഗിച്ച അതെ യോഗത്തിലാണ് ഈ പ്രസംഗം നടന്നതും. എന്റെ പതിനാറടിയന്തിരം നടത്താന്‍ ആഗ്രഹിക്കുന്ന സംഘികള്‍ക്ക് അന്ന് എന്റെ ചിലവില്‍ അന്നദാനം നടത്താം. പോലീസിന്റെ സാന്നിധ്യത്തില്‍ നടത്തിയിട്ടുള്ള പ്രസംഗത്തില്‍ പോലീസ് കേസെടുത്തില്ല എന്നത് അദ്ഭുതപ്പെടുത്തുന്നതാണ്. ഒരൊറ്റ ഇന്ത്യ ഒരൊറ്റ ജനത എന്ന് ജനങ്ങളെ ഉദ്ബോധിപ്പിച്ചവര്‍ക്കെതിരെ മിനിറ്റു വച്ച് കേസെടുത്ത പിണറായിയുടെ പോലീസ് കാണിക്കുന്ന അലംഭാവം അവരുടെ ആര്‍.എസ്.എസ്. പ്രീണനമാണ് വ്യക്തമാക്കുന്നത് എന്നും വ്യക്തമാക്കി.
ശശികലയുടെ പ്രസംഗത്തില്‍ വി.ഡി സതീശന്‍ എം.എല്‍.എ ഡി.ജി.പിക്ക് പരാതി നല്‍കിയിരുന്നു. എം.എല്‍.എയുടെ പരാതിയില്‍ ശശികലയുടെ പ്രസംഗത്തെ കുറിച്ച് എറണാകുളം റൂറല്‍ എസ്. പി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ഗ്രഹണകാലത്തു പൂഴിനാഗത്തിനും വിഷമുണ്ട് എന്ന പഴഞ്ചൊല്ല് പോലെയാണ് ഹിന്ദു ഐക്യ വേദി നേതാവ് ശശികലയുടെ കാര്യം. വികസനത്തിന്റെ പേരില്‍ വോട്ട് ചോദിച്ചു അധികാരത്തില്‍ വന്ന മോദിയുടെ പരാജയങ്ങള്‍ മറയ്ക്കാന്‍ വര്‍ഗ്ഗീയത ആളിക്കത്തിക്കുകയാണ് സംഘപരിവാര്‍ ചെയ്യുന്നത്. കഴിഞ്ഞ ദിവസം പറവൂരില്‍ കോണ്‍ഗ്രസ് നടത്തിയ മതേതര സംഗമത്തിനെതിരെ ഹിന്ദു ഐക്യ വേദി നടത്തിയ സമ്മേളനത്തില്‍ പങ്കെടുത്തു കൊണ്ട് പറഞ്ഞതാണ് ഏറ്റവും ഒടുവിലത്തെ വിഷം ചീറ്റുന്ന പ്രസംഗം. ഗൗരി ലങ്കേഷിനുണ്ടായ അനുഭവം ഉണ്ടാകാതെയിരിക്കാന്‍ അടുത്തുള്ള ശിവക്ഷേത്രത്തില്‍ മൃത്യുഞ്ജയ ഹോമം നടത്തണമെന്ന് ‘മതേതര’ എഴുത്തുകാരോട് മുന്നറിയിപ്പ് കൊടുക്കുന്ന ശശികലയ്‌ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കണം. എന്റെ പതിനാറടിയന്തിരം നടത്തുമെന്ന് പ്രസംഗിച്ച അതെ യോഗത്തിലാണ് ഈ പ്രസംഗം നടന്നതും. എന്റെ പതിനാറടിയന്തിരം നടത്താന്‍ ആഗ്രഹിക്കുന്ന സംഘികള്‍ക്ക് അന്ന് എന്റെ ചിലവില്‍ അന്നദാനം നടത്താം. പോലീസിന്റെ സാന്നിധ്യത്തില്‍ നടത്തിയിട്ടുള്ള പ്രസംഗത്തില്‍ പോലീസ് കേസെടുത്തില്ല എന്നത് അദ്ഭുതപ്പെടുത്തുന്നതാണ്. ഒരൊറ്റ ഇന്ത്യ ഒരൊറ്റ ജനത എന്ന് ജനങ്ങളെ ഉദ്ബോധിപ്പിച്ചവര്‍ക്കെതിരെ മിനിറ്റു വച്ച് കേസെടുത്ത പിണറായിയുടെ പോലീസ് കാണിക്കുന്ന അലംഭാവം അവരുടെ ആര്‍.എസ്.എസ്. പ്രീണനമാണ് വ്യക്തമാക്കുന്നത്. കണ്ണന്താനത്തിന് വിരുന്നു ഒരുക്കുന്ന തിരക്ക് കഴിഞ്ഞാല്‍ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഇത് കൂടെ ഒന്ന് ശ്രദ്ധിക്കണം. കാര്യങ്ങള്‍ മനസ്സിലാവുന്നില്ലെങ്കില്‍ കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രി സിദ്ധാരാമയ്യയോട് ഉപദേശം ചോദിക്കണം. ഇത് കേരളത്തിന്റെ മതേതര എഴുത്തുകാരോട് മാത്രമല്ല ഈ രാജ്യത്തിന്റെ മതേതര മൂല്യങ്ങളോടുള്ള വെല്ലുവിളിയാണ്. വേറിട്ട അഭിപ്രായങ്ങള്‍ കൊന്നു തള്ളുകയെന്ന ആര്‍. എസ്.എസിന്റെ അക്രമഭീഷണിക്കു മുന്നില്‍ ഒരു മതേതര വിശ്വാസിയും, ഈ രാജ്യത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകനും വഴങ്ങില്ല. ഇത് സംബന്ധിച്ച് ഞാന്‍ ഡി.ജി.പി.ക്കു പരാതി നല്‍കിയിട്ടുണ്ട്. ഇവരെ ഇനിയും ഈ വിഷം ചീറ്റാന്‍ കേരളത്തിലെ പോലീസ് തയ്യാറാവുകയാണെങ്കില്‍ അവര്‍ സംഘ പരിവാറായിട്ടു കോമ്പ്രമൈസ് ചെയ്തു എന്ന് തന്നെ ജനം ചിന്തിക്കേണ്ടി വരും.