Connect with us

crime

15 വർഷം മുമ്പ് കാണാതായ യുവതിയെ കൊന്ന് കുഴിച്ചിട്ടെന്ന് മൊഴി; 5 പേർ അറസ്റ്റിൽ

പ്രതിയായ ഒരാൾ നേരത്തെ ഭാര്യയെയും മക്കളെയും കൊല്ലാൻ ശ്രമിച്ച കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്

Published

on

മാവേലിക്കര മാന്നാറിൽ 15 വർഷം മുമ്പ് കാണാതായ യുവതിയെ കൊന്ന് മറവ് ചെയ്‌തെന്ന സൂചനയെ തുടർന്ന് ഭർത്താവിന്റെ ബന്ധുക്കളായ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മാന്നാർ സ്വദേശി കല(27) എന്ന യുവതിയാണ് മരിച്ചത്. കലയെ കൊന്ന് സെപ്റ്റിക് ടാങ്കിൽ കുഴിച്ചിട്ടെന്നാണ് അറസ്റ്റിലായവർ നൽകിയ മൊഴി

കലയുടെ ഭർത്താവ് ഇസ്രാഈലിലാണ്‌. ഇയാളെ നാട്ടിലെത്തിക്കാനുള്ള ശ്രമം ആരംഭിച്ചു. വ്യത്യസ്ത സമുദായത്തിൽപ്പെട്ട കലയും ഭർത്താവ് അനിലും പ്രണയിച്ച് വിവാഹിതരായതാണ്. അനിലിന്റെ ബന്ധുക്കൾക്ക് വിവാഹത്തിൽ താത്പര്യമില്ലാത്തതിനാൽ ബന്ധുവീട്ടിലാണ് കലയെ താമസിപ്പിച്ചിരുന്നത്

കലയെ ഇവിടെ നിർത്തിയ ശേഷം അനിൽ അംഗോളയിലേക്ക് ജോലിക്ക് പോയി. കലയ്ക്ക് മറ്റാരോടോ ബന്ധമുണ്ടെന്ന് ചിലർ വിളിച്ചു പറഞ്ഞതിനെ തുടർന്ന് ഇവർ തമ്മിൽ വഴക്കുടലെടുത്തു. കല വീട്ടിലേക്ക് തിരികെ പോകാൻ ആവശ്യപ്പെട്ടപ്പോൾ മകനെ തനിക്ക് വേണമെന്ന് അനിൽ ആവശ്യപ്പെട്ടു.

പിന്നീട് നാട്ടിലെത്തിയ ശേഷം കലയുമായി സംസാരിക്കുകയും കാർ വാടകക്ക് എടുത്ത് കുട്ടനാട് ഭാഗങ്ങളിൽ യാത്ര പോയി. ഇതിനിടെ സുഹൃത്തുക്കളായ അഞ്ച് പേരെ വിളിച്ചുവരുത്തി കാറിൽ വെച്ച് കലയെ കൊലപ്പെടുത്തി. മൃതദേഹം സെപ്റ്റിക് ടാങ്കിൽ കുഴിച്ചിട്ടു.

മൂന്ന് മാസത്തിന് മുമ്പ് ഇതുസംബന്ധിച്ച് ഒരു ഊമക്കത്ത് മാന്നാർ പോലീസിന് ലഭിക്കുകയായിരുന്നു. ഇതോടെയാണ് അന്വേഷണം ആരംഭിച്ചത്. പ്രതിയായ ഒരാൾ നേരത്തെ ഭാര്യയെയും മക്കളെയും കൊല്ലാൻ ശ്രമിച്ച കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.

crime

നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് രാജസ്ഥാനില്‍ ക്രിസ്ത്യാനികള്‍ക്ക് നേരെ വി.എച്ച്.പി പ്രവര്‍ത്തകരുടെ ആക്രമണം; നിരവധി സ്ത്രീകള്‍ക്ക് പരിക്ക്

ആക്രമണത്തില്‍ സ്ത്രീകള്‍ക്കും പരിക്കേറ്റിട്ടുണ്ട്. പിന്നാലെ സ്ഥലത്തെത്തിയ മഥുര ഗേറ്റ് പൊലീസ് 20 പേരെ അറസ്റ്റ് ചെയ്‌തെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Published

on

നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് രാജസ്ഥാനിലെ ഭരത്പൂരില്‍ ക്രിസ്ത്യാനികളെ ആക്രമിച്ച് വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി) പ്രവര്‍ത്തകര്‍. ഒരു സ്വകാര്യ വസതിയില്‍ ഒരു കൂട്ടം ക്രിസ്ത്യാനികള്‍ പ്രാര്‍ത്ഥനാ യോഗത്തിനായി ഒത്തുകൂടിയ സമയത്താണ് സംഭവം നടന്നത്.

വി.എച്ച്.പി നേതാവ് രാജേഷ് സിംഗാളിന്റെ നേതൃത്വത്തിലാണ് അക്രമം നടന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തില്‍ സ്ത്രീകള്‍ക്കും പരിക്കേറ്റിട്ടുണ്ട്. പിന്നാലെ സ്ഥലത്തെത്തിയ മഥുര ഗേറ്റ് പൊലീസ് 20 പേരെ അറസ്റ്റ് ചെയ്‌തെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പ്രദേശത്തെ വീടുകളില്‍ മതപരിവര്‍ത്തനത്തിനായി ചില ആളുകള്‍ ഒത്തുകൂടിയെന്ന് പരാതി ലഭിച്ചതിനെ തുടര്‍ന്ന് അവരെ ചോദ്യം ചെയ്‌തെന്നും പിന്നീട് അതില്‍ ചിലരെ കസ്റ്റഡിയലെടുത്തെന്നും പൊലീസ് പറഞ്ഞു. എന്നാല്‍ അക്രമികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല. പ്രദേശത്ത് നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നതായി തങ്ങളുടെ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ടെന്ന് മാധ്യമങ്ങളോട് സംസാരിക്കവെ വി.എച്ച്.പി ജില്ലാ പ്രസിഡന്റ് അവകാശപ്പെട്ടു.
‘ക്രിസ്ത്യന്‍ മിഷനറിമാര്‍ ഹിന്ദുക്കളെ ക്രിസ്തുമതത്തിലേക്ക് വശീകരിക്കുകയായിരുന്നു. സ്ഥിരീകരണത്തിനായി അവര്‍ ഒരു വി.എച്ച്.പി അംഗത്തെ വീട്ടിലേക്ക് അയച്ചപ്പോള്‍, അതൊരു ലൈബ്രറി ആണെന്ന് അവിടെയുള്ള സ്ത്രീ അവകാശപ്പെട്ടു. എന്നാല്‍ അവിടെ മതപരിവര്‍ത്തന പരിപാടിയാണ് നടന്നത്,’ ജില്ലാ പ്രസിഡന്റ പറഞ്ഞു.
വ്യാജ വാഗ്ദാനങ്ങളിലൂടെ ആയിരക്കണക്കിന് ഹിന്ദുക്കളെ പ്രലോഭിപ്പിച്ച് ക്രിസ്ത്യാനികളാക്കിയെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. വിദേശ ഫണ്ടിങ് ഉള്‍പ്പടെ ലഭിച്ചാണ് മതപരിവര്‍ത്തനം എന്നാണ് ഹിന്ദു സംഘടനകളുടെ അവകാശവാദം.
നേരത്തെ ജൂലൈ മൂന്നിന് ബി.ജെ.പിയുടെ മാഹിം നിയമസഭാ സെഗ്മെന്റ് പ്രസിഡന്റ് അക്ഷത ടെണ്ടുല്‍ക്കര്‍ ഒരു ക്രിസ്ത്യന്‍ പ്രാര്‍ത്ഥനാ യോഗത്തിലേക്ക് ഇരച്ചുകയറുകയും പരിപാടിയില്‍ പങ്കെടുത്തവരെ അധിക്ഷേപിക്കുകയും ചെയ്തിരുന്നു.
ജൂണ്‍ 12ന് മഹാരാഷ്ട്രയിലെ പൂനെ ജില്ലയിലെ ചിഖാലി ഗ്രാമത്തില്‍ മതപരിവര്‍ത്തനം ആരോപിച്ച് ക്രിസ്ത്യന്‍ സമുദായത്തില്‍പ്പെട്ട മൂന്ന് പേരെ ബജ്‌റംഗ്ദള്‍ അംഗങ്ങള്‍ മര്‍ദിച്ചതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

Continue Reading

crime

അറുതിയില്ലാതെ ആൾക്കൂട്ട കൊലപാതകങ്ങൾ; മൂന്നാം മോദി സർക്കാർ അധികാരമേറ്റ് ഒരുമാസത്തിനിടെ കൊല്ലപ്പെട്ടത് 9 പേർ

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് പിന്നാലെ ജൂണ്‍ 7 ആം തീയ്യതി ആദ്യത്തെ ആള്‍ക്കൂട്ട കൊലപാതകത്തില്‍ രാജ്യം നടുങ്ങിയത്

Published

on

രാജ്യത്ത് ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ വീണ്ടും വര്‍ധിക്കുന്നു. മോദി സര്‍ക്കാര്‍ അധികാരമേറ്റ് ഒരുമാസത്തിനിടെ 9 പേരാണ് ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അറുതിയില്ലാതെ തുടരുന്ന കൊലപാകങ്ങള്‍ ആശങ്കപ്പെടുത്തുന്നതാണ്.

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് പിന്നാലെ ജൂണ്‍ 7 ആം തീയ്യതി ആദ്യത്തെ ആള്‍ക്കൂട്ട കൊലപാതകത്തില്‍ രാജ്യം നടുങ്ങിയത്. മൂന്ന് മുസ്‌ലിം യുവാക്കളെയാണ് പശുക്കടത്ത് ആരോപിച്ച് ഛത്തീസ്ഗഢിലെ റായ്പൂരില്‍ ഒരുമിച്ച് കൊലപ്പെടുത്തിയത്. സദാം ഖുറേഷി, ചാന്ദ് മിയ ഖാന്‍, ഗുഡ്ഡു ഖാന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.

പിന്നാലെ ജൂണ്‍ 18ന് അടുത്ത കൊലപാതകം. ഉത്തര്‍പ്രദേശിലെ അലിഗഡില്‍ 35 കാരനായ ഫരീദിനെ മോഷണക്കുറ്റം ആരോപിച്ച് ഹിന്ദുത്വവാദികള്‍ കൊലപ്പെടുത്തി. ഇരുമ്പ് വടികളുപയോഗിച്ച് മര്‍ദിക്കുകയും റോഡിലൂടെ വലിച്ചിഴയ്ക്കുകയും ചെയ്തു.

ജൂണ്‍ 22 ഗുജറാത്തിലെ ചികോദ്രയില്‍ ക്രിക്കറ്റ് മത്സരം കാണാനായെത്തിയ ജനക്കൂട്ടത്തിനു മുന്നില്‍വച്ചാണ് സല്‍മാന്‍ വോഹ്‌റ എന്ന 23 കാരനെ കൊലപ്പെടുത്തിയത്. ചെവിയുടെ ഒരുഭാഗം അറ്റുപോയിരുന്നു. തൊട്ടടുത്ത ദിവസം മതം മാറ്റം ആരോപിച്ച് ഛത്തീസ്ഗഢിലെ ദന്തെവാഡയില്‍ ബിന്ദു സോധി എന്ന ക്രിസ്ത്യന്‍ യുവതിയും കൊല്ലപ്പെട്ടു. ജൂണ്‍ 28 ന് കൊല്‍ക്കത്തയില്‍ മൊബൈല്‍ മോഷണം ആരോപിച്ച് രണ്ട് മുസ്ലിം ചെറുപ്പക്കാരെയും കൊലപ്പെടുത്തി. ഏറ്റവും ഒടുവില്‍ വ്യാഴാഴ്ച മോഷണക്കുറ്റം ആരോപിച്ച് യു.പി ജലാലാബദില്‍ ഫിറോസ് ഖുറേഷി എന്ന മുസ്‌ലിം ചെറുപ്പക്കാരന്റെ ജീവനും നഷ്ടമായി.

മധ്യപ്രദേശ്, തെലങ്കാന, ഒഡിഷ, രാജസ്ഥാന്‍, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ തെരഞ്ഞെടുപ്പിനു ശേഷം വര്‍ഗീയ സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അസോസിയേഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്സ് അക്രമങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടുണ്ട്.ജൂണ്‍ 26ന് പ്രസിദ്ധീകരിച്ച യു എസ് സ്റ്റേറ്റ് ഡിപാര്‍ട്ട്മെന്റിന്റെ മതസ്വാതന്ത്ര്യ റിപോര്‍ട്ടില്‍ ഇന്ത്യയില്‍ മതന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങള്‍ അക്കമിട്ടു നിരത്തുന്നുണ്ട്.

Continue Reading

crime

ബസിനു മുന്നിലെ വടിവാള്‍ വീശല്‍; ഓട്ടോ ഡ്രൈവര്‍ക്കെതിരെ കേസെടുത്തു

മോട്ടോര്‍ വാഹന വകുപ്പും നടപടിക്ക്

Published

on

കോഴിക്കോട് – പാലക്കാട് ദേശീയപാതയില്‍ പുളിക്കലില്‍ ഓടിക്കൊണ്ടിരിക്കുന്ന സ്വകാര്യ ബസിനു മുന്നില്‍ ഓട്ടോറിക്ഷ ഡ്രൈവര്‍ വടിവാള്‍ വീശിയ സംഭവത്തില്‍ ഓട്ടോ ഡ്രൈവര്‍ക്കെതിരെ കേസെടുത്തു. പുളിക്കല്‍ വലിയപറമ്പ് സ്വദേശി മലയില്‍ ഷംസുദ്ദീന്‍ (27) നെതിരെയാണ് ബസ് ജീവനക്കാരുടെ പരാതിയില്‍ കൊണ്ടോട്ടി പൊലീസ് കേസെടുത്തത്. ഇയാളെ പിടികൂടാനായിട്ടില്ല.

വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ പുളിക്കല്‍ മുതല്‍ കൊളത്തൂര്‍ വിമാനത്താവള ജംഗ്ഷന്‍ വരെയായിരുന്നു നിറയെ യാത്രക്കാരുള്ള ബസിനു നേരെ യുവാവിന്റെ പരാക്രമം. യാത്രക്കാര്‍ പകര്‍ത്തിയ ഇതിന്റെ വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. പ്രതിക്കെതിരെ മോട്ടോര്‍ വാഹന വകുപ്പും നടപടി ആരംഭിച്ചിട്ടുണ്ട്.

കോഴിക്കോട് നിന്ന് മഞ്ചേരി ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് പുളിക്കലില്‍ യാത്രക്കാരെ ഇറക്കാനായി നിര്‍ത്തിയപ്പോള്‍ പിറകിലെത്തിയ ഓട്ടോറിക്ഷ തുടരെ ഹോണ്‍ മുഴക്കിയിരുന്നു. യാത്രക്കാരെ സ്റ്റോപ്പിലിറക്കി മുന്നോട്ടെടുത്തപ്പോള്‍ പിന്തുടര്‍ന്ന ഓട്ടോ കൊട്ടപ്പുറത്തിനടുത്തുവെച്ച് ബസിനെ മറികടക്കുകയും മാര്‍ഗതടസമുണ്ടാക്കുന്ന
വിധത്തില്‍ വാഹനം ഓടിക്കുകയുമായിരുന്നെന്ന് ബസ് ജീവനക്കാരുടെ പരാതിയില്‍ പറയുന്നു. തൊട്ടടുത്ത സ്റ്റോപ്പായ തലേക്കരയെത്തുന്നതിനു മുമ്പെയാണ് ഓട്ടോയില്‍ നിന്ന് വടിവാള്‍ പുറത്തേക്ക് വീശി ഭീഷണിയുണ്ടായത്. കൊളത്തൂരിലെ വിമാനത്താവള ജംഗ്ഷന്‍ വരെ പലതവണ ഇത് ആവര്‍ത്തിക്കുകയും അപകടകരമായ രീതിയില്‍ വാഹനമോടിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് ബസിലുണ്ടായവര്‍ പകര്‍ത്തിയത്.

നേരത്തെ കഞ്ചാവ് കേസില്‍ അറസ്റ്റിലായി പുറത്തിറങ്ങിയ ഷംസുദ്ദീനാണ് ഓട്ടോ ഓടിച്ചിരുന്നതെന്നും പൊതുസ്ഥലത്ത് ആയുധം ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയതിനും ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിനും മാര്‍ഗ്ഗതടസ്സമുണ്ടാക്കിയതിനുമാണ് ഇയാള്‍ക്കെതിരെ കേസെന്നും കൊണ്ടോട്ടി ഇന്‍സ്പെക്ടര്‍ എ. ദീപകുമാര്‍ അറിയിച്ചു. സംഭവ ദിവസം കൊണ്ടോട്ടി ബസ് സ്റ്റാന്‍ഡിലെ പൊലീസ് എയ്ഡ് പോസ്റ്റില്‍ പരാതി നല്‍കിയ ശേഷം ബസ് സര്‍വ്വീസ് തുടര്‍ന്നിരുന്നു. ഇന്ന് ബസ് ജീവനക്കാരെ വിളിച്ചു വരുത്തിയാണ് പൊലീസ് മൊഴിയെടുത്തത്.

സംഭവത്തില്‍ മലപ്പുറം ആര്‍.ടി.ഒയുടെ നിര്‍ദ്ദേശപ്രകാരം മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും അന്വേഷണം ആരംഭിച്ചു. ഓട്ടോറിക്ഷ ഷംസുദ്ദീന്റെ മാതാവ് നഫീസയുടെ പേരിലാണെന്നും ടാക്സ്, ഇന്‍ഷൂറന്‍സ് തുടങ്ങിയ രേഖകളൊന്നുമില്ലെന്നും കൊണ്ടോട്ടി സബ് ആര്‍.ടി.ഒ നിഖില്‍ സ്‌കറിയയുടെ നേതൃത്വത്തിലുള്ള സംഘവും മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റും നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഓട്ടോ ഹാജരാക്കാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും അല്ലാത്തപക്ഷം വാഹനം കസ്റ്റഡിയിലെടുത്ത് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും മോട്ടോര്‍ വാഹന വകുപ്പധികൃതര്‍ അറിയിച്ചു.

Continue Reading

Trending