Connect with us

india

നദിയില്‍ നിന്ന് വെള്ളം കുടിക്കാന്‍ യോഗിക്ക് ധൈര്യമുണ്ടോ; യോഗിയെ വെല്ലുവിളിച്ച് വിശാല്‍ ദദ്ലാനി

കുംഭമേള നടക്കുന്ന പ്രദേശത്തെ ജലം കുടിക്കാനും കുളിക്കാനും ഉപയോഗിക്കാമെന്ന യോഗി ആദിത്യനാഥിന്റെ വാദത്തിന് പിന്നാലെയാണ് വിശാലിന്റെ വെല്ലുവിളി

Published

on

കുംഭമേള നടക്കുന്ന ഗംഗാ നദിയിലെ വെള്ളം മലിനമാണെന്ന റിപ്പോര്‍ട്ടുകള്‍ തള്ളിയ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വെല്ലുവിളിച്ച് സംഗീതസംവിധായകനും ഗായകനുമായ വിശാല്‍ ദദ്ലാനി. പ്രയാഗ്രാജിലെ നദിയില്‍ നിന്ന് വെള്ളം കുടിക്കാന്‍ യോഗിക്ക് ധൈര്യമുണ്ടോ എന്നായിരുന്നു വിശാലിന്റെ വെല്ലുവിളി. കുംഭമേള നടക്കുന്ന പ്രദേശത്തെ ജലം കുടിക്കാനും കുളിക്കാനും ഉപയോഗിക്കാമെന്ന യോഗി ആദിത്യനാഥിന്റെ വാദത്തിന് പിന്നാലെയാണ് വിശാലിന്റെ വെല്ലുവിളി.

‘വിദ്വേഷമുള്ളവരെ കുറിച്ച് ആലോചിച്ച് വിഷമിക്കേണ്ട, സര്‍. ഞങ്ങള്‍ താങ്കളെ വിശ്വസിക്കുന്നു. താങ്കള്‍ ധൈര്യമായി മുന്നോട്ട് പോവുക, കാമറയെ സാക്ഷി നിര്‍ത്തി നദിയില്‍ നിന്ന് നേരിട്ട് വെള്ളം കോരിക്കുടിക്കൂ..’ -വിശാല്‍ ദദ്ലാനി ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെ യോഗിയോട് പറഞ്ഞു.

മനുഷ്യവിസര്‍ജ്യത്തില്‍ കാണപ്പെടുന്ന കോളിഫാം ബാക്ടീരിയ അടക്കമുള്ളവയുടെ അളവ് അപകടകരമാം വിധം ത്രിവേണി സംഗമത്തിലെ ജലത്തില്‍ ഉണ്ടെന്ന് യു.പി മലിനീകരണ നിയന്ത്രണബോര്‍ഡ് കണ്ടെത്തിയിരുന്നു. 100 മില്ലി ലിറ്റര്‍ വെള്ളത്തില്‍ പരമാവധി 2500 എം.പി.എന്‍ ആണ് കോളിഫോം ബാക്ടീരിയയുടെ അനുവദനീയ അളവ്. എന്നാല്‍, കുംഭമേള നടക്കുന്ന ജനുവരി 20ന് ഇത് 49,000 ആയിരുന്നു. കോളിഫോം ബാക്ടീരിയ അനുവദനീയമായതിന്റെ 2000 ശതമാനം വരെ അധികമാണെന്നായിരുന്നു പരിശോധന റിപ്പോര്‍ട്ട്. അതായത് ഫെബ്രുവരി 4ന് അനുവദനീയമായതിന്റെ 300 ശതമാനം അധികമാണ് ത്രിവേണി സംഗമ ജലത്തിലെ കോളിഫോമിന്റെ അളവ്. ഈ ജലത്തിലാണ് കുംഭമേളക്കെത്തുന്ന ലക്ഷക്കണക്കിന് ഭക്തര്‍ പുണ്യസ്‌നാനം നടത്തുന്നത്.

ഉയര്‍ന്ന അളവില്‍ കോളിഫോം ബാക്ടീരിയ മഹാ കുംഭ മേളയിലെ സ്‌നാനഘട്ടുകള്‍ക്ക് സമീപമുള്ള ജലത്തില്‍ കണ്ടെത്തിയതായി ദേശീയ ഹരിത ട്രൈബ്യൂണല്‍ ഫെബ്രുവരി 17 നാണ് റിപ്പോര്‍ട്ട് പുറത്തിറക്കിയത്. റിപ്പോര്‍ട്ട് രാജ്യവ്യാപകമായി പ്രതിഷേധം സൃഷ്ടിച്ചുവെങ്കിലും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തള്ളിക്കളയുകയായിരുന്നു.

‘ദശലക്ഷക്കണക്കിന് പേര്‍ക്ക് വയറിളക്കവും കോളറയും ബാധിക്കുന്നത് കാണാന്‍ കഴിയുന്നില്ലെങ്കില്‍ തീര്‍ച്ചയായും എന്തോ പ്രത്യേകതയുള്ളയാളാണ് താങ്കള്‍. ദയവായി, നിങ്ങളും കുടുംബവും പോയി ആ മലിനജലത്തില്‍ മുങ്ങണം. നിങ്ങള്‍ക്ക് കൂടുതല്‍ ശക്തി വരട്ടെ!’ -ദേശീയ ഹരിത ട്രൈബ്യൂണല്‍ റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള വാര്‍ത്ത പോസ്റ്റ് ചെയ്ത് വിശാല്‍ ഇന്‍സ്റ്റയില്‍ കുറിച്ചു.

അതേസമയം, ഗംഗാജലത്തെ കുറിച്ച് വ്യാജ പ്രചാരണമാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തുന്നതെന്നാണ് യോഗി ആരോപിക്കുന്നത്. പ്രയാഗ് രാജില്‍ ഗംഗ നദിയില്‍ കോളിഫോം ബാക്ടീരിയയുടെ തോത് അപകടകരമായ രീതിയില്‍ ഉയരുന്നുവെന്ന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ മുന്നറിയിപ്പിന് പിന്നാലെയായിരുന്നു ഈ ആരോപണം. സനാതന ധര്‍മ്മത്തെ സംബന്ധിച്ച് വ്യാജ പ്രചാരണമാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

india

ബലാത്സംഗവുമായി ബന്ധപ്പെട്ട അലഹബാദ് ഹൈക്കോടതിയുടെ വിവാദ നിരീക്ഷണം; സ്വമേധയ കേസെടുത്ത് സുപ്രീംകോടതി

വിധിയെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി തള്ളിയതിന് പിന്നാലെയാണ് സുപ്രീം കോടതി നടപടി.

Published

on

ബലാത്സംഗവുമായി ബന്ധപ്പെട്ട അലഹബാദ് ഹൈക്കോടതിയുടെ വിവാദ നിരീക്ഷണത്തില്‍ സ്വമേധയ കേസെടുത്ത് സുപ്രീം കോടതി. വിധിയെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി തള്ളിയതിന് പിന്നാലെയാണ് സുപ്രീം കോടതി നടപടി. ജസ്റ്റിസ് ബി ആര്‍ ഗവായി, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ് മാസിഹ് എന്നിവരടങ്ങിയ ബെഞ്ച് ബുധനാഴ്ച കേസ് പരിഗണിക്കും.

സ്ത്രീകളുടെ മാറിടത്തില്‍ സ്പര്‍ശിക്കുന്നതും പൈജാമയുടെ ചരട് പൊട്ടിക്കുന്നതും ബലാത്സംഗമോ ബലാത്സംഗശ്രമമോ ആയി കണക്കാക്കാന്‍ സാധിക്കില്ലെന്നായിരുന്നു അലഹബാദ് ഹൈക്കോടതിയുടെ വിധി പ്രസ്താവം.

പതിനൊന്ന് വയസുള്ള കുട്ടിയുടെ മാറിടത്തില്‍ മോശമായി സ്പര്‍ശിച്ച രണ്ട് യുവാക്കളുടെ കേസ് പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ നിരീക്ഷണം. കുട്ടിയുടെ മാറിടത്തില്‍ സ്പര്‍ശിച്ചതും പൈജാമ അഴിക്കാന്‍ ശ്രമിച്ചതും ബലാത്സംഗ ശ്രമത്തിനുള്ള തെളിവായി ചൂണ്ടിക്കാട്ടാനാകില്ലെന്ന് ജസ്റ്റിസ് റാം മനോഹര്‍ നാരായണ്‍ മിശ്രയുടെ ബെഞ്ച് വിധിക്കുകയായിരുന്നു.

അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ വന്‍ വിമര്‍ശനമാണ് ഉയര്‍ന്നിരുന്നത്.

മാര്‍ച്ച് 17-ലെ വിധിന്യായത്തിലെ ആ വിവാദ ഭാഗം നീക്കം ചെയ്യാന്‍ ഉത്തരവ് പുറപ്പെടുവിക്കണമെന്ന് ഹര്‍ജിയില്‍ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. ജഡ്ജിമാര്‍ ഇത്തരം വിവാദ പരാമര്‍ശങ്ങള്‍ നടത്തുന്നത് തടയാന്‍ സുപ്രീം കോടതി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

 

Continue Reading

india

ടൂറിസം മേഖലയിലെ പ്ലാസ്റ്റിക് മാലിന്യം തടയാന്‍ ചാക്രിക സമീപനം പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതായി കേന്ദ്ര ടൂറിസം മന്ത്രി സമദാനിയെ അറിയിച്ചു

പ്ലാസ്റ്റിക് വസ്തുക്കളെ റീസൈക്ലിങ്, പുനരുപയോഗം എന്നിവയിലൂടെ മാലിന്യമായി തള്ളുന്നത് തടയുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

Published

on

വിനോദ സഞ്ചാര മേഖലയിലെ പ്ലാസ്റ്റിക് മലിനീകരണം നിര്‍മാര്‍ജ്ജനം ചെയ്യാന്‍ ചാക്രിക സമീപനം (സര്‍ക്കുലര്‍ അപ്പ്രോച്ച്) പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതായി കേന്ദ്ര ടൂറിസം മന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്ത് മുസ്‌ലിം ലീഗ് നേതാവ് ഡോ.എം.പി അബ്ദുസ്സമദ് സമദാനിയെ രേഖാമൂലം അറിയിച്ചു. പ്ലാസ്റ്റിക് വസ്തുക്കളെ റീസൈക്ലിങ്, പുനരുപയോഗം എന്നിവയിലൂടെ മാലിന്യമായി തള്ളുന്നത് തടയുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

ഇതിനായി റ്റുവാട്‌സ് സര്‍ക്കുലര്‍ ഇക്കോണമി ഓഫ് പ്ലാസ്റ്റിക്‌സ് ഇന്‍ ടൂറിസം ദി ഗ്ലോബല്‍ ടൂറിസം പ്ലാസ്റ്റിക് ഇനിഷ്യറ്റീവ് എന്ന പേരില്‍ യുണൈറ്റഡ് നേഷന്‍സ് എന്‍വയോണ്‍മെന്റല്‍ പ്രോഗ്രാമുമായും വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷനുമായും സഹകരിച്ച് 2023 ജൂണില്‍ ഗോവയില്‍ കേന്ദ്ര വിനോദ സഞ്ചാര വകുപ്പ് ഒരു പരിപാടി സംഘടിപ്പിച്ചിരുന്നതായി മന്ത്രി അറിയിച്ചു.

കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച സുസ്ഥിര വിനോദ സഞ്ചാരത്തിനുള്ള ദേശീയ പദ്ധതിയില്‍ പാരിസ്ഥിതിക സുസ്ഥിരത സുപ്രധന ഘടകമാണെന്ന് മന്ത്രി പ്രസ്താവിച്ചു. ഇതിനായി ട്രാവല്‍ ഫോര്‍ ലൈഫ് എന്ന പരിപാടി കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. സ്വദേശ് ദര്‍ശന്‍ 2.0 പദ്ധതിയിലും പാരിസ്ഥിക സുസ്ഥിരതയും ഉത്തരവാദിത്തത്തോടെയുള്ള വിനോദ സഞ്ചാരവുമാണ് ഉദ്ദേശിക്കുന്നത്. ഇക്കോ ടൂറിസം മേഖലയിലെ പ്ലാസ്റ്റിക് മാലിന്യം തടയുന്നത് സംബന്ധിച്ച് ലോക്‌സഭയില്‍ സമദാനി നല്‍കിയ ചോദ്യത്തിനാണ് മന്ത്രിയുടെ മറുപടി.

Continue Reading

india

മോഷണം നടത്തിയെന്ന് ആരോപിച്ച്‌ ആക്രമിക്കപ്പെട്ട ദളിത് യുവതിക്കെതിരായ അധിക്ഷേപം; ബി.ജെ.പി നേതാവിനെതിരെ കേസ്

കര്‍ണാടക പൊലീസിന്റേതാണ് നടപടി.

Published

on

മാല്‍പേ തുറമുഖത്ത് കളവ് നടത്തിയെന്ന് ആരോപിച്ച് ആക്രമിക്കപ്പെട്ട ദളിത് യുവതിക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ ബി.ജെ.പി നേതാവിനെതിരെ കേസ്. മുന്‍ മന്ത്രി കൂടിയായ പ്രമോദ് മാധവരാജിനെതിരെയാണ് കേസെടുത്തത്. കര്‍ണാടക പൊലീസിന്റേതാണ് നടപടി.

കള്ളന്മാരെ അതിനനുസരിച്ച് കൈകാര്യം ചെയ്യണമെന്നാണ് ബി.ജെ.പി നേതാവ് പറഞ്ഞത്. കുറ്റാരോപിതയായ ലക്കി ഭായിയെ ‘ആരെങ്കിലും ആ സ്ത്രീയെ പങ്കായം ഉപയോഗിച്ച് തല്ലിയോ അയുധവുമായെത്തി മര്‍ദിക്കുകയോ ചെയ്തിട്ടുണ്ടോ?,’ എന്നും മന്ത്രി ചോദിച്ചു. തുടര്‍ന്ന് പ്രമോദ് മാധവരാജിനെതിരെ കര്‍ണാടക പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.

ദളിത് സമൂഹത്തിനെതിരായ അധിക്ഷേ പരാമര്‍ശം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് ബി.ജെ.പി നേതാവിനെതിരെ കേസെടുത്തത്. ബി.എന്‍.എസ് സെക്ഷന്‍ 57 (പൊതുജനങ്ങളെ കുറ്റകൃത്യം ചെയ്യാന്‍ പ്രേരിപ്പിക്കല്‍), 191(1) (കലാപമുണ്ടാക്കല്‍), 192 (കലാപത്തിന് പ്രകോപനം) എന്നീ വകുപ്പുകള്‍ പ്രകാരമാണ് പ്രമോദിനെതിരെ കേസെടുത്തത്.

മാര്‍ച്ച് 18നാണ് മാല്‍പേ തുറമുഖത്ത് മോഷണം ആരോപിച്ച് യുവതിയെ മരത്തില്‍ കെട്ടിയിട്ട് ആക്രമിച്ചത്. മാല്‍പേ തുറമുഖത്തെത്തുന്ന ബോട്ടുകളില്‍ നിന്നും മത്സ്യം ഇറക്കുന്നതാണ് ലക്കി ബായിയുടെ ജോലി. 18ന് തുറമുഖത്തെത്തിയ ലക്കി ശ്രീ ആരാധന ബോട്ടില്‍ നിന്ന് മത്സ്യം ഇറക്കുകയും ശേഷം ഭക്ഷണത്തിനായി കുറച്ച് ചെമ്മീന്‍ തന്റെ കോട്ടയിലേക്ക് ഇടുകയും ചെയ്തു.

ലോഡിറക്കിയ ശേഷം ഭക്ഷണത്തിനായി തൊഴിലാളികള്‍ മീന്‍ എടുത്തുവെക്കുന്നത് തുറമുഖത്ത് സാധാരണയാണ്. ആന്നേദിവസവും അത് തന്നയെയാണ് ലക്കിയും ചെയ്തത്. എന്നാല്‍ ഇത് കണ്ട രണ്ട് സ്ത്രീകള്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും യുവതിയെ മരത്തില്‍ കെട്ടിയിട്ട് ആക്രമിക്കുകയുമായിരുന്നു.

സംഭവത്തിന്റെ ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. പിന്നാലെ രൂക്ഷമായ പ്രതിഷേധം ഉയര്‍ന്നതോടെ പൊലീസ് കേസെടുക്കുകയും മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. മുഖ്യപ്രതിയായ ലക്ഷ്മി ബായി (58), സുന്ദര (40), ശില്‍പ (36) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഇതിനുപിന്നാലെയാണ് ബി.ജെ.പി നേതാവിന്റെ അധിക്ഷേപ പരാമര്‍ശം സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. തുടര്‍ന്ന് ഇയാള്‍ക്കെതിരെയും പൊലീസ് നടപടി എടുക്കുകയായിരുന്നു. അതേസമയം ദളിത് യുവതിക്കെതിരായ ആക്രമണത്തില്‍ ‘ഒരു സ്ത്രീയെ ഈ രീതിയില്‍ കെട്ടിയിട്ട് ആക്രമിക്കുന്നത് മനുഷ്യത്വരഹിതവും അംഗീകരിക്കാനാവാത്തതുമാണെന്നും സംസ്‌കാരത്തിനും മാന്യതയ്ക്കും പേരുകേട്ട സംസ്ഥാനമാണ് കര്‍ണാടക, ഇത്തരം പെരുമാറ്റത്തിന് ഇവിടെ സ്ഥാനമില്ലെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതികരിക്കുകയും ചെയ്തു.

Continue Reading

Trending