Connect with us

india

മദ്യലഹരിയിൽ സവാരി, ഒട്ടകത്തിന്റെ ചവിട്ടും കടിയുമേറ്റ് 67കാരന് ദാരുണാന്ത്യം

മദ്യലഹരിയിലായിരുന്ന രമേഷ് ഒട്ടകപ്പുറത്ത് നിന്ന് വീണതിനു പിന്നാലെയാണ് ആക്രമിക്കപ്പെട്ടത്.

Published

on

ഒട്ടകത്തിന്റെ ചവിട്ടും കടിയുമേറ്റ് പരിപാലകൻ മരിച്ചു. പുതുച്ചേരിയിലാണ് സംഭവമുണ്ടായത്. മധ്യപ്രദേശിലെ ബഡ്വാനി സ്വദേശി രമേഷ് കുൽമി (67) ആണ് മരിച്ചത്. മദ്യലഹരിയിലായിരുന്ന രമേഷ് ഒട്ടകപ്പുറത്ത് നിന്ന് വീണതിനു പിന്നാലെയാണ് ആക്രമിക്കപ്പെട്ടത്.

ഓ​ഗസ്റ്റ് 15നാണ് സംഭവമുണ്ടായത്. സമീപവാസിയുടെ ഉടമസ്ഥലയിലുള്ള രണ്ട് ഒട്ടകങ്ങളെ രമേഷ് കുൽമിയും 19 കാരനായ അജിത്തും ചേർന്നാണ് പരിപാലിക്കുന്നത്. പുതുക്കുപ്പ് ബീച്ചിനു സമീപത്തെ റിസോർട്ടിന്റെ പാർക്കിങ് സ്ഥലത്താണ് ഒട്ടകത്തിനൊപ്പം ഇവർ താമസിക്കുന്നത്. ബീച്ചിലെത്തുന്നവർക്ക് ഇവർ ഒട്ടകസവാരി നടത്താറുണ്ട്.

സംഭവം നടന്ന ദിവസം രമേഷ് കുൽമി അമിതമായി മദ്യപിച്ചിരുന്നു എന്നാണ് പൊലീസ് പറയുന്നത്. തുടർന്ന് അജിത്ത് ഒരു ഒട്ടകത്തിനേയും കൊണ്ട് ബീച്ചിലേക്ക് പോയി. രാവിലെ 11 മണിയായപ്പോൾ രമേഷ് പരിക്കേറ്റ നിലയിൽ അബോധാവസ്ഥയിൽ കിടക്കുന്നു എന്ന് പറഞ്ഞ് റിസോർട്ടിലെ വാച്ച്മാൻ അജിത്തിനെ വിളിച്ചു. തുടർന്ന് ഇയാളെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

പൊലീസ് അന്വേഷണത്തിൽ ഒട്ടകത്തിന്റെ ചവിട്ടേറ്റാണ് രമേഷ് മരിച്ചത് എന്ന് തെളിഞ്ഞു. മദ്യലഹരിയിൽ ഒട്ടകത്തിന്റെ മുകളിൽ കയറി രമേഷ് സവാരി ചെയ്യുകയായിരുന്നു. നിലത്തു വീണ രമേഷിനെ ഒട്ടകം ചവിട്ടുകയും കടിക്കുകയുമായിരുന്നു. ചവിട്ടേറ്റതാണ് രമേഷിന്റെ മരണത്തിന് കാരണമായത്.

india

വഖഫ് വിഷയത്തിൽ രാഷ്ട്രീയം പറയുന്നത് ജനം എതിർത്തു; ക്ഷേത്ര ഉദ്‍ഘാടനത്തിനെത്തിയ ബിജെപി എംഎൽഎ ഇറങ്ങിപ്പോയി

ബിജാപൂർ സിറ്റി എംഎൽഎ ബസൻഗൗഡ പാട്ടീൽ യത്നാലാണ് നാട്ടുകാരുടെ പ്രതിഷേധച്ചൂടറിഞ്ഞത്.

Published

on

കർണാടകയിൽ ക്ഷേത്ര ഉദ്ഘാടന ചടങ്ങിനെത്തിയ ബിജെപി എംഎൽഎ വഖഫ് ഭൂമി വിഷയത്തിൽ രാഷ്ട്രീയം പറയുന്നത് ചോദ്യം ചെയ്ത് നാട്ടുകാർ. ഒടുവിൽ എംഎൽഎ പ്രസംഗം നിർത്തി വേദിയിൽനിന്ന് ഇറങ്ങിപ്പോയി. ബിജാപൂർ സിറ്റി എംഎൽഎ ബസൻഗൗഡ പാട്ടീൽ യത്നാലാണ് നാട്ടുകാരുടെ പ്രതിഷേധച്ചൂടറിഞ്ഞത്.

ബാഗൽകോട്ട് ജില്ലയിൽ കഴിഞ്ഞദിവസമാണ് സംഭവം. സംസ്ഥാനത്ത് നടക്കുന്ന വഖഫ് ഭൂമി വിഷയത്തിൽ മുൻനിരയിലുള്ള നേതാവ് കൂടിയാണ് യത്നാൽ. ഇതിനിടയിലാണ് ഇദ്ദേഹം തെർദാലിലെ ശ്രീ അല്ലം പ്രഭു ക്ഷേത്ര ഉദ്ഘാടനത്തിനായി വരുന്നത്.

തുടർന്ന് ​പ്രസംഗത്തിനിടെ വഖഫ് ബോർഡുമായി ബന്ധപ്പെട്ട വിഷയത്തെക്കുറിച്ച് പറയാൻ തുടങ്ങി. ക്ഷേത്രങ്ങളുടെയും കർഷകരുടെയും ഭൂമി ഭീഷണിപ്പെടുത്തി പിടിച്ചെടുക്കുകയാണെന്ന് ആരോപിച്ചു. ഇതോടെ സദസ്സിലുള്ളവർ എണീറ്റുനിന്ന് യത്നാലിനെ എതിർത്തു. ഇവിടേക്ക് രാഷ്ട്രീയം കൊണ്ടുവരരുതെന്ന് അവർ ഉച്ചത്തിൽ പറഞ്ഞു.

വഖഫ് വിഷയം പറയുന്നത് രാഷ്ട്രീയമാണോയെന്ന് അദ്ദേഹം തിരിച്ചു ചോദിച്ചു. അതെ എന്നായിരുന്നു പ്രതിഷേധക്കാരുടെ മറുപടി. ഈ വിഷയം സംസാരിക്കരുതെന്നും അവർ പറഞ്ഞു. ഇതോടെ എംഎൽഎ വേദിയിൽനിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. സംഭവത്തിന്റെ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നുണ്ട്.

ക്ഷേത്രം നിർമാണത്തിന് ന്യൂനപക്ഷ വിഭാഗങ്ങളിൽനിന്നടക്കം സംഭാവന ലഭിച്ചിട്ടുണ്ട്. ഇതും ജനങ്ങളുടെ പ്രതിഷേധത്തിന് കാരണമായതായി റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.

Continue Reading

india

അറിഞ്ഞുകൊണ്ട് സ്ത്രീ ശാരീരിക ബന്ധത്തിന് സമ്മതം നല്‍കിയാല്‍ വിവാഹവാഗ്ദാന പീഡനക്കേസ് നിലനില്‍ക്കില്ല: കല്‍ക്കട്ട ഹൈക്കോടതി

പ്രായപൂര്‍ത്തിയായ ഒരു സ്ത്രീയെന്ന നിലയില്‍ യുവതി വിവാഹം കഴിക്കാമെന്ന വാഗ്ദാനത്തിന്റെ പേരില്‍ ലൈംഗിക ബന്ധത്തിന് നിന്ന് കൊടുക്കാന്‍ പാടില്ല

Published

on

കൊല്‍ക്കത്ത: പ്രായപൂര്‍ത്തിയായ സ്ത്രീ ശാരീരിക ബന്ധത്തിന് ബോധപൂര്‍വം സമ്മതം നല്‍കിയാല്‍ വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്‌തെന്ന പേരില്‍ പുരുഷനെ ശിക്ഷിക്കാനാവില്ലെന്ന് കല്‍ക്കട്ട ഹൈക്കോടതി. ജസ്റ്റിസ് അനന്യ ബന്ദോപാധ്യായയുടെ സിംഗിള്‍ ബെഞ്ചിന്റേതാണ് വിധി.

അതിജീവിതയ്ക്ക് പ്രായപൂര്‍ത്തിയായതിനാല്‍ അത്തരം ബന്ധത്തിന്റെ അനന്തരഫലങ്ങളെക്കുറിച്ച് ബോധവതിയായിരുന്നു. പ്രായപൂര്‍ത്തിയായ ഒരു സ്ത്രീയെന്ന നിലയില്‍ യുവതി വിവാഹം കഴിക്കാമെന്ന വാഗ്ദാനത്തിന്റെ പേരില്‍ ലൈംഗിക ബന്ധത്തിന് നിന്ന് കൊടുക്കാന്‍ പാടില്ല. അത്തരം വാഗ്ദാനങ്ങള്‍ പാലിച്ചില്ലെങ്കില്‍ തുടര്‍ന്നുള്ള പരിണിത ഫലത്തെക്കുറിച്ച് അറിയാന്‍ കഴിയുന്ന സാഹചര്യത്തില്‍ പുരുഷനെ കുറ്റക്കാരനാക്കാന്‍ കഴിയില്ല.

ബലാത്സംഗ കുറ്റത്തിന് 7 വര്‍ഷം കഠിന തടവും 1000 രൂപ പിഴയും കീഴ്‌ക്കോടതി വിധിച്ചതിനെതിരെയുള്ള അപ്പീല്‍ പരിഗണിക്കുകയായിരുന്നു കല്‍ക്കട്ട ഹൈക്കോടതി. വിവാഹ ഉറപ്പ് നല്‍കിയതിനെത്തുടര്‍ന്ന് ഇരുവരും മാതാപിതാക്കള്‍ ഇല്ലാത്ത സമയത്ത് പലതവണ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുകയും തുടര്‍ന്ന് യുവതി ഗര്‍ഭിണിയാവുകയും ചെയ്തു. എന്നാല്‍ കാമുകന്‍ ഗര്‍ഭഛിദ്രം നടത്താന്‍ നിര്‍ബന്ധിക്കുകയും വിവാഹം കഴിക്കാന്‍ വിസമ്മതിക്കുകയായിരുന്നുവെന്നുമാണ് യുവതിയുടെ പരാതിയിലുള്ളത്. ഗര്‍ഭിണിയായി ഒമ്പതാം മാസമാണ് യുവതി പരാതി നല്‍കിയത്.

Continue Reading

india

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയെ വിമർശിക്കുന്ന ചിത്രം വരച്ചു; അസമിൽ ഗ്രാഫിറ്റി ആർട്ടിസ്റ്റിനെ അറസ്റ്റ് ചെയ്തു

ഗ്രാഫിറ്റി ആർട്ടിസ്റ്റ് മാർഷൽ ബറുവയെയാണ് ചുമർ ചിത്രം വരച്ചതിന് പൊലീസ് അറസ്റ്റ് ചെയ്തത്.

Published

on

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയെ വിമർശിക്കുന്ന ചിത്രം വരച്ച ഗ്രാഫിറ്റി ആർട്ടിസ്റ്റിനെ അറസ്റ്റ് ചെയ്ത് ബി.ജെ.പി സർക്കാർ. ഗ്രാഫിറ്റി ആർട്ടിസ്റ്റ് മാർഷൽ ബറുവയെയാണ് ചുമർ ചിത്രം വരച്ചതിന് പൊലീസ് അറസ്റ്റ് ചെയ്തത്.

ഗുവാഹത്തിയിൽ ‘കിക്ക് ഹിമന്ത സേവ് നേച്ചർ’ എന്ന് എഴുതിയ ചിത്രം പ്രദർശിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ ഗ്രാഫിറ്റി ആർട്ടിസ്റ്റ് മാർഷൽ ബറുവയെയും ആക്ടിവിസ്റ്റ് അങ്കുമൻ ബൊർഡോലോയിയെയും 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

പൊതുഗതാഗത പദ്ധതിക്കായി മരങ്ങൾ വെട്ടിമാറ്റുന്നതിനെതിരായ പ്രതിഷേധത്തിനിടെ ഗുവാഹത്തിയിലെ ഭരലുമുഖ് പ്രദേശത്ത് ശനിയാഴ്ചയാണ് ബറുവ ചുമരിൽ ചിത്രം വരച്ചത്. ചുമരിൽ എഴുതിയ വാചകങ്ങളാണ് അറസ്റ്റിന് പിന്നിലെ കാരണമെന്ന് പൊലീസ് പറഞ്ഞു.

‘അവരുടെ അറസ്റ്റിന് കാരണം ചുവരെഴുത്തുകളിലെ വാക്കുകൾ മാത്രമാണ്,’ ഗുവാഹത്തി വെസ്റ്റ് ഡി.സി.പി പദ്മനാഭ് ബറുവ പറഞ്ഞു.

കഴിഞ്ഞയാഴ്ച മുതൽ, ഗുവാഹത്തിയിലെ ഭരലുമുഖ് പ്രദേശത്ത് മേൽപ്പാലം നിർമിക്കാൻ 70ലധികം മരങ്ങൾ മുറിക്കുന്നതിനെതിരെ പ്രദേശവാസികൾ അണിനിരന്ന പ്രതിഷേധം ഉണ്ടായിരുന്നു. സമാനമായ മറ്റൊരു സമരം ദിഗാലിപുഖുരി ജലാശയത്തിന് ചുറ്റും 28 മരങ്ങൾ മുറിക്കുന്നതിനെതിരെയും നടന്നിരുന്നു. ഇതിനെ തുടർന്ന് മേൽപ്പാലത്തിൻ്റെ രൂപകൽപ്പന മാറ്റുമെന്ന് സർക്കാർ പ്രഖ്യാപിക്കുകയായിരുന്നു.

ദിഗാലിപുഖുരിയിൽ ബറുവ സമാനമായ കലാസൃഷ്ടികൾ നടത്തിയിരുന്നു. കഴിഞ്ഞയാഴ്ച അദ്ദേഹം ഭരലുമുഖിലെ പ്രതിഷേധ സൈറ്റിൽ ചേരുകയും അവിടെ തൻ്റെ കലാസൃഷ്ടികൾക്കായി ഒരു ഷീറ്റ് സ്ഥാപിക്കുകയും ചെയ്തതായി ബറുവയുടെ സുഹൃത്ത് പറഞ്ഞു.

‘വെള്ളിയാഴ്ച പണി തീരാത്തതിനാൽ അവൻ ശനിയാഴ്ച ഉച്ചയ്ക്ക് വീണ്ടും പോയി രാത്രി വരെ പെയിൻ്റ് ചെയ്തു. മാർഷൽ തൻ്റെ ചിത്രങ്ങളിൽ എഴുതിയ കാര്യങ്ങളിൽ എപ്പോഴും ശ്രദ്ധാലുവായിരുന്നു. ‘കിക്ക് ഹിമന്ത സേവ് നേച്ചർ’ എന്നെഴുതിയതിന് ശേഷം അന്ന് രാത്രി ഞാൻ അദ്ദേഹത്തോട് സംസാരിച്ചു.

അപ്പോഴേക്കും അത് പ്രചരിക്കാൻ തുടങ്ങിയിരുന്നു. തുടർന്ന് അവൻ അത് മാറ്റുകയാണെന്ന് പറഞ്ഞു ‘കിക്ക്’ എന്ന വാക്ക് വെള്ള പൂശുകയും അതിന് മുകളിൽ ‘ദയവായി’ എന്ന് എഴുതുകയും ചെയ്തു. പിറ്റേന്ന് രാവിലെ, അവനെ പൊലീസ് കസ്റ്റഡിയിലെടുത്തതായി ഞാൻ അറിഞ്ഞു,’ സുഹൃത്ത് പറഞ്ഞു.

“സമാധാന ലംഘനം നടത്തുക എന്ന ഉദ്ദേശത്തോടെയുള്ള മനഃപൂർവ്വം അപമാനിക്കൽ, തെറ്റായ വിവരങ്ങളോ കിംവദന്തികളോ പ്രചരിപ്പിക്കൽ, നിയമവിരുദ്ധമായി സംഘം ചേരൽ, ക്രിമിനൽ ഭീഷണിപ്പെടുത്തൽ, പൊതുമുതൽ നശിപ്പിക്കുന്നത് തടയൽ നിയമത്തിലെ സെക്ഷൻ മൂന്ന് എന്നിവയുമായി ബന്ധപ്പെട്ട ബി.എൻ.എസ് വകുപ്പുകൾ പ്രകാരമാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇത് ജാമ്യമില്ലാ കുറ്റമാണ്.

Continue Reading

Trending