Connect with us

kerala

കൈക്കൂലി കേസില്‍ ഇടുക്കി ഡി.എം.ഒ റിമാന്‍ഡില്‍

14 ദിവസത്തേക്കാണ് എല്‍. മനോജിനെ റിമാന്‍ഡ് ചെയ്തത്.

Published

on

മൂന്നാറിലെ ഹോട്ടലിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നതിനു വേണ്ടി 75,000 രൂപ കൈക്കൂലി വാങ്ങിയെന്ന കേസില്‍ അറസ്റ്റിലായ ഇടുക്കി ഡി.എം.ഒ ഡോ. എല്‍. മനോജിനെ (52) മൂവാറ്റുപുഴ വിജിലന്‍സ് കോടതി റിമാന്‍ഡ് ചെയ്തു. വ്യാഴാഴ്ച രാവിലെയാണ് ഇയാളെ കോടതിയില്‍ ഹാജരാക്കിയത്. 14 ദിവസത്തേക്കാണ് എല്‍. മനോജിനെ റിമാന്‍ഡ് ചെയ്തത്.

കഴിഞ്ഞ തിങ്കളാഴ്ചയാണ് അഴിമതി ആരോപണങ്ങളുമായി ബന്ധപ്പെട്ട് ഡി.എം.ഒയെ ആരോഗ്യവകുപ്പ് സസ്‌പെന്‍ഡ് ചെയ്തത്. ചൊവ്വാഴ്ച കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണല്‍ സസ്‌പെന്‍ഷന്‍ സ്റ്റേ ചെയ്തിരുന്നു. എന്നാല്‍ ബുധനാഴ്ച ഓഫിസില്‍ എത്തിയ മനോജിനെ വിജിലന്‍സ് അറസ്റ്റ് ചെയ്യുകയായിരുന്നു.

അതേസമയം ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് ഒരു ലക്ഷം രൂപയാണ് ഡി.എം.ഒ കൈക്കൂലി ആവശ്യപ്പെട്ടതെന്ന് വിജിലന്‍സ് പറയുന്നു. എന്നാല്‍ ഹോട്ടല്‍ മാനേജര്‍ തുക കുറക്കണമെന്ന് ആവശ്യപ്പെട്ടുക്കൊണ്ട് ഓഫിസിലെത്തിയപ്പോള്‍ 75,000 രൂപയാക്കി കുറക്കുകയായിരുന്നു. ഡ്രൈവറുടെ ഫോണ്‍ നമ്പറില്‍ ഗൂഗിള്‍ പേ ചെയ്യാനായിരുന്നു നിര്‍ദേശം.

എന്നാല്‍ മാനേജര്‍ പണം അയച്ചതിന് പിന്നാലെ ഹോട്ടലുടമ നല്‍കിയ വിവരത്തെ തുടര്‍ന്ന് ഡോ. മനോജിനെയും ഡ്രൈവര്‍ രാഹുല്‍ രാജിനെയും വിജിലന്‍സ് എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും.

 

kerala

നന്തന്‍കോട് കൂട്ടക്കൊലപാതകം: വിധി മെയ് 12ന്

Published

on

തിരുവനന്തപുരം: നന്തന്‍കോട് കൂട്ടക്കൊല കേസില്‍ തിരുവനന്തപുരം ആറാം അഡീഷനല്‍ സെഷന്‍സ് കോടതി ഈ മാസം 12ന് വിധി പറയും. 2017 ഏപ്രില്‍ എട്ടിനാണ് ക്ലിഫ് ഹൗസിനു സമീപത്തുള്ള ബെയ്ന്‍സ് കോംപൗണ്ടിലെ 117ാം നമ്പര്‍ വീട്ടില്‍ പ്രഫ. രാജ തങ്കം, ഭാര്യ ഡോ. ജീന്‍ പത്മ, മകള്‍ കരോലിന്‍, ബന്ധു ലളിത എന്നിവരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പ്രതി കേഡല്‍ ജിന്‍സണ്‍ രാജ, മാതാപിതാക്കളെയും സഹോദരിയെയും ബന്ധുവിനെയും അതിദാരുണമായി കൊലപ്പെടുത്തി എന്നാണു കേസ്. ജീനിന്റെയും കരോലിന്റെയും മൃതദേഹങ്ങള്‍ പൂര്‍ണമായി കത്തിയമര്‍ന്നിരുന്നു. രാജയുടെ ശരീരം ഭാഗികമായി കത്തിയിരുന്നു. ശരീരത്തിലെ ഒൻപതു മുറിവുകളില്‍ ഏഴെണ്ണം തലയോട്ടിയിലായിരുന്നു. മഴു ഉപയോഗിച്ചു തലയ്ക്കു വെട്ടിയാണ് പ്രതി രാജയെ കൊന്നതെന്നാണ് നിഗമനം. കേഡലിനെതിരെ ഗുരുതര കുറ്റങ്ങളാണു ചുമത്തിയിട്ടുള്ളത്. കൊലപാതകം, തെളിവ് നശിപ്പിക്കല്‍, മാരകായുധങ്ങള്‍ ഉപയോഗിച്ചു പരുക്കേല്‍പ്പിക്കുക, വീട് നശിപ്പിക്കല്‍ എന്നീ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പുകളാണു പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്.

കൊലയ്ക്കുശേഷം മൃതദേഹങ്ങള്‍ പ്ലാസ്റ്റിക് ഷീറ്റില്‍ വച്ച് വെട്ടിനുറുക്കിയശേഷം കത്തിക്കുകയായിരുന്നു. നന്തന്‍കോട്ടുനിന്നാണ് പ്ലാസ്റ്റിക് ഷീറ്റും ഡെറ്റോളും മറ്റും പ്രതി വാങ്ങിയത്. മൃതദേഹങ്ങള്‍ കത്തിക്കുന്നതിനിടെ തീ ആളിപ്പടര്‍ന്ന് പ്രതിക്കും പൊള്ളലേറ്റിരുന്നു. തുടര്‍ന്നു മൃതദേഹങ്ങള്‍ വീടിനുള്ളിലെ ശുചിമുറിയില്‍ ഉപേക്ഷിച്ചു പ്രതി ചെന്നൈയിലേക്കു രക്ഷപ്പെട്ടു. ചെന്നൈയിലെ ഹോട്ടലില്‍നിന്നു പ്രതിയെ പിടികൂടുമ്പോള്‍ പൊള്ളലേറ്റ 31 പാടുകള്‍ ശരീരത്തില്‍ ഉണ്ടായിരുന്നു. ഇക്കാര്യം ഫൊന്‍സിക് വിദഗ്ധ അക്ഷര വീണ കോടതിയില്‍ അറിയിച്ചിരുന്നു.

 

Continue Reading

kerala

രാജ്യത്തെ 27 വിമാനത്താവളങ്ങള്‍ മെയ് 10 വരെ അടച്ചിടും

430 വിമാന സര്‍വീസുകള്‍ റദ്ദാക്കി

Published

on

ന്യൂഡല്‍ഹി: ഇന്ത്യാ-പാക് സംഘര്‍ഷത്തില്‍ അതിര്‍ത്തി സംസ്ഥാനങ്ങളില്‍ ജാഗ്രത തുടരുന്നു. ഇതിന്റെ ഭാഗമായി രാജ്യത്തെ 27 വിമാനത്താവളങ്ങള്‍ മെയ് 10 വരെ അടച്ചിടും. 430 വിമാന സര്‍വീസുകള്‍ റദ്ദാക്കി. ശീനഗര്‍, ജമ്മു, ലേ, ചണ്ഡീഗഡ്, അമൃത്സര്‍, ലുധിയാന, പട്യാല, ബതിന്ദ, ഹല്‍വാര, പത്താന്‍കോട്ട്, ഭുന്തര്‍, ഷിംല, ഗഗ്ഗല്‍, ധര്‍മ്മശാല, കിഷന്‍ഗഡ്, ജയ്സാല്‍മീര്‍, ജോധ്പൂര്‍, ബിക്കാനീര്‍, മുന്ദ്ര, ജാംനഗര്‍, രാജ്കോട്ട്, പോര്‍ബന്ദര്‍, കാണ്ട്ല, കെഷോദ്, ഭുജ്, ഗ്വാളിയോര്‍, ഹിന്‍ഡന്‍ തുടങ്ങിയ വിമാനത്താവളങ്ങളാണ് അടച്ചിടുന്നത.്

വിമാനങ്ങള്‍ റദ്ദാക്കുമ്പോള്‍ മുഴുവന്‍ തുകയും യാത്രക്കാര്‍ക്ക് റീഫണ്ട് നല്‍കുമെന്നും വിമാനകമ്പനികള്‍ അറിയിച്ചു. കൂടാതെ അതിര്‍ത്തി മേഖലയിലെ സ്‌കൂളുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മറ്റ് സ്ഥാപനങ്ങള്‍ക്കും അവധി നല്‍കി. ഓപ്പറേഷന്‍ സിന്ദൂറിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ വിളിച്ച യോഗം കുറച്ച് മുന്‍പ് അവസാനിച്ചു. യോഗത്തില്‍ ആഭ്യന്തര, പ്രതിരോധ മന്ത്രിമാര്‍ എന്നിവര്‍ പങ്കെടുക്കും. പഹല്‍ഗാമില്‍ 26 പേരുടെ ജീവനെടുത്ത സംഭവത്തില്‍ ഇന്ത്യന്‍ സൈന്യം മറുപടി നല്‍കിയതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചത്. ജമ്മുകാശ്മീരില്‍ തുടരുന്ന പാകിസ്താന്റെ തുടര്‍നീക്കങ്ങള്‍ ചര്‍ച്ചയില്‍ ഉള്‍പ്പെടുത്തും.

 

Continue Reading

kerala

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത; കള്ളക്കടല്‍ മുന്നറിയിപ്പ്

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മെയ് പതിമൂന്നാം തീയതിയോടെ കാലവര്‍ഷം എത്തിയേക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തല്‍.

കള്ളക്കടല്‍ ജാഗ്രതാ നിര്‍ദേശം

കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി നാളെ രാത്രി 08.30 വരെ ആലപ്പുഴ (ചെല്ലാനം മുതല്‍ അഴീക്കല്‍ ജെട്ടി വരെ) ജില്ലയില്‍ 0.6 മുതല്‍ 0.7 മീറ്റര്‍ വരെയും, നാളെ രാത്രി 11.30 വരെ തിരുവനന്തപുരം (കാപ്പില്‍ മുതല്‍ പൊഴിയൂര്‍ വരെ), കൊല്ലം (ആലപ്പാട്ട് മുതല്‍ ഇടവ വരെ), ആലപ്പുഴ (ചെല്ലാനം മുതല്‍ അഴീക്കല്‍ ജെട്ടി വരെ), എറണാകുളം (മുനമ്പം എഒ മുതല്‍ മറുവക്കാട് വരെ), തൃശൂര്‍ (ആറ്റുപുറം മുതല്‍ കൊടുങ്ങല്ലൂര്‍ വരെ), മലപ്പുറം (കടലുണ്ടി നഗരം മുതല്‍ പാലപ്പെട്ടി വരെ), കോഴിക്കോട് (ചോമ്പാല FH മുതല്‍ രാമനാട്ടുകര വരെ), കണ്ണൂര്‍ (കോലോത്ത് മുതല്‍ അഴീക്കല്‍), കണ്ണൂര്‍-കാസര്‍കോട് (കുഴത്തൂര്‍ മുതല്‍ കോട്ടക്കുന്ന് വരെ) തീരങ്ങളില്‍ 0.5 മുതല്‍ 1.0 മീറ്റര്‍ വരെയും ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

നാളെ രാത്രി 08.30 വരെ കന്യാകുമാരി തീരത്ത് കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി 0.9 മുതല്‍ 1.1 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം. ബീച്ചുകള്‍ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുള്‍പ്പെടെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളും പൂര്‍ണമായി ഒഴിവാക്കേണ്ടതാണ്. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക.

Continue Reading

Trending