Connect with us

india

സല്‍മാന്‍ ഖാനെ കൊല്ലാന്‍ 25ലക്ഷത്തിന്റെ കരാര്‍, ആയുധങ്ങള്‍ പാകിസ്താനില്‍ നിന്ന്; വെളിപ്പെടുത്തി മുംബൈ പൊലീസ്

പാകിസ്ഥാനില്‍ നിന്ന് അത്യാധുനിക ആയുധങ്ങളായ എകെ 47, എകെ 92, എം 16 എന്നിവയും പഞ്ചാബി ഗായകന്‍ സിദ്ധു മൂസാവാലയെ കൊലപ്പെടുത്തിയ തുര്‍ക്കി നിര്‍മിത സിഗാന ആയുധവും വാങ്ങാനാണ് നീക്കം

Published

on

ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനെ കൊലപ്പെടുത്താന്‍ 25 ലക്ഷം രൂപയുടെ കരാര്‍ എടുത്തതായി നവി മുംബൈ പൊലീസ്. മഹാരാഷ്ട്രയിലെ പന്‍വേലിലുള്ള ഫാം ഹൗസിന് സമീപം വെച്ച് കൊലപ്പെടുത്താന്‍ സല്‍മാനെ കൊലപ്പെടുത്താനാണ് അധോലോക രാജാവ് ലോറന്‍സ് ബിഷ്‌ണോയിയുടെ സംഘം കോണ്‍ട്രാക്ട് എടുത്തതെന്ന് പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. അഞ്ചുപേരെയാണ് കൃത്യത്തിനായി നിയോഗിച്ചിട്ടുള്ളതെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.

പാകിസ്ഥാനില്‍ നിന്ന് അത്യാധുനിക ആയുധങ്ങളായ എകെ 47, എകെ 92, എം 16 എന്നിവയും പഞ്ചാബി ഗായകന്‍ സിദ്ധു മൂസാവാലയെ കൊലപ്പെടുത്തിയ തുര്‍ക്കി നിര്‍മിത സിഗാന ആയുധവും വാങ്ങാനാണ് നീക്കം. സല്‍മാന്‍ ഖാനെ കൊലപ്പെടുത്താന്‍ പൂനെ, റായ്ഗഡ്, നവി മുംബൈ, താനെ, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്നുള്ള 18 വയസ്സില്‍ താഴെ പ്രായമുള്ള യുവാക്കളെ അക്രമി സംഘം വാടകയ്ക്ക് എടുത്തതായും പൊലീസ് വ്യക്തമാക്കുന്നു.

60 മുതല്‍ 70 വരെ ആളുകളാണ് സല്‍മാന്‍ ഖാന്റെ നീക്കങ്ങള്‍ നിരീക്ഷിക്കുന്നത്. സല്‍മാന്റെ ബാന്ദ്രയിലെ വീട്, പന്‍വേല്‍ ഫാംഹൗസ്, ഗോരേഗാവ് ഫിലിം സിറ്റി എന്നിവിടങ്ങളിലാണ് പ്രധാനമായും നടനെ നിരീക്ഷിക്കുന്നത്. സല്‍മാന്‍ ഖാനെ കൊല്ലാനുള്ള പദ്ധതി തയ്യാറാക്കിയത് 2023 ഓഗസ്റ്റിനും 2024 ഏപ്രിലിനും ഇടയിലാണെന്നും കുറ്റപത്രത്തില്‍ പറയുന്നു.

ഹരിയാനയിലെ പാനിപ്പത്തില്‍ നിന്ന് അറസ്റ്റിലായ സുഖ, ഷാര്‍പ്പ് ഷൂട്ടര്‍ അജയ് കശ്യപ്, മറ്റു നാലുപേര്‍ എന്നിവര്‍ ഗൂഢാലോചനയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. നടന്റെ കനത്ത സുരക്ഷയും ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളും മൂലം കൃത്യം നടത്താന്‍ അത്യാധുനിക ആയുധങ്ങള്‍ വേണ്ടി വരുമെന്നാണ് കൊലയാളി സംഘത്തിന്റെ നിഗമനം. എകെ 47 അടക്കമുള്ള ആയുധങ്ങള്‍ എത്തിക്കുന്നതിനായി സുഖ പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ആയുധ വ്യാപാരി ഡോഗറുമായി വീഡിയോ കോളിലൂടെ ബന്ധപ്പെട്ടു.

ആയുധങ്ങള്‍ നല്‍കാന്‍ ഡോഗര്‍ സമ്മതിച്ചു. 50 ശതമാനം അഡ്വാന്‍സ് നല്‍കാമെന്നും, ബാക്കി തുക ഇന്ത്യയില്‍ ആയുധങ്ങള്‍ എത്തിയശേഷം നല്‍കാമെന്നുമാണ് ധാരണയിലെത്തിയത്. കാനഡ ആസ്ഥാനമായുള്ള ഗുണ്ടാ നേതാവ് ഗോള്‍ഡി ബ്രാര്‍, ലോറന്‍സ് ബിഷ്ണോയിയുടെ സഹോദരന്‍ അന്‍മോല്‍ ബിഷ്ണോയി എന്നിവരുടെ നിര്‍ദേശങ്ങള്‍ക്ക് കാത്തിരിക്കുകയാണ് ഷൂട്ടര്‍മാര്‍. നടനെ വെടിവെച്ചു കൊലപ്പെടുത്തിയശേഷം കന്യാകുമാരിയില്‍ ഒത്തുകൂടാനും അവിടെ നിന്ന് ബോട്ടില്‍ ശ്രീലങ്കയിലേക്ക് കടക്കാനുമാണ് അക്രമികള്‍ പദ്ധതിയിട്ടതെന്നും കുറ്റപത്രത്തില്‍ വിശദീകരിക്കുന്നു.

india

പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു, കര്‍ണാടകയില്‍ ബിജെപി നേതാവ് ഒളിവില്‍

വിട്‌ല സ്വദേശിയും പെരുവായ് വ്യവസായ സേവാ സഹകാരി സംഘം ഡയറക്ടറുമായ മഹേഷ് ഭട്ടിനെതിരേയാണ് വിട്‌ല പൊലീസ് കേസെടുത്തത്.

Published

on

പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ബിജെപി നേതാവിനെതിരേ പോക്‌സോ കേസ്. വിട്‌ല സ്വദേശിയും പെരുവായ് വ്യവസായ സേവാ സഹകാരി സംഘം ഡയറക്ടറുമായ മഹേഷ് ഭട്ടിനെതിരേയാണ് വിട്‌ല പൊലീസ് കേസെടുത്തത്. പ്രതി ഒളിവിലാണ്.

ജനുവരി 12നാണ് സംഭവം. മഹേഷ് ഭട്ടിന്റെ ഫാമിലാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ജോലിചെയ്തിരുന്നത്. അവധിദിവസം മാതാപിതാക്കള്‍ക്കൊപ്പം ഫാമിലേക്ക് പോയ കുട്ടിയെ പ്രതി ഉപദ്രവിക്കുകയായിരുന്നു. അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി വിട്‌ല പൊലീസ് പറഞ്ഞു.

രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി പ്രതിയുടെ അറസ്റ്റ് നീട്ടുകയാണെന്ന് ദളിത് ഹക്കുഗല സംരക്ഷണസമിതി ആരോപിച്ചു. കര്‍ണാടകയിലെ ബിജെപിയുടെ പ്രധാന നേതാവാണ് ഇയാള്‍.

Continue Reading

india

ഇന്ത്യയില്‍ പൊലീസുകാരില്‍ 25% പേരും ആള്‍ക്കൂട്ട ആക്രമണത്തെ പിന്തുണക്കുന്നവര്‍, 18% പേര്‍ മുസ്‌ലിംകളില്‍ ക്രിമിനല്‍ വാസനയുണ്ടെന്ന് വിശ്വസിക്കുന്നവരും

കോമണ്‍ കോസ് എന്ന എന്‍.ജി.ഒയും സെന്റര്‍ ഫോര്‍ ദി സ്റ്റഡി ഓഫ് ഡെവലപ്പിങ് സൊസൈറ്റീസിന്റെ ലോക്‌നീതി പ്രോഗ്രാമും സംയുക്തമായി നടത്തിയ റിസേര്‍ച്ചിലാണ് ഈ വിവരങ്ങള്‍ ഉള്ളത്.

Published

on

നമ്മുടെ ഇന്ത്യയിലെ പൊലീസുകാരില്‍ 25% പേരും ആള്‍ക്കൂട്ട ആക്രമണത്തെ പിന്തുണക്കുന്നുവെന്നും 18% പേര്‍ മുസ്‌ലിംകളില്‍ ക്രിമിനല്‍ വാസനയുണ്ടെന്ന് വിശ്വസിക്കുന്നതായും റിപ്പോര്‍ട്ട്. കോമണ്‍ കോസ് എന്ന എന്‍.ജി.ഒയും സെന്റര്‍ ഫോര്‍ ദി സ്റ്റഡി ഓഫ് ഡെവലപ്പിങ് സൊസൈറ്റീസിന്റെ ലോക്‌നീതി പ്രോഗ്രാമും സംയുക്തമായി നടത്തിയ റിസേര്‍ച്ചിലാണ് ഈ വിവരങ്ങള്‍ ഉള്ളത്.

റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയിലെ പൊലീസുകാരില്‍ നാലില്‍ ഒരാള്‍, ഗുരുതരമായ വിഷയങ്ങളില്‍ ജനക്കൂട്ടം ഇടപെടണമെന്നും ആള്‍ക്കൂട്ട നീതി നടപ്പാക്കുന്നതാണ് ശരിയെന്നും വിശ്വസിക്കുന്നു. കൊടും കുറ്റവാളികളെ നിയമപരമായ വിചാരണക്ക് വിധേയരാക്കുന്നതിനേക്കാള്‍ നല്ലത് കൊല്ലുന്നതാണെന്ന് 22 ശതമാനം പൊലീസ് ഉദ്യോഗസ്ഥരും വിശ്വസിക്കുന്നു.

17 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 82 സ്ഥലങ്ങളിലായി 8,276 സീനിയര്‍, ജൂനിയര്‍ പൊലീസ് ഉദ്യോഗസ്ഥരില്‍ നടത്തിയ സര്‍വേയെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ റിപ്പോര്‍ട്ട്. കൂടാതെ പൊലീസുമായും കസ്റ്റഡിയിലുള്ള ആളുകളുമായും ഇടപഴകുന്ന ജോലികള്‍ ചെയ്യുന്ന ഡോക്ടര്‍മാര്‍, അഭിഭാഷകര്‍, ജഡ്ജിമാര്‍ എന്നിവരുമായുള്ള അഭിമുഖങ്ങളും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുന്നു.

മുന്‍ ഒഡീഷ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്. മുരളീധര്‍, അഭിഭാഷകയും ആക്ടിവിസ്റ്റുമായ വൃന്ദ ഗ്രോവര്‍, പൊതുജനാരോഗ്യ വിദഗ്ധന്‍ ഡോ. അമര്‍ ജയ്‌സാനി, വിരമിച്ച ഐ.പി.എസ് ഉദ്യോഗസ്ഥന്‍ പ്രകാശ് സിങ് എന്നിവരടങ്ങുന്ന വിദഗ്ദ്ധ സമിതിയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

സര്‍വേയില്‍ പങ്കെടുത്ത പൊലീസ് ഉദ്യോഗസ്ഥരില്‍ 30 ശതമാനം പേരും ‘ഗുരുതരമായ’ കേസുകളില്‍ മൂന്നാം മുറ രീതികള്‍ ഉപയോഗിക്കുന്നത് ശരിയാണെന്ന് വിശ്വസിക്കുന്നു. അതേസമയം ഒമ്പത് ശതമാനം പേര്‍ ചെറിയ കുറ്റകൃത്യങ്ങളില്‍ പോലും മൂന്നാം മുറ ഉപയോഗിക്കുന്നതിനെ പിന്തുണയ്ക്കുന്നു. ഐ.പി.എസ് ഉദ്യോഗസ്ഥരും ചോദ്യം ചെയ്യലുകള്‍ കൈകാര്യം ചെയ്യുന്നവരുമാണ് പീഡനത്തെ ഏറ്റവും കൂടുതല്‍ അനുകൂലിച്ചത്.

പ്രതിയുടെ കുടുംബാംഗങ്ങളെ മര്‍ദിക്കുന്നത് ശരിയായ നടപടിയാണെന്ന് 11 ശതമാനം പേര്‍ വിശ്വസിക്കുമ്പോള്‍, അത്യാവശ്യ ഘട്ടങ്ങളില്‍ ചിലപ്പോഴൊക്കെ പ്രതിയുടെ കുടുംബത്തെയും മര്‍ദിക്കാമെന്ന് 30 ശതമാനം പേര്‍ പറയുന്നു. കൂടാതെ, ‘സഹകരിക്കാത്ത’ സാക്ഷികളെ അടിക്കുന്നതിനെ 25 ശതമാനം പേര്‍ പിന്തുണച്ചു. ഒമ്പത് ശതമാനം പേര്‍ അവര്‍ക്കെതിരെ മൂന്നാം മുറ രീതികള്‍ ഉപയോഗിക്കുന്നതിനെയും പിന്തുണക്കുന്നു.

തങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ ശരിയായി നിര്‍വഹിക്കുന്നതിന് വേണ്ടി ആക്രമണങ്ങളും ബലപ്രയോഗവും നടത്താമെന്ന് ഭൂരിഭാഗമാ പൊലീസ് ഉദ്യോഗസ്ഥരും വിശ്വസിക്കുന്നതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 1948ല്‍ തന്നെ സാര്‍വത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ ആര്‍ട്ടിക്കിള്‍ അഞ്ചില്‍ പീഡനം പൂര്‍ണമായും നിരോധിക്കപ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

പീഡനത്തിന് ഇരയാകുന്നവരില്‍ ഭൂരിഭാഗവും ദരിദ്രരും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുമാണെന്ന് സര്‍വേയില്‍ പങ്കെടുത്തവര്‍ പറഞ്ഞു. മുസ്‌ലിങ്ങള്‍, ദളിതര്‍, ആദിവാസികള്‍, എഴുതാനും വായിക്കാനും അറിയാത്തവര്‍, ചേരി നിവാസികള്‍ എന്നിവരാണ് പീഡനത്തിന് ഇരയാകുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു.

പതിനെട്ട് ശതമാനം പൊലീസ് ഉദ്യോഗസ്ഥരും കരുതുന്നത് മുസ്‌ലിംകളില്‍ ക്രിമിനല്‍ വാസനയുണ്ടെന്നാണ്. അതേസമയം അറസ്റ്റിലായവരുടെ വൈദ്യപരിശോധന പലപ്പോഴും ഫോറന്‍സിക് മെഡിസിനില്‍ വൈദഗ്ധ്യമില്ലാത്ത ഡോക്ടര്‍മാരാണ് നടത്തുന്നതെന്ന് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടി. പീഡനത്തിന്റെ ലക്ഷണങ്ങള്‍ തിരിച്ചറിയാന്‍ അവര്‍ക്ക് കഴിയില്ല. ലഭ്യമായ ഏതെങ്കിലും ഒരു ഡോക്ടറാവും പരിശോധന നടത്തുന്നത്. ചിലപ്പോള്‍ കണ്ണ് രോഗ വിദഗ്ദ്ധന്‍, അനസ്‌തേഷ്യോളജിസ്റ്റ് അല്ലെങ്കില്‍ മറ്റേതെങ്കിലും ഡോക്ടര്‍മാരാകാം പരിശോധന നടത്തുന്നത്. ജില്ലാ, താലൂക്ക് ആശുപത്രികളില്‍ ഫോറന്‍സിക് ഡോക്ടര്‍മാരില്ലെന്ന് മറ്റൊരാള്‍ ചൂണ്ടിക്കാട്ടി.

കസ്റ്റഡി മരണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ പൊരുത്തക്കേടുകളുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. 2020ല്‍ നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ 76 കസ്റ്റഡി മരണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. നാഷണല്‍ ഹ്യൂമന്‍ റൈറ്റ്‌സ് കമ്മീഷന്‍ 90 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം സിവില്‍ സൊസൈറ്റി സംരംഭമായ നാഷണല്‍ കാമ്പെയ്ന്‍ എഗൈന്‍സ്റ്റ് ടോര്‍ച്ചര്‍ അതേ വര്‍ഷം 111 കസ്റ്റഡി മരണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

Continue Reading

india

5 വർഷത്തിന് ശേഷം ഉമ്മയോടൊന്നിച്ച് ഇഫ്താർ കൂടി ഖാലിദ് സൈഫി

2020 മുതൽ ജാമ്യം ലഭിക്കാതെ യുഎപിഎ തടവുകാരനായി കഴിയുന്ന ഖാലിദ് സൈഫി പൗരത്വസമര നായകരിൽ ഒരാളാണ്.

Published

on

അഞ്ച് വർഷത്തിന് ശേഷം ഉമ്മയോടൊന്നിച്ച് ഇഫ്താർ കൂടി ഖാലിദ് സൈഫി. 2020 മുതൽ ജാമ്യം ലഭിക്കാതെ യുഎപിഎ തടവുകാരനായി കഴിയുന്ന ഖാലിദ് സൈഫി പൗരത്വസമര നായകരിൽ ഒരാളാണ്.

“‘നീയെന്നാണ് തിരിച്ച് വരിക? അവിടെ നിന്നെ കാണാൻ വരാൻ എനിക്ക് പ്രയാസമുണ്ട്. നീ വരുന്നതിന് മുമ്പേ ഞാൻ മരിച്ച് പോയാലോ‘ വെന്ന് കരഞ്ഞുകൊണ്ട് ഉമ്മ ഖാലിദ് സൈഫിയോട് ചോദിക്കുന്നുണ്ട്. തിരിച്ച് വന്ന് ഉമ്മയുടെ നഖം കണ്ടപ്പോൾ അദ്ദേഹം ആദ്യം ചോദിച്ചു ’നഖം എന്താണ് വെട്ടാത്തതെന്ന്.‘

’നീയായിരുന്നില്ലേ അത് ചെയ്യാറുള്ളത്‘ എന്നാണ് ഉമ്മ മറുപടി പറഞ്ഞത്. ഉടൻ തന്നെ അദ്ദേഹം നഖം വെട്ടി എടുത്ത് ഉമ്മയുടെ നഖം വെട്ടി കൊടുത്തു. ജയിലിൽ പോവുന്നതിന് മുമ്പ് ചെയ്യാറുള്ളത് പോലെ“യാണെന്ന് ഖാലിദ് സൈഫിയുടെ ഭാര്യ നര്‍ഗീസ് ഖാത്തൂന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Continue Reading

Trending