Connect with us

Video Stories

മുത്തലാഖ്: ആശങ്കപ്പെടുത്തുന്ന രാഷ്ട്രീയ സാഹചര്യം

Published

on

 

പ്രയോഗ തലത്തില്‍ ഗുണപരമായ പ്രത്യാഘാതമാണോ അല്ലയോ എന്നതിനേക്കാള്‍ സമകാലിക ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്തില്‍ മുസ്‌ലിം സമുദായം അതീവ ഉത്കണ്ഠയോടെ കാണുന്ന വിധിയാണ് മുത്തലാഖ് വിഷയത്തില്‍ സുപ്രീ കോടതിയില്‍ നിന്നും വന്നിട്ടുള്ളത്. മുത്തലാഖ് മുസ്‌ലിം സ്ത്രീകളുടെ മൗലികാവകാശം ലംഘിക്കുന്നതാണെന്നും അതുകൊണ്ടുതന്നെ ഭരണഘടനയുടെ 25-ാം അനുച്ഛേദ പ്രകാരമുള്ള മതവിശ്വാസത്തിന്റെ സംരക്ഷണ കവചം ഇതിന് ലഭ്യമല്ലായെന്നുമാണ് സുപ്രീംകോടതി (2017 ആഗസ്റ്റ് 22) വിധിച്ചിട്ടുള്ളത്. മുത്തലാഖ് മാത്രമല്ല ത്വലാഖ് തന്നെ നിഷ്‌കരുണവും അനിയന്ത്രിതവുമായി പ്രയോഗിക്കാവുന്ന ഒന്നല്ലായെന്ന് മുസ്‌ലിംകള്‍ക്കറിയാം. അനുവദിക്കപ്പെട്ടതില്‍ ഏറ്റവും ദൈവകോപമുള്ള പ്രവൃത്തിയാണ് വിശ്വാസപ്രകാരം ത്വലാഖ്.
സമുദായത്തിനകത്ത് തീര്‍ച്ചയായും നടക്കേണ്ട ആഭ്യന്തര സംവാദത്തെയും അതുവഴി രൂപപ്പെടേണ്ട സാമൂഹ്യ പരിഷ്‌കരണത്തെയും അങ്ങനെയല്ലാതെ നിയമ സംവിധാനത്തിലൂടെ മാറ്റി മറിക്കാന്‍ ശ്രമിക്കുന്നത് ആശങ്കപ്പെടുത്തുന്നതും അലോസരമുണ്ടാക്കുന്നതുമാണ്. വിശിഷ്യാ സമകാലിക ഇന്ത്യന്‍ സാഹചര്യം ഇതിനെ കൂടുതല്‍ ഭീതിപ്പെടുത്തുകയും ചെയ്യുന്നു. ശരീഅത്ത് പലകാലത്തും ഇന്ത്യയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും ഫാസിസ്റ്റുകാലത്തെ ചര്‍ച്ചകള്‍ ആശങ്കയുളവാക്കുന്നതാണ്.
ഭരണഘടയുടെ 25-ാം അനുച്ഛേദ പ്രകാരം ലഭിച്ചിട്ടുള്ള വിശ്വാസ സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരാത്തതാണ് മുത്തലാഖ് എന്നാണ് സുപ്രീം കോടതിയുടെ കണ്ടെത്തല്‍. എന്നാല്‍ അഞ്ചംഗ ബഞ്ചില്‍ ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെ രണ്ട് ജഡ്ജിമാര്‍ ഈ വാദം അംഗീകരിക്കുന്നില്ല. എന്നാലും പുതിയ നിയമനിര്‍മാണം വഴി മുത്തലാഖ് അവസാനിപ്പിക്കാന്‍ ഏകകണ്ഠമായി സര്‍ക്കാറിനോട് നിര്‍ദേശിച്ചിട്ടുമുണ്ട്. ഖുര്‍ആനും പ്രവാചക ചര്യയും വിവിധ മുസ്‌ലിം രാജ്യങ്ങളിലെ നടപടി ക്രമങ്ങളും മുത്തലാഖിന് വിരുദ്ധമാണെന്നും ആയതിനാല്‍ അത് വിശ്വാസത്തിന്റെയും ശരീഅത്തിന്റെയും പരിധില്‍പെടുത്തി സംരക്ഷിക്കാന്‍ കഴിയില്ലായെന്നുമാണ് ഭൂരിപക്ഷ വിധിക്ക് നേതൃത്വം നല്‍കിയിട്ടുള്ള ജസ്റ്റിസ് കുര്യന്‍ ജോസഫ് അഭിപ്രായപ്പെട്ടത്. അതുകൊണ്ടുതന്നെ സര്‍ക്കാറിനോട് നിയമനിര്‍മ്മാണത്തിനാവശ്യപ്പെടാതെ തന്നെ സുപ്രീം കോടതിക്ക് നിക്ഷിപ്തമായ അധികാരമുപയോഗിച്ച് സ്വയം നിര്‍മ്മിത നിയമമായി മുത്തലാഖിനെ നിരോധിക്കാന്‍ കഴിയുമെന്ന് ജസ്റ്റിസ് നരിമാന്‍ മറ്റൊരഭിപ്രായവും പ്രകടിപ്പിച്ചു. ഇക്കാരണത്താല്‍ വിധിയുടെ ആകെത്തുക പരിശോധിക്കുമ്പോള്‍ 1985-ലെ ശാബാനു ബീഗം കേസില്‍ സുപ്രീം കോടതി നടത്തിയിട്ടുള്ള വിധിയുടെ ആവര്‍ത്തനംപോലെ ഇതിനെ തോന്നാം.
മുത്തലാഖ് മുസ്‌ലിം സമുദായത്തില്‍ വ്യാപകമായ ഒരാചാരമാണെന്ന് തോന്നുംവിധമാണ് ഈ വിഷയത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നത്. വിവാഹമോചനത്തിന് ശരീഅത്ത് നിയമപ്രകാരം ത്വലാഖ് സംവിധാനം ഇന്ത്യയില്‍ നിലനില്‍ക്കുന്നതാണ്. ഈ ത്വലാഖ് നടപ്പാക്കുമ്പോഴുള്ള നടപടിക്രമത്തില്‍ ഒന്നുമാത്രമാണ് മുത്തലാഖ്. ഇതുതന്നെ മുസ്‌ലിം സമുദായത്തില്‍ വ്യത്യസ്തമായ അഭിപ്രായമുള്ളതുമാണ്. ഒന്നും രണ്ടും ത്വലാഖിന് ശേഷം പൂര്‍ണ്ണമായതും തിരിച്ചെടുക്കാത്തതുമായ വിവാഹ മോചനത്തെ ഒറ്റ ത്വലാഖില്‍ തീര്‍ക്കാമോ എന്നത് സമുദായത്തിനകത്തെ പണ്ഡിതര്‍ ചര്‍ച്ച ചെയ്യേണ്ടതും വിശ്വാസപരമായ തീര്‍പ്പു കല്‍പ്പിക്കേണ്ടതുമാണ്. എന്നാല്‍ അത്തരത്തിലുള്ള ഒരു സാഹചര്യം ഉണ്ടാവാതിരുന്നത് സുപ്രീം കോടതി ഇടപെടലിനും അതുവഴി സര്‍ക്കാറിന് പുതിയ നിയമ നിര്‍മാണത്തിനും വഴിയൊരുക്കുകയാണ് ചെയ്തത്.
ഏകപക്ഷീയമായ ത്വലാഖ് ഇപ്പോള്‍ തന്നെ കോടതികള്‍ അംഗീകരിക്കുന്നില്ല. സുപ്രീംകോടതിയുടെ മുന്‍കാല വിധിപ്രകാരം ത്വലാഖിന് മുമ്പ് ഇരു വിഭാഗവും രമ്യമായ പരിഹാരത്തിനുവേണ്ടിയുള്ള പരിശ്രമം പൂര്‍ത്തീകരിക്കേണ്ടതുണ്ട്. അത് ഏതുവിധേനെയായിരിക്കണമെന്ന് കോടതി നിഷ്‌കര്‍ഷിച്ചിട്ടില്ല. എന്നാല്‍ കുടുംബാംഗങ്ങളുടെയോ മറ്റു മധ്യസ്ഥരുടെയോ ഇടപെടലും രമ്യതാ ചര്‍ച്ചയും കൂടാതെ ഭര്‍ത്താവ് ഏകപക്ഷീയമായി നടത്തുന്ന ത്വലാഖ് കോടതികള്‍ അംഗീകരിക്കാതായിട്ട് വര്‍ഷങ്ങളായി. ഈ സാഹചര്യത്തില്‍ മുത്തലാഖ് വിഷയത്തിലെ സുപ്രീം കോടതി വിധി, ത്വലാഖ് വിഷയത്തില്‍ നിലനില്‍ക്കുന്ന സാഹചര്യത്തെ കൂടുതല്‍ കര്‍ക്കശമാക്കി എന്നതാണ് നേര്. എന്നാല്‍ സമുദായത്തെ ആശങ്കപ്പെടുത്തുന്നത് ത്വലാഖ് വിഷയത്തില്‍ കൂടുതല്‍ കരുതല്‍ വേണമെന്ന പൊതുകാഴ്ചപ്പാടല്ല. മറിച്ച് ഈ വിധിയുടെ മറവില്‍ രാജ്യത്ത് നിര്‍മ്മിക്കപ്പെടാന്‍ പോകുന്ന പുതിയ നിയമം ഏത് വിധേന ശരീഅത്തിനെ അട്ടിമറിക്കുമെന്നുള്ളതാണ്. ഏക സിവില്‍ കോഡ് നടപ്പിലാക്കണമെന്നും ശരീഅത്ത് നിയമം കാലഹരണപ്പെട്ടതാണെന്നും വാദിക്കുന്ന ഫാസിസ്റ്റ് ഭരണകൂടത്തിന് സംവാദത്തിനോ സമവായത്തിനോ കാത്തുനില്‍ക്കാതെ തങ്ങളുടെ ഉദ്ദേശ്യപ്രകാരമുള്ള നിയമം നിര്‍മ്മിക്കാന്‍ കഴിയുന്ന അപകടകരമായ സാഹചര്യമാണ് ഉണ്ടായിട്ടുള്ളത്.
ശാബാനു ബീഗം കേസില്‍ സുപ്രീം കോടതി പുറപ്പെടുവിച്ചിട്ടുള്ള വിധി ശരീഅത്തിനെ ബാധിക്കാത്തവിധം മറികടക്കാന്‍ രാജീവ് ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്സ് സര്‍ക്കാരിന് കഴിഞ്ഞതുപോലെ സമുദായ താത്പര്യം നിലവിലെ സാഹചര്യത്തില്‍ സംരക്ഷിക്കപ്പെടുമെന്ന് യാതൊരു ഉറപ്പുമില്ല. രാജ്യത്ത് നിലനില്‍ക്കുന്ന അസഹിഷ്ണതയുടെ സാഹചര്യത്തില്‍ ഒരു സമവായ നിയമനിര്‍മ്മാണം വിദൂരപ്രതീക്ഷമാത്രമാണ്. എന്നാല്‍ സാഹചര്യം ഈ രീതിയില്‍ എത്തിപ്പെടുന്നതിന് അവസരമൊരുക്കാതിരിക്കാന്‍ മുസ്‌ലിം സമൂദായം കൂടുതല്‍ ജാഗ്രത്താവേണ്ടിയിരുന്നു. മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് സുപ്രീം കോടതിയില്‍ സ്വീകരിച്ച നിലപാട് ഏവരും അംഗീകരിക്കേണ്ടതും സമുദായത്തിനകത്തുതന്നെ ശരീഅത്തിന്റെ ദുരുപയോഗത്തിനെതിരെ പ്രചാരണം നടത്തുകയും ചെയ്യേണ്ടതുണ്ട്. ഒരു വിശ്വാസം എന്ന നിലയില്‍ ശരീഅത്തിനെ കാണുമ്പോഴും സമൂഹത്തില്‍ നടക്കുന്ന ദുരുപയോഗത്തെ നിരുത്സാഹപ്പെടുത്താതിരിക്കാന്‍ നിയമവ്യവസ്ഥക്ക് ആകില്ലെന്ന ബോധം സമുദായത്തിനുണ്ടാകേണ്ടതുണ്ട്. മറ്റുള്ളവര്‍ക്ക് ഇടപെടാനും അപഹസിക്കാനും അവസരം കൊടുക്കുന്നത് ശരീഅത്ത് നിയമത്തിന്റെ കുഴപ്പമല്ല. മറിച്ച് അതിനെ ദുരുപയോഗം ചെയ്യപ്പെടുന്നതാണ്. ഇത് സമുദായം തിരിച്ചറിഞ്ഞ് ആന്തരിക ശാക്തീകരണം ദൃഢമാക്കേണ്ടതുണ്ട്.
ഈ കേസില്‍ കേന്ദ്ര സര്‍ക്കാര്‍ തുടക്കം മുതല്‍ സ്വീകരിച്ച നിലപാട് അവരുടെ ഉദ്ദേശ്യം വ്യക്തമാക്കുന്നതാണ്. കോടതി നിര്‍ദ്ദേശമുണ്ടായാല്‍ പുതിയ നിയമനിര്‍മ്മാണം വഴി മുത്തലാഖ് നിരോധിക്കാന്‍ തയ്യാറാണ് എന്നാണ് ഗവണ്‍ മെന്റിന്റെ നിലപാട്. അതിനര്‍ത്ഥം കോടതിയുടെ ചിലവില്‍ മുത്തലാഖിന്റെ മറപിടിച്ച് ശരീഅത്തിനെത്തന്നെ മാറ്റിമറിക്കാന്‍ അവസരം തേടുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ദൗര്‍ഭാഗ്യവശാല്‍ അത്തരമൊരു സാഹചര്യം ഉരുത്തിരിയുന്നുവെന്നതാണ് കോടതി വിധിയുടെ പ്രത്യാഘാതം.
ശാബാനു ബീഗം കേസില്‍ ഖുര്‍ആന്‍ വ്യാഖ്യാനിച്ചുകൊണ്ടാണ് സുപ്രീം കോടതി വിധി പറഞ്ഞത്. അതിനെ തുടര്‍ന്ന് രാജ്യത്താകമാനം കനത്ത പ്രതിഷേധം അലയടിച്ചു. 1986-ല്‍ മുസ്‌ലിം വനിതാവിവാഹമോചന സംരക്ഷണ നിയമം പാര്‍ലമെന്റില്‍ പാസ്സാക്കി. നിലവില്‍ രാജ്യത്ത് മറ്റേതൊരു സമുദായത്തിലെ സ്ത്രീകള്‍ക്കും ലഭ്യമല്ലാത്ത സുരക്ഷയും അവസരവുമാണ് ഈ നിയമം മുസ്‌ലിം സ്ത്രീകള്‍ക്ക് നല്‍കിയത്. ആജീവനാന്ത ജീവനാംശം പുനര്‍വിവാഹം വഴി മറ്റു സമുദായത്തിലെ സ്ത്രീക ള്‍ക്ക് നഷ്ടമാവും. മാത്രമല്ല സി.ആര്‍.പി.സി 125-ാം വകുപ്പു പ്രകാരമുള്ള സംരക്ഷണം മാത്രമേ ഈ സമുദായത്തിലെ സ്ത്രീകള്‍ക്ക് ലഭ്യമായിട്ടുള്ളൂ. എന്നാല്‍ സി.ആര്‍.പി.സി 125-ാം വകുപ്പ് പ്രകാരമുള്ള സംരക്ഷണത്തിന് പുറമെ 1986 ലെ നിയമത്തിലെ മൂന്നാം വ്യവസ്ഥ പ്രകാരം ഒരു നിശ്ചിത തുക നഷ്ടപരിഹാരമായി മുന്‍ ഭര്‍ത്താവില്‍ നിന്നും ഈടാക്കാന്‍ മുസ്‌ലിം സ്ത്രീക്കവസരമുണ്ട്. ഇതില്‍ ഏതെങ്കിലും ഒരെണ്ണം തിരെഞ്ഞെടുക്കാന്‍ മുസ്‌ലിം സ്ത്രീക്കുള്ള അവസരം അവളെ കൂടുതല്‍ സുരക്ഷിതമാക്കുന്നുണ്ട്. ഈ നിയമം പാര്‍ലമെന്റിനകത്തും പുറത്തും ശക്തമായ സംവാദങ്ങള്‍ക്ക് വിധേയമായി രൂപപ്പെട്ടിട്ടുള്ളതാണ്. മുസ്‌ലിം പുരുഷന്മാര്‍ക്ക് മറ്റു സമുദായത്തിലെ പുരുഷന്മാരേക്കാള്‍ ബാധ്യതയും ഉത്തരവാദിത്വവും ഉറപ്പു വരുത്തുന്ന ഇത്തരം ഒരു നിയമം സമുദായത്തിന്റെ പൂര്‍ണ പിന്തുണയോടുകൂടി നിര്‍മിക്കപ്പെട്ടിട്ടുള്ളതാണ്. അത്തരമൊരു നിയമനിര്‍മ്മാണത്തെ സര്‍വ്വാത്മനാ സ്വീകരിച്ചിട്ടുള്ള മുസ്‌ലിം സമുദായം താരതമ്യേന അഭിപ്രായ സമന്വയമുള്ള മുത്തലാഖ് വിഷയത്തില്‍ നിയമനിര്‍മ്മാണത്തെ ഭയക്കുന്നില്ല. എന്നാല്‍ അത്തരമൊരു നിയമനിര്‍മ്മാണം സുതാര്യവും സംവാദാത്മകവുമായ ഒരു സാഹചര്യത്തില്‍ രൂപീകരിക്കപ്പെടുമോ എന്നതാണ് പേടിപ്പെടുത്തുന്നത്. രാജ്യത്തെ പൊതുവിഷയങ്ങള്‍പോലും സുതാര്യമായ ചര്‍ച്ചക്ക് വിധേയമാക്കപ്പെടാത്ത ഫാസിസ്റ്റ് ഭരണകാലത്ത് മുസ്‌ലിം സമുദായത്തെ പ്രകോപിപ്പിക്കാനും അരക്ഷിതാവസ്ഥ വളര്‍ത്താനും വേണ്ടി സാഹചര്യങ്ങളെ മുതലെടുക്കാന്‍ സ്ഥാപിത താത്പര്യക്കാര്‍ ശ്രമിച്ചേക്കുമെന്ന ആശങ്കയാണ് കോടതി വിധിയുടെ പശ്ചാതലത്തില്‍ ഉയര്‍ന്നുവന്നിട്ടുള്ളത്.

Video Stories

പെരിയ ഇരട്ടക്കൊലപാതക കേസ്; വിധി ഈ മാസം 28ന്

സിപിഎം പെരിയ ഏരിയ സെക്രട്ടറിയായിരുന്ന എ. പീതംബരനാണ് കേസിലെ ഒന്നാം പ്രതി

Published

on

എറണാകുളം: പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൃപേഷിനേയും ശരത് ലാലിനെയും കൊലപ്പെടുത്തിയ കേസിലെ വിധി ഈ മാസം 28ന്. എറണാകുളം സിബിഐ കോടതിയാണ് വിധി പറയുന്നത്.

2019 ഫെബ്രുവരി 17നാണ് കല്യാട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവത്തകരായിരുന്ന കൃപേഷും ശരത്‌ലാലും കൊല്ലപ്പെട്ടത്.തുടക്കത്തില്‍ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് ഹൈക്കോടതി നിര്‍ദേശപ്രകാരം സിബിഐ ഏറ്റെടുക്കുകയായിരുന്നു. ക്രൈംബ്രാഞ്ച് 14 പേരെ പ്രതിചേര്‍ത്ത കേസില്‍ സിബിഐ പത്ത് പ്രതികളെക്കൂടി ഉള്‍പ്പെടുത്തുകയായിരുന്നു.

സിപിഎം പെരിയ ഏരിയ സെക്രട്ടറിയായിരുന്ന എ. പീതംബരനാണ് കേസിലെ ഒന്നാം പ്രതി. 24 പ്രതികളാണ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ടിട്ടുള്ളത്. നിരവധി പ്രാദേശിക നേതാക്കളും പ്രതികളാണ്. ഒന്നാംപ്രതി പീതാംബരനടക്കം 11 പ്രതികള്‍ അഞ്ചര വര്‍ഷത്തിലേറെയായി ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

Continue Reading

Video Stories

ലൈംഗികാതിക്രമക്കേസ്; മുകേഷ് എംഎല്‍എക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

നടന്‍ ഇടവേള ബാബുവിനും എതിരെയും കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്.

Published

on

തിരുവനന്തപുരം: ലൈംഗികാതിക്രമക്കേസില്‍ മുകേഷ് എംഎല്‍എക്കും നടന്‍ ഇടവേള ബാബുവിനും എതിരെ കുറ്റപത്രം സമര്‍പ്പിച്ചു. തൃശ്ശൂര്‍ വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ലൈംഗികാതിക്രമ കേസിലാണ് മുകേഷിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. ജി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇടവേള ബാബുവനെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്.

മുപ്പത് സാക്ഷികളാണ് മുകേഷിനെതിരെ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഉള്ളത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് മുകേഷിനെതിരെ നടി ലൈംഗികാരോപണം ഉന്നയിച്ചത്. ആലുവ സ്വദേശിയായ യുവതിയുടെ പരാതിയില്‍ എറണാകുളം മരട് പൊലീസ് സ്റ്റേഷനിലും മുകേഷിനെതിരെ കേസ് നിലനില്‍ക്കുന്നുണ്ട്. ‘അമ്മ’യില്‍ അംഗത്വം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്നാണ് ഇടവേള ബാബുവിനെതിരായ പരാതി. ഇടവേള ബാബുവിനെതിരെ കോഴിക്കോട് നടക്കാവ് പൊലീസ് കേസെടുത്തിരുന്നു.

Continue Reading

Video Stories

ലൈസന്‍സ് ലഭിക്കാന്‍ ‘ഇമ്മിണി വിയര്‍ക്കും’, പുതിയ ഡ്രൈവര്‍മാര്‍ക്ക് രണ്ടുവര്‍ഷത്തെ പ്രൊബേഷന്‍ കാലയളവ് ഏര്‍പ്പെടുത്താന്‍ എംവിഡി

ഒന്നിലധികം തവണ ഗതാഗത കുറ്റകൃത്യങ്ങളില്‍ പിടിക്കപ്പെട്ടാല്‍ ഡ്രൈവിങ് ലൈസന്‍സ് റദ്ദ് ചെയ്യും. പിന്നീട് ആദ്യം മുതല്‍ ലേണേഴ്സ് മുതല്‍ ലൈസന്‍സ് ലഭിക്കാന്‍ മുഴുവന്‍ പ്രക്രിയയും നടത്തേണ്ടി വരും

Published

on

കൊച്ചി: അടുത്ത വര്‍ഷം മുതല്‍ ഡ്രൈവിങ് ലൈസസന്‍സ് ലഭിക്കാന്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍. റോഡപകടങ്ങള്‍ കുറയ്ക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് പുതിയ ഡ്രൈവര്‍മാര്‍ക്ക് രണ്ടുവര്‍ഷത്തെ പ്രൊബേഷന്‍ കാലയളവ് ഏര്‍പ്പെടുത്തും. ഒന്നിലധികം തവണ ഗതാഗത കുറ്റകൃത്യങ്ങളില്‍ പിടിക്കപ്പെട്ടാല്‍ ഡ്രൈവിങ് ലൈസന്‍സ് റദ്ദ് ചെയ്യും. പിന്നീട് ആദ്യം മുതല്‍ ലേണേഴ്സ് മുതല്‍ ലൈസന്‍സ് ലഭിക്കാന്‍ മുഴുവന്‍ പ്രക്രിയയും നടത്തേണ്ടി വരും.

സംസ്ഥാനത്തെ റോഡ് അപകടങ്ങളില്‍ 70 ശതമാനവും ലൈസന്‍സ് ലഭിച്ചതിന്റെ ആദ്യമൂന്ന് വര്‍ഷങ്ങളിലാണ് സംഭവിക്കുന്നതെന്നു പഠനത്തില്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ പുതിയ നടപടി.

ഒന്നിലധികം തവണ ഗതാഗത കുറ്റകൃത്യങ്ങളില്‍ പിടിക്കപ്പെട്ടാല്‍ പിഴ ചുമത്തുന്നതിന് പുറമേ നെഗറ്റീവ് പോയിന്റുകള്‍ ലഭിക്കും. പുതിയ ലൈസന്‍സ് ഉടമകളെ പോയിന്റ് അടിസ്ഥാനമാക്കിയുള്ള സംവിധാനത്തിലൂടെ വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു. സിഗ്നല്‍ മറികടക്കുകയോ സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കുകയോ പോലുള്ള ഗതാഗത കുറ്റകൃത്യത്തിന് പിടിക്കപ്പെട്ടാല്‍, പുതിയ ലൈസന്‍സ് ഉടമയ്ക്ക് രണ്ട് നെഗറ്റീവ് പോയിന്റുകള്‍ നല്‍കും. ആറ് തവണ നെഗറ്റീവ് പോയിന്റ് ലഭിച്ചാല്‍ അവരുടെ ലൈസന്‍സ് റദ്ദാക്കും. തുടര്‍ന്ന് ലേണേഴ്‌സ് ലൈസന്‍സില്‍ തുടങ്ങി മുഴുവന്‍ പ്രക്രിയയും അവര്‍ വീണ്ടും നടത്തേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

കുറ്റകൃത്യത്തിന്റെ ഗൗരവം അനുസരിച്ച് നല്‍കുന്ന നെഗറ്റീവ് പോയിന്റുകള്‍ വര്‍ധിക്കും. ലേണേഴ്‌സ് ലൈസന്‍സിന്റെ കാര്യത്തില്‍, പുതിയ ലൈസന്‍സുള്ളവര്‍ പ്രൊബേഷന്‍ കാലയളവിന്റെ ഒന്നും രണ്ടും വര്‍ഷങ്ങളില്‍ അവരുടെ വാഹനങ്ങള്‍ക്ക് പ്രൊബേഷന്‍ ഒന്നാം വര്‍ഷമെന്നും പ്രൊബേഷന്‍ രണ്ടാം വര്‍ഷമെന്നും കാലയളവ് ഏര്‍പ്പെടുത്തും.

അപകടങ്ങളോ ഗതാഗത നിയമലംഘനങ്ങളോ ഇല്ലാതെ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയാല്‍ പുതിയ ലൈസന്‍സ് ലഭിച്ചവര്‍ക്ക് ആറ് പോയിന്റുകള്‍ ലഭിക്കും, ’12 പോയിന്റുകള്‍ കൂടി നേടിയാല്‍ അവര്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കും. അടുത്ത മൂന്ന് മാസത്തിനുള്ളില്‍ ഈ നിയമം അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

Trending