Connect with us

More

സ്വര്‍ണ വ്യാപാരിയെ കാറിടിച്ച് വീഴ്ത്തി രണ്ട് കിലോ സ്വര്‍ണം കവര്‍ന്നു

കാറിലെത്തിയ സംഘം വാഹനത്തിലിടിച്ച് വീഴ്ത്തിയ ശേഷം കത്തി കാട്ടി ഭീഷണിപ്പെടുത്തി

Published

on

കോഴിക്കോട്: സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന സ്വര്‍ണ വ്യാപാരിയെ കാറിടിച്ച് വീഴ്ത്തി രണ്ട് കിലോ സ്വര്‍ണം കവര്‍ന്നു. കോഴിക്കോട് കൊടുവള്ളിയില്‍ ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. സ്വര്‍ണ്ണ വ്യാപാരിയായ മുത്തമ്പലം സ്വദേശി ബൈജുവിന്റെ പക്കല്‍ നിന്നാണ് കാറിലെത്തിയ നാലംഗ സംഘം സ്വര്‍ണ്ണം കവര്‍ച്ച ചെയ്തത്.സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

രാത്രി കടയടച്ച ശേഷം സ്വര്‍ണവുമായി സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോവുകയായിരുന്ന ബൈജുവിനെ കാറിലെത്തിയ സംഘം വാഹനത്തിലിടിച്ച് വീഴ്ത്തിയ ശേഷം കത്തി കാട്ടി ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. റോഡില്‍ തെറിച്ച് വീണ ബൈജുവിന്റെ ബാഗില്‍ ഉണ്ടായിരുന്ന സ്വര്‍ണവുമായി സംഘം കടന്ന് കളയുകയായിരുന്നു. അപകടത്തില്‍ ബൈജുവിന് പരിക്കേറ്റിട്ടുണ്ട്.

ജീവന്‍ തിരിച്ചുകിട്ടയത് ഭാഗ്യമെന്ന് ബൈജു പറഞ്ഞു. ബൈജുവിന്റെ വീടിന് 150 മീറ്റര്‍ മാത്രം അകലെവെച്ചാണ് സംഭവം നടന്നത്.കവര്‍ച്ചാ സംഘത്തെ കണ്ടാല്‍ തിരിച്ചറിയാനാകും. മോഷ്ടാക്കളെ ഉടന്‍ പിടികൂടണമെന്നും ബൈജു ആവശ്യപ്പെട്ടു. പ്രതികള്‍ക്കായി ഊര്‍ജ്ജിത അന്വേഷണം നടത്തിവരുന്നതായി കൊടുവള്ളി പൊലീസ് പറഞ്ഞു. പ്രദേശത്ത് വാഹന പരിശോധന പൊലീസ് ശക്തമാക്കി.

 

More

ആള്‍ട്ട് ന്യൂസ് സ്ഥാപകനെതിരെ ഗുരുതര വകുപ്പുകള്‍ ചുമത്തി ഉത്തര്‍പ്രദേശ് പൊലീസ്

ഭാരതീയ ന്യായ സംഹിതയുടെ 152-ാം വകുപ്പാണ് യുപി പൊലീസ് കൂട്ടിച്ചേര്‍ത്തത്

Published

on

ലക്നൗ: വിവാദ ഹിന്ദു സന്യാസി യതി നരസിംഗാനന്ദിന്റെ വിവാദ പ്രസംഗം പങ്കുവെച്ച കേസില്‍ ആള്‍ട്ട് ന്യൂസ് സ്ഥാപകന്‍ മുഹമ്മദ് സുബൈറിനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തി യുപി പൊലീസ്. രാജ്യത്തിന്റെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും സുരക്ഷയ്ക്കും ഭീഷണി എന്നാരോപിച്ച്, ഭാരതീയ ന്യായ സംഹിതയുടെ 152-ാം വകുപ്പാണ് യുപി പൊലീസ് കൂട്ടിച്ചേര്‍ത്തത്. ഇത് ജാമ്യമില്ലാ വകുപ്പാണ്.

അലഹബാദ് ഹൈക്കോടതിലാണ് പൊലീസ് ഇക്കാര്യം അറിയിച്ചത്. തനിക്കെതിരെയുള്ള പൊലീസ് നടപടി ചോദ്യം ചെയ്ത് സുബൈര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി.

ഒക്ടോബര്‍ എട്ടിനാണ് പൊലീസ് സുബൈറിനെതിരെ കേസെടുത്തത്. സെപ്റ്റംബര്‍ 29ന് സ്വാമി യതി നരസിംഗാനന്ദ് മുസ്ലിങ്ങള്‍ക്കും മുഹമ്മദ് നബിക്കെതിരെയും വിദ്വേഷ പരാമര്‍ശങ്ങളുമായി രംഗത്തെത്തിയിരുന്നു. സുബൈര്‍ ഇതിനെതിരെ ട്വീറ്റ് ചെയ്തിരുന്നു. ശേഷം ഒക്ടോബര്‍ മൂന്നിന്, നരസിംഗാനന്ദയുടെ പഴയ വീഡിയോ പോസ്റ്റ് ചെയ്ത് അദ്ദേഹത്തിനെതിരെ തിരിയാന്‍ ജനങ്ങളെ പ്രേരിപ്പിച്ചെന്ന് ആരോപിച്ച്, ചില അനുയായികള്‍ സുബൈറിനെതിരെ പരാതി നല്‍കിയിരുന്നു. ഈ കേസിലാണ് പൊലീസ് ഇപ്പോള്‍ നടപടികള്‍ കടുപ്പിക്കുന്നത്.

സുബൈറിനൊപ്പം അര്‍ഷാദ് മദാനി, രാഷ്ട്രീയ നേതാവ് അസദുദ്ദീന്‍ ഒവൈസി എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. മുന്‍പും നിരവധി തവണ വിവാദ വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയയാളാണ് സ്വാമി യതി നരസിംഗാനന്ദ്. അദ്ദേഹത്തിന്റെ തനിനിറം പുറത്തുകൊണ്ടുവരാതിരിക്കാനാണ് തന്റെ മേലുളള ഈ നടപടിയെന്നാണ് സുബൈറിന്റെ ആരോപണം.

 

Continue Reading

More

വനിതാ ലീഗ് സംസ്ഥാന ട്രഷറര്‍ വി.വി നസീമ ടീച്ചര്‍ അന്തരിച്ചു

രാവിലെ കോഴിക്കോട്ടെ ആശുപത്രിയിലായിരുന്നു വിടവാങ്ങിയത്

Published

on

കാഞ്ഞങ്ങാട്: വനിതാ ലീഗ് സംസ്ഥാന ട്രഷററും കേരള അറബിക് ടീച്ചര്‍ഴ്സ് ഫെഡറഷന്‍ സംസ്ഥാന ചെയര്‍ പെഴ്സനും അജാനൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്ന കാഞ്ഞങ്ങാട് കൊളവയല്‍ സ്വദേശിനി വി.വി നസീമ ടീച്ചര്‍ അന്തരിച്ചു.

അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാവിലെ കോഴിക്കോട്ടെ ആശുപത്രിയിലായിരുന്നു വിടവാങ്ങിയത്.കരള അറബിക് ടീച്ചേര്‍സ് ഫെഡറേഷന്‍ (ഗഅഠഎ) സംസ്ഥാന ചെയര്‍പേഴ്‌സന്‍ കൂടിയായിരുന്നു. കാഞ്ഞങ്ങാട് ഇഖ്ബാല്‍ ഹയര്‍സെകന്‍ഡറി സ്‌കൂളില്‍ അധ്യാപികയായും സേവനനുഷ്ടിച്ചിട്ടുണ്ട്. നേരത്തെ വനിതാ ലീഗ് കാസര്‍കോട് ജില്ലാ പ്രസിഡണ്ടായും പ്രവര്‍ത്തിച്ചിട്ടുള്ള നസീമ ടീച്ചര്‍ മുസ്ലിം ലീഗിന്റെ കരുത്തുറ്റ വനിതാ മുഖങ്ങളിലൊരാളായിരുന്നു.

കഴിഞ്ഞ വര്‍ഷമാണ് സുഹറ മംബാട് പ്രസിഡന്റായും അഡ്വ. പി കുല്‍സു ജനറല്‍ സെക്രട്ടറിയുമായുള്ള വനിതാ ലീഗ് സംസ്ഥാന കമിറ്റിയില്‍ ട്രഷററായി നസീമ ടീച്ചറെ തിരഞ്ഞെടുത്തത്. മരണ വിവരമറിഞ്ഞ് പ്രമുഖ ലീഗ് നേതാക്കള്‍ അനുശോചിച്ചു. ഭര്‍ത്താവ്: മുഹമ്മദ് കുഞ്ഞി. മക്കള്‍: മന്‍സൂര്‍ (വിദ്യാര്‍ത്ഥി), നസ്രി. മരുമകന്‍: നൗശാദ്. സഹോദരങ്ങള്‍. അബ്ദുല്‍ സലാം, അബ്ദുല്‍ നാസര്‍, ബശീര്‍, മറിയം, സഫിയ, നഫീസ, മൈമൂന, ഫൗസിയ, പരേതനായ കുഞ്ഞബ്ദുല്ല

Continue Reading

More

വാര്‍ഡ് വിഭജനം;സര്‍ക്കാര്‍ ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നു;പി.എം.എ സലാം

ആര്‍ട്ടിക്കിള്‍ 243സിക്ക് വിരുദ്ധമായ നടപടിയാണിത്

Published

on

തദ്ദേശസ്ഥാപനങ്ങളുടെ വാര്‍ഡ് വിഭജന പ്രക്രിയയില്‍ സംസ്ഥാന വ്യാപകമായി സര്‍ക്കാര്‍ ജനാധിപത്യക്കശാപ്പാണ് നടത്തുന്നതെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ സലാം പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ കരട് വിജ്ഞാപനത്തില്‍ വ്യാപകമായ ക്രമക്കേടാണുള്ളത്. വാര്‍ഡ് പുനര്‍നിര്‍ണ്ണയവുമായി ബന്ധപ്പെട്ട കൃത്യമായ മാര്‍ഗ്ഗരേഖ ഡീലിമിറ്റേഷന്‍ കമ്മീഷന്‍ പുറത്തിറക്കിയിട്ടുണ്ട്. എന്നാല്‍ ഈ മാനദണ്ഡങ്ങളെല്ലാം ലംഘിച്ചുള്ള കരട് വിഭജന റിപ്പോര്‍ട്ടാണ് മിക്കയിടത്തും തയ്യാറാക്കപ്പെട്ടത്.

സി.പി.എം ഓഫീസില്‍ നിന്നും തയ്യാറാക്കിയ റിപ്പോര്‍ട്ട് സെക്രട്ടറിമാരില്‍ അടിച്ചേല്‍പ്പിക്കപ്പെടുകയാണുണ്ടായത്. അതിനാല്‍ തന്നെ കരട് വിജ്ഞാപന പ്രകാരമുള്ള അതിരുകളുടെ വ്യക്തത അന്വേഷിക്കുന്നവര്‍ക്ക് മുമ്പില്‍ സെക്രട്ടറിമാരും ഉദ്യോഗസ്ഥരും കൈമലര്‍ത്തുകയാണ്. രാഷ്ട്രീയ ലക്ഷ്യത്തോടെ അതിരുകള്‍ വിചിത്രമായ രീതിയില്‍ വളച്ചൊടിച്ചും അതിര്‍ത്തിക്കപ്പുറമുള്ള കെട്ടിടങ്ങളെ കൂട്ടിച്ചേര്‍ത്തും ജനങ്ങള്‍ക്ക് ഒരുമിച്ച് കൂടുന്നതിന് പോലും പ്രയാസമുണ്ടാക്കുന്ന രീതിയില്‍ ദൈര്‍ഘ്യമേറിയ നിലയിലുമാണ് വാര്‍ഡുകളുടെ പുനര്‍നിര്‍ണ്ണയം നടത്തിയത്. ഡിജിറ്റല്‍ മാപ്പിലും വ്യാപകമായ കൃത്രിമം നടത്തിയിട്ടുണ്ട്.

ഡീലിമിറ്റേഷന്‍ പ്രക്രിയയുടെ വിശ്വാസ്യത പൂര്‍ണ്ണമായും നഷ്ടപ്പെടുന്ന സ്ഥിതിയാണ് നിലവിലുള്ളത്. പരാതികളില്‍ കൃത്യമായ അന്വേഷണവും തിരുത്തലും വരുത്തിയില്ലെങ്കില്‍ ജനാധിപത്യത്തിന് വലിയ കളങ്കമുണ്ടാക്കുന്ന നടപടിയായിക്കുമിത്. അതിനാല്‍ ഡീലിമിറ്റേഷന്‍ കമ്മീഷന്‍ ഇക്കാര്യത്തില്‍ താഴെതട്ടില്‍ നടക്കുന്ന പ്രക്രിയ നിരീക്ഷിക്കാന്‍ തയ്യാറാകണം. പരാതികളില് നടക്കുന്ന പരിശോധനയുടെ കൃത്യത ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടറും സംസ്ഥാന ഡീലിമിറ്റേഷന്‍ കമ്മീഷനും ഉറപ്പാക്കണം. അല്ലാത്ത പക്ഷം നിയമപരമായും രാഷ്ട്രീയമായും നേരിടും.

പുതിയ തദ്ദേശസ്ഥാപനങ്ങളുടെ രൂപീകരണമായിരുന്നു ജനം ആഗ്രഹിച്ചത്. അതിന് തയ്യാറാകാത്ത സാഹചര്യത്തില്‍ വാര്‍ഡുകളുടെ എണ്ണം മാത്രം വര്‍ദ്ധിക്കുന്ന നടപടി തന്നെ അനാവശ്യമാണ്. ആര്‍ട്ടിക്കിള്‍ 243സിക്ക് വിരുദ്ധമായ നടപടിയാണിത്. ഇതിനെതിരെ നിയമപോരാട്ടം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

Continue Reading

Trending