Connect with us

Film

ആകാംക്ഷ നിറച്ച് ‘രുധിരം’, ട്രെയിലർ പുറത്ത്

Published

on

തെന്നിന്ത്യയിലെ ശ്രദ്ധേയ നടനും വിസ്‍മയിപ്പിച്ച സംവിധായകനുമായ രാജ് ബി ഷെട്ടി മലയാളത്തില്‍ ആദ്യമായി നായകനായെത്തുന്ന മലയാള ചിത്രം ‘രുധിരം’ ട്രെയിലർ പുറത്തിറങ്ങി. ഓരോ സെക്കൻഡും ഉദ്വേഗം നിറയ്ക്കുന്ന ദൃശ്യങ്ങളും മനസ്സിൽ തറയ്ക്കുന്ന പശ്ചാത്തല സംഗീതവും അതി ദുരൂഹമായ ചില സംഭാഷണ ശകലങ്ങളുമായാണ് ട്രെയിലർ പുറത്തിറങ്ങിയിരിക്കുന്നത്. നവാഗതനായ ജിഷോ ലോണ്‍ ആന്‍റണി കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായികയായെത്തുന്നത് അപർണ ബാലമുരളിയാണ്. ‘The axe forgets but the tree remembers’ എന്ന ടാഗ് ലൈനോടെയാണ് ചിത്രം എത്തുന്നത്.

സൈക്കോളജിക്കൽ സർവൈവൽ ത്രില്ലറായെത്തുന്ന ചിത്രം വേറിട്ട രീതിയിലുള്ളൊരു ദൃശ്യവിസ്മയം ആകുമെന്നാണ് ട്രെയിലർ സൂചിപ്പിക്കുന്നത്. രാജ് ബി ഷെട്ടിയുടേയും അപർണയുടേയും തികച്ചും വന്യമായ അഭിനയമുഹൂർത്തങ്ങളും ഗംഭീര ആക്ഷനും കൂടി ചിത്രത്തിലുണ്ടെന്ന് ട്രെയിലറിൽ നിന്ന് മനസ്സിലാക്കാനാകുന്നുണ്ട്. സിനിമയുടേതായി അടുത്തിടെ എത്തിയിരുന്ന ടീസർ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. യൂട്യൂബ് ട്രെൻഡിംഗ് ലിസ്റ്റിലും ടീസർ ഇടം പിടിച്ചിരുന്നു. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും സോഷ്യൽ മീഡിയയിൽ എറെ ശ്രദ്ധ നേടിയിരുന്നു. ട്രെയിലറും ഏവരും ഏറ്റെടുത്തിരിക്കുകയാണ്. മലയാളത്തിന് പുറമെ കന്നഡയിലും തെലുങ്കിലും തമിഴിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്.

ഒരു ഡോക്ടറിന്‍റെ ജീവിതത്തിലെ ദുരൂഹത നിറഞ്ഞ സംഭവ വികാസങ്ങളിലൂടെയാണ് സിനിമയുടെ കഥാഗതി എന്നാണ് സൂചന. ‘ഒണ്ടു മോട്ടേയ കഥേ’, ‘ഗരുഡ ഗമന ഋഷഭ വാഹന’ എന്നീ ചിത്രങ്ങളിലൂടെ സംവിധായകനായും മികച്ച അഭിനേതാവായും പ്രേക്ഷകമനം കവര്‍ന്ന രാജ് ബി. ഷെട്ടി കന്നഡയിലെ നവതരംഗ സിനിമകളുടെ ശ്രേണിയിൽ ഉള്‍പ്പെട്ടയാളാണ്. മലയാളത്തിൽ ‘ടർബോ’യിലും ‘കൊണ്ടലി’ലും അദ്ദേഹം മികച്ച വേഷങ്ങളിൽ എത്തിയിരുന്നു. രാജ് ബി. ഷെട്ടിയും അപര്‍ണയും ഒന്നിച്ചെത്തുന്ന ‘രുധിരം’ മികച്ച അഭിനയ മുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കുമെന്ന പ്രതീക്ഷയിലാണ് ട്രെയിലർ പുറത്തിറങ്ങിയതോടെ സിനിമാപ്രേക്ഷകർ.

റൈസിങ് സണ്‍ സ്റ്റുഡിയോസിന്‍റെ ബാനറില്‍ വി.എസ്. ലാലനാണ് ‘രുധിരം’ നിര്‍മ്മിക്കുന്നത്. ഗോകുലം ഗോപാലൻ അവതരിപ്പിക്കുന്ന ചിത്രം ശ്രീ ഗോകുലം മൂവിസിനു വേണ്ടി ഡ്രീം ബിഗ് ഫിലിംസ് തീയേറ്ററുകളിൽ പ്രദർശനത്തിനെത്തിക്കുന്നു. സഹസംവിധായകനായി സിനിമാ ലോകത്തെത്തിയ സംവിധായകൻ ജിഷോ ലോണ്‍ ആന്‍റണി ഒട്ടേറെ പരസ്യചിത്രങ്ങള്‍ ഒരുക്കിയിട്ടുള്ളയാളാണ്. സംവിധാനവും രചനയും ജിഷോ ലോണ്‍ ആന്‍റണി ‘രുധിര’ത്തിൽ നിർവഹിക്കുമ്പോൾ അദ്ദേഹത്തിന്‍റെ സഹ രചയിതാവായി പ്രവർത്തിച്ചത് ജോസഫ് കിരണ്‍ ജോര്‍ജാണ്. 123 മ്യൂസിക്സ് ആണ് സിനിമയുടെ മ്യൂസിക് പാർട്നർ. ഫാർസ് ഫിലിംസ് ആണ് ഓവർസീസ് ഡിസ്ട്രിബ്യൂഷൻ പാർട്നർ.

ചിത്രത്തിന്‍റെ കന്നഡ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് കന്നഡയിലെ ശ്രദ്ധേയ പ്രൊഡക്ഷൻ ഹൗസായ ഹോംബാലെ ഫിലിംസാണ്. ഇന്ത്യൻ സിനിമയിൽ ബോക്സ് ഓഫീസിൽ തരംഗം തീർത്ത ‘കെജിഎഫ്’, ‘കെജിഎഫ് 2’, ‘സലാർ’ തുടങ്ങിയ ചിത്രങ്ങൾ സമ്മാനിച്ച നിർമ്മാണ കമ്പനിയായ ഹോംബാലെ ഫിലിംസ് ‘ആടുജീവിതം’, ‘എആർഎം’ തുടങ്ങിയ മലയാള സിനിമകളുടെ കന്നഡ വിതരണാവകാശം മുമ്പ് സ്വന്തമാക്കിയിട്ടുണ്ട്. ഒരു കന്നഡ നടൻ നായകനായെത്തുന്ന മലയാള സിനിമയുടെ കന്നഡ വിതരണാവകാശം ഹോംബാലെ സ്വന്തമാക്കുന്നത് ഇതാദ്യമായാണ് എന്ന പ്രത്യേകതയുമുണ്ട്.

‘രുധിര’ത്തിന്‍റെ ഛായാഗ്രഹണം: സജാദ് കാക്കു, എഡിറ്റിംഗ്: ഭവന്‍ ശ്രീകുമാര്‍, സംഗീതം: 4 മ്യൂസിക്സ്, ഓഡിയോഗ്രഫി: ഗണേഷ് മാരാര്‍, ആര്‍ട്ട്: ശ്യാം കാര്‍ത്തികേയന്‍, മേക്കപ്പ്: സുധി സുരേന്ദ്രന്‍, കോസ്റ്റ്യൂം: ധന്യ ബാലകൃഷ്‍ണൻ, വിഎഫ്എക്‌സ് സൂപ്പര്‍വൈസര്‍: എഎസ്ആർ, വിഎഫ്എക്സ് പ്രൊഡ്യൂസർ: മനീഷ മാധവൻ, ആക്ഷൻ: റോബിൻ ടോം, ചേതൻ ഡിസൂസ, റൺ രവി, ചീഫ് അസോ.ഡയറക്ടർ: ക്രിസ് തോമസ് മാവേലി, അസോ. ഡയറക്ടർ: ജോമോൻ കെ ജോസഫ്, വിഷ്വൽ പ്രൊമോഷൻ: ഡോൺ മാക്സ്, കാസ്റ്റിങ് ഡയറക്ടർ: അലൻ പ്രാക്, എക്സി.പ്രൊഡ്യൂസേഴ്സ്: ശ്രുതി ലാലൻ, നിധി ലാലൻ, വിന്‍സെന്‍റ് ആലപ്പാട്ട്, സ്റ്റിൽസ്: റെനി, പ്രൊഡക്ഷൻ കൺട്രോളർ റിച്ചാർഡ്, പോസ്റ്റ് പ്രൊഡക്ഷൻ കോഓർ‍ഡിനേറ്റ‍‍ര്‍: ബാലു നാരായണൻ, കളറിസ്റ്റ്: ബിലാൽ റഷീദ്, വിഎഫ്എക്സ് സ്റ്റുഡിയോ: കോക്കനട്ട് ബഞ്ച്, ക്രിയേറ്റീവ് പ്രൊഡ്യൂസർ: ഷബീർ പി, പബ്ലിസിറ്റി ഡിസൈൻസ്: യെല്ലോ ടൂത്ത്സ്, പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്‍റ് എൽഎൽപി, പിആർഒ പ്രതീഷ് ശേഖർ.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

news

ഫലസ്തീന്‍ അനുകൂലയായ തുര്‍ക്കി വിദ്യാര്‍ത്ഥിയുടെ നാടുകടത്തല്‍ തടഞ്ഞ് അമേരിക്കന്‍ ഫെഡറല്‍ കോടതി

ടഫ്റ്റ്‌സ് സര്‍വകലാശാലയിലെ ഡോക്ടറല്‍ വിദ്യാര്‍ത്ഥിയായ റുമൈസ ഒസ്തുര്‍ക്കിനെ നാടുകടത്താനുള്ള ഉത്തരവാണ് മസാച്യുസെറ്റ്സിലെ ഫെഡറല്‍ ജഡ്ജി തടഞ്ഞത്. 

Published

on

ഫലസ്തീനെ പിന്തുണച്ചു എന്ന് ചൂണ്ടിക്കാട്ടി യു.എസ് നാടുകടത്താനിരുന്ന തുര്‍ക്കി വിദ്യാര്‍ത്ഥിക്കെതിരായ നടപടി തടഞ്ഞ് ഫെഡറല്‍ കോടതി. ടഫ്റ്റ്‌സ് സര്‍വകലാശാലയിലെ ഡോക്ടറല്‍ വിദ്യാര്‍ത്ഥിയായ റുമൈസ ഒസ്തുര്‍ക്കിനെ നാടുകടത്താനുള്ള ഉത്തരവാണ് മസാച്യുസെറ്റ്സിലെ ഫെഡറല്‍ ജഡ്ജി തടഞ്ഞത്.

ഹരജിയില്‍ തീരുമാനമെടുക്കുന്നതുവരെയോ ഇനിയൊരു കോടതി ഉത്തരവ് ഉണ്ടാകുന്നതുവരെയോ ഒസ്തുര്‍ക്കിനെ നീക്കം ചെയ്യരുതെന്നാണ് ജില്ല കോടതിയുടെ നിര്‍ദേശം.

കഴിഞ്ഞ ദിവസമാണ് യു.എസ് ഇമിഗ്രേഷന്‍ അധികൃതര്‍ മസാച്യുസെറ്റ്സിലെ അവരുടെ വീടിനടുത്ത്‌ വെച്ച് റുമൈസ ഒസ്തുര്‍ക്കിനെ കസ്റ്റഡിയിലെടുത്തത്. തൊട്ടുപിന്നാലെ യു.എസ് ഉദ്യോഗസ്ഥര്‍ ഇവരുടെ വിസ റദ്ദാക്കി.

അമേരിക്കന്‍ ഭീകര സംഘടനയായി കണക്കാക്കുന്ന ഹമാസിനെ പിന്തുണയ്ക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു എന്നാരോപിച്ചാണ് തെളിവുകള്‍ ഒന്നും നല്‍കാതെ ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പ് ഒസ്തുര്‍ക്കിനെതിരെ കുറ്റം ചുമത്തിയത്. ഫലസ്തീനെ പിന്തുണയ്ക്കുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ക്കെതിരായ ട്രംപ് ഭരണകൂടത്തിന്റെ ഏറ്റവും പുതിയ നടപടിയായിരുന്നു ഇത്.

ഫുള്‍ബ്രൈറ്റ് സ്‌കോളര്‍ഷിപ്പ് വഴി യു.എസില്‍ ഉപരിപഠനത്തിനെത്തിയ ഒസ്തുര്‍ക്ക് ടഫ്റ്റ്സിലെ ചൈല്‍ഡ് സ്റ്റഡി ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്മെന്റ് ഡോക്ടറല്‍ പ്രോഗ്രാമിലെ വിദ്യാര്‍ത്ഥിയാണ്. എഫ്-1 വിസയിലാണ് ഇവര്‍ യു.എസില്‍ തങ്ങിയിരുന്നത്.

ഇസ്രാഈലി ബന്ധമുള്ള കമ്പനികളില്‍ നിന്ന് പിന്മാറാനും ഫലസ്തീനിലെ വംശഹത്യയെ അംഗീകരിക്കാനുമുള്ള വിദ്യാര്‍ത്ഥികളുടെ ആവശ്യത്തെ സര്‍വകലാശാല നിരാകരിച്ചതോടെ സര്‍വകലാശാലയുടെ നിലപാടിനെ വിമര്‍ശിച്ചുകൊണ്ട് ക്യാമ്പസ് പത്രമായ ടഫറ്റ്‌സ് ഡെയ്‌ലി ഒസ്തുര്‍ക്ക് ഒരു വര്‍ഷം മുമ്പ് ഒരു ഒപ്പീനിയന്‍ എഴുതിയിരുന്നു. ഇതാണ് അറസ്റ്റിലേക്ക് നയിച്ചതെന്നാണ് സൂചന.

അതേസമയം ഫലസ്തീനെ പിന്തുണച്ച് വിദേശവിദ്യാര്‍ത്ഥികള്‍ക്കെതിരെയുള്ള യു.എസ് ഭരണകൂടത്തിന്റെ നടപടി തുടരുകയാണ്. ഫലസ്തീന്‍ അനുകൂല പ്രതിഷേധവുമായി ബന്ധപ്പെട്ട് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് 300ലധികം വിസകള്‍ റദ്ദാക്കിയതായി സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ഇന്നലെ വ്യക്തമാക്കിയിരുന്നു.

കൊളംബിയ സര്‍വകലാശാലയില്‍ ഫലസ്തീന്‍ അനുകൂല പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയെന്നാരോപിച്ച് ഫലസ്തീന്‍ വിദ്യാര്‍ത്ഥിയായ മഹ്‌മൂദ് ഖലീലിനെ നാടുകടത്താന്‍ ട്രംപ് ഭരണകൂടം ഉത്തരവിട്ടതില്‍ നിന്നാണ് വിദേശ വിദ്യാര്‍ത്ഥികള്‍ക്കെതിരായ ട്രംപ് ഭരണകൂടത്തിന്റെ പ്രതികാര നടപടി ആരംഭിക്കുന്നത്. എന്നാല്‍ മഹ്‌മൂദ് ഖലീലിന്റെ നാടുകടത്തല്‍ ഫെഡറല്‍ കോടതി തടഞ്ഞു.

പിന്നീട് യു.എസിലെ ജോര്‍ജ് ടൗണ്‍ സര്‍വകലാശാലയിലെ ഇന്ത്യന്‍ വംശജനായ സ്‌കോളര്‍ ബദര്‍ ഖാന്‍ സുരിക്കെതിരേയും കൊളംബിയ യൂണിവേഴ്‌സിറ്റി പി.എച്ച്.ഡി സ്‌കോളര്‍ രഞ്ജിനി ശ്രീനിവാസനെതിരേയും സമാന നടപടിയുണ്ടായി. ഇതില്‍ സുരിക്കെതിരായ നാടുകടത്തല്‍ നീക്കം കോടതി തടഞ്ഞപ്പോള്‍ രഞ്ജിനി അറസ്റ്റില്‍ നിന്ന് രക്ഷപ്പെട്ട് കാനഡയിലേക്ക് മാറുകയും ചെയ്തു.

ഇതിന് പുറമെ അന്തരിച്ച ഹിസ്ബുല്ല നേതാവ് ഹസന്‍ നസറുല്ലയുടെ ഫോട്ടോകളും വീഡിയോകളും ഫോണില്‍ കണ്ടെത്തിയെന്ന് ആരോപിച്ച് ലെബനന്‍ പൗരയായ ബ്രൗണ്‍ യൂണിവേഴ്സിറ്റി അസി. പ്രൊഫസറെ അമേരിക്ക നാടുകടത്തിയിരുന്നു. ഡോക്ടര്‍ കൂടിയായ റാഷ അലവൈയെയാണ് ഹിസ്ബുല്ലയേയും നസറുല്ലയേയും പിന്തുണക്കുന്നു എന്ന് ചൂണ്ടിക്കാട്ടി യു.എസ് നാടുകടത്തിയത്.

Continue Reading

News

ഇന്ത്യയുമായുള്ള തീരുവ തര്‍ക്കം: മോദി ബുദ്ധിമാന്‍, ചര്‍ച്ചകളില്‍ പുരോഗതിയുണ്ടാകുമെന്ന് പ്രതീക്ഷ: ട്രംപ്‌

നേരത്തെ അധിക തീരുവയില്‍ ഇന്ത്യയെ രൂക്ഷമായി വിമര്‍ശിച്ച് ട്രംപ് രംഗത്തെത്തിയിരുന്നു.

Published

on

ഇന്ത്യയുമായുളള തീരുവ തര്‍ക്കം പരിഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. നരേന്ദ്ര മോദി നല്ല സുഹൃത്താണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ഏപ്രില്‍ മുതല്‍ ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങള്‍ക്കുമേല്‍ അധിക തീരുവ ചുമത്തുമെന്ന് യു.എസ് അറിയിച്ചിരുന്നു. ഇതിനിടെയാണ് ട്രംപിന്റെ പരാമര്‍ശം.

മോദി ബുദ്ധിമാനായ ആളാണ്. ഞങ്ങള്‍ ഇരുവരും നല്ല സൃഹൃത്തുക്കളുമാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ തീരുവ ചുമത്തുന്ന രാജ്യമാണ് ഇന്ത്യ. അവര്‍ മിടുക്കരാണ്. എന്നാല്‍, ഈ അധിക തീരുവയില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഇക്കാര്യത്തില്‍ പോസിറ്റീവായ ഫലമുണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും ട്രംപ് പറഞ്ഞു.

നേരത്തെ അധിക തീരുവയില്‍ ഇന്ത്യയെ രൂക്ഷമായി വിമര്‍ശിച്ച് ട്രംപ് രംഗത്തെത്തിയിരുന്നു. ഇന്ത്യയുമായി നല്ല ബന്ധമാണ് നിലവിലുള്ളത്. എന്നാല്‍, ഒരു പ്രശ്‌നം മാത്രമാണ് തനിക്ക് അവരുമായി ഉള്ളത്. ലോകത്ത് ഏറ്റവും കൂടുതല്‍ തീരുവ ചുമത്തുന്ന രാജ്യമാണ് ഇന്ത്യ. അവര്‍ തീരുവ കുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയില്‍ ഒന്നും വില്‍ക്കാനാവില്ല. എല്ലായിടത്തും നിയന്ത്രണമാണ്. ഇന്ത്യയുടെ അമിത തീരുവ തുറന്നുകാട്ടാന്‍ നമുക്ക് സാധിച്ചിട്ടുണ്ട്. അവര്‍ തീരുവ കുറക്കാമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ട്രംപ് പറഞ്ഞിരുന്നു.

Continue Reading

kerala

അവസാനിക്കാത്ത വിവേചനം

ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു കേരളത്തിലെ ഏറ്റവും  മുതിര്‍ന്ന ഉദ്യോഗസ്ഥയുടെ വെളിപ്പെടുത്തല്‍.

Published

on

കേരളത്തെ ഭ്രാന്താലയം എന്ന് വിശേഷിപ്പിച്ചത് സ്വാമി വിവേകാനന്ദനാണ്. ആ പ്രയോഗത്തിന് അദ്ദേഹത്തെ പ്രേരിപ്പിച്ചത് എന്തായിരുന്ന എന്ന ചോദ്യത്തിന് നൂറ്റാണ്ടുകള്‍ക്കിപ്പുറത്തുനിന്നും നാം ഉത്തരം നല്‍കിക്കൊണ്ടേയിരിക്കുകയാണ്. നിറത്തിന്റെ പേരില്‍ അപമാനിക്കപ്പെട്ടുവെന്ന സംസ്ഥാന ചീഫ് സെക്രട്ടറി ശാരദ മുരളീധരന്റെ വെളിപ്പെടുത്തല്‍ ഇനിയും സംസ്‌കരിക്കപ്പെടാത്ത നമ്മുടെ മനസ്സുകളിലേക്കുള്ള വിരല്‍ചൂണ്ടലാണ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു കേരളത്തിലെ ഏറ്റവും  മുതിര്‍ന്ന ഉദ്യോഗസ്ഥയുടെ വെളിപ്പെടുത്തല്‍. വര്‍ണ്ണ വിവേചനം നേരിട്ടതുമായി ബന്ധപ്പെട്ട് ശാരദ മുരളീധരന്‍ ആദ്യം ചെറിയൊരു കുറിപ്പ് ഫേസ്ബുക്കില്‍ പങ്കുവെച്ചെങ്കിലും പിന്നീട് പിന്‍വലിക്കുകയും പിന്നാലെ ഇതുമായി ബന്ധപ്പെട്ട് ഒരു വിശദമായ കുറിപ്പ് പോസ്റ്റ് ചെയ്യുകയുമായിരുന്നു. തന്റേയും ഭര്‍ത്താവും മുന്‍ ചീഫ് സെക്രട്ടറിയുമായ വേണുവിന്റേയും നിറവ്യത്യാസത്തെ കുറിച്ച് ഒരാള്‍ നടത്തിയ മോശം പരാമര്‍ശത്തെ കുറിച്ചായിരുന്നു കുറിപ്പ്. തന്റെ നിറം കറുപ്പാണെന്നും ഭര്‍ത്താവിന്റെ നിറം വെളുപ്പാണെന്നുമുള്ള തരത്തില്‍ ഒരു കമന്റ് കേട്ടു എന്നായിരുന്നു ആദ്യം പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇതിന് താഴെ വന്ന കമന്റുകളില്‍ അസ്വസ്ഥയായി അത് ഡിലീറ്റ് ചെയ്യുകയായിരുന്നു. ഇത് ചര്‍ച്ച ചെയ്യേണ്ട കാര്യമാണെന്ന് ചില അഭ്യുദയകാംക്ഷികള്‍ പറഞ്ഞതോടെയാണ് വീണ്ടും പോസ്റ്റ് ചെയ്യുന്നതെന്ന് വ്യക്തമാക്കിയാണ് ഫേസ്ബുക്കില്‍ കുറിപ്പിട്ടത്. ‘നിറത്തിന്റെ പേരില്‍ കഴിഞ്ഞ ഏഴ് മാസം മുഴുവന്‍ എന്റെ മുന്‍ ഗാമിയുമായുള്ള ഇത്തരം താരതമ്യങ്ങളുടെ ഘോഷയാത്രയിലായിരുന്നു. നിറമെന്ന നിലയില്‍ മാത്രമല്ലിത്. നല്ലതൊന്നും ചെയ്യാത്ത, എല്ലാം മോശവുമായ, ഉഗ്രമായ സ്വാച്ഛാധി പത്യത്തിന്റെ പ്രതീകമായ കറുപ്പന്നെ മുദ്ര ചാര്‍ത്തല്‍. നാലുവയസുള്ളപ്പോള്‍ ഞാന്‍ അമ്മയോട് ചോദിച്ചിട്ടുണ്ട്. ഗര്‍ഭപാത്രത്തിലേക്ക് എന്നെ തിരിച്ചെടുത്ത് വെളുത്ത നിറമുള്ള കുട്ടിയായി എന്നെ ഒന്നുകൂടെ ജനിപ്പിക്കുമോ എന്ന്.

എനിക്ക് നല്ല നിറമൊന്നുമില്ല എന്ന ആഖ്യാനത്തില്‍ 50 വര്‍ഷത്തിലേറെയായി ഞാന്‍ ജീവിച്ചു. ആ ആഖ്യാനത്തില്‍ സ്വാധീനിക്കപ്പെട്ടും പോയിരുന്നു. കറുപ്പില്‍ ഞാന്‍ കണ്ടത്താത്ത സൗന്ദര്യം എന്റെ മക്കളാണ് കണ്ടെത്തിയത്. കറുപ്പിന്റെ പാരമ്പര്യത്തോട് അവര്‍ക്ക് ആരാധനയായിരുന്നു. ഞാന്‍ കാണാതിരുന്ന ഭംഗി അവരതില്‍ കണ്ടത്തിക്കൊണ്ടേയിരുന്നു’. ഇതായിരുന്നു ആ കുറിപ്പിന്റെ രത്‌നച്ചുരുക്കം. ചീഫ് സെക്രട്ടറിക്ക് പിന്തുണയുമായി സാമൂഹ്യമാധ്യമങ്ങളില്‍ ആളുകള്‍ നിറഞ്ഞാടുന്നുണ്ടെങ്കിലും ഇത്രയും ഉന്നതയായ ഉദ്യോഗസ്ഥക്ക് ഇക്കാലത്ത് കേവലം നിറത്തിന്റെ പേരില്‍ അധിക്ഷേപം ഏറ്റുവാങ്ങേണ്ടിവരുന്നു എന്നത് നല്‍കുന്ന സന്ദേശമെന്താണ് എന്ന ചോദ്യമാണ് നമ്മു ടെ മസ്തിഷ്‌കത്തെ അസ്വസ്തമാക്കേണ്ടത്.

ജാതിയുടെയും നിറത്തിന്റെയുമൊന്നും പേരിലുള്ള വിവേചനങ്ങള്‍ ഇപ്പോഴും നമ്മെ വിട്ടുപോയിട്ടില്ലെന്ന് സമ്മതിക്കുന്ന നിരവധി സംഭവവികാസങ്ങള്‍ക്ക് കേരളം വര്‍ത്തമാന കാലത്ത് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുകയാണ്. കറുത്ത നിറമുള്ളയാള്‍ മോഹിനിയാട്ടം പഠിപ്പിക്കുന്നതിനെക്കുറിച്ച് ഒരു നര്‍ത്തകിതന്നെ നടത്തിയ വിഷലിപ്തമായ പരാമര്‍ശങ്ങള്‍ സാംസ്‌കാരിക കേരളം ചര്‍ച്ച ചെയ്തികഴിഞ്ഞത് ഏതാനും മാസങ്ങള്‍ക്കുമുമ്പാണ്. പുതിയ തലമുറ ഇത്തരത്തിലുള്ള വിവേചനങ്ങള്‍ക്കെതിരാണെന്ന് ശുഭാപ്തി വിശ്വാസം പ്രകടിപ്പിക്കുന്നവര്‍ ധാരാളമുണ്ടെങ്കിലും സമ്പത്തിന്റയും സൗന്ദര്യത്തിന്റെയും പേരിലുള്ള അധിക്ഷേപങ്ങളും ആക്രമണങ്ങളും സഹിക്കാന്‍ കഴിയാതെ യുവതികള്‍ക്ക് ആത്മഹത്യ ചെയ്യേണ്ടിവരുന്നതും നമ്മുടെ നാട്ടില്‍ തന്നെയാണെന്നത് വിസ്മരിക്കാന്‍ കഴിയില്ല. കറുപ്പിനെ മഹത്വവല്‍ക്കരിച്ചും വെളുപ്പിനെ ഇകഴ്ത്തിക്കാട്ടിയുമുള്ള സോഷ്യല്‍ മീഡിയാ വിപ്ലവങ്ങളുടെയെല്ലാം അപ്പുറത്താണ് യാഥാര്‍ത്ഥ്യങ്ങളെന്നത് പലരുടെയും ജീവിതാനു ഭവങ്ങള്‍ വിളിച്ചുപറയുന്നുണ്ട്. അത്രയും ഉന്നതമായ പദ വിയിലിരിക്കുന്നതുകൊണ്ടും കുടുംബത്തിന്റെ പൂര്‍ണ പിന്തുണകൊണ്ടുമാണ് ശാരദാ മുരളീധരന് ഇങ്ങനെ മനസ്സ് തുറക്കാന്‍ സാധിച്ചത്. എന്നാല്‍ ഇത്തരം വിവേചനങ്ങളുടെ പേരില്‍ പീഡന പര്‍വങ്ങള്‍ ഏറ്റുവാങ്ങേണ്ടി വരുമ്പോഴും ഒന്നുറക്കെ കരയാന്‍പോലും കഴിയാത്ത ഒറുപാട് മനുഷ്യര്‍ വേറെയുമുണ്ട്. ഈ പ്രാകൃതമായ മനോഭാവത്തിന് ഇന്നും വളരാനും വികസിക്കാനമുള്ള സാഹചര്യങ്ങള്‍ എങ്ങനെ സൃഷ്ടിക്കപ്പെടുന്നു എന്നതാണ് പരിശോധിക്കപ്പെടേണ്ടത്. അധികാര കേന്ദ്രങ്ങള്‍ക്കും നീതിപീഠങ്ങള്‍ക്കുമെല്ലാം നിരന്തരമായി ഈ വിവേചനത്തിനെതിരായി സംസാരിക്കേണ്ടിവരുന്നതിന് അറുതിയാകാത്തത് എന്തുകൊണ്ട് എന്ന ചോദ്യത്തിനാണ് ഉത്തരം കണ്ടെത്തേണ്ടത്.

ഇങ്ങനെയുള്ള ഓരോ വെളിപ്പെടുത്തലുകളും ഓരോ ഓര്‍മപ്പെടുത്തലാണ്. നാം അഭിമാനംകൊള്ളുന്ന നമ്മുടെ സാമുഹ്യ ജീവിതത്തില്‍ ഇന്നും നിലനില്‍ക്കുന്ന പുഴുക്കുത്തുകളെ കുറിച്ചുള്ള ഓര്‍മപ്പെടുത്തല്‍. സമൂഹത്തിന്റെ ഉന്നത മേഖലകളില്‍ വിരാചിക്കുന്നവരായിട്ടുപോലും വിവധ മേഖല കളില്‍ തങ്ങള്‍ക്കുണ്ടായ ദുരനുഭവങ്ങള്‍ പലരും പങ്കുവെക്കുമ്പോള്‍ നമുക്ക് മുക്കത്തുവിരല്‍ വെക്കേണ്ടിവരികയാണ്. ഈ മനോഭാവം തിരുത്താന്‍ ഇനിയെന്താണ് നമ്മള്‍ നേടേണ്ടത് എന്ന ആലോചനയാണ് ഇവിടെ പ്രസക്തമാകുന്നത്.

Continue Reading

Trending