Connect with us

india

തിരുവള്ളുവരെ കാവി വസ്ത്രം ധരിപ്പിച്ച തമിഴ്‌നാട് ഗവര്‍ണര്‍ നാളെ ഭരണഘടനയും സങ്കല്‍പ്പമെന്ന് പറയും: ഇന്ത്യാ സഖ്യം

സംസ്ഥാന ഭരണകക്ഷിയായ ഡി.എം.കെ ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികളാണ് ഗവര്‍ണക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.

Published

on

തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍. രവിയുടെ വിവാദ പരാമര്‍ശത്തിനെതിരെ ഇന്ത്യാ സഖ്യം. ഗവര്‍ണര്‍ ഭരണഘടനയ്ക്ക് അനുസൃതമായാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് നേതാക്കള്‍ പ്രതികരിച്ചു. സംസ്ഥാന ഭരണകക്ഷിയായ ഡി.എം.കെ ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികളാണ് ഗവര്‍ണക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.

മതേതരത്വം (സെക്യുലറിസം) എന്നത് യൂറോപ്യന്‍ ആശയമാണെന്നും ഇന്ത്യയില്‍ അത് ആവശ്യമില്ലെന്നുമാണ് ആര്‍.എന്‍. രവി കഴിഞ്ഞ ദിവസം പറഞ്ഞത്. മതേതരത്വത്തിന്റെ പേരില്‍ ഇന്ത്യയിലെ ജനങ്ങള്‍ വഞ്ചിക്കപ്പെട്ടിട്ടുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു.

ഇതിനെതിരെയാണ് ഇന്ത്യാ സഖ്യം രൂക്ഷമായി പ്രതികരിച്ചിരിക്കുന്നത്. ഗവര്‍ണറുടെ പരാമര്‍ശം അതിരുകടന്നതാണെന്നും അംഗീകരിക്കാനാവാത്തതാണെന്നും കോണ്‍ഗ്രസ് പ്രതികരിച്ചു. ഭരണഘടനയ്ക്ക് അനുസൃതമായി പ്രവര്‍ത്തിക്കേണ്ട ഒരാളാണ് ഇത്തരത്തില്‍ സംസാരിക്കുന്നത്. ഇത് അപമാനകരമാണെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.

‘മതേതരത്വത്തെ കുറിച്ചുള്ള തമിഴ്നാട് ഗവര്‍ണറുടെ പ്രസ്താവന അംഗീകരിക്കാനാവില്ല. ഇത് ഇന്ത്യന്‍ ഭരണഘടനയ്ക്കും മഹാത്മാഗാന്ധി, അംബേദ്ക്കര്‍, സര്‍ദാര്‍ വല്ലഭായ് പട്ടേല്‍, ജവഹര്‍ലാല്‍ നെഹ്റു എന്നിവരുടെ ആശയത്തിനും എതിരാണ്,’ എന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എം.പിയുമായ മാണിക്കം ടാഗോര്‍ പറഞ്ഞു.

ആര്‍.എന്‍. രവിയുടെ പരാമര്‍ശം കാവി ആശയത്തില്‍ പൊതിഞ്ഞതാണെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പി. ചിദംബരം ചൂണ്ടിക്കാട്ടി. തിരുവള്ളുവരെ കാവി വസ്ത്രം ധരിപ്പിച്ച തമിഴ്നാട് ഗവര്‍ണര്‍ മതേതരത്വം ഒരു യൂറോപ്യന്‍ സങ്കല്‍പ്പമാണെന്നും ഇന്ത്യയില്‍ അതിന് സ്ഥാനമില്ലെന്നുമാണ് കണ്ടെത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മതേതരത്വമെന്ന ആശയം ഇന്ത്യയെ സംബന്ധിച്ച് ഏറ്റവും ആവശ്യമുള്ള ഒന്നാണെന്നും ഭരണഘടനയെ കുറിച്ച് അറിയില്ലെങ്കില്‍ ഗവര്‍ണര്‍ അത് പഠിക്കണമെന്നും ഡി.എം.കെ വക്താവ് ടി.കെ.എസ് ഇളങ്കോവന്‍ പറഞ്ഞു.

മതനിരപേക്ഷത ഇന്ത്യന്‍ ഭരണഘടനയുടെ ഭാഗമാണെന്ന് സി.പി.ഐ.എം നേതാവ് ബൃന്ദ കാരാട്ട് പ്രതികരിച്ചു. നാളെ ഇന്ത്യന്‍ ഭരണഘടനയും ഒരു സങ്കല്‍പ്പമാണെന്ന് ഗവര്‍ണര്‍ പറയുമെന്നും ബൃന്ദ പറഞ്ഞു. ഭരണഘടന ഒരു സങ്കല്‍പ്പം മാത്രമാണെന്നണ് ആര്‍.എസ്.എസിന്റെ ധാരണയെന്നും ബൃന്ദ കാരാട്ട് ചൂണ്ടിക്കാട്ടി.

കന്യാകുമാരിയില്‍ നടന്ന ചടങ്ങില്‍ വെച്ചാണ് തമിഴ്‌നാട് ഗവര്‍ണര്‍ മതേതരത്വത്തെ കുറിച്ച് പരാമര്‍ശം നടത്തിയത്. യൂറോപ്പില്‍ ക്രിസ്ത്യന്‍ പള്ളികളും രാജാവും തമ്മിലുള്ള സംഘര്‍ഷത്തിന്റെ ഫലമായാണ് യൂറോപ്പില്‍ മതേതരത്വം ഉയര്‍ന്നുവന്നതെന്നായിരുന്നു തമിഴ്നാട് ഗവര്‍ണറുടെ വാദം.

ഭാരതം ധര്‍മത്തില്‍ നിന്നാണ് ജന്മംകൊണ്ടിട്ടുള്ളതാണ്. ധര്‍മത്തില്‍ എവിടെയാണ് സംഘര്‍ഷമുണ്ടാവുക, അപ്പോള്‍ ഇന്ത്യയില്‍ മതേതരത്വത്തിന്റെ ആവശ്യകതയെന്താണെന്നും ആര്‍.എന്‍. രവി ചോദിച്ചിരുന്നു.

india

ഐഎസ്ആര്‍ഒയുടെ സ്‌പേസ് ഡോക്കിങ് പരീക്ഷണം ഈ മാസം ഏഴിന്

ഉപഗ്രഹ സംയോജനത്തിന്റെ തത്സമയ ദൃശ്യങ്ങള്‍ ഐഎസ്ആര്‍ഒ ലഭ്യമാക്കുമെന്നും അറിയിച്ചിട്ടുണ്ട്.

Published

on

ഐഎസ്ആര്‍ഒയുടെ സ്‌പേസ് ഡോക്കിങ് പരീക്ഷണം (സ്‌പെഡെക്‌സ്) ഈ മാസം ഏഴിന് നടക്കും. ബഹിരാകാശത്ത് വെച്ച് രണ്ട് ഉപഗ്രഹങ്ങളെ കൂട്ടിച്ചേര്‍ക്കുന്ന ദൗത്യമാണ് സ്‌പേസ് ഡോക്കിങ്. രാവിലെ 9-10ന് ഇടയിലായിരിക്കും ഉപഗ്രഹങ്ങള്‍ ഒന്നാകുക. ബംഗളൂരുവിലെ ഇസ്ട്രാക്കില്‍ നിന്നാണ് ഉപഗ്രഹങ്ങളെ നിയന്ത്രിക്കുന്നത്.

ഉപഗ്രഹ സംയോജനത്തിന്റെ തത്സമയ ദൃശ്യങ്ങള്‍ ഐഎസ്ആര്‍ഒ ലഭ്യമാക്കുമെന്നും അറിയിച്ചിട്ടുണ്ട്. ഡിസംബര്‍ 30ന് പിഎസ്എല്‍വി സി 60 റോക്കറ്റിലാണ് സ്‌പെഡെക്‌സ് ദൗത്യത്തിനായുള്ള ഇരട്ട ഉപഗ്രഹങ്ങളെ ബഹിരാകാശത്തേക്ക് അയച്ചിരുന്നത്.

സ്‌പേസ് ഡോക്കിങ് ദൗത്യം വിജയിച്ചാല്‍ ഡോക്കിങ് സാങ്കേതിക വിദ്യ സ്വന്തമായുള്ള നാലാമത്തെ രാജ്യമായി മാറും ഇന്ത്യ. ഡോക്കിങ് സാങ്കേതികവിദ്യയില്‍ ഇതുവരെ അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ മാത്രമാണ് വിജയം കണ്ടിട്ടുള്ളത്.

 

 

Continue Reading

india

മനു ഭാക്കറിനും ഗുകേഷിനുമുൾപ്പെടെ നാല് പേർക്ക് ഖേൽരത്ന പുരസ്കാരം

ഇവർക്കൊപ്പം ഹർമൻ പ്രീത് സിങ്, പ്രവീൺ കുമാർ എന്നിവർക്കും ഖേൽ രത്നയുണ്ട്

Published

on

ന്യൂഡൽഹി: ഷൂട്ടിങ് താരവും ഒളിമ്പിക്സ് മെഡൽ ജേതാവുമായ മനു ഭാക്കറിനും ലോക ചെസ് ചാമ്പ്യൻ ഡി. ഗുകേഷിനും പരമോന്നത കായിക ബഹുമതിയായ പരമോന്നത കായിക ബഹുമതിയായ ഖേൽ രത്ന നൽകാൻ തീരുമാനം. ഖേൽ രത്നക്ക് അർഹരായ കായിക താരങ്ങളുടെ പേരുകൾ നേരത്തേ പ്രഖ്യാപിച്ചിരുന്നുവെങ്കിലും അതിൽ മനു ഭാകറിന്റെ പേരുണ്ടായിരുന്നില്ല. ഇത് വിവാദമായതോടെ ഖേൽ രത്ന നൽകുന്ന കായിക താരങ്ങളുടെ പട്ടികയിൽ മനു ഭാക്കറിന്റെയും ഗുകേഷിന്റെയും കൂടി പേരുകൾ ചേർത്ത് പുതിയ പട്ടിക പുറത്തിറക്കി മുഖം രക്ഷിച്ചിരിക്കുകയാണ് കേന്ദ്ര കായിക മന്ത്രാലയം. ഇവർക്കൊപ്പം ഹർമൻ പ്രീത് സിങ്, പ്രവീൺ കുമാർ എന്നിവർക്കും ഖേൽ രത്നയുണ്ട്.

പുരസ്കാരങ്ങൾ ജനുവരി 17ന് രാഷ്ട്രപതി സമ്മാനിക്കും. പാരിസ് ഒളിമ്പിക്‌സില്‍ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ വെങ്കലം നേടി മനു ഭാക്കര്‍ ചരിത്രമെഴുതിയിരുന്നു. ഷൂട്ടിങ് വ്യക്തിഗത വിഭാഗത്തില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന ചരിത്രമാണ് അവര്‍ സ്വന്തമാക്കിയത്. പിന്നാലെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്‌സഡ് ടീമിനത്തിലും വെങ്കലം നേടി.

സിംഗപ്പൂരില്‍ നടന്ന ലോകചാമ്പ്യന്‍ഷിപ്പില്‍ ചൈനീസ് ചെസ് താരം ഡിങ് ലിറെനിനെ തോല്‍പ്പിച്ചാണ് ഗുകേഷ് ലോകചാമ്പ്യനായത്. ഇതോടെ ലോകചാമ്പ്യനാകുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോഡും 18കാരനായ ഗുകേഷ് സ്വന്തമാക്കി. ഇന്ത്യന്‍ ഹോക്കി ടീമിന്റെ ക്യാപ്റ്റനായ ഹര്‍മന്‍പ്രീത് സിങ്ങ് 2024 പാരിസ് ഒളിമ്പിക്‌സില്‍ ഇന്ത്യയെ വെങ്കലത്തിലേക്ക് നയിച്ചിരുന്നു. പാരാ അത്‌ലറ്റായ പ്രവീണ്‍ കുമാര്‍ 2024 പാരിസ് പാരാലിമ്പിക്‌സില്‍ ഹൈജമ്പില്‍ സ്വര്‍ണം നേടിയിരുന്നു

Continue Reading

india

ദിണ്ടിഗലിൽ വാഹനാപകടം; 2 മലയാളികൾ മരിച്ചു, 10 പേർക്ക് പരുക്ക്

പരിക്കേറ്റവരില്‍ മൂന്ന് കുഞ്ഞുങ്ങളും രണ്ട് സ്ത്രീകളുമുണ്ട്

Published

on

ചെന്നൈ: തമിഴ്‌നാട് ദിണ്ടിഗലില്‍ കാര്‍ നിയന്ത്രണം വിട്ട് പാലത്തിന്റെ കൈവരിയില്‍ ഇടിച്ച് രണ്ട് മലയാളികള്‍ക്ക് ദാരുണാന്ത്യം. കോഴിക്കോട് മേപ്പയൂര്‍ ജനകീയമുക്ക് സ്വദേശികളായ ശോഭന (51), ശുഭ (45) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ 10 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ മൂന്ന് കുഞ്ഞുങ്ങളും രണ്ട് സ്ത്രീകളുമുണ്ട്. അപകടസമയത്ത് പന്ത്രണ്ട്് പേരാണ് വാഹനത്തിലുണ്ടായിരുന്നത്.

മധുര മീനാക്ഷി ക്ഷേത്രദര്‍ശനത്തിന് ശേഷം മടങ്ങുന്നതിനിടൈ പുതുപ്പട്ടി ഫ്‌ലൈ ഓവറില്‍ വച്ചായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് കോണ്‍ക്രീറ്റ് ബാരിയറിലേക്ക് ഇടിച്ചു കയറുകയായിരുന്നു. രണ്ടുപേരും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.

തിരുച്ചിറപ്പള്ളിയില്‍ മിഥുന്‍ രാജ് എന്ന ബന്ധുവിനെ കാണാന്‍ എത്തിയതായിരുന്നു ഇവര്‍. പരിക്കേറ്റവരെ നത്തം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Continue Reading

Trending