Connect with us

News

‘ഇസ്രാഈല്‍ സേനയ്ക്ക് ഇനി ഒന്നും ഗാസയില്‍ ചെയ്യാനില്ല’; സൈനിക പിന്മാറ്റം സാധ്യമാകാത്തതിന് കാരണക്കാരന്‍ നെതന്യാഹുവെന്ന് മുന്‍ പ്രതിരോധമന്ത്രി

ബന്ദികളെ കൈമാറിക്കൊണ്ട് ഒരു സമാധാന കരാറിലെത്താമെന്ന ധാരണയെ നെതന്യാഹു തള്ളിക്കഞ്ഞെന്നും മുന്‍ പ്രതിരോധമന്ത്രി വെളിപ്പെടുത്തി.

Published

on

ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെയും സര്‍ക്കാരിനെയും പ്രതിരോധത്തിലാക്കുന്ന വെളിപ്പെടുത്തലുകളും വിമര്‍ശനങ്ങളും ഉന്നയിച്ച് പുറത്താക്കപ്പെട്ട പ്രതിരോധമന്ത്രി യോവ് ഗാലന്റ്. ഗാസയില്‍ സാധ്യമായ എല്ലാ ലക്ഷ്യങ്ങളും പൂര്‍ത്തിയാക്കി കഴിഞ്ഞിട്ടും സൈന്യത്തെ പിന്‍വലിക്കാത്തതിന് പിന്നില്‍ നെതന്യാഹു മാത്രമാണെന്ന് ഗാലന്റ് കുറ്റപ്പെടുത്തി.

ബന്ദികളെ കൈമാറിക്കൊണ്ട് ഒരു സമാധാന കരാറിലെത്താമെന്ന ധാരണയെ നെതന്യാഹു തള്ളിക്കഞ്ഞെന്നും മുന്‍ പ്രതിരോധമന്ത്രി വെളിപ്പെടുത്തി. പുറത്താക്കലിന് പിന്നാലെ ഹമാസ് ബന്ദികളാക്കിയ ഇസ്രാഈലി പൗരന്‍മാരുടെ കുടുംബാംഗങ്ങളോട് സംസാരിക്കുകയായിരുന്നു ഗാലന്റ്.

” ഗാസയില്‍ ഇനി ഒന്നും ചെയ്യാനില്ല. പ്രധാനനേട്ടങ്ങളെല്ലാം കൈവരിച്ചു. ഇനിയും ഗാസയില്‍ തുടരുന്നതില്‍ സൈനികമായൊരു കാരണവും ചൂണ്ടിക്കാട്ടാനില്ല. തുടരുന്നതിന് പിന്നില്‍ ഗാസ വിടാനാകില്ലെന്ന ആഗ്രഹം മാത്രമായേ കാണാനാകൂ” – ഗാലന്റ് പറഞ്ഞു. ഗാസയില്‍ ഇസ്രാഈലിന് ഒരു തുടര്‍ച്ചയും സ്ഥിരതയും ലഭിക്കാനായാണ് ഇപ്പോഴത്തെ നീക്കങ്ങളെങ്കില്‍ അത് രാജ്യത്തെ സൈനികരുടെ ജീവന്‍ അപകടത്തിലാക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

ബന്ദി മോചനത്തില്‍ നെതന്യാഹുവിന്റെ പരിഗണനാവിഷയങ്ങള്‍ എന്തൊക്കെയാണെന്നതില്‍ സംശയവും ആശങ്കയും ഗാലന്റ് പങ്കുവെച്ചു. ബന്ദികളെ കൈമാറി ഒരു ഒത്തുതീര്‍പ്പിലോ സമാധാനക്കരാറിലോ എത്താന്‍ നെതന്യാഹു തന്നെ വിചാരിക്കണം.

സമാധാന കരാര്‍ എന്ന ലക്ഷ്യത്തില്‍ നിന്ന് നെതന്യാഹു പിന്‍മാറിയത് അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥരുടെ ഉപദേശപ്രകാരം മാത്രമായിരുന്നെന്നും ഗാലന്റ് കുറ്റപ്പെടുത്തി. കഴിഞ്ഞ മെയ് മുതല്‍ ഇത്തരത്തിലൊരു കരാറിലെത്താന്‍ അമേരിക്കന്‍ സഹായത്തോടെ ഇസ്രാഈല്‍ നീക്കങ്ങള്‍ നടത്തിവരികയാണ്. നെതന്യാഹുവിന്റെ കര്‍ശനനിലപാടാണ് ഈ നീക്കങ്ങള്‍ക്കെല്ലാം വെല്ലുവിളിയാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

” ഫിലഡല്‍ഫി ഇടനാഴി മേഖലയില്‍ ഇപ്പോഴൊരു സുരക്ഷാ പ്രശ്‌നവുമില്ലെന്ന് ഞാനും സൈനിക മേധാവിയും പറഞ്ഞു. എന്നാല്‍ നെതന്യാഹു അത് അംഗീകരിച്ചില്ല. നയതന്ത്ര കാരണങ്ങളാല്‍ അവിടെ സൈന്യം തുടരണമെന്നായിരുന്നു നെതന്യാഹുവിന്റെ ന്യായീകരണം. എന്നാല്‍ അത്തരത്തിലൊരു നയതന്ത്ര കാരണവും അവശേഷിക്കുന്നില്ല എന്നതാണ് യാഥാര്‍ഥ്യം” – മുന്‍ പ്രതിരോധമന്ത്രി തുറന്നടിച്ചു.

ഗാലന്റിന്റെ വെളിപ്പെടുത്തല്‍ വന്‍ കോളിളക്കങ്ങളാണ് ഇസ്രാഈലില്‍ സൃഷ്ടിച്ചിരിക്കുന്നത്. ഹമാസ് ബന്ദികളാക്കിയ നിരവധിപേരുടെ കുടുംബങ്ങളും പ്രതിപക്ഷവും നെതന്യാഹു സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവും പ്രതിഷേധവുമായി രംഗത്തെത്തി. ഇസ്രാഈല്‍ സേനയെ ഗാസയില്‍ നിലനിര്‍ത്തുന്നതിന് പിന്നില്‍ തിരഞ്ഞെടുപ്പ് വൈകിക്കുക എന്ന നെതന്യാഹുവിന്റെ ലക്ഷ്യമാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. ഭരണം നഷ്ടപ്പെടുമെന്ന ഭയമാണ് ഇപ്പോള്‍ നെതന്യാഹുവിനുള്ളതെന്നും പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ വിമര്‍ശിച്ചു.

കഴിഞ്ഞദിവസമാണ് പ്രതിരോധമന്ത്രി യോവ് ഗാലന്റിനെ നെതന്യാഹു പുറത്താക്കിയത്. പകരം ഇസ്രയേല്‍ കാറ്റ്‌സിനെയാണ് പ്രതിരോധമന്ത്രിയായി നിയമിച്ചത്. നെതന്യാഹുവും ഗാലന്റും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ കൂടുകയും പൊതുജനങ്ങളിലേക്ക് അത് എത്തി മോശമായ പ്രത്യാഘാതങ്ങളുണ്ടാക്കുകയും ചെയ്തതായി പുറത്താക്കിക്കൊണ്ടുള്ള പ്രസ്താവനയില്‍ പ്രധാനമന്ത്രി വിശദീകരിച്ചിരുന്നു . ഇത് ശത്രുക്കള്‍ മനസിലാക്കുകയും നേട്ടമുണ്ടാക്കുകയും ചെയ്തതായും ചൂണ്ടിക്കാട്ടിയായിരുന്നു പുറത്താക്കല്‍. അതേസമയം ഗാസയില്‍ ഇസ്രാഈല്‍ വ്യോമാക്രമണം തുടരുകയാണ്. നൂറിലേറെ പേരാണ് ഇന്നലെ മാത്രം കൊല്ലപ്പെട്ടത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

വ്യാജ വാർത്ത പ്രചരിപ്പിച്ച ബി.ജെ.പി എം.പി തേജസ്വി സൂര്യക്കെതിരെ കേസ്

തേജസ്വി സൂര്യക്കൊപ്പം ചില കന്നഡ ന്യൂസ് പോർട്ടലുകളുടെ എഡിറ്റർമാർക്കുമെതിരെയും കേസെടുത്തതായി പൊലീസ് അറിയിച്ചു. 

Published

on

ർഷക ആത്മഹത്യയെ വഖഫ് ബോർഡുമായുള്ള ഭൂമി തർക്കവുമായി ബന്ധപ്പെടുത്തി വ്യാജവാർത്ത പ്രചരിപ്പിച്ചതിന് ബി.ജെ.പി എം.പി തേജസ്വി സൂര്യക്കെതിരെ കേസ്. തേജസ്വി സൂര്യക്കൊപ്പം ചില കന്നഡ ന്യൂസ് പോർട്ടലുകളുടെ എഡിറ്റർമാർക്കുമെതിരെയും കേസെടുത്തതായി പൊലീസ് അറിയിച്ചു.

തൻ്റെ ഭൂമി വഖഫ് ബോർഡ് കൈയേറിയതായി കണ്ടെത്തിയതിനെ തുടർന്ന് ഹാവേരി ജില്ലയിലെ ഒരു കർഷകൻ ആത്മഹത്യ ചെയ്തുവെന്ന് ബെംഗളൂരു സൗത്ത് എം.പിയായ തേജസ്വി സൂര്യ കന്നഡ ന്യൂസ് പോർട്ടലുകൾ ഉദ്ധരിച്ച് പറഞ്ഞിരുന്നു. തുടർന്ന് തെറ്റായ പ്രസ്താവനകളിലൂടെ സമുദായങ്ങൾക്കിടയിൽ ശത്രുത വളർത്തിയതിന് ബി.ജെ.പി എം.പി തേജസ്വി സൂര്യയ്ക്കും രണ്ട് കന്നഡ ന്യൂസ് പോർട്ടലുകളുടെ എഡിറ്റർമാർക്കുമെതിരെയും കേസ് എടുക്കുകയായിരുന്നു.

കാർഷികനഷ്ടവും കടബാധ്യതയും മൂലമായിരുന്നു കർഷകൻ ആത്മഹത്യ ചെയ്തത്. ഇത് വഖഫ് സ്വത്തുക്കളിൽ കർഷകർക്ക് നോട്ടീസ് നൽകിയതിനെച്ചൊല്ലിയുള്ള സമീപകാല വിവാദവുമായി തെറ്റായി ബന്ധപ്പെടുത്തിയെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നു.

വഖഫ് ഭേദഗതി ബിൽ 2024ൻ്റെ 31 അംഗ ജോയിൻ്റ് പാർലമെൻ്ററി കമ്മിറ്റിയുടെ (ജെ.പി.സി) ഭാഗമായ ബെംഗളൂരു സൗത്ത് എം.പി തേജസ്വി സൂര്യയെ കൂടാതെ, ഹവേരി സി.ഇ.എൻ ന്യൂസ് പോർട്ടലുകളായ കന്നഡ ദുനിയ, കന്നഡ ന്യൂസ് ഇ-പേപ്പർ എന്നിവയുടെ എഡിറ്റർമാർക്കെതിരെയും കേസെടുത്തിട്ടുണ്ട്.

തെറ്റായ പ്രസ്താവനകളിലൂടെ സമുദായങ്ങൾക്കിടയിൽ ശത്രുത വളർത്തിയതിന് ഭാരതീയ ന്യായ സംഹിത സെക്ഷൻ 353(2) പ്രകാരമാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. ഹാവേരി പൊലീസിന്റെ സോഷ്യൽ മീഡിയ മോണിറ്ററിങ് യൂണിറ്റിൻ്റെ ഭാഗമായ പൊലീസ് കോൺസ്റ്റബിൾ സുനിൽ ഹുചനവറിൻ്റെ പരാതിയെ തുടർന്നാണ് കേസ് എടുത്തത്.

‘ഹവേരിയിൽ ഒരു കർഷകൻ തൻ്റെ ഭൂമി വഖഫ് കൈയേറിയതറിഞ്ഞ് ആത്മഹത്യ ചെയ്തു. ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കാനുള്ള അവരുടെ തിടുക്കത്തിൽ, മുഖ്യമന്ത്രി സിദ്ധരാമയ്യയും മന്ത്രിയും കർണാടകയിൽ വിനാശകരമായ പ്രത്യാഘാതങ്ങൾ അഴിച്ചുവിടുകയാണ്’, നവംബർ 7ന് ബി.ജെ.പി എം.പി സോഷ്യൽ മീഡിയയിൽ കുറിച്ചു. കന്നഡ ദുനിയ ഇ-പേപ്പർ, കന്നഡ ന്യൂസ് ഇ-പേപ്പർ എന്നീ ന്യൂസ് പോർട്ടലിലെ വ്യാജ റിപ്പോർട്ടുകൾ പരാമർശിച്ചാണ് എം.പിയുടെ സോഷ്യൽ മീഡിയ പോസ്റ്റ്.

Continue Reading

kerala

മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ യൂത്ത് കോണ്‍ഗ്രസ്പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസ്; തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി

സംഭവത്തില്‍ തെളിലുണ്ടെന്നും അന്വേഷണം നടത്തണമെന്നും ആലപ്പുഴ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പറഞ്ഞു.

Published

on

മുഖ്യമന്ത്രി പിണറായി വിജയന്‍ നയിച്ച നവകേരള യാത്രക്കിടെ യൂത്ത് കോണ്‍ഗ്രസ്-കെഎസ്‌യു നേതാക്കളെ വളഞ്ഞിട്ടു തല്ലിയ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അനില്‍കുമാറിനെയും സുരക്ഷാജീവനക്കാരന്‍ സന്ദീപിനെയും കുറ്റവിമുക്തരാക്കി ജില്ലാ ക്രൈം ബ്രാഞ്ച് നല്‍കിയ റിപ്പോര്‍ട്ട് കോടതി തള്ളി. അക്രമസംഭവത്തില്‍ തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ടു.

സംഭവത്തില്‍ തെളിലുണ്ടെന്നും അന്വേഷണം നടത്തണമെന്നും ആലപ്പുഴ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പറഞ്ഞു. ഹര്‍ജിക്കാരായ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അജയ് ജുവല്‍ കുര്യാക്കോസ്, കെഎസ്‌യു ജില്ലാ പ്രസിഡന്റ് എ ഡി തോമസ് എന്നിവരുടെ അഭിഭാഷകന്റെ വാദം കോടതി നേരത്തെ കേട്ടിരുന്നു.

മുന്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ മുഖ്യമന്ത്രിയുടെ സുരക്ഷാജീവനക്കാര്‍ രാഷ്ട്രീയവിരോധം തീര്‍ക്കുകയായിരുന്നെന്നും മര്‍ദനത്തെ കൃത്യനിര്‍വഹണത്തിന്റെ ഭാഗമായി കാണരുതെന്നും ഹര്‍ജിക്കാരുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചിരുന്നു. മര്‍ദ്ദന ദൃശ്യങ്ങളും കോടതിക്ക് കൈമാറിയിരുന്നു.

കഴിഞ്ഞ ഡിസംബര്‍ 15നാണ് അജയ് ജുവല്‍ കുര്യാക്കോസിനെയും എ ഡി തോമസിനെയും സുരക്ഷാജീവനക്കാര്‍ വളഞ്ഞിട്ടുതല്ലിയത്. ആലപ്പുഴ ജനറല്‍ ആശുപത്രിക്ക് സമീപത്ത് വെച്ചായിരുന്നു മര്‍ദ്ദനം.

Continue Reading

kerala

പി.പി ദിവ്യയക്ക് ജാമ്യം ലഭിക്കാന്‍ കാരണം പ്രോസിക്യൂഷന്റെ പരാജയം ; രമേശ് ചെന്നിത്തല

വ്യക്തമായ തെളിവുകള്‍ ഹാജരാക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതാകാം ദിവ്യയുടെ ജാമ്യത്തില്‍ കലാശിച്ചതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Published

on

കണ്ണൂര്‍ എ.ഡി.എം. കെ. നവീന്‍ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി ദിവ്യയക്ക് ജാമ്യം ലഭിക്കാന്‍ കാരണം പ്രോസിക്യൂഷന്റെ പരാജയമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.

വ്യക്തമായ തെളിവുകള്‍ ഹാജരാക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതാകാം ദിവ്യയുടെ ജാമ്യത്തില്‍ കലാശിച്ചതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ജില്ലാ സെഷന്‍സ് ജഡ്ജി കെ.ടി. നിസാര്‍ അഹമ്മദാണ് ജാമ്യം അനുവദിച്ചത്. ജില്ല വിടാന്‍ പാടില്ല, എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം എന്നീ ഉപാധികളിലാണ് ജാമ്യം.

Continue Reading

Trending