Connect with us

GULF

രക്താര്‍ബുദത്തിനുള്ള നിര്‍ണ്ണായക ചികിത്സയ്ക്കുള്ള ചിലവ് 90% വരെ കുറയ്ക്കാനുള്ള പ്രഖ്യാപനവുമായി ബുര്‍ജീല്‍ ഹോള്‍ഡിങ്‌സ്

•കാര്‍-ടി സെല്‍ തെറാപ്പിക്കുള്ള ചിലവ് കുറയ്ക്കാന്‍ യുഎസ് ആസ്ഥാനമായ കെയറിങ് ക്രോസുമായുള്ള പങ്കാളിത്തം പ്രഖ്യാപിച്ചത് അബുദാബി ഗ്ലോബല്‍ ഹെല്‍ത്ത് വീക്കില്‍. •എഐ സാങ്കേതിക വിദ്യ ആരോഗ്യ മേഖലയില്‍ കൊണ്ടുവരുന്നതിനായുള്ള നിരവധി പ്രഖ്യാപനങ്ങളുമായി ബുര്‍ജീല്‍

Published

on

അബുദാബി: രക്താര്‍ബുദ ചികിത്സയിലെ നാഴികക്കല്ലായ കാര്‍-ടി സെല്‍ തെറാപ്പിക്കുള്ള ഭാരിച്ച ചെലവ് ഗണ്യമായി കുറയ്ക്കുന്നതിനുള്ള സുപ്രധാന പദ്ധതിയുമായി ബുര്‍ജീല്‍ ഹോള്‍ഡിങ്സ്. അബുദാബി ഗ്ലോബല്‍ ഹെല്‍ത്ത് വീക്കിന്റെ ആദ്യ ദിനം പ്രഖ്യാപിച്ച പദ്ധതി അമേരിക്കന്‍ സന്നദ്ധ സ്ഥാപനമായ കെയറിങ് ക്രോസുമായി ചേര്‍ന്നാണ് നടപ്പാക്കുന്നത്. പങ്കാളിത്തത്തിന്റെ ഭാഗമായി കിമേറിക് ആന്റിജന് റിസെപ്റ്റര്‍ ടി- സെല്‍ തെറാപ്പി ബുര്‍ജീല്‍ ഹോള്‍ഡിങ്സ് പ്രാദേശികതലത്തില്‍ നിര്‍മിക്കും.
ശരീരത്തിലെ പ്രതിരോധ കോശങ്ങളായ ടി കോശങ്ങളില്‍ ജനിതക മാറ്റങ്ങള്‍ വരുത്തി അര്‍ബുദത്തിനെതിരെ പോരാടാന്‍ സഹായിക്കുന്ന നൂതന അര്‍ബുദ ചികിത്സാ രീതിയായ കാര്‍-ടി സെല്‍ തെറാപ്പിക്ക് യുഎസിലും യൂറോപ്പിലും 350,000 മുതല്‍ 1 മില്യണ്‍ യുഎസ് ഡോളറിലധികം വരെയാണ് ചിലവ്. ലുക്കീമിയ, ലിംഫോമ, തുടങ്ങിയ രക്താര്‍ബുദങ്ങളുടെ ചികിത്സയില്‍ പ്രധാന പങ്ക് വഹിക്കുന്ന തെറാപ്പി പൊതുവെ മറ്റു ചികിത്സാ മാര്‍ഗങ്ങള്‍ ഫലിക്കാതെ വരുമ്പോളാണ് നടത്തുന്നത്. എന്നാല്‍, ഉയര്‍ന്ന ചികിത്സാചിലവ്കാരണം ആഗോളതലത്തില്‍ ഇതിന്റെ ലഭ്യത പരിമിതമാണ്. ബുര്‍ജീല്‍-കെയറിങ് ക്രോസ് പങ്കാളിത്തത്തിലൂടെ ചിലവ് 90 ശതമാനം വരെ കുറയ്ക്കാന്‍ സാധിക്കും.
പ്രാദേശികമായി കാര്‍-ടി സെല്‍തെറാപ്പി
വികസിപ്പിക്കുന്നതിനുള്ള സാങ്കേതിക വിദ്യ, അസംസ്‌കൃത വസ്തുക്കള്‍, പ്രത്യേക പരിശീലന ക്ലാസുകള്‍, ക്ലിനിക്കല്‍ ഡവലപ്‌മെന്റിന് ആവശ്യമായ ലെന്റിവൈറല്‍ വെക്റ്റര്‍ എന്നിവ കെയറിങ് ക്രോസ് ലഭ്യമാക്കും. ആളുകള്‍ക്ക് താങ്ങാവുന്ന നിരക്കില്‍ ചികിത്സ നല്‍കുന്നതിലൂടെയും
പ്രാദേശിക ലഭ്യത വര്‍ദ്ധിപ്പിക്കുന്നതിലൂടെയും, ഇത്തരം അത്യാധുനിക ജീവന്‍രക്ഷാ പരിചരണത്തിന്റെ ലഭ്യതക്ക് പരിമിതികളുള്ള മേഖലകളിലെ രോഗികളിലേക്ക് ഇവ വേഗത്തില്‍ എത്തിക്കാന്‍ സാധിക്കും.
പദ്ധതിയുടെ പ്രഖ്യാപനം ബുര്‍ജീല്‍ ഹോള്‍ഡിങ്‌സ് സ്ഥാപകനും ചെയര്‍മാനുമായ ഡോ. ഷംഷീര്‍ വയലില്‍, ബുര്‍ജീല്‍ ഹെമറ്റോളജി, ഓങ്കോളജി ആന്‍ഡ് സെല്ലുലാര്‍ തെറാപ്പി സെന്റര്‍ ഡയറക്ടര്‍ ഡോ. അജ്‌ലാന്‍ സാക്കി, കെയറിങ് ക്രോസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ബോറോ ഡ്രോപ്പ്യുലിച്ച് എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.
‘ആഗോള പങ്കാളിത്തങ്ങളിലൂടെ നൂതന ആരോഗ്യ സാങ്കേതികവിദ്യകള്‍ ജനാധിപത്യവല്‍ക്കരിക്കാനാണ് ബുര്‍ജീല്‍ ശ്രമിക്കുന്നത്. ഈ നിര്‍ണായക പങ്കാളിത്തം മെഡിക്കല്‍ നവീകരണം ഉറപ്പ് വരുത്തുന്നതിലും അടിയന്തര ആരോഗ്യ സേവനങ്ങള്‍ വിപുലീകരിക്കുന്നതിലും പ്രധാന പങ്ക് വഹിക്കും,’ ബുര്‍ജീല്‍ ഹോള്‍ഡിങ്സ് ഗ്രൂപ്പ് സിഇഒ ജോണ്‍ സുനില്‍ അഭിപ്രായപ്പെട്ടു.
ആഗോളതലത്തില്‍ നൂതന ആരോഗ്യ സംരക്ഷണത്തിന്റെ വര്‍ദ്ധിച്ചുവരുന്ന ആവശ്യകത പരിഹരിക്കുന്നതിലും കാന്‍സര്‍ ചികിത്സകളുടെ ലഭ്യത വര്‍ദ്ധിപ്പിക്കുന്നതിലും ഈ പങ്കാളിത്തം പ്രധാന പങ്ക് വഹിക്കും,’ ബുര്‍ജീല്‍ ഹെമറ്റോളജി, ഓങ്കോളജി ആന്‍ഡ് സെല്ലുലാര്‍ തെറാപ്പി സെന്റര്‍ ഡയറക്ടര്‍ ഡോ. അജ്‌ലാന്‍ സാക്കി പറഞ്ഞു.
പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ ലുക്കീമിയ, ലിംഫോമ തുടങ്ങിയ രക്താര്‍ബുദങ്ങള്‍ക്കായുള്ള കാര്‍-ടി സെല്‍തെറാപ്പിയില്‍ശ്രദ്ധ കേന്ദ്രീകരിക്കും. ഭാവിയില്‍ എച്ച്‌ഐവി പോലുള്ള പോലുള്ള രോഗങ്ങള്‍ക്കുള്ള ചികിത്സയും പരീക്ഷിക്കും.
പ്രമേഹരോഗികള്‍ക്ക് ബഹിരാകാശ യാത്ര സാധ്യമാക്കുന്നതിന്റെ സാധ്യതകളെ കുറിച്ച് പഠിക്കുന്നതിനായി അമേരിക്കന്‍ സ്‌പേസ് കമ്പനിയായ ആക്‌സിയം സ്‌പേസുമായി ചേര്‍ന്ന് ബുര്‍ജീല്‍ നടത്തുന്ന ഗവേഷണത്തിന്റെ വിശദാംശങ്ങളും മേളയുടെ ആദ്യ ദിനം പ്രദര്‍ശിപ്പിച്ചു.
ആരോഗ്യ സംരക്ഷണം പുനര്‍നിര്‍വ്വചിക്കുന്ന ചര്‍ച്ചകള്‍, നൂതന ആശയങ്ങള്‍ എന്നിവയ്ക്ക് വരും ദിവസങ്ങളില്‍ ബുര്‍ജീല്‍ ബൂത്ത് വേദിയാകും. അബുദാബി ഗ്ലോബല്‍ ഹെല്‍ത്ത് വീക്കിന്റെ ഒഫിഷ്യല്‍ ഹെല്‍ത്ത്‌കെയര്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ പാര്‍ട്ണറായ ബുര്‍ജീല്‍ നിര്‍മിത ബുദ്ധി (എഐ), സങ്കീര്‍ണ പരിചരണം, പ്രിസിഷന്‍ ഡയഗ്‌നോസ്റ്റിക്‌സ്, അര്‍ബുദ പരിചരണം, സ്‌പേസ് മെഡിസിന്‍ തുടങ്ങിയ മേഖലകളിലെ സംഭാവനകളാണ് ബൂത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്.

GULF

ദുബൈ മലപ്പുറം ജില്ലാ സ്റ്റുഡന്‍സ് കെ.എം.സി.സി രൂപീകരിച്ചു

സ്റ്റുഡന്‍സ് കോണ്‍ഫറന്‍സില്‍ വെച്ച് ജില്ലയുടെ പ്രഥമ സ്റ്റുഡന്‍സ് കെ.എം.സി.സി വിംഗിനെ തെരെഞ്ഞെടുത്തു

Published

on

വിദ്യാര്‍ത്ഥികളില്‍ സാമൂഹികാവബോധം സൃഷ്ടിക്കാനും, പാഠ്യ പാഠ്യേതര രംഗത്തും, കലാ സാംസ്‌കാരിക രംഗത്തും പ്രോത്സാഹനം നല്‍കാനും ലക്ഷ്യം വെച്ച് ദുബൈ മലപ്പുറം ജില്ലാ കെ.എം.സി.സി നടപ്പാക്കുന്ന കര്‍മ്മ പദ്ധതികളുടെ ഭാഗമായി സംഘടിപ്പിച്ച സ്റ്റുഡന്‍സ് കോണ്‍ഫറന്‍സില്‍ വെച്ച് ജില്ലയുടെ പ്രഥമ സ്റ്റുഡന്‍സ് കെ.എം.സി.സി വിംഗിനെ തെരെഞ്ഞെടുത്തു

ബോയ്‌സ് വിംഗ് കമ്മറ്റി പ്രസിഡന്റ് ബബിന്‍ മുഹമ്മദ് തിരൂര്‍, ജനറല്‍ സെക്രട്ടറി റിഫാന്‍ കമ്മിളി വള്ളിക്കുന്ന്, ട്രഷറര്‍ മുഹമ്മദ് ഫാദില്‍ തിരുര്‍
ഓര്‍ഗനൈസിങ് സെക്രട്ടറി ഷാമില്‍ വേളേരി എന്നിവരെ തിരഞ്ഞെടുത്തു.

ഹാദി അബ്ദുല്ല പെരിന്തല്‍മണ്ണ, അഹമ്മദ് സബീഹ് നിലമ്പൂര്‍, മുഹമ്മദ് സയ്യാന്‍ തവനൂര്‍, മുഹമ്മദ് നിഹാല്‍ കോട്ടക്കല്‍, മുഹമ്മദ് ഷമാസ് കൊണ്ടോട്ടി, അഹമ്മദ് ജമാല്‍ മലപ്പുറം എന്നിവരെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും തിരഞ്ഞെടുത്തു.

ഹിഷാം മുഹമ്മദ് തിരൂര്‍, ഹംദാന്‍ ബിന്‍ അയ്യൂബ് തിരൂരങ്ങാടി, മുഹമ്മദ് കഅബ് കൊണ്ടോട്ടി, ദിയാഫ് കെ വിളയില്‍ കൊണ്ടോട്ടി, മുഹമ്മദ് അമീര്‍ പൊന്നാനി, നിദാല്‍ നാജില്‍ തവനൂര്‍ എന്നിവരെ സെക്രട്ടറി സ്ഥാനത്തേക്കും തിരഞ്ഞെടുത്തു.

ഗേള്‍സ് വിംഗ് കമ്മറ്റി പ്രസിഡന്റ് സ്ഥാനത്തേക്ക് ഷന നസ്‌റിന്‍ തിരൂര്‍, ജനറല്‍ സെക്രട്ടറി ഫാത്തിമ ഷേഹ തിരൂരങ്ങാടി, ട്രഷറര്‍ നിദാ മെഹ്താജ് വള്ളിക്കുന്ന്, ഓര്‍ഗനൈസിംഗ് സെക്രട്ടറി മിന്‍ഹ തൈക്കാട്ട് തിരൂര്‍ എന്നിവരെ തിരഞ്ഞെടുത്തു.

ഫാത്തിമ റഷ തിരൂരങ്ങാടി, ദില്‍ഫ ഇളയടത്ത് ഏറനാട്, ലാമിയ ബുഷ്‌റ കൊണ്ടോട്ടി, ഫാത്തിമ ഇഷ മങ്കട, സെന്‍ഹ ഫസലു പൊന്നാനി, ഫാത്തിമ റിദ തിരൂരങ്ങാടി, ഷസ ലൂജൈന്‍ വേങ്ങര, ദിയ ഹാഷിമ തവനൂര്‍ എന്നിവരെ വൈസ് പ്രസിഡന്റ് സ്ഥാനത്ത് തിരഞ്ഞെടുത്തു.

മിന്‍ഹ ഷാഫി തവനൂര്‍, ദീന കോലാക്കല്‍ വള്ളിക്കുന്ന്, നൈല മറിയം മഞ്ചേരി, ഫാത്തിമ ഷഹാമ തിരൂരങ്ങാടി, ആയിഷ നദ്വ കോട്ടക്കല്‍, ആയിഷ ലിസ തിരൂര്‍, റോണ അമീര്‍ മലപ്പുറം, അഷ്മിസ മെഹറിന്‍ താനൂര്‍ എന്നിവരേ സെക്രട്ടറി സ്ഥാനത്തേക്കും തെരെഞ്ഞെടുത്തു

ജില്ലാ പ്രസിഡന്റ് സിദ്ധീഖ് കാലൊടിയുടെ അധ്യക്ഷതയില്‍ ചെമ്മുക്കന്‍ യാഹുമോന്‍ ഹാജി ചടങ്ങ് ഉത്ഘാടനം ചെയ്തു റിയാസ് ബാബു, റഹൂഫ് ഇരുമ്പുഴി, കെ.പി.എ സലാം, അബ്ദുല്‍ ഖാദര്‍ അരിപ്പാമ്പ്ര, ഒ.മൊയ്തു എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി എ പി നൗഫല്‍ സ്വാഗതവും, ട്രഷറര്‍ സി.വി അശ്‌റഫ് നന്ദിയും പറഞ്ഞു.

Continue Reading

GULF

‘ഇന്ത്യയും പാകിസ്താനും സംയമനം പാലിക്കണം’: യുഎഇ

Published

on

അബുദാബി: ഇന്ത്യയോടും പാകിസ്താനോടും സംയമനം പാലിക്കാനും സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാനും പ്രാദേശിക,അന്തര്‍ദേശീയ സമാധാനത്തിന് ഭീഷണിയായേക്കാവുന്ന കൂടുതല്‍ സംഘര്‍ഷങ്ങള്‍ ഒഴിവാക്കാനും യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്‍ ആഹ്വാനം ചെയ്തു. സൈനിക സംഘര്‍ഷം തടയുന്നതിനും ദക്ഷിണേഷ്യയില്‍ സ്ഥിരത ശക്തിപ്പെടുത്തുന്നതിനും കൂടുതല്‍ പ്രാദേശിക സംഘര്‍ഷങ്ങള്‍ ഒഴിവാക്കുന്നതിനും സംഭാഷണത്തിനും പരസ്പര ധാരണയ്ക്കും ആഹ്വാനം ചെയ്യുന്ന ശബ്ദങ്ങള്‍ക്ക് ചെവികൊടുക്കേണ്ടതിന്റെ പ്രാധാന്യം ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്‍ വ്യക്തമാക്കി.

പ്രതിസന്ധികള്‍ സമാധാനപരമായി പരിഹരിക്കുന്നതിനും സമാധാനം,സ്ഥിരത,സമൃദ്ധി എന്നിവയ്ക്കായുള്ള രാഷ്ട്രങ്ങളുടെ പൊതുവായ അഭിലാഷങ്ങള്‍ നേടിയെടുക്കുന്നതിനുമുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗം നയതന്ത്രവും സംഭാഷണവുമാണെന്ന് അദ്ദേഹം ഓര്‍മപ്പെടുത്തി. പ്രാദേശിക,അന്തര്‍ദേശീയ സംഘര്‍ഷങ്ങള്‍ക്ക് സമാധാനപരമായ പരിഹാരങ്ങള്‍ കൈവരിക്കുന്നതിനും അവയുടെ മാനുഷിക പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കുന്നതിനും ലക്ഷ്യമിട്ടുള്ള എല്ലാ സംരംഭങ്ങളെയും പിന്തുണയ്ക്കുന്നതിനുള്ള ശ്രമങ്ങള്‍ യുഎഇ തുടരുമെന്നും ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്‍ ആവര്‍ത്തിച്ചു.

Continue Reading

GULF

മലയാളി ദമ്പതികള്‍ കുവൈത്തില്‍ കൊല്ലപ്പെട്ടു; മൃതദേഹങ്ങള്‍ കുത്തേറ്റ നിലയില്‍

Published

on

കുവൈത്ത് സിറ്റി: കുവൈത്തില്‍ മലയാളികളായ ദമ്പതികള്‍ കൊല്ലപ്പെട്ട നിലയില്‍. കണ്ണൂര്‍ സ്വദേശി സൂരജ്, ഭാര്യ എറണാകുളം കീഴില്ലം സ്വദേശി ബിന്‍സി എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അബ്ബാസിയായിലെ ഇവരുടെ ഫ്‌ളാറ്റില്‍ കുത്തേറ്റ് മരിച്ച നിലയില്‍ ഇന്ന് രാവിലെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിലുള്ള ജാബിര്‍ ആശുപത്രിയിലെ നഴ്സാണ് സൂരജ്, ഭാര്യ ഭാര്യ ബിന്‍സി ഡിഫന്‍സില്‍ നഴ്സാണ്. ഇന്നലെ നൈറ്റ് ഡ്യൂറ്റി കഴിഞ്ഞാണ് ഇരുവരും താമസസ്ഥലത്ത് എത്തിയത്. രാവിലെ കെട്ടിട കാവല്‍ക്കാരനാണ് ഇരുവരെയും മരിച്ചുകിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. ഓസ്ട്രേലിയയിലേക്കു ജോലി മാറാനുള്ള നടപടികള്‍ നടന്നുവരുന്നതിനിടെയാണ് മരണം.
ഇരുവരും തമ്മിലുണ്ടായ വഴക്കിനെ തുടര്‍ന്ന് പരസ്പരം കുത്തിയതാണെന്നാണ് പ്രാഥമിക വിവരം. ബിന്‍സിയും സൂരജും തമ്മില്‍ തര്‍ക്കമുണ്ടായതിന്റെ ശബ്ദവും മറ്റും അയല്‍പക്കത്ത് താമസിക്കുന്നവര്‍ കേട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. പൊലീസും ഫൊറന്‍സിക് വിഭാഗവും സ്ഥലത്ത് എത്തി മറ്റു നടപടികള്‍ സ്വീകരിച്ചു. ദമ്പതികളുടെ മക്കള്‍ നാട്ടിലാണ്.

Continue Reading

Trending