സെക്കുലര്‍ രാഷ്ട്രീയപ്രവര്‍ത്തകരും ജനകീയ കമ്മീഷനുകളും കണ്ടെത്തിയ ഗുജറാത്ത് കലാപത്തിന്റെ നേര്‍ക്കാഴ്ച വിവരിച്ചതിന് പിന്നാലെ മലയാളം ഇന്‍ഡസ്ട്രി കണ്ട ഏറ്റവും വലിയ സിനിമയായ എമ്പുരാനെതിരെ ഡീഗ്രേഡിങ്ങുമായി ‘പ്രമുഖ’ സംഘപരിവാര്‍ മാധ്യമം. ഗോധ്ര കലാപത്തെക്കുറിച്ച് പരാമര്‍ശിക്കുന്ന പോസ്റ്റുമായാണ് ഇന്നലെ വരെ എമ്പുരാന്‍ പ്രമോഷന്‍ നടത്തിയ ജനം ടി.വി എത്തിയിരിക്കുന്നത്. ‘ഗോധ്രയില്‍ നിര്‍ത്തിയിട്ട തീവണ്ടി തനിയേ കത്തിയതാണത്രേ’ എന്ന പോസ്റ്റുമായാണ് സംഘപരിവാര്‍ മാധ്യമം എത്തിയിരിക്കുന്നത്.
ഇന്നലെയായിരുന്നു മലയാളക്കര ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മോഹന്‍ലാലിന്റെ എമ്പുരാന്‍ തിയേറ്ററുകളിലെത്തിയത്. സിനിമ ആരംഭിക്കുന്നത് 2002ലെ ഗുജറാത്ത് കലാപം കാണിച്ചുകൊണ്ടാണ്. ഇന്ത്യയുടെ ചരിത്രത്തില്‍ ഇന്നും തീരാകളങ്കമായി നില്‍ക്കുന്ന ഗുജറാത്ത് കലാപമാണ് സിനിമയുടെ ആദ്യത്തെ 20 മിനിറ്റില്‍. ഗുജറാത്ത് കലാപത്തിന് കാരണക്കാരയവരാണ് ഇപ്പോള്‍ രാജ്യം ഭരിക്കുന്നതെന്ന പ്രസ്താവനയടക്കം സിനിമയില്‍ ഉണ്ടായിരുന്നു. ഇത് പല മാധ്യമങ്ങളെയും ചൊടിപ്പിച്ചിരിക്കുകയാണെന്നതിനുള്ള ഉദാഹരണമാണ് ജനം ടി.വിയുടെ പോസ്റ്റ്.
ഇന്‍ഡസ്ട്രിയിലെ ഏറ്റവും ചെലവേറിയ ചിത്രമായി എത്തിയ എമ്പുരാന് വന്‍ വരവേല്‍പ്പായിരുന്നു ലഭിച്ചത്. എന്നാല്‍ ആദ്യ ഷോയ്ക്ക് പിന്നാലെ ചിത്രം പ്രമോഷന്‍ ചെയ്ത മീഡിയ മലക്കംമറിയുന്നതായി കാണാം. 2002 ഫെബ്രുവരി 27ന് അയോധ്യയില്‍ നിന്ന് തീര്‍ത്ഥാടകരുമായി മടങ്ങുകയായിരുന്ന ട്രെയിന്‍ ഗോധ്രയില്‍ വെച്ച് കത്തിച്ചതാണ് ഗുജറാത്ത് കലാപത്തിന്റെ മൂലകാരണമായി പറയപ്പെടുന്നത്. ട്രെയിന്‍ ആക്രമിച്ചത് മുസ്ലിം വിഭാഗമാണെന്നാണ് സംഘ് അനുകൂലികള്‍ അവകാശപ്പെടുന്നത്.
എന്നാല്‍ വര്‍ഷങ്ങളായി സംഘപരിവാര്‍ അനുകൂലികള്‍ പറഞ്ഞുകൊണ്ടിരിക്കുന്ന ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട നരേറ്റീവില്‍ നിന്ന് വ്യത്യസ്തമായി സെക്കുലര്‍ രാഷ്ട്രീയപ്രവര്‍ത്തകരും ജനകീയ കമ്മീഷനുകളും കണ്ടെത്തിയ ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള നിലപാടുകളാണ് എമ്പുരാനില്‍ പറയുന്നത്. കലാപത്തിന് പിന്നില്‍ അന്നത്തെ ഗുജറത്ത് മുഖ്യമന്ത്രിയും ഇന്നത്തെ പ്രധാന മന്ത്രിയുമായ നരേന്ദ്ര മോദിക്കും മറ്റ് ബി.ജെപിക്കാര്‍ക്കും പങ്കുള്ളതായി കണക്കാക്കപ്പെടുന്നു.
സംഘപരിവാര്‍ വര്‍ഷങ്ങളായി പറഞ്ഞുകൊണ്ടിരിക്കുന്ന ഗുജറാത്ത് കലാപത്തിന്റെ വേര്‍ഷന്‍ വീണ്ടും പറയുകയാണ് ജനം ടി.വി. ഗോധ്രയില്‍ ട്രെയിന്‍ കത്തിച്ചത് മുസ്ലിം വിഭാഗമാണെന്ന് പറയാതെ പറയുകയാണ് ജനം ടി.വിയുടെ പോസ്റ്റ്.
ജനം ടി.വിയുടെ പോസ്റ്റിനെ വിമര്‍ശിച്ചുകൊണ്ടും പിന്തുണച്ചുകൊണ്ടും നിരവധിപേര്‍ രംഗത്തെത്തിയിട്ടുണ്ട്. ‘ഇന്നലെവരെ എമ്പുരാന്‍ പ്രമോഷന് വേണ്ടി കഷ്ടപ്പെട്ട ജനം ടി.വിയുടെ അവസ്ഥ ഓര്‍ക്കുമ്പോള്‍ ചിരി വരുന്നു’ ‘ഈ സങ്കികളുടെ കരച്ചില്‍ കണ്ടാല്‍ തോന്നുമല്ലോ ഈ സിനിമ സെന്‍സര്‍ ചെയ്യാതെ ഇറക്കിയത് ആണ് എന്ന്’ ‘ഒന്ന് കുന്തിരിക്കം പുകക്കൂ… ആകെ മരണവീട്ടില്‍ ചെന്നപോലെയാണ് ഇപ്പൊ ജനം ടി.വിയുടെയും, അതിന്റെ എഫ്.ബി പേജിന്റെയും ഒരവസ്ഥ പുലര്‍ച്ചെ മുതല്‍ അഹോരാത്രം എമ്പുരാന് വേണ്ടി പണിയെടുത്തതല്ലേ’ തുടങ്ങിയ പരിഹാസങ്ങളുമായി നിരവധിപേരെത്തിയിട്ടുണ്ട്.
‘ആരൊക്കെ കൂടി പ്ലാന്‍ ചെയ്തു കത്തിച്ചതാണെന്ന വിവരങ്ങള്‍ ആഗോളതലത്തിലുള്ള എല്ലാ ഏജന്‍സികള്‍ക്കും ഉള്ളതിനെ കൊണ്ടാണല്ലോ 2014വരെ മോദിക്ക് വിസകള്‍ നിഷേധിക്കപ്പെട്ടത്. ഗുജറാത്ത് കലാപത്തെക്കുറിച്ച് വ്യക്തമായി അന്വേഷിച്ച മലയാളിയായ ഡി.ജി.പിയും, അന്നത്തെ കമ്മീഷണറായിരുന്ന സഞ്ജീവ് ഭട്ടും ഇന്ന് ഇവരുടെ പീഡനത്തിന് ഇരയായി കൊണ്ടിരിക്കുന്ന ജീവിക്കുന്ന തെളിവാണ്,’ പോസ്റ്റിന് താഴെ വിമര്‍ശനവുമായി ഒരാള്‍ കമന്റിട്ടു.
അതേസമയം എമ്പുരാനെ വിമര്‍ശിച്ചും നിരവധി കമന്റുകള്‍ വരുന്നുണ്ട്. ‘അതെ, ഗോധ്രയില്‍ ഒരു പ്രത്യേക കംപാര്‍ട്ട്‌മെന്റില്‍ മാത്രം തീ തനിയെ കത്തി, എല്ലാവരും വെന്ത് മരിച്ചു. കശ്മീര്‍ പണ്ഡിറ്റുകള്‍ നല്ല ശതമാനവും ആത്മഹത്യ ചെയ്യുകയും ഒരു ലക്ഷത്തിലധികം പണ്ഡിറ്റുകള്‍, നല്ല ജോലിയും, കൂടുതല്‍ സുഖ ജിവിതത്തിനും വേണ്ടി എങ്ങോട്ടേക്കോ ഓടിപ്പോയി’ എന്നാണ് പോസ്റ്റിനെ അനുകൂലിച്ചുകൊണ്ട് വന്നൊരു കമന്റ്.