സമ്മിശ്രവികാരത്തോടെയായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തെ രാജ്യം നോക്കിക്കണ്ടിരുന്നത്. രണ്ടാം വരവില്‍ അമ്പരപ്പിക്കുന്ന നയങ്ങളും നിലപാടുകളുമായി മുന്നോട്ടുപോകുന്ന യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ തന്റെ പഴയ സൗഹ്യദങ്ങളുടെ പിന്‍ബലത്തില്‍ വരുതിയില്‍ നിര്‍ത്താനും രാജ്യത്തിന് ഗുണകരമാകുന്ന തിരുമാനങ്ങളെടുപ്പിക്കാനും കഴിയുമോ, അതല്ല അദ്ദേഹത്തിന്റെ ഭ്രാന്തന്‍ നയങ്ങള്‍ക്കുമുന്നില്‍ മുട്ടുമടക്കി നാണംകെട്ട് മടങ്ങേണ്ടിവരുമോ എന്നതിലായിരുായിരുന്നു രാജ്യത്തിന്റെ ശ്രദ്ധയത്രയും. അമേരിക്കയോട് ചേര്‍ന്നു നില്‍ക്കുന്ന പലരാജ്യങ്ങളുടെയും ഭരണാധികാരികളെ മാറ്റിനിര്‍ത്തി മോദിയെ കൂടിക്കാഴ്ച്ചക്കായി പെട്ടെന്നുതന്നെ ക്ഷണിച്ചതിലൂടെ അനധികൃത കുടിയേറ്റക്കാരെ തിരിച്ചയക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഈ സന്ദര്‍ശനം കാര്യമായ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുമെന്ന ചിന്ത സ്വാഭാവികമായും ഉയര്‍ന്നിരുന്നു. എന്നാല്‍ മുഴുവന്‍ പ്രതീക്ഷകളും അസ്ഥാനത്തായി എന്നുമാത്രമല്ല, ട്രംപിന്റെ എല്ലാ കുതന്ത്രങ്ങളിലും തലവെച്ചുകൊടുത്ത് മാനംകെട്ട് മടങ്ങേണ്ട അവസ്ഥയാണ് പ്രധാനമന്ത്രിക്കുണ്ടായത്. തിരുവ നിരക്ക്. കുടിയേറ്റ പ്രശ്നം, ആയുധക്കച്ചവടം, ക്രൂഡോയില്‍ ഇറക്കുമതി, ക്വാഡ് കൂട്ടായ്മ, തുടങ്ങിയ വിഷയങ്ങളിലെല്ലാം യു.എസ് പ്രസിഡന്റിന്റെ താല്‍പര്യങ്ങള്‍ക്ക് പൂര്‍ണമായും വിധേയപ്പെട്ടാണ് അദ്ദേഹം ഇന്ത്യയില്‍ മടങ്ങിയെത്തിയിരിക്കുന്നത്. പ്രധാനമന്ത്രി അമേരിക്കയിലുള്ളപ്പോള്‍ അമേരിക്ക കയറ്റി അയക്കുകയും കഴിഞ്ഞദിവസം പഞ്ചാബിലെ അമൃതസര്‍ വിമാനത്താവളത്തിലെത്തിക്കുകയും ചെയ്ത രണ്ടാം വിമാനത്തിലെ യാത്രക്കാരെയും കൈകാലുകളില്‍ വിലങ്ങുവെച്ചാണ് എത്തിച്ചിരിക്കു ന്നതെന്നത് പ്രധാനമന്ത്രിക്കുണ്ടായ നാണക്കേടിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്. കാലുകളില്‍ ചങ്ങലയും കൈകളില്‍ വിലങ്ങുമിട്ട് ബന്ധിച്ചതിനു ശേഷമാണ് വിമാനത്തില്‍ കയറ്റിയതെന്ന് യാത്രക്കാര്‍ തന്നെയാണ് വെളിപ്പെടുത്തിയിരിക്കുന്നത്. അമേരിക്കയുടെ സൈനിക വിമാനമായ സി-17 വിമാനത്തില്‍ ശനിയാഴ്ച്ച രാത്രിയെത്തിയ 116 പേരടങ്ങിയ സംഘത്തിനാണ് ഈ ദുരനുഭവമുണ്ടായതെങ്കില്‍ ഫെബ്രുവരി അഞ്ചിന് സമാന രീതി തന്നെയായിരുന്നു 104 പേരടങ്ങുന്ന ആദ്യ സംഘത്തിനുമുണ്ടായിരുന്നത്. ഇനി എത്താനിരിക്കുന്നവരുടെയും അവസ്ഥ സമാനമായിരിക്കുമെന്നതില്‍ സംശയത്തിന് വകയില്ല.
ഇന്ത്യന്‍ കുടിയേറ്റക്കാരെ ചങ്ങലയില്‍ ബന്ധിച്ച് തിരിച്ചയച്ച യു.എസ് നടപടിയില്‍ രാജ്യമെങ്ങും പ്രതിഷേധം അലയടിക്കുന്നതിനിടെയായിരുന്നു ട്രംപുമായുള്ള കൂടി ക്കാഴ്ച്ചക്ക് നരേന്ദ്രമോദി എത്തിയിരുന്നത്. അമേരിക്കയുടെ മനുഷ്യത്വരഹിതമായ നടപടിയെ പാര്‍ലമെന്റില്‍ ന്യായീകരിച്ച് നാണംകെട്ടതിന്റെ മാനക്കേട് മാറ്റാന്‍ ട്രംപുമായുള്ള കൂടിക്കാഴ്ച്ചയില്‍ മോദി ശ്രമിക്കുമെന്നായിരുന്നു വിലയിരുത്തപ്പെട്ടതെങ്കില്‍ ഒരക്ഷരം ഇതേക്കുറിച്ച് ഉരിയാടാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. അമേരിക്കയുടെ രീതി ഇതാണെന്നായിരുന്നു പാര്‍ലമെന്റിലെ ന്യായീകരണമെങ്കില്‍ മൗനത്തിന്റെ മഹാമളത്തില്‍ അഭയം പ്രാപിക്കുകകയാണ് മോദി ചെയ്തത്. പ്രതിരോധ രംഗത്ത് ഉള്‍പ്പെടെ വലിയ സഹകരണത്തിന് ധാരണയുണ്ടാക്കിയതായി അവകാശപ്പെട്ടെങ്കിലും ട്രംപിന്റെ കുടിയേറ്റ നയത്തില്‍ നിലനില്‍പ്പ് ഭീഷണി നേരിടുന്ന ഇന്ത്യക്കാരുടെ പ്രശ്നങ്ങളില്‍ അനുഭാവ പൂര്‍വ്വമായ നിലപാട് യു.എസില്‍ നിന്ന് നേടിയെടുക്കുന്നതില്‍ പ്രധാനമന്ത്രി അമ്പേ പരാജയപ്പെടുകയായിരു ന്നു. മാത്രമല്ല, മോദി അമേരിക്കയില്‍ തങ്ങുന്നതിനിടെ തന്നെ കൂടുതല്‍ ഇന്ത്യന്‍ കുടിയേറ്റക്കാരെ തിരിച്ചയച്ച് വിട്ടുവീഴ്ചക്കില്ലെന്ന് വ്യക്തമാക്കുകയാണ് അമേരിക്ക ചെയ്തത്. അനധികൃത കുടിയേറ്റക്കാരെ രാജ്യത്തേക്ക് തിരിച്ചു കൊണ്ടുവരുമെന്ന് ട്രംപിനൊപ്പമിരുന്ന് പ്രസ്താവനയിറക്കിയതിലൂടെ, രാജ്യത്തെ പൗരന്‍മാരെ അപമാനിച്ചു കയറ്റി അയക്കുന്ന യു.എസ് പ്രസിഡന്റിന്റെ നയങ്ങള്‍ക്ക് പിന്തുണ നല്‍കുകയാണ് പ്രധാനമന്ത്രി ചെയ്തിരിക്കുന്നത്. കുടിയേറ്റക്കാരോടുള്ള ക്രൂരതയില്‍ ട്രംപിനെ പ്രതിഷേധം അറിയിക്കാനുള്ള ബാധ്യത മോദി നിറവേറ്റണമെന്ന് പ്രതിപക്ഷമുള്‍പ്പെടെ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടുകൊണ്ടി രിക്കുമ്പോഴായിരുന്നു ഈ വിധേയത്വം.
അതേസമയം, അമേരിക്കയില്‍നിന്ന് കൂടുതലായി ആയുധങ്ങളും ക്രൂഡോയിലും ഇറക്കുമതിചെയ്ത് അവരെ പ്രിതിപ്പെടുത്താനുള്ള ശ്രമമാണ് മോദിയുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്. മുപ്പതോളം അമേരിക്കന്‍ ഉല്‍പ്പന്നങ്ങളുടെ തിരുവ കുറയ്ക്കാനും. ശതകോടികള്‍ ചെലവിട്ട് അമേരിക്കയില്‍നിന്ന് എഫ് 35 യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ ധാരണയായെന്നുമുള്ള അദ്ദേഹത്തിന്റെ സാനിധ്യത്തില്‍ വെച്ചുള്ള പ്രഖ്യാപനം ഇക്കാര്യമാണ് വിളംബരം ചയ്യുന്നത്. നിലവില്‍ തന്നെ 150 കോടി ഡോളറിന്റെ പെട്രോളിയം ഉല്‍പന്നങ്ങളാണ് അമേരിക്കയില്‍ നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. ഇത് 250 കോടിയിലേക്ക് ഉയര്‍ത്താമെന്ന ഉറപ്പും മോദി നല്‍കിയിരിക്കുകയാണ്. എഫ് 35 യുദ്ധവിമാനക്കരാര്‍ വിവാദത്തിനു വഴിവെച്ചിരിക്കുകയുമാണ്. ലേ കത്തെ ഏറ്റവും വിലകൂടിയതും പറക്കല്‍ ചെലവേറിയതുമായ പ്രസ്തുത വിമാനം ഇന്ത്യക്കുമേല്‍ ട്രംപ് അടിച്ചേല്‍പ്പിക്കുകയായിരുന്നുവെന്നാണ് ആരോപണം. ഈ വിമാനം വാങ്ങണമെന്ന ആവശ്യം സൈന്യമോ പ്രതിരോധ മന്ത്രാലയമോ മുന്നോട്ടുവെച്ചിട്ടുണ്ടായിരുന്നില്ല. എഫ് 35 വെറും തല്ലിപ്പൊളിയാണെന്നാണ് ട്രംപിന്റെ വിശ്വസ്തനായി മാറിയ ഇലോണ്‍ മസ്‌ക് തന്നെ അഭിപ്രായപ്പെട്ടത്.