നാഴികക്ക് നാല്‍പത് വട്ടം കളം മാറിച്ചവിട്ടിയ റെക്കോഡുള്ളതിനാല്‍ കേരള രാഷ്ട്രീയത്തിലെ എടുക്കാചരക്കായത് മാത്രമാണ് പി.സി ജോര്‍ജെന്ന രാഷ്ട്രീയ നേതാവിന്റെ രാഷ്ട്രീയ സമ്പാദ്യം. ലൈംലൈറ്റില്‍ നിന്നും അകന്നതോടെ സ്വന്തം പാര്‍ട്ടിയായ ജനപക്ഷം ചാണക പക്ഷമാക്കി ബി.ജെ.പിയിലാണ് ജോര്‍ജ്ജും മകനും ഒടുവില്‍ അഭയം തേടിയത്. നാക്കിന് എല്ലില്ലാത്തതിനാല്‍ വായില്‍ തോന്നുന്നത് കോതക്ക് പാട്ടെന്ന നിലയില്‍ എന്തും വിളിച്ചു പറയും. എല്ലാത്തിനും തെളിവുണ്ടെന്ന് വീമ്പ് പറയും ഒടുവില്‍ സിനിമയില്‍ ശങ്കരാടി കാണിക്കുന്ന പോലെ കൈ രേഖ ഉയര്‍ത്തിക്കാണിക്കും ഇതാണ് പി.സി സ്‌റ്റൈല്‍. ഇടത് മാറി വലത് മാറി ഒടുവില്‍ ചാണകക്കുഴിയില്‍ വി ണതോടെ ഇപ്പോള്‍ വര്‍ഗീയ വിഷം ചീറ്റുക എന്ന എളുപ്പ പണിയാണ് പി.സി പയറ്റുന്നത്. കൂട്ടിന് ക്രിസംഘികളും സാക്ഷാല്‍ സംഘികളുമുള്ളതിനാല്‍ യഥേഷ്ടം മേഞ്ഞ് നടക്കുകയാണ്. ഇപ്പോള്‍ മുസ്ലിംകള്‍ക്കെതിരെ വര്‍ഗീയ വിഷം തുപ്പി നടക്കുകയാണ് ജോര്‍ജ്ജ്. നിരന്തരം വര്‍ഗീയ വിഷം വിളമ്പുന്ന ഒരാള്‍ക്കെതിരെ അറസ്റ്റ് ഉള്‍പ്പെടെയുള്ള കാര്യങ്ങളിലേക്ക് കടക്കാന്‍ എന്താണ് ഇത്ര വിമു ഖത എന്നതാണ് അത്ഭുതം. മനുഷ്യര്‍ക്കിടയില്‍ ജാതിമത വിഭാഗീയത ഉണ്ടാക്കുക മതത്തിന്റെ അടിസ്ഥാനത്തില്‍ ആളുകളെ ഭിന്നിപ്പിക്കുന്ന തരത്തിലുള്ള വര്‍ഗീയത പ്രസംഗി ക്കുക എന്നത് ഇന്ത്യന്‍ നിയമപ്രകാരം കുറ്റമാണ്. ആ കുറ്റം ഒരാള്‍ ചെയ്തു എന്ന് തെളിഞ്ഞാല്‍ മുന്‍പില്‍ തെളിവുകള്‍ ഉണ്ടെങ്കില്‍ അയാള്‍ക്കെതിരെ പരാതിയില്ലാതെ കേസ് എടുക്കാനും നിയമനടപടികളുമായി മുന്നോട്ടു പോകാ നുള്ള ബാധ്യത ഭരണകുടത്തിനുണ്ട്. എന്നിട്ടും ഇതിനൊന്നും തയ്യാറാവാതെ പി.സിയെ കെട്ടഴിച്ചു വിട്ടിരിക്കുകയാണ് ആഭ്യന്തര വകുപ്പും പൊലീസും. മുഖ്യധാരയില്‍ നിന്ന് ആട്ടി അകറ്റപ്പെട്ട ഒരാള്‍ രാഷ്ട്രീയമായി മോഹഭംഗം വന്ന ഒരാള്‍ എന്തൊക്കെയോ പിച്ചും പേയും വിളിച്ചു പറയുന്നു.
അയാള്‍ പറയട്ടെ എന്ന രീതിയില്‍ അത്രത്തോളം ലാഘവത്തോടെ ഇതിനു മൗനാനുവാദം നല്‍കുന്നതിന് പിന്നില്‍ സര്‍ക്കാറിന് കൃത്യമായ അജണ്ടയുണ്ടെന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു. ഒരു പബ്ലിക് പ്ലാറ്റ്‌ഫോമില്‍ വന്ന് വര്‍ഗീയത പറയുന്നുണ്ടെങ്കില്‍ അയാള്‍ക്കെതിരെ കേസ് എടുക്കുക എന്നത് നിയമപരമായ ഭരണഘടനാപരമായ സര്‍ക്കാരിന്റെ ബാധ്യതയാണ്. എന്നാല്‍ പിണറായി വിജയന്‍ സര്‍ക്കാരിനും സി.പി.എമ്മിനും ഇക്കാര്യത്തില്‍ മൗനം സമ്മതമാണ്.
കേസ് എടുത്ത് പി.സിയെ വളര്‍ത്തണ്ട എന്ന ന്യായവാദത്തിലൂടെ പി.സിയെ പരോക്ഷമായി പിന്തുണച്ചു പോവുകയാണ് സര്‍ക്കാര്‍. കേസ് എടുക്കുക എന്നുള്ളതാണ് നിയമപരമായ കാര്യം. എന്നാല്‍ ഈ ഭരണകുടം അത് ചെയ്യുന്നില്ല. സ്ഥിരമായി ഒരേ കുറ്റം ആവര്‍ത്തിക്കുന്നയാളാണ് പി.സി. നേരത്തെ അനന്തപുരിയിലെ ഹിന്ദു മഹാപരിഷത്തിന്റെ ചടങ്ങില്‍ മറ്റു മതങ്ങളിലെ ആളുകളെ വന്ധീകരിക്കാന്‍ വേണ്ടി എന്തൊക്കെയോ പണികള്‍ മുസ്ലിംകള്‍ ചെയ്യുന്നു എന്ന് പ്രസംഗിച്ച് കേസില്‍ പെടുകയും ആ കേസില്‍ അറ സ്റ്റിലാക്കപ്പെടുകയും ചെയ്തിരുന്നു. അന്ന് കര്‍ശനമായ വ്യവസ്ഥകളോടെയാണ് കോടതി ജാമ്യം നല്‍കുന്നത്. അന്നു തന്നെ പ്രോസിക്യൂട്ടര്‍ ഹാജരാവാതെ പി.സിക്കു വേണ്ടി ഒത്തു കളിച്ചുവെന്ന വിവാദം നിലനില്‍ക്കുന്നുണ്ട്. അറസ്റ്റു തന്നെ എ.കെ.ജി സെന്റര്‍ ആക്രമണ കേസില്‍ പ്രതിയെ പിടിക്കാതെ സര്‍ക്കാരും സി.പി.എമ്മും നക്ഷത്രമെണ്ണുന്ന സമയത്താണ്. താല്‍ക്കാലിക രക്ഷപ്പെടലിനു വേണ്ടി മാത്രം. 2023 ല്‍ ഇതിനേക്കാള്‍ വലിയ വര്‍ഗീയ പരാമര്‍ശങ്ങളുമായി ജോര്‍ജ് വിണ്ടും രംഗത്ത് വന്നു. ഇപ്പോഴിതാ 2025 ല്‍ പി.സി വീണ്ടും ഒരു ചാനലിലൂടെ മുസ്ലിംകള്‍ക്കെതിരായിട്ടുള്ള കടുത്ത വര്‍ഗീയ വിഭജന മുദ്രാവാക്യങ്ങള്‍ വിളിച്ചുകൊണ്ട് രംഗത്ത് വരുന്നു. പി.സിയെ 153 എ ചുമത്തി ക്കൊണ്ട് അറസ്റ്റു ചെയ്തു പോയാല്‍ ഒരു കോടതിക്കും ജാമ്യം അനുവദിക്കാന്‍ കഴിയില്ല. കാരണം ഇത് അബദ്ധത്തില്‍ പറ്റിയതാണെന്നോ വാക്കുകള്‍ വളച്ചൊടിച്ചതാണെ ന്നോ പറഞ്ഞു ഒഴിവാക്കാന്‍ അയാള്‍ക്ക് ഒരിക്കലും പറ്റില്ല.
കാരണം നിരന്തരമായി അയാള്‍ തീവ്ര വര്‍ഗീയത പറഞ്ഞു കൊണ്ടിരിക്കുകയാണ്. തിരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ട് ഇലക്ടറല്‍ പൊളിറ്റിക്സിന്റെ മുഖ്യധാരയില്‍ നിന്ന് ജനം ആട്ടി അകറ്റിയ ഒരാളെന്ന നിലയില്‍ മാത്രം പി.സിയെ കാണാനാവില്ല. ഇന്നയാള്‍ ഭാരതീയ ജനതാ പാര്‍ട്ടിയുടെ കേരളത്തിലെ പ്രധാനപ്പെട്ട നേതാക്കളില്‍ ഒരാളാണ്. അതു കൊണ്ട് തന്നെ ഇത് പി.സിയുടെ വ്യക്തിപരമായ വാദമായി മാത്രം കാണാനാവില്ല. മുമ്പ് അനന്തപുരി സമ്മേളനത്തിന്റെ ഭാഗമായി വര്‍ഗീയത പ്രസംഗിച്ച കേസില്‍ അറസ്റ്റിലായി ജാ മ്യത്തിലായ പി.സിയെ കാണാന്‍ ഒരു മതപുരോഹിതന്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തി അദ്ദേഹത്തെ സന്ദര്‍ശിച്ചു പുറത്തിറങ്ങി വന്നപ്പോള്‍ അഭിവാദ്യം അര്‍പ്പിച്ചു കൊണ്ട് ബി.ജെ.പിക്കാര്‍ പൊലീസ് വാഹനം തടഞ്ഞത് വരെ നാം കണ്ടതാണ്.
പി.സി ഒറ്റപ്പെട്ട സംഭവമല്ല. വലിയ പൊളിറ്റിക്കല്‍ പ്രോജക്ടിന്റെ പ്രചാരകനാണ് എന്നത് ഈ സര്‍ക്കാര്‍ മാത്രം മനസിലാക്കുന്നില്ല. അല്ലെങ്കില്‍ അടുത്ത തദ്ദേശ തിരഞ്ഞെടുപ്പിലേക്ക് സര്‍ക്കാറിനു കൂടി സഹായകരമായ രീതിയില്‍ സമൂഹത്തില്‍ ഛിദ്രത സൃഷ്ടിക്കുക എന്ന പരിപാടിയാണ് നടത്തുന്നത്. സര്‍ക്കാറിനെ നയിക്കുന്നവരും പാര്‍ട്ടിയും അല്ലെങ്കില്‍ തന്നെ പ്രതിപക്ഷത്തിനെതിരെ ഒരു നറേറ്റീവ് സ്യഷ്ടിച്ച് തിരഞ്ഞെടുപ്പില്‍ താല്‍ക്കാലിക ലാഭം കൊയ്യാന്‍ ശ്രമിക്കുകയാണ്. അതിനാല്‍ തന്നെ പി.സിയും പല പി.സിമാരും എന്തു പറഞ്ഞാലും നമ്മള്‍ക്ക് കിട്ടണം വോട്ട് എന്നത് മാത്രമാണ് സര്‍ക്കാര്‍, ഇടത് നിലപാട്. പാലക്കാട് ഇതിന്റെ പ്രമോ സീന്‍ ആയിരുന്നു. ഇനി മുഴുസീന്‍ വരാനിരിക്കുന്നു. ഹണി റോസിന്റെ പരാതിയില്‍ ബോയെ അറസ്റ്റു ചെയത് അകത്താക്കാന്‍ കാണിച്ച വ്യഗ്രത പരസ്യ വര്‍ഗീയത പറയുന്ന പി.സിക്കെതിരെ എന്തേ കാണിക്കാത്തത്. ആഭ്യന്തര വകുപ്പ് ഇത്രമേല്‍ കോമഡിയായി മാറിയ ഒരു ഭരണ കുടം ലോകത്ത് തന്നെ കണ്ടേക്കില്ല.