Connect with us

kerala

ഇ.പിയുടെ പുസ്തകവും പാര്‍ട്ടിയിലെ ജീര്‍ണതയും

Published

on

നാളിതുവരെ സി.പി.എം കാട്ടിക്കൂട്ടിയ നെറികേടുകള്‍ക്കുള്ള തിരിച്ചടികളാണ് ഓരോ തിരഞ്ഞെടുപ്പ് വേളയിലും അവര്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ചേലക്കരയിലേയും വയനാട്ടിലേയും ഉപതിരഞ്ഞടുപ്പുദിവസം സി.പി.എം കേന്ദ്രകമ്മിറ്റി അംഗം ഇ.പി ജയരാജന്റെ ആത്മകഥ വിവാദം അവര്‍ ചെയ്തുകൂട്ടിയതിനുള്ള കാലത്തിന്റെ തിരിച്ചടിയായിവേണം കരുതാന്‍. വേങ്ങര ഉപതിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ സോളാര്‍ കേസില്‍

ഉമ്മന്‍ ചാണ്ടിക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചേര്‍ത്ത് കേസെടുക്കുകയും പാലാ ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനു തൊട്ടുമുമ്പ് ഉമ്മന്‍ചാണ്ടിയെ ഉള്‍പ്പെടുത്തി ടൈറ്റാനിയം കേസ് സി .ബി.ഐക്കുവിടുകയും 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് സോളാര്‍ കേസ് സി.ബി.ഐക്കു വിടുകയും ചെയ്തത് സി.പി.എമ്മിന്റെ രാഷ്ട്രീയ പ്രതികാരത്തിന്റെ ഭാഗമാണ്. ഉമ്മന്‍ ചാണ്ടിയെ വേട്ടയാടിയതിന് കാലംനല്‍കുന്ന തിരിച്ചടിയാണ് ഇ.പി ജയരാജന്റെ പുസ്തക വിവാദം. കൊടുത്തത് തിരിച്ചുകിട്ടുമെന്ന പഴമൊഴി പോലെ ഇവിടെ പഴയതിനൊക്കെ സി.പി.എമ്മിന് തിരിച്ചുകിട്ടുകയാണ്. തിരഞ്ഞെടുപ്പു ദിനത്തോടനുബന്ധിച്ചു വോട്ടര്‍മാരില്‍ പ്രതികൂല ചിന്തയുണ്ടാക്കാന്‍ സാധ്യതയുള്ള യാതൊന്നിനും മുതിരാതിരിക്കുന്നതാണ് രാഷ്ട്രീയ മര്യാദ. നിഷ്പക്ഷ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ചെറിയ വിവാദങ്ങള്‍ക്കുപോലും കഴിയും എന്നതുകൊണ്ട് ഇക്കാര്യത്തില്‍ മുന്നണികള്‍ പരമാവധി ശ്രദ്ധ നല്‍കാറുമുണ്ട്. എന്നാല്‍ സി.പി.എം ഈ മര്യാദകളൊക്കെ കാറ്റില്‍പറത്തുകയായിരുന്നു.

ഉമ്മന്‍ചാണ്ടിയോട് സി.പി.എം കാണിച്ച രാഷ്ട്രീയ നെറികേടിന് അവര്‍ക്കു കിട്ടുന്ന തിരിച്ചടികള്‍ പക്ഷേ അവരില്‍ നിന്നു തന്നെയാണെന്ന വസ്തുതയും കാണേണ്ടതുണ്ട്. നെയ്യാറ്റിന്‍കര തിരഞ്ഞെടുപ്പ് നടക്കുമ്പോഴാണ് രമയെ കാണാന്‍ വി.എസ് അച്യുതാനന്ദന്‍ പോയത്. ഭരണകക്ഷിക്ക് 72 എം.എല്‍.എമാരും പ്രതിപക്ഷത്തിന് 68 പേരുമുള്ള കാലമായിരുന്നു അത്. ഒരു സീറ്റിന് സര്‍ക്കാരിന്റെ തന്നെ വിലയുള്ള കാലം, എന്നാല്‍ അച്യുതാനന്ദന്‍ കോഴിക്കോട് എത്തിയത് മുതല്‍ വോട്ടെടുപ്പ് ദൃശ്യങ്ങള്‍ മാഞ്ഞ് ഒഞ്ചിയം ദൃശ്യങ്ങള്‍ തല്‍സമയം തെളിഞ്ഞു. ഒടുവില്‍ ആറായിരത്തി എഴുനൂറ് വോട്ടിന് പൊതുതിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് വിജയിച്ച നെയ്യാറ്റിന്‍കര മണ്ഡലം ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റേതായി. ഇക്കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ദിവസമാണ് പ്രകാശ് ജാവദേക്കറെ കണ്ടെന്ന് ഇ.പി പറയുന്നത്. ആക്കുളത്തു മകന്റെ ഫ്‌ലാറ്റില്‍വച്ചു ബി.ജെ.പി നേതാവ് പ്രകാശ് ജാവദേക്കറെ കണ്ടതായുള്ള ലോക്‌സഭാ തിരഞ്ഞെടുപ്പ് ദിവസത്തെ ഇ.പിയുടെ തുറന്നുപറച്ചില്‍ സി.പി.എമ്മിനും മുന്നണിക്കും ഏല്‍പ്പിച്ച പരുക്ക് ചെറുതായിരുന്നില്ല. അതില്‍നിന്നു കരകയറി, ഇ.പിയും പാര്‍ട്ടിയും തമ്മിലുള്ള അകല്‍ച്ച കുറയുന്നതിന്റെ സൂചനക്കിടയിലാണ് ആത്മകഥാ പ്രഹരം. പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ച ലോക്‌സഭാ തിരഞ്ഞെടുപ്പിനുമുമ്പ് ചര്‍ച്ചയാക്കി യതിനുപിന്നില്‍ ഗൂഢാലോചന ആരോപിക്കുന്നുണ്ട് ഇ.പി.

ഇടതുപക്ഷത്തിന്റെ ദൗര്‍ബല്യം ദിനംപ്രതി കൂടിവരികയാണ്. സി.പി.എമ്മിലും എല്‍.ഡി.എഫിലും അമര്‍ഷവും പ്രതിഷേധവും ഉള്ളവരുടെ എണ്ണം വര്‍ധിച്ചുവരുന്നതിനിടയിലാണ് വിവാദങ്ങളും സി.പി.എമ്മിനെ പിടികൂടുന്നത്. ജാവദേക്കറെ കണ്ടതായി ഇ.പി ജയരാജന്‍ തുറന്നു സമ്മതിച്ചതോടെയായിരുന്നു കൂടിക്കാഴ്ചാ വിവാദത്തില്‍ സി.പി.എം പ്രതിസന്ധിയിലായത്. പുസ്തക വിവാദത്തില്‍ പുറത്തുവന്ന കാര്യങ്ങള്‍ ഇ.പി തള്ളിക്കളഞ്ഞത് പാര്‍ട്ടിക്കു താല്‍ക്കാലിക പിടിവള്ളിയാകുമെങ്കിലും ഉള്ളില്‍ സംശയിച്ചുതന്നെയാണ് സി.പി.എം നേതൃത്വം നിലകൊള്ളുന്നത്. സംഘടനാ പ്രവര്‍ത്തനം തുടങ്ങിയതു മുതലുള്ള കാര്യങ്ങള്‍ പുറത്തുവന്ന ആത്മകഥയില്‍ അക്കമിട്ട് പറയുന്നുണ്ട്. ഇതിന് പുറമേയാണ് സ്വകാര്യ ശേഖരത്തിലെ ഫോട്ടോകളും പുസ്തകത്തിന്റെ പകര്‍പ്പിലുണ്ടെന്നത് പാര്‍ട്ടിയെ അലോസരപ്പെടുത്തുന്നുണ്ട്. വളരെ അസ്വസ്ഥനായാണ് ഇ.പി പാര്‍ട്ടിയില്‍ കഴിയുന്നതെന്ന സൂചന പുസ്‌കത്തില്‍ വേണ്ടുവോളമുണ്ട്. എം.വി ഗോവിന്ദന്‍ സംസ്ഥാന സെക്രട്ടറിയായതിന് ശേഷം നടത്തിയ ജനകീയ പ്രതിരോധ ജാഥയില്‍ പങ്കെടുക്കാതെ എറണാകുളത്തേക്ക് പോയ ഇ.പി

അവിടെ ദല്ലാള്‍ നന്ദകുമാറിന്റെ അമ്മയെ ആദരിക്കുന്ന ചടങ്ങില്‍ പങ്കെടുത്തതും വിവാദമായത് ഓര്‍ക്കേണ്ടതുണ്ട്. എന്നാല്‍ ദല്ലാള്‍ നന്ദകുമാറുമായുള്ള ബന്ധത്തിനെതിരെ പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്‍ പക്ഷേ, ജാവദേക്കറെ കണ്ടത് തള്ളിപ്പറഞ്ഞില്ല എന്നു മാത്രമല്ല അത് ന്യായീകരിക്കുകയുമായിരുന്നു. ഞാനും അഞ്ചാറ് തവണ കണ്ടിട്ടുണ്ടെന്നാണ് മുഖ്യമന്ത്രി ഇതേക്കുറിച്ച് പറഞ്ഞത്.

സി.പി.എം അകപ്പെട്ട ജീര്‍ണ്ണതയുടെ ആഴമാണ് ഓരോ സംഭവത്തിലൂടെയും പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇതില്‍ നിന്നും പുറത്തുകടക്കാന്‍ പര്യാപ്തമായ മറുപടി ജനങ്ങളോടു പറയുന്നതിന് സി.പി.എം നേതൃത്വത്തിനും കഴിയുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

kerala

വാര്‍ഡ് വിഭജനത്തില്‍ നാണംകെട്ട് സര്‍ക്കാര്‍

പുതിയ സെന്‍സസ് നിലവിലില്ലാതെ പഴയതിന്റെ അടിസ്ഥാനത്തില്‍ തന്നെ വാര്‍ഡ് പുനര്‍വിഭജനത്തിനുള്ള നീക്കം സെന്‍സസ് നിയമത്തിന്റെയും ചട്ടത്തിന്റെയും കേരള മുനിസിപ്പല്‍ ആക്ടിലെ 6(2) വകുപ്പിന്റെയും ലംഘനമാണെന്നായിരുന്നു ഹരജിക്കാരുടെ വാദത്തിന്റെ കാതല്‍

Published

on

പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളുമടക്കം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ വാര്‍ഡ് പുനര്‍നിര്‍ണയ നീക്കത്തില്‍ സര്‍ക്കാരിന് കനത്ത തിരിച്ചടി സമ്മാനിച്ചുകൊണ്ട് കോടതിയെ സമീപിച്ച മുനിസിപ്പാലിറ്റികളിലെയും പഞ്ചായത്തിലെയും വാര്‍ഡ് വിഭജനം ഹൈക്കോടതി റദ്ദാക്കിയിരിക്കുകയാണ്. മുനിസിപ്പല്‍ ആക്ട് ഭേദഗതിയിലൂടെ വാര്‍ഡ് വിഭജനം നടത്താനുള്ള നീക്കത്തിനെതിരെ കൊടുവള്ളി, ഫറോക്ക്, മുക്കം, വളാഞ്ചേരി, പരപ്പനങ്ങാടി, തിരൂരങ്ങാടി, താനൂര്‍ മുനിസിപ്പാലിറ്റികളിലെയും ചില പഞ്ചായത്തിലെ കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടെ നല്‍കിയ ഹര്‍ജിയിലാണ് വിധിയുണ്ടായിരിക്കുന്നത്. പുതിയ സെന്‍സസ് നിലവിലില്ലാതെ പഴയതിന്റെ അടിസ്ഥാനത്തില്‍ തന്നെ വാര്‍ഡ് പുനര്‍വിഭജനത്തിനുള്ള നീക്കം സെന്‍സസ് നിയമത്തിന്റെയും ചട്ടത്തിന്റെയും കേരള മുനിസിപ്പല്‍ ആക്ടിലെ 6(2) വകുപ്പിന്റെയും ലംഘനമാണെന്നായിരുന്നു ഹരജിക്കാരുടെ വാദത്തിന്റെ കാതല്‍. ഈ നിരീക്ഷണം ശരിവെച്ചുകൊണ്ടാണ് ഏഴ് നഗരസഭകളിലെയും ഒരു പഞ്ചായത്തിലെയും വാര്‍ഡ് പുനര്‍വിഭജനം ഹൈക്കോടതി റദ്ദാക്കിയിരിക്കുന്നത്. 2011 ലെ സെന്‍സസ് പ്രകാരം 2015 ല്‍ തദ്ദേശ സ്ഥാപനങ്ങളില്‍ വാര്‍ഡ് പുനര്‍വിഭജനം നടത്തിയിട്ടുള്ളതാണ്. അതിനുശേഷം സെന്‍സസ് നടന്നിട്ടില്ല. ഈ പശ്ചാത്തലത്തില്‍ ഇപ്പോള്‍ നടത്തിയിട്ടുള്ള വാര്‍ഡ് പുനര്‍വിഭജനം നിയമപരമായി നിലനില്‍ക്കില്ല എന്നതാണ് കോടതിയുടെ നിരീക്ഷണം. വാര്‍ഡ് പുനര്‍വിഭജനത്തിന് അടിസ്ഥാനമാക്കേണ്ടത് സെന്‍സസ് ആണെന്നും കോടതി വ്യക്തമാക്കുകയുണ്ടായി.

മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തിയും ഉദ്യോഗസ്ഥരെ വരുതിയിലാക്കിയും അധികാര ദുര്‍വിനിയോഗത്തിന്റെ എല്ലാ സീമകളും ലംഘിച്ചായിരുന്നു സി.പി.എം നേതൃത്വത്തില്‍ തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഡ് വിഭജനം നടന്നത്. പാര്‍ട്ടി നേതൃത്വം നല്‍കിയ നിര്‍ദ്ദേശങ്ങള്‍ അച്ചട്ട പാലി ച്ച് വാര്‍ഡുകളുടെ ഘടനയോ ജനസംഖ്യാ അനുപാതമോ പരിഗണിക്കാതെയുള്ള വിഭജനത്തില്‍ രാഷ്ട്രിയ നേട്ടം മാത്രമാണ് ലക്ഷ്യമെന്നത് പ്രഥമ ദൃഷ്ട്യാ തന്നെ പ്രകടമായിരുന്നു. പലയിടങ്ങളിലും വാര്‍ഡുകള്‍ സന്ദര്‍ശിക്കാനോ അതിരുകള്‍ നിശ്ചയിക്കാനോ ഉള്ള സാഹചര്യങ്ങള്‍ പോലും ഉദ്യോഗസ്ഥര്‍ക്ക് ഉണ്ടായിരുന്നില്ല. പാര്‍ട്ടി നേതൃത്വം തയാറാക്കിക്കൊണ്ടുവന്ന രേഖ പകര്‍ത്തി എഴുതുന്നവരായി ജീവനക്കാര് അധപതിച്ച സാഹചര്യം പോലുമുണ്ടായി. കരട് റിപ്പോര്‍ട്ട് സംബന്ധിച്ച് യു.ഡി.എഫ് നല്‍കിയ പരാതികളുടെ സ്ഥാനം ചവറ്റുകൊട്ടയിലുമായിയിരുന്നു. ഏകപക്ഷിയമായി തയാറാക്കിയ റിപ്പോര്‍ട്ടായിട്ട് പോലും പരാതി നാടകങ്ങളുമായി രംഗത്തെത്താനും ഇടതുപക്ഷം മറന്നിട്ടുണ്ടായിരുന്നില്ല. നീതിയുടെയും ന്യായത്തിന്റെയും ഒരു കണികപോലും അവശേഷിച്ചിട്ടില്ലാത്ത ഈ വിഭജനത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് യു.ഡി.എഫ് ആദ്യഘട്ടത്തില്‍ തന്നെ വ്യക്തമാക്കിയതാണ്. അശാസ്ത്രീയതയും പക്ഷപാതിത്വവും മുഴച്ചുനില്‍ക്കുന്ന റിപ്പോര്‍ട്ട് കോടതി ചവറ്റുകൊട്ടിയിലിടുമെന്ന യു.ഡി.എഫിന്റെ വെല്ലുവിളിയെ ഈ വിധിയിലൂടെ നീതിപീഠം സാധൂകരിക്കുകയും ചെയ്തു.

ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷനുകളിലെ കരട് വാര്‍ഡ് വിഭജന റിപ്പോര്‍ട്ട് സംബന്ധിച്ച് ലഭിച്ച പരാതികളുടെ എണ്ണംതന്നെ ഈ ക്രമക്കേടുകളുടെ വ്യക്തമായ തെളിവായിരുന്നു. ആകെ 16896 പരാതികളാണ് ലഭിച്ചിരുന്നത്. ഇതില്‍ ഏറ്റവും അധികം പരാതികള്‍ അതായത് 2834 എണ്ണം ലഭിച്ചത് മലപ്പുറത്തുനിന്നാണെന്നതു പിണറായി സര്‍ക്കാറിന്റെ ലക്ഷ്യം മറനീക്കിപ്പുറത്തുകൊണ്ട് വരുന്നുണ്ട്. മഹാഭൂരിപക്ഷം പഞ്ചായത്തുകളും യു.ഡി.എ ഫ് അധികാരത്തിലുള്ള ജില്ലയില്‍ കടുംവെട്ടിനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തിയത്. ഗ്രാമപഞ്ചായത്തുകളില്‍ ആകെ 11874 ഉം, മുനിസിപ്പാലിറ്റികളില്‍ 2864 ഉം, കോര്‍പ്പറേഷനുകളില്‍ 1607 ഉം പരാതികളുണ്ടായിരുന്നു. ഏറ്റവും കൂടുതല്‍ പരാതികള്‍ ലഭിച്ച മുനിസിപ്പാലിറ്റി കൊടുവള്ളിയായിരുന്നു. ഇവിടെയും അധികാരത്തിലിരിക്കുന്നത് യു.ഡി.എഫ് തന്നെയാണ്. രണ്ടാം ഘട്ടത്തില്‍ ബ്‌ളോക്ക് പഞ്ചായത്തുകളിലും, മൂന്നാം ഘട്ടത്തില്‍ ജില്ലാ പഞ്ചായത്തുകളിലും പുനര്‍വിഭജനം നടക്കാനിരിക്കെ ലഭിച്ചിരിക്കുന്ന ഈ തിരിച്ചടിയില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് മുന്നോട്ടു പോവാന്‍ തയാറാകാത്ത പക്ഷം നിയമപരമായും രാഷ്ട്രീയമായും മറ്റൊരുനാണക്കേടിന്റെ ഹാരവുംകൂടി സര്‍ക്കാറിന് കഴുത്തിലണിയേണ്ടിവരും.

അഴിമതിയും സ്വജനപക്ഷപാതവും ജനവിരുദ്ധതയും മുഖമുദ്രയാക്കിയ ഒരു സര്‍ക്കാറിന്റെ അധികാരം നിലനിര്‍ത്താനുള്ള നിലംവിട്ട കളികള്‍കണ്ട് അമ്പരന്നു നില്‍ക്കുകയാണിപ്പോള്‍ കേരള ജനത. ജനങ്ങളുടെ മുന്നില്‍ തലയില്‍ മുണ്ടിട്ടു നടക്കേണ്ട അവസ്ഥയിലെത്തി നില്‍ക്കുമ്പോള്‍ കുറുക്കുവഴികളില്‍ അഭയംപ്രാപിക്കാനുള്ള നെട്ടോട്ടമാണ് ഈ കണ്ടുകൊണ്ടിരിക്കുന്നതെല്ലാം. ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പില്‍ വര്‍ഗീയ ധ്രുവീകരണമാണ് അതിന് ലാക്കാക്കിയതെങ്കില്‍ പഞ്ചായത്തു തിരഞ്ഞെടുപ്പില്‍ അശാസ്ത്രീയമായ വാര്‍ഡ് വിഭജനമായിരുന്നു ഇവര്‍ കണ്ടു വെച്ചത്. എന്നാല്‍ ജനകീയ കോടതിയിലെത്തുന്നതിനു മുമ്പ് നീതി പീഠം തന്നെ ഈ കുതന്ത്രങ്ങളെ പൊളിച്ചടക്കിയിരിക്കുകയാണ്.

Continue Reading

kerala

‘ബി. ആര്‍ അംബേദ്കറെന്ന് കേള്‍ക്കുമ്പോള്‍ ചിലര്‍ക്ക് അലര്‍ജി’: അമിത് ഷായ്ക്കെതിരെ വിജയ്

‘അംബേദ്കര്‍, അംബേദ്കര്‍, അംബേദ്കര്‍, എന്ന അദ്ദേഹത്തിന്റെ നാമം നമുക്ക് സന്തോഷത്തോടെ ജപിച്ചുകൊണ്ടേയിരിക്കാം’- ടിവികെ പ്രസിഡന്റ് പറഞ്ഞു. അമിത് ഷായുടെ പേര് പരാമര്‍ശിക്കാതെയായിരുന്നു വിജയ്‌ന്റെ പോസ്റ്റ്.

Published

on

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അംബേദ്കര്‍ പരാമര്‍ശത്തിനെതിരെ തമിഴ് നടനും തമിഴക വെട്രി കഴകം (ടിവികെ) പ്രസിഡന്റുമായ വിജയ്. ചില വ്യക്തികള്‍ക്ക് അംബേദ്കര്‍ എന്ന പേരിനോട് അലര്‍ജിയുണ്ടാകാം എന്നായിരുന്നു എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ വിജയ് വ്യക്തമാക്കിയത്. ‘പകരം വെയ്ക്കാനില്ലാത്ത രാഷ്ട്രീയ- ബൗദ്ധിക വ്യക്തിത്വമാണ് അംബേദകറിന്റേത്. അദ്ദേഹത്തിന്റെ പൈതൃകം പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങള്‍ക്ക് പ്രത്യാശയുടെ വെളിച്ചമാണ്. സാമൂഹിക അനീതിക്കെതിരായ ചെറുത്തുനില്‍പ്പിന്റെ പ്രതീകമാണ് അംബേദ്കറെന്നും വിജയ് പോസ്റ്റിലൂടെ പറയുന്നു. ‘അംബേദ്കര്‍, അംബേദ്കര്‍, അംബേദ്കര്‍, എന്ന അദ്ദേഹത്തിന്റെ നാമം നമുക്ക് സന്തോഷത്തോടെ ജപിച്ചുകൊണ്ടേയിരിക്കാം’- ടിവികെ പ്രസിഡന്റ് പറഞ്ഞു. അമിത് ഷായുടെ പേര് പരാമര്‍ശിക്കാതെയായിരുന്നു വിജയ്‌ന്റെ പോസ്റ്റ്.

വടക്കന്‍ തമിഴ്നാട്ടിലെ വില്ലുപുരത്ത് നടന്ന പാര്‍ട്ടിയുടെ ആദ്യ റാലിയില്‍, ടിവികെയുടെ പ്രത്യയശാസ്ത്ര ഉപദേഷ്ടാക്കളില്‍ ഒരാളായി അംബേദ്കറെ വിജയ് പരാമര്‍ശിച്ചിരുന്നു. ദലിത് വോട്ടര്‍മാരെ കൂടി ലക്ഷ്യമിട്ടാണ് വിജയ് തന്റെ പാര്‍ട്ടി ചലിപ്പിക്കുന്നത്. 2011ലെ സെന്‍സസ് പ്രകാരം തമിഴ്നാട്ടിലെ ജനസംഖ്യയുടെ 20 ശതമാനത്തോളം ദളിതരാണ്.

അതേസമയം ഡിസംബര്‍ 17ന് രാജ്യസഭയില്‍ അമിത് ഷാ നടത്തിയ പരാമര്‍ശത്തെ രാജ്യത്തുടനീളമുള്ള പ്രതിപക്ഷ പാര്‍ട്ടികളും അപലപിച്ച് രംഗത്തെത്തി. ‘ അംബേദ്കര്‍, അംബേദ്കര്‍, അംബേദ്കര്‍… എന്ന് പറയുന്നതു പ്രതിപക്ഷത്തിനു ഫാഷനായിരിക്കുന്നു. ഇങ്ങനെ പല തവണ ദൈവത്തിന്റെ പേരു പറഞ്ഞിരുന്നെങ്കില്‍ അവര്‍ക്ക് സ്വര്‍ഗത്തില്‍ സ്ഥാനം ലഭിക്കുമായിരുന്നു’- ഇങ്ങനെയായിരുന്നു അമിത് ഷായുടെ വാക്കുകള്‍. ഈ പരാമര്‍ശമാകട്ടെ രാജ്യമൊട്ടാകെ വ്യാപക പ്രതിഷേധമാണ് ക്ഷണിച്ചുവരുത്തിയത്.

ഇന്നലെ പാര്‍ലമെന്റിന്റെ ഇരുസഭകളും സ്തംഭിപ്പിച്ച പ്രതിപക്ഷം, പാര്‍ലമെന്റിനു പുറത്തേക്കും പ്രതിഷേധം വ്യാപിപ്പിച്ചു. വിവിധ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിഷേധ പരിപാടികള്‍ നടന്നു. ആഭ്യന്തരമന്ത്രി മാപ്പു പറയണമെന്നും രാജിവയ്ക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

എന്നാല്‍ അംബേദ്കറെക്കുറിച്ചുള്ള തന്റെ പരാമര്‍ശങ്ങള്‍ കോണ്‍ഗ്രസ് വളച്ചൊടിച്ചുവെന്നാണ് അമിത് ഷാ വ്യക്തമാക്കിയത്. അംബേദ്കറെ ഒരിക്കലും അപമാനിക്കാന്‍ കഴിയാത്ത ഒരു പാര്‍ട്ടിയില്‍ നിന്നാണ് താന്‍ വരുന്നതെന്നും അമിത് ഷാ പറഞ്ഞു. വാര്‍ത്താസമ്മേളനം വിളിച്ചായിരുന്നു അമിത് ഷാ, തന്റെ ഭാഗം വ്യക്തമാക്കിയത്. അതേസമയം അംബേദ്കറോട് ബഹുമാനമുണ്ടെങ്കില്‍ അമിത് ഷായെ പ്രധാനമന്ത്രി മോദി മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഖാര്‍ഗെ ആവശ്യപ്പെട്ടു.

Continue Reading

kerala

പ്രശസ്ത നടി മീന ഗണേഷ് അന്തരിച്ചു

200ല്‍ പരം സിനിമകളിലും, 25ല്‍ പരം സീരിയലുകളിലും നിരവധി നാടകങ്ങളിലും നടി അഭിനയിച്ചിട്ടുണ്ട്

Published

on

പാലക്കാട്: പ്രശസ്ത നടി മീന ഗണേഷ് (81)അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ ഷൊര്‍ണൂരിലെ പി കെ ദാസ് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. കഴിഞ്ഞ അഞ്ചുദിവസമായി ചികിത്സയിലായിരുന്നു. 200ല്‍ പരം സിനിമകളിലും, 25ല്‍ പരം സീരിയലുകളിലും നിരവധി നാടകങ്ങളിലും നടി അഭിനയിച്ചിട്ടുണ്ട്.

തമിഴ് നടന്‍ കെ പി കേശവന്റെ മകളാണ്. പഠനകാലത്ത് കൊപ്പം ബ്രദേഴ്‌സ് ആര്‍ട്ട്‌സ് ക്ലബ്ബിലൂടെയാണ് മീന ആദ്യമായി നാടകരംഗത്തെത്തുന്നത്. തുടര്‍ന്ന് നാടകത്തില്‍ സജീവമാവുകയും മലയാളി സമാജങ്ങളില്‍ അഭിനയിക്കുകയും ചെയ്തു. 1971ല്‍ പ്രശസ്ത നാടകരചയിതാവും സംവിധായകനും നടനുമായ എ എന്‍ ഗണേഷിനെ വിവാഹം ചെയ്യുകയും വിവാഹശേഷം മീനയും ഗണേഷും ചേര്‍ന്ന് പൗര്‍ണ്ണമി കലാമന്ദിര്‍ എന്ന പേരില്‍ ഷൊര്‍ണ്ണൂരില്‍ ഒരു നാടക സമിതി ആരംഭിച്ചു. എന്നാല്‍ സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് ഈ ട്രൂപ്പ് പരിച്ചുവിട്ടിരുന്നു.

പാഞ്ചജന്യം, ഫസഹ്, മയൂഖം, സിംഹാസനം, സ്വര്‍ണമയൂരം, ആയിരം നാവുള്ള മൗനം, രാഗം, കാലം, ഉമ്മിണിതങ്ക, പുന്നപ്ര വയലാര്‍, ഇന്ധനം, ഉഷപൂജ, ഒഥല്ലോ, സ്‌നേഹപൂര്‍വം അമ്മ, നിശാഗന്ധി, പ്രളയം, കാറ്റ് മാറി വീശി, സര്‍ച്ച് ലൈറ്റ്, പാലം അപകടത്തില്‍, ഭരതക്ഷേത്രം, രാജസൂയം, നോക്കുകുത്തികള്‍ തുടങ്ങിയവയാണ് പ്രസിദ്ധമായ നാടകങ്ങള്‍. ചാലക്കുടി സാരഥി തീയറ്റേഴ്‌സിനു വേണ്ടി നടന്‍ തിലകന്‍ സംവിധാനം ചെയ്ത ഫസഹ് എന്ന നാടകത്തില്‍ മീന ഗണേഷ് ചെയ്ത ‘കുല്‍സുമ്പി’ എന്ന കഥാപാത്രം ഏറെ ജനപ്രീതി നേടിയിരുന്നു. എറണാകുളം ദൃശ്യകലാഞ്ജലിക്കായി എ എന്‍ ഗണേഷ് എഴുതി സംവിധാനം ചെയ്ത ‘പാഞ്ചജന്യം’ എന്ന നാടകം തുടര്‍ച്ചയായി മൂന്നു വര്‍ഷം അവതരിപ്പിച്ചു.

Continue Reading

Trending