Connect with us

kerala

പാര്‍ട്ടിപ്പത്രവും മന്ത്രിമാരുമെല്ലാം ആശാവര്‍ക്കര്‍മാര്‍ക്കെതിരേ ഉറഞ്ഞുതുള്ളിയിട്ടും മുഖ്യമന്ത്രി സമരക്കാരെ കണ്ടില്ലെന്നു നടിക്കുന്നു; കെ. സുധാകരന്‍

തൊഴിലാളികളുടെ രക്തം ഊറ്റിക്കുടിച്ച് കുളയട്ടയെപ്പോലെ വീര്‍ത്ത സിപിഎം ഇപ്പോള്‍ അവരെ താറടിക്കുന്നത് കാടത്തമാണെന്നും കെ. സുധാകരന്‍ പറഞ്ഞു

Published

on

പാര്‍ട്ടിപ്പത്രവും മന്ത്രിമാരുമെല്ലാം ഒന്നിനു പിറകെ ഒന്നായി ആശാവര്‍ക്കര്‍മാര്‍ക്കെതിരേ ഉറഞ്ഞുതുള്ളിയിട്ടും മുഖ്യമന്ത്രി സമരക്കാരെ കണ്ടില്ലെന്നു നടിക്കുകയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എം.പി. അധിക്ഷേപങ്ങളുടെ പിന്നാലെയാണ് സര്‍ക്കാര്‍ ഇപ്പോള്‍ ഭീഷണിയും മുഴക്കിയിരിക്കുന്നത്. ചര്‍ച്ച നടത്താനോ അവരെ കാണാനോ സമയമില്ലാത്ത മുഖ്യമന്ത്രി കൊച്ചിയില്‍ പറന്നിറങ്ങിയ കോട്ടിന്റെയും സ്യൂട്ടിന്റെയും ഇടയില്‍ ദിവസങ്ങളോളം വിഹരിക്കുകയായിരുന്നു. തൊഴിലാളികളുടെ രക്തം ഊറ്റിക്കുടിച്ച് കുളയട്ടയെപ്പോലെ വീര്‍ത്ത സിപിഎം ഇപ്പോള്‍ അവരെ താറടിക്കുന്നത് കാടത്തമാണെന്നും കെ. സുധാകരന്‍ പറഞ്ഞു.

ആശാവര്‍ക്കര്‍മാര്‍ ഉടനടി ജോലിക്കു കയറണമെന്ന സര്‍ക്കാരിന്റെ അന്ത്യശാസനത്തിന് പഴയ ചാക്കിന്റെ വില പോലുമില്ല. അധികാരത്തിലുള്ളപ്പോള്‍ സി.പി.എമ്മിന് തൊഴിലാളികളോടും സമരങ്ങളോടും പുച്ഛവും അധിക്ഷേപവും മാത്രം. മുഖ്യമന്ത്രി കടുംപിടിത്തം ഉപേക്ഷിച്ച് ആശാവര്‍ക്കര്‍മാരുമായി ചര്‍ച്ചയ്ക്ക് തയാറാകണം. കേരളീയ പൊതുസമൂഹവും കോണ്‍ഗ്രസും ആശവര്‍ക്കര്‍മാരുടെ കൂടെയുണ്ടെന്ന് സുധാകരന്‍ പറഞ്ഞു.

മൂന്നാര്‍ ടീ എസ്റ്റേറ്റില്‍ തോട്ടം തൊഴിലാളികള്‍ പെണ്‍പിള്ളൈ ഒരുമൈ എന്ന പേരില്‍ 2015ല്‍ നടത്തിയ സമരംപോലെ അരാജക സംഘടനകള്‍ നടത്തുന്ന സമരമാണിതെന്ന് സി.പി.എം അധിക്ഷേപിക്കുന്നു. അന്ന് ആ സമരത്തെ മുന്‍മന്ത്രി എം.എം. മണി ലൈംഗികചുവയുള്ള ഭാഷാപ്രയോഗം നടത്തി അപമാനിച്ചിരുന്നു. ആ സമരത്തെ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എങ്ങനെയാണ് നേരിട്ടതെന്ന് പിണറായി വിജയന്‍ കണ്ണുതുറന്നു കാണണം.

പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റി മൂന്നു തവണ ചര്‍ച്ച നടത്തിയിട്ടും സമരം തീര്‍ന്നില്ല. ഒത്തുതീര്‍പ്പു കലയുടെ ആശാന്‍ ആര്യാടന്‍ മുഹമ്മദ് ചര്‍ച്ച നടത്തിയിട്ടും ഫലമുണ്ടായില്ല. തുടര്‍ന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും തൊഴില്‍മന്ത്രി ഷിബു ബേബി ജോണും നാലാംവട്ടം മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചയ്ക്ക് ഒടുവിലാണ് ഒത്തുതീര്‍പ്പുണ്ടായത്.

ചരിത്രത്തിലാദ്യമായി തോട്ടം തൊഴിലാളികള്‍ക്ക് 30 ശതമാനം വരെ ദിവസക്കൂലി കൂട്ടിക്കൊടുത്തു. പ്രബലരായ പ്ലാന്റേഷന്‍ ലോബിയെ വരച്ചവരയില്‍ നിര്‍ത്തി. അന്നു പെണ്‍പിള്ളൈ ഒരുമൈ സമരക്കാര്‍ ഉമ്മന്‍ ചാണ്ടിയുടെ കൈകളില്‍ മുത്തമിട്ടാണ് മടങ്ങിയതെന്ന് സുധാകരന്‍ ചൂണ്ടിക്കാട്ടി.

 

kerala

കോഴിക്കോട്ട് വിദ്യാര്‍ഥിയെ പൊലീസുകാര്‍ ആളുമാറി മര്‍ദിച്ചതായി പരാതി; കര്‍ണപടം പൊട്ടി

കളമശ്ശേരിയില്‍ നിന്നെത്തിയ പൊലീസ് സംഘം മേപ്പയൂര്‍ സ്റ്റേഷനിലേക്ക് ബലമായി കൊണ്ടുപോയി ആദിലിനെ മര്‍ദിക്കുകയായിരുന്നു

Published

on

കോഴിക്കോട്ട് വിദ്യാര്‍ഥിയെ പൊലീസുകാര്‍ ആളുമാറി മര്‍ദിച്ചതായി പരാതി. ചെറുവണ്ണൂര്‍ സ്വദേശി ആദിലിനാണ് മര്‍ദനമേറ്റത്. മര്‍ദനത്തില്‍ ആദിലിന്റെ കര്‍ണപടം പൊട്ടി. കളമശ്ശേരിയില്‍ നിന്നെത്തിയ പൊലീസ് സംഘം മേപ്പയൂര്‍ സ്റ്റേഷനിലേക്ക് ബലമായി കൊണ്ടുപോയി ആദിലിനെ മര്‍ദിക്കുകയായിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച, മേപ്പയ്യൂര്‍ എസ്ബിഐ ബാങ്കില്‍ വെച്ചായിരുന്നു സംഭവം. ഗുണ്ടകളെന്ന് തോന്നിക്കുന്ന ചിലരെത്തി പിടികൂടുകയും സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും ചെയ്‌തെന്ന് ആദില്‍ പറഞ്ഞു. അവിടെയെത്തിയപ്പോഴാണ് പൊലീസുകാരാണെന്ന് മനസിലായത്. തുടര്‍ന്ന് സ്റ്റേഷനുള്ളില്‍ കൊണ്ടുപോയി മര്‍ദിച്ചതായും ചെവിയുടെ കര്‍ണപടം പൊട്ടിയതായും ആദില്‍ പറഞ്ഞു.

മറ്റൊരു പ്രതിയെ അന്വേഷിച്ചെത്തിയതായിരുന്നു കളമശ്ശേരിയിലെ പൊലീസ് സംഘം. ഈ സമയം ആദിലിന്റെ സമീപമായിരുന്നു പൊലീസ് അന്വേഷിച്ചെത്തിയ പ്രതി നിന്നിരുന്നത്. ഇതോടെ ഇയാള്‍ക്കൊപ്പം ആദിലിനെയും പിടിച്ചുകൊണ്ടുപോവുകയായിരുന്നു. എന്നാല്‍ ഇയാളെ തനിക്കറിയില്ലെന്ന് പറഞ്ഞിട്ടും വെറുതെവിട്ടില്ലെന്നും ആദിലിന്റെ പരാതിയില്‍ പറയുന്നു.

അതേസമയം, ആളുമാറി എന്ന് അറിഞ്ഞതോടെ സംഭവം പുറത്തുപറയരുതെന്ന് പൊലീസ് ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്. മര്‍ദനത്തില്‍ മുസ്ലിം ലീഗും യൂത്ത് കോണ്‍ഗ്രസും വെല്‍ഫയര്‍ പാര്‍ട്ടിയും പ്രതിഷേധിച്ചു.

Continue Reading

kerala

മുഖത്ത് തുപ്പി, നായയെ കൊണ്ട് കടിപ്പിക്കാന്‍ ശ്രമിച്ചു; കാഞ്ഞങ്ങാട് ദലിത് യുവാവിന് നേരെ ക്രൂരമര്‍ദനം

പറമ്പിലെ വാഴയുടെ കൈ പരാതിക്കാരന്‍ വെട്ടിയന്നാരോപിച്ചാണ് ആക്രമണം

Published

on

കാഞ്ഞങ്ങാട് എളേരിത്തട്ടില്‍ പറമ്പില്‍ കയറി വാഴയില വെട്ടിയെന്നാരോപിച്ച് ദലിത് യുവാവിനെ സ്ത്രീകള്‍ ഉള്‍പ്പെട്ട സംഘം ക്രൂരമായി ആക്രമിച്ചു. വളര്‍ത്തു നായയെ ഉപയോഗിച്ച് കടിപ്പിക്കാനും ശ്രമിച്ചു. സംഭവത്തില്‍ നാലുപേര്‍ക്കെതിരെ പട്ടികജാതി-വര്‍ഗ പീഡന നിരോധന നിയമപ്രകാരം ജാമ്യമില്ല വകുപ്പില്‍ ചിറ്റാരിക്കാല്‍ പൊലീസ് കേസെടുത്തു. എളേരിത്തട്ട് മയിലുവള്ളിയിലെ കെ.വി. വിജേഷിന്റെ (32) പരാതിയില്‍ എളേരിത്തട്ട് സ്വദേശികളായ റജി, രേഷ്മ, രതീഷ്, നിധിന എന്നിവര്‍ക്കെതിരെയാണ് കേസ്.

കഴിഞ്ഞദിവസം മാവിലന്‍ സമുദായക്കാരനായ യുവാവിനെ ഉയര്‍ന്ന ജാതിയില്‍പെട്ട പ്രതികള്‍ ആക്രമിച്ചെന്നാണ് പരാതി. തടഞ്ഞുനിര്‍ത്തി കൈകൊണ്ട് അടിച്ചും ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചശേഷം പിടിച്ചുകൊണ്ടുപോയി റജിയുടെ കടയിലെത്തിച്ച് മരവടി കൊണ്ട് അടിച്ചും അടിയേറ്റ് നിലത്തുവീണ സമയം മറ്റ് പ്രതികള്‍ കാല്‍കൊണ്ട് ചവിട്ടിയും പരിക്കേല്‍പിച്ചു. റജി കാര്‍ക്കിച്ച് മുഖത്ത് തുപ്പിയതായും പരാതിയില്‍ പറഞ്ഞു.

റജിയുടെ പറമ്പിലെ വാഴയുടെ കൈ പരാതിക്കാരന്‍ വെട്ടിയന്നാരോപിച്ചാണ് ആക്രമണം. യുവാവിനെ ക്രൂരമായി ആക്രമിക്കുന്നതിന്റെ കാമറദൃശ്യം പുറത്തുവന്നിട്ടുണ്ട്. കേസ് കാസര്‍കോട് എസ്.എം.എസ് ഡിവൈ.എസ്.പിക്ക് കൈമാറുമെന്ന് പൊലീസ് പറഞ്ഞു.

Continue Reading

kerala

തിരുവനന്തപുരത്ത് അമിത വേഗതയിലെത്തിയ കാര്‍ ഓട്ടോറിക്ഷയിലും ബൈക്കിലും ഇടിച്ച് അപകടം; ഒരു മരണം

അപകടത്തില്‍ ഓട്ടോറിക്ഷ കത്തിയമര്‍ന്ന് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം.

Published

on

തിരുവനന്തപുരം പട്ടത്ത് അമിത വേഗതയിലെത്തിയ കാര്‍ ഓട്ടോറിക്ഷയിലും ഇരുചക്ര വാഹനത്തിലും ഇടിച്ച് അപകടം. അപകടത്തില്‍ ഓട്ടോറിക്ഷ കത്തിയമര്‍ന്ന് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം.

തിരുമല സ്വദേശി ശിവകുമാര്‍ പൊള്ളലേറ്റ് മരിച്ചത്. അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Continue Reading

Trending