Connect with us

kerala

പുതുവത്സരത്തലേന്ന് സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യ വില്‍പന; ഇക്കുറി മുന്നില്‍ എറണാകുളം

കൂടുതല്‍ മദ്യം വിറ്റത് കൊച്ചി രവിപുരം ഔട്ട്‌ലെറ്റിലാണ്.

Published

on

സംസ്ഥാനത്തെ മദ്യ വിൽപ്പനയിൽ വൻ വർധന. പുതുവത്സരത്തിന് കേരളം കുടിച്ച് തീർത്തത് 108 കോടിയുടെ മദ്യം. പുതുവത്സര തലേന്ന് റെക്കോര്‍ഡ് മദ്യവില്‍പ്പനയാണ് ഉണ്ടായത്. വിൽപ്പനയിൽ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 13 കോടിയുടെ വര്‍ധനവുണ്ടായി.

ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ വഴി വിറ്റത് 96. 42 കോടിയുടെ മദ്യമാണ്. എറണാകുളം ജില്ലയിലാണ് കൂടുതൽ വിൽപ്പന നടന്നത്. കൂടുതല്‍ മദ്യം വിറ്റത് കൊച്ചി രവിപുരം ഔട്ട്‌ലെറ്റിലാണ്. ഇവിടെ നിന്ന് മാത്രം 92.31 ലക്ഷം രൂപയുടെ മദ്യവിൽപ്പന നടന്നു. തിരുവനന്തപുരത്തെ പവർ ഹൗസ് റോഡ് ഔട്ട് ലെറ്റാണ് രണ്ടാം സ്ഥാനത്ത്. ക്രിസ്മസ്-പുതുവത്സര സീസണില്‍ ഇത്തവണ ആകെ വിറ്റത് 712.05 കോടിയുടെ മദ്യമാണ്.

കഴിഞ്ഞ വര്‍ഷം പുതുവര്‍ഷത്തലേന്ന് കേരളം കുടിച്ചത് 95.69 കോടിയുടെ മദ്യമായിരുന്നു. ബെവ്‌കോ ഔട്ട്‌ലെറ്റുകളിലൂടെ 94.77 കോടിയുടെ മദ്യമാണ് അന്ന് വിറ്റത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഏതാണ്ട് 2.28 കോടിയുടെ അധികവിൽപനയാണ് ഇത്തവണയുണ്ടായത്. സാധാരണ കൊല്ലം, തൃശ്ശൂർ ജില്ലകളിലായിരുന്നു കൂടുതൽ വിൽപ്പന നടക്കുന്നത്. എന്നാൽ ഇത്തവണ അത് എറണാകുളത്തും തിരുവന്തപുരത്തുമാണ്. നാലാം സ്ഥാനത്താണ് കൊല്ലം ഔട്ട്‌ലെറ്റ്. ചാലക്കുടിയിലുള്ള ഔട്ട്‌ലെറ്റിലും വലിയ രീതിയിൽ മദ്യവിൽപ്പന നടന്നു.

 

kerala

ഇത്ര പ്രതികാര ഭ്രാന്ത് ഉള്ള സര്‍ക്കാരിനെ കേരളത്തിലെ ജനാധിപത്യ വിശ്വാസികള്‍ ഇതുവരെ കണ്ടിട്ടില്ല; കെ.എം ഷാജി

നാട്ടില്‍ ഇറങ്ങിയാല്‍ സിപിഎം കൊല്ലും കാട് കയറിയാല്‍ ആന കൊല്ലും അതാണ് അവസ്ഥ

Published

on

കോഴിക്കോട്: ഇത്ര പ്രതികാര ഭ്രാന്ത് ഉള്ള സര്‍ക്കാരിനെ കേരളത്തിലെ ജനാധിപത്യ വിശ്വാസികള്‍ ഇതുവരെ കണ്ടിട്ടില്ലെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി. പി.വി അന്‍വര്‍ എംഎല്‍എയുടെ അറസ്റ്റില്‍ പ്രതികരിക്കുകയായിരുന്നു അദ്ധേഹം. മാന്യമായ രീതിയില്‍ ഒരു അറസ്റ്റ് ഒരു ജനപ്രധിനിധിക്ക് ആവശ്യമാണ്. എന്തിന് വേണ്ടിയാണ് അറസ്റ്റ് എന്ന കാര്യം നമ്മള്‍ ചര്‍ച്ച ചെയ്യാന്‍ മറന്നു പോകരുത്. ഒരു ആദിവാസി യുവാവിനെ ആന ചവിട്ടി കൊന്നപ്പോള്‍ ആണ് പ്രതികരിച്ചത്. നാട്ടില്‍ ഇറങ്ങിയാല്‍ സിപിഎം കൊല്ലും കാട് കയറിയാല്‍ ആന കൊല്ലും അതാണ് അവസ്ഥ. പൊതുമുതല്‍ നശിപ്പിക്കുകയാണെങ്കില്‍ ആദ്യം ആരെയാണ് അറസ്റ്റ് ചെയ്യേണ്ടതെന്നും ഷാജി ചോദിച്ചു.

അന്‍വര്‍ സിപിഎനൊപ്പം നിന്നപ്പോള്‍ വലിയ പ്രശ്‌നം ഉണ്ടായിരുന്നില്ല. അയാള്‍ പാര്‍ട്ടിയില്‍ നിന്ന് ഇറങ്ങിയപ്പോള്‍ ആണ് പ്രശ്‌നം. ഒന്നുകില്‍ ഇടതുപക്ഷത്തിന് വിധേയപ്പെടുക, അല്ലെങ്കില്‍ വീട്ടില്‍ പേരക്കുട്ടിയെ തൊട്ടിലാട്ടി കുത്തിരീക്കുക എന്നല്ലാതെ വായ തുറക്കാന്‍ പാടില്ല എന്നു പറയുന്ന ഒരു തരം അപകടകരമായ ജനാധിപത്യവിരുദ്ധമായ സമീപനമാണ് സിപിഎം ഇവിടെ കാണിച്ചുകൊണ്ടിരിക്കുന്നത്. അന്‍വര്‍ നടത്തിയ ജനാധിപത്യ പ്രവര്‍ത്തനങ്ങളെ മുസ്‌ലിം ലീഗ് പിന്തുണയ്ക്കുന്നു. അന്‍വറിന്റെ രാഷ്ട്രീയ മാറ്റങ്ങള്‍ അല്ല, ഭരണകൂടം അന്‍വറിനോട് കാണിച്ച ക്രൂരതകള്‍ ആണ് ചര്‍ച്ച ചെയ്യേണ്ടത്.

അപകടകരമായ കമ്മ്യൂണിസ്റ്റ് രാജ് നമ്മുടെ നാട്ടില്‍ നടപ്പിലാക്കുന്നു. ഒരു ഇടതുപക്ഷ സര്‍ക്കാരില്‍ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്തത്. അന്‍വറിന് ലഭ്യമാകേണ്ട എല്ലാ ജനാധിപത്യ അവകാശങ്ങള്‍ക്കും ഒപ്പം ലീഗ് ഉണ്ട്. അന്‍വര്‍ ഉയര്‍ത്തിയ പ്രശ്‌നങ്ങളുടെ കൂടെ തങ്ങളുണ്ടെന്നും ഷാജി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

മെഗാ നൃത്ത പരിപാടിക്കിടെയുണ്ടായ അപകടം; മൂന്ന് കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് നോട്ടീസ്

ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ സുധീഷ് കുമാര്‍, ഹെല്‍ത്ത് ഓഫീസര്‍ ഡോ.ശശികുമാര്‍, റവന്യൂ ഇന്‍സ്‌പെക്ടര്‍ എന്നിവര്‍ക്ക് ഏഴു ദിവസത്തിനകം മറുപടി ആവശ്യപ്പെട്ട് സെക്രട്ടറിയാണ് നോട്ടീസ് നല്‍കിയത്

Published

on

കൊച്ചി: കലൂര്‍ സ്റ്റേഡിയത്തില്‍ ഉമ തോമസ് എംഎല്‍എയ്ക്ക് പരിക്കേറ്റ മെഗാ നൃത്ത പരിപാടിക്കിടിയുമായി ബന്ധപ്പെട്ട് മൂന്ന് കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് നോട്ടീസ്. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ സുധീഷ് കുമാര്‍, ഹെല്‍ത്ത് ഓഫീസര്‍ ഡോ.ശശികുമാര്‍, റവന്യൂ ഇന്‍സ്‌പെക്ടര്‍ എന്നിവര്‍ക്ക് ഏഴു ദിവസത്തിനകം മറുപടി ആവശ്യപ്പെട്ട് സെക്രട്ടറിയാണ് നോട്ടീസ് നല്‍കിയത്.

അതേസമയം സ്റ്റേഡിയത്തില്‍ നടന്ന നൃത്ത പരിപാടിയുമായി ബന്ധപ്പെട്ട വഞ്ചനാക്കേസില്‍ പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. മൃദംഗ വിഷന്‍ ഉടമ നിഘോഷ് കുമാര്‍, സിഇഒ ഷമീര്‍ അബ്ദുല്‍ റഹീം, നിഘോഷിന്റെ ഭാര്യ മിനി എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്. കഴിഞ്ഞ തവണ ഹരജി പരിഗണിച്ചപ്പോള്‍ ഹൈക്കോടതി സര്‍ക്കാരിന്റെ നിലപാട് തേടിയിരുന്നു.

കലൂര്‍ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിക്ക് ശേഷം പാലാരിവട്ടം പൊലീസ് രജിസ്റ്റര്‍ ചെയ്ത രണ്ടാമത്തെ എഫ്‌ഐആറില്‍ ആണ് പ്രതികള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്. സംഘാടകരായ ഇവര്‍ക്കെതിരെ സാമ്പത്തിക തട്ടിപ്പ്, വിശ്വാസവഞ്ചന തുടങ്ങിയ കുറ്റങ്ങളാണ് പൊലീസ് ചുമത്തിയിരുന്നത്.

Continue Reading

kerala

നവീന്‍ ബാബുവിന്റെ മരണം; സിബിഐ അന്വേഷണമില്ല, ഭാര്യ നല്‍കിയ ഹരജി ഹൈക്കോടതി തള്ളി

നവീന്‍ ബാബുവിനെ കെട്ടിതൂക്കി കൊലപ്പെടുത്തിയതാണോ എന്നതുള്‍പ്പടെയുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് കുടുംബം ഹൈക്കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു

Published

on

കൊച്ചി: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ നല്‍കിയ ഹരജി ഹൈക്കോടതി തള്ളി. കേസില്‍ സിബിഐ അന്വേഷണമുണ്ടാകില്ലെന്നും കണ്ണൂര്‍ ഡിഐജി അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുമെന്നും കോടതി അറിയിച്ചു. കൊലപാതകമാണോ എന്നതടക്കം കുടുംബം ഉന്നയിക്കുന്ന കാര്യങ്ങളും പ്രത്യേകാന്വേഷണ സംഘം പരിശോധിക്കണമെന്നും അന്വേഷണ പുരോഗതി സമയാസമയങ്ങളില്‍ ഹരജിക്കാരെ അറിയിക്കണമെന്നും കോടതി ഉത്തരവിട്ടു. നവീന്‍ ബാബുവിന്റെ ഭാര്യയുടെ ഹരജി ഹൈക്കോടതി തീര്‍പ്പാക്കി

നവീന്‍ ബാബുവിന്റേത് കൊലപാതകമെന്ന് സംശയിക്കാന്‍ കാരണമെന്താണെന്ന് ഹൈക്കോടതി ചോദിച്ചു. അന്വേഷണം ശരിയായ ദിശയില്‍ അല്ലെന്ന് ആശങ്കപ്പെടാന്‍ പ്രതി രാഷ്ട്രീയ നേതാവാണെന്നതിലുപരി മറ്റു കാരണമുണ്ടോ? അന്വേഷണം പക്ഷപാതപരമാണെന്ന് ബോധ്യപ്പെടുത്താന്‍ തെളിവ് വേണം .ഉന്നത ഉദ്യോഗസ്ഥന് മേല്‍നോട്ട ചുമതല നല്‍കിയാല്‍ മതിയോ? അപൂര്‍വ സാഹചര്യങ്ങളില്‍ മാത്രമേ സിബിഐ അന്വേഷണം ആവശ്യമുള്ളൂ. അന്വേഷണത്തിന് സിബിഐ തയ്യാറാണോ എന്നതല്ല, സിബിഐ അന്വേഷണം ആവശ്യമുണ്ടോ എന്നാണ് കോടതി പരിശോധിക്കുന്നതെന്നും ഹൈക്കോടതി വ്യക്തമാക്കി. അപ്പീലുമായി മുന്നോട്ടുപോകുമെന്ന് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ പറഞ്ഞു. അന്വേഷണം തൃപ്തികരമല്ലെന്നും സംശയങ്ങള്‍ അങ്ങനെ തന്നെ നിലനില്‍ക്കുന്നുവെന്നും വ്യക്തമാക്കി.

നവീന്‍ ബാബുവിനെ കെട്ടിതൂക്കി കൊലപ്പെടുത്തിയതാണോ എന്നതുള്‍പ്പടെയുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് കുടുംബം ഹൈക്കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.”കെട്ടിത്തൂക്കി കൊലപ്പെടുത്തിയതാണോ എന്ന സാധ്യത തള്ളിക്കളയാനാകില്ല. കുടുംബം എത്തുന്നതിന് മുന്‍പ് പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. ഇന്‍ക്വസ്റ്റ് സമയത്ത് ബന്ധുക്കളുടെ സാന്നിധ്യം അനിവാര്യമായിരുന്നു, അതുണ്ടായില്ല. നവീനെതിരെ നല്‍കിയ പ്രശാന്തന്റെ കൈക്കൂലി പരാതി കെട്ടിച്ചമച്ചതാണ്. പ്രബലരാണ് കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. അതുകൊണ്ട് സര്‍ക്കാര്‍ പ്രത്യേക സംഘത്തെ നിയോഗിച്ചെങ്കിലും അന്വേഷണത്തില്‍ പുരോഗതിയില്ല. കാര്യക്ഷമമായ അന്വേഷണം നടക്കുമെന്ന പ്രതീക്ഷയുമില്ല. തെളിവുകള്‍ കുഴിച്ചുമൂടി പ്രതിക്ക് കൃത്രിമ തെളിവ് ഉണ്ടാക്കാന്‍ അന്വേഷണസംഘം സാഹചര്യമൊരുക്കുകയാണ് ചെയ്യുന്നത്” തുടങ്ങിയ വാദങ്ങളാണ് നവീന്റെ ഭാര്യ മഞ്ജുഷ ഹരജിയില്‍ ഉന്നയിച്ചത്.

പ്രതിയായ ദിവ്യയെ സര്‍ക്കാര്‍ സംരക്ഷിക്കുന്നു എന്നും നീതി ലഭിക്കാന്‍ സിബിഐ അന്വേഷണം അനിവാര്യമാണെന്നും കുടുംബം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രത്യേക സംഘത്തിന്റെ അന്വേഷണത്തില്‍ വീഴ്ചയില്ലെന്നും സിബിഐ അന്വേഷണം വേണ്ടെന്നുമായിരുന്നു സര്‍ക്കാര്‍ നിലപാട്.

Continue Reading

Trending