Connect with us

kerala

നെയ്യാറ്റിൻകര ഗോപന്റേത് സ്വാഭാവിക മരണമെന്ന് സൂചന; പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്

മരണകാരണമായേക്കാവുന്ന മുറിവുകളോ പരിക്കുകളോ മൃതദേഹത്തില്‍ പ്രത്യക്ഷത്തില്‍ കാണാനില്ലെന്നാണ് പോലീസിന്റെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്.

Published

on

നെയ്യാറ്റിന്‍കരയിലെ ഗോപന്‍സ്വാമിയുടെ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. മരണകാരണമായേക്കാവുന്ന മുറിവുകളോ പരിക്കുകളോ മൃതദേഹത്തില്‍ പ്രത്യക്ഷത്തില്‍ കാണാനില്ലെന്നാണ് പോലീസിന്റെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. വിശദമായ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ മരണകാരണം സംബന്ധിച്ചും മറ്റുവിവരങ്ങളിലും വ്യക്തത വരികയുള്ളൂ.

ഗോപന്‍സ്വാമിയുടെ പോസ്റ്റ്‌മോര്‍ട്ടം വ്യാഴാഴ്ച ഉച്ചയോടെ പൂര്‍ത്തിയായി. മണിക്കൂറുകള്‍ക്കുള്ളില്‍ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവരുമെന്നാണ് കരുതുന്നത്. വിശദമായ റിപ്പോര്‍ട്ടും വൈകാതെ ലഭ്യമാകും. ആന്തരികാവയവങ്ങളുടെ സാമ്പിളുകള്‍ രാസപരിശോധനയ്ക്കും അയക്കും. ഇതിന്റെ പരിശോധനാഫലം ലഭിക്കാന്‍ ഒരാഴ്ചയോളം സമയമെടുക്കും.
പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കിയതോടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. ഗോപന്‍സ്വാമിയുടെ മകന്‍ സനന്ദനും വി.എച്ച്.പി. നേതാക്കള്‍ അടക്കമുള്ളവരും മെഡിക്കല്‍ കോളേജ് ആശുപത്രിയിലുണ്ട്. കനത്ത പോലീസ് സുരക്ഷയും ആശുപത്രിയില്‍ ഏര്‍പ്പെടുത്തിയിരുന്നു. അതിനിടെ, കല്ലറ പൊളിച്ച് പുറത്തെടുത്ത മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഏറ്റുവാങ്ങില്ലെന്നായിരുന്നു ഗോപന്‍സ്വാമിയുടെ മകനും കുടുംബാംഗങ്ങളും ആദ്യം പറഞ്ഞിരുന്നത്. ആചാരങ്ങള്‍ ലംഘിച്ച് മൃതദേഹം പുറത്തെടുത്തതിനാലാണ് ഏറ്റുവാങ്ങാന്‍ ഇവര്‍ ആദ്യം വിസമ്മതിച്ചത്.

എന്നാല്‍, വി.എച്ച്.പി. നേതാക്കളടക്കം ഇടപെട്ട് ഇവരെ അനുനയിപ്പിക്കുകയും മൃതദേഹം ഏറ്റെടുക്കാമെന്ന് സമ്മതിക്കുകയുമായിരുന്നു. അതേസമയം, മൃതദേഹം നേരത്തെ ‘സമാധി ഇരുത്തി’യെന്ന് പറയുന്ന കല്ലറയില്‍തന്നെ വീണ്ടും സംസ്‌കരിക്കുമോ എന്നതില്‍ വ്യക്തതയില്ല.

വ്യാഴാഴ്ച രാവിലെ ഏഴുമണിയോടെയാണ് ഗോപന്‍സ്വാമിയുടെ സമാധിയിടം പൊളിച്ചുതുടങ്ങിയത്. സബ് കളക്ടര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു നടപടികള്‍. സ്ലാബ് പൊളിച്ചുമാറ്റിയതിന് പിന്നാലെ കല്ലറയ്ക്കുള്ളില്‍ ഇരിക്കുന്ന നിലയില്‍
മൃതദേഹം കണ്ടെത്തി. കല്ലറയ്ക്കുള്ളില്‍ മൃതദേഹത്തിന്റെ നെഞ്ചുവരെ ഭസ്മവും പൂജാദ്രവ്യങ്ങളും കൊണ്ട് നിറച്ചനിലയിലായിരുന്നു. തുടര്‍ന്ന് മൃതദേഹം കല്ലറയ്ക്കുള്ളില്‍നിന്ന് പുറത്തെടുത്ത് ഇന്‍ക്വസ്റ്റ് നടത്തി.

മൃതദേഹം പൂര്‍ണമായും അഴുകിയിട്ടില്ലാത്തതിനാല്‍ മെഡിക്കല്‍ കോളേജില്‍വെച്ച് പോസ്റ്റ്‌മോര്‍ട്ടം നടത്താമെന്ന് തീരുമാനിക്കുകയായിരുന്നു. തുടര്‍ന്നാണ് മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. ഗോപന്‍സ്വാമിയുടെ മകനെയും പോലീസ് മെഡിക്കല്‍ കോളേജ് ആശുപത്രിലേക്ക് കൊണ്ടുപോയിരുന്നു.

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോകുന്നതിന് മുമ്പ് സബ് കളക്ടറും പോലീസ് ഉദ്യോഗസ്ഥരും ഗോപന്‍സ്വാമിയുടെ കുടുംബവുമായി കാര്യങ്ങള്‍ സംസാരിച്ചു. കുടുംബാംഗങ്ങളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയതായി സബ് കളക്ടര്‍ ഒ.വി. ആല്‍ഫ്രഡ് മാധ്യമങ്ങളോട് പറഞ്ഞു.

kerala

ലൈംഗികാതിക്രമക്കേസ്; സംവിധായകന്‍ രഞ്ജിത്ത് ഹൈകോടതിയില്‍ ഹരജി നല്‍കി

2009ല്‍ നടന്നതായി പറയുന്ന സംഭവത്തില്‍ 2024 ഓഗസ്റ്റ് 26നാണ് പരാതി നല്‍കിയതെന്നും പരാതിയില്‍ തനിക്കെതിരെ ആരോപിക്കുന്ന കുറ്റകൃത്യങ്ങള്‍ നിലനില്‍ക്കില്ലെന്നും രഞ്ജിത്ത്

Published

on

കൊച്ചി: ലൈംഗികാതിക്രമത്തില്‍ നടിയുടെ പരാതിയിലെടുത്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംവിധായകന്‍ രഞ്ജിത്ത് ഹൈകോടതിയില്‍ ഹരജി നല്‍കി. 2009ല്‍ നടന്നതായി പറയുന്ന സംഭവത്തില്‍ 2024 ഓഗസ്റ്റ് 26നാണ് പരാതി നല്‍കിയതെന്നും പരാതിയില്‍ തനിക്കെതിരെ ആരോപിക്കുന്ന കുറ്റകൃത്യങ്ങള്‍ നിലനില്‍ക്കില്ലെന്നും രഞ്ജിത്ത് ഹരജിയില്‍ പറയുന്നു.

ഹോട്ടല്‍ മുറിയില്‍ വെച്ച് രഞ്ജിത്ത് പീഡിപ്പിച്ചെന്ന ബംഗാളി നടിയുടെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസാണ് കോടതിയുടെ പരിഗണനയിലുള്ളത്. പ്ലസ് ടു വിദ്യാര്‍ഥിനി ആയിരിക്കെ 2012ല്‍ ബാവൂട്ടിയുടെ നാമത്തില്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നടന്മാരെ കാണാന്‍ പോയപ്പോഴാണ് രഞ്ജിത്തിനെ പരിചയപ്പെട്ടത്. തുടര്‍ന്ന് പാലേരി മാണിക്യം സിനിമയില്‍ അഭിനയിക്കാന്‍ വിളിച്ചുവരുത്തിയ ശേഷം രഞ്ജിത്ത് മോശമായി പെരുമാറിയെന്നാണ് നടിയുടെ പരാതി. എന്നാല്‍, താന്‍ ഇരയാണെന്നായിരുന്നു ആരോപണങ്ങളോട് രഞ്ജിത്തിന്റെ പ്രതികരണം. പിന്നാലെയാണ് നടി പൊലീസില്‍ പരാതി നല്‍കിയത്.

Continue Reading

kerala

ചേന്ദമംഗലത്ത് ഒരു വീട്ടിലെ മൂന്നുപേരെ വെട്ടിക്കൊലപ്പെടുത്തി; അയല്‍വാസി പിടിയില്‍

ബൈക്കിന്റെ സ്റ്റമ്പ്, രണ്ട് കത്തി ഉള്‍പ്പെടെ ഉപയോഗിച്ചാണ് ഇയാള്‍ നാലംഗ കുടുംബത്തെ ആക്രമിച്ചത്

Published

on

എറണാകുളം: ചേന്ദമംഗലത്ത് അയല്‍വാസി ഒരു വീട്ടിലെ മൂന്നുപേരെ വെട്ടിക്കൊലപ്പെടുത്തി. ജിതിന്‍, വേണു, ഉഷ(62),മകള്‍ വിനീഷ(32) എന്നിവരെ വെട്ടിപരിക്കേല്‍പ്പിക്കുകയായിരുന്നു. കൊല്ലപ്പെട്ടവരുടെ അയല്‍വാസിയായ ചേന്ദമംഗലം സ്വദേശി റിതു ജയനെ (28) പൊലീസ് കസ്റ്റഡിയിലെടുത്തു.സംഭവത്തില്‍ ജിതിന്‍ ഒഴികെ മൂന്നുപേരും പറവൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു. ഗുരുതര പരിക്കുകളോടെ ജിതിന്‍ ചികിത്സയില്‍ തുടരുകയാണ്. അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കമാണ് കൂട്ടക്കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം.

ഇന്ന് വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം. ബൈക്കിന്റെ സ്റ്റമ്പ്, രണ്ട് കത്തി ഉള്‍പ്പെടെ ഉപയോഗിച്ചാണ് ഇയാള്‍ നാലംഗ കുടുംബത്തെ ആക്രമിച്ചത്. പ്രതി ലഹരിക്ക് അടിമയാണെന്നും സൂചനയുണ്ട്. ഇയാള്‍ക്കെതിരെ വേണുവും കുടുംബവും നേരത്തേ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

Continue Reading

kerala

കാലിക്കറ്റ് യൂണിവേഴ്സിറ്റി; യൂണിയന്‍ ഓഫീസിലെ 5.70 ലക്ഷം രൂപ കൊള്ളയടിച്ച് എസ്.എഫ്.ഐ

പൊലീസ് നോക്കി നില്‍ക്കെയാണ് എസ്.എഫ്.ഐ സംസ്ഥാന ഭാരവാഹിയും മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗവുമായ അഫ്സലിന്റെ നേതൃത്വത്തിലുള്ള ക്രിമിനല്‍ സംഘം ക്യാമ്പസില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അക്രമം അഴിച്ചുവിട്ടത്

Published

on

തേഞ്ഞിപ്പലം: കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസില്‍ എസ്.എഫ്.ഐ അക്രമ പരമ്പര തുടരുന്നു. യൂണിവേഴ്സിറ്റി യൂണിയന്‍ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി സി.യു ക്യാമ്പസില്‍ സംഘടിപ്പിച്ച കഫ് ആന്റ് കാര്‍ണിവല്‍ പരിപാടി വിദ്യാര്‍ത്ഥികള്‍ ഏറ്റെടുത്തതില്‍ അരിശം പൂണ്ട് സമാപന ദിവസമായ ഇന്നലെ പരിപാടി തടസ്സപ്പെടുത്തുകയും അലങ്കോലമാക്കുകയും ചെയ്തിരുന്നു.

തുടര്‍ന്ന് ഇന്നലെയും പൊലീസിന്റെ ഒത്താശയോടെ ക്യാമ്പസില്‍ അക്രമം അഴിച്ച് വിട്ടിരിക്കുകയാണ്. 12 വര്‍ഷങ്ങള്‍ക്ക് ശേഷം കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയന്‍ എം.എസ്.എഫ് മുന്നണി പിടിച്ചെടുത്തത് മുതല്‍ എസ്.എഫ്.ഐ നിരന്തരം അക്രമം തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. യൂണിവേഴ്സിറ്റി യൂണിയന് അനുവദിച്ച പുതിയ ഓഫീസില്‍ യൂണിയന്‍ ജനറല്‍ സെക്രട്ടറി സഫ്വാന്‍ ഔദ്യോഗിക കൃത്യം നിര്‍വ്വഹിക്കവെ 15 ഓളം എസ്.എഫ്.ഐ ക്രിമിനലുകള്‍ ഓഫീസിലേക്ക് കയറി വരികയും ജനറല്‍ സെക്രട്ടറിയെ ബന്ദിയാക്കി കഫ് ആന്റ് കാര്‍ണിവലിന്റെ നടത്തിപ്പിന്റെ ആവശ്യത്തിലേക്ക് ഓഫീസില്‍ സൂക്ഷിച്ചിരുന്ന 5.70 ലക്ഷം രൂപയും പ്രിന്ററും കൊള്ളയടിക്കുകയും ഓഫീസ് അടിച്ച് തകര്‍ത്ത് കസേര, മേശ, ബെഞ്ച് മുതലായവ നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പൊലീസ് നോക്കി നില്‍ക്കെയാണ് എസ്.എഫ്.ഐ സംസ്ഥാന ഭാരവാഹിയും മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗവുമായ അഫ്സലിന്റെ നേതൃത്വത്തിലുള്ള ക്രിമിനല്‍ സംഘം ക്യാമ്പസില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അക്രമം അഴിച്ചുവിട്ടത്. അക്രമികള്‍ക്കെതിരെ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ക്കും തേഞ്ഞിപ്പലം പൊ
ലീസ് സ്റ്റേഷനിലും യൂണിവേഴ്സിറ്റി യൂണിയന്‍ ഭാരവാഹികള്‍ പരാതി നല്‍കിയിട്ടുണ്ട്.

എസ്.എഫ്.ഐ ക്രിമിനലുകള്‍ അടിച്ച് തകര്‍ത്ത് പണവും വസ്തുക്കളും കവര്‍ച്ച ചെയ്ത കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയന്‍ ഓഫീസ് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസ്, സംസ്ഥാന ഭാരവാഹികളായ ഷറഫുദ്ദീന്‍ പിലാക്കല്‍, പി.എ.ജവാദ്, ജില്ലാ ജനറല്‍ സെക്രട്ടറി വി.എ.വഹാബ്, സംസ്ഥാന കമ്മിറ്റി അംഗം അമീന്‍ റാഷിദ്, ജില്ലാ കമ്മിറ്റി അംഗം സലാഹു തെന്നല, ഹരിത സംസ്ഥാന ജനറല്‍ കണ്‍വീനര്‍ ഫിദ.ടി.പി, സംസ്ഥാന കമ്മിറ്റി അംഗം മുസ്ലിഹ മങ്കട, ടി.സി.മുസാഫിര്‍ ഇജാസ് അഹമ്മദ്, ഹിബ.എ.ആര്‍, എം.സി.ഫായിസ്, മുബഷിര്‍.ഇ, യാസിറ ഷഹാന എന്നിവര്‍ സന്ദര്‍ശിച്ചു.

Continue Reading

Trending