Connect with us

india

ഹെല്‍മറ്റ് ഗുണനിലവാരമുളളത് തന്നെ വേണം, അല്ലാത്തത്‌ ഉണ്ടാക്കിയാലും വിറ്റാലും നടപടി

ഐ.എസ്.ഐ. അംഗീകാരമില്ലാതെ ഹെല്‍മെറ്റുകള്‍ നിര്‍മിക്കുന്നതും ഐ.എസ്.ഐ. മുദ്രയും ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് (ബി.ഐ.എസ്.) സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവ വില്‍ക്കുന്നതും തടയും.ഇവ നിര്‍മിക്കുന്ന സ്ഥാപനങ്ങള്‍ കണ്ടെത്തി മുദ്രവെക്കും.

Published

on

നിലവാരമില്ലാത്ത ഹെല്‍മെറ്റുകള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കാന്‍ കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം. നിലവാരമില്ലാത്ത ഹെല്‍മെറ്റുകള്‍ ഉണ്ടാക്കുകയും വില്‍ക്കുകയും ചെയ്യുന്നത് തടയണമെന്ന് മന്ത്രാലയം സംസ്ഥാനങ്ങള്‍ക്കയച്ച കത്തില്‍ നിര്‍ദേശം നല്‍കി. ജില്ലാ കളക്ടര്‍മാര്‍ കര്‍ശന നടപടിയെടുക്കണമെന്നാണ് കത്തില്‍ പറയുന്നത്.

ഐ.എസ്.ഐ. അംഗീകാരമില്ലാതെ ഹെല്‍മെറ്റുകള്‍ നിര്‍മിക്കുന്നതും ഐ.എസ്.ഐ. മുദ്രയും ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് (ബി.ഐ.എസ്.) സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവ വില്‍ക്കുന്നതും തടയും.ഇവ നിര്‍മിക്കുന്ന സ്ഥാപനങ്ങള്‍ കണ്ടെത്തി മുദ്രവെക്കും.

നിലവിലുള്ള നിയമം കൃത്യമായി പാലിക്കപ്പെടാത്ത സാഹചര്യത്തിലാണ് പുതിയ നിര്‍ദേശം. ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടുന്ന അപകടങ്ങളില്‍ മരണവും ഗുരുതരപരിക്കും കൂടുന്നത് നിശ്ചിത സുരക്ഷാനിലവാരമില്ലാത്ത ഹെല്‍മെറ്റുകള്‍ മൂലമാണെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണിത്.

എ.ഐ. ക്യാമറകള്‍ വരികയും പരിശോധന ശക്തമാവുകയും ചെയ്തതോടെ പിഴയില്‍നിന്ന് രക്ഷപ്പെടാന്‍ ഹെല്‍മെറ്റ് ധരിക്കുന്നത് ശീലമാക്കിയവരുണ്ട്. പാതയോരത്തുനിന്നും കടകളില്‍നിന്നും നിലവാരമില്ലാത്ത ഹെല്‍മെറ്റുകള്‍ വാങ്ങിവെച്ച് പോകുന്നവരാണ് ഏറെയും.

ഹെല്‍മെറ്റ് എന്ന് തോന്നിക്കുന്ന ചട്ടിത്തൊപ്പി ധരിക്കുന്നവരുമുണ്ട്. മോട്ടോര്‍വാഹന വകുപ്പ്, ട്രാഫിക് പോലീസ്, അളവുതൂക്ക വിഭാഗം എന്നിവയ്ക്ക് ഹെല്‍മെറ്റുകളുടെ ഗുണനിലവാരംകൂടി പരിശോധിക്കാനും നടപടിയെടുക്കാനുമുള്ള നിര്‍ദേശം ജില്ലാഭരണകൂടം നല്‍കിക്കഴിഞ്ഞു.

ബി.ഐ.എസ്., ഐ.എസ്.ഐ. നിലവാരമുണ്ടെന്ന മുദ്ര ഉണ്ടായിരിക്കണം. ഐ.എസ്. 4151:2015 സര്‍ട്ടിഫിക്കേഷന്‍ ഉണ്ടാകണം. വ്യാജ ഐ.എസ്.ഐ. മുദ്രയല്ലെന്ന് ഉറപ്പാക്കണം. ഹെല്‍മെറ്റ് നിര്‍മാണത്തിന് ഉപയോഗിക്കുന്ന വസ്തു തലയ്ക്ക് സുരക്ഷ നല്‍കുന്നതാവണം. വായുസഞ്ചാരം ഉറപ്പാക്കണം. തല മുഴുവന്‍ മൂടുന്നവയാണ് കൂടുതല്‍ സുരക്ഷ നല്‍കുക. 1,200 മുതല്‍ 1,350 ഗ്രാംവരെ ഭാരമുള്ളവയാണ് അനുയോജ്യം.

india

സുപ്രീം കോടതിയുടെ ഔദ്യോഗിക യൂട്യൂബ് ചാനല്‍ ഹാക്ക് ചെയ്യപ്പെട്ടു

യുഎസ് ആസ്ഥാനമായുള്ള കമ്പനിയായ റിപ്പിള്‍ ലാബ്‌സ് വികസിപ്പിച്ച ക്രിപ്റ്റോകറന്‍സിയായ എക്‌സ്ആര്‍പിയെ പ്രോത്സാഹിപ്പിക്കുന്ന വീഡിയോകളാണ് ചാനലില്‍ കാണിക്കുന്നത്.

Published

on

സുപ്രീം കോടതിയുടെ ഔദ്യോഗിക യൂട്യൂബ് ചാനല്‍ ഹാക്ക് ചെയ്യപ്പെട്ടു. ഭരണഘടനാ ബെഞ്ചിന്റെ കേസുകളുടെയും പൊതുതാല്‍പ്പര്യമുള്ള കാര്യങ്ങളുടെയും തത്സമയ സ്ട്രീം ഹിയറിംഗുകള്‍ക്കായി സാധാരണയായി ഉപയോഗിക്കുന്ന ചാനലാണ് ഹാക്ക് ചെയ്യപ്പെട്ടത്. ഇപ്പോള്‍ യുഎസ് ആസ്ഥാനമായുള്ള കമ്പനിയായ റിപ്പിള്‍ ലാബ്‌സ് വികസിപ്പിച്ച ക്രിപ്റ്റോകറന്‍സിയായ എക്‌സ്ആര്‍പിയെ പ്രോത്സാഹിപ്പിക്കുന്ന വീഡിയോകളാണ് ചാനലില്‍ കാണിക്കുന്നത്.

ഇന്ന് 11 മണിയോടെയാണ് സംഭവം. യൂട്യൂബ് അക്കൗണ്ടിന്റെ പേര് മാറ്റി അമേരിക്കന്‍ കമ്പനിയായ റിപ്പിള്‍ ലാബിന്റെ പേര് ഹാക്കര്‍മാര്‍ നല്‍കുകയായിരുന്നു.
ചാനല്‍ ഹാക്ക് ചെയ്തതിനെക്കുറിച്ച് സുപ്രീം കോടതി ഭരണകൂടം അന്വേഷണം ആരംഭിച്ചതായി അറിയിച്ചു. ചാനലിന്റെ ലിങ്ക് സുപ്രീം കോടതി രജിസ്ട്രി പ്രവര്‍ത്തനരഹിതമാക്കി. 2018ലെ എല്ലാ ഭരണഘടനാ ബെഞ്ച് ഹിയറിംഗുകളുടെയും നടപടിക്രമങ്ങള്‍ തത്സമയം സംപ്രേക്ഷണം ചെയ്യാന്‍ സുപ്രീം കോടതി തീരുമാനിച്ചതിന് ശേഷം ഇതാദ്യമായാണ് സുപ്രീം കോടതിയുടെ യൂട്യൂബ് ചാനല്‍ ഹാക്ക് ചെയ്യപ്പെടുന്നത്.

 

 

Continue Reading

Food

ഷവര്‍മ കഴിച്ചതിനു പിന്നാലെ ദേഹാസ്വാസ്ഥ്യം; യുവതി മരിച്ചു

പ്രദേശത്തെ കടയില്‍ നിന്ന് ഷവര്‍മ കഴിച്ചതാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമെന്നാണ് വിവരം.

Published

on

ചെന്നൈയില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് യുവതി മരിച്ചു. തിരുവീഥി അമ്മന്‍ സ്ട്രീറ്റിലെ താമസക്കാരിയായ ശ്വേത(22) ആണ് മരിച്ചത്. പ്രദേശത്തെ കടയില്‍ നിന്ന് ഷവര്‍മ കഴിച്ചതാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമെന്നാണ് വിവരം.

ഒരാഴ്ച മുമ്പ് ശ്വേത ഷവര്‍മ്മ കഴിച്ചിരുന്നു. വീട്ടിലെത്തിയതിന് പിന്നാലെ മീന്‍ കറിയും കഴിച്ചു. ഇതിന് പിന്നാലെയാണ് ശ്വേതയ്ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായതെന്ന പറയുന്നു. ഛര്‍ദ്ദിച്ച് അവശയായ യുവതി കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ആരോഗ്യനില ഗുരുതരമായതോടെ സ്റ്റാന്‍ലി ഗവണ്‍മെന്റ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ഈ മാസം 18നാണ് ശ്വേത മരിച്ചത്. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷമേ മരണ കാരണം സ്ഥിരീകരിക്കാന്‍ കഴിയുകയൊള്ളു എന്ന് പൊലീസ് അറിയിച്ചു.

 

 

Continue Reading

india

ബെംഗളൂരുവില്‍ സ്വകാര്യ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ കോഴിക്കോട് സ്വദേശി മരിച്ചു

മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു.

Published

on

ബെംഗളൂരുവില്‍ സ്വകാര്യ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. കോഴിക്കോട് സ്വദേശി അമല്‍ ഫ്രാങ്ക്ളിന്‍ (22) ആണ് മരിച്ചത്. ബെംഗളൂരുവില്‍ നിന്ന് മലപ്പുറത്തേക്ക് വരികയായിരുന്ന എസ്‌കെഎസ് ട്രാവല്‍സിന്റെ എസി സ്ലീപ്പര്‍ ബസാണ് അപകടത്തില്‍ പെട്ടത്. മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. അമല്‍ ബെംഗളൂരുവിലാണ് ജോലി ചെയ്യുന്നത്.

ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. ബെംഗളൂരു- മൈസൂരു പാതയില്‍ ഹൊസൂര്‍ ബിലിക്കരയ്ക്ക് സമീപമായിരുന്നു അപകടമുണ്ടായത്. നിയന്ത്രണം നഷ്ടപ്പെട്ട ബസ് സമീപത്തെ ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് മറിയുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകത്തിന് കാരണമായതെന്നാണ് വിവരം. പരിക്കേറ്റവരെ മൈസൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

Continue Reading

Trending