Connect with us

Culture

സ്‌കൂളുകളില്‍ നിന്നുള്ള വിവരശേഖരണം ഇനി ‘സമ്പൂര്‍ണ’ വഴി മാത്രം

Published

on

രാജേഷ് വെമ്പായം
തിരുവനന്തപുരം

സംസ്ഥാനത്തെ വിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള മുഴുവന്‍ സ്‌കൂളുകളില്‍ നിന്നും ഇനിമുതല്‍ വിവരശേഖരണം ഐ.ടി@സ്‌കൂള്‍ വികസിപ്പിച്ചെടുത്ത ‘സമ്പൂര്‍ണ’ ഓണ്‍ലൈന്‍ സ്‌കൂള്‍മാനേജ്‌മെന്റ് പോര്‍ട്ടല്‍ വഴിമാത്രം നടത്തുന്നത് നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. ഒന്നു മുതല്‍ 12വരെ ക്ലാസുകളിലെ കുട്ടികളുടെ എല്ലാ വിവരങ്ങളും സമ്പൂര്‍ണയില്‍ ഉള്‍പ്പെടുത്തണം. പൊതുവിദ്യാലയങ്ങള്‍ക്ക് പുറമെ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, കേന്ദ്രീയ വിദ്യാലയങ്ങള്‍, അംഗീകൃത അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ തുടങ്ങിയവയുടെ വിശദാംശങ്ങളും സമ്പൂര്‍ണയില്‍ ഉള്‍പ്പെടുത്തണം.
നിലവില്‍ വിദ്യാഭ്യാസ വകുപ്പിലേയും മറ്റു വകുപ്പുകളിലേയും വിവിധ ഏജന്‍സികള്‍ക്ക് സോഫ്റ്റ്വെയര്‍ വഴിയും അല്ലാതെയും ഒരേ വിവരങ്ങള്‍തന്നെ പലതവണ സ്‌കൂളുകള്‍ക്ക് നല്‍കേണ്ട അവസ്ഥ ഇതോടെ പൂര്‍ണമായും ഒഴിവാകും. ഇതോടെ വിദ്യാഭ്യാസ വകുപ്പിലെ ഡാറ്റാ ശേഖരണ സംവിധാനത്തില്‍ പേപ്പര്‍ രീതി ഒഴിവായി പൂര്‍ണമായും ഡിജിറ്റല്‍ രൂപത്തിലാകും. ഇതനുസരിച്ച് പരീക്ഷാഭവന്‍, എസ്.എസ്.എ, ആര്‍.എം.എസ്.എ, സ്റ്റാറ്റിക്‌സ് വിഭാഗം തുടങ്ങിയ ഏജന്‍സികള്‍ക്ക് ആവശ്യമായ ഡാറ്റ കൂടി സമ്പൂര്‍ണയില്‍ ഉള്‍പ്പെടുത്തും. സമ്പൂര്‍ണയിലെ വിവരങ്ങളുടെ ആധികാരികത കാലാകാലങ്ങളില്‍ പരിശോധിച്ചു ഉറപ്പുവരുത്തുന്നതിനാവശ്യമായ നിര്‍ദേശങ്ങള്‍ വിദ്യാഭ്യാസ ഡയരക്ടറേറ്റുകള്‍ അതതു സമയങ്ങളില്‍ പുറപ്പെടുവിക്കേണ്ടതാണെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നുണ്ട്.
സമ്പൂര്‍ണ സോഫ്റ്റ്വെയറില്‍ വിദ്യാര്‍ത്ഥികളുടെ അഡ്മിഷന്‍ റജിസ്റ്ററിന്റെ പകര്‍പ്പ്, ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ്, കുട്ടികളെ സംബന്ധിക്കുന്ന റിപ്പോര്‍ട്ടുകള്‍, വിവിധ സ്‌കോളര്‍ഷിപ്പുകള്‍ക്കാവശ്യമുള്ള ലിസ്റ്റുകള്‍, പ്രോഗ്രസ് റിപ്പോര്‍ട്ട്, പ്രൊമോഷന്‍ ലിസ്റ്റ്, സ്‌പോര്‍ട്‌സ് – സ്‌കൂള്‍ കലോല്‍സവം തുടങ്ങിയ മത്സരങ്ങള്‍ക്കാവശ്യമായ പ്രവേശന ഫോറങ്ങള്‍ തയാറാക്കല്‍, എസ്.എസ്.എല്‍.സി പരീക്ഷക്കുള്ള എ-ലിസ്റ്റ്, കുട്ടികള്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡുകള്‍ തുടങ്ങി സ്‌കൂള്‍ അഡ്മിനിസ്‌ട്രേഷനാവശ്യമായ മുഴുവന്‍ പ്രവര്‍ത്തനങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2010 ലാണ് ഐടി@സ്‌കൂള്‍ പ്രോജക്ട് സമ്പൂര്‍ണ സോഫ്റ്റ്വെയര്‍ പുറത്തിറക്കുന്നത്. സമ്പൂര്‍ണ നടപ്പാക്കിയതിനെത്തുടര്‍ന്ന് സ്‌കൂള്‍ അഡ്മിഷന്‍ റജിസ്റ്ററില്‍ വിദ്യാര്‍ത്ഥികളുടെ പേര്, മതം, ജനനതിയതി എന്നിവ തിരുത്തുന്നതിന് ഡി.ഇ.ഒ-എ.ഇ.ഒ ഓഫീസര്‍മാര്‍ക്കുണ്ടായിരുന്ന അധികാരം അതത് സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ക്ക് നല്‍കി 2012ല്‍ ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചത് കേരളത്തിലെ ഇ-ഗവേര്‍ണന്‍സ് നിര്‍വഹണത്തിലെ നാഴികക്കല്ലായിരുന്നു.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ പശ്ചാത്തലത്തില്‍ ഒരു കുട്ടി ഒന്നാം ക്ലാസില്‍ ചേരുന്നത് മുതല്‍ തുടര്‍ന്നങ്ങോട്ട് അവരുടെ പഠന പുരോഗതി വിലയിരുത്താനും അഭിരുചി നിര്‍ണയംവരെ സാധ്യമാക്കാനും കഴിയുന്ന തരത്തില്‍ ‘സമ്പൂര്‍ണ’ യെ മാറ്റിയെടുക്കുമെന്ന് ഐടി@സ്‌കൂള്‍ എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു. കുട്ടികളുടെ വിശദാംശങ്ങള്‍ക്കു പുറമെ അദ്ധ്യാപകരുടെയും മറ്റ് ജീവനക്കാരുടെയും വിശദാംശങ്ങളും സമ്പൂര്‍ണയില്‍ ഉള്‍പ്പെടുത്തും. സ്‌കൂളുകളെ സംബന്ധിക്കുന്ന അനുബന്ധ സൗകര്യങ്ങള്‍, കെട്ടിടങ്ങള്‍, ഉപകരണങ്ങള്‍, ഫര്‍ണീച്ചറുകള്‍, സാനിറ്റേഷന്‍ സൗകര്യങ്ങള്‍ തുടങ്ങിയ വിശദാംശങ്ങളും ഈ വര്‍ഷം തന്നെ സമ്പൂര്‍ണയില്‍ ഉള്‍പ്പെടുത്തും. വിദ്യാര്‍ത്ഥികളുടെ ഹാജര്‍, പഠനനിലവാരം, പാഠ്യാനുബന്ധ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തല്‍ തുടങ്ങിയവ അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും പൊതുജനങ്ങള്‍ക്കും ഒരുപോലെ പ്രയോജനപ്പെടുത്തുന്ന രൂപത്തില്‍ മെച്ചപ്പെടുത്തും.
ഈ വര്‍ഷത്തെ ആറാം പ്രവര്‍ത്തിദിന കണക്കെടുപ്പ് പൂര്‍ണമായും സമ്പൂര്‍ണ സോഫ്റ്റ്വെയര്‍ വഴിയായിരിക്കും എന്ന് നിഷ്‌കര്‍ഷിക്കുന്ന സര്‍ക്കുലര്‍ പൊതുവിദ്യാഭ്യാസ ഡയരക്ടര്‍ പുറത്തിറക്കി. ഇതുപ്രകാരം കുട്ടികളുടെ ആവശ്യമുള്ള വിശദാംശങ്ങള്‍ സോഫ്റ്റ്വെയറില്‍ നല്‍കിയാല്‍ മാത്രമേ റിപ്പോര്‍ട്ട് തയാറാകൂ. നാളെ നടക്കുന്ന കണക്കെടുപ്പില്‍ സ്‌കൂളുകള്‍ക്ക് ആവശ്യമുള്ള സാങ്കേതിക സഹായം നല്‍കാന്‍ ഐടി@സ്‌കൂള്‍ 163 വിദ്യാഭ്യാസ ഉപജില്ലകളിലും ഹെല്‍പ്ഡെസ്‌കുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

kerala

യു.പിയിലെ സംഭാല്‍ ജില്ലയിലെ ജുമാമസ്ജിദ് സര്‍വേക്കിടെ സംഘര്‍ഷം; വാഹനങ്ങള്‍ കത്തിച്ചു, പൊലീസ് ലാത്തിവീശി

ഷാഹി ജുമുഅ മസ്ജിദിന് സമീപമാണ് സംഘര്‍ഷമുണ്ടായത്.

Published

on

ഉത്തര്‍പ്രദേശിലെ സംഭാല്‍ ജില്ലയിലെ ജുമാ മസ്ജിദില്‍ നടക്കുന്ന സര്‍വേക്കിടെ സംഘര്‍ഷം. ഷാഹി ജുമാ മസ്ജിദിന് സമീപമാണ് സംഘര്‍ഷമുണ്ടായത്.

സര്‍വേ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയതിന് പിന്നാലെ കല്ലേറുണ്ടായതായി വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. അടുത്തിടെ മസ്ജിദ് ക്ഷേത്രത്തിന്റെ അവശിഷ്ടത്തില്‍ പണിതതാണെന്ന് ആരോപിച്ച് സുപ്രീം കോടതി അഭിഭാഷകന്‍ നല്‍കിയ ഹരജിയില്‍ സര്‍വേ നടത്താന്‍ സംഭാല്‍ ജില്ലാ കോടതി ഉത്തരവിട്ടിരുന്നു.

കോടതി ഉത്തരവിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയതോടെയാണ് സംഭാലില്‍ സംഘര്‍ഷമുണ്ടായത്. രാവിലെ ആറ് മണിയോടെയാണ് ഡി.എം രാജേന്ദ്ര പാന്‍സിയയുടെ നേതൃത്വത്തില്‍ സര്‍വേക്കെത്തിയത്.

എസ്.പി കൃഷ്ണ ബിഷ്‌ണോയ്, എസ്.ഡി.എ വന്ദന മിശ്ര, സി.ഐ അനുജ് ചൗധരി തുടങ്ങിയ ഉദ്യോഗസ്ഥരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ലാത്തി ചാര്‍ജ് നടത്തുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പ്രതിഷേധക്കാര്‍ക്ക് നേരെ എഫ്.ഐ.എ രജിസ്റ്റര്‍ ചെയ്യുകയോ മറ്റ് നടപടികള്‍ സ്വീകരിച്ചതായോ വിവരങ്ങളില്ല.

നവംബര്‍ 19ന് സംഭാലില്‍ ലോക്കല്‍ പൊലീസിന്റെയും മസ്ജിദ് മാനേജ്‌മെന്റിന്റെയും സാന്നിധ്യത്തില്‍ സമാനമായ സര്‍വേ നടന്നിരുന്നു. ഈ പരിശോധനയില്‍ ക്ഷേത്രത്തോട് സാമ്യമുള്ള ചിഹ്നങ്ങളോ വസ്തുക്കളോ കണ്ടെത്തിയിട്ടില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

മസ്ജിദ് ഒരു ഹിന്ദു ക്ഷേത്രമാണെന്ന് തെളിയിക്കുന്ന നിരവധി അടയാളങ്ങളും ചിഹ്നങ്ങളും മസ്ജിദില്‍ ഉണ്ടെന്നും ഇത് കണക്കിലെടുത്ത് സര്‍വേ നടത്തണമെന്നുമായിരുന്നു അഭിഭാഷകന്റെ ആവശ്യം.

വിഷ്ണു ശങ്കര്‍ ജെയിന്‍ എന്ന അഭിഭാഷകനാണ് മസ്ജിദ് നിര്‍മിച്ചത് ക്ഷേത്രത്തിന് മുകളിലാണെന്ന് വാദിച്ച് ഹരജി നല്‍കിയത്. സംഭാലിലെ ജുമാ മസ്ജിദ് യഥാര്‍ത്ഥത്തില്‍ ക്ഷേത്രമാണെന്ന് ആരോപിച്ചാണ് അഭിഭാഷകന്‍ ജില്ലാ കോടതിയില്‍ ഹരജി നല്‍കിയത്.

സംഭാലിലെ ശ്രീ ഹരി മന്ദിറിന്റെ അവശിഷ്ടങ്ങള്‍ക്ക് മുകളിലാണ് മസ്ജിദ് നിര്‍മിച്ചതെന്നാണ് അഭിഭാഷകന്‍ സംഭാല്‍ ജില്ലാ കോടതിയില്‍ വാദിച്ചത്. പിന്നാലെ കമ്മീഷണറുടെ നേതൃത്വത്തില്‍ സര്‍വേ നടത്താനാണ് കോടതി ഉത്തരവിട്ടത്. ഏഴു ദിവസത്തിനകം സര്‍വേ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി ഉത്തരവിട്ടിരുന്നത്. നവംബര്‍ 11നാണ് സര്‍വേ നടത്താന്‍ കോടതി ഉത്തരവിട്ടത്.

Continue Reading

Film

ഐ.എഫ്.എഫ്.കെ: ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ നവംബര്‍ 25 മുതല്‍

സംവിധായകരും സാങ്കേതിക പ്രവര്‍ത്തകരും ജൂറി അംഗങ്ങളുമുള്‍പ്പെടെ വിദേശരാജ്യങ്ങളില്‍നിന്നുള്ള നൂറില്‍പ്പരം അതിഥികള്‍ മേളയില്‍ പങ്കെടുക്കും.

Published

on

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2024 ഡിസംബര്‍ 13 മുതല്‍ 20 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 29ാമത് ഐ.എഫ്.എഫ്.കെയുടെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ നവംബര്‍ 25 തിങ്കളാഴ്ച രാവിലെ 10 മണിക്ക് ആരംഭിക്കും. registration.iffk.in എന്ന ലിങ്കിലൂടെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്.

പൊതുവിഭാഗത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 1180 രൂപയും വിദ്യാര്‍ത്ഥികള്‍ക്ക് ജി.എസ്.ടി ഉള്‍പ്പെടെ 590 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്. മേളയുടെ മുഖ്യവേദിയായ ടാഗോര്‍ തിയേറ്ററില്‍ സജ്ജീകരിച്ചിട്ടുള്ള ഡെലിഗേറ്റ് സെല്‍ മുഖേന നേരിട്ടും രജിസ്‌ട്രേഷന്‍ നടത്താം.

എട്ടുദിവസങ്ങളിലായി നടക്കുന്ന മേളയില്‍ വിവിധ രാജ്യങ്ങളില്‍നിന്നുള്ള 180 ഓളം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. 15 തിയേറ്ററുകളിലായാണ് പ്രദര്‍ശനം നടക്കുക. ഏഷ്യന്‍, ആഫ്രിക്കന്‍, ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍നിന്നുള്ള സിനിമകളുടെ അന്താരാഷ്ട്ര മല്‍സര വിഭാഗം, മുന്‍നിര ചലച്ചിത്രമേളകളില്‍ അംഗീകാരങ്ങള്‍ നേടിയ സിനിമകള്‍ ഉള്‍പ്പെടുന്ന ലോകസിനിമാ വിഭാഗം, ഇന്ത്യന്‍ സിനിമ നൗ, മലയാളം സിനിമ റ്റുഡേ, കണ്‍ട്രി ഫോക്കസ് വിഭാഗത്തിലുള്ള ചിത്രങ്ങള്‍, മണ്‍മറഞ്ഞ ചലച്ചിത്രപ്രതിഭകള്‍ക്ക് സ്മരണാഞ്ജലിയര്‍പ്പിക്കുന്ന ഹോമേജ് വിഭാഗം തുടങ്ങിയ പാക്കേജുകള്‍ 29ാമത് ഐ.എഫ്.എഫ്.കെയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സംവിധായകരും സാങ്കേതിക പ്രവര്‍ത്തകരും ജൂറി അംഗങ്ങളുമുള്‍പ്പെടെ വിദേശരാജ്യങ്ങളില്‍നിന്നുള്ള നൂറില്‍പ്പരം അതിഥികള്‍ മേളയില്‍ പങ്കെടുക്കും. മേളയുടെ ഭാഗമായി ഓപ്പണ്‍ ഫോറം, മീറ്റ് ദ ഡയറക്ടര്‍, ഇന്‍ കോണ്‍വര്‍സേഷന്‍, എക്‌സിബിഷന്‍, കലാസാംസ്‌കാരിക പരിപാടികള്‍ എന്നിവ ഉണ്ടായിരിക്കും

Continue Reading

kerala

ജനാധിപത്യമെന്ന പരീക്ഷ പാസായി; ജാര്‍ഖണ്ഡിലെ വിജയത്തില്‍ ഹേമന്ത് സോറന്‍

ഹേമന്ത് സോറനെ ജയിലിലടച്ചതും, തീവ്ര വര്‍ഗീയ പരമര്‍ശങ്ങള്‍ സംസ്ഥാനത്തുപയോഗിച്ചതും ബിജെപിക്ക് തിരിച്ചടിയായി.

Published

on

നിയമസഭാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായ ജാര്‍ഖണ്ഡില്‍ മിന്നും വിജയം സ്വന്തമാക്കി ഇന്ത്യ മുന്നണി. ഹേമന്ത് സോറന്റെ ജെഎംഎം പാര്‍ട്ടിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ച മുന്നണി 81ല്‍ 56 സീറ്റുകളും നേടിയെടുത്ത് വെന്നിക്കൊടി പാറിച്ചു. 24 സീറ്റുകള്‍ മാത്രമാണ് എന്‍ഡിഎയ്ക്ക് സ്വന്തമാക്കാനായത്. ശേഷിക്കുന്ന ഒരു സീറ്റില്‍ ജയിച്ചത് സ്വതന്ത്രനാണ്. ഹേമന്ത് സോറനെ ജയിലിലടച്ചതും, തീവ്ര വര്‍ഗീയ പരമര്‍ശങ്ങള്‍ സംസ്ഥാനത്തുപയോഗിച്ചതും ബിജെപിക്ക് തിരിച്ചടിയായി.

ഇന്ത്യ മുന്നണിക്കായി 81 സീറ്റില്‍ 41 സീറ്റുകളിലും മത്സരിച്ചത് ജെഎംഎം തന്നെയാണ് ഇതില്‍ 34 സീറ്റുകളിലും പാര്‍ട്ടിക്ക് വിജയിക്കാനായി. 30 സീറ്റുകളില്‍ മത്സരിച്ച കോണ്‍ഗ്രസ് ജയിച്ചത് 16 സീറ്റുകളിലാണ്. ആറ് സീറ്റുകളില്‍ മത്സരിച്ച ആര്‍ജെഡി നാല് സീറ്റുകളിലും നാല് സീറ്റുകളില്‍ മത്സരിച്ച സിപിഐഎംഎല്‍ രണ്ട് സീറ്റുകളിലുമാണ് വിജയിച്ചത്.

ജാർഖണ്ഡ് പിടിച്ചെടുക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായുമടക്കമുള്ള നേതാക്കൾ ദിവസങ്ങളോളം സംസ്ഥാനത്ത് പ്രചാരണം നടത്തിയിരുന്നു. മാത്രമല്ല, ഹേമന്ത് സോറന്റെ വിശ്വസ്തനായിരുന്ന ചമ്പായ് സോറൻ ഉൾപ്പെടെയുള്ള നേതാക്കളെയും ബി.ജെ.പി ചാക്കിട്ടു പിടിക്കുകയും ചെയ്തു.

ആദ്യഘട്ടത്തിൽ എൻ.ഡി.എക്കായിരുന്നു ലീഡ്. പിന്നീട് എൻ.ഡി.എ സഖ്യത്തെ മറികടന്ന് ഇന്ത്യ സഖ്യം മുന്നിലെത്തി. അഴിമതിക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു സോറനെ.

അത് ഒരുതരത്തിൽ പാർട്ടിക്ക് ഗുണം ചെയ്യുകയും ചെയ്തു. ഝാർഖണ്ഡിലെ ആദിവാസി, ഒ.ബി.സി വോട്ടുകളും പാർട്ടിക്കായിരുന്നു. ജലത്തിന്റെയും വനത്തിന്റെയും ഭൂമിയുടെയും ഭരണഘടനയുടെയും സംരക്ഷണത്തിന്റെ വിജയമാണിതെന്ന് ഹേമന്ത് സോറനെ അഭിന്ദിച്ചുകൊണ്ട് രാഹുൽ ഗാന്ധി പറഞ്ഞു.

‘ജാർഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചിരിക്കുന്നു. മഹത്തായ വിജയം സമ്മാനിച്ചതിന് സംസ്ഥാനത്തെ എല്ലാവിഭാഗങ്ങളിലുമുള്ളവരോട് പ്രത്യേകിച്ച്, കർഷകർ, സ്ത്രീകൾ, യുവാക്കൾ എന്നിവരോട് നന്ദി പറയുകയാണ്. ജനാധിപത്യമെന്ന വലിയ പരീക്ഷയാണ് വിജയിച്ചിരിക്കുന്നത്.​’-ഹേമന്ത് സോറൻ ജനങ്ങൾക്ക് നന്ദി പറയവെ സൂചിപ്പിച്ചു.

Continue Reading

Trending