Connect with us

Football

രാജാക്കന്മാര്‍ രാജകീയമായി ലോകകപ്പിലേക്ക്; ഉറുഗ്വെയെ ഒരു ഗോളിന് തോല്‍പിച്ച് അര്‍ജന്റീന യോഗ്യത ഉറപ്പിച്ചു

നേരിട്ടുള്ള യോഗ്യതക്ക് ഒരു പോയന്റ് മാത്രം അകലെയാണ് നിലവിലെ ചാമ്പ്യന്മാര്‍.

Published

on

ഇരുടീമും ഒപ്പത്തിനൊപ്പം നിന്ന രണ്ടു പകുതികള്‍. അതിലൊന്നില്‍ വിധിയെഴുതിയ തിയാഗോ അല്‍മാഡയുടെ മിന്നും ഗോള്‍. ലയണല്‍ മെസ്സിയെന്ന അതികായനില്ലാതെ മൈതാനത്തിറങ്ങിയ അര്‍ജന്റീനക്ക് അല്‍മാഡ പുതിയ ഹീറോയായി. ലോകകപ്പ് ഫുട്ബാള്‍ യോഗ്യതാ റൗണ്ടില്‍ കരുത്തരായ ഉറുഗ്വെയെ അവരുടെ തട്ടകത്തില്‍ ലോകജേതാക്കള്‍ അടിയറവു പറയിച്ചത് അല്‍മാഡ 68ാം മിനിറ്റില്‍ നേടിയ മനോഹര ഗോളില്‍. ഒന്നാം സ്ഥാനത്ത് ആറു പോയന്റിന്റെ ലീഡുമായി അര്‍ജന്റീന 2026 ലോകകപ്പില്‍ ഇടം ഏറക്കുറെ ഉറപ്പിച്ചു. നേരിട്ടുള്ള യോഗ്യതക്ക് ഒരു പോയന്റ് മാത്രം അകലെയാണ് നിലവിലെ ചാമ്പ്യന്മാര്‍.

ചിരവൈരികളായ ബ്രസീലിനെതിരായ മത്സരത്തിന് മുമ്പായി അര്‍ജന്റീനക്ക് ആത്മവിശ്വാസം പകരുന്നതായി ഉറുഗ്വെക്കെതിരായ ജയം. ഈ മാസം 26ന് ഇന്ത്യന്‍ സമയം പുലര്‍ച്ചെ 5.30നാണ് അര്‍ജന്റീന-ബ്രസീല്‍ പോരാട്ടം. ബ്രസീലിനെതിരായ കളിയില്‍ സമനില നേടിയാല്‍പോലും തെക്കനമേരിക്കന്‍ ഗ്രൂപ്പില്‍നിന്ന് 2026 ലോകകപ്പിന് യോഗ്യത നേടുന്ന ആദ്യടീമാകും അര്‍ജന്റീന. ഗ്രൂപ്പില്‍നിന്ന് പ്ലേഓഫ് കളിക്കാനുള്ള യോഗ്യത അര്‍ജന്റീന ഇതിനകം ഉറപ്പിച്ചുകഴിഞ്ഞു.

മെസ്സിക്കുപുറമെ ലൗതാരോ മാര്‍ട്ടിനെസ്, റോഡ്രിഗോ ഡി പോള്‍ തുടങ്ങിയ വമ്പന്മാരൊന്നുമില്ലാതെയാണ് ഉറുഗ്വെയുടെ വമ്പിനെ അര്‍ജന്റീന ഉശിരോടെ നേരിട്ടത്. യുവരക്തങ്ങള്‍ക്ക് മുന്‍തൂക്കമുള്ള ടീം രണ്ടാം പകുതിയില്‍ കാഴ്ചവെച്ച പന്തടക്കവും പോരാട്ടവീര്യവും അര്‍ജന്റീനക്ക് ഏറെ പ്രതീക്ഷ പകരുന്നതായി.

മോണ്ടിവിഡിയോയിലെ സെന്റിനാരിയോ സ്‌റ്റേഡിയത്തില്‍ അല്‍മാഡഹൂലിയന്‍ ആല്‍വാരസ്ജിയൂലിയാനി സിമിയോണി എന്നിവരെ മുന്‍നിരയില്‍ അണിനിരത്തി 4-3-3 ശൈലിയിലാണ് അര്‍ജന്റീന കളത്തിലിറങ്ങിയത്. പിതാവ് ഡീഗോ സിമിയോണിക്കു പിന്നാലെ അര്‍ജന്റീനയുടെ അഭിമാന ജഴ്‌സിയണിഞ്ഞ് ജിയൂലിയാനി ചരിത്രത്താളുകളില്‍ ഇടം നേടി. ഡി പോള്‍ പകരക്കാരുടെ നിരയിലേക്ക് പിന്മാറിയ കളിയില്‍ അലക്‌സിസ് മക് അലിസ്റ്റര്‍ലിസാന്‍ഡ്രോ പരേഡെസ്എന്‍സോ ഫെര്‍ണാണ്ടസ് ത്രയമാണ് മിഡ്ഫീല്‍ഡ് ഭരിക്കാനിറങ്ങിയത്.

ലക്കും ലഗാനുമില്ലാത്ത അര്‍ജന്റീനയായിരുന്നു കളിയുടെ ആദ്യഘട്ടത്തില്‍ കളത്തില്‍. തടിമിടുക്കും പന്തടക്കവും സംയോജിപ്പിച്ച് ഉറുഗ്വെ പടനയിച്ചപ്പോള്‍ ലോക ചാമ്പ്യന്മാര്‍ പ്രതിരോധത്തിലേക്ക് ഉള്‍വലിഞ്ഞു. ഡാര്‍വിന്‍ നൂനെസും മാക്‌സി അറോയോയും നയിച്ച ഉറുഗ്വെന്‍ ആക്രമണത്തെ സെന്‍ട്രല്‍ ഡിഫന്‍സില്‍ നിക്കോളാസ് ഒടാമെന്‍ഡിയെയും ക്രിസ്റ്റ്യന്‍ റൊമോറോയെയും മുന്‍നിര്‍ത്തി ഫലപ്രദമായി ചെറുത്തുനില്‍ക്കുകയായിരുന്നു അര്‍ജന്റീന.

പരിക്കുകാരണം വിട്ടുനിന്ന മെസ്സിയുടെ അഭാവം തൊട്ടെടുക്കാമെന്ന വണ്ണം പ്രകടമായിരുന്നു അര്‍ജന്റീനാ നിരയില്‍. മധ്യനിരയിലെ അവരുടെ കരുനീക്കങ്ങള്‍ക്കൊന്നും ഒട്ടും കൃത്യത ഉണ്ടായിരുന്നില്ല. കൗണ്ടര്‍ അറ്റാക്കിങ്ങിന്റെ ഒറ്റപ്പെട്ട സന്ദര്‍ഭങ്ങളില്‍ മാത്രമാണ് മുന്‍നിരക്കാര്‍ക്ക് പന്തെത്തിയത്. ആദ്യ അരമണിക്കൂറില്‍ നാലില്‍ മൂന്നുഭാഗം സമയത്തും പന്ത് ഉറുഗ്വെയുടെ കാലിലായിരുന്നുവെന്നത് അവിശ്വസനീയമായി.

കരുനീക്കങ്ങള്‍ക്ക് താളം ചമയ്ക്കാനുള്ള ക്രിയേറ്റിവ് മിഡ്ഫീല്‍ഡറുടെ അഭാവമാണ് കളംഭരിക്കാനുള്ള അര്‍ജന്റീനാ മോഹങ്ങള്‍ക്ക് ആദ്യപകുതിയില്‍ വിലങ്ങുതടിയായത്. 19ാം മിനിറ്റിലാണ് അര്‍ജന്റീന ആദ്യനീക്കം നടത്തിയത്. പരേഡെസിന്റെ ഷോട്ട് പക്ഷേ, പോസ്റ്റില്‍നിന്ന് ഏറെ അകലെയായിരുന്നു. കളി അര മണിക്കൂറാകവേ, ജോര്‍ജിയന്‍ ഡി അരാസ്‌കയേറ്റയുടെ ഷോട്ട് എമിലിയാനോ മാര്‍ട്ടിനെസ് സമര്‍ഥമായി തടഞ്ഞിട്ടു.

ആദ്യപകുതിയുടെ അവസാന ഘട്ടങ്ങളില്‍ അര്‍ജന്റീന പാസിങ് ഗെയിമുമായി കളിയില്‍ തിരിച്ചെത്താനുള്ള ശ്രമത്തിലായിരുന്നു. അതിന്റെ ഫലമായി ആദ്യപകുതിയിലെ ഏറ്റവും മികച്ച അവസരം അവര്‍ക്ക് ലഭിച്ചത് 43ാം മിനിറ്റില്‍. അല്‍മാഡയുടെ ബോക്‌സിലേക്കുള്ള പാസ് ഉറുഗ്വെ ഗോളി റോഷെ വീണുകിടന്ന് തട്ടിമാറ്റി. റീബൗണ്ടില്‍ മക് അലിസ്റ്ററുടെ ഷോട്ട് പ്രതിരോധമതിലില്‍ തട്ടി മടങ്ങി.

ഇടവേളക്കുശേഷം അര്‍ജന്റീന അടിമുടി മാറി. മൂന്നുമിനിറ്റിനകം അവര്‍ ഗോളിനടുത്തെത്തുകയും ചെയ്തു. ആല്‍വാരസിന്റെ ഷോട്ട് വലയിലേക്കെന്നു തോന്നിച്ച വേളയില്‍ അവസാനനിമിഷം റോഷെ പുറത്തേക്ക് ഗതിമാറ്റിയൊഴുക്കി. കുറുകിയ പാസുകളില്‍ അര്‍ജന്റീന കളംപിടിക്കുകയായിരുന്നു പിന്നെ. 68ാം മിനിറ്റില്‍ അതിന് ഫലമുണ്ടായി. അല്‍മാഡോയുടെ ബ്രില്യന്‍സായിരുന്നു പന്തിന് വലയിലേക്ക് വഴികാട്ടിയത്. ഇടതുവിങ്ങില്‍ ടാഗ്ലിയാഫിക്കോയുമായി ചേര്‍ന്ന് പന്ത് കൈമാറിയെത്തിയശേഷം ബോക്‌സിന് പുറത്തുനിന്ന് അല്‍മാഡയുടെ അളന്നുകുറിച്ച ഷോട്ട്. പറന്നുചാടിയ റോഷെക്ക് അവസരമൊന്നും നല്‍കാതെ പന്ത് വലയുടെ മൂലയിലേക്ക് പാഞ്ഞുകയറിയപ്പോള്‍ മനോഹര ഗോളിന്റെ പിറവിയായി.

റയല്‍ മഡ്രിഡ് താരമായ വാല്‍വെര്‍ദെയുടെ നീക്കങ്ങളെ മധ്യനിരയില്‍ മക്അലിസ്റ്റര്‍ മുളയിലേ നുള്ളിയതോടെ ഉറുഗ്വെക്ക് താളം നഷ്ടമായി. രണ്ടാം പകുതിയില്‍ ഒത്തിണക്കം കാട്ടിയ മധ്യനിര ചടുലമായതോടെയാണ് കളിയുടെ ഗതി സ്വിച്ചിട്ടെന്നോണം മാറിയത്. പിന്നീടൊരു തിരിച്ചുവരവ് ഉറുഗ്വെക്ക് സാധ്യമായില്ല.

ലീഡ് നേടിയ അര്‍ജന്റീന മുന്‍നിരയില്‍നിന്ന് സിമിയോണിയെ പിന്‍വലിച്ച് പകരം നിക്കോ ഗോണ്‍സാലസിനെ ഇറക്കി. തങ്ങളുടെ സ്റ്റാര്‍ കളിക്കാരെങ്കിലും നിറം മങ്ങിയ വാല്‍വെര്‍ദെക്കും നൂനെസിനും പകരം റോഡ്രിഗോ അഗ്വിറോയെയും ഫെഡെറികോ വിനാസിനെയും ഉറുഗ്വെ കളത്തിലെത്തിച്ചെങ്കിലും കാര്യമായ പുരോഗതി ഉണ്ടായില്ല. മക് അലിസ്റ്റര്‍ക്ക് പകരം അര്‍ജന്റീന നിരയില്‍ 80ാം മിനിറ്റില്‍ പലാസിയോസുമെത്തി.

രണ്ടാം പകുതി അര്‍ജന്റീനയുടെ ആധിപത്യത്തിന് സുന്ദരമായി വഴങ്ങിക്കൊടുത്തപ്പോള്‍ ഉറുഗ്വെന്‍ പ്രതീക്ഷകള്‍ പച്ചതൊട്ടില്ല. മധ്യനിരയിലൂടെ അതിവേഗ പാസുകളുമായി കൗണ്ടര്‍ അറ്റാക്കിങ് നടത്താനുള്ള ശ്രമങ്ങളും ഒടാമെന്‍ഡിയും കൂട്ടരും നെഞ്ചുവിരിച്ച് നേരിട്ടതോടെ കാര്യങ്ങള്‍ അര്‍ജന്റീനയുടെ വരുതിയിലായി. ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റില്‍ ഗോണ്‍സാലസ് ചുകപ്പുകാര്‍ഡ് കണ്ട് മടങ്ങിയതോടെ അര്‍ജന്റീന കളി അവസാനിപ്പിച്ചത് പത്തുപേരുമായി.

Football

കാനറികളെ അടിച്ചു ഭിത്തിയില്‍ കയറ്റി ലോക ചാമ്പ്യന്‍മാര്‍

അര്‍ജന്റീനയോട് തോറ്റതോടെ ബ്രസീലിന് യോഗ്യതയ്ക്ക് ഇനിയും കാത്തിരിക്കണം.

Published

on

കളിക്ക് മുമ്പ് വീരവാദം മുഴക്കിയ ബ്രസീലിനെ ഒന്നിനെതിരെ 4 ഗോളുകള്‍ക്ക് തകര്‍ത്ത് ലോക ചാമ്പ്യന്മാരായ അര്‍ജന്റീന 2026 ലോകകപ്പിന് യോഗ്യത രാജകീയമാക്കി. ആദ്യപകുതില്‍ ജൂലിയന്‍ അല്‍വാരസ്, എന്‍സോ ഫെര്‍ണാണ്ടസ്, അലക്‌സിസ് മക്അലിസ്റ്റര്‍ എന്നിവരും രണ്ടാം പകുതിയില്‍ ജൂലിയാനോ സിമിയോണിയും ആതിഥേയര്‍ക്കു വേണ്ടി ഗോളുകള്‍ നേടിയപ്പോള്‍ ബ്രസീലിന്റെ ആശ്വാസ ഗോള്‍ നേടിയത് മാത്യുസ് കുഞ്ഞയാണ്.

ബൊളീവിയയും ഉറുഗ്വായ് തമ്മിലുള്ള മത്സരം സമനിലയില്‍ കലാശിച്ചതിനാല്‍ ബ്രസീലിനെതിരായ മത്സരത്തിനു മുമ്പുതന്നെ ദക്ഷിണ അമേരിക്കന്‍ മേഖലയില്‍ നിന്ന് 2026 ലോകകപ്പിന് യോഗ്യതയുറപ്പിക്കുന്ന ആദ്യ ടീമായി അര്‍ജന്റീന മാറിയിരുന്നു. അര്‍ജന്റീനയോട് തോറ്റതോടെ ബ്രസീലിന് യോഗ്യതയ്ക്ക് ഇനിയും കാത്തിരിക്കണം.

സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസിയും നെയ്മറും കളിക്കാതിരുന്ന മത്സരത്തിന്റെ തുടക്കം മുതല്‍ തന്നെ അര്‍ജന്റീനയുടെ ആധിപത്യമായിരുന്നു. പന്ത് കാലില്‍ സൂക്ഷിച്ച് എതിരാളികളുടെ ക്ഷമകെടുത്തിയ അവര്‍ നാലാം മിനുട്ടില്‍ തന്നെ മുന്നിലെത്തി. ബ്രസീലിന്റെ പരിചയക്കുറവുള്ള പ്രതിരോധത്തെ കീഴടക്കി അത്‌ലറ്റികോ മാഡ്രിഡ് താരം ജൂലിയന്‍ അല്‍വാരസ് ആണ് ഗോളടിച്ചത്.

എട്ടാം മിനുട്ടില്‍ മധ്യനിര താരം എന്‍സോ ഫെര്‍ണാണ്ടസ് ലീഡുയര്‍ത്തി. ഇത്തവണയും ബ്രസീല്‍ പ്രതിരോധത്തിന്റെ പിഴവാണ് ഗോളില്‍ കലാശിച്ചത്. വലതുഭാഗത്തു നിന്നുള്ള പാസ് ക്ലിയര്‍ ചെയ്യുന്നതില്‍ ഡിഫന്റര്‍ക്ക് പിഴച്ചപ്പോള്‍ പന്തെത്തിയത് ഓടിക്കയറിയ എന്‍സോയുടെ മുന്നിലേക്ക്. പന്ത് നിലത്തിറങ്ങും മുമ്പ് പോസ്റ്റിലേക്കയച്ച് താരം രണ്ടാം ഗോളും നേടി.

26ാം മിനുട്ടില്‍ അര്‍ജന്റീന ഡിഫന്റര്‍ ക്രിസ്റ്റിയന്‍ റൊമേറോയുടെ കാലില്‍ നിന്ന് പന്ത് റാഞ്ചി മാത്യൂസ് കുഞ്ഞ ഒരു ഗോള്‍ മടക്കിയത് ബ്രസീലിന് പുത്തനുണര്‍വ് പകര്‍ന്നു. അതുവരെ വലിയ നീക്കങ്ങള്‍ക്ക് നടത്താതിരുന്ന അവര്‍ ഉണര്‍ന്നു കളിക്കാന്‍ തുടങ്ങി. എന്നാല്‍ പ്രതിരോധ മികവില്‍ അര്‍ജന്റീന എതിരാളികള്‍ക്ക് അവസരങ്ങള്‍ നല്‍കിയില്ല. 32ാം മിനുട്ടില്‍ എന്‍സോ ഫെര്‍ണാണ്ടസ് ബോക്‌സിലേക്ക് ഉയര്‍ത്തി നല്‍കിയ പന്ത് ഗോള്‍കീപ്പറുടെ തൊട്ടുമുന്നില്‍ നിന്ന് ഗോളിലേക്കയച്ച് മക്അലിസ്റ്റര്‍ രണ്ടുഗോള്‍ ലീഡ് തിരിച്ചുപിടിച്ചു.

രണ്ടാം പകുതിയില്‍ ബ്രസീല്‍ ഭേദപ്പെട്ട ആക്രമണ മനോഭാവം കാണിച്ചെങ്കിലും അര്‍ജന്റീനയുടെ പരിചയസമ്പത്തിനു മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല. പകരക്കാരനായി ഇറങ്ങിയ ജൂലിയാനോ സിമിയോണി 71ാം മിനുട്ടില്‍ സീറോ ആംഗിളില്‍ നിന്നുള്ള തകര്‍പ്പന്‍ ഗോള്‍ നേടിയതോടെ ബ്രസീലിന്റെ അവശേഷിച്ച പ്രതീക്ഷകളും അസ്ഥാനത്തായി.

Continue Reading

Football

2026 ലോകകപ്പിലേക്ക് യോഗ്യത നേടി അര്‍ജന്റീന

യുറുഗ്വായ്‌ബൊളീവിയ മത്സരം സമനിലയില്‍ കലാശിച്ചതോടെയാണ് അര്‍ജന്റീന യോഗ്യത നേടിയത്.

Published

on

2026ലെ ഫുട്‌ബോള്‍ ലോകകപ്പ് യോഗ്യത സ്വന്തമാക്കി നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന. ഉറുഗ്വായ്‌ബൊളീവിയ മത്സരം സമനിലയില്‍ കലാശിച്ചതോടെയാണ് അര്‍ജന്റീന യോഗ്യത നേടിയത്. 13 കളികളിലൂടെ 28 പോയിന്റാണ് അര്‍ജന്റീന സ്വന്തമാക്കിയത്.

അടുത്തവര്‍ഷം ജൂണ്‍ 11 മുതല്‍ ജൂലൈ 19 വരെയാണ് ലോകകപ്പ് മത്സരങ്ങള്‍ നടക്കുക. കാനഡ, മെക്‌സിക്കോ, യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് എന്നിവിടങ്ങളാണ് പ്രധാനവേദികള്‍.

Continue Reading

Football

ഏവരും ഉറ്റുനോക്കുന്ന ലാറ്റിനാമേരിക്കന്‍ ക്ലാസിക് പോരാട്ടം നാളെ

അതേസമയം ലോകകപ്പ് യോഗ്യതയ്ക്ക് തൊട്ടരികില്‍ നില്‍ക്കുന്ന നിലവിലെ ലോക ചാംപ്യന്‍മാര്‍ കൂടിയായ അര്‍ജന്റീനയ്ക്ക് ഒരു സമനില മാത്രം മതി യോഗ്യത ഉറപ്പിക്കാന്‍.

Published

on

സഹീലു റഹ്മാന്‍

ഫുട്‌ബോള്‍ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബ്രസീല്‍- അര്‍ജന്റീന പോരാട്ടം നാളെ. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 5.30ക്ക് അര്‍ജന്റൈന്‍ തട്ടകമായ എസ്റ്റാഡിയോ മാസ് മോണുമെന്റല്‍ വെച്ച് നടക്കും. ലോകകപ്പ് യോഗ്യതാ പോരാട്ടത്തിലെ നിര്‍ണായക മത്സരത്തിലാണ് ചിരവൈരികള്‍ നേര്‍ക്കുനേര്‍ വരുന്നത്. ബ്രസീലിനു ജയം അനിവാര്യമാണ്. അതേസമയം ലോകകപ്പ് യോഗ്യതയ്ക്ക് തൊട്ടരികില്‍ നില്‍ക്കുന്ന നിലവിലെ ലോക ചാംപ്യന്‍മാര്‍ കൂടിയായ അര്‍ജന്റീനയ്ക്ക് ഒരു സമനില മാത്രം മതി യോഗ്യത ഉറപ്പിക്കാന്‍.

ഇരു ടീമുകള്‍ക്കും സമ്മര്‍ദ്ദമുണ്ട്. ഇതിഹാസ താരവും നായകനുമായ ലയണല്‍ മെസി ഇല്ലാതെയാണ് അര്‍ജന്റീന പന്ത് തട്ടാന്‍ ഇറങ്ങുന്നത്. 13 കളിയില്‍ 28 പോയിന്റുമായി ലാറ്റിനമേരിക്കന്‍ യോഗ്യതാ റൗണ്ടില്‍ അര്‍ജന്റീനയാണ് ഒന്നാമത്. 21 പോയിന്റുകളുമായി ബ്രസീല്‍ മൂന്നാം സ്ഥാനത്തും നില്‍ക്കുന്നു.

അര്‍ജന്റീനയ്‌ക്കെതിരെ കഴിഞ്ഞ ആറ് വര്‍ഷമായി ഒരു മത്സരവും ബ്രസീല്‍ ജയിച്ചിട്ടില്ല. 2019ല്‍ കോപ്പ അമേരിക്ക കിരീടം നേടിയ ശേഷം ഒരു മേജര്‍ കിരീടവും ബ്രസീലിനില്ല. മറുഭാഗത്ത് അര്‍ജന്റീന 2022ലെ ലോകകപ്പ് കിരീടം, രണ്ട് കോപ്പ അമേരിക്ക കിരീടങ്ങള്‍, ഫൈനലിസിമ തുടങ്ങിയ കിരീടങ്ങളെല്ലാം സ്വന്തമാക്കി.

പുതിയ പരിശീലകന്‍ ഡൊറിവാള്‍ ജൂനിയറിന്റെ കീഴില്‍ തുടര്‍ സമനിലകളുമായി നട്ടംതിരിയുകയായിരുന്നു ബ്രസീല്‍. കഴിഞ്ഞ കളിയില്‍ കൊളംബിയക്കെതിരെ വിജയം നേടി ജയ വഴിയില്‍ തിരിച്ചെത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് കാനറികള്‍. ശക്തരായ ഉറുഗ്വായിയെ തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ് അര്‍ജന്റീന ഇറങ്ങുന്നത്.

സ്വന്തം കാണികള്‍ക്ക് മുന്നില്‍ അവസാന 12 കളിയില്‍ പതിനൊന്നിലും ക്ലീന്‍ ഷീറ്റുള്ള എമിലിയാനോ മാര്‍ട്ടിനെസിനെ മറികടക്കുകയാവും ബ്രസീലിന്റെ ഏറ്റവും വലിയ വെല്ലുവിളി. കൊളംബിയയെ തോല്‍പിച്ച ടീമില്‍ ബ്രസീല്‍ ആറുമാറ്റം വരുത്തിക്കഴിഞ്ഞു കോച്ച് ഡൊറിവാള്‍ ജൂനിയര്‍.

പരിക്കേറ്റ അലിസണ്‍, ഗെര്‍സണ്‍ സസ്പെന്‍ഷനിലായ ഗബ്രിയേല്‍ മഗാലെസ്, ബ്രൂണോ ഗ്വിമയ്സ് എന്നിവര്‍ക്ക് പകരം ബെന്റോ, മുറിലോ, ആന്ദ്രേ, ജോയലിന്റണ്‍ എന്നിവര്‍ക്കൊപ്പം വെസ്ലിയും മത്തേയൂസ് കൂഞ്ഞയും ടീമിലെത്തിയേക്കും. മിന്നും ഫോമിലുള്ള റഫീഞ്ഞ, വിനിഷ്യസ്, റോഡ്രിഗോ എന്നിവരിലാണ് സാമ്പാ താളക്കാരുടെ പ്രതീക്ഷ. അര്‍ജന്റൈന്‍ ടീമിലും മാറ്റം ഉണ്ടായേക്കും. പരിക്കില്‍ നിന്ന് മുക്തനായ റോഡ്രിഗോ ഡി പോള്‍ ടീമിലേക്ക് തിരിച്ചെത്തിയേക്കും.

ഇന്റര്‍ ക്യാപ്ടന്‍ ലൗതാറോ മാര്‍ട്ടിനസും, പൗളോ ഡിബാലയും പരിക്കേറ്റ് പുറത്തായതിനാല്‍ ഹൂലിയന്‍ അല്‍വാരസിനൊപ്പം ഉറുഗ്വേയ്ക്കെതിരെ മിന്നുംഗോള്‍ നേടിയ തിയാഗോ അല്‍മാഡയാകും മുന്നേറ്റനിരയില്‍ തുടരുക. മധ്യനിരയില്‍ എന്‍സോ ഫെര്‍ണാണ്ടസ്, അലക്സിസ് മക് അലിസ്റ്റര്‍ പ്രതിരോധത്തില്‍ മൊളിന, റോമേറോ, ഓട്ടമെന്‍ഡി, ടാഗ്ലിയാഫിക്കോ എന്നിവരുടെ സ്ഥാനം ഉറപ്പാണ്.

Continue Reading

Trending