പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളുമടക്കം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ വാര്‍ഡ് പുനര്‍നിര്‍ണയ നീക്കത്തില്‍ സര്‍ക്കാരിന് കനത്ത തിരിച്ചടി സമ്മാനിച്ചുകൊണ്ട് കോടതിയെ സമീപിച്ച മുനിസിപ്പാലിറ്റികളിലെയും പഞ്ചായത്തിലെയും വാര്‍ഡ് വിഭജനം ഹൈക്കോടതി റദ്ദാക്കിയിരിക്കുകയാണ്. മുനിസിപ്പല്‍ ആക്ട് ഭേദഗതിയിലൂടെ വാര്‍ഡ് വിഭജനം നടത്താനുള്ള നീക്കത്തിനെതിരെ കൊടുവള്ളി, ഫറോക്ക്, മുക്കം, വളാഞ്ചേരി, പരപ്പനങ്ങാടി, തിരൂരങ്ങാടി, താനൂര്‍ മുനിസിപ്പാലിറ്റികളിലെയും ചില പഞ്ചായത്തിലെ കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടെ നല്‍കിയ ഹര്‍ജിയിലാണ് വിധിയുണ്ടായിരിക്കുന്നത്. പുതിയ സെന്‍സസ് നിലവിലില്ലാതെ പഴയതിന്റെ അടിസ്ഥാനത്തില്‍ തന്നെ വാര്‍ഡ് പുനര്‍വിഭജനത്തിനുള്ള നീക്കം സെന്‍സസ് നിയമത്തിന്റെയും ചട്ടത്തിന്റെയും കേരള മുനിസിപ്പല്‍ ആക്ടിലെ 6(2) വകുപ്പിന്റെയും ലംഘനമാണെന്നായിരുന്നു ഹരജിക്കാരുടെ വാദത്തിന്റെ കാതല്‍. ഈ നിരീക്ഷണം ശരിവെച്ചുകൊണ്ടാണ് ഏഴ് നഗരസഭകളിലെയും ഒരു പഞ്ചായത്തിലെയും വാര്‍ഡ് പുനര്‍വിഭജനം ഹൈക്കോടതി റദ്ദാക്കിയിരിക്കുന്നത്. 2011 ലെ സെന്‍സസ് പ്രകാരം 2015 ല്‍ തദ്ദേശ സ്ഥാപനങ്ങളില്‍ വാര്‍ഡ് പുനര്‍വിഭജനം നടത്തിയിട്ടുള്ളതാണ്. അതിനുശേഷം സെന്‍സസ് നടന്നിട്ടില്ല. ഈ പശ്ചാത്തലത്തില്‍ ഇപ്പോള്‍ നടത്തിയിട്ടുള്ള വാര്‍ഡ് പുനര്‍വിഭജനം നിയമപരമായി നിലനില്‍ക്കില്ല എന്നതാണ് കോടതിയുടെ നിരീക്ഷണം. വാര്‍ഡ് പുനര്‍വിഭജനത്തിന് അടിസ്ഥാനമാക്കേണ്ടത് സെന്‍സസ് ആണെന്നും കോടതി വ്യക്തമാക്കുകയുണ്ടായി.
മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തിയും ഉദ്യോഗസ്ഥരെ വരുതിയിലാക്കിയും അധികാര ദുര്‍വിനിയോഗത്തിന്റെ എല്ലാ സീമകളും ലംഘിച്ചായിരുന്നു സി.പി.എം നേതൃത്വത്തില്‍ തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഡ് വിഭജനം നടന്നത്. പാര്‍ട്ടി നേതൃത്വം നല്‍കിയ നിര്‍ദ്ദേശങ്ങള്‍ അച്ചട്ട പാലി ച്ച് വാര്‍ഡുകളുടെ ഘടനയോ ജനസംഖ്യാ അനുപാതമോ പരിഗണിക്കാതെയുള്ള വിഭജനത്തില്‍ രാഷ്ട്രിയ നേട്ടം മാത്രമാണ് ലക്ഷ്യമെന്നത് പ്രഥമ ദൃഷ്ട്യാ തന്നെ പ്രകടമായിരുന്നു. പലയിടങ്ങളിലും വാര്‍ഡുകള്‍ സന്ദര്‍ശിക്കാനോ അതിരുകള്‍ നിശ്ചയിക്കാനോ ഉള്ള സാഹചര്യങ്ങള്‍ പോലും ഉദ്യോഗസ്ഥര്‍ക്ക് ഉണ്ടായിരുന്നില്ല. പാര്‍ട്ടി നേതൃത്വം തയാറാക്കിക്കൊണ്ടുവന്ന രേഖ പകര്‍ത്തി എഴുതുന്നവരായി ജീവനക്കാര് അധപതിച്ച സാഹചര്യം പോലുമുണ്ടായി. കരട് റിപ്പോര്‍ട്ട് സംബന്ധിച്ച് യു.ഡി.എഫ് നല്‍കിയ പരാതികളുടെ സ്ഥാനം ചവറ്റുകൊട്ടയിലുമായിയിരുന്നു. ഏകപക്ഷിയമായി തയാറാക്കിയ റിപ്പോര്‍ട്ടായിട്ട് പോലും പരാതി നാടകങ്ങളുമായി രംഗത്തെത്താനും ഇടതുപക്ഷം മറന്നിട്ടുണ്ടായിരുന്നില്ല. നീതിയുടെയും ന്യായത്തിന്റെയും ഒരു കണികപോലും അവശേഷിച്ചിട്ടില്ലാത്ത ഈ വിഭജനത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് യു.ഡി.എഫ് ആദ്യഘട്ടത്തില്‍ തന്നെ വ്യക്തമാക്കിയതാണ്. അശാസ്ത്രീയതയും പക്ഷപാതിത്വവും മുഴച്ചുനില്‍ക്കുന്ന റിപ്പോര്‍ട്ട് കോടതി ചവറ്റുകൊട്ടിയിലിടുമെന്ന യു.ഡി.എഫിന്റെ വെല്ലുവിളിയെ ഈ വിധിയിലൂടെ നീതിപീഠം സാധൂകരിക്കുകയും ചെയ്തു.
ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷനുകളിലെ കരട് വാര്‍ഡ് വിഭജന റിപ്പോര്‍ട്ട് സംബന്ധിച്ച് ലഭിച്ച പരാതികളുടെ എണ്ണംതന്നെ ഈ ക്രമക്കേടുകളുടെ വ്യക്തമായ തെളിവായിരുന്നു. ആകെ 16896 പരാതികളാണ് ലഭിച്ചിരുന്നത്. ഇതില്‍ ഏറ്റവും അധികം പരാതികള്‍ അതായത് 2834 എണ്ണം ലഭിച്ചത് മലപ്പുറത്തുനിന്നാണെന്നതു പിണറായി സര്‍ക്കാറിന്റെ ലക്ഷ്യം മറനീക്കിപ്പുറത്തുകൊണ്ട് വരുന്നുണ്ട്. മഹാഭൂരിപക്ഷം പഞ്ചായത്തുകളും യു.ഡി.എ ഫ് അധികാരത്തിലുള്ള ജില്ലയില്‍ കടുംവെട്ടിനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തിയത്. ഗ്രാമപഞ്ചായത്തുകളില്‍ ആകെ 11874 ഉം, മുനിസിപ്പാലിറ്റികളില്‍ 2864 ഉം, കോര്‍പ്പറേഷനുകളില്‍ 1607 ഉം പരാതികളുണ്ടായിരുന്നു. ഏറ്റവും കൂടുതല്‍ പരാതികള്‍ ലഭിച്ച മുനിസിപ്പാലിറ്റി കൊടുവള്ളിയായിരുന്നു. ഇവിടെയും അധികാരത്തിലിരിക്കുന്നത് യു.ഡി.എഫ് തന്നെയാണ്. രണ്ടാം ഘട്ടത്തില്‍ ബ്‌ളോക്ക് പഞ്ചായത്തുകളിലും, മൂന്നാം ഘട്ടത്തില്‍ ജില്ലാ പഞ്ചായത്തുകളിലും പുനര്‍വിഭജനം നടക്കാനിരിക്കെ ലഭിച്ചിരിക്കുന്ന ഈ തിരിച്ചടിയില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് മുന്നോട്ടു പോവാന്‍ തയാറാകാത്ത പക്ഷം നിയമപരമായും രാഷ്ട്രീയമായും മറ്റൊരുനാണക്കേടിന്റെ ഹാരവുംകൂടി സര്‍ക്കാറിന് കഴുത്തിലണിയേണ്ടിവരും.
അഴിമതിയും സ്വജനപക്ഷപാതവും ജനവിരുദ്ധതയും മുഖമുദ്രയാക്കിയ ഒരു സര്‍ക്കാറിന്റെ അധികാരം നിലനിര്‍ത്താനുള്ള നിലംവിട്ട കളികള്‍കണ്ട് അമ്പരന്നു നില്‍ക്കുകയാണിപ്പോള്‍ കേരള ജനത. ജനങ്ങളുടെ മുന്നില്‍ തലയില്‍ മുണ്ടിട്ടു നടക്കേണ്ട അവസ്ഥയിലെത്തി നില്‍ക്കുമ്പോള്‍ കുറുക്കുവഴികളില്‍ അഭയംപ്രാപിക്കാനുള്ള നെട്ടോട്ടമാണ് ഈ കണ്ടുകൊണ്ടിരിക്കുന്നതെല്ലാം. ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പില്‍ വര്‍ഗീയ ധ്രുവീകരണമാണ് അതിന് ലാക്കാക്കിയതെങ്കില്‍ പഞ്ചായത്തു തിരഞ്ഞെടുപ്പില്‍ അശാസ്ത്രീയമായ വാര്‍ഡ് വിഭജനമായിരുന്നു ഇവര്‍ കണ്ടു വെച്ചത്. എന്നാല്‍ ജനകീയ കോടതിയിലെത്തുന്നതിനു മുമ്പ് നീതി പീഠം തന്നെ ഈ കുതന്ത്രങ്ങളെ പൊളിച്ചടക്കിയിരിക്കുകയാണ്.