Connect with us

india

രത്തന്‍ ടാറ്റയുടെ പിന്‍ഗാമി അർധസഹോദരനായ നോയല്‍ ടാറ്റ; ചെയർമാനായി നിയമിച്ചു

സര്‍ ദോറാബ്ജി ടാറ്റ ട്രസ്റ്റിന്റെ പതിനൊന്നാമത്തെ ചെയര്‍മാനും സര്‍ രത്തന്‍ ടാറ്റ ട്രസ്റ്റിന്റെ ആറാമത്തെ ചെയര്‍മാനുമായാണ് നോയല്‍ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

Published

on

രത്തന്‍ ടാറ്റയുടെ പിന്‍ഗാമിയായി ടാറ്റ ട്രസ്റ്റുകളുടെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് നോയല്‍ എന്‍ ടാറ്റ. ഇന്നു മുംബൈയില്‍ ചേര്‍ന്ന ട്രസ്റ്റ് യോഗത്തിലാണ് തീരുമാനം. രത്തന്‍ ടാറ്റയുടെ അര്‍ധസഹോദരനാണ് അറുപത്തിയേഴുകാരനായ നോയല്‍. ഇന്ത്യയിലെ പബ്ലിക് ചാരിറ്റബിള്‍ ഫൗണ്ടേഷനുകളില്‍ ഏറ്റവും വലുതാണ് ടാറ്റ ട്രസ്റ്റ്. സര്‍ ദോറാബ്ജി ടാറ്റ ട്രസ്റ്റും സര്‍ രത്തന്‍ ടാറ്റ ട്രസ്റ്റുമാണ് ടാറ്റ ട്രസ്റ്റിനുകീഴിലുള്ള രണ്ട് പ്രധാന സ്ഥാപനങ്ങള്‍. സര്‍ ദോറാബ്ജി ടാറ്റ ട്രസ്റ്റിന്റെ പതിനൊന്നാമത്തെ ചെയര്‍മാനും സര്‍ രത്തന്‍ ടാറ്റ ട്രസ്റ്റിന്റെ ആറാമത്തെ ചെയര്‍മാനുമായാണ് നോയല്‍ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

ടാറ്റ ഗ്രൂപ്പിന്റെ മാതൃ കമ്പനിയായ ടാറ്റ സണ്‍സിന്റെ 52 ശതമാനത്തോളം ഓഹരിയാണ് ഇരു ട്രസ്റ്റുകളും ചേര്‍ന്ന് കൈവശം വെച്ചിരിക്കുന്നത്. സര്‍ രത്തന്‍ ടാറ്റ ട്രസ്റ്റിന്റെയും സര്‍ ദൊറാബ്ജി ട്രസ്റ്റിന്റെയും കീഴില്‍ മൂന്ന് ട്രസ്റ്റുകള്‍ വീതമുണ്ട്.

ടാറ്റ ഇന്റര്‍നാഷണല്‍ ലിമിറ്റഡിന്റെ ചെയര്‍മാനും നോണ്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ നോയല്‍ ടാറ്റ നാല് പതിറ്റാണ്ടായി ടാറ്റ ഗ്രൂപ്പിന്റെ ഭാഗമാണ്. ട്രെന്റ്, വോള്‍ട്ടാസ് ആന്‍ഡ് ടാറ്റ ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പറേഷന്‍ എന്നിവയുടെ ചെയര്‍മാനായും ടാറ്റ സ്റ്റീല്‍ ആന്‍ഡ് ടൈറ്റന്‍ കമ്പനി ലിമിറ്റഡിന്റെ വൈസ് ചെയര്‍മാനായും സേവനമനുഷ്ഠിക്കുന്നത് ഉള്‍പ്പെടെ നിരവധി ടാറ്റ ഗ്രൂപ്പ് കമ്പനികളുടെ ബോര്‍ഡുകളില്‍ നോയല്‍ സ്ഥാനങ്ങള്‍ വഹിക്കുന്നു.

സര്‍ രത്തന്‍ ടാറ്റ ട്രസ്റ്റ്, സര്‍ ദോറാബ്ജി ടാറ്റ ട്രസ്റ്റ് എന്നിവയുടെ ബോര്‍ഡ് ട്രസ്റ്റി പദവി വഹിച്ചുകൊണ്ടിരുന്ന നോയല്‍, ടാറ്റ ഗ്രൂപ്പിന്റെ വ്യാപാരവിതരണ വിഭാഗമായ ടാറ്റ ഇന്റര്‍നാഷണല്‍ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടറുമാണ്. അദ്ദേഹത്തിന്റെ മേല്‍നോട്ടത്തില്‍2 010 ഓഗസ്റ്റിനും 2021 നവംബറിനുമിടയില്‍ 500 മില്യണ്‍ ഡോളറിന്റെ വിറ്റുവരവില്‍നിന്ന് മൂന്ന് ബില്യണ്‍ ഡോളറിലേക്ക് കമ്പനിയുടെ വളര്‍ച്ച പ്രാപിച്ചു.

ടാറ്റ ട്രെന്റ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടര്‍ സ്ഥാനവും നോയല്‍ വഹിച്ചിരുന്നു. കമ്പനിയുടെ വിപുലീകരണത്തില്‍ അദ്ദേഹം നിര്‍ണായക പങ്കുവഹിച്ചു. 1998ല്‍ ഒരു സ്‌റ്റോര്‍ മാത്രമുണ്ടായിരുന്ന കമ്പനി ഇന്ന് എഴുന്നൂറിലധികം സ്‌റ്റോറുകളായി വളര്‍ന്നു.

യുകെയിലെ സസെക്‌സ് യൂണിവേഴ്‌സിറ്റിയില്‍നിന്ന് ബിരുദം നേടി നോയല്‍ ടാറ്റ ഐഎന്‍എസ്ഇഎഡിയില്‍നിന്ന് ഇന്റര്‍നാഷണല്‍ എക്‌സിക്യൂട്ടീവ് പ്രോഗ്രാമും പൂര്‍ത്തിയാക്കി. നവല്‍ എച്ച് ടാറ്റയും സിമോണ്‍ എന്‍ ടാറ്റയുമാണ് മാതാപിതാക്കള്‍. നവല്‍ എച്ച് ടാറ്റയ്ക്ക് രണ്ട് ഭാര്യമാണുണ്ടായിരുന്നത്. ആദ്യ ഭാര്യ സൂനി ടാറ്റയിലുള്ള മക്കളാണ് രത്തന്‍ ടാറ്റയും ജിമ്മി ടാറ്റയും.

രത്തന്‍ ടാറ്റയ്ക്കുശേഷ് ഇടക്കാലത്ത് ടാറ്റ സണ്‍സ് ചെയര്‍മാന്‍ സ്ഥാനം വഹിച്ച സൈറസ് മിസ്ത്രിയുടെ സഹോദരി അലൂ മിസത്രിയാണ് നോയലിന്റെ ഭാര്യ. ലിയ ടാറ്റ, നെവില്‍ ടാറ്റ, മായ ടാറ്റ എന്നിവരാണ് നോയല്‍ ടാറ്റ അലൂ മിസ്ത്രി ദമ്പതികളുടെ മക്കള്‍. മൂവരും ടാറ്റ ട്രസ്റ്റ് ബോര്‍ഡ് അംഗങ്ങളാണ്. നോയല്‍ ടാറ്റയുടെ മകള്‍ മായ ടാറ്റ, മെഹര്‍ജി പല്ലോന്‍ജി ഗ്രൂപ്പിന്റെ ഡയരക്ടര്‍ മെഹ്ലി മിസ്ത്രി എന്നീ പേരുകളും ടാറ്റ ട്രസ്റ്റ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് ഉയര്‍ന്നുകേട്ടിരുന്നു. ടാറ്റ സണ്‍സ് മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്ത്രിയുടെ കസിന്‍ കൂടിയാണ് മെഹ്‌ലി.

india

ഇന്‍ഡിഗോ വിമാനത്തിനും ആകാശ എയറിനും ബോംബ് ഭീഷണി; അടിയന്തരമായി തിരിച്ചിറക്കി

സമൂഹമാധ്യമത്തിലൂടെയാണ് വ്യാജ ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്.

Published

on

മുംബൈ-ഡല്‍ഹി ഇന്‍ഡിഗോ വിമാനത്തിനും ബെംഗളൂരുവിലേക്ക് പുറപ്പെട്ട ആകാശ എയറിനും നേരെ ബോംബ് ഭീഷണി. ഇതേ തുടര്‍ന്ന് ഇന്‍ഡിഗോ വിമാനം അഹമ്മദാബാദിലേക്ക് തിരിച്ചു. ആകാശ എയര്‍ ഡല്‍ഹിയില്‍ അടിയന്തരമായി തിരിച്ചിറക്കി. 174 യാത്രക്കാരാണ് ആകാശ എയറില്‍ ഉണ്ടായിരുന്നത്. അതേസമയം 200 യാത്രക്കാരും ജീവനക്കാരുമായി ചൊവ്വാഴ്ച രാത്രിയാണ് മുംബൈയില്‍ നിന്ന് ഇന്‍ഡിഗോ വിമാനം പുറപ്പെട്ടത്. എന്നാല്‍ സമൂഹമാധ്യമത്തിലൂടെയാണ് വ്യാജ ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്.

കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ 12 വിമാനങ്ങള്‍ക്ക് നേരെ വ്യാജ ബോംബ് ഭീഷണി ഉയര്‍ന്നു. ഡല്‍ഹി-ഷിക്കാഗോ എയര്‍ ഇന്ത്യ വിമാനം (എഐ-127), ജയ്പുര്‍-ബെംഗളൂരു എയര്‍ ഇന്ത്യ എക്‌സ്പ്രസ് (ഐഎക്‌സ്-765), ദര്‍ബംഗ-മുംബൈ സ്‌പൈസ് ജെറ്റ് വിമാനം (എസ്ജി-116), സിലിഗുരി-ബെംഗളൂരു ആകാശ എയര്‍ വിമാനം (ക്യുപി-1373), ദമാം-ലഖ്‌നൗ ഇന്‍ഡിഗോ വിമാനം(6 ഇ-98), അമൃത്സര്‍-ദെഹ്റാദൂണ്‍ അലയന്‍സ് എയര്‍ (9എല്‍-650) എന്നിവയുള്‍പ്പെടെയുള്ള വിമാനങ്ങള്‍ക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്.

തിങ്കളാഴ്ചയും രണ്ട് ഇന്‍ഡിഗോ വിമാനങ്ങള്‍ക്കും ഒരു എയര്‍ ഇന്ത്യ വിമാനത്തിനും വ്യാജ ഭീഷണി സന്ദേശം കിട്ടിയിരുന്നു. ബോംബ് ഭീഷണി കാരണം ഡല്‍ഹിയില്‍ നിന്ന് ഷിക്കാഗോയിലേക്ക് പുറപ്പെട്ട എഐ 127 വിമാനം വഴിതിരിച്ച് വിട്ടിരുന്നു.

Continue Reading

india

ആര്‍.എസ്.എസ് ഇന്ത്യയിലെ തീവ്രവാദ സംഘടന; നിരോധിക്കണമെന്ന് കനേഡിയന്‍ സിഖ് നേതാവ് ജഗ്മീത് സിങ്

ആര്‍.എസ്.എസിന് പുറമെ ആരോപണ വിധേയരായ ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തണമെന്നും ജഗ്മീത് സിങ് ആവശ്യപ്പെട്ടതായി ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. 

Published

on

ആര്‍.എസ്.എസ് ഇന്ത്യയിലെ തീവ്രവാദ സംഘടനയെന്നും അവരെ നിരോധിക്കണമെന്നും കനേഡിയന്‍ സിഖ് ലീഡര്‍ ജഗ്മീത് സിങ്. ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജറുടെ കൊലപാതകത്തില്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന് ആര്‍.സി.എം.പി ആരോപിച്ചതിന് പിന്നാലെയാണ് ജഗ്മീത് സിങ്ങിന്റെ പ്രസ്താവന. ആര്‍.എസ്.എസിന് പുറമെ ആരോപണ വിധേയരായ ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തണമെന്നും ജഗ്മീത് സിങ് ആവശ്യപ്പെട്ടതായി ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്തു.

കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നേതാവാണ് ജഗ്മീത്. കൂടാതെ ഖലിസ്ഥാന്‍ അനുകൂല നിലപാട് നിരന്തരം സ്വീകരിച്ചിരുന്ന ഇയാള്‍ ഇന്ത്യയ്ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ കാനഡയുടെ സഖ്യകക്ഷികളായ യു.എസിനോടും യു.കെയോടും ആവശ്യപ്പെട്ടിട്ടുണ്ട്.

‘ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ക്കെതിരെ ശക്തമായ ഉപരോധം ഏര്‍പ്പെടുത്തണമെന്ന് ഞങ്ങള്‍ ഗവണ്‍മെന്റിനോട് ആവശ്യപ്പെടുകയാണ്. അതുപോലെത്തന്നെ ഇന്ത്യയിലെ തീവ്രവാദ സംഘടനയായ ആര്‍.എസ്.എസിനെ നിരോധിക്കണമെന്നും ഞാന്‍ ആവശ്യപ്പെടുകയാണ്. ആ മിലിറ്റന്റ് ഗ്രൂപ്പ് ഇന്ത്യയിലും കാനഡയിലും മറ്റ് രാജ്യങ്ങളിലും പ്രവര്‍ത്തിക്കുന്നുണ്ട്.

ആര്‍.സി.എം.പിയുടെ അന്വേഷണപ്രകാരം ഇതുവരെ ഉയര്‍ന്ന ആരോപണങ്ങള്‍ എല്ലാം തന്നെ ഗൗരവമേറിയതാണ്. ഈ ആരോപണങ്ങള്‍ എല്ലാം തന്നെ ഇന്ത്യന്‍ സര്‍ക്കാരിനെതിരുമാണ്. പ്രത്യേകിച്ച് മോദി സര്‍ക്കാരിനെതിരെയാണ്. കാനഡയിലെ നയതന്ത്രജ്ഞര്‍ വിവിധ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും പല പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുകയുണ്ടായി. അവര്‍ കനേഡിയന്‍ വീടുകള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയും കനേഡിയന്‍ ബിസിനസുകള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയും കാനഡക്കാരെ കൊല്ലുകയും ചെയ്തു. അത് വളരെ ഗുരുതരമാണ്.

അതിനാല്‍ തന്നെ കനേഡിയന്‍ പൗരന്മാരുടെ ജീവന്‍ അപകടത്തിലാണ്. എന്നാല്‍ ഈ രാജ്യത്തെ സംരക്ഷിക്കുക എന്നത് എന്റെ ഉത്തരവാദിത്തമാണ്. ഞാന്‍ ഈ രാജ്യത്തെ അത്രയും സ്‌നേഹിക്കുന്നു. അതിനാല്‍ത്തന്നെ ഇവിടുത്തെ ജനാധിപത്യം സംരക്ഷിക്കുന്നതിനായി ഏതറ്റംവരേയും ഞങ്ങള്‍ പോകും,’ ജഗ്മീത് പറയുന്നു.

എന്നാല്‍ നിങ്ങള്‍ ടാര്‍ഗെറ്റ് ചെയ്യപ്പെടുകയാണോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഇത് തന്നെക്കുറിച്ചുള്ള മാത്രം ആശങ്കയല്ലെന്നും മറിച്ച് കാനഡക്കാരുടെ മുഴുവന്‍ സുരക്ഷയെ ബാധിക്കുന്ന കാര്യമാണെന്നും സിങ് പ്രതികരിക്കുകയുണ്ടായി. ഖലിസ്ഥാന്‍ തീവ്രവാദി ഹര്‍ദീപ് സിംഗ് നിജ്ജറുടെ കൊലപാതകത്തില്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന് ആര്‍.സി.എം.പി ആരോപിച്ചതോടെയാണ് ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ വിള്ളല്‍ വീഴുന്നത്.

കാനഡയുടെ പൊതുസുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുന്ന നിരവധി പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ ഏജന്റുമാര്‍ പങ്കെടുത്തിട്ടുണ്ടെന്നതിന് തങ്ങള്‍ക്ക് വ്യക്തവും ശക്തവുമായ തെളിവുകള്‍ ഉണ്ടെന്ന കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ പരാമര്‍ശമാണ് ഇന്ത്യയെ ചൊടിപ്പിച്ചത്. ഇതിനെത്തുടര്‍ന്ന് ആരോപണ വിധേയനായ ഹൈക്കമ്മീഷണറെ അടക്കം കാനഡയിലെ ആറ് നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യ തിരിച്ച് വിളിച്ചിരുന്നു. തുടര്‍ന്ന് ഇവരെ സസ്‌പെന്‍ഡ് ചെയ്തതായി കാനഡയും അറിയിച്ചു.

Continue Reading

india

മുഖ്യമന്ത്രിയാകില്ലെന്ന് ഉറപ്പായി, ഇപ്പോള്‍ പ്രതിപക്ഷ നേതാവിന്‍റെ കസേരയിലേക്കാണ് നോട്ടം; ഉദ്ധവിനെതിരെ ഏക്‍നാഥ് ഷിന്‍ഡെ

സഖ്യ കക്ഷികളില്‍ നിന്ന് പിന്തുണയില്ലാതിരുന്നിട്ടും മുഖ്യമന്ത്രി സ്ഥാനം തിരിച്ചുപിടിക്കാനുള്ള ആഗ്രഹം താക്കറെ കൊണ്ടുനടക്കുന്നു

Published

on

ഉദ്ധവ് താക്കറെയെ മുഖ്യമന്ത്രിയാക്കാൻ എംവിഎ സഖ്യകക്ഷികൾ ആഗ്രഹിക്കാത്തതിനാൽ ശിവസേന (യുബിടി) നേതാവ് ഇപ്പോൾ പ്രതിപക്ഷ നേതാവിൻ്റെ സ്ഥാനത്തേക്ക് നോക്കുകയാണെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‍നാഥ് ഷിൻഡെ. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാൻ ശിവസേന (യുബിടി) ശ്രമിച്ചുവെങ്കിലും സഖ്യകക്ഷികളായ കോൺഗ്രസിൻ്റെയും എൻസിപിയുടെയും (ശരദ് പവാർ) പിന്തുണ നേടുന്നതിൽ പരാജയപ്പെട്ടിരുന്നു.

“സഖ്യ കക്ഷികളില്‍ നിന്ന് പിന്തുണയില്ലാതിരുന്നിട്ടും മുഖ്യമന്ത്രി സ്ഥാനം തിരിച്ചുപിടിക്കാനുള്ള ആഗ്രഹം താക്കറെ കൊണ്ടുനടക്കുന്നു. താക്കറെ ഒരിക്കൽ മുഖ്യമന്ത്രിയാകുമെന്ന് സ്വപ്നം കണ്ടിരുന്നു. എന്നാൽ ഇപ്പോൾ അദ്ദേഹത്തിൻ്റെ സഖ്യകക്ഷികൾ പോലും അദ്ദേഹത്തെ ആ സ്ഥാനത്തിരുത്താന്‌ ആഗ്രഹിക്കുന്നില്ല,” ജൽന ജില്ലയിലെ ഒരു പൊതുയോഗത്തിൽ ഷിൻഡെ പറഞ്ഞു. ഇപ്പോൾ പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് മത്സരിക്കുകയാണ്.

അദ്ദേഹത്തിന് ആശംസകൾ നേരുന്നു… ഷിൻഡെ കൂട്ടിച്ചേർത്തു. എംവിഎ സർക്കാരിനെ അട്ടിമറിച്ച 2022 ജൂലൈയിലെ തൻ്റെ നീക്കത്തെ ന്യായീകരിച്ച ഷിൻഡെ കോൺഗ്രസുമായി ചേർന്ന് താക്കറെ ശിവസേനയുടെ അടിസ്ഥാന തത്വങ്ങളിൽ നിന്നും ബാൽ താക്കറെയുടെ പ്രത്യയശാസ്ത്രത്തിൽ നിന്നും വ്യതിചലിച്ചതായി ആരോപിച്ചു. “ശിവസേനയുടെ ഐഡൻ്റിറ്റി സംരക്ഷിക്കാൻ ഞാൻ എൻ്റെ മന്ത്രിസ്ഥാനം ഉപേക്ഷിച്ചു. പാവപ്പെട്ടവരെയും സാധാരണക്കാരെയും സേവിക്കുന്നതിനായി ഞങ്ങൾ ബിജെപിയുമായി ചേർന്ന് ഒരു സർക്കാർ രൂപീകരിച്ചു,” അദ്ദേഹം കൂട്ടിച്ചേർത്തു.

മഹാരാഷ്ട്രയിലെ സ്ത്രീകള്‍ക്കു വേണ്ടിയുള്ള സര്‍ക്കാരിന്‍റെ ‘മുഖ്യമന്ത്രി മജ്ഹി ലഡ്കി ബഹിൻ’ധനസഹായ പദ്ധതിയെ പുകഴ്ത്തിയ ഷിൻഡെ ഈ സംരംഭം ഒരിക്കലും അവസാനിപ്പിക്കില്ലെന്ന് ഉറപ്പിച്ചു പറഞ്ഞു. “ഈ പദ്ധതി നിർത്തലാക്കുമെന്ന് പറഞ്ഞ് കോൺഗ്രസ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. എന്നാല്‍ പ്രതിമാസ അലവൻസ് 1,500 രൂപയിൽ നിന്ന് 3,000 രൂപയായി വർധിപ്പിക്കും.

എൻ്റെ സഹോദരിമാർ ‘ലക്ഷപതി’ ആവണമെന്ന് ഞാൻ ആഗ്രഹിക്കുന്നു,” ഷിന്‍ഡെ വ്യക്തമാക്കി. ജല്‍നയിലെ പൊതുയോഗത്തില്‍ വച്ച് ശിവസേന (യുബിടി) നേതാവ് ഹിക്മത്ത് ഉധാൻ ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയിൽ ചേർന്നു. 2019 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻസിപി നേതാവ് രാജേഷ് ടോപെയോട് ഉധാൻ പരാജയപ്പെട്ടിരുന്നു.

അതേസമയം താനൊരിക്കലും മുഖ്യമന്ത്രിയാകാൻ ആഗ്രഹിച്ചിട്ടില്ലെന്നും എന്നാൽ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറുന്ന ആളല്ലെന്നും താക്കറെ നേരത്തെ വ്യക്തമാക്കിയിരുന്നു. “ഞാൻ മികച്ച പ്രകടനം കാഴ്ചവച്ചുവെന്ന് എംവിഎയിലെ എൻ്റെ സഹപ്രവർത്തകർ വിശ്വസിക്കുന്നുവെങ്കിൽ, ഞാൻ അവരുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകണമോ എന്ന് അവർ തീരുമാനിക്കണം.

ആത്യന്തികമായി ജനങ്ങൾ തീരുമാനിക്കുമെന്നും” അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു. എംവിഎയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയായി തന്‍റെ പേര് പ്രഖ്യാപിച്ചേക്കുമെന്നാണ് താക്കറെയുടെ പ്രതീക്ഷ. എന്നാല്‍ കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ അഭിപ്രായമൊന്നും പറഞ്ഞിട്ടില്ല. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം മാത്രമേ മുഖ്യമന്ത്രിയെ തീരുമാനിക്കൂ എന്ന നിലപാടിലാണ് കോണ്‍ഗ്രസ്.

Continue Reading

Trending