Connect with us

india

തിരുപ്പതി ലഡുവിൽ മൃഗക്കൊഴുപ്പെന്ന് ചന്ദ്രബാബു നായിഡു; പ്രസ്താവനയെ ചൊല്ലി വിവാദം

തിരുപ്പതി ലഡു ഉണ്ടാക്കാൻ ഉപയോ​ഗിക്കുന്ന നെയ്യുടെ സാമ്പിളിൽ പന്നിക്കൊഴുപ്പിന് സമാനമായ വസ്തുവും മത്സ്യ എണ്ണയും കണ്ടെത്തിയതായി ലബോറട്ടറി റിപ്പോർട്ടിൽ പറയുന്നുണ്ടെന്നും ടി‍‍ഡിപി അവകാശപ്പെട്ടു.

Published

on

മുന്‍ ആന്ധ്രാപ്രദേശ് സർക്കാറിന്‍റെ കാലത്ത് പ്രശസ്തമായ തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിലെ പ്രസാദമായ ലഡു ഉണ്ടാക്കിയത് മൃഗക്കൊഴുപ്പ് ഉപയോ​ഗിച്ചാണെന്ന് തെളിയിക്കുന്ന ലാബ് റിപ്പോർട്ട് പുറത്തുവിട്ട് ഭരണകക്ഷിയായ തെലുങ്കുദേശം പാർട്ടി( ടിഡിപി). ഗുജറാത്ത് ആസ്ഥാനമായുള്ള ലബോറട്ടറിയായ NDDB CALF ലിമിറ്റഡ് പുറത്തുവിട്ട തിരുപ്പതി ലഡുവിന്റെ പരിശോധനാ ഫലമാണ് ടിഡിപി വക്താവ് അനം വെങ്കട രമണ റെഡ്ഡി പത്രസമ്മേളനത്തിൽ പുറത്തുവിട്ടത്. തിരുപ്പതി ലഡു ഉണ്ടാക്കാൻ ഉപയോ​ഗിക്കുന്ന നെയ്യുടെ സാമ്പിളിൽ പന്നിക്കൊഴുപ്പിന് സമാനമായ വസ്തുവും മത്സ്യ എണ്ണയും കണ്ടെത്തിയതായി ലബോറട്ടറി റിപ്പോർട്ടിൽ പറയുന്നുണ്ടെന്നും ടി‍‍ഡിപി അവകാശപ്പെട്ടു.

തിരുപ്പതി ലഡു ഉണ്ടാക്കുന്നത് മൃഗക്കൊഴുപ്പ് കൊണ്ടാണെന്ന ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ പരാമർശം വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. മൃഗക്കൊഴുപ്പിനൊപ്പം ഗുണനിലവാരമില്ലാത്ത ചേരുവകളും ലഡുനിർമ്മാണത്തിന് ഉപയോഗിക്കുന്നുണ്ടെന്നും വൈഎസ്ആർ കോൺഗ്രസ് നേതാവ് ജഗൻ മോഹൻ റെഡ്ഡി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് ഇത്തരത്തിൽ സംഭവിച്ചതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

നെയ്യ് ഉപയോഗിക്കുന്നതിന് പകരം അവർ മൃഗക്കൊഴുപ്പാണ് ഉപയോഗിച്ചതെന്നും എന്നാലിപ്പോൾ ശുദ്ധമായ നെയ്യാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ക്ഷേത്രത്തിൽ എല്ലാം അണുവിമുക്തമാക്കിയിട്ടുണ്ടെന്നും ഇത് ലഡുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. അമരാവതിയിൽ നടന്ന എൻഡിഎ നിയമസഭാ കക്ഷി യോഗത്തിൽ സംസാരിക്കവെയായിരുന്നു നായിഡു ഇത്തരം പരാമർശം നടത്തിയത്. ജഗന്റെ വൈഎസ്ആര്‍ കോണ്‍ഗ്രസ് പാർട്ടി(വൈഎസ്ആര്‍സിപി) സര്‍ക്കാരിന് ഭക്തരുടെ മതവികാരം മാനിക്കാന്‍ കഴിഞ്ഞില്ലെന്ന് ചന്ദ്രബാബു നായിഡുവിന്റെ എക്‌സ് പോസ്റ്റ് പങ്കുവെച്ചുകൊണ്ട് ആന്ധ്രാ ഐടി മന്ത്രി നാരാ ലോകേഷ് പറഞ്ഞത് വിവാദങ്ങള്‍ക്ക് വീര്യം കൂട്ടിയിരുന്നു.

എന്നാൽ 100 ദിവസം പിന്നിട്ട ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള സർക്കാറിന്റെ പരാജയങ്ങൾ മറച്ചുവെക്കാനുള്ള ശ്രമത്തിന്റെ ഭാ​ഗമാണ് ഇത്തരം വില കുറഞ്ഞ ആരോപണങ്ങളെന്ന് വൈഎസ്ആർസിപി അധ്യക്ഷൻ വൈ.എസ്. ജഗൻ മോഹൻ റെഡ്ഡി കുറ്റപ്പെടുത്തി. നായിഡുവിൻ്റെ ആരോപണം അടിസ്ഥാനരഹിതമാണെന്നും അതിനെ തള്ളികളയുകയാണെന്നും വൈഎസ്ആർസിപി ജനറൽ സെക്രട്ടറി വൈ.വി സുബ്ബ റെഡ്ഡിയും പറഞ്ഞു. വ്യാജവും കെട്ടിച്ചമച്ചതുമായ ആരോപണങ്ങളിലൂടെ 100 കോടി ഹിന്ദുക്കളുടെ വികാരത്തെ വ്രണപ്പെടുത്താനാണ് നായിഡുവിന്റെ ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം തിരുപ്പതി ലഡ്ഡു തയ്യാറാക്കുന്നതിന്റെ പേരിൽ ‘നിന്ദ്യമായ രാഷ്ട്രീയം’ കളിക്കുന്നതിന് ടിഡിപിയെയും പ്രതിപക്ഷമായ വൈഎസ്ആർസിപിയെയും കടന്നാക്രമിച്ച് ആന്ധ്രാപ്രദേശ് കോൺഗ്രസ് കമ്മിറ്റി (എപിസിസി) പ്രസിഡൻ്റ് വൈ.എസ് ശർമിള രം​ഗത്തുവന്നു. ല‍ഡു ഉണ്ടാക്കാൻ മൃഗക്കൊഴുപ്പ് ഉപയോഗിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താൻ സിബിഐ അന്വേഷണം വേണമെന്നും ശർമിള ആവശ്യപ്പെട്ടു.

160 മുതൽ 180 ഗ്രാം വരെ ഭാരമുള്ള 3.5 ലക്ഷം ലഡ്ഡുകളാണ് തിരുപ്പതി ക്ഷേത്രത്തിൽ നിന്ന് ദിവസേന വിറ്റഴിക്കുന്നത്. പയർ, കശുവണ്ടി, ഏലം, നെയ്യ്, പഞ്ചസാര, പഞ്ചസാര മിഠായി, ഉണക്കമുന്തിരി എന്നിവയാണ് സാധാരണ രീതിയിൽ ജിഐ ടാഗിങ്ങുള്ള ലഡ്ഡു നിർമിക്കാൻ ഉപയോ​ഗിക്കുന്നത്. 1715 ഓഗസ്റ്റ് 2-നാണ് വെങ്കിടേശ്വര ക്ഷേത്രത്തിൽ നൈവേദ്യമായി ലഡ്ഡു സമർപ്പിക്കുന്ന രീതി ആരംഭിച്ചത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

പുതുച്ചേരിയിൽ പ്രതിഷേധം: 10,000 രൂപ ധനസഹായമെന്ന് പറഞ്ഞ് വീട്ടമ്മമാരുടെ മൊബൈല്‍ നമ്പര്‍ വാങ്ങി; ലഭിച്ചത് ബിജെപി അംഗത്വം

. പതിനായിരം രൂപ സഹായവാഗ്ദാനം നല്‍കിയാണ് വീടുകളില്‍ എത്തിയ ഒരു സംഘം പേര്‍ ഫോണ്‍ നമ്പര്‍ വാങ്ങിയത്. തുടര്‍ന്ന് ഫോണില്‍ വന്നത് ബിജെപി അംഗമാക്കി എന്ന അറിയിപ്പാണ്.

Published

on

പുതുച്ചേരി മുതിയാല്‍പേട്ട് മേഖലയില്‍ വ്യാജ വാഗ്ദാനം നല്‍കി വീട്ടമ്മമാരുടെ ഫോണ്‍നമ്പര്‍ കൈക്കലാക്കിയ സംഘം പകരം ബിജെപി അംഗത്വം നല്‍കിയെന്ന് പരാതി. സന്നദ്ധ സംഘടനയില്‍ നിന്നുള്ളവരാണെന്ന് അവകാശപ്പെട്ടാണ് പത്തിലധികം പേര്‍ വീടുവീടാന്തരം കയറിയിറങ്ങിയത്. പതിനായിരം രൂപ സഹായവാഗ്ദാനം നല്‍കിയാണ് വീടുകളില്‍ എത്തിയ ഒരു സംഘം പേര്‍ ഫോണ്‍ നമ്പര്‍ വാങ്ങിയത്. തുടര്‍ന്ന് ഫോണില്‍ വന്നത് ബിജെപി അംഗമാക്കി എന്ന അറിയിപ്പാണ്. ഇതോടെയാണ് വീട്ടമ്മമാര്‍ പരാതിയുമായി രംഗത്തുവന്നത്.

സന്നദ്ധ സംഘടനയില്‍ നിന്നുള്ളവരാണെന്ന് പറഞ്ഞാണ് ഇവര്‍ വീട് കയറി ഇറങ്ങി ഫോണ്‍ നമ്പര്‍ വാങ്ങിയത്. വിശേഷ ദിവസങ്ങളിലും അനിഷ്ട സംഭവങ്ങള്‍ വന്നാലും 10000 രൂപ നല്‍കും എന്നാണ് വിശ്വസിപ്പിച്ചത്. ഇതോടെയാണ് വീട്ടമ്മമാര്‍ ഫോണ്‍ നമ്പര്‍ നല്‍കിയത്.

‘നിങ്ങളെ ബിജെപിയുടെ അടിസ്ഥാന അംഗമായി ചേര്‍ത്തിരിക്കുന്നു’ എന്ന എസ്എംഎസ് ആണ് ലഭിച്ചത്. ഈ നമ്പറുകള്‍ എല്ലാം തന്നെ ബിജെപി അംഗത്വത്തിനായി ഉപയോഗിച്ചു എന്നാണ് പരാതി വന്നിരിക്കുന്നത്. ഇതിനെതിരെ പ്രദേശത്ത് പ്രതിഷേധം നടക്കുകയാണ്.

Continue Reading

india

സുപ്രീം കോടതിയുടെ ഔദ്യോഗിക യൂട്യൂബ് ചാനല്‍ ഹാക്ക് ചെയ്യപ്പെട്ടു

യുഎസ് ആസ്ഥാനമായുള്ള കമ്പനിയായ റിപ്പിള്‍ ലാബ്‌സ് വികസിപ്പിച്ച ക്രിപ്റ്റോകറന്‍സിയായ എക്‌സ്ആര്‍പിയെ പ്രോത്സാഹിപ്പിക്കുന്ന വീഡിയോകളാണ് ചാനലില്‍ കാണിക്കുന്നത്.

Published

on

സുപ്രീം കോടതിയുടെ ഔദ്യോഗിക യൂട്യൂബ് ചാനല്‍ ഹാക്ക് ചെയ്യപ്പെട്ടു. ഭരണഘടനാ ബെഞ്ചിന്റെ കേസുകളുടെയും പൊതുതാല്‍പ്പര്യമുള്ള കാര്യങ്ങളുടെയും തത്സമയ സ്ട്രീം ഹിയറിംഗുകള്‍ക്കായി സാധാരണയായി ഉപയോഗിക്കുന്ന ചാനലാണ് ഹാക്ക് ചെയ്യപ്പെട്ടത്. ഇപ്പോള്‍ യുഎസ് ആസ്ഥാനമായുള്ള കമ്പനിയായ റിപ്പിള്‍ ലാബ്‌സ് വികസിപ്പിച്ച ക്രിപ്റ്റോകറന്‍സിയായ എക്‌സ്ആര്‍പിയെ പ്രോത്സാഹിപ്പിക്കുന്ന വീഡിയോകളാണ് ചാനലില്‍ കാണിക്കുന്നത്.

ഇന്ന് 11 മണിയോടെയാണ് സംഭവം. യൂട്യൂബ് അക്കൗണ്ടിന്റെ പേര് മാറ്റി അമേരിക്കന്‍ കമ്പനിയായ റിപ്പിള്‍ ലാബിന്റെ പേര് ഹാക്കര്‍മാര്‍ നല്‍കുകയായിരുന്നു.
ചാനല്‍ ഹാക്ക് ചെയ്തതിനെക്കുറിച്ച് സുപ്രീം കോടതി ഭരണകൂടം അന്വേഷണം ആരംഭിച്ചതായി അറിയിച്ചു. ചാനലിന്റെ ലിങ്ക് സുപ്രീം കോടതി രജിസ്ട്രി പ്രവര്‍ത്തനരഹിതമാക്കി. 2018ലെ എല്ലാ ഭരണഘടനാ ബെഞ്ച് ഹിയറിംഗുകളുടെയും നടപടിക്രമങ്ങള്‍ തത്സമയം സംപ്രേക്ഷണം ചെയ്യാന്‍ സുപ്രീം കോടതി തീരുമാനിച്ചതിന് ശേഷം ഇതാദ്യമായാണ് സുപ്രീം കോടതിയുടെ യൂട്യൂബ് ചാനല്‍ ഹാക്ക് ചെയ്യപ്പെടുന്നത്.

 

 

Continue Reading

Food

ഷവര്‍മ കഴിച്ചതിനു പിന്നാലെ ദേഹാസ്വാസ്ഥ്യം; യുവതി മരിച്ചു

പ്രദേശത്തെ കടയില്‍ നിന്ന് ഷവര്‍മ കഴിച്ചതാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമെന്നാണ് വിവരം.

Published

on

ചെന്നൈയില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് യുവതി മരിച്ചു. തിരുവീഥി അമ്മന്‍ സ്ട്രീറ്റിലെ താമസക്കാരിയായ ശ്വേത(22) ആണ് മരിച്ചത്. പ്രദേശത്തെ കടയില്‍ നിന്ന് ഷവര്‍മ കഴിച്ചതാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമെന്നാണ് വിവരം.

ഒരാഴ്ച മുമ്പ് ശ്വേത ഷവര്‍മ്മ കഴിച്ചിരുന്നു. വീട്ടിലെത്തിയതിന് പിന്നാലെ മീന്‍ കറിയും കഴിച്ചു. ഇതിന് പിന്നാലെയാണ് ശ്വേതയ്ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായതെന്ന പറയുന്നു. ഛര്‍ദ്ദിച്ച് അവശയായ യുവതി കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ആരോഗ്യനില ഗുരുതരമായതോടെ സ്റ്റാന്‍ലി ഗവണ്‍മെന്റ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ഈ മാസം 18നാണ് ശ്വേത മരിച്ചത്. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷമേ മരണ കാരണം സ്ഥിരീകരിക്കാന്‍ കഴിയുകയൊള്ളു എന്ന് പൊലീസ് അറിയിച്ചു.

 

 

Continue Reading

Trending