ടി.വി അബ്ദുറഹിമാന്‍കുട്ടി
പതിനാറാം നൂറ്റാണ്ടിന്റെ ആദ്യം മുതല്‍ പോര്‍ച്ചുഗീസുകാരുടെ കിരാത മര്‍ദ്ദനങ്ങള്‍ക്ക് നിരന്തരം വേദിയായ പ്രദേശമാണ് വെളിയംകോട്. പൊന്നാനിക്ക് സമീപം അവിഭക്ത വന്നേരി നാട്ടിലെ നിരവധി ചരിത്ര സംഭവങ്ങള്‍ക്ക് സാക്ഷിയായ പഴയ ഒരേയൊരു തുറമുഖമായിരുന്നു ഇവിടം. ധീര രക്തസാക്ഷി കുഞ്ഞിമരക്കാര്‍ ശഹീദിന്റെ പോരാട്ടങ്ങളും ദാരുണ അന്ത്യവും അരങ്ങേറിയത് അക്കാലത്ത് ഇവിടെയാണ്.
പാരമ്പര്യമായി ഖാസി സ്ഥാനം അലങ്കരിച്ചിരുന്ന വെളിയംകോട്ടെ ഖാസിയാരകത്ത് കാക്കത്തറ തറവാട്ടിലെ ആമിനുമ്മയുടെയും താനൂര്‍ സ്വദേശി ആലി മുസ്ല്യാരുടെയും രണ്ടാമത്തെ പുത്രനായി ഹിജറ 1179 റബ്ബീഉല്‍ അവ്വല്‍ 10 (ക്രി.വ. 1765 ഓഗസ്റ്റ് 26) തിങ്കഴാഴ്ച ഉമര്‍ഖാസി ജനിച്ചു. പിതാവില്‍ നിന്നാണ് പ്രാഥമിക പഠനം. എട്ടാമത്തെ വയസ്സില്‍ മാതാവും പത്താമത്തെ വയസ്സില്‍ പിതാവും മരിച്ചു. മാതുലന്മാരുടെ സംരക്ഷണത്തിലാണ് വളര്‍ന്നത്. പ്രശസ്ത പണ്ഡിതന് പൊന്നാനി തുന്നംവീട്ടില്‍ മുഹമ്മദ് മുസ്ല്യാരുടെ കീഴില്‍ താനൂര്‍ ദര്‍സിലും പണ്ഡിത ശ്രേഷ്ഠനും സൂഫിവര്യനുമായ മമ്മിക്കുട്ടി ഖാസിയുടെ കീഴില്‍ ഒരു വ്യാഴവട്ടക്കാലം പൊന്നാനി വലിയ പള്ളി ദര്‍സിലും പഠനം നടത്തി. മമ്മിക്കുട്ടി ഖാസിക്ക് ഏറ്റവും പ്രിയപ്പെട്ട ശിഷ്യനായിരുന്നു ഉമര്‍ഖാസി. ഇസ്ലാമിക ദര്‍ശനം, ആധ്യാത്മിക പഠനം, കവിതാവാഞ്ച, പ്രസംഗ പാടവം തുടങ്ങി വിവിധ മേഖലകളില്‍ ബാല്യത്തില്‍ തന്നെ പ്രായത്തില്‍ കവിഞ്ഞ മികവ് പ്രകടിപ്പിച്ചു. അറിവും പക്വതയും ഓര്‍മശക്തിയും നേതൃമഹിമയും ബുദ്ധിസാമര്‍ത്ഥ്യവും കുശാഗ്രബുദ്ധിയും വിജ്ഞാന വൈഭവവും വൈദ്യശാസ്ത്ര നൈപുണ്യവും ഒത്തിണങ്ങിയ അദ്ദേഹത്തിന്റെ പ്രതിഭയെ മമ്മിക്കുട്ടി ഖാസി നാനാരംഗങ്ങളിലും വേണ്ടുവോളം പ്രോത്സാഹിപ്പിച്ചു.
ഉമര്‍ ഖാസിയും മമ്മിക്കുട്ടിഖാസിയും തമ്മിലുള്ള ഇടപെടലുകള്‍ ഗുരു ശിഷ്യ ബന്ധത്തിന്റെ അനുപമമാതൃകയാണ്. ഉമര്‍ഖാസി വലിയപള്ളിയില്‍ പഠിക്കുന്ന കാലത്ത് ഒരു ദിവസം രാത്രി ഇശാഅ് നമസ്ക്കാരത്തിന്ശേഷം ഗുരുനാഥന് വീട്ടിലേക്ക് പോകുന്ന അവസരത്തില്‍ അദ്ദേഹത്തെ ഉമര്‍ഖാസിയും അനുഗമിച്ചു. ജുമാമസ്ജിദ് റോഡിലെ ഗസാലി മുസ്ലിയാരകത്തായിരുന്നു മമ്മിക്കുട്ടിഖാസി വസിച്ചിരുന്നത്. വീട്ടിലെത്തിയ ഗുരുനാഥന് വാതിലടച്ച് അകത്തേക്ക് കയറിപ്പോയി. പിറ്റേന്ന് പുലര്‍ച്ചെ സുബഹി നമസ്ക്കരിക്കാന്‍ പള്ളിയില്‍ പോകുന്നതിന് വാതില്‍ തുറന്നപ്പോള്‍ വീടിന്റെ കോലായയില്‍ ഇരിക്കുന്ന ഉമര്‍ഖാസിയെ കണ്ട ഗുരുനാഥന് ചോദിച്ചു. എന്താ ഉമറെ ഇന്നലെ രാത്രി തിരിച്ചുപോയില്ലേ. ഗുരുനാഥന്റെ അനുവാദം കിട്ടാതെ ഞാനെങ്ങനെയാണ് തിരിച്ച് പോകുക എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ബ്രിട്ടീഷ് ഭരണാധികാരികളോട് വിട്ടുവീഴ്ചയില്ലാതെ വിപ്ലാവത്മക നിലപാടുകള്‍ സ്വീകരിച്ച ഉമര്‍ഖാസിയുടെ സഹനത്തിന്റേയും ഗുരുശിഷ്യ ബന്ധത്തിന്റേയും അനുപമവും അനുകരണീയവുമായ മുഖമാണ് ഇത്. മമ്മിക്കുട്ടി ഖാസിയുടെ മരണശേഷമാണ് വെളിയംകോട് ഖാസി സ്ഥാനം ഉമര്‍ഖാസി ഏറ്റെടുത്തത്. തുടര്‍ന്ന് പല പ്രദേശങ്ങളിലേയും മേല്‍ ഖാസി പദവിയും അലങ്കരിച്ചു. മമ്പുറം സയ്യിദ് അലവിതങ്ങളുമായി ഖാസിക്കുള്ള ബന്ധം സുദൃഡമായിരുന്നു. തങ്ങളെ ഖാസിക്കു പരിചയപ്പെടുത്തിക്കൊടുത്തത് പൊന്നാനിയിലെ സഹപാഠിയായ പരപ്പനങ്ങാടി ഔക്കോയ മുസ്ല്യാരായിരുന്നു.
അക്കാലത്തെ പല മുസ്ലിം പണ്ഡിതന്മാരെപോലെ അക്ഷമനായ സ്വാതന്ത്ര്യ പ്രേമിയായിരുന്നു അദ്ദേഹം. ബ്രിട്ടീഷ് ഭരണം മുസ്ലിംകളോട് സ്വീകരിച്ച നിലപാടുകള്‍ അദ്ദേഹത്തിന് സഹിച്ചിരുന്നില്ല. വിവിധ ദേശങ്ങളില്‍ ബ്രിട്ടീഷുകാര്‍ നടത്തിയ മുസ്ലിം വിരുദ്ധ സംഘട്ടനങ്ങള്‍ അദ്ദേഹത്തിന്റെ മനസ്സില്‍ പ്രതിരോധത്തിന്റെ രോഷാഗ്നി ആളിക്കത്തിച്ചു. 1799ല്‍ ടിപ്പുസുല്‍ത്താന്റെ പതനത്തെ തുടര്‍ന്ന് 1766 മുതല്‍ മലബാറില്‍ നിലനിന്നിരുന്ന മൈസൂര്‍ ഭരണത്തിന് 1800ല്‍ മലബാര്‍ പൂര്‍ണ്ണമായും ബ്രിട്ടീഷ് ഭരണത്തിന് അധീനത്തിലായി. തുടര്‍ന്ന് ഭരണകൂടവും പിണിയാളുകളും മുസ്ലിംകളോട് സ്വീകരിച്ച നിലപാടുകള്‍ വിവേചന വീക്ഷണത്തോടെയും പൂര്‍വ വൈരാഗ്യത്തോടെയുമായിരുന്നു. മുസ്ലിംകളുടെ കര്‍ഷക ഭൂമി കണ്ടുകെട്ടുകയും മുസ്ലിം ജന്മിമാരുടെ ഭൂമിക്ക് ഭീമമായ നികുതി ചുമത്തുകയും പതിവായി. ഉമര്‍ ഖാസിയുടെ ഭൂമിക്കും അമിതമായി നികുതി ചുമത്തി പീഡിപ്പിച്ചു. തുടര്‍ന്ന് നികുതി പിരിക്കാന്‍ അദ്ദേഹത്തിന്റെ അടുത്തുചെന്ന വില്ലേജുദ്യോഗസ്ഥന്മാരോട് രൂക്ഷമായി പ്രതികരിച്ചു. പ്രശ്നം കൂടുതല്‍ വഷളാകുന്നതിന് മുമ്പ് ഖാസി അറിയാതെ അദ്ദേഹത്തിന്റെ സുഹൃത്തും കാര്യസ്ഥനുമായ മരക്കാര്‍ സാഹിബ് വില്ലേജോഫീസില്‍ചെന്ന് നികുതി അടച്ച് രമ്യമായി പരിഹരിച്ചു. മരക്കാര്‍ സാഹിബിന്റെ മരണാനന്തരം വില്ലേജധികൃതര്‍ നികുതി പിരിക്കാന്‍ ഖാസിയെ സമീപിച്ചു. അദ്ദേഹം പൂര്‍വ്വോപരി ബ്രിട്ടീഷ് ഭരണത്തെ ശക്തമായി വിമര്‍ശിച്ച് നികുതി നല്‍കിയില്ല. പ്രശ്നം ചാവക്കാട് തുക്ക്ടിയായിരുന്ന നിബു സായിപിന്റെ അടുത്തെത്തി. ഒരു പൊലീസുകാരനെ വിളിച്ച് ഖാസിയെ അടിയന്തരമായി തന്റെ മുമ്പില്‍ ഹാജരാക്കാന്‍ നിബു നിര്‍ദ്ദേശിച്ചു. തുക്ക്ടി കോടതിയില്‍ എത്തിയ ഖാസി നിബുവിനെതിരെ ശക്തമായി ഗര്‍ജിച്ച് തന്റെ നിലപാട് ആവര്‍ത്തിച്ചു. ഖാസിയെ ജയിലിലടക്കാന്‍ നിബു ഉത്തരവിട്ടു. അന്നത്തെ തുക്കിടിക്ക് ഇന്നത്തെ റവന്യു ഡിവിഷണല്‍ ഓഫീസറുടെയും പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ടിന്റെയും സംയുക്ത അധികാരം ഉണ്ടായതിനാല്‍ നിബുവിന്റെ ഓഫീസിനടുത്തുതന്നെ ലോക്കപ്പ് മുറിയുണ്ടായിരുന്നു. ലോക്കപ്പില്‍ അടക്കപ്പെട്ട അദ്ദേഹത്തിന് രണ്ട് പൊലീസ് പാറാവുകാരെയും നിയോഗിച്ചു. അന്ന് രാത്രി ആരാധനയില്‍ മുഴുകിയ ഉമര്‍ ഖാസി പുലരാറാകുമ്പോഴേക്കും ലോക്കപ്പില്‍ നിന്ന് അപ്രത്യക്ഷനായി. ഇളിഭ്യരായ നിബുസായിപും ഭരണകൂടവും ഖാസിയെ ഉടനെ കണ്ടുപിടിച്ച് ബന്ധനസ്ഥനാക്കാന്‍ ഉത്തരവിട്ടു. റിപ്പോര്‍ട്ട് മലബാര്‍ കലക്ടറായിരുന്ന മെക്ലിന്‍ സായിപിന് അടിയന്തിര സന്ദേശമായി എത്തിച്ചുകൊടുത്തു. അടുത്ത ദിവസം രാവിലെ മെക്ലിന്‍ സായിപിന്റെ ആസ്ഥാനമായ കോഴിക്കോട് ഹജൂര്‍ കച്ചേരിയില്‍ ഖാസിയെ ഹാജരാക്കപ്പെട്ടു. നികുതി അടപ്പിച്ച് നയപരമായി പ്രശ്നപരിഹാരത്തിന് മെക്ലിന്‍ സായിപ് ശ്രമിച്ചെങ്കിലും ഉമര്‍ഖാസി പൂര്‍വ്വോപരി രോഷാകുലനായി നിലപാടില്‍ ഉറച്ചുനിന്നു. തുടര്‍ന്ന് 1819 ഡിസംബര്‍ 19ന് ഉമര്‍ഖാസിയെ ജയിലിലടക്കപ്പെട്ടു. 1919ല്‍ ആരംഭിച്ച ഗാന്ധിയന്‍ യുഗത്തിന് ഒരു നൂറ്റാണ്ട് മുമ്പ് നിസ്സഹകരണ പ്രസ്ഥാനം ഒരു സമരപരിപാടിയായി ദേശീയ നേതാക്കളുടെ മനസ്സില്‍ രൂപപ്പെടാത്ത കാലത്താണ് ഈ പോരാട്ടം നടന്നത്. ദിവസങ്ങള്‍ക്കകം തന്റെ ഗുരുനാഥനായ മമ്പുറം സയ്യിദ് അലവി തങ്ങള്‍ക്ക് ഹൃദയസ്പര്‍ക്കിയായി കവിതാരൂപത്തില്‍ എഴുതിയ കത്തിനെ തുടര്‍ന്ന് തങ്ങളുടെ ശക്തമായി ഇടപെട്ടു. ജനകീയ പ്രക്ഷോഭം ഭയന്ന് ഖാസി ജയില്‍ മുക്തനായി.
താനൂരില്‍ താമസിച്ചിരുന്ന കാലത്ത് അവിടത്തെ പൗരപ്രമുഖനായ ഒരു വ്യക്തി തന്റെ മകളുടെ നിക്കാഹ് നടത്താനാഗ്രഹിച്ചു. നഹ്സില്ലാത്ത (അശുഭമല്ലാത്ത) ദിവസത്തെപറ്റി ആരാഞ്ഞു. സുബ്ഹി നമസ്കരിക്കാത്തവര്‍ക്ക് എല്ലാ ദിവസവും നഹ്സാണ് എന്നായിരുന്നു ഉമര്‍ഖാസിയുടെ മറുപടി. വീണ്ടും അതാവര്‍ത്തിച്ചതിനെ തുടര്‍ന്നാണ് ഉമര്‍ഖാസി അയ്യാമുന്നഹ്സ് പദ്യം (അശുഭദിനപ്പാട്ട്) ചൊല്ലിക്കൊടുത്തത്.
പൊന്നാനി, താനൂര്‍, വെളിയംകോട് ജുമാഅത്ത് പള്ളികള്‍ കേന്ദ്രീകരിച്ച് മതപഠന ക്ലാസ് (ദര്‍സ്), മതപ്രബോധനം (ദഅവത്ത്), രചന തുടങ്ങിയ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം വിമോചന നായകന് തുടങ്ങിയ പല വിശേഷണങ്ങളാല്‍ പുകള്‍പ്പെറ്റു. ഔദ്യോഗികമായി ഒന്നാം സ്വാതന്ത്ര്യ സമരം അരങ്ങേറിയ 1857 ലെ പോരാട്ടങ്ങളുടെ കാലഘട്ടത്തില്‍ ഹിജറ 1723 ദുല്‍ഹജ്ജ് 23 വെള്ളിയാഴ്ച ( ക്രി.വി. 1857 ആഗസ്റ്റ് 14 ന്) 92-ാം വയസില്‍ അന്തരിച്ചു. സ്വല്ലല്‍ ഇല്ലാഹ്, നഫാഇസുദുറര്‍, മഖ്വാസിദുനിഖാഹ് തുടങ്ങിയ പല പ്രശസ്ത കൃതികളും മലബാറിന്റെ വിവിധ പള്ളിച്ചുമരുകളില്‍ അസംഖ്യം കവിതാശകലങ്ങളും എഴുതി. അറവുബൈത്ത്, അടിക്കണക്ക് ബൈക്ക്, തറവാടിത്ത ബൈത്ത്, കൊട്ടടക്ക ബൈത്ത്, തീവണ്ടി ബൈത്ത്, തൊണ്ടടപ്പ് ചികിത്സാബൈത്ത്, നിരവധി അനുശോചന കാവ്യങ്ങള്‍, വെറ്റില മുറുക്ക് ബൈത്ത്, കാപ്പി ബൈത്ത്, അത്യാഗ്രഹബൈത്ത് തുടങ്ങി അദ്ദേഹം രചിച്ച കവിതാശകലങ്ങള്‍ അന്നും ഇന്നും ചിന്താര്‍ഹമാണ്. വെളിയംകോട് അന്ത്യവിശ്രമം കൊള്ളുന്നു.
സരസശിരോമണിയും ദാര്‍ശനികനുമായ കുഞ്ഞായിന്‍ മുസ്ലിയാരെ തുടര്‍ന്ന് ഉദയംചെയ്ത കവിയുമാണ് ഉമര്‍ഖാസി അദ്ദേഹത്തിന്റെ രചനകളില്‍ മറ്റു മാപ്പിള കാവ്യങ്ങളില്‍നിന്നും വ്യത്യസ്ഥമായി അറബി, മലയാള പദങ്ങളാണ് കൂടുതല്‍ പ്രയോഗിച്ചത്. നിമിഷ കവിയായിരുന്നു. ഘടികാരം വ്യാപകമാകാത്ത കാലത്ത് മുസ്ലിം കൈരളി അസര്‍ നമസ്കാര സമയം നിര്‍ണ്ണയിക്കുന്നതിന് ആധികാരിക രേഖയായി സ്വീകരിച്ചു പോന്നിരുന്ന അദ്ദേഹത്തിന്റെ പ്രസിദ്ധമായ അസര്‍ നമസ്കാര സമയ നിര്‍ണ്ണയ അടിക്കണക്ക് ബൈത്തിലെ വരികള്‍ നോക്കൂ:
‘മേടം വ ചിങ്ങം രണ്ടിലും സമാനിയ
ഫീ ഇടവമീനം കര്‍ക്കിടത്തില്‍ താസിആ
മിഥുനം വ കന്നി ഫീഹിമ ഒമ്പതര-
കുംഭംതുലാം അഖ്ദാമുദൈനീ പത്തര
വൃശ്ചീകമകരം രണ്ടിലും പതിനൊന്നേകാല്‍
പതിനൊന്നേമുക്കാള്‍ ഫീ ധനുമാസം യുകാല്‍.
ഹാദല്‍ ഹിസാബു ഖദിശ്തവ മിന് ഏശിലി
ഹതാലിശത്വ ഖാല ഖ്വാദിബ്നുല്‍ അലി
(മേടത്തിലും ചിങ്ങത്തിലും എട്ടും ഇടവത്തിലും കര്‍ക്കിടകത്തിലും ഒമ്പതും മിഥുനത്തിലും കന്നിയിലും ഒമ്പതരയും കുംഭത്തിലും തുലാത്തിലും പത്തരയും വൃശ്ചികത്തിലും മകരത്തിലും പതിനൊന്നേകാലും ധനുവില്‍ പതിനൊന്നെമുക്കാലും ഈ കണക്ക് വടക്ക് ഏഴിമല മുതല്‍ തെക്ക് ചേറ്റുവ വരെയുള്ള കാലടി വെച്ചുകൊണ്ടുള്ള നിഴല്‍ അളവെന്ന് സാരം.) പൊന്നാനി വെളിയംകോട് പ്രദേശങ്ങളിലെ ചില പള്ളികളില്‍ ഇപ്പോഴും അസര്‍ ബാങ്കിന് ഈ സമ്പ്രദായം അനുസരിച്ചുള്ള സമയം കണക്കാക്കപ്പെടുന്നു.