Connect with us

kerala

പാര്‍ട്ടിയും സര്‍ക്കാരും തിരുത്തണം; രണ്ടാം പിണറായി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ഇ.പി ജയരാജന്റെ ആത്മകഥ

രാഷ്ട്രീയജീവിതവും വിവാദങ്ങളും ഉൾപ്പെടുത്തി ആത്മകഥ എഴുതാൻ തീരുമാനിച്ചിട്ടുണ്ടെന്ന് നേരത്തെ ഇപി ജയരാജൻ അറിയിച്ചിരുന്നു.

Published

on

രണ്ടാം പിണറായി വിജയൻ സർക്കാർ വളരെ ദുർബലമെന്ന് മുൻ എൽഡിഎഫ് കൺവീനറും സിപിഎം കേന്ദ്രകമ്മിറ്റിയംഗവുമായ ഇപി ജയരാജൻ. ‘കട്ടൻ ചായയും പരിപ്പുവടയും’ ഒരു കമ്യൂണിസ്റ്റിന്റെ ജീവിതം എന്ന ആത്മകഥയിലാണ് രൂക്ഷവിമർശനം ഉന്നയിച്ചിരിക്കുന്നത്.

ചേലക്കരയിലും വയനാടും ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ദിവസം തന്നെയാണ് വിവാദപരാമർശങ്ങളുള്ള പുസ്തകം പ്രകാശനം ​ചെയ്യുന്നതെന്നതാണ് ശ്രദ്ധേയം. രാഷ്ട്രീയജീവിതവും വിവാദങ്ങളും ഉൾപ്പെടുത്തി ആത്മകഥ എഴുതാൻ തീരുമാനിച്ചിട്ടുണ്ടെന്ന് നേരത്തെ ഇപി ജയരാജൻ അറിയിച്ചിരുന്നു.

ദേശാഭിമാനിയ്ക്കായി പരസ്യവും ബോണ്ടും വാങ്ങിയത് പാർട്ടിയുമായി ആലോചിച്ചാണെന്നും എന്നാൽ വിഎസ് അച്യുതാനന്ദൻ അത് തനിക്കെതിരെ ആയുധമാക്കിയെന്നും പരാമർശമുണ്ട്.

ആദ്യ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായിരുന്ന ഇഎംഎസ് നമ്പൂതിരിപ്പാടിനൊപ്പം ഇ.പി ജയരാജൻ നിൽക്കുന്ന ചിത്രമാണ് പുസ്തകത്തിന്റെ കവറിലുള്ളത്. കട്ടൻചായ പിടിച്ചുനിൽക്കുന്ന ഇഎംഎസിനെ ചിരിയോടെ നോക്കുന്ന ജയരാജനാണ് ചിത്രത്തിലുള്ളത്.

ബിജെപി കേരള പ്രഭാരി പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ച വിവാദമായതിന് പിന്നാലെയാണ് എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്ന് നീക്കിയത്. കഴിഞ്ഞ ലോക്സഭാ ​തെരഞ്ഞെടുപ്പ് ദിനത്തിലാണ് പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയതെന്ന് മാധ്യമങ്ങളോട് സ്ഥിരീകരിച്ചത്. ആ വെളിപ്പെടുത്തൽ സിപിഎമ്മിനെ വലിയരീതിയിൽ പ്രതിരോധത്തിലാക്കിയിരുന്നു.

ഇതിന് പിന്നാലെ എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്ന് ഇപി ജയരാജനെ നീക്കിയിരുന്നു. എല്ലാ ചോദ്യങ്ങൾക്കും ആത്മകഥയിലുത്തരമുണ്ടാകുമെന്നായിരുന്നു ഇപി ജയരാജൻ അന്ന് പ്രതികരിച്ചിരുന്നത്. ഇപി ജയരാജൻ ബിജെപിയിൽ ചേരാൻ തന്നോട് ചർച്ചനടത്തിയെന്ന് ശോഭാസു​രേന്ദ്രൻ ആഴ്ചകൾക്കുമുമ്പ് വെളിപ്പെടുത്തിയിരുന്നു.

kerala

രാസലഹരി കേസില്‍ തൊപ്പി സേഫ്; മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കി

തമ്മനത്തെ താമസ സ്ഥലത്തുനിന്ന് രാസലഹരി പിടിച്ചെടുത്തതിന് പിന്നാലെ യൂട്യൂബര്‍ തൊപ്പി എന്ന നിഹാദ് ഒളിവിലായിരുന്നു

Published

on

രാസലഹരി കേസില്‍ ‘തൊപ്പി’യുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കി. കേസില്‍ നിലവില്‍ നിഹാദ് പ്രതിയല്ലെന്ന് പാലാരിവട്ടം പൊലീസ് അറിയിച്ചു. നിഹാദ് ഉള്‍പ്പടെ ആറ് പേര്‍ക്കെതിരെയും കേസെടുത്തിട്ടില്ലെന്നും പൊലീസ് പറഞ്ഞു. പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കിയത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് നടപടി.

താമസ സ്ഥലത്തുനിന്ന് രാസലഹരി പിടിച്ചെടുത്തതിന് പിന്നാലെ യൂട്യൂബര്‍ തൊപ്പി എന്ന നിഹാദ് ഒളിവിലായിരുന്നു. പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് നിഹാദ് ഒളിവില്‍ പോയത്. ഇയാള്‍ മുന്‍കൂര്‍ ജാമ്യം തേടി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ സമീപിച്ചിരുന്നു. നിഹാദിനൊപ്പം സുഹൃത്തുക്കളായ മൂന്ന് യുവതികളും മുന്‍കൂര്‍ ജാമ്യം തേടിയിരുന്നു.

അടുത്തിടെ എല്ലാം അവസാനിപ്പിക്കുന്നുവെന്ന് പറഞ്ഞ് നിഹാദ് രംഗത്തെത്തിയിരുന്നു. വിഷാദത്തിലൂടെ കടന്നു പോവുകയാണെന്നും ഇനിയിത് തുടരാനാകില്ലെന്നുമായിരുന്നു യൂട്യൂബിലൂടെ നിഹാദ് പറഞ്ഞത്. വീട്ടുകാര്‍ തന്നെ സ്വീകരിക്കുന്നില്ലെന്നും പണവും പ്രശസ്തിയുമുണ്ടായിട്ട് ഒരു കാര്യവുമില്ലെന്നും നിഹാദ് പറഞ്ഞിരുന്നു.

‘തൊപ്പി’ എന്ന കഥാപാത്രത്തെ ഉപേക്ഷിക്കുകയാണെന്നും നിഹാദ് എന്ന യഥാര്‍ത്ഥ വ്യക്തിത്വത്തിലേക്ക് മടങ്ങുക മാത്രമാണ് ജീവിതത്തിലേക്ക് തിരികെവരാനുള്ള ഏക പോംവഴിയെന്നും നിഹാദ് പറഞ്ഞിരുന്നു.

Continue Reading

kerala

കാറും കെ.എസ്.ആര്‍.ടി.സി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വീട്ടമ്മ മരിച്ചു

കൂടെയുണ്ടായിരുന്ന മകനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Published

on

ചടയമംഗലം: എം.സി റോഡില്‍ കാറും കെ.എസ്.ആര്‍.ടി.സി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വീട്ടമ്മ മരിച്ചു. കൊല്ലം നിലമേല്‍ വെള്ളാമ്പാറ സ്വദേശി ശ്യാമള കുമാരിയാണ് മരിച്ചത്.കൂടെയുണ്ടായിരുന്ന മകനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്.

ചടയമംഗലത്തിനും ആയൂരിനും ഇടയിലുള്ള ഇളവക്കോട് ബ്ലോക്ക് ഓഫീസിന് സമീപത്തായിരുന്നു അപകടം. ചടയമംഗലത്ത് നിന്ന് കോട്ടയത്തേക്ക് പോവുകയായിരുന്ന കൊട്ടാരക്കര ഡിപ്പോയിലെ കെ.എസ്.ആര്‍.ടി.സി ഫാസ്റ്റ് പാസഞ്ചര്‍ ബസുമായി കാര്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ഇരു വാഹനങ്ങളും അമിത വേഗതയിലായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു.

അപകട സമയം കാറിലുണ്ടായിരുന്ന രണ്ട് പേരെ കാറിന്റെ മുന്‍വശം വെട്ടിപ്പൊളിച്ചാണ് നാട്ടുകാര്‍ പുറത്തെടുത്തത്. ഇരുവരെയും ഉടന്‍ തന്നെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ശ്യാമള കുമാരിയുടെ ജീവന്‍ രക്ഷിക്കാനായില്ല. വാഹനം ഓടിച്ചിരുന്ന മകന്‍ ഇപ്പോള്‍ ചികിത്സയിലാണ്.

Continue Reading

kerala

സില്‍വര്‍ ലൈന്‍ പദ്ധതി; ഡിപിആര്‍ കേന്ദ്ര റെയില്‍വേ മന്ത്രാലയം തള്ളി

സാങ്കേതിക പരിശോധനയില്‍ ന്യൂനതകള്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി

Published

on

കേരള റെയില്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ സില്‍വര്‍ ലൈന്‍ പദ്ധതിയെ സംബന്ധിച്ച് സമര്‍പ്പിച്ച ഡിപിആര്‍ കേന്ദ്ര റെയില്‍വേ മന്ത്രാലയം തള്ളി. സാങ്കേതിക പരിശോധനയില്‍ ന്യൂനതകള്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. റെയില്‍വേ മാനദണ്ഡപ്രകാരം പുതുക്കിയ ഡിപിആര്‍ സമര്‍പ്പിക്കാന്‍ കേന്ദ്ര റെയില്‍വേ മന്ത്രാലയം ആവശ്യപ്പെട്ടു.

സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ നിലവിലുള്ള റെയില്‍വേ ട്രാക്കുമായി ഇന്റഗ്രേറ്റ് ചെയ്താവണം പുതിയ ട്രാക്കുകള്‍ വരാന്‍. ബ്രോഡ്‌ഗേജ് സംവിധാനത്തില്‍ ആയിരിക്കണം ട്രാക്ക്. സംസ്ഥാനത്തിന് സ്വയം പാത നിശ്ചയിക്കാന്‍ ആകില്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രാലയം. പാതകള്‍ പരമാവധി റെയില്‍വേ ട്രാക്കിന് സമാന്തരമായിരിക്കണം. കോച്ചുകളില്‍ കൂട്ടിമുട്ടല്‍ ഒഴിവാക്കാന്‍ കവച് സേഫ്റ്റി സെക്യൂരിറ്റിക്ക് ആവശ്യമായ പ്രൊപ്പോസല്‍ ഉള്‍പ്പെടുത്തണമെന്ന് നിര്‍ദേശം

കൃത്യമായ പാരിസ്ഥിതിക അനുമതി പദ്ധതിക്ക് വേണം. നിര്‍മ്മാണ ഘട്ടത്തിലും പ്രവര്‍ത്തനശേഷവും പൂര്‍ണ്ണമായ ഡ്രൈനേജ് സംവിധാനം വേണം. നിലവിലെ പദ്ധതിയുടെ റിപ്പോര്‍ട്ട് തൃപ്തികരമില്ലെന്നും റെയില്‍വേ മന്ത്രാലയം അറിയിച്ചു. കെ റെയില്‍ നടപ്പാക്കുന്നതില്‍ സാങ്കേതികവും പാരിസ്ഥിതികവുമായ ചില പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് റയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് നേരത്തെ പറഞ്ഞിരുന്നു. ആ തടസങ്ങള്‍ പരിഹരിച്ചു പുതിയ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവയ്ക്കുകയാണെങ്കില്‍ പദ്ധതി നടപ്പാക്കാന്‍ റെയില്‍വേ സന്നദ്ധമാണെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കിയിരുന്നു.

 

Continue Reading

Trending