Connect with us

kerala

‘എഡിഎമ്മിന്റെ മരണത്തിൽ പി ശശിക്ക് പങ്ക്’; ദിവ്യയുടെ ഭർത്താവ് ശശിയുടെ ബിനാമി: പി.വി അൻവർ

എഡിഎമ്മിനെതിരായ കള്ളപ്പരാതിക്ക് രേഖയുണ്ടാക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ശ്രമിക്കുന്നു

Published

on

എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്ക് പങ്കുണ്ടെന്ന് പിവി അൻവർ. എഡിഎമ്മിന്റെ യാത്രയയപ്പ് ചടങ്ങിലെത്തി അധിക്ഷേപിച്ച പിപി ദിവ്യയുടെ ഭർത്താവ് പി ശശിയുടെ ബിനാമിയാണ്. ശശിക്ക് വേണ്ടി നിരവധി പെട്രോൾ പമ്പുകൾ തുടങ്ങിയിട്ടുണ്ടെന്നും അൻവർ ആരോപിച്ചു.

എഡിഎമ്മിനെതിരായ കള്ളപ്പരാതിക്ക് രേഖയുണ്ടാക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ശ്രമിക്കുന്നു. ഇതിന് പിന്നിൽ പി ശശിയാണ്. കണ്ണൂരിൽ പി ശശിയുടെ നേതൃത്വത്തിലുള്ള പല അനധികൃത കാര്യങ്ങൾക്കും അനുമതി നൽകാൻ എഡിഎം തയ്യാറായിരുന്നില്ല. ഇതിന്റെ പേരിൽ എഡിഎമ്മിന് പണി കൊടുക്കാൻ പിപി ദിവ്യയെ അയച്ചത് പി ശശിയാണ്. അന്‍വര്‍ കൂട്ടിച്ചേര്‍ത്തു

kerala

‘ബിജെപിയുമായി ചര്‍ച്ച നടത്തി, അവര്‍ കയ്യൊഴിഞ്ഞപ്പോഴാണ് സിപിഎമ്മിലേക്ക് പോയത്’: വി.ഡി സതീശന്‍

കോൺഗ്രസിലെ സംവിധാനം അനുസരിച്ചു തന്നെയാണ് സ്ഥാനാർഥികളെ തീരുമാനിച്ചത്

Published

on

പി.സരിൻ തന്നെക്കുറിച്ച് പറഞ്ഞത് മന്ത്രി എം.ബി.രാജേഷ് എഴുതിക്കൊടുത്ത വാചകങ്ങളാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. കോൺഗ്രസിൽ സ്ഥാനാർഥിയാകാൻ കഴിയില്ലെന്നു കണ്ടപ്പോഴാണ് സരിൻ സിപിഎമ്മിനെ സമീപിച്ചത്. അവർ അതിൽ അനുകൂല നിലപാടും എടുത്തു. സിപിഎം എംഎൽഎമാരും മന്ത്രിമാരും തന്നെക്കുറിച്ച് പറഞ്ഞ അതേ കാര്യങ്ങളാണ് സരിനും ആവർത്തിക്കുന്നതെന്നു സതീശൻ ആരോപിച്ചു.

‘‘ഞാൻ അഹങ്കാരിയാണ്, ധാർഷ്ട്യക്കാരനാണ് തുടങ്ങിയ കാര്യങ്ങൾ സിപിഎം പറയുന്നതിൽ പരാതിയില്ല. കാരണം അങ്ങനെയൊക്കെ ‘ഒരാളെക്കുറിച്ച്’ പറയാൻ അവർക്ക് ആഗ്രഹമുണ്ട്. കടക്കുപുറത്ത് എന്നു പറയുന്ന ഒരാളോട് ഇതൊക്കെ പറയാൻ അവർക്ക് ആഗ്രഹമുണ്ട്. സരിൻ പറഞ്ഞതെല്ലാം സിപിഎമ്മിന്റെ വാക്കുകളാണ്. അതിനപ്പുറത്തൊന്നും കാണുന്നില്ല.

കോൺഗ്രസിലെ സംവിധാനം അനുസരിച്ചു തന്നെയാണ് സ്ഥാനാർഥികളെ തീരുമാനിച്ചത്. കെപിസിസി പ്രസിഡന്റും രമേശ് ചെന്നിത്തലയും ഞാനും കൂടിച്ചേർന്നാണ് തീരുമാനം എടുത്തത്. എല്ലാ മുതിർന്ന നേതാക്കളോടും കൂടിയാലോചിച്ചു. സ്ഥാനാർഥിയാകാൻ സരിന് താൽപര്യമുണ്ട്. സിപിഎമ്മുമായി കൂടിയാലോചന നടത്തുന്ന ഒരാളെ ഞങ്ങൾ എങ്ങനെ സ്ഥാനാർഥിയാക്കും’’–സതീശൻ ചോദിച്ചു.

ബിജെപിയുമായി സരിന്‍ ആദ്യം ചര്‍ച്ച നടത്തി. ബിജെപി സ്ഥാനാര്‍ത്ഥിയാകാന്‍ പറ്റുമോയെന്ന് ശ്രമിച്ചു. പാര്‍ട്ടി നേതാക്കള്‍ സ്ഥാനാര്‍ത്ഥികളാകാന്‍ ഉണ്ടെന്ന് അവര്‍ അറിയിച്ചു. ബിജെപിയില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ പറ്റില്ലെന്ന് അറിഞ്ഞതിനെത്തുടര്‍ന്നാണ് സരിന്‍ സിപിഎമ്മിനെ സമീപിച്ചത്. അവര്‍ അനുകൂല സമീപനമാണ് നല്‍കിയത്. അതേത്തുടര്‍ന്നാണ് സരിന്‍ എന്നെക്കുറിച്ച് സിപിഎം നരേറ്റീവ് പറഞ്ഞത്. കഴിഞ്ഞ നിയമസഭയില്‍ സിപിഎം എംഎല്‍എമാരും മന്ത്രിയും നിയമസഭയില്‍ പറഞ്ഞകാര്യമാണ് സരിന്‍ ആവര്‍ത്തിച്ചത്.

Continue Reading

kerala

നവീന്‍ ബാബുവിന്റെ മരണം; ദിവ്യയെ ഒന്നാം പ്രതിയാക്കി കേസെടുക്കും

ബിഎൻഎസ് 108 പ്രകാരം കേസ് എടുത്ത് 10 വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റം ചുമത്തി ദിവ്യയെ പ്രതി ചേർത്തു

Published

on

കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയിൽ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പിപി ദിവ്യക്കെതിരെ കേസ് എടുക്കാൻ തടസ്സമില്ലെന്ന് നിയമോപദേശം ലഭിച്ചു. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്താൻ തടസ്സമില്ലെന്നും ബിഎൻഎസ് 108 പ്രകാരം കേസ് എടുത്ത് 10 വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റം ചുമത്തി ദിവ്യയെ പ്രതി ചേർത്തു.

പി പി ദിവ്യയെ പ്രതിചേർത്ത് തളിപ്പറമ്പ് സബ് ഡിവിഷണൽ മജിസ്ട്രേറ്റ് കോടതിയിലാണ് റിപ്പോർട്ട് സമർപ്പിച്ചത്. കണ്ണൂർ ടൗൺ പൊലീസാണ് റിപ്പോർട്ട് നൽകിയത്. നവീൻ ബാബുവിന്റെ സഹോദരൻ പ്രവീൺ ബാബു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

അസ്വാഭാവിക മരണത്തിന് പൊലീസ് നേരത്തെ കേസെടുത്തിരുന്നു. കേസുമായി ബന്ധപ്പെട്ട് കണ്ണൂർ കലക്ട്രേറ്റ് ജീവനക്കാരുടെ മൊഴിയടക്കം പൊലീസ് രേഖപ്പെടുത്തിയിരുന്നു. കേസെടുത്ത സാഹചര്യത്തിൽ പി.പി ദിവ്യയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് തന്നെ നീക്കിയേക്കുമെന്നും സൂചനയുണ്ട്.

എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിൽ അപ്രതീക്ഷിതമായി കയറിവന്ന ദിവ്യ നവീൻ ബാബുവിനെതിരെ ചില പരാമർശങ്ങൾ നടത്തിയിരുന്നു. പിറ്റേ ദിവസമാണ് അദ്ദേഹത്തെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്.

Continue Reading

kerala

ഇടത് സര്‍ക്കാറിന്റെ മാഫിയ ഭരണത്തിനെതിരെ മുസ്‌ലിം ലീഗ് പ്രക്ഷോഭ സംഗമങ്ങള്‍ക്ക് നാളെ മലപ്പുറത്ത് തുടക്കം

മലപ്പുറത്ത് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിക്കും

Published

on

കോഴിക്കോട്: ഇടത് സര്‍ക്കാറിന്റെ മാഫിയ ഭരണത്തിനെതിരെ ജില്ലാ കേന്ദ്രങ്ങളില്‍ മുസ്‌ലിം ലീഗ് സംഘടിപ്പിക്കുന്ന പ്രക്ഷോഭ സംഗമങ്ങള്‍ക്ക് നാളെ തുടക്കമാകും. വൈകുന്നേരം നാല് മണിക്ക് മലപ്പുറത്ത് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിക്കും. ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷണം നടത്തും. ദേശീയ, സംസ്ഥാന നേതാക്കള്‍ സംബന്ധിക്കും.

അടിമുടി അഴിമതിയില്‍ മുങ്ങിക്കുളിച്ച് മാഫിയ ഭരണം നടത്തുന്ന സര്‍ക്കാറിന്റെ തെറ്റായ നയങ്ങള്‍ക്കും മലപ്പുറം ജില്ലയെ കുറ്റകൃത്യങ്ങളുടെ ആസ്ഥാനമാക്കി ചി ത്രീകരിക്കാനുള്ള ഗൂഢ നീക്കങ്ങള്‍ക്കുമെതിരെയാണ് പ്രക്ഷോഭം. ജില്ലാ കേന്ദ്രങ്ങളില്‍ നടക്കുന്ന പ്രക്ഷോഭത്തില്‍ ദേശീയ, സംസ്ഥാന നേതാക്കള്‍ സംബന്ധിക്കും. 19ന് തുശൂര്‍, കൊല്ലം 21ന് കോട്ടയം, ആലപ്പുഴ, 22ന് കണ്ണൂര്‍, പത്തനംതിട്ട, കോഴിക്കോട്, തിരുവനന്തപുരം, 25ന് വയനാട്, എറണാകുളം, ഇടുക്കി, കാസര്‍ക്കോട്, 26ന് പാലക്കാട് എന്നീ ജില്ലകളില്‍ പ്രക്ഷോഭ സംഗമങ്ങള്‍ നടക്കും. കള്ളക്കടത്തുകാരും പൊലീസുകാരും തമ്മിലുള്ള അവിശുദ്ധ ബന്ധം, മതസ്പര്‍ധ വളര്‍ത്തുന്ന സി.പി.എം ഇടപെടലുകള്‍, മുഖ്യമന്ത്രിക്ക് വേണ്ടി ആര്‍.എസ്.എസുമായി ചര്‍ച്ച നടത്തുന്ന എ.ഡി. ജി.പി, കളങ്കിത വ്യക്തിത്വങ്ങളെ സംരക്ഷിക്കുന്ന സര്‍ക്കാര്‍ നയം തുടങ്ങിയ വിവിധ വിഷയങ്ങള്‍ പ്രക്ഷോഭ സംഗമങ്ങളില്‍ ഉന്നയിക്കും.

കണ്ണൂരില്‍ എ.ഡി.എം ആത്മഹത്യ ചെയ്യാനുണ്ടായ കാരണം പോലും സി.പി.എമ്മിന്റെ മാഫിയ ബന്ധങ്ങളാണെന്ന് വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുകയാണ്. സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധമുയര്‍ത്തേണ്ടത് അനിവാര്യമാണെന്നും പ്രക്ഷോഭ സംഗമങ്ങള്‍ വിജയിപ്പിക്കാന്‍ നേതാക്കളും പ്രവര്‍ത്തകരും രംഗത്തിറങ്ങണമെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ സലാം അഭ്യര്‍ത്ഥിച്ചു.

Continue Reading

Trending