Connect with us

Video Stories

ബഹുസ്വരതാവാദവും വികേന്ദ്രീകൃത അധികാര വ്യവസ്ഥയും

Published

on

 

‘തുല്യാവകാശങ്ങള്‍, സത്യസന്ധമായ ഇടപാട്, നീതി എന്നിവ ജീവവായുപോലെയാണ്. ഒന്നുകില്‍ നമുക്കെല്ലാം അത് ആസ്വദിക്കാം, അല്ലെങ്കില്‍ ആര്‍ക്കും തന്നെ അത് ലഭിക്കുകയില്ല’ – മായാ അംഗേലു (അമേരിക്കന്‍ കവയിത്രിയും പൗരാവകാശ പ്രവര്‍ത്തകയും)
ഇന്ത്യക്കാണ് യഥാര്‍ത്ഥത്തില്‍ ‘മഴവില്‍ ദേശം’ എന്നു വിളിക്കപ്പെടാന്‍ സൗത്ത് ആഫ്രിക്കയേക്കാള്‍ അവകാശമുള്ളത്. വൈവിധ്യങ്ങളുടെ സമഞ്ജസ സമ്മേളനമാണ് ഈ ഭൂമി. അത്യുത്തര ദേശമായ ലഡാക്കില്‍ വസിക്കുന്ന ഡ്രോക്പ ഗോത്രക്കാര്‍ അതിപുരാതന കാലത്ത് ഇന്ത്യയെ ആക്രമിച്ച മഹാനായ അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയുടെ സൈനികരുടെ പിന്‍മുറക്കാരാണെന്ന് വിശ്വസിക്കപ്പെടുന്നു. ഡ്രോക്പകള്‍ ലോകത്തിലെ തന്നെ ഏറ്റവും കലര്‍പ്പില്ലാത്ത ആര്യ വംശജരാണ്. എന്നാല്‍ ഭാരതത്തിന്റെ ദക്ഷിണ മുനമ്പായ അന്തമാന്‍ ദ്വീപുകളില്‍ വസിക്കുന്ന ജരാവകള്‍ ശുദ്ധ നീഗ്രോ വംശജരാണ്. ഇന്ത്യ അതിന്റെ ആത്മാവില്‍, യൂറോപ്പിനേയും ആഫ്രിക്കയേയും ആവാഹിക്കുന്നു. ഈ വൈവിധ്യങ്ങള്‍ പരസ്പര ആദാന പ്രദാന പ്രക്രിയയിലൂടെ ഒരു സങ്കര സംസ്‌കാരത്തെ സൃഷ്ടിക്കുന്നു.
ഹിന്ദു ദേവഗണത്തിലെ മഹാ ദേവനായ ശിവന്‍ സൃഷ്ടിച്ചതെന്ന് വിശ്വസിക്കുന്ന രുദ്ര വീണ എന്ന സംഗീതോപകരണത്തിന്റെ ഇന്നത്തെ മുഖ്യ പ്രയോക്താവ് മുസ്‌ലിമായ അലി സാക്കി ഹൈദറാണ്. 20ാം നൂറ്റാണ്ടില്‍ ഒരു രുദ്ര വീണയെ പുനപ്രതിഷ്ഠിച്ചതാവട്ടെ സിയ മൊഹിയുദ്ദീന്‍ ദാഗറും. ആസാദ് അലി ഖാന്‍, ബന്‍ദെ അലി ഖാന്‍, ബഹാവുദ്ദീന്‍ ദാഗര്‍, നൗബത്ത് ഖാന്‍, വസീര്‍ ഖാന്‍ തുടങ്ങിയ മുസ്‌ലിം സംഗീതജ്ഞരാണ് ശിവ-പാര്‍വതി പ്രണയത്തിന്റെ പ്രതീകമായ ഈ സംഗീതോപകരണത്തെ വിശ്വ വിഖ്യാതമാക്കിയത്. ഇത് ഇന്ത്യന്‍ സങ്കര സംസ്‌കാരത്തിന്റേയും അതിന്റെ ഊടും പാവുമായ സാംസ്‌കാരിക ആദാന പ്രദാനങ്ങളുടെയും അനേക സഹസ്ര ഉദാഹരണങ്ങളില്‍ ഒന്നു മാത്രമാണ്.
ഈ സങ്കര സംസ്‌കൃതിയുടെ സമ്പന്ന പൈതൃകത്തെ പുലര്‍ത്തുക എന്നതും ഇന്ത്യന്‍ ജനതയുടെ മതപരവും ഭാഷാപരവും പ്രാദേശികവുമായ വൈജാത്യങ്ങള്‍ക്ക് അതീതമായി സാഹോദര്യവും ലയ-മൈത്രി സ്വരച്ചേര്‍ച്ചയും വളര്‍ത്തുക എന്നതും ഭരണഘടനയുടെ 51എ (എഫ്) അനുച്ഛേദ പ്രകാരവും ഓരോ ഇന്ത്യന്‍ പൗരന്റേയും മൗലിക കര്‍ത്തവ്യമാണ്. സാമൂഹ്യ പരിസരത്തില്‍ ബഹുസ്വരത വാദവും (പ്ലൂരലിസം) രാഷ്ട്രീയ അധികാര ഘടനയില്‍ വികേന്ദ്രീകൃത അധികാര വ്യവസ്ഥയും (പോളിയാര്‍ക്കി) ഇന്ത്യയില്‍ പ്രസക്തമാവുന്നത് ഈ വൈവിധ്യങ്ങളുടെയും ആദാന പ്രദാന ആവാസ വ്യവസ്ഥയുടെയും വെളിച്ചത്തിലാണ്. ഇവ രണ്ടും നമ്മുടെ ഭരണഘടനാ മൂശയുടെ അവിഭാജ്യ ഘടകങ്ങളാണ്. ഈ ആശയ ദ്വയം തന്നെയായിരിക്കണം ഇന്ത്യയിലെ ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്ര ഭൂമിക.
വികേന്ദ്രീകൃത അധികാര വ്യവസ്ഥ എന്ന ആശയം പൂര്‍ണ രൂപത്തില്‍ അവതരിപ്പിച്ചത് അമേരിക്കന്‍ രാഷ്ട്രീയമീമാംസകനായ റോബര്‍ട്ട് ഡാല്‍ (1914-2014) ആണ്. പൂര്‍ണ്ണാര്‍ത്ഥത്തിലുള്ള ജനാധിപത്യ ക്രമം സാധ്യമാവാന്‍ അഞ്ചു മുന്‍കൂര്‍ വ്യവസ്ഥകള്‍ അദ്ദേഹം മുന്നോട്ടുവെച്ചു: 1, കാര്യക്ഷമമായ പങ്കാളിത്തം -എല്ലാ പൗരന്‍മാര്‍ക്കും അവരവരുടെ മുന്‍ഗണനകള്‍ രൂപപ്പെടുത്താന്‍ തുല്യവും അവശ്യവുമായ അവസരം ലഭ്യമായിരിക്കണം. ഈ മുന്‍ഗണനകളെ പൊതു അജണ്ടയുടെ ഭാഗമായി അവതരിപ്പിക്കാനും മുന്‍ഗണനകളെ സാധൂകരിക്കുന്ന കാരണങ്ങള്‍ സ്വതന്ത്രമായി അവതരിപ്പിക്കാനും പൗരന് കഴിയണം. 2, തുല്യമായ വോട്ടിങ് അവകാശം- ഓരോ പൗരനും ഒരു പൊതുവിഷയങ്ങളില്‍ അവന്റെ തീര്‍പ്പ്, മറ്റു പൗരന്മാരുടെ തീര്‍പ്പിന് തുല്യമായി പരിഗണിക്കപ്പെടാനുള്ള അവകാശം ഉറപ്പുവരുത്തണം. 3, പ്രബുദ്ധമായ ഗ്രഹണ ശക്തി- ഓരോ പൗരനും തനിക്ക് ഏറ്റവും യോജിച്ച തന്റെ താല്‍പര്യങ്ങളെ ഏറ്റവും സംരക്ഷിക്കുന്ന തീരുമാനം എടുക്കാന്‍ പ്രാപ്തമാക്കുന്ന അറിവ് നേടാനുള്ള അവസരം ഉണ്ടായിരിക്കണം. 4, അജണ്ടകള്‍ തീരുമാനിക്കാനുള്ള അവകാശം- പൊതു മണ്ഡലത്തില്‍ ചര്‍ച്ച ചെയ്യേണ്ട വിഷയങ്ങള്‍ തീരുമാനിക്കാനുള്ള അധികാരം ജനങ്ങളില്‍ നിക്ഷിപ്തമായിരിക്കണം. 5, ആസകലത്വം- രാഷ്ട്രീയ പ്രക്രിയയില്‍ എല്ലാവര്‍ക്കും നിയമാനുസൃതമായ പങ്കാളിത്തം ഉണ്ടായിരിക്കണം.
രാഷ്ട്രീയമായ വികാസം പ്രാപിച്ച പൂര്‍ണ്ണാര്‍ത്ഥത്തിലുള്ള ജനാധിപത്യ ക്രമത്തെയാണ് റോബര്‍ട്ട് ഡാല്‍ പോളിയാര്‍ക്കി എന്ന് വിളിച്ചത്. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ്, സര്‍വജനീനമായ വോട്ടവകാശം, അഭിപ്രായ സ്വാതന്ത്ര്യം, സാമുദായിക സ്വയംഭരണം എന്നിവയാണ് പോളിയാര്‍ക്കിയുടെ അടിസ്ഥാന സ്വഭാവങ്ങള്‍. വിവിധ അധികാര കേന്ദ്രങ്ങള്‍ പോളിയാര്‍ക്കിയുടെ ലക്ഷണമാണ്. നമ്മുടെ ഭരണഘടന വിഭാവനം ചെയ്യുന്ന രാഷ്ട്രീയ സംവിധാനം ഡാലിയന്‍ പോളിയാര്‍ക്കി തന്നെയാണ്. അത്തരമൊരു രാഷ്ട്രീയ ആവാസവ്യവസ്ഥയില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് അധികാര ഘടനയിലും നയ രൂപീകരണത്തിലും കാര്യക്ഷമമായി പങ്കെടുക്കാനാവും.
പ്ലൂരലിസത്തിന്റെ ഭ്രമണപഥം കുറച്ചുകൂടി വിശാലമാണ്. പ്ലൂരലിസത്തിന്റെ ആലോചനാ പരിധിയില്‍ രാഷ്ട്രീയവും സാമൂഹ്യവുമായ പരിപ്രേക്ഷ്യങ്ങള്‍ ഉള്‍പ്പെട്ടിരിക്കുന്നു. പ്ലൂരലിസം വിഭാവനം ചെയ്യുന്നത് വ്യത്യസ്ത മതം, വംശം, സാമൂഹ്യ വിഭാഗങ്ങള്‍ അവയുടെ സാമ്പ്രദായിക സംസ്‌കാരവും പ്രത്യേകമായ താല്‍പര്യങ്ങളും നിലനിര്‍ത്തുകയും വികസിപ്പിക്കുകയും ചെയ്യുകയും എന്നാല്‍ അതിനോടൊപ്പം പൊതു നാഗരിക ചട്ടക്കൂട് സംരക്ഷിക്കുകയും ചെയ്യുന്ന ഒരു സാമൂഹ്യ രാഷ്ട്രീയ ആവാസ വ്യവസ്ഥയാണ്. പ്ലൂരലിസവും പോളിയാര്‍ക്കിയും തന്നെയാണ് ഇന്ത്യന്‍ സാഹചര്യത്തില്‍ ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ ആശയ പരിസരം. ഈ ആശയ ദ്വയം ആകട്ടെ നമ്മുടെ ഭരണഘടന സിംഫണിയുടെ അടിസ്ഥാന താളവുമാണ്.
രാഷ്ട്രീയ ബഹുസ്വരതയുടെ അര്‍ത്ഥപൂര്‍ണ്ണമായ സാക്ഷാത്കാരത്തിനു വിപുലമായി ഉപയോഗിക്കപ്പെട്ട രണ്ടു ഉപായങ്ങളാണ് സംവരണവും കോണ്‍സോഷ്യണലിസവും. ഭരണഘടനയുടെ 16(1)അനുച്ഛേദം എല്ലാ പൗരന്മാര്‍ക്കും സ്റ്റേറ്റിന്റെ കീഴിലുള്ള ഉദ്യോഗങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ അവസര സമത്വം ഉറപ്പു നല്‍കുന്നു. അനുച്ഛേദം 16(4) സ്റ്റേറ്റിന്റെ കീഴിലുള്ള ഉദ്യോഗങ്ങളില്‍ അര്‍ഹിക്കുന്ന പ്രാതിനിധ്യം ലഭിക്കാതെ പോയ പിന്നാക്ക വിഭാഗങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്താന്‍ സ്റ്റേറ്റിനെ ചുമതലപ്പെടുത്തുന്നു. സംവരണം, അവസരസമത്വം എന്ന തത്ത്വത്തിന്റെ ഒരു അപവാദമല്ല. മറിച്ച് അതിന്റെ വിപുലീകരണമാണ്. പട്ടിക ജാതി, പട്ടിക വര്‍ഗം, മറ്റു പിന്നാക്ക സമുദായങ്ങള്‍ എന്നിവര്‍ക്ക് സ്റ്റേറ്റ് സര്‍വീസില്‍ സംവരണം നല്‍കിയിരിക്കുന്നത് ഈ അനുച്ഛേദത്തിന്റെ അടിസ്ഥാനത്തിലാണ്.
പട്ടിക ജാതി, പട്ടിക വര്‍ഗം, മറ്റു ദുര്‍ബല ജനവിഭാഗങ്ങളുടെ വിദ്യാഭ്യാസപരവും സാമ്പത്തികപരവുമായ താല്‍പര്യങ്ങളെ അഭിവൃദ്ധിപ്പെടുത്തുകയും അവരെ സാമൂഹിക അനീതികളില്‍ നിന്നും എല്ലാതരം ചൂഷണങ്ങളില്‍ നിന്നും സംരക്ഷിക്കുകയും ചെയ്യുക എന്നത് ഭരണഘടന, ഭരണകൂടത്തിനു നല്‍കുന്ന നിര്‍ദ്ദേശക തത്ത്വം കൂടിയാണ് (അനുച്ഛേദം 46). പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് പാര്‍ലമെന്റിലും സംസ്ഥാന നിയമസഭകളിലും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും സഹകരണ സംഘങ്ങളുടെ ഭരണസമിതികളിലും ജനസംഖ്യാനുപാതികമായ സംവരണം ഭരണഘടന ഉറപ്പുവരുത്തുന്നു. ആംഗ്ലോ-ഇന്ത്യന്‍ വിഭാഗത്തിനും പാര്‍ലമെന്റിലും നിയമസഭകളിലും പ്രാതിനിധ്യം ഉറപ്പുവരുത്താന്‍ നാമനിര്‍ദ്ദേശം എന്ന വ്യവസ്ഥ ഭരണഘടന ഉള്‍പ്പെടുത്തുന്നു (അനുച്ഛേദം 331, 333). ഇതെല്ലാം ഇന്ത്യന്‍ ഭരണഘടനയുടെ ഉള്‍കൊള്ളല്‍ ധര്‍മ്മ ചിന്തക്കും പ്ലൂരലിസ്റ്റ് ധ്വനിക്കും ഉദാഹരണമാണ്. എന്നാല്‍, മുസ്‌ലിംകള്‍ അടക്കമുള്ള ന്യൂനപക്ഷങ്ങള്‍ക്ക് സ്റ്റേറ്റ് സര്‍വീസിലോ നിയമസഭകളിലോ പ്രാതിനിധ്യം ഉറപ്പുവരുത്താനുള്ള ഭരണഘടനാപരമോ നിയമപരമോ രാഷ്ട്രീയപരമോ ആയ മാര്‍ഗങ്ങള്‍ ഒന്നും പര്യാലോചിച്ചിട്ടില്ല എന്ന വസ്തുത ഖേദകരമാണ്. ആയതിനാല്‍ ഇന്ത്യയിലെ മുസ്‌ലിം ജനതക്ക് അധികാരഘടനയിലും നയരൂപീകരണ മണ്ഡലത്തിലും സാന്നിധ്യം ഉറപ്പാക്കാനുള്ള ഒരേയൊരു മാര്‍ഗം രാഷ്ട്രീയ സ്വരുക്കൂട്ടലിലൂടെ, ഏകോപിത ജനനീക്കത്തിലൂടെ മാത്രമേ സാധ്യമാകൂ.
കണ്‍സോഷ്യണലിസം എന്നത് ബഹുസ്വര രാഷ്ട്രത്തില്‍ മത, വംശീയ, ഭാഷാ വിഭാഗങ്ങള്‍ക്ക് അധികാര പങ്കാളിത്തം ഉറപ്പുവരുത്താനുള്ള ജനാധിപത്യ മാര്‍ഗമാണ്. സാമുദായിക പ്രാതിനിധ്യവും സാമുദായിക സ്വയംഭരണവും ഈ വ്യവസ്ഥ ഉറപ്പാക്കുന്നു. ആനുപാതിക പ്രാതിനിധ്യം, വീറ്റോ അവകാശം എന്നിവയും കണ്‍സോഷ്യണലിസത്തിന്റെ ഘടകങ്ങളാണ്. ഇന്ത്യന്‍ രാഷ്ട്രീയ മണ്ഡലത്തില്‍ മത-വംശീയ ഭൂരിപക്ഷ രാഷ്ട്രീയം അമ്പരപ്പിക്കുന്ന വിധം സംവേഗശക്തി നേടുന്ന സാഹചര്യത്തില്‍, ചെറിയ തോതിലെങ്കിലുമുള്ള കണ്‍സോഷ്യണിലിസം സമീപ ഭാവിയില്‍ ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ അജണ്ടയില്‍ ഇടം പിടിക്കാനുള്ള സാധ്യത തള്ളികളയാനാവില്ല. ന്യൂനപക്ഷങ്ങളോടുള്ള സ്വച്ഛവും പ്രസന്നവുമായ സമീപനം, ഏതൊരു രാഷ്ട്രത്തിന്റെയും പുരോഗതിക്കും ഐശ്വര്യത്തിനും അനിവാര്യമാണ്.
പ്ലൂരലിസവും പോളിയാര്‍ക്കിയും ഇന്ത്യന്‍ ഭരണഘടനാ വാസ്തുവിദ്യയുടെ അടിസ്ഥാന ആക്കതൂക്കങ്ങളാണ്. നമ്മുടെ ഭരണഘടനയെ പ്രോജ്ജ്വലമായ ദേവാലയത്തോട് ഉപമിച്ചാല്‍, മൗലികാവകാശങ്ങളും നിര്‍ദ്ദേശതത്ത്വങ്ങളും അതിന്റെ ഇരട്ട ഗോപുരങ്ങളാണ്. പീഠിക ഗര്‍ഭ ഗ്രഹവും നീതി എന്ന സങ്കല്‍പം അതില്‍ പ്രതിഷ്ഠിതമായിരിക്കുന്ന പൂജാ വിഗ്രഹവുമാണ്. സാമൂഹ്യവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതിയാണ് ഭരണഘടനാ ദീര്‍ഘസാഹസിക പര്യടനത്തിന്റെ അന്തിമ ലക്ഷ്യസ്ഥാനം. നീതിയെ കുറിച്ചുള്ള സ്വപ്‌നങ്ങളത്രെ ഭരണഘടനാ നീതി ശാസ്ത്രത്തിന്റെ അന്തരാത്മാവ്. രാഷ്ട്രം ശരീരമെങ്കില്‍ നീതി അതിന്റെ ആത്മാവത്രെ. നീതിയുടെ ആധാര ശിലക്ക് ഇളക്കം തട്ടിയാല്‍ റിപ്പബ്ലിക്ക് എന്ന മഹാ സൗധം തകര്‍ന്നടിയും.
നീതി എന്ന പീഠികാ തത്ത്വത്തിന് മൂന്ന് പ്രത്യയങ്ങളുണ്ട് -സാമഹ്യവും സാമ്പത്തികവും രാഷ്ട്രീയവും. സോഷ്യലിസം സാമ്പത്തിക നീതിക്കും ലിബറലിസം രാഷ്ട്രീയ നീതിക്കും പ്രാഥമ്യം നല്‍കി. എന്നാല്‍ സ്ഥാപക പിതാക്കള്‍ ബോധപൂര്‍വം സാമൂഹ്യ നീതിക്ക് സാമ്പത്തിക നീതിക്കും രാഷ്ട്രീയ നീതിക്കും മുന്‍ഗണന നല്‍കി. മത-വംശ-ഭാഷാ അടിസ്ഥാനത്തിലുള്ള സമൂഹങ്ങള്‍ക്കും സമുദായങ്ങള്‍ക്കും ഇന്ത്യന്‍ രാഷ്ട്രീയ-സാമൂഹ്യ ജീവിതത്തില്‍ ഊര്‍ജ്ജ്വസിയായ പങ്കുണ്ട്. അതിനാല്‍ തന്നെ ഈ വിഭാഗങ്ങള്‍ക്കിടയില്‍ നീതിയുക്തവും സന്തുലിതവുമായ അധികാര വിതരണം സാധ്യമാക്കുക എന്നതാണ് സാമൂഹ്യ നീതിയുടെ സാരാംശം. നമ്മുടെ റിപ്പബ്ലിക്കിന്റെ മറ്റൊരു അടിസ്ഥാന തത്ത്വമായ മതേതരത്വം എന്നത് വ്യത്യസ്ത മത വിഭാഗങ്ങള്‍ക്കിടയിലുള്ള സമത്വം പാലിക്കലാണ്. ഇന്ത്യയുടെ പരമോന്നത നീതിപീഠം ഇസ്മായില്‍ ഫാറൂഖിയുടെ കേസില്‍ ഇക്കാര്യം സുതാരം വ്യക്തമാക്കിയിട്ടുണ്ട് . സമത്വവും നീതിയും സാക്ഷാത്കരിക്കാനുള്ള മാര്‍ഗം, ബഹുസ്വര രാഷ്ട്രീയവും അധികാര വികേന്ദ്രീകൃത രാഷ്ട്രീയ ഘടനയും നവീകൃതമായ സംവരണ നയവും ചുരുങ്ങിയ തോതിലുള്ള കണ്‍സോഷ്യണലിസവും മാത്രമത്രെ. ഇതിനുള്ള ഉത്‌പ്രേരകം മുസ്‌ലിംകളടക്കമുള്ള ന്യൂനപക്ഷ വിഭാഗങ്ങളുടെ രാഷ്ട്രീയ ശാക്തീകരണവും ഏകോപിത ജനനീക്കവും തന്നെയാണ്.
അന്തിമമായ വിശകലനത്തില്‍ മുസ്‌ലിംകള്‍ അടക്കമുള്ള ന്യൂനപക്ഷങ്ങളുടെ രാഷ്ട്രീയ ശാക്തീകരണം, ആത്യന്തികമായി ഒരു ബഹുസ്വര സമൂഹവും അധികാര വികേന്ദ്രീകൃത രാഷ്ട്ര വ്യവസ്ഥയും നേടിയെടുക്കാനുള്ള ഏറ്റവും മികച്ച മാര്‍ഗമാണ്. നീതി, സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നീ ഭരണഘടനാ ലക്ഷ്യങ്ങളും അഭിലാഷങ്ങളും ഇതിലൂടെ സാക്ഷാത്കൃതമാവും.അതിനാല്‍ തന്നെ ഈ ഭരണഘടനാ തത്ത്വങ്ങളെ ലക്ഷ്യമാക്കിയുള്ള, പ്ലൂരലിസം, പോളിയാര്‍ക്കി എന്നീ ആശയ ദ്വയത്തില്‍ ഊന്നിയുള്ള ന്യൂനപക്ഷ രാഷ്ട്രീയം, ന്യൂനപക്ഷങ്ങളുടെ കേവലം സങ്കുചിതമായ താല്‍പര്യങ്ങള്‍ നേടിയെടുക്കാനുള്ള പ്രവൃത്തിയല്ല. മറിച്ച് നമ്മുടെ ഭരണഘടന വിഭാവനം ചെയ്യുന്ന പരമാധികാര, സ്ഥിതി സമത്വവാദ മതേതര ജനാധിപത്യ റിപ്പബ്ലിക്ക് യാഥാര്‍ത്ഥ്യമാക്കാനുള്ള പവിത്രമായ കര്‍മ്മമാണ് എന്നു കാണാം.

kerala

നവീൻ ബാബുവിന്‍റെ മരണം; സർക്കാർ അന്വേഷണം പ്രഹസനമെന്ന് പ്രതിപക്ഷനേതാവ്

കുടുംബത്തിനും ദിവ്യക്കും ഒപ്പം നിന്ന് സിപിഎം സെക്രട്ടറി ഇരട്ടത്താപ്പ് കാണിച്ചെന്നും സതീശന്‍ ആരോപിച്ചു.

Published

on

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തിലെ സര്‍ക്കാര്‍ അന്വേഷണം പ്രഹസനമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. സിപിഎം നേതാവ് ദിവ്യക്കറിയുന്ന രഹസ്യങ്ങള്‍ പുറത്താകുമോ എന്ന പേടിയാണ് സര്‍ക്കാരിന്. നവീന്‍ ബാബു അഴിമതിക്കാരനെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമമുണ്ട്. കുടുംബത്തിനും ദിവ്യക്കും ഒപ്പം നിന്ന് സിപിഎം സെക്രട്ടറി ഇരട്ടത്താപ്പ് കാണിച്ചെന്നും സതീശന്‍ ആരോപിച്ചു.

എഡിഎമ്മിന്റെ മരണം സിബിഐ അന്വേഷിക്കണം. സര്‍ക്കാര്‍ വേട്ടക്കാര്‍ക്ക് ഒപ്പമെന്ന പ്രതിപക്ഷത്തിന്റെ നിലപാട് സത്യമാണെന്നു വ്യക്തമായി. മരണത്തെ കുറിച്ച് അന്വേഷണം ഇല്ല. പാര്‍ട്ടി സെക്രട്ടറി എഡിഎമ്മിന്റെ കുടുംബത്തോടൊപ്പം എന്ന് പറഞ്ഞു. പാര്‍ട്ടി സെക്രട്ടറിയുടെ ഭാര്യ പ്രതിയെ ജയിലില്‍ പോയി കണ്ടു. സിബിഐ അന്വേഷണത്തിന് സര്‍ക്കാര്‍ കോടതിയില്‍ സമ്മതിക്കണം.

പ്രശാന്തന്‍ പ്രധാനപ്പെട്ട ആളുടെ ബിനാമിയാണ്. ദിവ്യക്ക് രഹസ്യങ്ങള്‍ അറിയാം. ഇത് പുറത്താകുമോ എന്ന പേടി സര്‍ക്കാരിനുണ്ട്. ദിവ്യയെ പ്രീതിപ്പെടുത്താന്‍ സിപിഎം നേതാക്കള്‍ ശ്രമിക്കുന്നുവെന്നും വി.ഡി സതീശന്‍ ആരോപിച്ചു.

Continue Reading

kerala

ബി.ജെ.പി കേഡർ പാർട്ടിയല്ല, അലവലാതി പാർട്ടി: വെള്ളാപ്പള്ളി നടേശൻ

ബി.ജെ.പിയില്‍ വാളെടുത്തവരെല്ലാം വെളിച്ചപ്പാടാണെന്ന് സ്ഥിതിയിലേക്ക് മാറി.

Published

on

ബിജെപി അലവലാതി പാര്‍ട്ടിയായി മാറിയെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സിപിഎമ്മിനെ പോലെ കേഡര്‍ പാര്‍ട്ടിയെന്നാണ് പറഞ്ഞിരുന്നത്. ഇപ്പോള്‍ അഭിപ്രായ വ്യത്യാസങ്ങള്‍ മാത്രമാണുള്ളത്.

കണിച്ചുകുളങ്ങരയില്‍ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയായിരുന്നു വെള്ളാപ്പള്ളി നടേശന്റെ പരാമര്‍ശം. ബി.ജെ.പിയില്‍ വാളെടുത്തവരെല്ലാം വെളിച്ചപ്പാടാണെന്ന് സ്ഥിതിയിലേക്ക് മാറി. അഭിപ്രായ വ്യത്യാസങ്ങള്‍ മാത്രമാണ് ആ പാര്‍ട്ടിയിലുള്ളത്. പാര്‍ട്ടിക്കുള്ളില്‍ പറയേണ്ടതെല്ലാം മൈക്ക് കെട്ടി അനൗണ്‍സ് മെന്റ് ചെയ്യുകയാണ്. സുരേന്ദ്രന്റെ കപ്പാസിറ്റിയെന്താണെന്ന് തനിക്കറിയില്ല, അദ്ദേഹത്തെ നേരിട്ടറിയില്ലെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.

Continue Reading

kerala

കേരളത്തില്‍ വര്‍ഗീയ അജണ്ട വിലപ്പോവില്ലെന്ന് വീണ്ടും തെളിയിച്ചു; പി.കെ കുഞ്ഞാലിക്കുട്ടി

ചേലക്കരയില്‍ എല്‍.ഡി.എഫിന്റെ ഭൂരിപക്ഷം ഇത്തവണ കുറഞ്ഞിട്ടുണ്ടെന്നും പി.കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

Published

on

ഉപതെരഞ്ഞെടുപ്പ് ഫലം യു.ഡി.എഫിന് അനുകൂലമാണെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. ബി.ജെ.പി കേന്ദ്രങ്ങളിലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ തേരോട്ടം നടത്തിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വര്‍ഗീയ പ്രചാരണത്തിനുള്ള തിരിച്ചടിയാണിത്. ബി.ജെ.പിയുടെ തകര്‍ച്ചയാണ് പാലക്കാട് നഗരസഭയില്‍ കണ്ടത്. പാലക്കാട്ടേത് അഭിമാനകരമായ വിജയമാണെന്നും അദ്ദേഹം പറഞ്ഞു. ചേലക്കരയില്‍ എല്‍.ഡി.എഫിന്റെ ഭൂരിപക്ഷം ഇത്തവണ കുറഞ്ഞിട്ടുണ്ടെന്നും പി.കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

എല്ലാ കുപ്രചാരണങ്ങളെയും അതിജീവിച്ച് യു.ഡി.എഫ് വിജയത്തിലെത്തിയെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പ്രതികരിച്ചു. തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് മികച്ച പ്രകടനം കാഴ്ചവെച്ചെന്നും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കി.

ചേലക്കരയില്‍ പ്രതീക്ഷിച്ച വിജയം എല്‍.ഡി.എഫിന് ലഭിച്ചില്ലെന്നും കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിനേക്കാള്‍ എത്രയോ പിറകിലാണെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.

Continue Reading

Trending