Connect with us

kerala

കളഞ്ഞു പോയ താക്കോല്‍ അന്വേഷിച്ചിറങ്ങിയ വയോധികന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

കൊട്ടിയം-മയ്യനാട് റോഡില്‍ സര്‍ക്കാരിന്റെ ട്രാന്‍സിസ്റ്റ് ഹോമിന് എതിര്‍വശത്തുള്ള വീട്ടുവളപ്പിൽ ബുധനാഴ്ച 11 മണിയോടെയാണ് മൃതദേഹം കാണ്ടെത്തിയത്. 

Published

on

ആള്‍ത്താമസമില്ലാത്ത വീട്ടുവളപ്പില്‍ വയോധികന്റെ മൃതദേഹം കത്തിക്കരിഞ്ഞനിലയില്‍. പത്ര ഏജന്റായ കൊട്ടിയം സ്വദേശി ജി ബാബുവാണ് (65) മരിച്ചത്. കൊട്ടിയം-മയ്യനാട് റോഡില്‍ സര്‍ക്കാരിന്റെ ട്രാന്‍സിസ്റ്റ് ഹോമിന് എതിര്‍വശത്തുള്ള വീട്ടുവളപ്പിൽ ബുധനാഴ്ച 11 മണിയോടെയാണ് മൃതദേഹം കാണ്ടെത്തിയത്.

ചൊവ്വാഴ്ച വൈകീട്ട് മൂന്നരയോടെ വീട്ടിൽ നിന്ന് പോയ ബാബു പിന്നീട് കാണാതാവുകയായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ പത്ര വിതരണത്തിന് ശേഷം ഇദ്ദേഹം ഒന്‍പതരയോടെ വീട്ടിലെത്തി വിശ്രമിച്ച ശേഷം പത്രത്തിന്റെ വരിസംഖ്യ ശേഖരിക്കുന്നതിന് പുറത്തുപോയിരുന്നു. കൊട്ടിയം ജങ്ഷനടുത്തുള്ള ജന്‍ധന്‍ മെഡിക്കല്‍ സ്റ്റോറിന് സമീപം സ്‌കൂട്ടര്‍ വെച്ച ശേഷം നടന്നാണ് പിരിവിന് പോയത്.

വൈകീട്ട് മൂന്നോടെ വീട്ടില്‍ മടങ്ങിയെത്തിയെങ്കിലും സ്‌കൂട്ടറിന്റെ താക്കോല്‍ കളഞ്ഞു പോയതിനാൽ അത് തിരക്കി പുറത്തുപോയ ബാബു പിന്നീട് മടങ്ങിയെത്തിയില്ല. രാത്രി വീട്ടുകാര്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പുലര്‍ച്ചെ പത്രക്കെട്ടുകള്‍ വരുന്ന സമയം മടങ്ങിയെത്തുമെന്ന് കരുതിയെങ്കിലും വന്നില്ലെന്ന് വീട്ടുകാര്‍ പറയുന്നു.

ബുധനാഴ്ച രാവിലെ കൊട്ടിയത്തെ ബാങ്കില്‍ പത്രം നല്‍കിയ ശേഷം നടന്നുവരുകയായിരുന്ന ഭാര്യയാണ് വീടിനടുത്ത് ആള്‍ത്താമസമില്ലാതെ ഇടിഞ്ഞുപൊളിഞ്ഞു കിടക്കുന്ന വീടിനോട് ചേര്‍ന്ന് മൃതദേഹം കണ്ടത്. വീട്ടിലെത്തിയ ശേഷം മകനെ വിളിച്ചുവരുത്തി മൃതദേഹം തിരിച്ചറിയുകയായിരുന്നു. കൊട്ടിയം പൊലീസെത്തി നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി.

kerala

അഡ്വ. ഹാരിസ് ബീരാന്‍ എം.പിയുടെ ഓഫീസ് ഉദ്ഘാടനം സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും

ചടങ്ങില്‍ കോണ്‍ഗ്രസ് നേതാവും എഐസിസി ജന സെക്രട്ടറിയും കൂടിയായ കെ സി വേണുഗോപാല്‍ എം. പി മുഖ്യാതിഥിയായിരിക്കും.

Published

on

മുസ്‌ലിം ലീഗ് രാജ്യസഭാ എംപി അഡ്വ. ഹാരിസ് ബീരാന്‍ എം.പിയുടെ ഓഫീസിന്റെ ഉദ്ഘാടന കര്‍മ്മം നാളെ രാവിലെ 9.30ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. ചടങ്ങില്‍ കോണ്‍ഗ്രസ് നേതാവും എഐസിസി ജന സെക്രട്ടറിയും കൂടിയായ കെ സി വേണുഗോപാല്‍ എം. പി മുഖ്യാതിഥിയായിരിക്കും. എറണാകുളം കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ രാജ്യസഭാഗം എന്ന നിലയിലുള്ള എന്റെ ഓഫീസ് സംവിധാനം തുടങ്ങുന്നെന്ന് ഹാരിസ് ബീരാന്‍ പറഞ്ഞു.

എറണാകുളം ജില്ല കേന്ദ്രമായി ഒരു ഓഫീസ് സംവിധാനമൊരുക്കാനും ദക്ഷിണ ജില്ലകളിലെ വിഷയങ്ങള്‍ക്ക് പ്രാധാന്യം നല്‍കാനുമായിരുന്നു എംപി യായി തിരഞ്ഞെടുക്കപ്പെടുമ്പോള്‍ തന്നെ ആദരണീയനായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ എന്നോട് നിര്‍ദ്ദേശിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

സാധാരണക്കാര്‍ക്ക് ഏതുസമയവും ആശ്രയിക്കാവുന്നതും ജനകീയ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുതകുന്നതുമായ ഒരു ഓഫീസ് സംവിധാനമാണ് ഏതൊരു പൊതുപ്രവര്‍ത്തകനെയും ജനങ്ങളുമായി കൂടുതല്‍ അടുപ്പിക്കുന്നത്. ഇതിനായി വിവരം സന്തോഷപൂര്‍വ്വം നിങ്ങളുമായി പങ്കുവെക്കട്ടെ.

മുസ്‌ലിം ലീഗ്, യുഡിഎഫ് നേതാക്കളുടെയും സഹപ്രവര്‍ത്തകരുടെയും ജനപ്രതിനിധികളുടെയും സാമൂഹിക സാമുദായിക നേതാക്കളുടെയും മാധ്യമ സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാണ് ഉദ്ഘാടന ചടങ്ങ് നടക്കുന്നത്. സന്തോഷങ്ങള്‍ക്കും കൂടെ നില്‍ക്കുന്ന, പിന്തുണക്കുന്ന, വിമര്‍ശിക്കുന്ന നിങ്ങളുടെയെല്ലാവരുടെയും മഹനീയ സാന്നിധ്യവും പ്രാര്‍ത്ഥനയും ആഗ്രഹിക്കുന്നുവെന്ന് ഹാരിസ് ബീരാന്‍ കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഞായറാഴ്ച നാല് ജില്ലകളിൽ യെല്ലോ അലേർട്ട്

കേരളത്തിൽ 24 മണിക്കൂറിൽ 64.5 മുതൽ 115.5 മില്ലിമീറ്റർ മഴ

Published

on

കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വരുന്ന ഞായറാഴ്ച (2025 ജനുവരി 19) നാല് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറത്തിറക്കിയ അടുത്ത അഞ്ച് ദിവസത്തേക്കുള്ള കാലാവസ്ഥാ അറിയിപ്പ് പ്രകാരം ഞായറാഴ്ച മാത്രമാണ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലേർട്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെയുള്ള ദിവസങ്ങളിൽ സംസ്ഥാനത്ത് ഒരിടത്തും മഴ മുന്നറിയിപ്പുകൾ നൽകിയിട്ടില്ല.

അതേസമയം കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. എന്നാൽ വ്യാഴാഴ്ച മുതൽ ഞായറാഴ്ച വരെ തെക്കൻ തമിഴ്നാട് തീരം, കന്യാകുമാരി പ്രദേശം, അതിനോട് ചേർന്ന ഗൾഫ് ഓഫ് മന്നാർ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെ ശക്തമായ കാറ്റു വീശാൻ സാധ്യതയുണ്ട്.

ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയുള്ള ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ ഞായറാഴ്ച വരെയുള്ള ദിവസങ്ങളിൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ലെന്നാണ് ഔദ്യോഗിക അറിയിപ്പ്.

Continue Reading

kerala

കേരളത്തെ മദ്യത്തിൽ മുക്കി കൊല്ലാൻ ശ്രമം; കഞ്ചിക്കോട് ബ്രൂവറിയിൽ വൻ അഴിമതിയെന്ന് പ്രതിപക്ഷം

ബ്രൂവറി തുടങ്ങാനുള്ള നീക്കത്തിന് പിന്നില്‍ വന്‍ അഴിമതിയാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു.

Published

on

പാലക്കാട് കഞ്ചിക്കോട് ബ്രൂവറി അനുവദിക്കാനുള്ള മന്ത്രിസഭാ തീരുമാനത്തിന് എതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സര്‍ക്കാര്‍ തീരുമാനം ദുരൂഹമാണ്. ഒരു കമ്പനിക്ക് മാത്രം അനുമതി നല്‍കിയതിന്റെ മാനദണ്ഡം എന്താണെന്ന് വെളിപ്പെടുത്തണമെന്നും സതീശന്‍ പറഞ്ഞു.

ബ്രൂവറി തുടങ്ങാനുള്ള നീക്കത്തിന് പിന്നില്‍ വന്‍ അഴിമതിയാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. അനുമതി നല്‍കിയത് മാനദണ്ഡങ്ങള്‍ പാലിച്ചാണെന്നും, പ്രതിപക്ഷ ആരോപണം സ്വാഭാവികമെന്നും എക്‌സൈസ് മന്ത്രി എംബി രാജേഷ് മറുപടി നല്‍കി.

ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഒയാസിസ് െ്രെപവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് ബ്രൂവറി തുടങ്ങാന്‍ അനുമതി നല്‍കിയത്. കഴിഞ്ഞ മദ്യനയത്തിന്റെ ഭാഗമായെടുത്ത തീരുമാനത്തിന്റെ തുടര്‍ച്ചയായിരുന്നു നടപടിയെന്നാണ് സര്‍ക്കാറിന്റെ വിശദീകരണം. ഇതിന് പിന്നാലെയാണ് വന്‍ അഴിമതിയാരോപിച്ച് പ്രതിപക്ഷം രംഗത്തെത്തിയത്.

പ്രകൃതിയോടും ജനങ്ങളോടും കടുത്ത അപരാധമാണിതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. പാരിസ്ഥിതിക പഠനം നടന്നിട്ടുണ്ടോയെന്നും ഒയാസിസിന് മാത്രം എങ്ങനെ അനുമതി കിട്ടിയെന്നും ടെന്‍ഡര്‍ ക്ഷണിച്ചോയെന്നും രമേശ് ചെന്നിത്തല ചോദിച്ചു. കഴിഞ്ഞ തവണ ബ്രൂവറി അനുവദിക്കാന്‍ അനുമതി കൊടുത്തതിനെതിരെ ജനങ്ങള്‍ പ്രതിഷേധിച്ച സ്ഥലത്താണ് ഇപ്പോള്‍ വീണ്ടും അനുമതി കൊടുത്തിരിക്കുന്നത്.

2022ല്‍ ബ്രൂവറി അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനം എടുത്തിരുന്നെങ്കിലും പ്രതിപക്ഷ എതിര്‍പ്പിനെ തുടര്‍ന്ന് പിന്നോട്ട് പോവുകയായിരുന്നു. സര്‍ക്കാര്‍ തീരുമാനം ജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്നതാണ്.

പ്ലാച്ചിമട സമരം നടത്തിയ ജനങ്ങളാണ് ഇവിടെയെന്നും ഇപ്പോള്‍ അതിനടുത്തായാണ് ബ്രൂവറിക്ക് അനുമതി നല്‍കിയതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. കേരളത്തെ മദ്യത്തില്‍ മുക്കി കൊല്ലാനുള്ള തിരുമാനത്തിന്റെ ഭാഗമാണിതെന്നും അദ്ദേഹം വിമര്‍ശിച്ചു.

 

Continue Reading

Trending