കരുളായിയില്‍ ആദിവാസി യുവാവ് മണി കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഫോറസ്റ്റ് ഓഫീസിനു മുന്നില്‍ പ്രതിഷേധിച്ചതിന്റെ പേരില്‍ പി.വി അന്‍വര്‍ എം.എല്‍.എയെ കഴിഞ്ഞ ദിവസം ഭീകരാന്തരീക്ഷം സൃഷിച്ച് അറസ്റ്റുചെയ്ത പൊലീസ് നടപടി പിണറായി സര്‍ക്കാറിന്റെ പ്രതികാര രാഷ്ട്രീയത്തിന്‍ വ്യക്തമായ തെളിവായി മാറിയിരിക്കുകയാണ്. നിയമസഭാ സാമാജികനായ പി.വി അന്‍വറിനെ ചോദ്യം ചെയ്യണമെങ്കില്‍ അദ്ദേഹത്തെ ഒന്നു ഫോണില്‍ വിളിക്കേണ്ട ആവശ്യം മാത്രമേ നിലമ്പൂര്‍ പൊലീസിനുള്ളൂ. അങ്ങിനെയിരിക്കെയാണ് കേവലം 35000 രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചുവെന്ന കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടതിന്റെ പേരില്‍ രാത്രിയില്‍ വീടുവളഞ്ഞ് സങ്കര്‍ഷ സാഹചര്യങ്ങള്‍ സൃഷ്ടിച്ച് പൊലീസിന്റെ പൊറാട്ട നാടകം അരങ്ങേറിയിരിക്കുന്നത്. അറസ്റ്റുരേഖപ്പെടുത്തി 24 മണിക്കൂറിനു മുമ്പ്തന്നെ അദ്ദേഹത്തിന് ജാമ്യം ലഭിച്ചത് കേസ് എത്രത്തോളം ദുര്‍ബലമാണെന്നതിന്റെ നഖചിത്രമാണ്. പി.ഡി.പി.പി ആക്ട് അഥവാ പൊതുമുതല്‍ നശിപ്പിക്കല്‍ നിരോധന നിയമപ്രകാരം പൊതുപ്രവര്‍ത്തകര്‍ക്കെ തിരെ കേസെടുക്കല്‍ കേരളത്തില്‍ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. പ്രസ്തുത നിയമപ്രകാരം ഏറ്റവും കൂടുതല്‍ കേസ് ചാര്‍ത്തപ്പെട്ടിരിക്കുന്നത് കേരളം ഭരിക്കുന്ന സി.പി.എം നേതാക്കളുടെ പേരില്‍ തന്നായായിരിക്കും. നിയമസഭാ കൈയ്യാങ്കളിയുള്‍പ്പെടെയുള്ള നിരവധിയായ കേസുകളില്‍ സി.പി.എം നേതാക്കള്‍ വിചാരണ നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇവരെല്ലാം സര്‍വതന്ത്ര സ്വതന്ത്രരായി നിയമസഭക്കകത്ത് മാത്രമല്ല, മന്ത്രിസഭയില്‍ പോലും വി ഹരിക്കുമ്പോഴാണ് അന്‍വറിന്റെ പേരിലുള്ള ഈ പരാക്രമണമെന്നത് പിണറായി സര്‍ക്കാറിന്റെ ഗൂഢാലോചന പകല്‍ പോലെ പ്രകടമാക്കുന്നതാണ്.
തനിക്കുനേരെ തിരിഞ്ഞാല്‍ ഇതായിരിക്കും സ്ഥിതിയെന്ന ഫാസിസ്റ്റ് മനോഭാവത്തിലുള്ള, ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്നറിയിപ്പാണ് യഥാര്‍ത്ഥത്തില്‍ നിലമ്പൂരില്‍ അരങ്ങേറിയത്. അന്‍വറല്ല ആരുതന്നെയായാലും തന്നോട് കളിച്ചാല്‍ ഇങ്ങനെയിരിക്കുമെന്നാണ് ഒരുകാലത്ത് തന്റെ മനസാക്ഷി സൂക്ഷിപ്പുകാരനായ അന്‍വറിനെതിരെയുള്ളനീക്കത്തിലുടെ അദ്ദേഹം നല്‍കുന്ന സൂചന. ലോകസഭാ, നിയമസഭാ ഉ പതിരഞ്ഞെടുപ്പുകളുടെ പടിവാതില്‍ക്കല്‍വെച്ച് രണ്ടാം പിണറായി സര്‍ക്കാറിന്റെ കാലത്ത് അധികാരത്തിന്റെ ഇടനാഴികളില്‍ നടന്നുകൊണ്ടിരിക്കുന്ന ഒത്തുതീര്‍പ്പുകളെക്കുറിച്ചും ഗൂഢാലോചനകളെക്കുറിച്ചും ഭരണകക്ഷി എം.എല്‍.എ നടത്തിയ വെളിപ്പെടുത്തല്‍ സര്‍ക്കാറിനും സി.പി.എമ്മിനുമുണ്ടാക്കിയ പരിക്ക് ചില്ലറായായിരുന്നില്ല.ഡി.ജി.പി. എം.ആര്‍ പത്മകുമാര്‍ ഇടനിലക്കാരനായി ആര്‍.എസ്.എസുമായി പിണറായി രൂപപ്പെടുത്തിയ ബാന്ധവത്തെക്കുറിച്ചും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ നേതൃത്തില്‍ അദ്ദേഹത്തിന്റെ ഓഫീസ് കേന്ദ്രികരിച്ചുനടക്കുന്ന വഴിവിട്ട ഇടപാടുകളെക്കുറിച്ചുമെല്ലാം അന്‍ വര്‍ തുറന്നടിച്ചപ്പോള്‍ കാലങ്ങളായി പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളുടെ ഭരണപക്ഷത്തുനിന്ന് തന്നെയുള്ള അടിവരയിടലായി അതുമാറിയിരുന്നു. പി.ആര്‍ ഏജന്‍സികള്‍ ഊതിപ്പീര്‍പ്പിച്ച പിണറായി വിജയനെന്ന ചീട്ടുകൊട്ടാരം തകര്‍ന്നുവീണപ്പോള്‍ ജാള്യതയുടെയും നാണക്കേടിന്റെയും അഗാധ ഗര്‍ത്തത്തില്‍ അകപ്പെട്ടുപോയ മുഖ്യമന്ത്രിക്ക് മറുപടിയായുണ്ടായിരുന്നത് ദീനരോധനത്തിനുസമാനമായ ഒരു ഹ, ഹ,ഹ മാത്രമായിരുന്നു. തിരഞ്ഞെടുപ്പ് അന്തരീക്ഷമായതിനാല്‍ പുറത്തെടുക്കാന്‍ കഴിയാതിരുന്ന പ്രതികാരത്തിന്റെ മൂര്‍ച്ചയേറിയ ഇരുമ്പ് ദണ്ഡ് അവസരംകിട്ടിയപ്പോള്‍ അന്‍വറിന്റെ മേല്‍ ആഞ്ഞുപതിപ്പിക്കുക മാത്രമാണ് ഇപ്പോള്‍ അദ്ദേഹം ചെയ്തിരിക്കുന്നത്.
രാഷ്ട്രീയമായ ഐക്യപ്പെടുന്നവര്‍ക്കും അല്ലാത്തവര്‍ക്കും അന്‍വര്‍ നിലവില്‍ ഉയര്‍ത്തിയിരിക്കുന്ന വിഷയങ്ങളോട് വിയോജിപ്പുണ്ടാവുമെന്ന് കരുതാന്‍വയ്യ. വന്യജീവി ആക്രമണം നിലവില്‍ കേരളം നേരിടുന്ന അതീവ ഗുരുതരമായ വിഷയമാണ്. ആനയുടെയും കടുവയുടെയുമെല്ലാം ആക്രമണത്തില്‍ മനുഷ്യജീവനുകള്‍ ക്രൂരമായി കൊലചെയ്യപ്പെടുമ്പോള്‍ സര്‍ക്കാറിന്റെ ഉദാസീന നിലപാടിനെതിരെ ശക്തമായ ജനരോഷമുയരുന്നത് സര്‍വസാധാ രണമാണ്. കരുളായിയില്‍ മാത്രമല്ല, ദിവസങ്ങള്‍ക്ക് മുമ്പ് തൊടുപുഴയില്‍ അമര്‍ ഇലാഹി എന്ന 22 കാരന്‍ മരിച്ചപ്പോഴും കനത്ത ജനരോഷമാണ് ഉയര്‍ന്നത്. ഇത്തരം പ്രതിഷേധങ്ങളില്‍ നിന്ന പാഠം ഉള്‍ക്കൊള്ളാനും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുകയെന്ന ഭരണകുടത്തിന്റെ പ്രാഥമിക ഉത്തരവാദിത്തം നിറവേറ്റാനും സന്നദ്ധരാകുന്നതിനുപകരം അതിനെ പ്രതികാര രാഷ്ട്രീയത്തിനുള്ള അവസരമായിക്കാണുന്ന ഈ സര്‍ക്കാര്‍ അധപ്പതനത്തി ന്റെ അങ്ങേയറ്റത്താണ് നിലയുറപ്പിച്ചതെന്ന് നിസംശയം പറയാനാകും.