Connect with us

News

ഇസ്രാഈലിലേക്കുള്ള ആയുധകയറ്റുമതി നിര്‍ത്താന്‍ ആഹ്വാനവുമായി ഫ്രാന്‍സ്‌

സയിലെ ഇസ്രാഈല്‍ യുദ്ധം ഒരു വര്‍ഷത്തേക്ക് അടുക്കാനിരിക്കെയാണ് ഫ്രഞ്ച് പ്രസിഡന്റിന്റെ നീക്കം.

Published

on

ഇസ്രാഈലിലേക്കുള്ള ആയുധകയറ്റുമതി നിര്‍ത്തണമെന്ന് ആഹ്വാനം ചെയ്ത് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. രാഷ്ട്രീയ പരിഹാരത്തിനാണ് തങ്ങള്‍ മുന്‍ഗണന നല്‍കുന്നതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മക്രോണിന്റെ ആഹ്വാനം.

ഗസയിലെ സൈനിക നടപടിക്കായി ഇസ്രാഈലിന് ഉപയോഗിക്കാന്‍ ആയുധങ്ങള്‍ വിതരണം ചെയ്യില്ലെന്ന് ബ്രോഡ്കാസ്റ്റര്‍ ഫ്രാന്‍സ് ഇന്റിനോട് മാക്രോണ്‍ പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഗസയിലെ ഇസ്രാഈല്‍ യുദ്ധം ഒരു വര്‍ഷത്തേക്ക് അടുക്കാനിരിക്കെയാണ് ഫ്രഞ്ച് പ്രസിഡന്റിന്റെ നീക്കം.

വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടുകൊണ്ട് ലോകമെമ്പാടും ആഹ്വാനങ്ങള്‍ ഉയരുമ്പോള്‍ ഇസ്രഈല്‍ ഗസയില്‍ യുദ്ധം തുടരുന്നത് അംഗീകരിക്കാനാവില്ലെന്നും ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞു. സംഘര്‍ഷം വിദ്വേഷത്തിലേക്കാണ് നയിക്കുന്നതെന്നും ഇസ്രാഈലിന് ലഭിക്കുന്ന സുരക്ഷ ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ തെറ്റാണെന്നും ഫ്രഞ്ച് പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.

ലെബനനെ മറ്റൊരു ഗസയാക്കാന്‍ കഴിയില്ലെന്നും ലെബനീസ് ജനതയെ ബലിയാടാക്കരുതെന്നും മാക്രോണ്‍ പറഞ്ഞു. ലെബനനിലുടനീളമായി കരയാക്രമണം നടത്താന്‍ സൈന്യത്തെ വിന്യസിപ്പിക്കാനുള്ള നീക്കത്തില്‍ നിന്ന് നെതന്യാഹു ഭരണകൂടം പിന്മാറണമെന്നും മാക്രോണ്‍ ആവശ്യപ്പെട്ടു.

എന്നാല്‍ മാക്രോണ്‍ തന്റെ നിലപാട് വ്യക്തമാക്കിയതിന് പിന്നാലെ ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രതികരണവുമായി രംഗത്തെത്തി. ഇറാന്‍ നയിക്കുന്ന പ്രാകൃത ശക്തികളോട് പോരാടുമ്പോള്‍ ഇസ്രഈലിന് പിന്തുണയാണ് നല്‍കേണ്ടത്. മക്രോണിന്റെ നിലപാട് അപമാനകരമാണെന്നുമാണ് നെതന്യാഹു പറഞ്ഞത്.

എന്നാല്‍ നേരത്തെ ഒരു അഭിമുഖത്തില്‍, തങ്ങള്‍ ആയുധങ്ങളൊന്നും തന്നെ വിതരണം ചെയ്യുന്നില്ലെന്ന് ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞിരുന്നു. അതേസമയം സെപ്റ്റംബര്‍ പകുതിയോടെ ബ്രിട്ടനും ഇസ്രാഈലിലേക്കുള്ള ഏതാനും ആയുധങ്ങളുടെ കയറ്റുമതി താത്കാലികമായി നിര്‍ത്തിവെച്ചിരുന്നു.

2023 ഒക്ടോബറിലാണ് ഇസ്രാഈലിന് വിവിധ തരത്തിലുള്ള ആയുധങ്ങള്‍ കൈമാറുന്നതിനായി 100ലധികം കയറ്റുമതി ലൈസന്‍സുകള്‍ക്ക് യു.കെ സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. എന്നാല്‍ ഇസ്രാഈലിന് ആയുധങ്ങള്‍ കൈമാറുന്നതില്‍ നിന്ന് ലോകരാഷ്ട്രങ്ങള്‍ പിന്മാറണമെന്ന ആവശ്യം ഉന്നയിച്ച് ലോകമെമ്പാടും പ്രതിഷേധം ഉയര്‍ന്നതോടെയാണ് ബ്രിട്ടന്‍ ആയുധകയറ്റുമതിയില്‍ നിന്ന് പിന്മാറിയത്.

30 ആയുധങ്ങളുടെ കയറ്റുമതി ലൈസന്‍സാണ് ബ്രിട്ടന്‍ നിര്‍ത്തിവെച്ചത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം മൂന്നാം രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്ന ആയുധങ്ങളില്‍ ഭൂരിഭാഗവും ഇസ്രാഈലില്‍ എത്തുകയാണ്. ഗസയിലെ ഫലസ്തീനികള്‍ക്കെതിരായ ആക്രമണത്തില്‍ ഇസ്രാഈല്‍ ഉപയോഗിച്ച ആയുധങ്ങളുടെ 15 ശതമാനം യു.കെ നിര്‍മിതമാണെന്നും അന്താരാഷ്ട്ര മാധ്യമ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനുപിന്നാലെയാണ് ആയുധകയറ്റുമതിക്ക് തടയിടാന്‍ ഫ്രാന്‍സും നടപടികളെടുക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Cricket

സഞ്ജുവില്‍ തുടങ്ങിയ വെടിക്കെട്ട് ഹാര്‍ദിക് ഫിനിഷ് ചെയ്തു; ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് മിന്നുന്ന വിജയം

ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത ഇന്ത്യ ബംഗ്ലാദേശിനെ 19.5 ഓവറില്‍ 127 റണ്‍സില്‍ ഒതുക്കിയിരുന്നു.

Published

on

ബംഗ്ലാദേശിനെതിരായ ഒന്നാം ടി20യില്‍ ഇന്ത്യക്ക് അനായാസ ജയം. ബംഗ്ലാദേശ് ഉയര്‍ത്തിയ 128 റണ്‍സ് ലക്ഷ്യം ഇന്ത്യ വെറും 11.5 ഓവറില്‍ മറികടന്നു. ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സ് അടിച്ചെടുത്തു. 7 വിക്കറ്റ് ജയമാണ് ഇന്ത്യ ആഘോഷിച്ചത്. ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത ഇന്ത്യ ബംഗ്ലാദേശിനെ 19.5 ഓവറില്‍ 127 റണ്‍സില്‍ ഒതുക്കിയിരുന്നു.

ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യക്കായി സഞ്ജു സാംസണ്‍- അഭിഷേക് ശര്‍മ സഖ്യം മികച്ച തുടക്കം നല്‍കി. സഖ്യം രണ്ടോവറില്‍ 25 റണ്‍സെടുത്താണ് പിരിഞ്ഞത്. 16 റണ്‍സെടുത്ത അഭിഷേക് ശര്‍മയാണ് ആദ്യം പുറത്തായത്. താരം 7 പന്തില്‍ രണ്ട് ഫോറും ഒരു സിക്‌സും പറത്തി.

ഓപ്പണറായി ഇറങ്ങിയ സഞ്ജു സ്ഥാനത്ത് തിളങ്ങി. മലയാളി താരം 19 പന്തില്‍ 6 ഫോറുകള്‍ സഹിതം 29 റണ്‍സ് കണ്ടെത്തി. മൂന്നാമനായി എത്തിയ ക്യാപ്റ്റന്‍ സൂര്യ കുമാര്‍ യാദവുമൊത്ത് സഞ്ജു 40 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. സൂര്യ കുമാര്‍ 14 പന്തില്‍ 3 സിക്‌സും 2 ഫോറും സഹിതം 29 റണ്‍സെടുത്തു മടങ്ങി.

പിന്നീട് നാലാം വിക്കറ്റില്‍ ഒത്തു ചേര്‍ന്ന നിതീഷ് കുമാര്‍ റെഡ്ഡി- ഹര്‍ദിക് പാണ്ഡ്യ സഖ്യം കൂടുതല്‍ നഷ്ടങ്ങളില്ലാതെ ടീമിനെ ജയ തീരത്തെത്തിച്ചു. 16 പന്തില്‍ 5 ഫോറും 2 സിക്‌സും സഹിതം ഹര്‍ദിക് 39 റണ്‍സുമായി പുറത്താകാതെ നിന്നു. സിക്‌സടിച്ചാണ് താരം ഇന്ത്യന്‍ ജയം ഉറപ്പിച്ചത്. നിതീഷ് 15 പന്തില്‍ ഒരു സിക്‌സ് അടക്കം 16 റണ്‍സുമായി പുറത്താകാതെ ഹര്‍ദികിനൊപ്പം തുടര്‍ന്നു.

നേരത്തെ മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തിയ അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി എന്നിവരുടെ കിടിലന്‍ ബൗളിങാണ് ബംഗ്ലാദേശിനെ കുഴക്കിയത്. അര്‍ഷ്ദീപ് 3.5 ഓവറില്‍ 14 റണ്‍സ് മാത്രം വഴങ്ങി 3 വിക്കറ്റുകള്‍ വീഴ്ത്തി. വരുണ്‍ 4 ഓവറില്‍ 31 റണ്‍സ് വഴങ്ങിയാണ് 3 വിക്കറ്റുകള്‍ സ്വന്തമാക്കിയത്.

അരങ്ങേറ്റം അവിസ്മരണീയമാക്കാന്‍ പേസ് സെന്‍സേഷന്‍ മായങ്ക് യാദവിനും സാധിച്ചു. താരം 4 ഓവറില്‍ 21 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്തു. മഹ്മുദുല്ലയാണ് താരത്തിന്റെ കന്നി രാജ്യാന്തര വിക്കറ്റായി മടങ്ങിയത്. വാഷിങ്ടന്‍ സുന്ദര്‍, ഹര്‍ദിക് പാണ്ഡ്യ എന്നിവരും ഓരോ വിക്കറ്റെടുത്തു.

ബംഗ്ലാദേശിനായി മെഹിദി ഹസന്‍ മിറാസ് 32 പന്തില്‍ 35 റണ്‍സുമായി പുറത്താകാതെ നിന്നു പൊരുതി. താരത്തെ പിന്തുണയ്ക്കാന്‍ ആരുമുണ്ടായില്ല. ക്യാപ്റ്റന്‍ നജ്മല്‍ ഹുസൈന്‍ ഷാന്റോയാണ് തിളങ്ങിയ മറ്റൊരു താരം. ക്യാപ്റ്റന്‍ 27 റണ്‍സ് കണ്ടെത്തി.

Continue Reading

kerala

‘ഇല്ലാത്തവനിൽ നിന്ന് പിടുങ്ങുന്നതിന്‍റെ പേരല്ല കമ്യൂണിസം’; പിണറായി സർക്കാറിനെതിരെ പി.വി അൻവർ

രു കമ്യൂണിസ്റ്റ് മന്ത്രിസഭയല്ല പിടിച്ചുപറിക്ക് നേതൃത്വം നൽകേണ്ടതെന്നും പി.വി അൻവർ ചൂണ്ടിക്കാട്ടി.

Published

on

പിണറായി സർക്കാറിന്‍റെ പൊലീസ്, വാഹന വകുപ്പുകൾക്കുമെതിരെ രൂക്ഷ വിമർശനം ഉയർത്തി പി.വി അൻവർ എം.എൽ.എ. ഇല്ലാത്തവനിൽ നിന്ന് പിടുങ്ങുന്നതിന്‍റെ പേര് കമ്യൂണിസമല്ലെന്ന് അൻവർ പറഞ്ഞു. പച്ച മലയാളത്തിൽ പറഞ്ഞാൽ പിടിച്ചുപറിയാണ്. ഈ പിടിച്ചുപറി കേരളത്തിൽ അവസാനിപ്പിക്കേണ്ടതുണ്ട്. ഒരു കമ്യൂണിസ്റ്റ് മന്ത്രിസഭയല്ല പിടിച്ചുപറിക്ക് നേതൃത്വം നൽകേണ്ടതെന്നും പി.വി അൻവർ ചൂണ്ടിക്കാട്ടി.

പൊലീസും വാഹന വകുപ്പ് ഉദ്യോഗസ്ഥരും ക്വാട്ട തികയ്ക്കാൻ പണം പിടിച്ചു പറിക്കുന്ന അവസ്ഥയിലേക്ക് കേരളത്തിന്‍റെ വഴിയോരങ്ങൾ മാറിക്കഴിഞ്ഞു. ഇരുചക്രവാഹന യാത്രക്കാരെ വഴിയിൽ തടഞ്ഞുനിർത്തി അപഹസിക്കുന്നത് നിരവധി കണ്ടിട്ടുണ്ട്. ഇതിനെതിരായ പോരാട്ടം ഡി.എം.കെ വെല്ലുവിളിയായി ഏറ്റെടുക്കും. കേരളത്തിൽ ഇരുചക്ര വാഹനങ്ങൾ ഉപയോഗിക്കുന്ന മുഴുവൻ ആളുകളുടെയും സംഘടന ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള രൂപീകരിക്കും.

ഗ്ലാസ് ഉയർത്തി ലോക്ക് ചെയ്ത് ശീതീകരിച്ച വലിയ വണ്ടിയിൽ സമ്പന്നർ പോകുമ്പോൾ ഉദ്യോഗസ്ഥർ കൈ കാണിക്കില്ല. സമ്പന്നർക്ക് പോകുവാൻ കേരളത്തിൽ ഒരു തടസവുമില്ല. ഉള്ളവനിൽ നിന്നും വാങ്ങുന്നതിന് പകരം ഇല്ലാത്തവനിൽ നിന്ന് പിടുങ്ങുന്നതിന്‍റെ പേര് കമ്യൂണിസമല്ല. പച്ച മലയാളത്തിൽ പറഞ്ഞാൽ പിടിച്ചുപറിയാണ്. ഈ പിടിച്ചുപറി കേരളത്തിൽ അവസാനിപ്പിക്കേണ്ടതുണ്ട്. ഒരു കമ്യൂണിസ്റ്റ് മന്ത്രിസഭയല്ല പിടിച്ചുപറിക്ക് നേതൃത്വം നൽകേണ്ടത്. പിടിച്ചുപറിക്ക് പരിശീലനം നൽകുന്നവരായി പൊലീസ് മാറുന്നുണ്ടെങ്കിൽ അതിന് നിയമപരമായി പ്രതിരോധം തീർക്കും.

ജനകീയ ജനാധിപത്യത്തിൽ സോഷ്യലിസ്റ്റ് ആശയത്തോട് കൂടിയുള്ള സോഷ്യൽ മൂവ്മെന്‍റ് ആണ് ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള. ഇത് രാഷ്ട്രീയ പാർട്ടിയല്ല. രാഷ്ട്രീയ പാർട്ടിയാണെന്ന് വരുത്തി തീർക്കാൻ ശ്രമം നടക്കുന്നുണ്ട്. സാമൂഹിക മുന്നേറ്റത്തിന്‍റെ ഭാഗമായി രാഷ്ട്രീയ പാർട്ടി ആവശ്യമായി വന്നാൽ അന്ന് അതേ കുറിച്ച് ആലോചിക്കാം. ജനങ്ങളുടെ അടിസ്ഥാന വിഷയങ്ങൾ ഏറ്റെടുത്ത് മുന്നോട്ടു പോകും. അനീതിക്കെതിരായ പോരാട്ടം തുടരുമെന്നും അൻവർ പറഞ്ഞു.

കള്ളക്കേസ് എടുത്ത് അൻവറിനെ ജയിലിലടക്കാനും ഇല്ലായ്മ ചെയ്യാനുമാണ് എതിരാളികളുടെ തീരുമാനമെങ്കിൽ അതിന് മുമ്പിൽ മുട്ടുമടക്കാൻ പുത്തൻവീട്ടിൽ ഷൗക്കത്തലിയുടെ മകൻ പി.വി. അൻവർ തീരുമാനിച്ചിട്ടില്ല. സാധാരണക്കാരായ ജനങ്ങൾക്ക് വേണ്ടി പോരാട്ടം തുടരും. ഈ മണ്ണിൽ മരിച്ചുവീഴാനാണ് വിധിയെങ്കിൽ അത് സന്തോഷപൂർവം ഏറ്റെടുക്കുമെന്നും പി.വി അൻവർ വ്യക്തമാക്കി.

Continue Reading

india

കുംഭമേളയില്‍ മാംസത്തിനും മദ്യത്തിനും നിരോധനം; ഉത്തരവുമായി യോഗി ആദിത്യനാഥ്

ഇതര മതസ്ഥരെ കുംഭമേളയില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ലെന്ന ജുന അഖാര മേധാവി മഹന്ത് ഹരി ഗിരിയുടെ പരാമര്‍ശത്തിന് പിന്നാലെയാണ് നീക്കം. 

Published

on

മഹാകുംഭമേള നടക്കുന്ന പ്രദേശങ്ങളില്‍ മാംസവും മദ്യവും നിരോധിക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മാംസവും മദ്യവും വില്‍ക്കുന്നതും ഉപയോഗിക്കുന്നതും കര്‍ശനമായി നിരോധിക്കുമെന്നാണ് യോഗി ഉത്തരവിട്ടത്. ഇതര മതസ്ഥരെ കുംഭമേളയില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ലെന്ന ജുന അഖാര മേധാവി മഹന്ത് ഹരി ഗിരിയുടെ പരാമര്‍ശത്തിന് പിന്നാലെയാണ് നീക്കം.

സനാതന സമൂഹത്തിന്റെ മതവികാരം കണക്കിലെടുത്ത് നിരോധനം ഏര്‍പ്പെടുത്തേണ്ടത് അനിവാര്യമാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. 13 അഖാരകള്‍, ഖാക് ചൗക്ക്, ദണ്ഡി ബാര, ആചാര്യ ബാര തുടങ്ങിയവയുടെ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് യു.പി മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.

കുംഭമേളയില്‍ പങ്കെടുക്കുന്ന സാധു സമുദായത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് വിശ്രമിക്കുന്നതിനായി പ്രയാഗ്രാജില്‍ ഭൂമി ഏറ്റെടുക്കുമെന്നും യോഗി ആദിത്യനാഥ് അറിയിച്ചു. ഇവിടെ സാധുക്കള്‍ക്കായി നിര്‍മിക്കുന്ന ആശ്രമങ്ങളില്‍ പരിശോധന കൂടാതെ ആരെയും പ്രവേശിപ്പിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഡിസംബര്‍ 15നകം എല്ലാ നിര്‍മാണങ്ങളും പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. 2025 ജനുവരി 14 മുതല്‍ ഫെബ്രുവരി 26 വരെ പ്രയാഗ്രാജിലാണ് മഹാകുംഭമേള നടക്കുക. എല്ലാവിധ സംവിധാനങ്ങളോട് കൂടിയായിരിക്കും മേള നടക്കുകയെന്നും യു.പി മുഖ്യമന്ത്രി പറയുകയുണ്ടായി.

അതേസമയം സനാതന ധര്‍മത്തില്‍ അര്‍പ്പണബോധമുള്ളവര്‍ക്ക് മാത്രമെ മഹാകുംഭമേളയില്‍ പങ്കെടുക്കാന്‍ സാധിക്കുകയുള്ളുവെന്നാണ് ജുന അഖാരയുടെ തലവന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. സനാതന്‍ ഇതര വിഭാഗക്കാരെ കുംഭമേളയില്‍ അനുവദിക്കില്ലെന്നും മഹന്ത് ഹരി പറഞ്ഞിരുന്നു.

മഹാകുംഭിലും പരിസരങ്ങളിലും മാംസവും മദ്യവും നിരോധിക്കണെമന്നും കര്‍ശനമായ പരിശോധന നടത്തണമെന്നും മഹന്ത് ഹരി ആവശ്യപ്പെട്ടിരുന്നു. മേളയുടെ പരിശുദ്ധിക്ക് നഷ്ടപ്പെടാതിരിക്കാന്‍ 10 കിലോമീറ്റര്‍ ചുറ്റളവില്‍ കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തണമെന്നും മഹന്ത് ഹരി യു.പി സര്‍ക്കാരിനോട് ആവശ്യമുന്നയിച്ചിരുന്നു.

Continue Reading

Trending