Connect with us

kerala

കേരളം ആചാരവിശ്വാസികളുടെ ഭരണത്തില്‍, കുറിയും കുടുമയും പൂണൂലുമിട്ട് മുഖ്യമന്ത്രിയും പരിവാരങ്ങളും എഴുന്നള്ളട്ടെ!’, കടുത്ത വിമര്‍ശനവുമായി ഇടത് ചിന്തകന്‍ ഡോ. ആസാദ്‌

നെയ്യാറ്റിന്‍കരയിലെ വിവാദ സമാധി സ്ഥലം പൊളിക്കാന്‍ അധികൃതര്‍ മടിച്ചുനില്‍ക്കുന്നതിനെ വിമര്‍ശിച്ചാണ് തുടര്‍ച്ചയായ രണ്ടാം ദിവസവും ഡോ. ആസാദ് ഫേസ്ബുക്കില്‍ കുറിച്ചത്.

Published

on

സംസ്ഥാനം ഇപ്പോള്‍ ജനാധിപത്യ ഭരണത്തിലല്ലെന്നും ആചാരവിശ്വാസികളുടെ ഭരണത്തിലാണെന്നും ഇടതു ചിന്തകന്‍ ഡോ. ആസാദ്. ജനാധിപത്യം എന്ന വാക്ക് ഇനി നിങ്ങള്‍ മിണ്ടരുതെന്നും ജനങ്ങളുടെ സമരപതാകകള്‍ ഇനി ഉയര്‍ത്തരുതെന്നും ആസാദ് ആവശ്യപ്പെട്ടു.

ആചാരപാലകരുടെ കുറിയും കുടുമയും പൂണൂലുമിട്ട് മുഖ്യമന്ത്രിയും പരിവാരങ്ങളും എഴുന്നള്ളട്ടെയെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ അദ്ദേഹം പരിഹസിച്ചു.

നെയ്യാറ്റിന്‍കരയിലെ വിവാദ സമാധി സ്ഥലം പൊളിക്കാന്‍ അധികൃതര്‍ മടിച്ചുനില്‍ക്കുന്നതിനെ വിമര്‍ശിച്ചാണ് തുടര്‍ച്ചയായ രണ്ടാം ദിവസവും ഡോ. ആസാദ് ഫേസ്ബുക്കില്‍ കുറിച്ചത്.

കാണാനില്ലാത്ത ഒരാളെ അന്വേഷിക്കുന്ന പൊലീസ് ഒളിപ്പിച്ച ഇടം കണ്ടെത്തിയിട്ടും, ഒളിപ്പിച്ചവര്‍ അതേറ്റു പറഞ്ഞിട്ടും മറനീക്കി പുറത്തു കൊണ്ടുവരാന്‍ മടിച്ചുനില്‍ക്കുന്നതു കണ്ടില്ലേ? എന്ന് അദ്ദേഹം ചോദിക്കുന്നു. ജനാധിപത്യ സംവിധാനത്തിലെ പൊലീസ് മൃതിപ്പെട്ടു കഴിഞ്ഞു. ഭൂതാവേശിത ആചാര സംരക്ഷണ സേനയാണ് കാക്കിക്കുള്ളില്‍. അവരെ നയിക്കുന്നവരുടെ കൊടികള്‍ നിറം മാറി കാവിയായിക്കാണും! സംസ്ഥാനം സംഘപരിവാര ഗണത്തിലെ ഏതോ ഗോത്രത്തിന്റെ അധീനതയില്‍ ഒരു സംഘപരിവാര റിപ്പബ്ലിക്കായി മാറുകയാണെന്നും ഡോ. ആസാദ് ചൂണ്ടിക്കാട്ടുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെപൂര്‍ണരൂപം:

കേരളത്തില്‍ ഹിന്ദുത്വ ആചാര പരിവാര റിപ്പബ്ലിക്ക് വന്നുകഴിഞ്ഞോ? ഭരണഘടനയെയും ജനാധിപത്യ സംവിധാനങ്ങളെയും നിര്‍വീര്യമാക്കി മനുസ്മൃതി നിയമങ്ങള്‍ പ്രാബല്യത്തില്‍ വന്നുവോ? ആരാണ് ഇവിടെ കാര്യങ്ങള്‍ തീരുമാനിക്കുന്നത്? ആരാണ് രാജാവ്? ആരാണ് ഉപദേഷ്ടാവ്?

കാണാനില്ലാത്ത ഒരാളെ അന്വേഷിക്കുന്ന പൊലീസ് ഒളിപ്പിച്ച ഇടം കണ്ടെത്തിയിട്ടും, ഒളിപ്പിച്ചവര്‍ അതേറ്റു പറഞ്ഞിട്ടും മറനീക്കി പുറത്തു കൊണ്ടുവരാന്‍ മടിച്ചുനില്‍ക്കുന്നതു കണ്ടില്ലേ? ജനാധിപത്യ സംവിധാനത്തിലെ പൊലീസ് മൃതിപ്പെട്ടു കഴിഞ്ഞു. ഭൂതാവേശിത ആചാര സംരക്ഷണ സേനയാണ് കാക്കിക്കുള്ളില്‍. അവരെ നയിക്കുന്നവരുടെ കൊടികള്‍ നിറം മാറി കാവിയായിക്കാണും! സംസ്ഥാനം സംഘപരിവാര ഗണത്തിലെ ഏതോ ഗോത്രത്തിന്റെ അധീനതയില്‍ ഒരു സംഘപരിവാര റിപ്പബ്ലിക്കായി മാറുകയാണ്.

ഓരോ വിശ്വാസത്തിനും അതിന്റെ ആചാരത്തിനും സഞ്ചരിക്കാവുന്ന വ്യവഹാരപഥത്തിന് അതിരുകളുണ്ട്. രാജ്യത്തിന്റെ പൊതുജീവിതത്തെയും പൊതുബോധത്തെയും യുക്തിവിവേകത്തെയും നിയമ വ്യവസ്ഥയെയും അപഹസിക്കാനും തള്ളിക്കളയാനും ഏതു വിശ്വാസത്തിനാണ് അധികാരമുള്ളത്? ഏത് ആചാരവും ഒരു പൗരന്റെ ജീവിക്കാനുള്ള അവകാശത്തെയും അയാള്‍ക്കുമേല്‍ രാജ്യത്തിനുള്ള കരുതലിനെയും വെല്ലുവിളിക്കാന്‍ വളര്‍ന്നുകൂടാ. അത് ഉറപ്പുവരുത്തേണ്ട ഭരണകൂടം കാവിയിട്ട് കുംഭമേളക്ക് പോയതാവുമോ?

എനിക്ക് ഈ വിഷയംവിട്ട് മറ്റൊന്നും ആലോചിക്കാന്‍ ആവുന്നില്ല. കേരളത്തെപ്പറ്റിയുള്ള നമ്മുടെ വിശ്വാസവും അഭിമാനവുമാണ് തകര്‍ന്നുപോവുന്നത്. അത് തകര്‍ത്തെറിയുന്നത് അതു സംരക്ഷിക്കാന്‍ ബാദ്ധ്യതപ്പെട്ടവരുടെ മുന്നിലാണ്. ഒന്നു തടയാന്‍, ഭരണഘടന ചീന്തിയെറിയുന്നവരെ തളയ്ക്കാന്‍ ശേഷിയില്ലാതെ അവര്‍ കോമാളികളാകുന്നു!

ഇപ്പോഴും നിങ്ങള്‍ നവോത്ഥാനത്തെപ്പറ്റി സംസാരിക്കുന്നുവോ? ഇപ്പോഴും നിങ്ങള്‍ കേരളത്തിന്റെ സംസ്‌കാരത്തെപ്പറ്റി പൊങ്ങച്ചം പറയുന്നുവോ? ഇപ്പോഴും നിങ്ങള്‍ ഫാഷിസ്റ്റ് വിരുദ്ധ ചേരിയിലും സമരത്തിലുമാണെന്ന് അവകാശവാദം പറയുന്നുവോ? നിങ്ങള്‍ ജനാധിപത്യ മതേതര മൂല്യങ്ങളുടെ സംരക്ഷകരാണെന്ന് നടിക്കുന്നുവോ?

കേരളം ജനാധിപത്യ ഭരണത്തിലല്ല. ആചാരവിശ്വാസികളുടെ ഭരണത്തിലാണ്. ജനാധിപത്യം എന്ന വാക്ക് ഇനി നിങ്ങള്‍ മിണ്ടരുത്. ജനങ്ങളുടെ സമരപതാകകള്‍ ഇനി നിങ്ങള്‍ ഉയര്‍ത്തരുത്. ആചാരപാലകരുടെ കുറിയും കുടുമയും പൂണൂലുമിട്ട് മുഖ്യമന്ത്രിയും പരിവാരങ്ങളും എഴുന്നള്ളട്ടെ!!

kerala

പത്തനംതിട്ട പീഡനം; ഇതുവരെ അറസ്റ്റിലായത് 49 പേര്‍

സംഭവത്തില്‍ ആകെ 60 പ്രതികള്‍ ഉള്‍പ്പെട്ടിട്ടുള്ളതായി പോലീസ് പറയുന്നു.

Published

on

കായിക താരമായ ദളിത് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഇതുവരെ 49 പേര്‍ അറസ്റ്റിലായി. സംഭവത്തില്‍ ആകെ 60 പ്രതികള്‍ ഉള്‍പ്പെട്ടിട്ടുള്ളതായി പോലീസ് പറയുന്നു. ഇനി ഒമ്പത് പ്രതികളെ കൂടി കണ്ടെത്താനുണ്ടെന്നും രണ്ട് പേര്‍ക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ടെന്നും ഡി.വൈ.എസ്.പി. നന്ദകുമാര്‍ പറഞ്ഞു.

അതേസമയം അറസ്റ്റിലായവരില്‍ അഞ്ചു പ്രതികള്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. സംഭവവുമായി ബന്ധപ്പെട്ട് 31 കേസുകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് നിലവില്‍ പത്തനംതിട്ട ഇലവുംതിട്ട പോലീസ് സ്റ്റേഷനിലാണ്.

ലൈംഗികാതിക്രമം നടത്തിയവരെ കുറിച്ചുള്ള വിവരങ്ങള്‍ പെണ്‍കുട്ടി ആദ്യ മൊഴിയില്‍ തന്നെ നല്‍കിയിരുന്നു. പേര്, സ്ഥലം, മൊബൈല്‍ നമ്പര്‍, സാമൂഹികമാധ്യമ അക്കൗണ്ട് എന്നിങ്ങനെ പ്രതികളെ കുറിച്ചുള്ള വിവരങ്ങള്‍ പെണ്‍കുട്ടി പോലീസിന് നല്‍കിയിരുന്നു.

ആദ്യഘട്ടത്തില്‍ ഇലവുംതിട്ട, പത്തനംതിട്ട പോലീസ് സ്റ്റേഷന്‍ പരിധികളില്‍ മാത്രമായിരുന്നു അന്വേഷണം നടന്നിരുന്നതെങ്കിലും ക്രമേണ അന്വേഷണം അഞ്ച് പോലീസ് സ്റ്റേഷനുകളിലേക്കും കൂടി വ്യാപിപ്പിച്ചു.

അതേസമയം, ബുധനാഴ്ച ഉച്ചയോടെ കേസിലെ ഒരു പ്രതി മാതാപിതാക്കളോടൊപ്പം പത്തനംതിട്ട പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. വൈദ്യപരിശോധനയക്ക് ശേഷം ബുധനാഴ്ച രാത്രിയോടുകൂടി ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തും.

 

Continue Reading

kerala

നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ കല്ലറ നാളെ തുറന്ന് പരിശോധിക്കും

രാവിലെ ഒന്‍പത് മണിയോടെ കല്ലറ തുറക്കുമെന്നാണ് സൂചന.

Published

on

തിരുവനന്തപുരം നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ കല്ലറ നാളെ തുറന്ന് പരിശോധിക്കും. മൃതദേഹം പുറത്തെടുക്കാനാണ് നീക്കം. ബാരിക്കേഡ് അടക്കം ഉയര്‍ത്തി പ്രദേശത്ത് പൊലീസ് സുരക്ഷ ഉറപ്പാക്കും. കല്ലറയ്ക്ക് സമീപത്തുവെച്ച് തന്നെ ഇന്‍ക്വസ്റ്റും പോസ്റ്റുമോര്‍ട്ടവും നടത്താനാണ് നിലവില്‍ തീരുമാനം. രാവിലെ ഒന്‍പത് മണിയോടെ കല്ലറ തുറക്കുമെന്നാണ് സൂചന.

കല്ലറ പൊളിക്കുന്നത് അന്വേഷണത്തിന്റെ ഭാഗമായാണെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. അതേസമയം കല്ലറ പൊളിക്കാനുള്ള ആര്‍ഡിഒയുടെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന കുടുംബത്തിന്റെ ആവശ്യവും ഹൈക്കോടതി തള്ളി. ഗോപന്‍ സ്വാമിയുടെ മരണ സര്‍ട്ടിഫിക്കറ്റ് എവിടെയെന്നും കോടതി ആരാഞ്ഞു.

 

 

Continue Reading

india

ബെംഗളൂരുവില്‍ റോഡില്‍ ബൈക്ക് തെന്നിവീണ് മലയാളി യുവാവിന് ദാരുണാന്ത്യം

മലപ്പുറം കാവനൂര്‍ പുല്ലംപറമ്പ് സ്വദേശി വിളയില്‍ ഹൗസ് മൊയ്ദുവിന്റെ മകന്‍ മുഹമ്മദ് മഹ്റൂഫ് (27) ആണ് മരിച്ചത്.

Published

on

ബെംഗളൂരുവില്‍ ബൈക്ക് റോഡില്‍ തെന്നിമറിഞ്ഞ് മലയാളി യുവാവിന് ദാരുണാന്ത്യം. മലപ്പുറം കാവനൂര്‍ പുല്ലംപറമ്പ് സ്വദേശി വിളയില്‍ ഹൗസ് മൊയ്ദുവിന്റെ മകന്‍ മുഹമ്മദ് മഹ്റൂഫ് (27) ആണ് മരിച്ചത്.

ഇന്ന് രാവിലെ നാഗവര റോഡിലായിരുന്നു അപകടം നടന്നത്. യുവാവ് സഞ്ചരിച്ച ബൈക്ക് റോഡില്‍ തെന്നി മറിയുകയായിരുന്നു. ഉടനെ തൊട്ടടുത്തുള്ള ശ്യാംപുര അംബേദ്കര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ബെംഗളൂരുവിലെ ഒരു സ്വകാര്യ കമ്പനിയില്‍ ഒന്നര വര്‍ഷത്തോളമായി ജോലി ചെയ്തു വരികയാണ് മുഹമ്മദ് മഹ്റൂഫ്. യുവാവിന്റെ മൃതദേഹം നാട്ടില്‍ എത്തിച്ചു. സംസ്‌കാരച്ചടങ്ങുകള്‍ നാളെ രാവിലെ ഒമ്പതിന് കാവനൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

 

 

Continue Reading

Trending