Connect with us

kerala

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട്

മണിക്കൂറിൽ 40 മുതൽ 50 കിലോ മീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ്. മലപ്പുറം, വയനാട് ജില്ലകളിൽ നാളെ യെല്ലോ അലർട്ട് പുറപ്പെടുവിച്ചു. ബുധനാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോ മീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിരുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർഥമാക്കുന്നത്. ഇടി മിന്നൽ ജാ​ഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്.

ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം

ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനിൽക്കരുത്.

– ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.

– ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.

– ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.

– ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.

– അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക.

– ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്‌. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്.

– ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകൾ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങൾ സുരക്ഷിതരായിരിക്കും. സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നൽ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നൽ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തിൽ അഭയം തേടുകയും വേണം.

– മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.

– കാറ്റിൽ മറിഞ്ഞു വീഴാൻ സാധ്യതയുള്ള വസ്തുക്കൾ കെട്ടി വെക്കുക.

– ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത്‌ ഒഴിവാക്കുക. ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പിലൂടെ മിന്നൽ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം.

– ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ മീൻ പിടിക്കാനോ കുളിക്കാനോ ഇറങ്ങാൻ പാടില്ല. കാർമേഘങ്ങൾ കണ്ട് തുടങ്ങുമ്പോൾ തന്നെ മത്സ്യബന്ധനം, ബോട്ടിങ് തുടങ്ങിയ പ്രവൃത്തികൾ നിർത്തി വച്ച് ഉടനെ അടുത്തുള്ള കരയിലേക്ക് എത്താൻ ശ്രമിക്കണം. ഇടിമിന്നലുള്ള സമയത്ത് ബോട്ടിന്റെ ഡെക്കിൽ നിൽക്കരുത്. ചൂണ്ടയിടുന്നതും വലയെറിയുന്നതും ഇടിമിന്നലുള്ള സമയത്ത് നിർത്തി വയ്ക്കണം.

– പട്ടം പറത്തുന്നത് ഒഴിവാക്കുക.

– ഇടിമിന്നലുള്ള സമയത്ത്‌ ടെറസിലോ മറ്റ്‌ ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പിലോ ഇരിക്കുന്നത്‌ അപകടകരമാണ്‌.

– വളർത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. അവയെ അഴിയ്ക്കാനും സുരക്ഷിതമായി മാറ്റി കെട്ടുവാനും മഴ മേഘം കാണുന്ന സമയത്ത് പോകരുത്. ഇത് നിങ്ങൾക്ക് ഇടിമിന്നലേൽക്കാൻ കാരണമായേക്കാം.

– അടുത്തുള്ള കെട്ടിടത്തിലേക്ക് മാറാൻ സാധിക്കാത്ത വിധത്തിൽ തുറസായ സ്ഥലത്താണങ്കിൽ പാദങ്ങൾ ചേർത്തുവച്ച്‌ തല, കാൽ മുട്ടുകൾക്ക്‌ ഇടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ട്‌ ഇരിക്കുക.

– ഇടിമിന്നലിൽനിന്ന് സുരക്ഷിതമാക്കാൻ കെട്ടിടങ്ങൾക്കു മുകളിൽ മിന്നൽ രക്ഷാ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സർജ് പ്രൊട്ടക്ടർ ഘടിപ്പിക്കാം.

– മിന്നലിന്റെ ആഘാതത്താൽ പൊള്ളൽ ഏൽക്കുകയോ കാഴ്ച്ചയോ കേൾവിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിയ്ക്കുകയോ വരെ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഇല്ല എന്ന് മനസ്സിലാക്കണം. അതിനാൽ മിന്നലേറ്റ ആളിന്‌ പ്രഥമ ശുശ്രൂഷ നൽകുവാൻ മടിക്കരുത്‌. മിന്നൽ ഏറ്റാല്‍ ആദ്യ മുപ്പത്‌ സെക്കൻഡ് ജീവൻ രക്ഷിക്കാനുള്ള സുവർണ നിമിഷങ്ങളാണ്. മിന്നലേറ്റ ആളിന് ഉടൻ വൈദ്യ സഹായം എത്തിക്കുക.

kerala

പെരുന്നാള്‍ അവധി റദ്ദാക്കിയ ഉത്തരവ്; കേന്ദ്ര പരോക്ഷ നികുതി വകുപ്പും കസ്റ്റംസും തിരുത്തി

അവധി ആവശ്യപ്പെട്ടാലും നല്‍കരുതെന്ന ഭാഗം റദ്ദാക്കി

Published

on

പെരുന്നാള്‍ അവധി റദ്ദാക്കി കൊണ്ടുള്ള ഉത്തരവ് തിരുത്തി കേന്ദ്ര പരോക്ഷ നികുതി വകുപ്പും കസ്റ്റംസും. അവധി ആവശ്യപ്പെട്ടാലും അനുവദിക്കരുത് എന്ന ഭാഗം റദ്ദാക്കി. അവധി ആവശ്യപ്പെടുന്നവര്‍ക്ക് അനുവദിക്കാമെന്ന് തിരുത്തിയ സര്‍ക്കുലറില്‍ പറയുന്നു.

കഴിഞ്ഞ ദിവസമായിരുന്നു കേന്ദ്ര പരോക്ഷ നികുതി വകുപ്പും കസ്റ്റംസും ഈ മാസം 31ലെ പെരുന്നാള്‍ അവധി റദ്ദാക്കി സര്‍ക്കുലര്‍ പുറത്തിറക്കിയത്. മാര്‍ച്ച് 29, 30, 31 തീയതികളില്‍ ജോലിക്ക് ഹാജരാകാനായിരുന്നു ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയത്. ഈ ദിവസങ്ങളില്‍ അവധി അനുവദിക്കാന്‍ പാടില്ലെന്നും പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കിയിരുന്നു.

പുതുതായി പുറത്തിറക്കിയ സര്‍ക്കുലര്‍ പ്രകാരം അന്നേ ദിവസം പ്രവര്‍ത്തി ദിനമായി തന്നെ രേഖപ്പെടുത്തും. എന്നാല്‍ അവധി ആവശ്യപ്പെടുന്നവര്‍ക്ക് നല്‍കരുത് എന്ന പരാമര്‍ശം റദ്ദാക്കിയിട്ടുണ്ട്.

 

Continue Reading

kerala

നവീന്‍ ബാബുവിനെതിരെയുള്ള അധിക്ഷേപം ആസൂത്രിതം’; കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും

കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിക്കുക.

Published

on

മുന്‍ എഡിഎം കെ നവീന്‍ ബാബുവിന്റ മരണത്തില്‍ ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും. പ്രതി പി പി ദിവ്യ മാത്രമെന്നും, മരണ കാരണം യാത്രയയപ്പ് യോഗത്തില്‍ പിപി ദിവ്യ നടത്തിയ അധിക്ഷേപം എന്നുമാണ് കുറ്റപത്രത്തില്‍ പറയുന്നത്. പ്രാദേശിക ചാനലിനെ വിളിച്ചുവരുത്തി ദൃശ്യങ്ങള്‍ പകര്‍ത്തുകയും പ്രചരിപ്പിച്ചതും പിപി ദിവ്യ തന്നെയെന്ന് കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു. കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിക്കുക.

യാത്രയയപ്പ് യോഗത്തെ കുറിച്ച് അറിയാന്‍ പി പി ദിവ്യകളക്ടറുടെ പി എ യെ പലതവണ ഫോണില്‍ വിളിച്ചതായും പറയുന്നു. പി പി ദിവ്യ ക്ഷണിക്കാത്ത ചടങ്ങിന് കൃത്യമായ ലക്ഷ്യത്തോടെ എത്തുകയായിരുന്നെന്നും കുറ്റപത്രത്തില്‍ പറയുന്നു. കുറ്റപത്രത്തിനൊപ്പം 85 സാക്ഷി മൊഴികളും ശാസ്ത്രീയ തെളിവുകളുമുണ്ട്.

പെട്രോള്‍ പമ്പിന് അനുമതി നല്‍കാന്‍ നവീന്‍ ബാബു കൈക്കൂലി വാങ്ങി എന്നായിരുന്നു പി പി ദിവ്യ ഉന്നയിച്ച ആരോപണം. അതേസമയം കൈക്കൂലി വാങ്ങിയിട്ടില്ലെന്ന് ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.

നവീന്‍ ബാബുവിനെ അപമാനിക്കാന്‍ പി പി ദിവ്യ ആസൂത്രിത നീക്കം നടത്തിയതായും യാത്രയയപ്പ് ചടങ്ങില്‍ ക്ഷണിക്കാതെയാണ് ദിവ്യ എത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Continue Reading

kerala

ആശാവര്‍ക്കര്‍മാരുടെ രാപ്പകല്‍ സമരം: കെ.സി വേണുഗോപാല്‍ എംപി സമരവേദിയില്‍ എത്തും

ഐഎന്‍ടിയുസി യില്‍ അഫിലിയേറ്റീവ് ചെയ്തിരിക്കുന്ന വിവിധ തൊഴിലാളി യൂണിയനുകള്‍ സമരത്തിന് പിന്തുണയുമായി ഇന്ന് മാര്‍ച്ച് നടത്തും.

Published

on

സെക്രട്ടറിയേറ്റിനു മുന്നിലെ വനിതകളുടെ അതിജീവന സമരം കൂടുതല്‍ ശക്തമാകുന്നു.സമരത്തിന് കരുത്ത് പകര്‍ന്നുകൊണ്ട് സംഘടനാ ചുമതലയുള്ള എഐ സി സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപി ഇന്ന് രണ്ട് സമരവേദിയിലും എത്തും. ഐഎന്‍ടിയുസി യില്‍ അഫിലിയേറ്റീവ് ചെയ്തിരിക്കുന്ന വിവിധ തൊഴിലാളി യൂണിയനുകള്‍ സമരത്തിന് പിന്തുണയുമായി ഇന്ന് മാര്‍ച്ച് നടത്തും.

.ആശാവര്‍ക്കര്‍മാരുടെ രാപ്പകല്‍ സമരം 48-ാംദിനത്തിലേക്കുംനിരാഹാര സമരം 10 -ാം ദിനത്തിലേക്കും കടന്നു. സമരം 50-ാം ദിനത്തിലേക്ക് കടക്കുന്ന തിങ്കളാഴ്ച ആശാ വര്‍ക്കര്‍മാര്‍ മുടി മുറിച്ച് പ്രതിഷേധിക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.അംഗന്‍വാടി ജീവനക്കാരുടെ രാപ്പകല്‍ സമരം 13-ാം ദിനത്തിലേക്ക് കടന്നു.

അര്‍ഹതപ്പെട്ട അവകാശങ്ങള്‍ക്കായി സെക്രട്ടറിയേറ്റിന്റെ നടയില്‍ ഒരുമാസത്തിലേറെയായി സമരം ചെയ്യുന്ന ആശ വര്‍ക്കര്‍മാരോട് മാത്രമല്ല, വാക്കുകൊണ്ടും നോക്കുകൊണ്ടും പോലും അവരോട് ഐക്യപ്പെടുന്നവരോട് വരെ അനീതി തുടരുകയാണ് ഒരു ജനാധിപത്യ സര്‍ക്കാര്‍ എന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് കെ സി വേണുഗോപാല്‍ എംപി ഫേസ് ബുക്കിലൂടെ പറഞ്ഞു.

ആശ വര്‍ക്കര്‍മാരുടെ സെക്രട്ടറിയേറ്റ് ഉപരോധ സമരത്തില്‍ പങ്കെടുത്ത ആലപ്പുഴയിലെ ആശ വര്‍ക്കര്‍മാരുടെ ഒരു മാസത്തെ ഓണറേറിയം സര്‍ക്കാര്‍ തടഞ്ഞെന്ന വിവരമാണ് അറിയാന്‍ കഴിഞ്ഞത്. അധികാരത്തിന്റെ ധാര്‍ഷ്ട്യത്തില്‍ എന്ത് അധാര്‍മിക പ്രവൃത്തികളിലും ഏര്‍പ്പെടാമെന്ന സര്‍ക്കാര്‍ നിലപാടാണ് ഇത് വ്യക്തമാക്കുന്നത്. 146 പേരുടെ ഓണറേറിയമാണ് ആലപ്പുഴയില്‍ മാത്രം തടഞ്ഞത്. അതും ഫെബ്രുവരി മാസത്തിലേത്. തിരുവനന്തപുരം അടക്കം മറ്റു പല ജില്ലകളിലും സമാനമായ സ്ഥിതിവിശേഷമുണ്ടായെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്.

മഴയും വെയിലും കൊണ്ടും അധിക്ഷേപങ്ങളും പരിഹാസങ്ങളുമേറ്റിട്ടും അവകാശ സമരത്തിനായാണ് ഒരു ജനത ഇപ്പോഴും തെരുവില്‍ തുടരുന്നത്. തങ്ങളുടെ കണ്ണും കാതും ആ അവകാശങ്ങളിലേക്ക് നീട്ടാതെ പരസ്പരം കുറ്റപ്പെടുത്തുകയാണ് ഇപ്പോഴും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍. അതും പോരാതെയാണ് തൊഴില്‍ ചെയ്ത ശമ്പളം നിഷേധിക്കുന്ന നിലപാട് സ്വീകരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

സ്വന്തം അമ്മമാരും സഹോദരിമാരും തെരുവില്‍ സമരം ചെയ്യുമ്പോള്‍ പക പോകുന്ന സമീപനം സ്വീകരിക്കുന്ന സര്‍ക്കാര്‍ നിലപാട് തരംതാഴ്ന്നതും ക്രൂരവുമാണ് എന്നതില്‍ ഒരു സംശയവും വേണ്ട. കോണ്‍ഗ്രസ് ഭരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഓണറേറിയം വര്‍ധിപ്പിക്കുമ്പോള്‍, തൊഴിലാളിവര്‍ഗ പാര്‍ട്ടിയെന്ന് ഒരുനാള്‍ ഊറ്റം കൊണ്ടവര്‍ ഇന്ന് തൊഴിലാളികളെ ഒറ്റുകൊടുക്കുന്ന നെറികേടിന്റെ രാഷ്ട്രീയം പിന്തുടരുന്ന കാഴ്ച അപഹാസ്യമാണ്.

ഇത്രനാള്‍ വരെയും ഒപ്പം ചേര്‍ത്തുനിര്‍ത്തിയത് പോലെ ഇനിയും തുടരും. നിയമപരമായി രാഷ്ട്രീയമായും നല്‍കുന്ന എല്ലാ പിന്തുണയും ആശ വര്‍ക്കര്‍മാര്‍ക്ക് കോണ്‍ഗ്രസ് നല്‍കും. അര്‍ഹിക്കുന്ന എല്ലാ ആനുകൂല്യങ്ങളും തൊഴില്‍ ചെയ്തതിന്റെ എല്ലാ അവകാശങ്ങളും അവര്‍ക്ക് ലഭിക്കും വരെ ഈ പോരാട്ടത്തിനൊപ്പമുണ്ടാകുമെന്നും കെ സി വേണുഗോപാല്‍ എം പി അറിയിച്ചു.

Continue Reading

Trending