മാഡ്രിഡ്: നെയ്മര്‍ ക്ലബ്ബ് വിടാനുള്ള താല്‍പര്യം പ്രകടിപ്പിച്ച കാര്യം ബാര്‍സലോണ തന്നെ സ്ഥിരീകരിച്ചതോടെ അടുത്ത സീസണ്‍ മുതല്‍ സ്പാനിഷ് ലീഗില്‍ ആരാധകരുടെ പ്രിയപ്പെട്ട ‘എം.എസ്.എന്‍’ ത്രയം ഉണ്ടാകില്ലെന്നുറപ്പായി. 222 കോടി യൂറോ ഒറ്റയടിക്ക് നല്‍കിയാലേ നെയ്മറിന് വിട്ുപോകാനുള്ള അനുമതി നല്‍കൂ എന്ന് ബാര്‍സ പറയുന്നുണ്ടെങ്കിലും യുവേഫയുടെ ഫിനാന്‍ഷ്യല്‍ പവര്‍പ്ലേയ്ക്കുള്ളില്‍ നിന്നു തന്നെ ഇതിന് കഴിയുമെന്ന പ്രതീക്ഷയിലാണ് പി.എസ്.ജി. ഈയാഴ്ച തന്നെ ബ്രസീലിയന്‍ താരവുമായി അഞ്ചു വര്‍ഷ കരാറില്‍ അവര്‍ ഒപ്പുവെച്ചേക്കും.
കഴിഞ്ഞ സീസണില്‍ പ്രധാന കിരീടങ്ങളൊന്നും നേടാന്‍ കഴിയാതിരുന്ന ബാര്‍സ, നെയ്മറിനെ നഷ്ടമാകുന്നതോടെ ആക്രമണത്തിലെ സമവാക്യങ്ങള്‍ പൊളിച്ചെഴുതേണ്ട അവസ്ഥയിലാണ്. മുന്‍നിരയില്‍ നെയ്മറിന് പകരം ഒരു കളിക്കാരനെ ഉള്‍പ്പെടുത്തുന്നതിനു പകരം മധ്യനിരയെ ശക്തിപ്പെടുത്തി ലയണല്‍ മെസ്സിക്കും ലൂയിസ് സുവാരസിനും മുന്‍നിരയില്‍ കൂടുതല്‍ സ്‌പേസ് അനുവദിക്കുന്ന തന്ത്രമാവും കോച്ച് ഏണസ്‌റ്റോ വെല്‍വെര്‍ദെ അവലംബിക്കുക എന്നാണ് സൂചന. അങ്ങനെയെങ്കില്‍ കരുത്തനായ ഒരു പ്ലേമേക്കറാവും നെയ്മറിനു പകരമായി നൗകാംപിലെത്തുക. ബാര്‍സയുടെ കണ്ണ് ലിവര്‍പൂള്‍ മിഡ്ഫീല്‍ഡര്‍ ഫിലിപ് കുട്ടിന്യോയിലാണെന്ന വാര്‍ത്തകള്‍ ഇതിന് ബലം നല്‍കുന്നു.
മധ്യനിര നിയന്ത്രിക്കുകയും മുന്‍നിരയിലേക്ക് പന്ത് സപ്ലൈ ചെയ്യുകയും ചെയ്യുന്ന കുട്ടിന്യോ ലിവര്‍പൂളില്‍ കോച്ച് യുര്‍ഗന്‍ ക്ലോപ്പിന്റെ തന്ത്രങ്ങളിലെ പ്രധാന കണ്ണിയാണ്. ബ്രസീലിയന്‍ താരം വില്‍പ്പനക്കുള്ളതല്ലെന്നും വാങ്ങാന്‍ ശ്രമം നടത്തി ഊര്‍ജം കളയേണ്ടതില്ലെന്നും ക്ലോപ്പ് തന്നെ വ്യക്തമാക്കിക്കഴിഞ്ഞു. ഈ ട്രാന്‍സ്ഫര്‍ സീസണില്‍ തന്നെ 72 ദശലക്ഷം പൗണ്ട് (606 കോടി രൂപ) എന്ന വന്‍തുക കുട്ടിന്യോക്കു വേണ്ടി ബാര്‍സ ഓഫര്‍ ചെയ്തിരുന്നു. സാമ്പത്തിക പ്രതിസന്ധിയുണ്ടായിട്ടും ആ പണം വേണ്ടെന്നും കുട്ടിന്യോ വില്‍ക്കാനുള്ളതല്ലെന്നുമായിരുന്നു ലിവര്‍പൂളിന്റെ നിലപാട്.
എന്നാല്‍, ലിവര്‍പൂളിന് തള്ളാന്‍ കഴിയാത്ത മറ്റൊരു തുകയുമായി വീണ്ടും സമീപിക്കാനാണ് ബാര്‍സയുടെ പദ്ധതി എന്നാണറിയുന്നത്. 120 ദശലക്ഷം യൂറോ (904 കോടി രൂപ) ആയിരിക്കും അവരുടെ പുതിയ ഓഫര്‍. നെയ്മറിന്റെ ട്രാന്‍സ്ഫറില്‍ നിന്നു ലഭിക്കുന്ന ഭീമമായ തുക കുട്ടിന്യോക്കു വേണ്ടി എറിയാന്‍ ബാര്‍സക്ക് മടിയില്ലെന്നാണ് സ്പാനിഷ് മാധ്യമങ്ങള്‍ പറയുന്നത്. ഇത്രയും വലിയ തുക നിരസിക്കാന്‍ ലിവര്‍പൂള്‍ കോച്ച് യുര്‍ഗന്‍ ക്ലോപ്പ് തയാറായാലും ക്ലബ്ബുടമകള്‍ സമ്മതിക്കുമോ എന്നാണ് കാണേണ്ടത്.
ബാര്‍സയുടെ റഡാറിലുള്ള മറ്റൊരു താരം മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ജെസ്സി ലിന്‍ഗാര്‍ഡ് ആണ്. ഇംഗ്ലീഷ് താരമായ ലിന്‍ഗാര്‍ഡിന് 62 ദശലക്ഷം പൗണ്ട് ബാര്‍സ ഓഫര്‍ ചെയ്തിരുന്നെങ്കിലും യുനൈറ്റഡ് തള്ളുകയാണുണ്ടായത്. നെയ്മറിനെപ്പോലെ ഇടതുവിങില്‍ കളിക്കുന്ന ലിന്‍ഗാര്‍ഡ് മുന്‍നിരയിലെ ആക്രമണ ത്രയം നിലനിര്‍ത്താന്‍ ബാര്‍സയെ സഹായിക്കും.
ബാര്‍സ നോട്ടമിടുന്ന മറ്റൊരു താരം ബൊറുഷ്യ ഡോട്മുണ്ടിന്റെ ഉസ്മാന്‍ ഡെംബലെ ആണ്. 20-കാരനായ ഡെംബലെ ഫ്രാന്‍സിന്റെ ഭാവിതാരമായാണ് വിലയിരുത്തപ്പെടുന്നത്. ഫോര്‍വേഡ് ആയി കളിക്കുന്ന താരത്തിന് മെസ്സിക്കും സുവാരസിനുമൊപ്പം തിളങ്ങാന്‍ കഴിയും. എന്നാല്‍, തന്റെ ഭാവി ഡോട്മുണ്ടില്‍ തന്നെയാണെന്നാണ് ഈയിടെ ഡെംബലെ വ്യക്തമാക്കിയത്.
അത്‌ലറ്റികോ മാഡ്രിഡിന്റെ ആന്റോയിന്‍ ഗ്രീസ്മന്‍ ബാര്‍സയിലേക്ക് കൂടുമാറുമെന്ന് വാര്‍ത്തയുണ്ടായിരുന്നുവെങ്കിലും അത്‌ലറ്റി നേരിടുന്ന ട്രാന്‍സ്ഫര്‍ നിരോധനത്തെ തുടര്‍ന്ന് ഈ സീസണില്‍ ക്ലബ്ബ് വിടേണ്ടെന്ന് ഗ്രീസ്മന്‍ തീരുമാനിക്കുകയായിരുന്നു.
നെയ്മറിന് പകരക്കാരനെ തേടുമ്പോള്‍ ബാര്‍സക്കുള്ള ഏറ്റവും വലിയ ആശ്വാസം സാമ്പത്തിക മേഖലയിലെ സ്വാതന്ത്ര്യമാണ്. നെയ്മര്‍ ട്രാന്‍സ്ഫറിലൂടെ ലഭിക്കുന്ന വന്‍തുക സ്വതന്ത്രമായി ചെലവഴിക്കാന്‍ അവര്‍ക്കു കഴിയും. ക്ലബ്ബുകള്‍ സമ്മതിച്ചില്ലെങ്കില്‍ കൂടി കളിക്കാരുടെ സമ്മതമുണ്ടെങ്കില്‍ അവരെ സ്വന്തമാക്കാന്‍ കഴിയുമെന്നതാണ് അനുകൂല ഘടകം. റിലീസിങ് വ്യവസ്ഥയിലുള്ള വലിയ തുക നല്‍കി കുട്ടിന്യോ, ലിന്‍ഗാര്‍ഡ് എന്നിവരെ സ്വന്തമാക്കാന്‍ ബാര്‍സ ശ്രമിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ട്രാന്‍സ്ഫറിലൂടെ ലഭിച്ച തുകയായതിനാല്‍ ഇടങ്കോലിടാന്‍ യുവേഫക്ക് കഴിയുകയുമില്ല.