Connect with us

kerala

ഉടുമ്പൻചോലയിൽ രണ്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയില്‍

തൊട്ടരികിലായി അവശനിലയില്‍ കണ്ടെത്തിയ കുട്ടിയുടെ അമ്മൂമ്മയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Published

on

ഇടുക്കി ഉടുമ്പന്‍ചോലയില്‍ രണ്ടുമാസം മാത്രം പ്രായമുള്ള ആണ്‍കുഞ്ഞിനെ വീടിന് സമീപം മരിച്ചനിലയില്‍ കണ്ടെത്തി. തൊട്ടരികിലായി അവശനിലയില്‍ കണ്ടെത്തിയ കുട്ടിയുടെ അമ്മൂമ്മയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രി മുതല്‍ കുഞ്ഞിനെയും അമ്മൂമ്മ ജാന്‍സിയെയും കാണാതാവുകയായിരുന്നു. ഉടന്‍ തന്നെ പൊലീസിനെ വിവരം അറിയിച്ചു. പൊലീസും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് വീടിനോട് ചേര്‍ന്നുള്ള പുഴയോരത്ത് കുഞ്ഞിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. കുഞ്ഞിനെ കണ്ടെത്തിയ സ്ഥലത്തിന് സമീപത്ത് നിന്ന് തന്നെയാണ് അമ്മൂമ്മയെ അവശനിലയില്‍ കണ്ടെത്തിയത്.

ഇവരുടെ മൊഴി എടുത്തപ്പോള്‍ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറഞ്ഞതെന്ന് ഉടുമ്പന്‍ചോല പൊലീസ് പറയുന്നു. മാനസിക പ്രശ്‌നങ്ങള്‍ ഉള്ളതുപോലെ പ്രകടിപ്പിച്ച അമ്മൂമ്മയെ ഉടന്‍ തന്നെ അടിമാലിയില്‍ നിന്ന് വിദഗ്ധ ചികിത്സയ്ക്കായി കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അമ്മൂമ്മയുടെ മനോനില മെച്ചപ്പെട്ട ശേഷം ചോദ്യം ചെയ്യാനുള്ള തീരുമാനത്തിലാണ് പൊലീസ്.

കുഞ്ഞിന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളൂ എന്നും പൊലീസ് പറയുന്നു. ജാന്‍സിയുടെ മകളായ ചിഞ്ചുവിന്റെ മകനാണ് മരിച്ച നവജാതശിശു. കൊലപാതക സാധ്യത അടക്കം വിവിധ വശങ്ങള്‍ പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു.

kerala

‘മുനമ്പത്തെ പാവങ്ങള്‍ക്ക് സര്‍ക്കാര്‍ നീതി നിഷേധിക്കുന്നു’: വി ഡി സതീശന്‍

പത്ത് മിനിറ്റ് കൊണ്ട് തീര്‍ക്കാവുന്ന വിഷയം നീട്ടിക്കൊണ്ട് പോകുന്നത് സംഘപരിവാറിന് അവസരം നല്‍കാന്‍

Published

on

മുനമ്പം ഭൂമി പ്രശ്‌നത്തില്‍ ജുഡീഷ്യല്‍ കമ്മിഷനെ വയ്ക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തോട് പ്രതിപക്ഷത്തിന് കടുത്ത വിയോജിപ്പാണെന്ന് വി ഡി സതീശന്‍. പത്ത് മിനിറ്റ് കൊണ്ട് സര്‍ക്കാരിന് തീര്‍ക്കാവുന്ന വിഷയം മനപൂര്‍വം വൈകിപ്പിക്കുകയാണ്െന്നും വി ഡി സതീശന്‍ പറഞ്ഞു. ഇതിലൂടെ സമൂഹത്തില്‍ ഭിന്നിപ്പ് ഉണ്ടാക്കാന്‍ ശ്രമിക്കുന്ന സംഘ്പരിവാര്‍ ശക്തികള്‍ക്ക് സര്‍ക്കാര്‍ തന്നെ അവസരം ഒരുക്കി കൊടുക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുസ്ലിം സംഘടനകളും ഫറൂഖ് കോളേജ് മാനേജ്‌മെന്റും പ്രശ്‌ന പരിഹാരത്തിന് എല്ലാ പിന്തുണയും നല്‍കിയ സാഹചര്യത്തില്‍ തീരുമാനം എടുക്കാനും അത് കോടതിയെ അറിയിച്ച് ശാശ്വത പരിഹാരം ഉണ്ടാക്കാനും സര്‍ക്കാരിന് കഴിയുമായിരുന്നെന്നും വി ഡി സതീശന്‍ പറഞ്ഞു. ഇപ്പോള്‍ ഏകപക്ഷീയമായ ഒരു തീരുമാനം സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കുകയാണെന്നും സമര രംഗത്തുള്ളവരുമായി ഗൗരവമായ ഒരു ചര്‍ച്ചയും സര്‍ക്കാര്‍ നടത്തിയില്ലെന്നും സതീശന്‍ വിമര്‍ശിക്കുന്നു. പ്രശ്‌നപരിഹാരം നീട്ടിക്കൊണ്ട് പോകാന്‍ സര്‍ക്കാര്‍ തന്നെ വഴിയൊരുക്കുന്നത് ശരിയായ രീതിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സര്‍വകക്ഷി യോഗം വിളിക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സര്‍ക്കാര്‍ ഇതുവരെ അംഗീകരിച്ചിട്ടില്ലെന്നും ആരുമായും ആലോചിക്കാതെ ജുഡീഷ്യല്‍ കമ്മിഷന്‍ എന്ന തീരുമാനം അടിച്ചേല്‍പ്പിച്ചതിലൂടെ സര്‍ക്കാരിന് ദുരുദ്ദേശ്യങ്ങള്‍ ഉണ്ടെന്ന് വ്യക്തമായെന്നും വി ഡി സതീശന്‍ പറഞ്ഞു. പറഞ്ഞ സമയത്ത് ദൗത്യം പൂര്‍ത്തീകരിക്കാത്ത ജുഡീഷ്യല്‍ കമ്മിഷനുകളുള്ള നാടാണ് കേരളമെന്നും മുനമ്പത്തെ പാവങ്ങള്‍ക്ക് അര്‍ഹതപ്പെട്ട നീതിയാണ് സര്‍ക്കാര്‍ ബോധപൂര്‍വം നിഷേധിക്കുന്നതെന്നും സതീശന്‍ കുറ്റപ്പെടുത്തി.

 

Continue Reading

kerala

ലേബര്‍ കാര്‍ഡിനായി കൈക്കൂലി: ഉദ്യോഗസ്ഥന്റെ വീട്ടില്‍നിന്ന് രണ്ടര ലക്ഷം പിടികൂടി

അസിസ്റ്റന്റ് ലേബര്‍ കമ്മീഷണര്‍ അജിത് കുമാറിന്റെ വീട്ടിലാണ് വിജിലന്‍സ് പരിശോധനയില്‍ രണ്ടര ലക്ഷം രൂപ പിടിച്ചെടുത്തത്.

Published

on

കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് പിടിയിലായ ലേബര്‍ ഓഫീസറുടെ വീട്ടില്‍നിന്ന് രണ്ടര ലക്ഷം രൂപ പിടികൂടി. അസിസ്റ്റന്റ് ലേബര്‍ കമ്മീഷണര്‍ അജിത് കുമാറിന്റെ വീട്ടിലാണ് വിജിലന്‍സ് പരിശോധനയില്‍ രണ്ടര ലക്ഷം രൂപ പിടിച്ചെടുത്തത്. കൊച്ചി സെന്‍ട്രല്‍ ഡെപ്യൂട്ടി ചീഫ് ലേബര്‍ കമ്മീഷന്‍ ഓഫീസിലെ ജീവനക്കാരനാണ് അജിത് കുമാര്‍.

കൈക്കൂലിയായി വാങ്ങിയ പണമാണു പിടിച്ചെടുത്തതെന്ന് വിജിലന്‍സ് അറിയിച്ചു. സ്വര്‍ണവും കസ്റ്റഡിയിലെടുത്തു. ഇന്ന് ഉച്ചയ്ക്കാണ് ലേബര്‍ കാര്‍ഡിനായി 20,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ അജിത് കുമാറിനെ പിടികൂടുന്നത്. ബിപിസിഎല്‍ കമ്പനിയില്‍ ലേബര്‍ തൊഴിലാളികളെ കയറ്റാന്‍ വേണ്ടി കൈക്കൂലി വാങ്ങുമ്പോഴായിരുന്നു സംഭവം.

ഒരു തൊഴിലാളിക്ക് 1,000 രൂപ വീതമാണ് അജിത് കുമാര്‍ കൈക്കൂലി വാങ്ങിയിരുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ഇത്തരത്തില്‍ 20 തൊഴിലാളികളുടെ കാര്‍ഡിനായി 20,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലാവുകയായിരുന്നു. വിജിലന്‍സ് എസ്പി ശശിധരന്‍ എസ്. ഐപിഎസ് അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.

 

Continue Reading

kerala

നഴ്‌സിങ് വിദ്യാര്‍ത്ഥിയുടെ മരണം; സഹപാഠികള്‍ റിമാന്‍ഡില്‍

ജാമ്യം നല്‍കിയാല്‍ പ്രതികള്‍ തെളിവ് നശിപ്പിക്കുമെന്ന വാദം പരിഗണിച്ച് കോടതി പ്രതികളുടെ ജാമ്യം നിഷേധിച്ചു.

Published

on

പത്തനംതിട്ടയില്‍ നഴ്‌സിങ് വിദ്യാര്‍ത്ഥിനി അമ്മു സജീവിന്റെ മരണത്തില്‍ മൂന്ന് സഹപാഠികള്‍ റിമാന്‍ഡില്‍. പത്തനാപുരം സ്വദേശി അലീന ദിലീപ്, ചങ്ങനാശ്ശേരി സ്വദേശി എ.ടി. അക്ഷിത, കോട്ടയം അയര്‍ക്കുന്നം സ്വദേശി അഞ്ജന മധു എന്നിവരെയാണ് പത്തനംതിട്ട ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. ജാമ്യം നല്‍കിയാല്‍ പ്രതികള്‍ തെളിവ് നശിപ്പിക്കുമെന്ന വാദം പരിഗണിച്ച് കോടതി പ്രതികളുടെ ജാമ്യം നിഷേധിച്ചു.

മരിച്ച അമ്മുവിനെ സഹപാഠികള്‍ നിരന്തരമായി പീഡിപ്പിച്ചിരുന്നവെന്ന കുടുംബത്തിന്റെ പരാതിയില്‍ ഇന്നലെ വൈകീട്ട് സഹപാഠികളെ കസ്റ്റഡിയിലെടുത്തിരുന്നു. ഇന്ന് രാവിലെ അറസ്റ്റ് രേഖപ്പെടുത്തി ഉച്ചയോടെ കോടതിയില്‍ ഹാജരാക്കിയിരുന്നു.

കാണാതായ ലോഗ് ബുക്ക് കണ്ടെത്തേണ്ടതുണ്ടെന്നും ജാമ്യം നല്‍കിയാല്‍ പ്രതികള്‍ തെളിവ് നശിപ്പിക്കുമെന്നും പൊലീസ് കോടതിയെ അറിയിച്ചു. പ്രതികളുടെ മൊബൈല്‍ ഫോണില്‍ തെളിവുകളുണ്ടെന്നും ജാമ്യം നല്‍കിയാല്‍ അത് നശിപ്പിക്കുമെന്നും പ്രോസിക്യൂഷന്റെ വാദം പരിഗണിച്ച് കോടതി ജാമ്യം നിഷേധിച്ചു.

അതേസമയം 22 വയസ്സ് എന്ന പ്രതികളുടെ പ്രായം പരിഗണിക്കണമെന്ന് പ്രതിഭാഗം വക്കീല്‍ വാദിച്ചിരുന്നു. എന്നാല്‍ കോടതി പരിഗണിച്ചില്ല. പ്രതികളെ 14 ദിവസം റിമാന്‍ഡ് ചെയ്തു.

പ്രതികളെ കൊട്ടാരക്കര സ്‌പെഷ്യല്‍ സബ് ജയിലേക്ക് മാറ്റി.

 

Continue Reading

Trending